2017, ഏപ്രിൽ 19, ബുധനാഴ്‌ച

ഇവാൻ ബുനിൻ - കവിതകൾ



ഇവാൻ അലക്സിയേവിച്ച് ബുനിൻ Ivan Alexeyevich Bunin (1870-1953) ദരിദ്രമെങ്കിലും സാഹിത്യപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ ജനിച്ചു. ആദ്യം പ്രസിദ്ധീകരിച്ചത് കവിതകളാണ്‌; ലോങ്ങ്ഫെല്ലോയുടെ ഹയവതയുടെ ഗാനം (The Song of Hayawatha) എന്ന കവിതയ്ക്ക് ബുനിൻ ചെയ്ത റഷ്യൻ പരിഭാഷ ഒരു ക്ലാസ്സിക് ആയി പരിഗണിക്കപ്പെടുന്നു. എന്നാലും അദ്ദേഹത്തിന്റെ ഗദ്യകൃതികളാണ്‌ കൂടുതൽ പ്രസിദ്ധം. പുഷ്കിൻ, ടോൾസ്റ്റോയ്, അടുത്ത സുഹൃത്തായ ചെക്കോഫ് എന്നിവരാണ്‌ അദ്ദേഹത്തിനു മാതൃകകൾ. 1920ൽ അദ്ദേഹം റഷ്യ വിട്ട് ഫ്രാൻസിൽ താമസമാക്കി. 1933ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അഴ്സനിയേവിന്റെ ജീവിതം എന്ന ആത്മകഥാംശമുള്ള നോവൽ, ഗ്രാമം, വരണ്ട താഴ്‌വര, നിഴലടഞ്ഞ വഴികൾ, സാൻഫ്രാൻസിസ്ക്കോക്കാരനായ ഒരു മാന്യൻ തുടങ്ങിയ കഥാസമാഹാരങ്ങൾ എന്നിവ പ്രധാനപ്പെട്ട കൃതികൾ.


പൂക്കളും നെടിയ തണ്ടുള്ള പുല്ക്കൊടികളും


പൂക്കളും നെടിയ തണ്ടുള്ള പുല്ക്കൊടികളും ഒരു തേനീച്ചയും,
പിന്നെ ആകാശത്തിന്റെ നീലിമയും മദ്ധ്യാഹ്നത്തിന്റെ ജ്വലനവും...
മരണമുഹൂർത്തമെത്തുമ്പോൾ ദൈവമവന്റെ മുടിയനായ പുത്രനോടു ചോദിക്കും:
“ഭൂമിയിൽ നിന്റെ വാസത്തിൽ തൃപ്തനായിരുന്നുവോ നീ?”
ഒക്കെയും ഞാൻ മറക്കും, ഇത്രയും ഞാനോർമ്മവയ്ക്കും:
നെടിയ കുന്തങ്ങൾ പോലുള്ള പുല്ക്കൊടികൾ, ഇടയിലൊരു പാതയും.
കാരുണ്യത്തിന്റെ കാല്മുട്ടുകളിൽ ഞാനള്ളിപ്പിടിക്കും,
തിരിച്ചൊന്നും പറയാതെ നിരുദ്ധകണ്ഠനായി ഞാനിരിക്കും.


രാത്രിയിലവളുടെ മുറിയിൽ...


രാത്രിയിലവളുടെ മുറിയിലേക്കു ഞാൻ ചെന്നു,
ഉറക്കമാണവൾ. നിലാവ് ജനാലപ്പടിയിൽ;
സ്ഫുരണങ്ങൾ വഴുതിവീണ കോസടിയിൽ.

മലർന്നുകിടക്കുമ്പോൾ വിടർന്ന മാറിടം നഗ്നം,
ഉറങ്ങുമ്പോളവളുടെ ജീവൻ നിശ്ചലം,
ജലം പോലെ നിശ്ചലം, അതു പോലെ ശീതം.
(1894)



നിന്റെ കൈത്തലം...

നിന്റെ കൈത്തലം ഞാൻ കവരുമ്പോൾ,
നിർന്നിമേഷമതുതന്നെ നോക്കി ഞാനിരിക്കുമ്പോൾ,
സാവധാനം, സലജ്ജ,മലസം നീ കണ്ണുകളുയർത്തുമ്പോൾ...
ആ കൈയിൽത്തന്നെയുണ്ടല്ലോ, പ്രിയേ, നിന്റെ ജീവിതമാകെ;
ഉടലുമാത്മാവുമായി നീയെന്റേതുമാകുന്നു.

മറ്റെന്തു ഞാൻ കൊതിയ്ക്കാൻ? ഇതില്പരമാനന്ദമെന്തറിയാൻ?
എന്നാലുമെന്നാലും പ്രിയേ, കലാപക്കാരനൊരു മാലാഖ,
അഗ്നിയും ചണ്ഡവാതവുമായവൻ,
വികാരങ്ങളുടെ മരണബീജം വിതയ്ക്കുന്നവൻ,
അവനതാ, ഭൂമിയ്ക്കു മേൽ പാറിനിൽക്കുന്നു,
അവിടെ- നമുക്കു നേരേമുകളിൽത്തന്നെ!
(1898)


ഒരു ചഷകം നിറയെ...


ഒരു ചഷകം നിറയെ കറുത്ത മദിര
ശോകത്തിന്റെ ദേവതയെനിക്കു നീട്ടി;
ഒരിറക്കു വയ്ക്കാതെ ഞാൻ കുടിച്ചു,
മരണത്തിന്റെ മയക്കത്തിൽ ഞാനടിഞ്ഞു.
ശോകത്തിന്റെ ദേവത മന്ദഹസിച്ചു,
വികാരലേശമില്ലാതവൾ പറഞ്ഞു:
“മധുരവുമുന്മത്തവുമാണീ മദിര;
എന്റെ മുന്തിരി വിളയുന്നതു ശവപ്പറമ്പിൽ.”
(1902)


അഭിപ്രായങ്ങളൊന്നുമില്ല: