ഒരിമാമും അടുത്തില്ലാത്തൊരിടത്തു വേണം
എനിക്കു കിടന്നു മരിക്കാൻ.
ആരും കാണുന്നതെനിക്കിഷ്ടമല്ല,
എന്റെ സുന്ദരമായ പാദങ്ങൾ, മുടി, എന്റെയെല്ലാം.
മരണത്താൽ നിർമ്മലൻ, സ്വതന്ത്രൻ,
അജ്ഞാതസമുദ്രത്തിലൊരു മത്സ്യം.
ഞാനൊരു മുസ്ലീമല്ലേ? അതെ!
എന്നാലെനിക്കു വേണ്ട, ചുറ്റുമൊരാൾക്കൂട്ടം.
വെളുത്ത ശവക്കോടിയിൽ പൊതിഞ്ഞുകെട്ടി
എന്റെയന്ധകാരത്തെ വികലമാക്കരുതേ.
ചുമലിലെടുത്തെന്റെയുടലിനെയുലയ്ക്കുകയുമരുതേ:
സ്വപ്നത്തിലായിരിക്കുമെന്റെ കൈകാലുകളപ്പോൾ.
ഒരു പ്രാർത്ഥന കൊണ്ടും കുറയാൻ പോകുന്നില്ല,
പ്രപഞ്ചത്തിനും എനിക്കുമിടയിലെ ദൂരം.
എന്റെ ജഡത്തെ കുളിപ്പിക്കരുത്! അരുതേ!
അത്രയിഷ്ടമാണെനിക്കെന്റെ ചൂടിനെ!
Fazil Husnu Daglarca (1914-2008)- ടർക്കിഷ് സമകാലീനകവിതയിലെ ഏറെ ശ്രദ്ധേയനായ ഒരു കവിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ