ഒരു വ്യക്തിയെ, സ്ഥലത്തെ, വസ്തുവിനെ, അല്ലെങ്കിൽ ഒരാശയത്തെ സംബോധന ചെയ്യുന്നതും പലപ്പോഴും അതിനെ പ്രകീർത്തിക്കുന്നതുമായ ഒരു ഭാവഗീതരൂപത്തെയാണ് Ode എന്നു പറയുന്നത്. മലയാളത്തിൽ ഇതിനെ സംബോധനാഗീതം, അർച്ചനാഗീതം എന്നൊക്കെ പറയാം. ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ പിൻഡാറിന്റെയും ഹൊറേസിന്റെയും പാരമ്പര്യത്തിൽ വ്യത്യസ്തസ്വഭാവമുള്ള അർച്ചനാഗീതങ്ങളുണ്ട്. റൊമാന്റിക് കാലഘട്ടം വരുമ്പോൾ ഷെല്ലിയുടെ “പടിഞ്ഞാറൻ കാറ്റിനോട്,” കീറ്റ്സിന്റെ “ഒരു ഗ്രീക്ക് ചിതാഭസ്മകുംഭത്തിനോട്” എന്നിവ ഇതിന്റെ ഏറ്റവും നല്ല മാതൃകകളാണ്. എന്നാൽ നെരൂദയിലെത്തുമ്പോൾ അതാകെ മാറുന്നു, രൂപത്തിലും വിഷയത്തിലും.
തരളയൗവ്വനത്തിന്റെ പിടച്ചിലുകളായ ‘ഇരുപതു പ്രണയകവിതകളും’ അവ്യവസ്ഥ ഭരിക്കുന്ന ഒരു ലോകത്തിന്റെ സറിയലിസ്റ്റ് പ്രകാശനമായ ‘ഭൂമിയിൽ വാസ’വും ലാറ്റിനമേരിക്കയുടെ വേരുകൾ തിരഞ്ഞുകൊണ്ട് വർത്തമാനകാലചരിത്രത്തെ നേരിടുന്ന ‘കാന്റോ ജനറലും’ എഴുതിക്കഴിഞ്ഞ ശേഷമാണ് പാബ്ലോ നെരൂദ തന്റെ സംബോധനാഗീതങ്ങളുടെ രചനയിലേക്കു പ്രവേശിക്കുന്നത്. ‘സമരം തുടർന്നുപോകണമെന്നതിനാൽ ഞാനിപ്പോൾ മറ്റൊരു രൂപത്തിൽ എഴുതാൻ തുടങ്ങിയിരിക്കുന്നു,’ അക്കാലത്തെ ഒരഭിമുഖത്തിൽ നെരൂദ പറയുന്നുണ്ട്. ‘മനുഷ്യരെ യുദ്ധമുഖത്തേക്കു പറഞ്ഞയക്കുമ്പോൾ അവർക്കു പാടാൻ വിലാപഗാനങ്ങൾ മതിയാവില്ല. അവിടെയാണ് ഒരു പുതിയ റിയലിസത്തിന്റെ ആവശ്യം വരുന്നത്. തെരുവിലൂടെ നടക്കുന്നയാൾ ചൂളം വിളിക്കുന്നപോലെ കവിതയെഴുതുക എന്നതാണ് എന്റെ ആഗ്രഹം. ആർജ്ജവം നിറഞ്ഞതും വിറയ്ക്കാത്തതുമായിരിക്കും ആ കവിത.’
1952ലെഴുതിയ ‘അദൃശ്യമനുഷ്യൻ’ എന്ന കവിതയിൽ ഈ പുതിയ തരം കവിതയുടെ തിരനോട്ടം കാണാം. ‘നിഗൂഢമായ നിഴലുകളില്ല/ഇരുട്ടില്ല.’ സുതാര്യമായ ഭാഷയിലൂടെ കവി അദൃശ്യനാകുന്നു, ജനങ്ങൾക്കിടയിൽ ഒരാളാകുന്നു. ‘എഴുത്തുവിദ്യ കണ്ടുപിടിക്കുന്നതിനു മുമ്പ്, അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുമ്പ് നമ്മുടെ ഭൂമിയിൽ കവിത തഴച്ചുവളർന്നിരുന്നു. അതുകൊണ്ടാണ് കവിത അപ്പം പോലെയാണെന്നു പറയുന്നത്. അതുകൊണ്ടാണ് എല്ലാവരുമത് പങ്കു വയ്ക്കണമെന്നു പറയുന്നതും, പണ്ഡിതന്മാരും കർഷകരും മനുഷ്യരാശി എന്ന വിപുലവും അവിശ്വസനീയവും അസാധാരണവുമായ കുടുംബമൊന്നാകെ.‘ അപ്പം പോലെ സാധാരണവും അവശ്യവുമായ ആ കവിതയുടെ തുടക്കമാണ് 1954ൽ പ്രസിദ്ധീകരിച്ച ഓദാസ് എലെമന്താലിസ് (Odas Elementales).
നെരൂദയുടെ അടുത്ത സുഹൃത്തായ മിഗുവെൽ ഒട്ടെറോ സിൽവ കാരക്കാസിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ’എൽ നാസ്യണൽ‘ (El Nacional) എന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്നു. തന്റെ പത്രത്തിൽ ഒരു പ്രതിവാസകവിതാപംക്തി ചെയ്യാനുള്ള സിൽവയുടെ ക്ഷണം നെരൂദ സ്വീകരിച്ചു. എന്നാൽ പത്രത്തിന്റെ സാഹിത്യപ്പതിപ്പിലല്ല, വാർത്താപേജിൽത്തന്നെ കവിതകൾ വരണമെന്ന നിബന്ധനയിൽ. പത്രത്തിൽ അധികം കവിതകളൊന്നും വന്നില്ലെങ്കിലും ഈ പുതിയ രൂപത്തിലുള്ള എഴുത്ത് നെരൂദ തുടർന്നുകൊണ്ടുപോയി. ഓദാസ് ഇംഗ്ലീഷിൽ സമാഹരിച്ച ഇലൻ ഇസ്തവൻസ് (Ilan Stavans) പറയുന്നത് അവ ആകെ 252 എണ്ണം വരുമെന്നാണ്. 1954ലെ ആദ്യസമാഹാരത്തിനു ശേഷം Nuevas elemantales (1956), Tercer libro de las odas (1957), Navegaciones y regresos (1959) എന്നീ പുസ്തകങ്ങളിലാണ് ശേഷിച്ചവ.
ഇതിഹാസസമാനമായ കാന്റോ ജനറൽ എഴുതിക്കഴിഞ്ഞ ശേഷമാണ് നെരൂദ നിത്യസാധാരണവസ്തുക്കളുടെ ഇതിഹാസമായ Odas Elementales എഴുതുന്നത്. കാന്റോയിലെ ആഹ്വാനരൂപത്തിലുള്ള ദീർഘവാക്യങ്ങളല്ല, എല്ലാ അമിതാവേശങ്ങളും ചോർത്തിക്കളഞ്ഞ ഹ്രസ്വമായ വരികളാണ് കവി ആവിഷ്കാരത്തിനായി തിരഞ്ഞെടുക്കുന്നത്. വിപ്ലവാഹ്വാനങ്ങൾ നല്കി ജനതയെ പിടിച്ചുകുലുക്കുകയല്ല കവിയുടെ ഉദ്ദേശ്യം, മറിച്ച് യഥാർത്ഥ്യത്തിൽ അന്തർനിഹിതമായ അത്ഭുതസ്വഭാവത്തെ മനസ്സിലാക്കുന്നതിൽ നിന്നു ജനിക്കുന്ന ആഹ്ലാദം അവരുമായി പങ്കുവയ്ക്കുക എന്നതാണ്.
“ഞാൻ ഒരു റിയലിസ്റ്റിക് കവിയാണ്” എന്ന് നെരൂദ പറയുന്നുണ്ട്. റിയലിസ്റ്റിക് എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് വസ്തുനിഷ്ഠമായ ആഖ്യാനത്തിന്റെ കവിയാണ് താൻ എന്നോ യാഥാർത്ഥ്യത്തെ വളച്ചുകെട്ടില്ലാതെ താൻ അവതരിപ്പിക്കുമെന്നോ അല്ല. മൂർത്തതയുടെ, ബീജരൂപത്തിലുള്ള മൂർത്തതയുടെ അന്വേഷണത്തിലാണ് താൻ എന്നാണതിനർത്ഥം. ഓദാസ് എലെമന്താലിസിൽ ഉള്ളതെല്ലാം വിത്തുകളാണ്: വായുവും ഉള്ളിയും പച്ച എന്ന നിറവും കടല്ക്കാക്കയും അലക്കുകാരിയും പോലും. വസ്തുക്കളും സ്ഥലങ്ങളും മനുഷ്യജീവികളും കവിയുടെ നിരീക്ഷണത്തിനു കീഴിൽ ഒരു ജീവന്റെ, പ്രത്യുത്പാദനത്തിന്റെ, സൗന്ദര്യത്തിന്റെ സ്ഥിരതയുടെ ഒരു മൂർത്തത വെളിവാക്കുന്നു. തന്റെ സൂക്ഷ്മദർശിനിയിലൂടെ ഒരുപ്പുപരലിനെ, ഉള്ളിയുടെ ഉദരത്തെ, ഒരു തേയിലപ്പെട്ടിയെ ദീർഘനിരീക്ഷണം ചെയ്യുകയും പിന്നെ തന്റെ നിരീക്ഷണങ്ങൾ കടലാസ്സിലേക്കു പകർത്തുകയും ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനെപ്പോലെയാണയാൾ. അതിന് ദാർശനികമാനങ്ങൾ ഒന്നുമില്ല. നെരൂദയുടെ ലോകസങ്കല്പം ഭൗതികമാണ്. ഓദാസ് ഭൗതികപ്രപഞ്ചത്തിനുള്ള സ്തുതിഗീതങ്ങളാണ്. അവയിൽ ഒരു സാമാന്യതത്വം സരളമായി ആവിഷ്കരിക്കുന്ന കവിതകളുണ്ട്; ചില സന്ദേശങ്ങൾ കൈമാറുന്ന കവിതകളുണ്ട്; ഒരു പ്രാണിയുടെ, പ്രകൃതിയിലെ ഒരു ഘടകത്തിന്റെ നൈമിഷികചിത്രങ്ങളുമുണ്ട്. ചില കവിതകളാവട്ടെ, വാൾട്ട് വിറ്റ്മാനോ ലോർക്കയോ വയഹൊയോ പോലെ തന്റെ ആദർശബിംബങ്ങളോ തനിക്കു പ്രിയപ്പെട്ടവരോ ആയ കവികൾക്കുള്ള വാഴ്ത്തുകളാണ്. വിഷയം ഏതുമാകട്ടെ, അതിൽ ഒളിഞ്ഞിരിക്കുന്ന, നാം കാണാതെപോകുന്ന നന്മയെ കണ്ടെടുക്കാൻ നമ്മെ പ്രാപ്തരാക്കുക എന്നതാണ് ആ കവിതയുടെ ലക്ഷ്യം.
1 അഭിപ്രായം:
നന്നായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ