ഒരു ക്ഷുരകന്റെ കസേരയിൽ മാലാഖയെപ്പോലിരുന്നു
ഞാനെന്റെ ജീവിതം ജീവിക്കുന്നു,
കയ്യിലൊരു കപ്പുമായി, കുനിഞ്ഞ പിടലിയും ഒട്ടിയ വയറുമായി,
തലയ്ക്കു മേൽ തങ്ങിനില്ക്കുന്ന ചുരുട്ടിന്റെ പുകയുമായി.
പഴയൊരു പ്രാവിൻകൂട്ടിലാവിപറക്കുന്ന കാഷ്ടം പോലെ
ഒരായിരം സ്വപ്നങ്ങളെന്റെയുള്ളിൽ നീറിക്കത്തുന്നു:
ചിലനേരമെന്റെ ഹൃദയമൊരോക്കുമരം പോലെയാകുന്നു,
ചില്ലയൊടിയുന്നേടത്തു പൊന്നുപോലെ ചോര പൊടിയുന്നു.
പിന്നെ, മുപ്പതുനാല്പതു കോപ്പകളിലലിയിച്ചു
ഞാനന്റെ സ്വപ്നങ്ങളകത്താക്കിയതില്പിന്നെ,
ഒരടിയന്തിരം നിവർത്തിക്കാനായി ഞാൻ തിരിയുന്നു,
ഇസ്സോപ്പിന്റെയും പുതിനയുടെയും തമ്പുരാനെപ്പോലെ
ആകാശത്തേക്കു വിശാലമായി ഞാൻ മൂത്രമൊഴിക്കുന്നു,
പൂവിടുന്ന പന്നൽത്തടത്തിനതു പുണ്യാഹവുമാകുന്നു.
ഇന്നും ആധുനികനായ ഫ്രെഞ്ച് കവി ആർതർ റിംബോ (Arthur Rimbaud) ജനിച്ചിട്ട് 169 കൊല്ലമാകുന്നു. അസാമാന്യമായിരുന്നു ആധുനികകവിതയിൽ അദ്ദേഹത്തിന്റെ കാവ്യാദർശത്തിന്റെയും കാവ്യസങ്കേതങ്ങളുടേയും സ്വാധീനം. എഴുതാനുള്ളതൊക്കെ അഞ്ചുകൊല്ലത്തിനുള്ളിൽ എഴുതി, പിന്നെ കവിതയെ പാടേ ഉപേക്ഷിച്ച റിംബോയുടെ ജീവിതം ഇങ്ങനെ സംഗ്രഹിക്കാം:
പാരീസിന് 200 മൈൽ വടക്കുകിഴക്കുള്ള Charleville എന്ന ചെറുനഗരത്തിൽ 1854 ഒക്ടോബർ 20നാണ് Jean Nicolas-Arthur Rimbaud ജനിച്ചത്. ഒരു സഹോദരനുണ്ടായിരുന്നു; മൂന്നു സഹോദരിമാരിൽ രണ്ടുപേർ ചെറുപ്പത്തിൽത്തന്നെ മരിച്ചു. പട്ടാള ഓഫീസർ ആയിരുന്ന അച്ഛൻ വിരളമായേ വീട്ടിൽ വന്നിരുന്നുള്ളു; റിംബോയ്ക്ക് ആറു വയസ്സുള്ളപ്പോൾ അദ്ദേഹം കുടുംബത്തെ പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് അമ്മയുടെ പട്ടാളച്ചിട്ടയിലായിരുന്നു കുട്ടികളുടെ ജീവിതം. 13 വയസ്സുള്ളപ്പോൾ റിംബോ ലാറ്റിനിൽ 60 വരികളുള്ള ഒരു കവിതയെഴുതി നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ മകന് അയച്ചുകൊടുത്തു. 14 വയസ്സായതോടെ താൻ പങ്കെടുക്കുന്ന ഏത് അക്കാദമിക് മത്സരങ്ങളിലും റിംബോയ്ക്കായി ജയം. പതിനഞ്ചാമത്തെ വയസ്സിൽ ഒരു സാഹിത്യമാസികയിൽ ആദ്യത്തെ കവിത അച്ചടിച്ചുവരികയും ചെയ്തു. അക്കാലത്തെ പ്രശസ്തരായ കവികൾക്ക്, പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹത്തോടെ, കവിതകൾ അയച്ചുകൊടുത്തിരുന്നു. ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും കവി ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഇടയ്ക്കിടെ പാരീസിലേക്കുള്ള ഒളിച്ചോട്ടങ്ങളും നിരന്തരമായ യാത്രകളും (മിക്കപ്പോഴും കാൽനടയായി) നിറഞ്ഞതായിരുന്നു. ജീവിതകാലത്ത് ‘അനാഥക്കുട്ടികളുടെ നവവത്സരസമ്മാനങ്ങൾ,’ ‘ആദ്യരാത്രി’ എന്നീ കവിതകളും ‘നരകത്തിൽ ഒരു കാലം’ എന്ന ഗദ്യകവിതയും മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളു. മറ്റു കവിതകളൊക്കെ മരണാനന്തരം പുറത്തുവന്നവയാണ്. ഇരുപതാമത്തെ വയസ്സിൽ റിംബോ എഴുത്ത് പൂർണ്ണമായും ഉപേക്ഷിച്ചു. പിന്നീടദ്ദേഹം ജോലി അന്വേഷിച്ച് യാത്രകളിലായിരുന്നു- ഇംഗ്ലണ്ടിൽ, സ്ക്കോട്ട്ലന്റിൽ, ജർമ്മനിയിൽ, സ്വിറ്റ്സർലന്റിൽ, ഇറ്റലിയിൽ, ഹോളണ്ടിൽ, ഡെന്മാർക്കിൽ, ഒടുവിൽ ഈജിപ്തിലും. പട്ടാളക്കാരനായും അദ്ധ്യാപകനായും ഫോർമാനായും പല ജോലികളും ചെയ്തു. ഏറ്റവും ഒടുവിൽ അദ്ദേഹത്തെ കാണുന്നത് അബീസീനിയയിൽ കാപ്പിയും തുണിയും തോക്കുകളും വില്ക്കുന്ന ഒരു കച്ചവടക്കാരനായിട്ടാണ്. ഒരു കാൽ മുറിച്ചുമാറ്റിയതിനെത്തുടർന്ന് ആരോഗ്യനില വഷളായപ്പോൾ അദ്ദേഹം ഫ്രാൻസിലേക്കു മടങ്ങി. മുപ്പത്തേഴാം വയസ്സിൽ മാഴ്സെയ്സിൽ വച്ച് അദ്ദേഹം മരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ