2017, ഏപ്രിൽ 11, ചൊവ്വാഴ്ച

റില്‍ക്കെ - സമാഹരിക്കാത്ത കവിതകൾ



ശരൽക്കാലരാത്രി


ചന്ദ്രനിൽ നിന്നൊരു തെന്നൽ,

ഒരാകസ്മികപ്രകമ്പനം മരങ്ങളിൽ,

തട്ടിയും തടഞ്ഞുമൊരില താഴെ വീഴുന്നു;

വിളറിയ തെരുവുവിളക്കുകൾക്കിടയിലുള്ളിടങ്ങളിലൂടെ

സന്ദിഗ്ധതയിലേക്കു വീണ നഗരത്തിലേക്കിരച്ചുകയറുന്നു,

വിദൂരതയിൽ നിന്നൊരിരുണ്ട ഭൂദൃശ്യം.

(1907)


***


ബാല്യത്തിന്റെ ശേഷിപ്പുകൾ രണ്ടാമതും കാണുമ്പോൾ

നമ്മെത്തന്നെ രണ്ടാമതും കാണാൻ നാം പഠിക്കുന്നു:

വർഷങ്ങൾ കടന്നുപോവുകയാണെന്നു നമുക്കറിയാമായിരുന്നു,

നമ്മളും കടന്നുപോവുകയാണെന്നു നമുക്കിപ്പോഴറിയാമെന്നാകുന്നു.

(1907)


ഏതു പാടം വാസനിയ്ക്കും...


ഏതു പാടം വാസനിയ്ക്കും നിന്റെ കൈകൾ പോലെ?

ഏതു ബാഹ്യഗന്ധത്തിനാവും നിന്റെ പ്രതിരോധം ഭേദിക്കാൻ?

താരകൾ രൂപങ്ങളായി മുകളിൽ നിരക്കുന്നു.

നിന്റെ ചുണ്ടുകളെ കാർശ്യത്തിൽ നിന്നു മോചിപ്പിക്കട്ടെ ഞാൻ, പ്രിയേ;

ഹാ, നിന്റെ മുടിയഴിഞ്ഞാലസ്യത്തിൽത്തന്നെ കിടക്കട്ടെ!

നിന്നെക്കൊണ്ടു തന്നെ ഞാൻ നിന്നെപ്പൊതിയട്ടെ,

നിന്റെ പുരികങ്ങളുടെ വളവുകളിൽ നിന്നു ഞാൻ വടിച്ചെടുക്കട്ടെ,

തളർന്നുവീണ തൃഷ്ണയുടെ ശേഷിച്ച തുള്ളികൾ.

ഉൾക്കണ്ണിമകൾ പോലെന്റെ ലാളനകൾ കൊണ്ടെനിക്കു മൂടണം,

കണ്ണുകളായെന്നെ നോക്കുന്ന നിന്റെയുടലിന്റെയിടങ്ങളെല്ലാം.

(1909)


നിനക്കറിയില്ല...


നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ?

നിന്റെ ചോരയിലൊഴുകിനടക്കുന്നില്ല,

മൃദുപദങ്ങളുടെ പൂവിതളുകൾ?

നിന്റെയുടലിലൊരിടവുമില്ല,

കണ്ണുകൾ പോലോർമ്മ വയ്ക്കുന്നതായി?

(1909)


കിളിക്കൂട്


ആർക്കും കൈയെത്താത്തൊരു കിളിക്കൂടായിരിക്കട്ടെ,

നിന്റെ ഹൃദയം;

ഉന്നതമായ ആ വന്യതയിലേക്കാരെയും നീ

കൈ പിടിച്ചു കയറ്റുകയും വേണ്ട.

എന്നാൽ ചില നാളുകളിൽ, ചില പുലരികളിൽ,

ചിറകു മുളച്ചൊരു മാലാഖയെ മാനത്തേക്കെടുത്തെറിയാൻ

സന്മനസ്സുള്ളവനുമാവുക നീ.

(1909)


***

ചുണ്ടുകൾക്കിടയിൽ

ഒരു ചെറിപ്പഴം പോലെയായിരുന്നു,

കണ്ണിമകൾക്കിടയിൽ

അയാളുടെ അന്ധത.

(1909)


***


ഒരിക്കൽ രഹസ്യങ്ങൾ പറയാൻ തുടങ്ങിയാൽ

എന്തൊക്കെ നുണകളാണവർ കൈമാറുന്നതെന്നു നോക്കൂ,

തമ്മിൽത്തമ്മിൽ സ്നേഹിക്കുന്നവർ!

(1910)


വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ...


വിതുമ്പാൻ വെമ്പുന്ന നിശ്വാസത്തെ

ഒരു തൂവാല വെച്ചു തടുക്കുമ്പോലെ-

അല്ല; ഒരു ജീവനൊരുമിച്ചൊലിച്ചു പോകാൻ

കൊതിയ്ക്കുന്നൊരു മുറിവായിലതു വെച്ചമർത്തുമ്പോലെ,

നിന്നെയെന്നോടു ഞാനണച്ചു:

നിന്നിലെന്നിൽ നിന്നു ചുവപ്പു പടരുന്നതു ഞാനറിഞ്ഞു.

നമുക്കിടയിൽ നടന്നിതിന്നതെന്നാർക്കു പറയാനാകും?

നേരം കിട്ടാതെ നാം മാറ്റിവച്ചതിനൊക്കെ

അന്നു നാം പരിഹാരം കണ്ടു.

നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ

വിചിത്രമായി ഞാൻ മുതിർന്നു;

എന്റെ ഹൃദയത്തിനു മേൽ കാടു കാട്ടാൻ

നിനക്കും കിട്ടി പ്രിയേ, ഒരു ബാല്യം.

(1911)


***


ഹാ, മനുഷ്യരെ തുണയ്ക്കു വിളിച്ചു നാം കേഴുമ്പോൾ:

ഒച്ച കേൾപ്പിക്കാതൊറ്റയടി വെച്ചു നടന്നുകേറുകയായിരുന്നു മാലാഖമാർ,

കമിഴ്ന്നുകിടന്ന നമ്മുടെ ഹൃദയങ്ങൾക്കു മേൽ.

(1912)


എന്റെ ജീവിതാകാശത്തിനു മുന്നിൽ...


എന്റെ ജീവിതാകാശത്തിനു മുന്നിൽ

അന്ധാളിച്ചു ഞാൻ നില്ക്കുന്നു.

നക്ഷത്രവൈപുല്യങ്ങൾ.

അവയുടെ ആരോഹണാവരോഹണങ്ങൾ.

എത്ര നിശ്ശബ്ദമാണൊക്കെയും.

ഞാനെന്നൊരാളില്ലാത്ത പോലെ.

എനിക്കൊരു ഭാഗവുമെടുക്കാനില്ലേ?

ആ നിർമ്മലപ്രഭാവം ഞാൻ വേണ്ടെന്നു വെച്ചുവോ?

എന്റെ സിരകളിൽ ചോരയോടുന്നതിതിന്റെ താളത്തിനോ?

അന്യതൃഷ്ണകളും ബന്ധങ്ങളും ഞാൻ പറിച്ചെറിയട്ടെ,

എന്റെ ഹൃദയത്തിനതിന്റെ വിദൂരസീമകൾ പരിചയമാവട്ടെ.

അയഥാർത്ഥമായ സാമീപ്യസുഖങ്ങളിലല്ല,

നക്ഷത്രഭീതികളിൽ കിടിലം കൊണ്ടതു ജീവിക്കട്ടെ.

(1913)


ഒരുനാളുമെന്റെ കൈകളിൽ...


ഒരുനാളുമെന്റെ കൈകളിൽ വന്നുചേരാത്തവളേ,

ആദിയിലേ എനിക്കു നഷ്ടമായവളേ, പ്രിയേ,

നിനക്കു ഹിതമാവുന്ന ഗാനങ്ങളേതെന്നെനിക്കറിയില്ലല്ലോ.

ഉരുണ്ടുകൂടുന്ന ഭാവിത്തിരയിൽ

നിന്റെ മുഖം കണ്ടെടുക്കാമെന്നിനി ഞാൻ മോഹിക്കേണ്ട.

എനിക്കുള്ളിൽ നിറയുന്ന വിശാലദൃശ്യങ്ങൾ-

ആഴത്തിലെന്നെത്തൊട്ട വിദൂരപ്രകൃതികൾ,

നഗരങ്ങൾ, ഗോപുരങ്ങൾ, പാലങ്ങൾ,

മുൻകൂട്ടിക്കാണാത്ത വഴിത്തിരിവുകൾ,

ഒരുകാലത്തു ദൈവങ്ങളിറങ്ങിനടന്നിരുന്ന പ്രബലദേശങ്ങൾ:

എല്ലാമെല്ലാമർത്ഥമാക്കുന്നതൊന്നേ:

എന്നുമെന്നുമെന്നിൽ നിന്നു തെന്നിമാറുന്ന നിന്നെ.

ഹാ, ഉദ്യാനങ്ങളാണു നീ!

എത്ര മോഹത്തോടെ ഞാനവ നോക്കിനിന്നു!

ഏതോ ഗ്രാമീണഭവനത്തിന്റെ തുറന്ന ജാലകം-

എന്തോ ഓർത്തും കൊണ്ടു വാതിൽ തുറന്നതുമാണന്നു നീ,

എന്നെക്കാണാൻ.

എന്റെ കാലുകൾ എന്നെക്കൊണ്ടെത്തിച്ച തെരുവുകൾ,

ഞാനെത്തും മുമ്പേ പക്ഷേ, നീയവ നടന്നുമറയുന്നു!

ചിലനേരം തെരുവിലൂടെ നടക്കുമ്പോൾ ഞാൻ നിന്നുപോകുന്നു:

നിന്റെ സാന്നിദ്ധ്യത്തിന്റെ പ്രകമ്പനം മാറാത്ത

ഒരു സ്ഫടികജാലകം!

അടുത്ത നിമിഷമെന്നെ കുലുക്കിയുണർത്തുന്നു,

എന്റെ തന്നെ ആകസ്മികച്ഛായ!

ആരറിഞ്ഞു,

ഇന്നലെ സന്ധ്യക്കു നാമിരുവരിലൂടെ

വെവ്വേറെയായി മാറ്റൊലിക്കൊണ്ടതും

ഒരേയൊരു കിളിയാവാം...

(1913-14)


വിലാപം


ഇനിയാരെ നോക്കി നീ കരയുമെൻ ഹൃദയമേ?

നാളുകൾ ചെല്ലുന്തോറുമാളുകളൊഴിഞ്ഞുമാറുന്ന ഒറ്റയടിപ്പാത പോലെ

നിന്നെ ഗ്രഹിക്കാത്ത മനുഷ്യർക്കിടയിലൂടെ

നിന്റെ വഴി ഞെരുങ്ങിക്കടന്നുപോകണം.

അത്രയും വ്യർത്ഥവുമാണത്,

ഗതി മാറ്റില്ലതെന്നതിനാൽ,

ഭാവിയാണതിന്റെ ലക്ഷ്യമെന്നതിനാൽ,

നഷ്ടമായതാണാ ഭാവിയെന്നതിനാൽ.

മുമ്പൊരിക്കൽ. നീ വിലപിച്ചു? എന്തിനെച്ചൊല്ലി?

പാകമെത്തും മുമ്പേ കൊഴിഞ്ഞുവീണൊരാഹ്ളാദക്കനിയെച്ചൊല്ലി.

എന്നാലിന്നെന്റെ ആഹ്ളാദവൃക്ഷമാകെപ്പിളരുന്നു,

എന്റെയാഹ്ളാദത്തിന്റെ അലസവൃക്ഷം

കൊടുങ്കാറ്റിലൊടിഞ്ഞുതകരുന്നു.

എന്റെയദൃശ്യദേശത്തതിമോഹനമായി നിന്നതൊന്നേ,

കണ്ണില്പെടാത്ത മാലാഖമാർക്കെന്നെ

കണ്ണിൽപ്പെടുമാറാക്കിയതും നീയേ.

(1914)


പിന്നെയും പിന്നെയും


അത്ര പരിചിതം

പ്രണയത്തിന്റെ ഭൂപ്രകൃതി നമുക്കെങ്കിലും,

പേരുകൾ പറഞ്ഞു വിലപിക്കുന്ന

പള്ളിമുറ്റം നമുക്കെങ്കിലും,

അന്യരെല്ലാം ചെന്നൊടുങ്ങുന്ന ഗർത്തത്തിന്റെ

നിശ്ശബ്ദഭീകരത നമുക്കെങ്കിലും,

പിന്നെയും പിന്നെയും

നാമിരുവരൊരുമിച്ചിറങ്ങിപ്പോകും,

ജരയോടിയ മരങ്ങൾക്കിടയിൽ,

വിടർന്ന പൂക്കൾക്കടിയിൽ

മാനത്തെ നേർക്കുനേർ നോക്കി

മലർന്നുകിടക്കാൻ,

പിന്നെയും പിന്നെയും.

(1914)


നിന്റെ ചുണ്ടുകൾ


നിന്റെ ചുണ്ടുകളിൽ നിന്നു കുടിയ്ക്കാനെനിക്കിട വരാതിരിക്കട്ടെ,

ചുണ്ടുകളിൽ നിന്നിന്നേവരെ ഞാൻ കുടിച്ചതു ശോകമായിരുന്നു;

നിന്റെ കൈകൾക്കുള്ളിലേക്കു ഞാൻ വന്നുവീഴാതിരിക്കട്ടെ,

കൈകളൊരുനാളുമെനിക്കൊരു വലയം തീർത്തിരുന്നില്ല.

(1914)


പ്രണയസർപ്പങ്ങൾ


നിന്റെ കൈക്കൂട്ടിൽ നിന്നു

ഞാൻ തട്ടിയുണർത്തിയല്ലോ,

നിറം നരച്ച പ്രണയസർപ്പങ്ങളെ.

പൊള്ളുന്ന കല്ലുകളിലെന്നപോലെ

എന്റെ മേലിന്നവ കിടന്നു പുളയുന്നു,

തൃഷ്ണയുടെ കല്ലുപ്പ് നക്കിയെടുക്കുന്നു.

(1916)


ഖനി


ദൈവം തന്നെ വിട്ടുതരില്ല,

ഒരു സ്വച്ഛപ്രഭാതം പോലവനെ ജീവിക്കാൻ.

ഈ സമൃദ്ധഭൂമി വിട്ടുപോകണം,

ആ ഖനിയിലേക്കിറങ്ങുന്നവൻ;

ഇടുങ്ങിക്കൂടിയിരിക്കണം,

തുരങ്കങ്ങളിൽ നിന്നവനെയടർത്തിയെടുക്കാൻ.

(1919)


ഞാൻ സ്തുതിക്കുന്നു


പറയൂ, കവേ, താങ്കൾ എന്തു ചെയ്യുന്നു?

- ഞാൻ സ്തുതിക്കുന്നു.

എന്നാൽ, പ്രാണനെടുക്കുന്ന, സർവ്വനാശകമായ ഈ സംക്ഷോഭത്തിൽ

താങ്കളെങ്ങനെ പിടിച്ചുനില്ക്കുന്നു, എങ്ങനെ അതിജീവിക്കുന്നു?

- ഞാൻ സ്തുതിക്കുന്നു.

പേരില്ലാത്തതൊന്നില്ലേ, കാഴ്ചയ്ക്കും ഊഹത്തിനുമപ്പുറത്തുള്ളത്?

എന്തു പേരു വിളിച്ചാണ്‌ താങ്കളതിനെ ആവാഹിക്കുക?

- ഞാൻ സ്തുതിക്കുന്നു.

ഏതു വേഷം ധരിക്കാനുമുള്ള ഈ അവകാശം താങ്കൾക്കാരു തന്നു,

ഏതു പൊയ്മുഖം ധരിക്കാനും അതേ സമയം താനായിത്തന്നെയിരിക്കാനും?

- ഞാൻ സ്തുതിക്കുന്നു.

അതിസൗമ്യമായതും അതിവന്യമായതും- നക്ഷത്രവും കൊടുങ്കാറ്റും പോലെ-

താങ്കളെ അറിയാൻ?

-ഞാന്‍ സ്തുതിക്കുന്നുവെന്നതിനാൽ.

(1921)


എന്നിനി, എന്നിനി, എന്നിനി...


എന്നിനി, എന്നിനി, എന്നിനിയാണിതിനൊക്കെയൊരന്ത്യമുണ്ടാവുക,

ഈ സ്തുതിക്കും  ഈ വിലാപത്തിനും?

പണ്ടേയിവിടെയുണ്ടായിരുന്നില്ലേ,

മനുഷ്യവചനങ്ങളിണക്കുന്നതിൽ കേമന്മാരായ ഐന്ദ്രജാലികർ?

എന്തിനിനിയും പുതിയ പരിശ്രമങ്ങൾ?

മനുഷ്യർക്കു മേൽ വന്നു പതിക്കുകയല്ലേ പുസ്തകങ്ങൾ,

നിർത്താതെ, നിർത്താതെ, നിർത്താതടിയ്ക്കുന്ന മണികൾ പോലെ?

ആഹ്ളാദിയ്ക്കൂ,

രണ്ടു പുസ്തകങ്ങൾക്കിടയിൽ ഒരാകാശക്കീറു മൗനമായിത്തെളിയുമ്പോൾ,

അല്ലെങ്കിൽ സന്ധ്യയ്ക്കൊരു തുണ്ടു വെറും മണ്ണു കണ്ണില്പെടുമ്പോൾ.

കൊടുങ്കാറ്റുകളെക്കാളുച്ചത്തിൽ, കടലുകളെക്കാളുച്ചത്തിൽ

കരഞ്ഞുവിളിക്കുകയായിരുന്നില്ലേ, മനുഷ്യജീവികൾ?

എത്ര പ്രബലമായിരിക്കും, ഈയണ്ഡകടാഹത്തിന്റെ നിശ്ശബ്ദത,

നമ്മുടെ നിലവിളികൾക്കിടയിലും ഒരു ചീവീടു പാടുന്നതു കേൾക്കാമെന്നാണെങ്കിൽ,

നമ്മുടെ വിലാപങ്ങൾ ലക്ഷ്യമാക്കുന്ന ശൂന്യാകാശത്തിൽ

ഒരു നക്ഷത്രം നമുക്കു മേൽ നിന്നു തിളങ്ങുമ്പോൾ!

അതിവിദൂരരും വൃദ്ധരും പുരാതനരുമായ പിതൃക്കൾ നമ്മോടൊന്നു മിണ്ടിയിരുന്നെങ്കിൽ!

നമ്മളോ: കേൾവിക്കാരുമായെങ്കിൽ! കേൾവിക്കാർ, മനുഷ്യരിലാദ്യമായി.

(1922)


മല്പിടുത്തത്തിന്റെ രാത്രികളിൽ...


നാം, മല്പിടുത്തത്തിന്റെ രാത്രികളിൽ,

സാമീപ്യത്തിൽ നിന്നു സാമീപ്യത്തിലേക്കു നാം പതിക്കുന്നു;

മഞ്ഞുരുകുന്ന തടാകം  സ്ത്രീ,

അതിൽ കല്ലു പോലെ വന്നുപതിക്കുന്നവർ, നാം.

(1922)


ഭാവനാജീവിതം


ആദ്യമൊരു ബാല്യം, അതിരറ്റതും ലക്ഷ്യഹീനവും നിരാസങ്ങളില്ലാത്തതും.

ബോധശൂന്യമായ ആഹ്ളാദം!

പിന്നെപ്പൊടുന്നനേ ഭീതികൾ, വിലക്കുകൾ, പഠനമുറികൾ, അടിമത്തം,

പതനത്തിന്റെ പ്രലോഭനം, നഷ്ടബോധവും.

പിന്നെ ധിക്കാരം. മുട്ടു കുത്തിയവൻ മുട്ടു കുത്തിക്കുന്നു.

താൻ കുടിച്ച കയ്പുനീർ അവൻ അന്യരെക്കുടിപ്പിക്കുന്നു.

കാമുകൻ, ശത്രു, രക്ഷകൻ, പ്രതിയോഗി, വിജയി,

അവൻ പക വീട്ടുന്നു, വഴിയ്ക്കു വഴിയേ.

ഒടുവിൽ ഒറ്റയ്ക്ക് അതിരു കാണാത്ത തണുത്ത പാഴ്നിലത്ത്.

എന്നിട്ടും മുതിർന്ന ഹൃദയത്തിനടിയിൽ ശേഷിക്കുന്നു,

ആദ്യത്തെ, പണ്ടത്തെ ലോകത്തിനായൊരു മോഹം.

പിന്നെ, പതിയിരിക്കുന്നിടത്തു നിന്നു ചാടി വീഴുന്നു, ദൈവം.

(1923)


ഹൃദയസ്പന്ദനം


നാം വെറും ചുണ്ടുകൾ മാത്രം.

സർവ്വതിനും മർമ്മത്തിലൊളിഞ്ഞിരിക്കുന്നൊരു ഹൃദയത്തെ

ആരു സ്തുതിക്കുന്നു?

അതിന്റെ മഹാസ്പന്ദനം കുഞ്ഞുതുടിപ്പുകളായി

നമ്മളിൽ വിഭജിക്കുന്നു.

അതിന്റെ വിപുലാനന്ദമോ,

അതിന്റെ വിപുലശോകത്തെപ്പോലെ നമുക്കു താങ്ങരുതാത്തതും.

അതിനാൽ പിന്നെയും പിന്നെയും

നാമതിൽ നിന്നോളിച്ചോടുന്നു,

നാം വെറും ചുണ്ടുകൾ മാത്രമാവുന്നു.

എന്നാൽ ചിലനേരം,

പൊടുന്നനേ, നാമറിയാതെ

ആ മഹാഹൃദയസ്പന്ദനം നമ്മിലേക്കു പ്രവേശിക്കുമ്പോൾ

നാം അലറിക്കരയുന്നു...

അപ്പോൾ നമ്മുടെ ജീവിതം മാറുന്നു, രൂപവും മുഖവും മാറുന്നു.

(1923)


കൊള്ളിമീനുകൾ


ആ കൊള്ളിമീനുകൾ നിനക്കോർമ്മയുണ്ടോ:

ആകാശച്ചരിവിലൂടെ കുതിരകൾ പോലെ പാഞ്ഞവ,

നമ്മുടെ മോഹങ്ങളുടെ കടമ്പകൾക്കു മേൽ കുതി കൊണ്ടവ?

നിനക്കോർമ്മയുണ്ടോ? നമുക്കത്ര മോഹങ്ങളുമായിരുന്നു!

ആകാശത്തു നക്ഷത്രങ്ങളുമെത്രയായിരുന്നു!

ഓരോ തവണ മുകളിലേക്കു നോക്കുമ്പോഴും

അവയുടെ അപായക്കളിയിൽ നാം ആശ്ചര്യചകിതരായി.

അവിടവിടെപ്പൊലിയുന്ന ദീപ്തികൾക്കു ചുവട്ടിൽ നില്ക്കെ,

നാം സുരക്ഷിതരാണെന്നു നമുക്കു തോന്നി,

ആ പതിതതാരങ്ങളെ നാം അതിജിവിക്കുമെന്നും!

(1924)


കാട്ടുപനിനീർച്ചെടി


ഇരുളുന്ന മഴക്കാലസന്ധ്യയിലതു നില്ക്കുന്നതു നോക്കൂ:

തരുണവും നിർമ്മലവുമായി,

ഔദാര്യത്തിന്റെ വല്ലികളെങ്ങും പടർത്തിയും,

എന്നാൽ തന്റെ പനിനീർപ്പൂത്തനിമയിലാമഗ്നമായും.

എളിയ പൂക്കളവിടവിടെ വിടർന്നുകഴിഞ്ഞിരിക്കുന്നു,

ആരും ചോദിക്കാതെ, ആരും പരിപാലിക്കാതെ;

അങ്ങനെ, അപരിമിതമായി സ്വയം തുളുമ്പിയും,

അവാച്യമായി സ്വയമുത്തേജിതമായും,

സഞ്ചാരിയെ അതു വിളിച്ചുനിർത്തുന്നു,

സായാഹ്നധ്യാനത്തിൽ മുഴുകി വഴി പോകുന്നവനെ:

ഇങ്ങിവിടെ, ഞാൻ നില്ക്കുന്നതൊന്നു നോക്കൂ,

അനാഥയെങ്കിലും എത്ര സുരക്ഷിതയായി,

എനിക്കു വേണ്ടതൊക്കെക്കൊണ്ടനുഗൃഹീതയായി.

(1924)


നിറഞ്ഞ ലോകം


ലോകം ഞാൻ സ്നേഹിക്കുന്നവളുടെ മുഖത്തായിരുന്നു;

എത്ര പെട്ടെന്നാണതു കവിഞ്ഞതും ഒഴിഞ്ഞതും:

ലോകം പുറത്തായി, ലോകം പിടി കിട്ടാതെ പോയി.

സ്നേഹിച്ച മുഖത്തെ ചുണ്ടിലേക്കുയർത്തുമ്പോൾ

അതിൽ നിറഞ്ഞ ലോകത്തെയെന്തേ ഞാൻ മോന്തിയില്ല,

അത്ര തൊട്ടായിരുന്നതിന്റെ വാസനയെന്നായിട്ടും?

ഹാ, ഞാൻ കുടിച്ചു. ദാഹം തീരാതെ ഞാൻ കുടിച്ചു.

ഞാൻ പക്ഷേ, ലോകത്താലത്ര നിറഞ്ഞവനായിരുന്നു.

കുടിയ്ക്കുമ്പോൾ ഞാൻ കവിഞ്ഞൊഴുകുകയായിരുന്നു.

(1924)


ദേഹമെന്ന സഹോദരൻ


ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ...

നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം.

ഒരിക്കൽ അയാളായിരുന്നു ധനികൻ;

അതിനാൽ ഈ വിഷമകാലത്ത്

അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ

നാമതു ക്ഷമിച്ചു കൊടുക്കുക.

നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ

ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന്

സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക.

ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്‌:

അയാളും നമ്മുടെ ബോധവും.

എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം,

സുഹൃത്തുക്കളെപ്പോലന്യോന്യം!

രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു:

ത്യാഗങ്ങളൊരുപാടു ചെയ്യണം,

സൗഹൃദം കൊണ്ടുനടക്കാനെന്ന്!

(1926)


ചരമലിഖിതം


പനിനീര്‍പ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,

അത്രയും കണ്ണിമകള്‍ക്കടിയില്‍

ആരുടേയും നിദ്രയാകാത്തതിന്റെ ആനന്ദമേ.

(1925 ഒക്ടോബർ 27. ഇതാണ്‌ തന്റെ ചരമലിഖിതമെന്ന് തന്റെ മരണപത്രത്തിൽ റിൽക്കെ

എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണ്‌ ആലേഖനം ചെയ്തിരിക്കുന്നത്.)


1 അഭിപ്രായം:

sudhakaranmoorthiyedam പറഞ്ഞു...

വളരെ ഉപകാരപ്രദം