2017, ഏപ്രിൽ 8, ശനിയാഴ്‌ച

റില്‍ക്കെ - ചിത്രപുസ്തകം

rilke8

ചിത്രങ്ങളുടെ പുസ്തകമെന്നോ പ്രതിബിംബങ്ങളുടെ പുസ്തകമെന്നോ പരിഭാഷപ്പെടുത്താവുന്ന Dasuch der Bilder എന്ന സമാഹാരത്തിലെ കവിതകൾ 1899 മുതൽ 1906 വരെ എഴുതിയതാണ്‌. റിൽക്കേയുടെ മറ്റു പുസ്തകങ്ങളിലെപ്പോലെ സമാനസ്വഭാവമുള്ളതല്ല ഇതിലെ കവിതകൾ. പുസ്തകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു ദർശനമോ രൂപമോ ഇതിലില്ല. ഒന്നിനൊന്നു ഭിന്നമായ രചനകളാണിവ. അതിനൊരു കാരണം റിൽക്കേയുടെ കാവ്യജീവിതത്തിലെ സംക്രമണദശയായിരുന്നു ഇവയുടെ രചനാകാലം എന്നതായിരിക്കാം. എന്നാല്ക്കൂടി അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പല കവിതകളും ഇതിലുണ്ട്. “റിൽക്കേയുടേത്” എന്ന് ഒരു കവിതയെ അടയാളപ്പെടുത്തുന്നതെല്ലാം ഈ കവിതകളിലുണ്ട്: ഓർമ്മയും ബാല്യവും തിരിഞ്ഞുനോട്ടവും , രാത്രിയും അതിന്റെ വൈപുല്യവും, മനുഷ്യരുടെ പരസ്പരവിയോഗം, വിദൂരവും പ്രതീക്ഷകൾ ഉള്ളിലടക്കിയതുമായ ഭൂഭാഗങ്ങൾ, ഇരുട്ടും മൗനവും നിറഞ്ഞ മുറികൾ, ഇതിനൊക്കെയുപരി ഏകാന്തതയും.

 


പ്രവേശം


നിങ്ങൾ ഏതൊരാളാകട്ടെ:

പരിചിതങ്ങൾ നിറഞ്ഞ സ്വന്തം മുറിയിൽ നിന്ന്

സായാഹ്നത്തിൽ നിങ്ങൾ പുറത്തേക്കിറങ്ങുക;

നിങ്ങളുടെ വീടു കഴിഞ്ഞാൽ വിദൂരതയായെന്നറിയുക:

നിങ്ങൾ ഏതൊരാളാകട്ടെ.

ഒന്നു പിടയാൻ പോലും ശേഷിയില്ലാതെ

കാഴ്ചകൾ കണ്ടു കഴച്ച കണ്ണുകളാൽ

ഒരിരുണ്ട മരം പതിയെ പിഴുതെടുക്കുക;

ആകാശത്തിനെതിരിൽ അതിനെ നാട്ടുക:

മെലിഞ്ഞും നിഴലടഞ്ഞും ഒറ്റയ്ക്കതവിടെ നില്ക്കട്ടെ.

നിങ്ങൾ ലോകം സൃഷ്ടിച്ചുകഴിഞ്ഞു.

വിപുലമാണത്,

മൗനത്തിൽ തഴയ്ക്കുന്ന വാക്കു പോലെയാണത്.

പിന്നെ,

നിങ്ങളുടെ മനസ്സതിന്റെ പൊരുളറിഞ്ഞതില്പിന്നെ,

കണ്ണുകളതിന്റെ പിടി വിടട്ടെ, സാവധാനം...

 


യോദ്ധാവ്


കാരിരുമ്പിന്റെ പടച്ചട്ടയണിഞ്ഞ യോദ്ധാവ്

അശ്വാരൂഢനായി ലോകത്തേക്കിറങ്ങുന്നു,

നുരയുന്ന, ഇളകിമറിയുന്ന ലോകം.

അവിടെയെല്ലാമുണ്ട്:

പകലും വെയിലും സമതലവും

വൈരിയും തോഴനും രാജസഭയിലെ വിരുന്നും

കാടും കന്യകയും മെയ് മാസവും

തിരുവത്താഴത്തളികയും

ഓരോ തെരുവിലും ആയിരം രൂപങ്ങളായി

ദൈവവും.

എന്നാൽ യോദ്ധാവിന്റെ പടച്ചട്ടയ്ക്കുള്ളിൽ,

ഇരുണ്ടിരുണ്ട വലയങ്ങൾക്കും പിന്നിൽ,

മരണം കൂനിക്കൂടിയിരിക്കുന്നു,

ഒരേ ചിന്തയിന്മേലടയിരിക്കുന്നു:

എന്നാണൊരു വാൾമുന

ഈയിരുമ്പുവേലി ചാടിയെത്തുക?

ഇത്രകാലമെന്നെയൊളിപ്പിച്ച ഇടുക്കുതൊഴുത്തിൽ നി-

ന്നെന്നാണതെന്നെ മോചിപ്പിക്കുക?-

എനിക്കൊടുവിലൊന്നു കൈകാലുകൾ നിവർത്താനായി,

പാടാനും ആടാനുമായി.

 


പെൺകുട്ടിയുടെ വ്യഥ


ഒരു യുവയോദ്ധാവെന്റെ മനസ്സിലേക്കു വരുന്നു,

ഒരു പഴമൊഴിയെന്നപോലെ.

അയാൾ വന്നു. തോപ്പുകളിൽ ചിലനേരം

പെരുംകൊടുങ്കാറ്റെത്തുന്നതും

നിങ്ങളെ പൊതിയുന്നതുമതുപോലെ.

അയാൾ പോയി. പ്രാർത്ഥനയ്ക്കിടയിൽ പലപ്പോഴും

കൂറ്റൻ മണികളുടെ പ്രചണ്ഡാശിസ്സുകൾ മുറിയുന്നതുമതുപോലെ...

അപ്പോൾ നിങ്ങൾക്കലറിക്കരയാൻ തോന്നുന്നു,

എന്നാൽ ഉള്ളിലമർത്തി നിങ്ങൾ തേങ്ങുന്നതേയുള്ളു,

തണുത്ത സാൽവയിൽ മുഖമമർത്തി.

ഒരു യുവയോദ്ധാവെന്റെ മനസ്സിലേക്കു വരുന്നു,

പടച്ചട്ടയുമണിഞ്ഞങ്ങകലെയായി.

അവന്റെ മന്ദഹാസമെത്ര സൗമ്യവും സുന്ദരവുമായിരുന്നു:

ഒരു ദന്തപ്രതിമയിൽ വെളിച്ചത്തിന്റെ തിളക്കം പോലെ,

ഗൃഹാതുരത പോലെ,

ഇരുളു വീണ ഗ്രാമത്തിൽ ക്രിസ്തുമസ്സ് ഹിമപാതം പോലെ,

ചുറ്റിനും മുത്തുകൾ പതിച്ച വൈഡൂര്യക്കല്ലു പോലെ,

ഇഷ്ടപ്പെട്ടൊരു പുസ്തകത്തിൽ

നിലാവു പോലെ.

 


പെൺകുട്ടികൾ


അന്യർക്കെത്ര ദീർഘദീർഘമായ പാതകൾ താണ്ടണം,

രാത്രി പോലിരുണ്ട കവികളിലെത്താൻ;

വഴികളിലവരാഞ്ഞാരാഞ്ഞു നടക്കണം,

പാടുന്നൊരാളെ, തന്ത്രികളിൽ വിരലു ചേർത്തൊരാളെ

അവിടെയെങ്ങാനും കണ്ടുവോയെന്ന്.

പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ട,

പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്;

അവരുടെയൊരു മന്ദഹാസം മതി,

വെള്ളിക്കിണ്ണങ്ങളലങ്കരിക്കുന്ന മുക്തഹാരങ്ങളിലും തെളിച്ചത്തിൽ.

അവരുടെ ജന്മങ്ങൾക്കു വാതിൽ തുറക്കുന്നത് കവിയിലേക്ക്,

അതില്പിന്നെ ലോകത്തിലേക്ക്.

 


മാലാഖമാർ


സ്തുതിച്ചുസ്തുതിച്ചവരുടെ ചുണ്ടുകൾ തളർന്നിരിക്കുന്നു,

തുന്നിക്കെട്ടില്ല്ലാത്തതാണവരുടെ ദീപ്താത്മാക്കളും.

അടങ്ങാത്തൊരു ദാഹം (പാപം ചെയ്യാനെന്നപോലെ)

ചിലനേരമവരുടെ സ്വപ്നങ്ങളിൽ നിഴലിടുകയും ചെയ്യുന്നു.

അവരെക്കണ്ടാൽ ഒരാളൊരാളെപ്പോലെ തന്നെ;

ദൈവത്തിന്റെ ഉദ്യാനത്തിൽ അവർ നിശ്ശബ്ദരുമാണ്‌,

അവന്റെ ശക്തിയിലെ, അവന്റെ സ്വരവിസ്താരത്തിലെ

നിരവധി നിരവധിയായ വിരാമങ്ങൾ പോലെ.

ചിലനേരമവർ ചിറകു വിടർത്തുമ്പോൾ

പ്രചണ്ഡവാതങ്ങൾ പിടഞ്ഞെഴുന്നേല്ക്കുന്നു:

പെരുന്തച്ചൻ ദൈവത്തിന്റെ കനത്ത വിരലുകൾ

ഉല്പത്തിപ്പുസ്തകത്തിന്റെ ഇരുണ്ട താളുകൾ മറിക്കുമ്പോലെ.

 


കാവൽമാലാഖ


രാത്രിയിൽ ഞാൻ കരഞ്ഞുവിളിച്ചപ്പോൾ

ചിറകടിച്ചെത്തിയ പറവ നീ.

കൈകൾ കൊണ്ടേ ഞാൻ വിളിച്ചുള്ളു,

ഒരായിരം രാത്രികളാഴത്തിലൊരു കയമായിരുന്നല്ലോ നിന്റെ നാമം.

ഞാൻ സ്വസ്ഥം കിടന്നുറങ്ങിയ തണലായിരുന്നു നീ,

എന്റെയോരോ സ്വപ്നത്തിലും മുളയെടുത്ത ബീജം നീ.

നീ ചിത്രം, എന്നാൽ ഞാൻ നിന്റെ ചട്ടം:

തിളക്കത്തിൽ നിന്നെ നിവർത്തിനിർത്തുന്നതു ഞാനാണല്ലോ.

നിന്നെ ഞാനെന്തു വിളിക്കും?

എന്റെ ചുണ്ടുകൾ മുടന്തുന്നു, നോക്കൂ.

ഇരച്ചിറങ്ങുന്ന തുടക്കം നീ,

നിന്റെ സൗന്ദര്യത്തെ കാതരമായുപസംഹരിക്കുന്ന

സാവധാനവും ഭയഭീതവുമായ ഒരാമേൻ ഞാൻ.

ഇരുളടഞ്ഞ വിശ്രമത്തിൽ നിന്നു പലപ്പോഴും നീയെന്നെ തട്ടിമാറ്റി,

ഉറക്കമെനിക്കൊരു ശവക്കുഴി പോലായപ്പോൾ,

പലായനവും കപ്പൽച്ചേതവുമായപ്പോൾ-

ഹൃദയാന്ധകാരത്തിൽ നിന്നന്നു നീയെന്നെയെഴുന്നേല്പിച്ചു,

രക്തപതാകകൾ പോലെ, തോരണങ്ങൾ പോലെ

സർവ്വമേടകളിലുമെന്നെയുയർത്താൻ നീ ശ്രമിച്ചു.

ദിവ്യാത്ഭുതങ്ങൾ പുതുമയല്ലാത്തവനേ,

ഈണങ്ങളും പനിനീർപ്പൂക്കളുമാണവരെന്ന പോലെ

ആണിനെയും പെണ്ണിനെയും കുറിച്ചു പറയുന്നവനേ,

കണ്മുന്നിൽ ജ്വലിക്കുന്ന സംഭവങ്ങൾ കണ്ടുനിന്നവനേ, ധന്യനേ,

എന്നാണു നീയവന്റെ പേരുച്ചരിക്കുക,

അവന്റെയേഴാം നാളിന്റെ പ്രതാപശകലങ്ങൾ

ചിറകടികളിലിന്നും പേറുന്നവനേ?...

ഞാനതു ചോദിക്കയും വേണമോ?

 


ഒരു ബാല്യത്തിൽ നിന്ന്


തന്നെത്തന്നെയൊളിപ്പിച്ചു കുട്ടിയിരുന്ന മുറിയിൽ

ഉരുണ്ടുകൂടുന്ന അന്ധകാരം നിധികൾ പോലെയായിരുന്നു.

പിന്നെ സ്വപ്നത്തിലെന്നപോലെ അമ്മ കയറി വന്നപ്പോൾ

നിശ്ശബ്ദമായ അലമാരയിൽ ഒരു ചില്ലുപാത്രം വിറ കൊണ്ടു.

തന്റെ സാന്നിദ്ധ്യം വെളിപ്പെട്ടുവെന്നായപ്പോൾ

അവർ കുനിഞ്ഞു തന്റെ കുട്ടിയെ ചുംബിച്ചു: ആഹാ, നീ ഇവിടെയോ?...

പിന്നെയിരുവരുമധീരരായി പിയാനോയുടെ നേർക്കു നോട്ടമയച്ചു;

എത്ര സന്ധ്യകളിലവർ അവനായി പാടിയിരിക്കുന്നു,

അതിന്റെ വിചിത്രവശ്യത്തിലവൻ വീണുപോയിരിക്കുന്നു.

നിശ്ചേഷ്ടനായി അവനിരുന്നു.

അവന്റെ വിടർന്ന കണ്ണുകൾ തങ്ങിനില്ക്കുകയായിരുന്നു,

വളകളുടെ ഭാരം തൂങ്ങുന്ന അമ്മയുടെ കൈകളിൽ,

മഞ്ഞു കുഴഞ്ഞ പാടത്തുഴുതു നീങ്ങുന്നതു പോലെ

വെളുത്ത പിയാനോക്കട്ടകളിൽ സഞ്ചരിക്കുന്നവയിൽ.

 


ബാലൻ


എനിക്കു മോഹം,

രാത്രിയിൽ മെരുങ്ങാത്ത കുതിരകൾക്കു മേൽ

ചവിട്ടിക്കുതിച്ചുപോകുന്നവരിലൊരാളാവാൻ;

അനുധാവനത്തിന്റെ പ്രചണ്ഡവാതത്തിൽ

അഴിച്ചിട്ട മുടി പോലെ പന്തങ്ങൾ പിന്നിലേക്കെരിയും.

എനിക്കു മോഹം,

അണിയത്തെന്ന പോലെ മുന്നണിയിൽ നിവർന്നുനില്ക്കാൻ,

പതാക പോലെ വിപുലമായി ചുരുളഴിഞ്ഞു പാറാൻ.

ഇരുണ്ടവനെങ്കിലും പൊന്നു കൊണ്ടൊരു ശിരോകവചമെനിക്കുണ്ടാവും,

ഇടതടവില്ലാതതു തിളങ്ങുന്നുമുണ്ടാവും.

എനിക്കു പിന്നിലും പത്തു പേരണിയിട്ടു നില്പുണ്ടാവും,

എന്നെപ്പോലെ തന്നെയിരുണ്ടവർ,

എന്നെപ്പോലവർക്കുമുണ്ടാവും ശിരോകവചങ്ങൾ,

ചിലനേരം സ്ഫടികം പോലെ തിളങ്ങുന്നവ,

ചിലനേരമിരുണ്ടതും പഴകിയതും അന്ധവുമായവ.

എനിക്കരികിലൊരാൾ കാഹളമെടുത്തൂതുമ്പോൾ

ഞങ്ങൾക്കു മുന്നിൽ വിപുലമായ തുറസ്സുകൾ തുറക്കും,

ഇരുണ്ടൊരേകാന്തതയിലൂടൊരു നിമിഷസ്വപ്നം പോലെ ഞങ്ങൾ പായും:

വീടുകൾ ഞങ്ങൾക്കു പിന്നിൽ മുട്ടുകാലിൽ വീഴും,

ഇടവഴികളും തെരുവുകളുമിഴഞ്ഞു പിൻവലിയും,

കവലകൾ കുതറിമാറാൻ നോക്കും: വിടില്ല ഞങ്ങളവയെ;

പെരുമഴ പോലെ ഞങ്ങളുടെ കുതിരകളിരച്ചിറങ്ങും.

 


അവസാനത്തെ അത്താഴം


പകച്ചും മനസ്സസ്വസ്ഥമായും അവനെച്ചൂഴ്ന്നവരിരിക്കുന്നു;

അവനോ , ഋഷിയെപ്പോലെ തന്നിൽത്തന്നെയടങ്ങിയവൻ,

താൻ വിളിച്ചുകൂട്ടിയവരിൽ നിന്നു തന്നെയവൻ പിൻവാങ്ങുന്നു,

അവർക്കു പിടി കൊടുക്കാതവരെക്കടന്നവനൊഴുകുന്നു.

പണ്ടറിഞ്ഞൊരേകാന്തത അവനെ വന്നു ബാധിക്കുന്നു,

ഗഹനകർമ്മങ്ങൾക്കവനെ പരിശീലിപ്പിച്ചതതായിരുന്നല്ലോ.

ഇനി വീണ്ടുമവൻ ഒലീവുതോട്ടങ്ങൾക്കിടയിലൂടെ നടക്കാനിറങ്ങും,

അവനെ സ്നേഹിച്ചവരോ, അവന്റെ മുന്നിൽ നിന്നോടിമാറും.

തന്റെ അന്ത്യഭോജനത്തിനായി അവനവരെ വരുത്തിയതായിരുന്നു,

അപ്പത്തളികയിലേക്കു നീളുന്ന കൈകൾ പക്ഷേ,

അവന്റെ വചനം കേട്ടു ഞെട്ടിപ്പിന്മാറുന്നു;

വെടിയൊച്ച കേൾക്കുമ്പോൾ കിളികൾ ചിതറിപ്പറക്കുന്നതുമതുപോലെ.

അവന്റെ നേർക്കു പറന്നെത്തുകയാണവർ,

അത്താഴമേശയ്ക്കു ചുറ്റും വിരണ്ടുപറക്കുകയാണവർ,

രക്ഷപ്പെടാനൊരു പഴുതു നോക്കുകയാണവർ;

എന്നാലവർക്കു രക്ഷയില്ല, എവിടെയുമുണ്ടവൻ,

അസ്തമയം പോലെ സർവ്വവ്യാപിയായി.

 


ഉറങ്ങും മുമ്പു ചൊല്ലേണ്ടത്


എനിക്കു മോഹം, ഒരാളെ പാടിയുറക്കാൻ,

ഒരാൾക്കരികിലിരിക്കാൻ, ഒപ്പമിരിക്കാൻ.

എനിക്കു മോഹം, താരാട്ടു പാടി നിന്നെയുറക്കാൻ,

ഉറക്കത്തിലേക്കു നിന്നോടൊപ്പം പോയിവരാൻ.

എനിക്കു മോഹം, രാത്രിക്കു തണുപ്പായിരുന്നുവെന്നു

വീട്ടിലറിയുന്നൊരാൾ ഞാൻ മാത്രമാകാൻ.

എനിക്കു മോഹം, ഏതനക്കത്തിനും കാതോർക്കാൻ:

നിന്റെ, കാടിന്റെ, ലോകത്തിന്റെ.

ഘടികാരങ്ങളന്യോന്യം മണി മുട്ടി വിളിയ്ക്കുന്നു,

കാലത്തിന്നതിർവരമ്പു വരെയ്ക്കും നിങ്ങൾക്കു കാണാമെന്നാകുന്നു.

വീടിനു പുറത്താരോ ഒരാൾ നടന്നുപോകുന്നു,

ഏതോ ഒരു നായ ഉറക്കം ഞെട്ടി കുരയ്ക്കുന്നതു കേൾക്കുന്നു;

അതില്പിന്നെ സർവ്വതും നിശ്ശബ്ദവുമാകുന്നു.

എന്റെ വിടർന്ന കണ്ണുകൾ നിന്റെ മേൽ തങ്ങുന്നു,

മൃദുമൃദുവായവ നിന്നെ താങ്ങിയെടുക്കുന്നു,

ഇരുട്ടത്തെന്തോ അനക്കം വയ്ക്കുമ്പോൾ

അവ നിന്നെ താഴെ വയ്ക്കുന്നു.

 


രാത്രിയിൽ മനുഷ്യർ


രാത്രികൾ ആൾക്കൂട്ടങ്ങൾക്കു പറഞ്ഞിട്ടുള്ളതല്ല.

രാത്രി നിങ്ങളെ നിങ്ങളുടെ അയല്ക്കാരനിൽ നിന്നു വിച്ഛേദിക്കുന്നു,

നിങ്ങളൊരു വിധത്തിലും അയാളെ തേടിപ്പിടിക്കുകയുമരുത്.

രാത്രിയിൽ സ്വന്തം മുറിയിൽ നിങ്ങൾ വിളക്കു കത്തിക്കുന്നുവെങ്കിൽ,

മനുഷ്യരെ അവരുടെ മുഖത്തു നോക്കാനാണതെങ്കിൽ,

നിങ്ങൾ നിങ്ങളോടു തന്നെ ഒന്നു ചോദിക്കൂ: ആരുടെ?

മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ

മനുഷ്യർ വല്ലാതെ വക്രിച്ചിരിക്കുന്നു,

രാത്രിയിൽ അവർ തൂന്നുകൂടുമ്പോൾ നിങ്ങൾക്കു കാണാം,

തോന്നിയ പടി വാരിക്കൂട്ടിയിട്ടൊരു ലോകം.

അവരുടെ നെറ്റിത്തടങ്ങളിലെ മഞ്ഞത്തിളക്കം

സകല ചിന്തകളേയും ആട്ടിയോടിച്ചിരിക്കുന്നു;

അവരുടെ കണ്ണുകളിൽ മദിരയുടെ നാളങ്ങൾ തിളങ്ങുന്നു,

സംസാരിക്കുമ്പോൾ പരസ്പരം മനസ്സിലാക്കാൻ

കൈകളുടെ കനം തൂങ്ങുന്ന ചേഷ്ടകൾ അവർക്കു വേണം.

‘ഞാൻ’ ‘ഞാൻ’ എന്നവർ പറയുന്നു,

ആരെന്നവർക്കൊട്ടറിയുകയുമില്ല.

 


അയല്ക്കാരൻ


ഞാനറിയാത്ത വയലിൻ,

നീയെന്തിനെന്റെ പിന്നാലെ കൂടുന്നു?

എത്രയെത്ര വിദൂരനഗരങ്ങളിൽ

നിന്റെയേകാന്തരാത്രി

എന്റെയേകാന്തരാത്രിയോടു സംസാരിച്ചു?

നിന്നെ മീട്ടുന്നതു നൂറു പേരോ,

അതോ, ഒരേയൊരാളോ?

ഏതു മഹാനഗരങ്ങളിലുമുണ്ടായിരിക്കുമോ,

നീയില്ലായിരുന്നുവെങ്കിൽ

പണ്ടേ പുഴകളിൽ ജീവിതം ഹോമിക്കുമായിരുന്നവർ?

എന്തുകൊണ്ടാണിതെപ്പോഴുമെന്നെ മഥിക്കുന്നതും?

എനിക്കു കിട്ടുന്ന അയല്ക്കാരെന്തേ,

എന്നുമിങ്ങനെയാവാൻ?

പേടി കൊണ്ടു നിന്നെ പീഡിപ്പിച്ചു പാടിക്കുകയാണവർ,

നിന്നെക്കൊണ്ടുറക്കെപ്പറയിക്കുകയാണവർ:

ഏതിലും ഭാരമേറിയതാണ്‌ ജിവിതത്തിന്റെ ഭാരം.

 


പോങ്ങ് ദു കറൗസൽ*


പാലത്തിൽ നില്ക്കുന്ന അന്ധനായ ആ മനുഷ്യൻ,

പേരു ശേഷിപ്പിക്കാതെ മറഞ്ഞുപോയ സാമ്രാജ്യങ്ങളുടെ

അതിർത്തിക്കല്ലുകൾ പോലെ നരച്ചൊരാൾ,

അയാളായിരിക്കാം, അപരിണാമിയായ ആ നിത്യവസ്തു,

താരാപഥങ്ങളുടെ നിശ്ചലമദ്ധ്യബിന്ദു,

വിദൂരനക്ഷത്രഭ്രമണങ്ങൾക്കു കേന്ദ്രവും.

അയാൾക്കു ചുറ്റുമുള്ളതൊക്കെ

വഴുതുകയും ഇടറുകയും പായുകയുമാണല്ലോ.

പിണഞ്ഞുപിണഞ്ഞു പോകുന്ന പല പാതകൾക്കു നടുവിൽ

നിവർന്നുനില്ക്കുന്ന ദിശാസൂചിയാണയാൾ;

ഉപരിതലജീവികളായൊരു ജനതയ്ക്കിടയിൽ

ആഴങ്ങളുടെ ലോകത്തേക്കൊരിരുണ്ട കവാടം.

* പാരീസിൽ സെയ്ൻ നദിയ്ക്കു കുറുകെയുള്ള പാലം

 


ഏകാകി


അജ്ഞാതസമുദ്രങ്ങളിൽ യാത്ര പോയി വന്നവൻ,

ഈ നിത്യസ്വദേശികൾക്കിടയിൽ അങ്ങനെയാണു ഞാൻ;

അവരുടെ മേശപ്പുറങ്ങളിൽ നിറഞ്ഞ നാളുകൾ നിരന്നിരിക്കുന്നു;

എനിക്കു യാഥാർത്ഥ്യം പക്ഷേ, വിദൂരതയായിരുന്നു.

മറ്റൊരു ലോകം സമീപസ്ഥമാണെന്നു ഞാനറിയുന്നു,

ചന്ദ്രനെപ്പോലെ നിർജ്ജനമായാലുമാകട്ടെ;

ഒരനുഭൂതിയേയുമവർ അതിന്റെ വഴിയ്ക്കു വിടുന്നില്ല,

അവരുടെ വാക്കുകളാവട്ടെ, പറഞ്ഞുപറഞ്ഞു തേഞ്ഞതും.

അകലങ്ങളിൽ നിന്നെന്നോടൊപ്പം വന്ന വസ്തുക്കൾ,

അവരുടേതിനു മുന്നിലവയെത്ര അന്യമായിപ്പോകുന്നു-;

സ്വന്തം നാട്ടിലവ കാടു കാട്ടി നടന്ന മൃഗങ്ങളായിരുന്നു,

ഇവിടെയവ ലജ്ജ കൊണ്ടു തല കുനിച്ചു നില്ക്കുന്നു.

 


വിലാപം


എത്രയകലെയാണെല്ലാം,

എത്ര പണ്ടേ നാശമടഞ്ഞതും.

ഇന്നെന്നിലേക്കു വെളിച്ചമയച്ച നക്ഷത്രം,

ഒരായിരം കൊല്ലം മുമ്പു കെട്ടണഞ്ഞതാണതെന്നു

ഞാനോർക്കുന്നു.

എന്നെക്കടന്നുപോയ ആ തോണിയിൽ

മനശ്ശാന്തി കെടുത്തുന്നതെന്തോ പറഞ്ഞുകേട്ടെന്നു

ഞാനോർക്കുന്നു.

ഏതോ വീട്ടിൽ ഘടികാരമടിയ്ക്കുന്നു...

ഏതു വീട്ടിൽ?

ഹൃദയത്തിന്റെ വാതിൽ തുറക്കാൻ,

മഹാകാശത്തിനു ചുവട്ടിലലഞ്ഞുനടക്കാൻ

എനിക്കു കൊതിയാവുന്നു.

എനിക്കു പ്രാർത്ഥിക്കാൻ മോഹമാവുന്നു.

ആ നക്ഷത്രങ്ങളിലൊന്നെങ്കിലും

മരിക്കാതെ ശേഷിക്കുന്നുണ്ടാവണം.

ഏതൊന്നാണതെന്നെനിക്കറിയാമെന്നും

ഞാൻ വിശ്വസിക്കുന്നു-

ആകാശത്തതിന്റെ ദീപ്തരശ്മിയുടെ കടയ്ക്കൽ

വെള്ളിവെളിച്ചത്തിന്റെ നഗരം പോലെ നില്ക്കുന്നതൊന്ന്...

 


ഏകാന്തത


ഏകാന്തത മഴ പോലെയാണ്‌.

സന്ധ്യയാകുമ്പോഴത് കടലിൽ നിന്നുയരുന്നു;

അതിവിദൂരസമതലങ്ങളിൽ നിന്നതാകാശത്തേക്കു പോകുന്നു

(ആകാശത്തിനതെന്നും സ്വന്തവുമായിരുന്നു).

പിന്നെയാണതകാശത്തു നിന്നു നഗരത്തിനു മേൽ പെയ്യുക.

ഒരന്തരാളനേരത്തു മഴ പെയ്തിറങ്ങുന്നു:

ആ നേരത്താണ്‌ വക്രിച്ച തെരുവുകൾ ഉറക്കമുണരുക,

തേടിയതു കണ്ടെത്താതെ പോയ ഉടലുകൾ

വിഷാദികളും ഹതാശരുമായി അന്യോന്യം പിരിയുക,

തമ്മിൽത്തമ്മിൽ വെറുക്കുന്ന രണ്ടു പേർ

ഒരേ കിടക്ക പങ്കിടേണ്ടതും:

പിന്നെ, ഏകാന്തത പുഴയായൊഴുകുന്നു...

 


ശരല്ക്കാലദിവസം


പ്രഭോ, നേരമായിരിക്കുന്നു. ഗ്രീഷ്മമതിവിപുലമായിക്കടന്നുപോയി.

ഇനി നിന്റെ നിഴലുകളാൽ സൂര്യഘടികാരങ്ങളെ മൂടുക,

പുൽമേടുകളിൽ കാറ്റുകളെ കെട്ടഴിച്ചു വിടുക.

ശേഷിച്ച കനികളോടു വിളയുകയെന്നു കല്പിക്കുക;

തെളിഞ്ഞ രണ്ടു നാളുകൾ കൂടിയവയ്ക്കനുവദിക്കുക,

സാഫല്യത്തിലേക്കവയെ തിടുക്കപ്പെടുത്തുക,

കൊഴുത്ത വീഞ്ഞിലന്തിമമാധുര്യം പിഴിഞ്ഞൊഴിക്കുക.

ഇന്നു വീടില്ലാത്തവനിനിയൊരുനാളും വീടു വയ്ക്കില്ല.

ഇന്നൊറ്റയ്ക്കായവനിനിയെന്നെന്നും ഒറ്റയ്ക്കായിരിക്കും,

രാത്രി വൈകിയുമവനിരിക്കും, വായിക്കും, നീണ്ട കത്തുകളെഴുതും,

മരങ്ങൾ വളരുന്ന തെരുവുകളിലലഞ്ഞലഞ്ഞു നടക്കും,

പഴുക്കിലകളപ്പോൾ കാറ്റത്തു പാറിവീഴുകയുമാവും.

 


ഓർമ്മ


നിങ്ങൾ കാത്തിരിക്കുന്നു, അതൊന്നിനായി കാത്തിരിക്കുന്നു,

നിങ്ങളുടെ ജീവിതത്തെ അനന്തമായി പ്രവൃദ്ധമാക്കുന്നതൊന്നിനായി;

പ്രബലവും അത്യത്ഭുതകരവുമായത്,

നിദ്രാണശിലകളുടെ ജാഗരണം,

നിങ്ങളുടെ നേർക്കു തിരിഞ്ഞ ഗർത്തങ്ങൾ.

തവിട്ടുനിറച്ചട്ടകളിൽ സ്വർണ്ണലിപികളിലെഴുതിയ പുസ്തകങ്ങൾ

അലമാരകൾക്കുള്ളിൽ മങ്ങിമങ്ങിത്തെളിയുന്നു;

നിങ്ങളപ്പോൾ താനലഞ്ഞ ദേശങ്ങൾ ഓർത്തുപോകുന്നു,

ചിത്രങ്ങൾ നിങ്ങളോർക്കുന്നു, ഒരുകാലത്തു നിങ്ങൾ കീഴടക്കിയ,

പിന്നെ കൈവിട്ടുപോയ സ്ത്രീകളുടെ മിനുങ്ങുന്ന വസ്ത്രങ്ങളും.

പൊടുന്നനേ നിങ്ങൾക്കു ബോദ്ധ്യമാവുകയാണ്‌: അതിതായിരുന്നു.

നിങ്ങൾ എഴുന്നേല്ക്കുന്നു, നിങ്ങൾക്കു മുന്നിലതാ,

പൊയ്പ്പോയ കാലത്തിൽ നിന്നൊരു വർഷം,

അതിന്റെ ഭീതികളും പ്രാർത്ഥനകളും അതിന്റെ രൂപവുമായി.

 


ഇല കൊഴിയും കാലം


ഇലകൾ വീഴുന്നു, ദൂരെയെങ്ങോ നിന്നെന്ന പോലെ,

ആകാശത്തെ വിദൂരോദ്യാനങ്ങളിൽ നിന്നു വാടിവീഴുമ്പോലെ,

നിഷേധത്തിന്റെ ചേഷ്ടകളും കാട്ടി അവ വീഴുന്നു.

രാത്രിയിൽ ഭാരം വച്ച ഭൂമിയും വീഴുന്നു,

നക്ഷത്രങ്ങളിൽ നിന്നേകാന്തതയിലേക്കതു വീഴുന്നു.

നാമൊക്കെയും വീഴുന്നു. ഈ കൈ വീഴുന്നു.

മറ്റേക്കൈകൾ നോക്കൂ: അവയ്ക്കും ഗതിയിതു തന്നെ.

എന്നാലൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ,

കൈകളിൽ ഒടുങ്ങാത്ത ദാക്ഷിണ്യവുമായി.

 


വിപൽസൂചന


അകലങ്ങൾ ചുഴലുന്ന കൊടിക്കൂറ പോലെയാണു ഞാൻ.

കാറ്റുകളുടെ വരവു ഞാനറിയുന്നു, ഞാനവ ജീവിക്കുകയും വേണം;

ചുവട്ടിലടിഞ്ഞുകിടക്കുന്നതൊന്നിനും അനക്കം വച്ചിട്ടില്ല,

വാതിലുകളടയുന്നതിപ്പോഴും മൃദുവായി, ചിമ്മിനികൾ മൗനത്തിൽ;

ജനാലകൾക്കു കിടുക്കം തുടങ്ങിയിട്ടില്ല, പൊടിയടിഞ്ഞും കിടക്കുന്നു.

കൊടുങ്കാറ്റെത്തിയെന്നു പിന്നെ ഞാനറിയുന്നു,

കോളു കൊണ്ട കടലു പോലെ ഞാനിളകിമറിയുന്നു.

ഞാൻ വലിഞ്ഞുപാറുന്നു, ഞാനഴഞ്ഞുതൂങ്ങുന്നു,

ഞാനെന്നെയെടുത്തെറിയുന്നു,

ഇപ്പെരുംകൊടുങ്കാറ്റിൽ തീർത്തും തനിച്ചാണു ഞാനെന്നുമറിയുന്നു.

 


സായാഹ്നം


സായാഹ്നം സാവധാനമെടുത്തുടുക്കുന്നു,

അതിരിടുന്ന പ്രാക്തനവൃക്ഷനിരകളെടുത്തുനീട്ടുന്ന മേലാട;

നോക്കിനില്ക്കവേ ദേശം രണ്ടായി നിങ്ങളിൽ നിന്നകലുന്നു,

ഒന്ന് മാനം നോക്കി ഉയരുന്നു, മറ്റൊന്ന് താഴുന്നു;

നിങ്ങൾ ശേഷിക്കുന്നു, രണ്ടിലൊന്നിന്റെയും ഭാഗമാവാതെ,

മൗനത്തിലാഴ്ന്ന വീടുകൾ പോലിരുണ്ടതാവാതെ,

ഓരോ രാത്രിയും നക്ഷത്രമായാരോഹണം ചെയ്യുന്നതൊന്നിനെപ്പോലെ

നിത്യതയെ ആവാഹനം ചെയ്യാനുള്ള തീർച്ചയില്ലാതെ-

നിങ്ങൾ ശേഷിക്കുന്നു, (ഇഴ വേർപെടുത്താനാവാതെ)

നിങ്ങളുടെ ജീവിതവുമായി, അതിന്റെ വൈപുല്യവും ഭീതികളുമായി;

ചിലനേരം പരിമിതമായി, ചിലനേരം വ്യാപകമായി,

ഊഴമിട്ടതു നിങ്ങളിൽ വളരുന്നു,  ശിലയായി, നക്ഷത്രമായി.

 


യാചകന്റെ ഗാനം


കുതിരുന്ന മഴയാവട്ടെ, പൊരിയുന്ന വെയിലാവട്ടെ,

ഒരു വാതില്ക്കൽ നിന്നു മറ്റൊന്നിലേക്കു ഞാൻ പൊയ്ക്കൊണ്ടേയിരിക്കുന്നു;

ചിലനേരം വലതു ചെവി വലതുകൈയിൽ ചേർക്കുമ്പോൾ

എന്റെ ശബ്ദമെന്റേതായിട്ടെനിക്കു തോന്നാറുമില്ല.

ആരാണ്‌ നിലവിളിക്കുന്നതെന്നെനിക്കു തീർച്ചയാവുന്നില്ല,

ഞാനോ അതോ മറ്റൊരാളോ?

ഞാൻ നിലവിളിക്കുന്നത് ചില്ലിക്കാശിനായി,

കവികൾ നിലവിളിക്കുന്നതതിലും കൂടുതലിനായി.

ഒടുവിൽ കണ്ണു രണ്ടും പൂട്ടി, മുഖവും ഞാൻ മറയ്ക്കുന്നു;

എന്റെ കൈപ്പടങ്ങളിലതു ഭാരിച്ചുകിടക്കുന്നതു കണ്ടാൽ

വിശ്രമിക്കുകയാണതെന്നല്ലാതെ തോന്നുകയുമില്ല.

അതിനാലാരും കരുതാതിരിക്കട്ടെ,

എനിക്കു തല വയ്ക്കാനൊരിടമില്ലെന്ന്.


അഭിപ്രായങ്ങളൊന്നുമില്ല: