ഏൻജൽ, ഞാനോർക്കുന്നു,
കാറ്റും മഴയും പിടിച്ചുകുലുക്കിയ
എന്റെ തെക്കൻ ബാല്യത്തിൽ
പൊടുന്നനേ നിന്റെ ചിറകുകൾ,
നിന്റെ ദീപ്തകവിതയുടെ ചിറകെടുക്കൽ,
രാത്രി നിറയ്ക്കുന്ന
നക്ഷത്രാങ്കിതമേലങ്കി,
ഫോസ്ഫറസ്സിന്റെ ഭാസുരദ്യുതി മിന്നുന്ന
പാതകൾ,
നിറയെ മീനുകളുമായി തുടിക്കുന്ന
പുഴയായിരുന്നു നീ,
പടിഞ്ഞാറു നിന്നു കിഴക്കോട്ട്
ആകാശം മുറിച്ചുകടക്കുന്ന
ഒരു ഹരിതമത്സ്യകന്യകയുടെ
വെള്ളിവാലായിരുന്നു നീ,
വെളിച്ചത്തിന്റെ രൂപം
നിന്റെ ചിറകുകളിൽ സഞ്ചയിച്ചു,
മഴയും കരിയിലകളും
നിന്റെ ഉടയാടയിൽ വീഴട്ടേയെന്ന്
കാറ്റു കല്പിച്ചു.
അങ്ങനെയാണ്,
അങ്ങകലെ,
എന്റെ ബാല്യത്തിൽ
നിന്റെ കവിത
പല ചിറകുകൾ തീർത്ത
ഒരു പടവു മാത്രമല്ല,
അലയുന്നൊരു കൽത്തുണ്ടു മാത്രമല്ല,
വാടാമല്ലിയുടേയും വെള്ളലില്ലിയുടേയും
നിറങ്ങളുടുത്ത കൊള്ളിമീൻ മാത്രമല്ല,
ഒരു പൂച്ചെടിയുമായത്,
മനുഷ്യന്റെ ഹൃദയാർദ്രതയുടെ
സ്മാരകവുമായത്,
മനുഷ്യനിൽ വേരുകളുള്ള
നാരകപ്പൂക്കളുമായത്.
അതിനാലത്രേ,
ഏൻജൽ,
ഞാൻ നിന്നെ വാഴ്ത്തുന്നത്,
ലോഹങ്ങൾ,
ജലരാശികൾ,
കാറ്റുകൾ-
എല്ലാ നിർമ്മലവസ്തുക്കളേയുമെന്നപോലെ
ഞാൻ നിന്നെ വാഴ്ത്തുന്നത്!
സർവ്വതും ഒരു ജീവിതപാഠമാകുന്നു,
നിന്റെ കവിതയിലെന്നപോലെ
-നിന്റെ വികാരത്തിന്റെ കണ്ണീരുള്ളിലടക്കിയ
അനന്തമായ ആ അപ്പം,
നിന്റെ ദിവ്യകരങ്ങൾ രൂപപ്പെടുത്തിയ
അഭിജാതമായ ആ സുരഭിലവനം-
ദുരിതത്തിലൂടെ, മാധുര്യത്തിലൂടെ
വളർച്ചയാകുന്നു.
ഏൻജൽ,
അതിവിപുലമായ മുല്ലമരങ്ങൾക്കുടമയായവനേ,
മഴയ്ക്കും വേരുകൾക്കുമൊപ്പം
ഈ ചില്ലകൾ നിന്റെ മാറത്തർപ്പിക്കാൻ
ഈയനുജനനുവാദം തരേണമേ.
ഞാനവ നിന്റെ പുസ്തകത്തിൽ വയ്ക്കുന്നു,
ശാന്തിയും സൗന്ദര്യവും സുതാര്യതയും
അതിൽ നിറയട്ടെ,
വജ്രകഠിനമായ നിന്റെ പ്രകൃതത്തിന്റെ
ദളപുടത്തിൽ
അതു ജീവിക്കട്ടെ.
2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച
പാബ്ലോ നെരൂദ -വാഴ്ത്ത്, ഏൻജൽ ക്രൂച്ചാഗയ്ക്ക്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ