നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പ്രകടവും ഏറ്റവും നിസ്സാരവുമായ ആവിഷ്കാരമാണ് അപ്രധാനമായ ഒരുകൂട്ടം പ്രവൃത്തികളിൽ ഏതു തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാൻ നമുക്കുള്ള കഴിവ്; ഉദാഹരണത്തിന്, ഇടത്തോട്ടോ വലത്തോട്ടോ തിരിയണോ അതോ നില്ക്കുന്നിടത്തു നിന്നാൽ മതിയോ? അതിനെക്കാൾ വെല്ലുവിളി നിറഞ്ഞതും ഉയർന്ന നിരപ്പിലുള്ളതുമായ ആവിഷ്കാരമാണ് നമ്മുടെ വികാരങ്ങ്ൾ വിളിക്കുന്നിടത്തേക്കു പോകണോ അതോ ആ വിളി കേൾക്കാതിരിക്കണോ എന്നു തീരുമാനിക്കുക. ഏറ്റവും വെല്ലുവിളി നിറഞ്ഞതും സാരവത്തുമായ ആവിഷ്കാരമാണ് നമ്മുടെ ചിന്തകൾ ഏതു ദിശയിലേക്കു തിരിയണം എന്നു തീരുമാനിക്കുക.
*മരണം എന്നാൽ ഈ ജീവിതത്തിൽ എനിക്കു സന്നിഹിതമായ ലോകത്തെ ഗ്രഹിക്കാൻ എന്നെ സഹായിക്കുന്ന ശാരീരികാവയവങ്ങളുടെ വിനാശം എന്നാണർത്ഥം. മരണം എന്നാൽ ലോകത്തെ വീക്ഷിക്കാൻ ഞാനുപയോഗിച്ച ചില്ലുപാളിയുടെ വിനാശം എന്നാണർത്ഥം. എന്നാൽ ചില്ലിന്റെ വിനാശത്തിൽ കണ്ണുകളുടെ വിനാശം ഉൾപ്പെടൂന്നുമില്ല.
*
അഞ്ചു വയസ്സുള്ള ഒരു കുട്ടിയിൽ നിന്ന് എന്റെ പ്രായമുള്ള ഒരാളിലേക്ക് ഒരു ചെറിയ ചുവടുവയ്പിന്റെ അകലമേയുള്ളു. എന്നാൽ ഒരു കൈക്കുഞ്ഞിൽ നിന്ന് അഞ്ചുവയസ്സുകാരൻ കുട്ടിയിലേക്ക് വളരെ വലിയൊരു ദൂരമാണുള്ളത്. ഒരു ഭ്രൂണത്തിൽ നിന്ന് ഒരു കൈക്കുഞ്ഞിലേക്ക് ഒരഗാധഗർത്തമങ്ങനെതന്നെ. അസ്തിത്വമില്ലായ്മയിൽ നിന്ന് ഭ്രൂണത്തിലേക്കുള്ളതാകട്ടെ, ഒരു ഗർത്തത്തിൽ കവിഞ്ഞതൊന്നും- ഗ്രഹണശക്തിക്കുമതീതമായതൊന്ന്.
*
തത്വശാസ്ത്രത്തെയാകെ ഇനിപ്പറയുന്ന ചോദ്യങ്ങളിലേക്കു ചുരുക്കാമെന്ന് ചിന്തകനായ ലിഷ്റ്റെൻബെർഗ് പറയുന്നു: “ആരാണു ഞാൻ? ഞാൻ ചെയ്യേണ്ടതെന്താണ്? എന്തിലാണെനിക്കു വിശ്വസിക്കാവുന്നത്? എന്താണെനിക്കു പ്രതീക്ഷിക്കാനുള്ളത്?” ഈ ചോദ്യങ്ങളിൽ ഏറ്റവും പ്രധാനം രണ്ടാമത്തേതാണ്. നാം ചെയ്യേണ്ടതെന്താണെന്ന് നമുക്കറിയാമെങ്കിൽ നമുക്കറിയേണ്ട മറ്റെല്ലാം നമുക്കറിയാമെന്നാകും.
*
ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.
(ലിയോ ടോൾസ്റ്റോയ് / from A Calendar of Wisdom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ