2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ലെവ് ഷെസ്റ്റോവ്


ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ


നഗരത്തിലെ രാജപാതകളുടെ സൗകര്യങ്ങൾ തരാൻ ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഇരുളടഞ്ഞ തെരുവുകൾക്കു കഴിയില്ല. ഇലക്ട്രിക് ലൈറ്റില്ല, ഗ്യാസ് വിളക്കുകളില്ല, ഒരു മണ്ണെണ്ണവിളക്കിന്റെ തൂണു പോലുമില്ല. നടപ്പാതകൾ തന്നെയില്ല: യാത്രക്കാരന്‌ ഇരുട്ടത്തു വഴിതപ്പി നടക്കേണ്ടിവരികയാണ്‌ വെളിച്ചം കിട്ടണമെങ്കിൽ ഒരിടിമിന്നൽ വീശുന്നതുവരെ അയാൾ കാത്തുനില്ക്കണം, അല്ലെങ്കിൽ പ്രാകൃതരീതിയിൽ കല്ലുകൾ തമ്മിലുരസ്സി ഒരു തീപ്പൊരി പുറത്തുകൊണ്ടുവരണം. പരിചയമില്ലാത്ത രൂപരേഖകൾ ഒരു മിന്നായം പോലെ വെളിച്ചപ്പെട്ടുവെന്നുവരാം; പിന്നയാൾ അപ്പോൾ മനസ്സിൽ പതിഞ്ഞതെന്താണോ, അതോർമ്മിച്ചെടുക്കാൻ നോക്കണം, അത് ശരിയായാലും തെറ്റായാലും. എന്തെന്നാൽ മറ്റൊരു വെളിച്ചം കിട്ടുക അത്ര എളുപ്പമല്ലോ; അല്ലെങ്കിൽ ഏതെങ്കിലും ചുമരിൽ അയാളുടെ തല ചെന്നിടിച്ചിട്ട് തീപ്പൊരികൾ പറക്കണം. ഇത്രയും ഗതികേടിലായ ഒരു കാൽനടയാത്രക്കാരൻ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് എന്തു വിവരം ശേഖരിക്കാൻ? ജിജ്ഞാസയാൽ പ്രേരിതനായി (അത്രയും ബലത്തതായിരുന്നു ആ ജിജ്ഞാസ എന്നു നാം സങ്കല്പിക്കുക) ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തപ്പിത്തടഞ്ഞുനടന്ന അയാളിൽ നിന്ന് വ്യക്തമായ ഒരു വിവരണം നാമെങ്ങനെ പ്രതീക്ഷിക്കാൻ? അയാളുടെ വിവരണങ്ങളെ പ്രകാശപൂരിതമായ തെരുവുകളിലെ യാത്രക്കാരുടെ വിവരണങ്ങളുമായി നാമെന്തിനു താരതമ്യം ചെയ്യണം?


സനാതനനിയമങ്ങൾ


സമകാലീനലോകത്ത് നമ്മെ ഭരിക്കുന്ന നിയമങ്ങളുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ നാം ചരിത്രം പഠിക്കണം. അന്യകാലങ്ങളിൽ അന്യദേശങ്ങളിലെ അന്യമനുഷ്യരുടെ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നു, നമ്മുടെ “സനാതനനിയമങ്ങളും” അപ്രമാദികളെന്നു വച്ചിരിക്കുന്ന ആശയങ്ങളും വെറും ഭ്രൂണഹത്യകൾ മാത്രമാണെന്നു ബോദ്ധ്യപ്പെടാൻ. ഒരു ചുവടു കൂടി വയ്ക്കുക, മനുഷ്യവർഗ്ഗം ഈ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവിക്കുന്നുണ്ടെന്നു സങ്കല്പിക്കുക, നമ്മുടെ ഐഹികസനാതനത്വങ്ങൾക്ക് അവയുടെ ചാരുതകളെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു.


പ്രപഞ്ചത്തെക്കുറിച്ചുള്ള സങ്കല്പനങ്ങൾ


നമ്മുടെ അസ്തിത്വത്തിന്റെ മൗലികയാഥാർത്ഥ്യത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല, എന്നെങ്കിലും നാമതറിയാനും പോകുന്നില്ല. ഇക്കാര്യത്തിൽ നമുക്കു യോജിപ്പിലെത്താം. എന്നാൽ അതുകൊണ്ടർത്ഥമാകുന്നില്ല, ഏതെങ്കിലും സിദ്ധാന്തത്തെ നാം അന്ധമായി അംഗീകരിക്കണമെന്നും അതിനെ നമ്മുടെ ജീവിതപ്രമാണമാക്കണമെന്നും. ഇതേ അർത്ഥമാക്കാനുള്ളു: തന്റെ ചെരുപ്പോ കയ്യുറയോ മാറ്റുന്നപോലെ പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ ധാരണ മാറ്റാൻ തടസ്സമില്ല മനുഷ്യനെന്ന്; മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളുടെ കാര്യത്തിലേ അവൻ താത്വികമായ സ്ഥിരത സൂക്ഷിക്കേണ്ടതുള്ളുവെന്ന്; അതാകട്ടെ, ഏതുവരെ, എത്രത്തോളം  നമ്മെ ആശ്രയിക്കാമെന്ന് അവർക്കറിയാനും വേണ്ടി മാത്രം. അതിനാൽ, ബാഹ്യലോകത്ത് അവൻ ചിട്ടയും നിയമവും പാലിക്കണം, തന്റെ ആന്തരലോകത്ത് സമ്പൂർണ്ണമായ അവ്യവസ്ഥയും. ഇനി, അങ്ങനെയൊരു ദ്വന്ദ്വഭാവം പാലിക്കാൻ ബുദ്ധിമുട്ടു തോന്നുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള ചിട്ട ഉള്ളിലും സൂക്ഷിക്കാവുന്നതാണ്‌. അതിലവർ അഭിമാനം കൊള്ളരുതെന്നേയുള്ളു; തങ്ങളുടെ ബലഹീനതയുടെ, ക്ഷുദ്രതയുടെ, ജഡബുദ്ധിയുടെ ഒരു ലക്ഷണമാണതെന്ന് അവർക്കെപ്പോഴും ഓർമ്മയുണ്ടായിരിക്കണം.


പ്രപഞ്ചത്തിന്റെ തോന്ന്യാസം


എപ്പിക്ക്യൂറസ്സും അദ്ദേഹത്തിന്റെ ക്ഷോഭവുമൊക്കെ ഇരിക്കെത്തന്നെ എന്തിൽ നിന്നും എന്തുവേണമെങ്കിലും ഉണ്ടായിവരാമെന്ന് സമ്മതിച്ചുകൊടുക്കാൻ നിർബ്ബന്ധിതരാവുകയാണു നാം. എന്നു പറഞ്ഞതുകൊണ്ട് ഒരു കല്ക്കഷണം എന്നെങ്കിലും അപ്പത്തുണ്ടായി മാറിയിട്ടുണ്ടെന്നോ അല്ലെങ്കിൽ, നമ്മുടെ ഈ ദൃശ്യപ്രപഞ്ചം ഏതോ പുകപടലത്തിൽ നിന്ന് “സ്വാഭാവികമായി” ഉണ്ടായിവന്നതാണെന്നോ അല്ല അർത്ഥമാക്കുന്നത്. പക്ഷേ പ്രകൃതിയുടെ അനിയതസ്വഭാവത്തിന്‌ എത്ര ചെറുതെങ്കിലുമായ ഒരു പരിധി വയ്ക്കാൻ സഹായകമായ രീതിയിൽ എന്തെങ്കിലുമൊന്ന് നമ്മുടെ മനസ്സുകളിൽ നിന്നോ നമ്മുടെ അനുഭവങ്ങളിൽ നിന്നോ അനുമാനിച്ചെടുക്കാൻ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. ഇപ്പോൾ സംഭവിക്കുന്നത് തീർത്തും വ്യത്യസ്തമായ മറ്റൊരു വിധത്തിലാണ്‌ സംഭവിക്കാൻ ഇട വന്നിരുന്നതെങ്കിൽ ഇത്രതന്നെ “സ്വാഭാവികമായി” നമുക്കതു തോന്നുകയും ചെയ്യുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രകൃതിയിലെ പ്രതിഭാസങ്ങളെ സംബന്ധിച്ച നമ്മുടെ നിർണ്ണയങ്ങളിൽ അനിവാര്യതയുടെ ഒരു ഘടകം ഉണ്ടെന്നിരിക്കാമെങ്കിലും യാദൃച്ഛികസത്യങ്ങളുടെ പതിരിൽ നിന്ന് അനിവാര്യതയുടെ നെന്മണികൾ വേർതിരിച്ചെടുക്കാൻ നമുക്കിന്നേവരെ കഴിഞ്ഞിട്ടില്ല, അതെന്നെങ്കിലും സാദ്ധ്യമാകുമെന്നും തോന്നുന്നില്ല. അതിനും പുറമേ, അനിവാര്യമോ ആകസ്മികമോ, ഏതാണ്‌ കൂടുതൽ സാരവത്തും പ്രധാനവുമെന്നുപോലും നമുക്കറിയുകയുമില്ല. അതിനാൽ “നിത്യസത്യങ്ങൾ” കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിന്ന് തത്വശാസ്ത്രം പിൻവാങ്ങണമെന്നുള്ള നിഗമനത്തിലെത്താൻ നാം നിർബ്ബന്ധിതരാവുകയാണ്‌. അനിശ്ചിതത്വത്തിൽ ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുക എന്നതാണ്‌ തത്വശാസ്ത്രത്തിനു പറഞ്ഞ പണി- അനിശ്ചിതത്വത്തെ അങ്ങേയറ്റം പേടിക്കുന്ന, ഒന്നല്ലെങ്കിൽ മറ്റൊരു പ്രമാണത്തിനു പിന്നിൽ എന്നെന്നും ഒളിച്ചിരിക്കുന്ന മനുഷ്യനെ. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യർക്കു സമാശ്വാസം കൊടുക്കുകയല്ല, അവരുടെ സ്വസ്ഥത കെടുത്തുകയാണ്‌ തത്വശാസ്ത്രം ചെയ്യേണ്ടത്.

ആത്യന്തികപ്രശ്നങ്ങൾ


ആത്യന്തികപ്രശ്നങ്ങൾ എന്നു വിളിക്കപ്പെടുന്ന ആ ചോദ്യങ്ങൾ ഇന്നവ നമ്മളെ എത്ര ക്ലേശിപ്പിക്കുന്നുവോ, അത്രതന്നെ ചരിത്രത്തിന്റെ ഉദയകാലത്തും മനുഷ്യരാശിയെ ക്ലേശിപ്പിച്ചിരുന്നു. ആദാമിനും ഹവ്വയ്ക്കും “അറിയാൻ” ആഗ്രഹമുണ്ടായി; സ്വന്തം വിധിയെ അപകടപ്പെടുത്തിക്കൊണ്ട് അവർ അറിവിന്റെ കനി പറിച്ചെടുക്കുകയും ചെയ്തു. തന്റെ ബലി ദൈവത്തിനു ഹിതമായില്ല എന്നു കണ്ട കായേൻ സ്വന്തം സഹോദരന്റെ ജീവനെടുത്തു: തന്റെ ഹനിക്കപ്പെട്ട അവകാശങ്ങളുടെ ന്യായീകരണത്തിനായി നീതിയുടെ പേരിൽ താൻ കൊലപാതകം നടത്തുകയായിരുന്നു എന്നാണ്‌ അയാൾക്കു തോന്നിയത്. കായേന്റെ ബലിയെക്കാൾ ആബേലിന്റെ ബലി ദൈവം ഇഷ്ടപ്പെട്ടതിന്റെ കാരണം ആർക്കും ഇതുവരെ മനസ്സിലായിട്ടുമില്ല. നമ്മുടെ കാലത്താവട്ടെ, (പുഷ്കിന്റെ കവിതയിലുള്ള പ്രകാരം) സലീറി കായേന്റെ പക ആവർത്തിക്കുകയും തന്റെ സുഹൃത്തും ഉപകർത്താവുമായ മൊസാർട്ടിനു വിഷം കൊടുക്കുകയും ചെയ്യുന്നു. “ഭൂമിയിൽ നീതിയില്ലെന്ന് എല്ലാവരും പറയുന്നു; എന്നാൽ അങ്ങു മുകളിലും നീതിയില്ല: സംഗീതത്തിലെ ഏറ്റവും ലളിതമായ ഒരു രാഗം പോലെ വ്യക്തമാണ്‌ എനിക്കത്.” ഈ വാക്കുകളിൽ തന്റെതന്നെ മനസ്സിനെ കാർന്നുതിന്നുന്ന സംശയങ്ങൾ വായിച്ചെടുക്കാൻ കഴിയാത്തതായി ഈ ഭൂമിയിൽ ഒരു മനുഷ്യനുമുണ്ടാവില്ല. ഇതിന്റെ അനന്തരഫലം എന്നു പറയുന്നത് സർഗ്ഗാത്മകമായ ദുരന്തമാണ്‌; മനുഷ്യസൃഷ്ടിയുടെ ഏറ്റവും ഉയർന്ന രൂപമായിട്ടാണ്‌ ഇന്നേവരെ അതു പരിഗണിക്കപ്പെട്ടുവരുന്നതും. സർവ്വതും പൊരുളഴിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയുമാണ്‌. നമ്മുടെ വിജ്ഞാനത്തെ പൗരാണികരുടേതുമായി തട്ടിച്ചുനോക്കുമ്പോൾ അതിജ്ഞാനികളാണ്‌ നാമെന്നു തോന്നിയേക്കാം. എന്നാൽ ആത്യന്തികനീതി എന്ന പ്രഹേളികയുടെ പൊരുളഴിക്കുന്ന കാര്യം വരുമ്പോൾ കായേൻ നിന്നിടത്തുതന്നെയാണ്‌ ഇപ്പോഴും നാം. പുരോഗതി, നാഗരികത, മനുഷ്യമനസ്സിന്മേലുള്ള വിജയങ്ങൾ ഇതൊന്നും ഇക്കാര്യത്തിൽ പുതുതായൊന്നും കൊണ്ടുവന്നിട്ടില്ല. വൈരൂപ്യത്തിനും രോഗത്തിനും ദുരിതത്തിനും വാർദ്ധക്യപീഡകൾക്കും മരണത്തിനും മുന്നിൽ നമ്മുടെ പൂർവ്വികരെപ്പോലെ ഇപ്പോഴും നാം ഭയന്നും അന്ധാളിച്ചും നില്ക്കുന്നു. ഐഹികഭീതികളെ പ്രശ്നങ്ങളാക്കി മാറ്റാനേ ജ്ഞാനികൾ എന്നു പറയുന്നവർക്കു കഴിഞ്ഞിട്ടുള്ളു. ഭയാനകമായത് ഭയാനകമായി “തോന്നുകയാണ്‌” എന്നു വരാമെന്നും ദീർഘയാത്രയ്ക്കൊടുവിൽ പുതിയതെന്തെങ്കിലും നമ്മെ കാത്തിരിക്കുന്നുണ്ടെന്നുവരാം എന്നും അവർ നമ്മോടു പറയുന്നു. ആവാം! എന്നാൽ അഭ്യസ്തവിദ്യനായ, നൂറ്റാണ്ടുകളായി മനുഷ്യരാശി ആർജ്ജിച്ച വിജ്ഞാനം വിളിപ്പുറത്തുള്ള ആധുനികമനുഷ്യന്‌ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആത്യന്തികപ്രശ്നങ്ങൾ പൊരുളു തിരിക്കാനൊരുമ്പെട്ട ആ പ്രാചീനഗായകനെക്കാൾ അധികമൊന്നും അറിയില്ല എന്നതാണ്‌ വാസ്തവം. ഊർദ്ധ്വൻ വലിക്കുന്ന ഒരു നാഗരികതയുടെ സന്തതികളായ നാം, ജനിച്ചപ്പോഴേ വൃദ്ധരായ നാം, ഇക്കാര്യത്തിൽ ആദാമിനെപ്പോലെ ചെറുപ്പവുമാണ്‌.

പ്രതീകങ്ങൾ

സോക്രട്ടീസ് തന്റെ ദാർശനികവ്യവഹാരങ്ങളൊക്കെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സാന്തിപ്പി പാത്രം കഴുകിയ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ ദേഹത്തൊഴിച്ചുവെന്നും “കൊടുങ്കാറ്റിനു പിന്നാലെ മഴ പെയ്യാതെവയ്യ” എന്ന് അദ്ദേഹം പ്രതികരിച്ചു എന്നുമാണ്‌ പുരാവൃത്തം. എന്നാൽ ഇങ്ങനെ പറയുന്നതായിരുന്നില്ലേ കൂടുതൽ സമഞ്ജസം (തത്വചിന്തകന്റെ കാര്യത്തിലല്ല, തത്വചിന്തയുടെ കാര്യത്തിൽ): താത്വികവ്യായാമത്തിൽ ഏർപ്പെട്ടതില്പിന്നെ നമുക്കു തോന്നുന്നു, നമുക്കു മേൽ അഴുക്കുവെള്ളം എടുത്തൊഴിച്ചുവെന്ന്. അതിനാൽ ഈ സംഭവത്തെ നാം കാണേണ്ടത് സോക്രട്ടീസിന്റെ ആത്മാവിൽ നടന്ന ഒരു കാര്യത്തിന്‌ സാന്തിപ്പി ബാഹ്യാവിഷ്കാരം നല്കുകയായിരുന്നു എന്നാണ്‌. പ്രതീകങ്ങൾ എപ്പോഴും സുന്ദരമാകണമെന്നില്ല. *

നിഗമനങ്ങളിലെത്തുമ്പോൾ

വിശന്നിരിക്കുന്ന ഒരാൾക്ക് ആരോ ഒരപ്പത്തിന്റെ തുണ്ടും കരുണയോടൊരു വാക്കും നല്കി. അപ്പത്തേക്കാൾ അയാൾക്കു കാര്യമായിത്തോന്നിയത് ആ കാരുണ്യമായിരുന്നു. എന്നാൽ അപ്പത്തിന്റെ കൂടെയല്ലാതെയാണ്‌ ആ കാരുണ്യവചനം അയാൾക്കു കിട്ടിയിരുന്നതെങ്കിൽ സുന്ദരമായ പദപ്രയോഗങ്ങളോട് അയാൾക്കു വെറുപ്പു തോന്നിയെന്നു വരാം. അതിനാൽ നിഗമനങ്ങളിലെത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്: ആശ്വസിപ്പിക്കുന്ന നുണയേക്കാൾ സത്യത്തിനാണ്‌ അടിയന്തരപ്രാധാന്യം എന്ന നിഗമനത്തിലെത്തുമ്പോൾ വിശേഷിച്ചും. ഒറ്റയൊറ്റ പ്രതിഭാസങ്ങളുടെ പരസ്പരബന്ധം വളരെ അപൂർവ്വമായേ വ്യവച്ഛേദിച്ചറിയാൻ കഴിയൂ. പൊതുവേ പറയുമ്പോൾ, പല കാരണങ്ങളിൽ നിന്ന് ഒരു ഫലം ഉണ്ടാകാം. ആദർശവല്ക്കരണത്തോടുള്ള നമ്മുടെ ചായ്‌വു കാരണം ഉന്നതമായി നമുക്കു തോന്നുന്ന കാരണത്തിന്‌ നാം പ്രാമുഖ്യം നല്കുകയും ചെയ്യുന്നു. *

തർക്കവും ചിന്തയും

സംശയം വേണ്ട, ആർക്കും ചിന്തിക്കാൻ ആഗ്രഹമില്ല. തർക്കചിന്തയുടെ കാര്യമല്ല ഞാൻ പറയുന്നത്. അത്, മറ്റേതു പ്രാകൃതികധർമ്മം പോലെയും, മനുഷ്യന്‌ മാനസികാഹ്ലാദം നല്കുന്നതാണല്ലോ. അക്കാരണത്താൽ ദാർശനികപദ്ധതികൾ, അവ എത്ര സങ്കീർണ്ണമായാലും, പൊതുജനത്തിനിടയിൽ സ്ഥായിയും യഥാർത്ഥവുമായ താല്പര്യമുണർത്താൻ പര്യാപ്തമാണ്‌; മനസ്സിന്റെ താർക്കികവ്യാപാരമല്ലാതെ മറ്റൊന്നും ആവശ്യമായിവരുന്നില്ല എന്ന ഉപാധിയുണ്ടെന്നു മാത്രം. എന്നാൽ ചിന്തിക്കുക- യഥാർത്ഥമായി ചിന്തിക്കുക- അതിനർത്ഥം തർക്കം ത്യജിക്കുക എന്നുതന്നെയാണ്‌. പുതിയൊരു ജീവിതം ജീവിക്കുക എന്നാണ്‌ അതിനർത്ഥം. തനിക്കേറ്റവും പ്രിയപ്പെട്ട ശീലങ്ങൾ, അഭിരുചികൾ, മമതകൾ തുടങ്ങിയവ എന്നെന്നേക്കുമായി ബലി കഴിക്കുക എന്നാണ്‌ അതിനർത്ഥം; ആ ത്യാഗത്തിന്‌ എന്തെങ്കിലും പ്രതിഫലം കിട്ടുമെന്ന് ഒരുറപ്പും ഇല്ലതാനും. കലാകാരന്മാരും ദാർശനികരും ഒരു ചിന്തകനെ സങ്കല്പിക്കുന്നത് ഇങ്ങനെയായിരിക്കും: കർക്കശമായ മുഖവും അദൃശ്യത്തിലേക്കു തുളച്ചുകയറുന്ന നിശിതദൃഷ്ടിയും അഭിജാതമായ ഭാവഹാവാദികളുമുള്ള ഒരാൾ- പറക്കാൻ ചിറകെടുക്കുന്ന ഒരു കഴുകൻ. അങ്ങനെയൊന്നുമില്ല. ചിന്തിക്കുന്ന മനുഷ്യൻ എന്നാൽ സമനില നഷ്ടപ്പെട്ട ഒരാൾ എന്നാണ്‌, ദുരന്തനായകൻ എന്ന അർത്ഥത്തിലല്ല, ഗ്രാമ്യമായ അർത്ഥത്തിൽത്തന്നെ. കൈ കൊണ്ടു വായുവിൽ തുഴഞ്ഞും കാലിട്ടടിച്ചും പേടിച്ചരണ്ട മുഖവുമായി നിസ്സഹായതയുടേയും അന്ധാളിപ്പിന്റേയും ഒരു ഹാസ്യചിത്രീകരണം തന്നെയാണയാൾ.
*

അയൽപ്പേടി

Homo homini lupus (മനുഷ്യൻ മനുഷ്യനു ചെന്നായ)- ലോകനീതിയുടെ ഏറ്റവും ഉറച്ച പ്രമാണങ്ങളിൽ ഒന്നാണിത്. നമ്മുടെ ഓരോ അയല്ക്കാരനിലും നമ്മെ പേടിപ്പിക്കുന്ന ഒരു ചെന്നായയെ നാം കാണുന്നുണ്ട്. “ആ മനുഷ്യൻ ദുഷ്ടബുദ്ധിയാണ്‌; നിയമം കൊണ്ട് അയാളെ നിയന്ത്രിച്ചില്ലെങ്കിൽ അയാൾ നമ്മളെ മുടിയ്ക്കും,” ശിഷ്ടാചാരത്തിന്റെ പഴകിയ ചാലു മാറിനടക്കുന്ന ഓരോ ആളെക്കാണുമ്പോഴും നാമിങ്ങനെ മനസ്സിൽ പറയും. ആ പേടിയ്ക്കു ന്യായമില്ലാതെയുമില്ല. അത്ര പാവങ്ങളാണു നാം, അത്ര ദുർബ്ബലരാണ്‌, അത്രയെളുപ്പം തകരുന്നവരും ഇല്ലാതാവുന്നവരുമാണ്‌! നാമെങ്ങനെ പേടിക്കാതിരിക്കും! എന്നാൽ നാം ഭയക്കുന്ന അപായത്തിനും ദുഷ്ടതയ്ക്കും പിന്നിൽ സാരവത്തായ, നമ്മുടെ സൂക്ഷ്മവും അനുഭാവപൂർണ്ണവുമായ ശ്രദ്ധയർഹിക്കുന്നതുമായ എന്തെങ്കിലും മറഞ്ഞുകിടക്കുന്നുമുണ്ടാവും. പക്ഷേ ഭയത്തിന്റെ കണ്ണുകൾക്കു വലിപ്പം കൂടുതലാണ്‌. അപകടം, അപകടം മാത്രമേ നാം കാണുന്നുള്ളു; സദാചാരത്തിന്റെ ഒരു വല നെയ്ത് ഒരു കോട്ടയ്ക്കുള്ളിലെന്നപോലെ സുരക്ഷിതരായി ജീവിതകാലം മുഴുവൻ നാം കഴിച്ചുകൂട്ടുന്നു. കവികൾ മാത്രമേ ആ അപകടകാരികളെ പുകഴ്ത്താൻ ഒരുമ്പെട്ടിട്ടുള്ളു- ഡോൺ ജൂവാന്മാരെ, ഫൗസ്റ്റുകളെ, ടാൻഹൗസെർമാരെ. പക്ഷേ ആരും കവികളെ ഗൗരവത്തിലെടുക്കുന്നില്ല. പൊതുബോധം ഒരു ബൈറണെയോ ഒരു ഗയ്ഥെയെയോ ഒരു മോളിയെറെയോ അല്ല വിലമതിക്കുക, ഒരു കച്ചവടക്കാരനെയോ ഒരു റൗഡിത്തലവനെയോ ആണ്‌. *

സദാചാരവും പ്രതികാരവും

മനുഷ്യരിൽ വച്ചേറ്റവും പ്രതികാരദാഹികളാണ്‌ സദാചാരഭ്രമക്കാർ; പ്രതികാരത്തിന്റെ ഏറ്റവും ഫലപ്രദവും സൂക്ഷ്മവുമായ ആയുധമായി അവർ സദാചാരത്തെ ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ അയല്ക്കാരെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ടു മാത്രം അവർക്കു തൃപ്തിയാവുന്നില്ല; ആ കുറ്റാരോപണം ഏല്ലാവരും ഏറ്റെടുക്കുകയും വേണം: എന്നു പറഞ്ഞാൽ, എല്ലാ മനുഷ്യരും ഒറ്റയാളായി അയാളെ നേരിടണം; പോരാ, കുറ്റാരോപിതന്റെ മനഃസാക്ഷിയും അയാൾക്കെതിരാവണം. അപ്പോഴേ അവർക്കു തൃപ്തിയാവുന്നുള്ളു, അവർക്ക് ഉറപ്പു വരുന്നുള്ളു. ഇത്രയും അത്ഭുതകരമായ ഫലങ്ങളുണ്ടാക്കാൻ ഈ ഭൂമിയിൽ സദാചാരമല്ലാതെ മറ്റെന്തുണ്ട്!
*

രൂപാന്തരം


ഒരു ചിത്രശലഭപ്പുഴു ഒരു പ്യൂപ്പയായി രൂപാന്തരപ്പെടുകയും വളരെയേറെക്കാലം ഊഷ്മളവും പ്രശാന്തവുമായ ഒരു കൊച്ചുലോകത്തു ജീവിക്കുകയും ചെയ്യുന്നു. മനുഷ്യബോധമുണ്ടായിരുന്നെങ്കിൽ അതു പ്രഖ്യാപിച്ചേനെ, ആ ലോകമാണ്‌ ഏറ്റവും നല്ലതെന്ന്, ജീവിക്കാൻ അത്രയും നല്ലൊരു ലോകം വേറേയുണ്ടാവില്ലെന്നുകൂടിയും. എന്നാൽ പിന്നീട് അജ്ഞാതമായ ഏതോ ശക്തി ആ ജീവിയെ നശീകരണപ്രവൃത്തിയ്ക്കു പ്രേരിപ്പിക്കുന്ന ഒരു കാലം വരുന്നു. മറ്റു ശലഭപ്പുഴുക്കൾ അതിനെ കണ്ടാൽ എത്രയ്ക്കവർ ഭയപ്പെട്ടുപോകില്ല! ആ കലാപകാരി ഏർപ്പെട്ടിരിക്കുന്ന ഭയങ്കരമായ പണിയിൽ ആത്മാവിന്റെ കടയോളം അവർക്കു വെറുപ്പു തോന്നും. അവരതിനെ ദുർമ്മാർഗിയെന്നും ദൈവനിഷേധിയെന്നും വിളിക്കും, നൈരാശ്യവാദം, അജ്ഞേയവാദം തുടങ്ങിയവയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങും. പണിതെടുക്കാൻ അത്രയും അദ്ധ്വാനം വേണ്ടിവന്നതൊന്നിനെ നശിപ്പിക്കുകയെന്നു പറഞ്ഞാൽ! എല്ലാം തികഞ്ഞതും സുഖസമ്പൂർണ്ണവുമായ ആ കൊച്ചുലോകത്തിന്‌ എന്തു കുഴപ്പമാണുള്ളത്, ഒന്നു പറയെന്നേ! അതിനു കേട് പറ്റാതെ നോക്കാൻ അവർ പാവനമായ സദാചാരത്തെയും ആശയവാദപരമായ ജ്ഞാനസിദ്ധാന്തത്തെയും കൂട്ടിനു വിളിക്കും. ആരും ശ്രദ്ധിക്കുന്നതേയില്ല ശലഭപ്പുഴുവിന്‌ ചിറകു മുളച്ചിരിക്കുന്നുവെന്ന്, തന്റെ കൂട് കരണ്ടുതീർത്തുകഴിഞ്ഞാൽ വിഹായസ്സിലേക്കതു പറന്നുപൊങ്ങുമെന്ന്- അക്കാര്യം ആരും ചിന്തിക്കുന്നതേയില്ല.

ചിറകുകൾ- അത് മിസ്റ്റിസിസമാണ്‌; സ്വയം കരണ്ടുതീർക്കൽ- അത് പരമാർത്ഥമാണ്‌. അത്തരം പരമാർത്ഥങ്ങളിൽ ഏർപ്പെടുന്നവർ പീഡനവും വധശിക്ഷയും അർഹിക്കുന്നു. ഈ പ്രകാശപൂർണ്ണമായ ലോകത്ത് തടവറകളും സ്വയംസന്നദ്ധരായ ആരാച്ചാരന്മാരും എത്രയെങ്കിലുമുണ്ട്. പുസ്തകങ്ങളിൽ ഭൂരിപക്ഷവും തടവറകളാണ്‌, കേമന്മാരായ എഴുത്തുകാർ മോശം ആരാച്ചാരന്മാരുമല്ല.
*
അസ്തിവാരം ഇടിച്ചുറപ്പിക്കാൻ തനിക്കിനിയും കഴിഞ്ഞിട്ടില്ലാത്തതും സ്വന്തം ഹൃദയത്തിനുതന്നെ ശരിക്കും തെളിഞ്ഞുകിട്ടാത്തതുമായ ഒരാശയം ആവിഷ്കരിക്കേണ്ടിവരുന്ന എഴുത്തുകാരൻ, അതിനു പൊതുസമ്മതി വേണമെന്ന ഉത്കടമായ ആഗ്രഹം കൂടി അയാൾക്കുണ്ടെന്നതിനാൽ, പൊതുവേ ചെയ്യുന്നതിതാണ്‌: സ്വന്തം ആശയത്തിന്റെ വിശദീകരണം ഇടയ്ക്കൊന്നു തടസ്സപ്പെടുത്തിയിട്ട് (ശ്വാസമെടുക്കാനെന്നപോലെ) ചെറുതായിട്ടോ ചിലപ്പോൾ കാര്യമായിത്തന്നെയോ വ്യതിചലിക്കുന്നു; എന്നിട്ട് ഒന്നല്ലെങ്കിൽ മറ്റൊരു പ്രമാണത്തിനു സാധുതയില്ലെന്നു തെളിയിക്കാൻ പോകുന്നു; തന്റെ പ്രമേയവുമായി ഒരു ബന്ധവുമില്ലാത്തതായിരിക്കും പലപ്പോഴുമത്. ഒന്നോ അതിലധികമോ അസംബന്ധങ്ങൾ ഈവിധം വിജയകരമായി തുറന്നുകാട്ടുകയും ഇരുത്തം വന്ന ഒരു വിദഗ്ധന്റെ ആത്മവിശ്വാസം ആർജ്ജിക്കുകയും ചെയ്തതില്പിന്നെ അയാൾ വീണ്ടും തന്റെ സ്വകീയമായ ഉദ്യമത്തിലേക്കു തിരിയുന്നു; ഇപ്പോൾ പണ്ടത്തേക്കാളും വിശ്വാസം താൻ തന്റെ വായനക്കാരനിൽ ജനിപ്പിക്കുമെന്ന് അയാൾ കണക്കുകൂട്ടുന്നുണ്ട്. അയാളുടെ കണക്കുകൂട്ടൽ നൂറുശതമാനം ശരിയുമാണ്‌. ഇത്രയും കൈത്തഴക്കമുള്ള ഒരു തർക്കവാദിയെ നേരിട്ടാക്രമിക്കാൻ വായനക്കാരനു ഭയം തോന്നുകയാണ്‌. ഒരു വാദപ്രതിവാദമെന്ന സാഹസത്തിനിറങ്ങുന്നതിനെക്കാൾ സമ്മതിച്ചുകൊടുക്കുന്നതാണ്‌ സുരക്ഷിതമെന്ന് അയാൾ തീരുമാനിക്കുന്നു. ഏറ്റവും വലിയ ധിഷണകൾ പോലും, തത്വശാസ്ത്രത്തിൽ പ്രത്യേകിച്ചും, ഇത്തരം തന്ത്രങ്ങളോടു വെറുപ്പു കാണിച്ചിട്ടില്ല. ഉദാഹരണത്തിന്‌ ആശയവാദികൾ തങ്ങളുടെ സിദ്ധാന്തങ്ങൾ വിശദീകരിക്കുന്നതിനു മുമ്പ് വശത്തേക്കു തിരിഞ്ഞ് ഭൗതികവാദത്തെ വലിച്ചുകീറുന്നു. ഭൗതികവാദികൾ, നമുക്കോർമ്മയുണ്ടല്ലോ, പണ്ടൊരിക്കൽ ആശയവാദികളെ ഇതേപോലെ കൈകാര്യം ചെയ്യുകയും അതിൽ വലിയ വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
*

സ്വയം പുകഴ്ത്തുന്നത് അനുചിതവും അഹങ്കാരവുമായിട്ടാണ്‌ പരിഗണിക്കപ്പെടുന്നത്; താനുൾപ്പെട്ട സംഘത്തെ, തന്റെ തത്വശാസ്ത്രത്തെ പുകഴ്ത്തുന്നത് അത്യുത്തമമായ ധർമ്മമായും. എത്രയും കേമന്മാരായ എഴുത്തുകാർ പോലും തങ്ങളുടെ തത്വശാസ്ത്രം പടുത്തുയർത്താനെടുത്തത്രയുമെങ്കിലും അദ്ധ്വാനം അതിനെ മഹത്വപ്പെടുത്താനും എടുത്തിട്ടുണ്ടെന്നു കാണാം; ആദ്യത്തേതിനെക്കാൾ രണ്ടാമത്തേതിലാണ്‌ അവർ കൂടുതൽ വിജയം കണ്ടതെന്നും പറയാവുന്നതാണ്‌. തങ്ങളുടെ ആശയങ്ങൾ, അവയുടെ സത്യം തെളിയിക്കപ്പെട്ടോ ഇല്ലയോ എന്നതു പ്രശ്നമല്ല, അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യങ്ങളാണ്‌, ദുഃഖങ്ങളിൽ അവർക്കു സാന്ത്വനമാണ്‌, പ്രതിസന്ധികളിൽ അവർക്കാശ്രയിക്കാവുന്ന ഉപദേശിയാണ്‌. മരണം പോലും ആശയങ്ങളെ പേടിപ്പിക്കുന്നില്ല; ശവക്കുഴിക്കപ്പുറത്തേക്കും ആശയങ്ങൾ മനുഷ്യനെ അനുഗമിക്കും; നാശമില്ലാത്ത സ്വത്തെന്നു പറയാൻ അതേയുള്ളു. തങ്ങളുടെ ആശയങ്ങളെക്കുറിച്ച് തത്വചിന്തകന്മാർ ആവർത്തിക്കുകയാണ്‌, വാഗ്ചാതുര്യത്തോടെ ആവർത്തിക്കുകയാണ്‌, ആവർത്തിച്ചുറപ്പിക്കുകയാണ്‌, കള്ളന്മാർക്കും തട്ടിപ്പുകാർക്കും വേണ്ടി കേസു വാദിക്കുന്ന വക്കീലന്മാരുടേതിൽ നിന്ന് ഒട്ടും കുറവല്ലാത്ത സാമർത്ഥ്യത്തോടെ. എന്നാൽ നാമിന്നേവരെ ഒരു തത്വചിന്തകനെ “വാടകയ്ക്കെടുത്ത മനഃസാക്ഷി” എന്നു വിളിച്ചിട്ടില്ല, ഒരു വക്കീലിനെ എന്നും നാം വിളിക്കുന്നത് ആ ഇരട്ടപ്പേരിലാണെങ്കിലും. എന്തിനീ പക്ഷഭേദം?
*

ഒരെഴുത്തുകാരന്‌, പ്രായവും പരിചയവും കുറഞ്ഞയാളാണെങ്കിൽ പ്രത്യേകിച്ചും, സാദ്ധ്യമായ എല്ലാ ചോദ്യങ്ങൾക്കും ഏറ്റവും തൃപ്തികരമായ ഉത്തരം കൊടുക്കാൻ വായനക്കാരനോടു ബാദ്ധ്യസ്ഥനാണു താനെന്ന തോന്നലുണ്ടാവുന്നു. ദണ്ഡിപ്പിക്കുന്ന ചോദ്യങ്ങൾക്കു നേരേ കണ്ണടയ്ക്കാൻ മനഃസാക്ഷി അയാളെ അനുവദിക്കുകയില്ല; അതിനാലയാൾ “പ്രഥമവും പ്രധാനവുമായ കാര്യങ്ങളെ”ക്കുറിച്ചു സംസാരിക്കാൻ തുടങ്ങുന്നു. അത്തരം സംഗതികളെക്കുറിച്ച് പ്രയോജനപ്രദമായി എന്തെങ്കിലും പറയാൻ അയാൾക്കു കഴിയില്ലെന്നതിനാൽ- ഗഹനമായ ദാർശനികത കൈകാര്യം ചെയ്യുക യൗവ്വനത്തിനുള്ളതല്ലല്ലോ- അയാൾ ആവേശത്തള്ളലിലേക്കു പോകുന്നു, തൊണ്ടയടയ്ക്കും വരെ അയാൾ ഒച്ചയെടുക്കുന്നു. ഒടുവിൽ തളർന്ന് അയാൾ മിണ്ടാതെയുമാകുന്നു. എന്നിട്ടെന്തുണ്ടാകുന്നു, അയാളുടെ വാക്കുകൾ പൊതുജനത്തിനു പിടിച്ചുവെന്നാണെങ്കിൽ താനൊരു പ്രവാചകനായിരിക്കുന്നു എന്നയാൾ അത്ഭുതത്തോടെ കണ്ടുപിടിക്കുന്നു. ശരാശരിക്കാരനാണയാളെങ്കിൽ ആ സ്വാധീനം തന്റെ മരണം വരെയും കെട്ടുപോകാതെ നിർത്താനുള്ള അദമ്യമായ തൃഷ്ണയ്ക്ക് അയാൾ കീഴ്പെടുന്നു. അഥവാ, നടപ്പുള്ളതിലും സൂക്ഷ്മസംവേദിയാണ്‌, സിദ്ധിമാനാണയാളെങ്കിൽ, എന്തും കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രാകൃതമായ ആ ആൾക്കൂട്ടത്തെ അയാൾ വെറുത്തുതുടങ്ങുന്നു, ഉന്നതാശയങ്ങൾ എടുത്തുവീശുന്ന ഒരു കോമാളിയുടെ മൂഢവും ലജ്ജാവഹവുമായ വേഷമിട്ടതിന്റെ പേരിൽ തന്നെത്തന്നെയും അയാൾക്കു വെറുപ്പാകുന്നു.
*

ചെറുപ്പത്തിൽ ഒരാൾ എഴുതുന്നത് ബലവത്തും നൂതനവുമായ ഒരു സത്യം താൻ കണ്ടുപിടിച്ചിരിക്കുന്നുവെന്നും നിസ്സഹായമായ മനുഷ്യരാശിക്ക് അതു പകർന്നുകൊടുക്കുന്നതിൽ താൻ അമാന്തം വരുത്തരുത് എന്ന തോന്നൽ കൊണ്ടുമാണ്‌. പിന്നീട്, ഔദ്ധത്യം ഒന്നടങ്ങുമ്പോൾ, അയാൾ തന്റെ സത്യങ്ങളെ സംശയിക്കാൻ തുടങ്ങുന്നു: ഇപ്പോൾ അയാൾ എഴുതുന്നത് തന്റെ സത്യങ്ങൾ തന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനാണ്‌. കുറച്ചു കൊല്ലങ്ങൾ കൂടി പോകുന്നു; തനിക്കാകെ പിശകിയെന്നും അതിനാൽ താനിനി സ്വയം ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അയാൾക്കു മനസ്സിലാകുന്നു. എന്നാല്ക്കൂടി അയാൾ എഴുത്തു തുടരുകയാണ്‌; കാരണം, അയാളെ മറ്റു പണിക്കൊന്നും കൊള്ളാതായിരിക്കുന്നു, ‘അധികപ്പറ്റാ’യി കണക്കാക്കപ്പെടുക എന്നത് അത്രയ്ക്കും ഭീതിദവുമാണ്‌.
*

ഏതു വിലക്ഷണസത്വവും ദൂരെ നിന്നു നോക്കുമ്പോൾ സുന്ദരമായി തോന്നും. ആളുകൾക്കും തനിക്കും ഇടയിൽ ഒരകലം സൂക്ഷിക്കുന്നില്ലെങ്കിൽ ഒരാളും താല്പര്യജനകമാകാൻ പോകുന്നില്ല. സ്ത്രീകൾക്ക് ഇതറിയില്ല. അവർക്ക് ഒരാളെ ഇഷ്ടമായാൽ അവർ കഴിയുന്നത്ര അയാൾക്കടുത്തു ചെല്ലാൻ ശ്രമിക്കും; അപ്പോഴാണ്‌ അമ്പരപ്പോടെ അവർ കാണുക, തങ്ങളുടെ ആർജ്ജവത്തെ ആർജ്ജവം കൊണ്ടല്ല അയാൾ നേരിടുന്നതെന്ന്, തന്റെ ശ്രീകോവിലിലേക്ക് അവർക്കയാൾ പ്രവേശനം നല്കുന്നില്ലെന്ന്. എന്നാൽ ആ ഗർഭഗൃഹത്തിൽ സൗന്ദര്യമെന്നത് അപ്രാപ്യതയാണ്‌. പ്രായേണ, അതൊരു ശ്രീകോവിലുമല്ല, പുരുഷനിലെ മുറിപ്പെട്ട മൃഗം തന്റെ മുറിവുകൾ നക്കിത്തുടയ്ക്കാൻ ഓടിച്ചെന്നുകിടക്കുന്ന മടയാണ്‌.
*
"എഴുത്തുകാരൻ എഴുതിക്കൂട്ടുകയാണ്, വായനക്കാരൻ വായിച്ചുകൂടുകയാണ്"- എന്താണു വായനക്കാരനു വേണ്ടതെന്ന് എഴുത്തുകാരൻ കാര്യമാക്കുന്നില്ല, എഴുത്തുകാരൻ എന്താണുദ്ദേശിക്കുന്നതെന്ന് വായനക്കാരൻ കാര്യമാക്കുന്നില്ല. ഇങ്ങനെയൊരു സ്ഥിതി ഷെദ്രിന്* വല്ലാത്ത മനോവേദന ഉണ്ടാക്കിയിരുന്നു. കാര്യങ്ങൾ മറ്റൊരു രീതിയിലാകുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം; എഴുത്തുകാരൻ ഒരു വാക്കു പറയേണ്ട താമസം, വായനക്കാരൻ ഓടിച്ചെന്ന് ചുമരു കയറുകയായി. ഇതായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിലുള്ള ആദർശം. പക്ഷേ അങ്ങനെയൊരു പച്ചപ്പരമാർത്ഥിയല്ലല്ലോ വായനക്കാരൻ. താനെന്തിനനങ്ങണം എന്നാണയാൾ ചോദിക്കുന്നത്; തനിക്കു വേണ്ടി എഴുത്തുകാരൻ വേണമെങ്കിൽ ചുമരു കയറട്ടെ എന്നയാൾ വാശി കാണിക്കുന്നു. അങ്ങനെ "സ്വന്തം ഹൃദയരക്തം" കൊണ്ടെഴുതുന്ന എഴുത്തുകാർ പൊതുജനത്തെ കയ്യിലെടുക്കുന്നതിൽ വിജയിക്കുന്നു. സാമ്പ്രദായികരീതിയിലുള്ള മത്സരക്കളികൾ, അതിനി എത്ര ഉജ്ജ്വലമായിക്കോട്ടെ, അഭിജ്ഞരെ മാത്രമല്ല, സാമാന്യജനത്തെയും ആകർഷിക്കാതായിക്കഴിഞ്ഞിരിക്കുന്നു. ഗ്ലാഡിയേറ്റർമാരുടെ പോരാട്ടം കാണാനാണ് ആളുകൾ തടിച്ചുകൂടുന്നത്; അവിടെ അവരെ കാത്തിരിക്കുന്നുണ്ട്, ശരിക്കുമുള്ള, ആവി പറക്കുന്ന, ചുടുചോരയുടെ ചൂര്, അവിടെ അവർ കാണാൻ പോകുന്നത് ഇരകളായി നടിക്കുന്നവരെയല്ല, ശരിക്കുമുള്ള ഇരകളെത്തന്നെയാണ്. അങ്ങനെ പല എഴുത്തുകാരും ആൾക്കൂട്ടം എന്ന ആധുനികകാലത്തെ സീസറെ പ്രീതിപ്പെടുത്താനായി സ്വന്തം ചോര ചിന്തുകയാണ്. "സീസർ ജയിക്കട്ടെ, മരിക്കാൻ പോകുന്ന ഞങ്ങൾ അങ്ങയെ അഭിവാദ്യം ചെയ്യുന്നു!"* * Mikhail Yevgrafovich Saltykov-Shchedrin (1826-1859)- പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖനായ റഷ്യൻ റിയലിസ്റ്റ് എഴുത്തുകാരൻ. * Salve Caesar, morituri te salutant അരീനയിലേക്കിറങ്ങുന്നതിനു മുമ്പ് ഗ്ലാഡിയേറ്റർമാർ സീസറെ അഭിവാദ്യം ചെയ്തിരുന്നത്.
*

"മഞ്ഞ പടരുന്ന ചോളപ്പാടങ്ങൾ കാറ്റത്തുലയുന്നതു കാണുമ്പോൾ, കാടുണർന്നു തെന്നലിനോടു മന്ത്രിക്കുന്നതു കാണുമ്പോൾ...അപ്പോൾ ഞാൻ ഭൂമിയിൽ സന്തോഷം കാണുന്നു, സ്വർഗ്ഗത്തു ദൈവത്തെയും."അങ്ങനെയായേക്കാം, കവിയ്ക്ക്; തീർത്തും വ്യത്യസ്തവുമാകാം കാര്യങ്ങൾ. ചിലപ്പോൾ ചോളപ്പാടം അലയിളക്കുന്നുണ്ടാവാം, കാട് കാറ്റത്തൊച്ചയുണ്ടാക്കുന്നുണ്ടാവാം, ചോല മന്ത്രിക്കുന്നുണ്ടാവാം അതിസുന്ദരമായ പഴങ്കഥകൾ: അപ്പോഴും മനുഷ്യൻ സന്തോഷം ദർശിക്കണമെന്നില്ല, ആകാശനീലിമ കാഴ്ചയിലെ ഒരു വിഭ്രമം മാത്രമാണെന്നു ബാല്യത്തിൽ പഠിച്ചതു മറക്കണമെന്നില്ല. ആകാശത്തിനും അതിരറ്റ പാടത്തിനും നമ്മെ ബോദ്ധ്യപ്പെടുത്താനാവാത്തത് കാൻ്റിൻ്റെ വാദങ്ങൾക്കും അത്രയും പ്രതിഭയില്ലാത്ത അദ്ദേഹത്തിൻ്റെ അനുയായികളുടെ വ്യാഖ്യാനങ്ങൾക്കും എങ്ങനെ നമ്മെ ബോദ്ധ്യപ്പെടുത്താൻ?

(from All Things Are Possible)


അഭിപ്രായങ്ങളൊന്നുമില്ല: