2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

അഡോണിസ് - അതിരുകൾ



ജലമായിരുന്നു ഞാനെങ്കിൽ
ഭൂമിയിലേക്കു ഞാൻ തുരന്നിറങ്ങിയേനെ,
മണ്ണിനപ്പുറത്തേക്കു ഞാൻ കടന്നുപോയേനെ,
മഞ്ഞിന്റെയും മേഘത്തിന്റെയും ജാതകം ഞാൻ ജീവിച്ചേനെ.

മേഘമായിരുന്നു ഞാനെങ്കിൽ,
ആട്ടിടയന്മാർക്കു ഞാൻ വസന്തമായേനെ,
പ്രണയികൾക്കു ഞാനൊരു കൂടാരമായേനെ.

കൊയ്ത്തുകാലത്തെ പാടമായിരുന്നു ഞാനെങ്കിൽ,
കുഴിച്ചിട്ട വിത്തുപോലെ ഞാൻ ഗ്രഹിച്ചേനെ,
ഋതുക്കളുടെ തുടക്കവും തുടർച്ചയും.

മെഴുകുതിരിയായിരുന്നു ഞാനെങ്കിൽ
കാലത്തിന്റെ ഗമനം ഞാനനുഭവിച്ചേനെ,
പുളിച്ചുപൊന്തുന്ന മാവിൽ...ഒരു കണ്ണീർത്തുള്ളിയിൽ.

അതിരു തിരിച്ചതാണെന്റെ ജീവിതം,
എന്റെ ആകാശത്തെഴുതപ്പെട്ടിരിക്കുന്നു,
“ചാരം” “കല്ക്കരി” എന്നുള്ള വാക്കുകൾ,
ഞാനെന്നാൽ രക്തവും മാംസവുമാണെന്നതിനാൽ.

എന്റെ അതിരുകളെ ഞാൻ സ്നേഹിക്കുന്നു,
അതിരുകളോടുള്ള ആ സ്നേഹത്തെ ഞാൻ വെറുക്കുന്നു-
മറ്റൊരു വഴിയുമില്ലേ,
ഈ ജന്മത്തെ രൂപപ്പെടുത്താൻ?



അഭിപ്രായങ്ങളൊന്നുമില്ല: