2017, ഏപ്രിൽ 6, വ്യാഴാഴ്‌ച

ബോര്‍ഹസ് - ഒരു മഞ്ഞപ്പനിനീർപ്പൂവ്

borges3


മഹാനായ ഗിയാംബാറ്റിസ്റ്റ മരീനോ, കീർത്തിയുടെ വക്താക്കൾ (അദ്ദേഹത്തിനു പ്രിയപ്പെട്ട ഒരു ബിംബം ഉപയോഗിച്ചു പറഞ്ഞാൽ) നവഹോമറും നവദാന്തേയുമെന്ന് ഏകകണ്ഠമായി ഉദ്ഘോഷിച്ചയാൾ, അന്നപരാഹ്നത്തിലോ അതിനടുത്തതിലോ അല്ല മരിച്ചത്. അതെന്തായാലും നിശ്ശബ്ദവും നീക്കുപോക്കില്ലാത്തതുമായ ആ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ അദ്ധ്യായമായിരുന്നു. കമാനങ്ങൾ പോലെ മേല്ക്കെട്ടിയുള്ള കൂറ്റനൊരു സ്പാനിഷ് കട്ടിലിൽ കിടന്നു മരിക്കുകയാണ്‌ ദീർഘായുസ്സും പ്രശസ്തിയും കൊണ്ടനുഗൃഹീതനായ ആ മനുഷ്യൻ. അല്പം ചുവടുകൾ വച്ചുകഴിഞ്ഞാൽ അസ്തമയത്തിനഭിമുഖമായി ഒരു മട്ടുപ്പാവുള്ളത് നമുക്കു മനസ്സിൽ കാണാം; അതിനു ചുവട്ടിലായി മാർബിൾ പ്രതിമകൾ, ലോറൽ മരങ്ങൾ, ദീർഘചതുരാകൃതിയിലുള്ള ഒരു പൊയ്കയിൽ തട്ടുകളാവർത്തിക്കുന്ന ഒരുദ്യാനവും. ഒരു സ്ത്രീ ഒരു പൂപ്പാത്രത്തിൽ ഒരു മഞ്ഞപ്പനിനീർപ്പൂവ് കൊണ്ടുവച്ചിരുന്നു. അദ്ദേഹമപ്പോൾ അനിവാര്യമായ ആ വരികൾ (ഒരല്പം മുഷിപ്പനായി തനിക്കു തന്നെ തോന്നിയ വരികൾ) സ്വയം ഉരുവിടുന്നു:

ഉദ്യാനത്തിന്റെ മകുടം, പുല്പരപ്പിന്റെ അഭിമാനം,
വസന്തത്തിന്റെ രത്നാഭരണം, ഏപ്രിലിന്റെ നേത്രം...

ആ മുഹൂർത്തത്തിൽ ഒരു വെളിപാടുണ്ടായി: ആദം പറുദീസയിൽ വച്ചു കണ്ടിരിക്കാവുന്നതു പോലെ മരീനോ ആ പനിനീർപ്പൂവു കണ്ടു. തന്റെ വാക്കുകളിലല്ല, സ്വന്തം നിത്യതയിലാണ്‌ അതിന്റെ അസ്തിത്വമെന്ന് അദ്ദേഹം ഗ്രഹിച്ചു. ഒരു വസ്തുവിനെ സൂചിപ്പിക്കാമെന്നോ പരാമർശിക്കാമെന്നോ അല്ലാതെ അതിനെ ആവിഷ്കരിക്കാൻ നമുക്കാവില്ല എന്നദ്ദേഹം കണ്ടു; തന്റെ മുറിയുടെ ഒരു മൂലയ്ക്ക് ഒരു സുവർണ്ണച്ഛായ വീഴ്ത്തി പ്രതാപത്തോടിരിക്കുന്ന ആ തടിച്ച ഗ്രന്ഥങ്ങൾ ലോകത്തിന്റെ ദർപ്പണമല്ല (താൻ അഭിമാനത്തോടെ കരുതിയപോലെ), മറിച്ച്, ലോകത്തെ മറ്റു വസ്തുക്കൾക്കിടയിൽ മറ്റൊരു കൂട്ടം വസ്തുക്കൾ മാത്രമാണെന്ന് അദ്ദേഹം അറിഞ്ഞു.

മരീനോയ്ക്ക് ഈ വെളിപാടു കിട്ടുന്നത് മരണത്തിനു തൊട്ടുമുമ്പാണ്‌; ഹോമറിനും ദാന്തേയ്ക്കും ഇതേ അനുഭവം തന്നെ ഉണ്ടായിരുന്നിരിക്കാം.
(1956)


Giambattista Marino (also Giovan Battista Marini) (14 October 1569 – 26 March 1625)- നേപ്പിൾസുകാരനായ ഇറ്റാലിയൻ കവി. L'Adone എന്ന ദീർഘേതിഹാസം പ്രധാനകൃതി.

അഭിപ്രായങ്ങളൊന്നുമില്ല: