ഒന്നു പറയാമോ, മനുഷ്യാവസ്ഥ ആകെയെടുത്താൽ ഗണനീയമായ ഒരു കാലം നീണ്ടുനില്ക്കുന്നതായി എന്താണുള്ളത്? ജീവിതങ്ങളിൽ വച്ചേറ്റവും സാധ്യമായ ദൈർഘ്യമുള്ളതിനെക്കുറിച്ചോർത്തുനോക്കൂ: ടാർടേസ്സസിലെ രാജാവിന്റെ ആയുർദൈർഘ്യം നമുക്കു കിട്ടിയെന്നു സങ്കല്പിക്കുക; ഗേഡ്സിലെ അർഗന്തോണിയസിനെക്കുറിച്ചു ഞാൻ വായിക്കുകയായിരുന്നു: അദ്ദേഹം എമ്പതുകൊല്ലം രാജ്യം ഭരിക്കുകയും നൂറ്റി ഇരുപതുകൊല്ലം ജീവിക്കുകയും ചെയ്തുവത്രെ. അങ്ങനെയാണെങ്കില്ക്കൂടി, അവസാനമുള്ള കാലത്തോളം ഒന്നിനേയും ദീർഘം എന്നു പറയാൻ പറ്റില്ല. കാരണം, ആ അവസാനം എത്തുമ്പോൾ അതിനു മുമ്പുണ്ടായിരുന്നതെല്ലാം അപ്രത്യക്ഷമാവുകയാണല്ലോ. ഒന്നു മാത്രം ശേഷിക്കുന്നു- നിങ്ങളുടെ നന്മയും സൽപ്രവൃത്തികളും കൊണ്ട് നിങ്ങൾ സമ്പാദിച്ചതു മാത്രം. മണിക്കൂറുകൾ, ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ എല്ലാം കടന്നുപോകുന്നു: കടന്നുപോയവ പിന്നെ മടങ്ങിവരുന്നതുമില്ല. ഭാവിയിൽ എന്താണു വരാൻ പോകുന്നതെന്ന് നമുക്കു പറയാൻ പറ്റില്ല. അതിനാൽ നമുക്കനുവദിച്ചുകിട്ടിയ ജീവിതം കൊണ്ട് നാം തൃപ്തരാവുകതന്നെ വേണം.
നാടകം മുഴുവൻ കളിച്ചുതീരുന്നതുവരെ ഒരു നടൻ അരങ്ങിൽ ഉണ്ടാവണമെന്നില്ല: താൻ പ്രത്യക്ഷപ്പെട്ട ഭാഗങ്ങളിൽ കയ്യടി കിട്ടിക്കഴിഞ്ഞാൽ അയാൾ ചെയ്യേണ്ടതു ചെയ്തുകഴിഞ്ഞു. ജീവിതത്തിലുമതേ, കളി തീരുന്നതുവരെ അരങ്ങിൽ തൂങ്ങിനില്ക്കാതെ ഒരാൾക്ക് തന്റെ വേഷം വിവേകത്തോടെ അവതരിപ്പിക്കാം. നിങ്ങളുടെ ജീവിതം എത്ര കുറഞ്ഞ കാലത്തേക്കാവട്ടെ, സത്യസന്ധമായും മര്യാദയോടെയും ജീവിക്കാനുള്ള ദൈർഘ്യം അതിനുണ്ടാവും. അതല്ല, ദീർഘായുസ്സാണ് നിങ്ങൾക്കു കിട്ടിയതെങ്കിൽ സുഖപ്രദമായ വസന്തകാലം കഴിഞ്ഞ് വേനലും ശരത്തും വരുമ്പോൾ കൃഷിക്കാരനുണ്ടാവുന്ന വിഷമത്തിൽ കൂടുതലൊന്നും നിങ്ങൾക്കുണ്ടാകേണ്ട ആവശ്യവുമില്ല. യൗവ്വനത്തിന്റെ കാലമായ വസന്തം കിട്ടാൻ പോകുന്ന ഫലങ്ങളുടെ വാഗ്ദാനമാണു നല്കുന്നതെങ്കിൽ വിള കൊയ്യാനും ശേഖരിക്കാനുമുള്ള കാലങ്ങളാണല്ലോ പിന്നീടു വരാൻ പോകുന്നത്. വർദ്ധക്യത്തിനു പ്രത്യേകമായ വിളവെടുപ്പ്, ഞാൻ ആവർത്തിക്കട്ടെ, മുൻകാലങ്ങളിൽ സമ്പാദിച്ച അനുഗ്രഹങ്ങളുടെ സമ്പുഷ്ടമായ ഓർമ്മകളാണ്.
പ്രകൃതിയോടു നിരക്കുന്നതെന്തും നല്ലതായി കണക്കാക്കണം; പ്രായമെത്തിയവർ മരിക്കണം എന്നതിനെക്കാൾ ആ പ്രകൃതിനിയമത്തോടു നിരക്കുന്നതായി മറ്റൊന്നുമില്ലതാനും. അതേ വിധി ചിലപ്പോഴൊക്കെ ഒരു ചെറുപ്പക്കാരനെ വന്നാക്രമിക്കുന്നുണ്ടെങ്കിൽ പ്രകൃതി അവിടെ ഇടഞ്ഞുനില്ക്കുകയാണ്: ഒരു ചെറുപ്പക്കാരന്റെ മരണം എന്നെ ഓർമ്മിപ്പിക്കുന്നത് വെള്ളപ്പാച്ചിലിൽ കെട്ടുപോകുന്ന ഒരു തിരിനാളത്തെയാണ്. എന്നാൽ വാർദ്ധക്യമെത്തി മരിക്കുന്നത് ഒരു പരപ്രേരണയുമില്ലാതെ ഒരു തിരി താനേ എണ്ണ വറ്റി കെട്ടുപോകുന്നപോലെയുമാണ്. പച്ചയായിരിക്കുമ്പോൾ ആപ്പിളുകൾ ബലം പ്രയോഗിച്ചു പറിച്ചെടുക്കേണ്ടിവരുന്നു; എന്നാൽ മൂത്തുപഴുത്തുകഴിഞ്ഞാൽ അവ താനേ കൊഴിഞ്ഞുവീഴുന്നു. അതുപോലെ യുവാക്കളെ മരണം സമീപിക്കുന്നത് ഹിംസാത്മകമായിട്ടാണ്; പ്രായമായവയെ അവർ പാകമായിട്ടും. ഈ പാകമെത്തൽ എന്ന ചിന്ത എന്നെ വല്ലാതെ വശീകരിക്കുന്നു: മരണം ആസന്നമാകുമ്പോൾ ഞാൻ സ്വയം കാണുന്നത് ഒരു ദീർഘയാത്ര കഴിഞ്ഞ് തുറമുഖത്തേക്കടുത്തുകൊണ്ടിരിക്കുന്ന ഒരു കപ്പൽയാത്രക്കാരനെപ്പോലെയാണ്:എനിക്കു കര കാണാമെന്നായിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ