2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

പാബ്ലോ നെരൂദ -വാഴ്ത്ത്, നങ്കൂരത്തിന്‌



അതവിടെക്കിടക്കുകയായിരുന്നു,
ഒരു പലായനത്തിന്റെ ഭാരമേറിയ അവശിഷ്ടം,
കപ്പൽ മരിച്ചപ്പോൾ
അവൾ ഉപേക്ഷിക്കപ്പെട്ടു,
അവിടെ, മണലിൽ,
അവൾക്കു മരണമില്ല:
അവളുടെ അസ്ഥികൂടം പൊടിയുപ്പാണ്‌,
അവളുടെ പ്രത്യാശയുടെ കവരത്തിൽ കാലം,
കുതിരയിൽ നിന്നകലെയായ ലാടം പോലെ
അത് തുരുമ്പിച്ചു,
അതിന്റെ പരമാധികാരത്തിൽ
വിസ്മൃതി വന്നിറങ്ങി.

എന്റെയൊരു ചങ്ങാതിയുടെ സന്മനസ്സ്
പൂഴിയുടെ പാഴിൽ നിന്നവളെ പൊക്കിയെടുത്തു,
ആ നിമിഷം അവൾ വിശ്വസിച്ചുപോയി,
ഒരു കപ്പലിന്റെ പ്രകമ്പനം 
തന്നെ കാത്തിരിക്കുകയാണെന്ന്,
ചിലമ്പുന്ന ചങ്ങലകൾ
തന്നെ കാത്തിരിക്കുകയാണെന്ന്,
അതിരറ്റ തിരകളിലേക്ക്,
പെരുംകടലിന്റെ ഇടിമുഴക്കങ്ങളിലേക്ക്
താൻ മടങ്ങിച്ചെല്ലുമെന്ന്.

അന്റോഫഗസ്റ്റയുടെ വെളിച്ചം പിന്നിലായി,
കടലുകൾ താണ്ടുകയായിരുന്നെങ്കിലും
അവൾക്കു മുറിവു പറ്റിയിരുന്നു,
അണിയത്തായിരുന്നില്ല
അവളെ ബന്ധിച്ചിരുന്നത്,
കടലിന്റെ തിക്തജലത്തിലൂടവൾ
താഴേക്കൂർന്നുപോയില്ല.
മുറിപ്പെട്ടവളായി,
ഉറങ്ങുന്ന യാത്രക്കാരിയായി 
അവൾ യാത്ര ചെയ്തു,
തെക്കൻ കടലുകളിലേക്ക്
അവൾ പോയി,
യാത്ര ചെയ്യുന്നുവെങ്കിലും മൃതയായി,
തന്റെ ചോരയോടുന്നതവളറിഞ്ഞില്ല,
കടല്ക്കയങ്ങളുടെ ചുംബനത്തിൽ
അവളുടെയുടൽ തുടിച്ചില്ല.

ഒടുവിൽ, സാൻ അന്തോണിയോയിൽ,
അവളിറങ്ങി,
കുന്നുകളവൾ കയറി,
ഒരു ബസ്സ് അവളെയും കൊണ്ടു പാഞ്ഞു,
ഒക്ടോബർ മാസമായിരുന്നു,
ഉള്ളിലേക്കിറങ്ങാതവൾ പുഴ കടന്നു,
വസന്തത്തിന്റെ രാജ്യഭാരമായിരുന്നു,
സമൃദ്ധഗന്ധം തങ്ങിനിന്നിരുന്നു,
ഒരു പരിമളത്തിന്റെ അദൃശ്യശോണിമ പോലെ,
ജീവിതത്തിന്റെ തെളിഞ്ഞ ഉടയാട പോലെ.
ഇപ്പോൾ, എന്റെ ഉദ്യാനത്തിൽ,
സമുദ്രയാത്രകളിൽ നിന്നെല്ലാമവധിയെടുത്ത്
അവൾ കിടക്കുന്നു.
ഇനി, പതിയെപ്പതിയെ,
അവളുടെ ഉരുക്കുകൈകളിലൂടെ
വള്ളികൾ പിടിച്ചുകയറും,
ഒരുനാളവളുടെ ഭൗമസ്വപ്നങ്ങളിൽ
ലവംഗപുഷ്പങ്ങൾ വിടരും,
ഉറങ്ങാനായിട്ടാണവൾ വന്നതെന്നതിനാൽ,
അവളെ കടലിലേക്കു മടക്കി അയക്കാൻ
എനിക്കാവില്ലെന്നതിനാൽ.

ഒരു കപ്പലിലും 
ഇനിയവൾ യാത്രപോകില്ല.

എന്റെ കഠിനസ്വപ്നങ്ങളിലല്ലാതെ
അവൾ നങ്കൂരമിടുകയുമില്ല.

ഏഴ് 

അഭിപ്രായങ്ങളൊന്നുമില്ല: