അന്യോന്യമാശ്രയിക്കുന്ന ഒരു ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള റിൽക്കേയുടെ Das Stunden-Buch (The Book of Hours) 1899നും 1903നുമിടയിൽ എഴുതി 1905ൽ പ്രസിദ്ധീകരിച്ചു. ലൂ അന്ദ്രിയാസ്-സലോമിക്കു സമർപ്പിച്ചിരിക്കുന്ന പുസ്തകത്തിന് മൂന്നു ഭാഗങ്ങളുണ്ട്: ആശ്രമജീവിതത്തിന്റെ പുസ്തകം, തീർത്ഥയാത്രയുടെ പുസ്തകം, ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും പുസ്തകം.
ഒന്നാം ഭാഗത്തിലെ കവിതകൾ ചിത്രകാരനായ ഒരു റഷ്യൻ സന്ന്യാസി ദൈവവുമായി നടത്തുന്ന സംഭാഷണങ്ങളുടെ രൂപത്തിലുള്ളതാണ്. റിൽക്കെ ഇറ്റലിയിലും റഷ്യയിലും താമസിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് കവിതകളിൽ നിറഞ്ഞുനില്ക്കുന്നത്. 1898 ഏപ്രിൽ മുതൽ ജൂൺ വരെ ഫ്ളോറൻസിലായിരുന്നപ്പോഴാണ് അദ്ദേഹം നവോത്ഥാനകാലത്തെ ചിത്രകാരന്മാരെയും ശില്പികളേയും പറ്റി കൂടുതൽ പഠിക്കുന്നത്. ആത്മസാക്ഷാല്ക്കാരത്തിലേക്കുള്ള കഠിനയാത്രയാണ് റിൽക്കേയുടെ കണ്ണിൽ കലാകാരന്റെ ദൗത്യം. ഒരു സന്ന്യാസിയുടെ ആശ്രമജീവിതത്തെ ഈ യാത്രയുടെ രൂപകമായി അദ്ദേഹം കാണുന്നു. നിസ്സാരവും അനാവശ്യവുമായതെല്ലാം ത്യജിക്കാനും ഉള്ളിന്റെയുള്ളിൽ വെളിച്ചം നിറഞ്ഞ ഒരു വൈപുല്യം ബാക്കിവയ്ക്കാനുമുള്ള പരിശീലനമാണത്. ത്യാഗത്തിലേക്ക്, സ്വയം വരിച്ച ഏകാന്തതയിലേക്കുള്ള ഒരു യാത്രയാണത്. 1899ൽ ലൂവിനും ഭർത്താവിനുമൊപ്പം നടത്തിയ റഷ്യാസന്ദർശനമാണ് ഈ ഭാഗത്തെ കവിതകളിലെ മറ്റൊരു സ്വാധീനം. ഓർത്തഡോക്സ് വിശ്വാസികളായ റഷ്യൻ ഗ്രാമീണരുടെ നിഷ്കളങ്കമായ ദൈവഭക്തി അദ്ദേഹത്തെ അഗാധമായി സ്പർശിച്ചിരുന്നു. റഷ്യയിലെ ഐക്കൺ (ആരാധനാവിഗ്രഹങ്ങളായി ഉപയോഗിച്ചിരുന്ന ചിത്രങ്ങൾ) ചിത്രകാരന്മാരിൽ തന്റെ ആദർശത്തിലുള്ള കലാകാരന്മാരെ അദ്ദേഹം കണ്ടു. ദൈവത്തെ ദൃശ്യമാക്കാനുള്ള മനുഷ്യയത്നമാവുകയാണ് ഇവിടെ കല. കലാകാരൻ ദൈവത്തെ പരിഭാഷപ്പെടുത്തുകയാണ്; ജനസാമാന്യത്തിന് ദൈവാനുഭവത്തിനുള്ള മാദ്ധ്യമമാണ് അയാളുടെ രചനകൾ. ഇവിടെ ദൈവവും നിസ്സഹായനാണ്; കലാകാരനിലൂടെയല്ലാതെ ദൈവത്തിനു പ്രത്യക്ഷവുമില്ല.
തീർത്ഥയാത്രയുടെ പുസ്തകത്തിലെ കവിതകൾ റിൽക്കെ 1901 സെപ്തംബർ 18 മുതൽ 25 വരെ ജർമ്മനിയിലെ വെറ്റ്സെർവീഡിൽ ആയിരുന്നപ്പോൾ എഴുതിയവയാണ്. ഈ കവിതകളിലെ റഷ്യയുടെ സാന്നിദ്ധ്യം ഐക്കണുകളുമായി ബന്ധപ്പെട്ടതല്ല, റഷ്യയിലെ, വിശേഷിച്ചും ഉക്രെയ്നിലെ, ആശ്രമദൃശ്യങ്ങളും വിശ്വാസങ്ങളുമാണ്. എന്തിനേയും, ദൈവത്തേയും, എങ്ങനെ ശരിയായി കാണണം എന്ന അന്വേഷണമാണ് ഈ ഭാഗത്തിലെ കവിതകളുടെ മുഖ്യമായ പ്രമേയം. “കാണേണ്ട രീതിയിൽ കണ്ടതൊക്കെ പിന്നെ സ്വാഭാവികമായി കവിതയാവുകയാണ്”: റിൽക്കെ ഡയറിയിൽ എഴുതുന്നുണ്ട്.
മൂന്നാം ഭാഗത്തിലെ കവിതകൾ 1903 ഏപ്രിൽ 13നും 20നുമിടയിൽ ഇറ്റലിയിലെ വിയറെഗ്ഗിയോയിൽ വച്ചെഴുതിയതാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ കലാസൃഷ്ടികളും റഷ്യൻ ഭൂപ്രകൃതിയും ആശ്രമങ്ങളും തീർത്ഥകേന്ദ്രങ്ങളുമല്ല, വൻനഗരങ്ങളിലെ സാധുമനുഷ്യരുടെ ദരിദ്രജീവിതമാണ് ഈ കവിതകളിൽ നിറയുന്നത്. ഒപ്പം ഇറ്റാലിയൻ ആൽപ്സും ഫ്രാൻസിസ് അസ്സീസ്സിയും ഓർഫ്യൂസ്സും വരുന്നുണ്ട്. ദൈവം സന്നിഹിതനാവുന്നത് ദരിദ്രർക്കിടയിലാണ്; അവന്റെ ആവിഷ്കാരം തന്നെയാണ് അവർ.
ആശ്രമജീവിതത്തിന്റെ പുസ്തകം
ആദിമോഷസ്സ്
സ്വേച്ഛ പോലെ നിന്നെ ഞങ്ങളാലേഖനം ചെയ്യരുതല്ലോ,
പ്രഭാതങ്ങൾ ജന്മമെടുക്കുമാദിമോഷസ്സായവനേ.
അതേ പഴയ ചായച്ചിമിഴുകളിൽ നിന്നു ഞങ്ങൾ വീണ്ടുമെടുക്കുന്നു,
പണ്ടു വിശുദ്ധന്മാർ നിന്റെ മുഖം മറയ്ക്കാനെടുത്ത
അതേ പഴയ വരകൾ, വടിവുകൾ, കിരണങ്ങളും.
നിന്റെ രൂപങ്ങൾ കൊണ്ടു ചുമരുകൾ ഞങ്ങൾ കെട്ടിപ്പൊക്കുന്നു,
ഒരായിരം ചുമരുകൾ കൊണ്ടു ഞങ്ങൾ നിന്റെ മുഖം മറയ്ക്കുന്നു;
നിന്നെത്തേടി ഞങ്ങളുടെ ഹൃദയങ്ങൾ വിടരുമ്പോഴൊക്കെയും
കൂപ്പുകൈകൾ കൊണ്ടു നിന്റെ മുഖം ഞങ്ങൾ മറയ്ക്കുകയും ചെയ്യുന്നു.
അടുത്ത മുറിയിലെ ദൈവം
അടുത്ത മുറിയിലെ ദൈവമേ,
ഏകാന്തരാത്രിയിൽ ചിലനേരം
വാതിലിൽ ഉറക്കെ മുട്ടി
ഞാൻ നിന്റെ പൊറുതി മുട്ടിച്ചാൽ,
ക്ഷമിക്കണേ,
നീ ശ്വാസമെടുക്കുന്നതു പോലും കേൾക്കാത്തതു കൊണ്ടാണത്:
നീയവിടെ ഒറ്റയ്ക്കാണെന്നെനിക്കറിയാം.
ഇരുട്ടത്തു ദാഹിച്ചു പരതുന്ന നിന്റെ കൈയിൽ
ഒരു പാത്രം വെള്ളമെടുത്തു തരാൻ ആരുണ്ടാവും?
എന്നാൽ കാതോർത്തു ഞാനരികെത്തന്നെയുണ്ട്.
നീ ഒരു സൂചന തന്നാൽ മതി.
നമുക്കിടയിൽ ഈയൊരു നേർത്ത ചുമരല്ലേയുള്ളു,
അതും യദൃച്ഛയാ വന്നുപെട്ടതും?
ഞാനോ നീയോ ഒന്നു വിളിച്ചാൽ മതി,
അതിടിഞ്ഞുവീഴും,
ഒരൊച്ചയും കേൾപ്പിക്കാതെ.
എനിക്കു ജന്മം തന്ന തമസ്സ്
എനിക്കു ജന്മം തന്ന തമസ്സേ,
ലോകത്തിനതിരിടുന്ന വെളിച്ചത്തേക്കാൾ
ഞാൻ സ്നേഹിക്കുന്നത് നിന്നെ.
വെളിച്ചം നിങ്ങളെ ഒരു പ്രകാശവൃത്തത്തിലൊതുക്കുന്നു,
പുറംലോകത്തിനു നിങ്ങളെ അദൃശ്യനുമാക്കുന്നു.
അന്ധകാരം പക്ഷേ,
തന്നിലെന്തൊക്കെ സഞ്ചയിക്കുന്നില്ല:
രൂപങ്ങളെ, നിഴലുകളെ, ഉരുവങ്ങളെ, എന്നെ;
മനുഷ്യരെ, അവരുടെ ശക്തികളെ.
ഒരു മഹനീയസാന്നിദ്ധ്യം
എനിക്കരികിൽ സ്പന്ദിക്കുന്നുവെന്നെനിക്കു
ഭാവനയും ചെയ്യാം.
എനിക്കു വിശ്വാസം, രാത്രികളെ.
ഈ ലോകത്തെത്രയുമേകാകി
ഈ ലോകത്തെത്രയുമേകാകിയാണു ഞാൻ,
എന്നാലോരോ നിമിഷത്തെയും
പവിത്രമാക്കാൻ പോരുന്നത്രയ്ക്കേകാകിയുമല്ല.
ഈ ലോകത്തെത്രയും നിസ്സാരനാണു ഞാൻ,
എന്നാൽ നിഴലടഞ്ഞൊരു കീടം പോലെ
നിന്റെ മുന്നിൽ നില്ക്കാൻ പോരുന്നത്രയും
നിസ്സാരമായൊരു വസ്തുവുമല്ല.
എനിക്കെന്റെ ഇച്ഛാശക്തി വേണം,
കർമ്മപഥത്തിലേക്കിറങ്ങുമ്പോൾ
എനിക്കതൊപ്പം വരണം.
ആവിർഭാവങ്ങളുടെ സന്ദിഗ്ധമുഹൂർത്തത്തിൽ
ജ്ഞാനികൾക്കിടയിലെനിക്കുമിടം വേണം,
അല്ലെങ്കിൽ ഞാനേകാകിയാവണം.
നിന്റെ വിശ്വരൂപമെനിക്കെന്നിൽത്തെളിയണം,
എന്റെ നേത്രദർപ്പണത്തിൽ
നിന്റെ രൂപമൊരു ചഞ്ചലബിംബമാവാൻ
ഞാനത്രയ്ക്കന്ധനായിട്ടില്ല,
അത്ര വൃദ്ധനുമായിട്ടില്ല.
എനിക്കെന്റെ മടക്കുകൾ നിവർത്തണം.
എന്നിലെവിടെ ഞാനൊടിഞ്ഞുമടങ്ങുന്നു,
അവിടെ ഞാനൊരു നുണയാവുകയാണ്.
നിന്റെ മുന്നിലെന്റെ മനഃസാക്ഷി നേരുറ്റതാവട്ടെ.
എനിക്കെന്നെ വിവരിക്കുമാറാകട്ടെ,
കണ്ണിനടുത്തു വച്ചേറെനേരം നോക്കിക്കണ്ടൊരു
ചിത്രം പോലെ,
എനിക്കർത്ഥം വഴങ്ങിയൊരു വാക്കു പോലെ,
നിത്യം ഞാനെടുത്തുകുടിക്കുന്ന മൺകുടം പോലെ,
എനിക്കു ജന്മം തന്നവളുടെ മുഖം പോലെ,
കൊടുങ്കാറ്റിൽ കോളു കൊണ്ട കടലി-
ലെന്നെപ്പേറിയ നൗക പോലെ.
പണി തീരാത്ത ദൈവം
വിറ കൊള്ളുന്ന കൈകളാൽ കല്ലിന്മേൽ കല്ലടുക്കി
ഞങ്ങൾ നിന്നെ പണിതെടുക്കുന്നു.
എന്നാലാർക്കു പണി തീർക്കാനാവും,
പെരുംകോവിലേ, നിന്നെ?
എന്താണ് റോം?
അതിടിഞ്ഞുതകർന്നു കിടക്കുന്നു.
എന്താണ് ലോകം?
അത് നശിച്ചുപോകുന്നു,
നിന്റെ ഗോപുരങ്ങൾക്കു താഴികക്കുടങ്ങളുയരും മുമ്പേ,
വർണ്ണശിലാഖണ്ഡങ്ങളുടെ കൂമ്പാരത്തിൽ നിന്ന്
നിന്റെ മുഖപ്രഭ ഞങ്ങൾക്കിണക്കിയെടുക്കാനാകും മുമ്പേ.
എന്നാൽ ചിലനേരങ്ങളിൽ സ്വപ്നങ്ങളിൽ
നിന്റെ വൈപുല്യമെന്റെ കണ്ണുകൾക്കു കാണാറാകുന്നു,
അസ്തിവാരത്തിന്റെ അഗാധതയിൽ നിന്ന്
കുംഭഗോപുരത്തിന്റെ സുവർണ്ണൗന്നത്യം വരെ.
അപ്പോഴെനിക്കു ബോദ്ധ്യമാകുന്നു,
ശേഷിച്ചതു കൂട്ടിച്ചേർത്ത് നിന്നെപ്പണി തീർക്കുകയെന്നത്
എന്റെ മനസ്സിനു പറഞ്ഞ പണിയാണെന്ന്.
ഞാനിതാ...
ഞാനിതാ, ആകാംക്ഷപ്പെടുന്നവനേ.
എന്റെ കാംക്ഷകൾ നിന്റെ കാതിൽ വന്നലയ്ക്കുന്നതു നീ കേൾക്കുന്നില്ല?
എന്റെ വികാരങ്ങൾക്കതിമോഹം വന്നു ചിറകു മുളച്ചിരിക്കുന്നു;
വെള്ളില്പറവകളായവ നിന്റെ മുഖത്തെ വട്ടം ചുറ്റുന്നു.
എന്റെയാത്മാവ് മൗനത്തിന്റെ കഞ്ചുകവുമണിഞ്ഞു
നിന്റെ മുന്നിൽ നിന്നെയും നോക്കി നില്ക്കുന്നു- കാണുന്നില്ല നീ?
എന്റെ ദൃഷ്ടികളിലൊരു മരച്ചില്ലയിലെന്നപോലെ
പ്രാർത്ഥനകൾ വിളയുന്നതറിയുന്നില്ല നീ?
നീ സ്വപ്നം കാണുകയാണെങ്കിൽ ആ സ്വപ്നം ഞാൻ തന്നെ;
ഇനി ഉണരാൻ നിനക്കു തോന്നിയാലോ, ആ മോഹവും ഞാൻ തന്നെ.
നിന്റെ പ്രതാപങ്ങൾക്കു ഞാനുടയവനാവുന്നു,
കാലമെന്ന വിചിത്രനഗരത്തിനു മേൽ
താരാവൃതവാനത്തിന്റെ മൗനം പോലെ ഞാൻ പടരുന്നു.
മറ്റൊരിടത്താണ് ഞാൻ വളർന്നതെങ്കിൽ...
മറ്റൊരിടത്താണ് ഞാൻ വളർന്നതെങ്കിൽ,
പകലുകളിതിനേക്കാൾ തെളിഞ്ഞതും
നിമിഷങ്ങളിത്രയും കനം തൂങ്ങാത്തൊരിടത്തിൽ,
എങ്കിലവിടെ നിനക്കായൊരു വിരുന്നു ഞാനൊരുക്കുമായിരുന്നു;
എന്റെ കൈകൾ, ചിലനേരമവ ചെയ്യുന്നപോലെ,
വിരണ്ടും വിലക്ഷണമായും നിന്നെയള്ളിപ്പിടിക്കുമായിരുന്നില്ല.
അവിടെ നിന്നെ ധൂർത്തടിക്കാൻ ഞാൻ ധൈര്യം കാട്ടുമായിരുന്നു,
അതിരെഴാത്ത സാന്നിദ്ധ്യമേ.
കുതി കൊള്ളുന്ന ആഹ്ളാദങ്ങൾക്കിടയിലേക്ക്
ഒരു പന്തു പോലെ നിന്നെ ഞാൻ തട്ടിയെറിയുമായിരുന്നു;
താഴേയ്ക്കു വരുമ്പോൾ നിന്നെ എത്തിപ്പിടിക്കാൻ
കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ടു ചിലർ ഓടിയടുക്കുമായിരുന്നു,
സർവ്വസ്വമേ.
വാൾത്തലപ്പു പോലെ നിന്നെ ഞാൻ തേച്ചുവിളക്കുമായിരുന്നു.
പൊന്നുരുക്കിപ്പണിത മോതിരത്തിൽ
നിന്റെയഗ്നി കൊണ്ടു ഞാൻ കല്ലു വയ്ക്കുമായിരുന്നു,
വിരലുകളിൽ വച്ചേറ്റവും വെളുത്തൊരു മോതിരവിരലിൽ
ഞാനതണിയിക്കുമായിരുന്നു.
നിന്റെ ചിത്രം ഞാനെഴുതുമായിരുന്നു: ചുമരിലല്ല,
അതിരുകളെത്തിച്ചാകാശത്തിൽ;
അതിപ്രതിഭയായൊരു ശില്പിയെപ്പോലെ
നിന്നെ ഞാൻ കൊത്തിയെടുക്കുമായിരുന്നു:
മലയായി, ആളുന്ന തീയായി,
മരുനിലത്തു നിന്നു മുളയെടുക്കുന്ന വിത്തായി.
അല്ലെങ്കിൽ,
ഒരിക്കൽ നിന്നെ ഞാൻ കണ്ടെത്തിയെന്നുമാവാം:
വളരെയകലെയാണവർ, എന്റെ ചങ്ങാതിമാർ,
ഇപ്പോൾ അവരുടെ ചിരികളെന്റെ കാതിൽ മുഴങ്ങാറുമില്ല.
നീ, കൂട്ടിൽ നിന്നു നീ വീണുകിടക്കുകയായിരുന്നു,
മഞ്ഞനഖങ്ങളും വിരണ്ടുതുറിച്ച കണ്ണുകളുമായി ഒരു കിളിക്കുഞ്ഞ്;
(എന്റെ പെരുംകൈകളിൽ നിന്റെ ചെറുപ്പം അഗണ്യമായിരുന്നു.)
വിരൽത്തുമ്പിൽ ഞാനൊരു തുള്ളി വെള്ളമെടുത്തു നീട്ടുമ്പോൾ,
ദാഹിച്ച നിന്റെ ചുണ്ടുകളതിൻ നേർക്കു നീളുമോയെന്നു നോക്കിയിരിക്കുമ്പോൾ,
നിന്റെയും എന്റെയും നെഞ്ചു പിടയ്ക്കുന്നതു ഞാൻ കേൾക്കുന്നു,
രണ്ടു പേരും പേടിച്ചിട്ടുമാണ്.
മാർഗ്ഗങ്ങളിൽ സൗമ്യമായത്
മാർഗ്ഗങ്ങളിൽ വച്ചേറ്റവും സൗമ്യമായതേ,
ഞാൻ നിന്നെ സ്നേഹിക്കുന്നു;
നിന്നോടു മല്ലു പിടിക്കുമ്പോൾ
നീ ഞങ്ങളെ വിളയിക്കുന്നു.
ഞങ്ങൾക്കു കുടഞ്ഞുകളയാൻ പറ്റാത്ത
ഗൃഹാതുരത്വമാണു നീ,
ഞങ്ങൾക്കു വഴി തുലയുന്ന
മഹാവനമാണു നീ.
ഓരോരോ മൗനത്തിലും
ഞങ്ങളാലപിക്കുന്ന ഗാനം നീ.
ഞങ്ങളെ കണ്ണി കോർക്കുന്ന
നിഴലടഞ്ഞ വലയും നീ.
നീ ഞങ്ങൾക്കാരംഭമിട്ട നാൾ തന്നെ
നിന്റെ ഗംഭീരാരംഭമായതും.
നിന്റെ വെളിച്ചം കുടിച്ചിട്ടാണ്
ഞങ്ങളിത്ര മുതിർന്നതും,
വേരുകളത്രയാഴത്തിലിറക്കിയിട്ടാണ്
ഞങ്ങളിത്രയകലേക്കു പടർന്നതും.
ഇനി നിനക്കു സാവകാശമാവാം,
സൃഷ്ടികളിൽ നിനക്കു പൂർണ്ണത തേടാം,
മാലാഖമാരിൽ, മഡോണമാരിൽ,
മനുഷ്യാത്മാക്കളിൽ.
ചക്രവാളത്തിന്റെ വിളുമ്പുകളിൽ
നിന്റെ കൈയിനി വിശ്രമിക്കട്ടെ,
ഞങ്ങൾ നിനക്കു മേലിരുട്ടു വീഴ്ത്തുമ്പോൾ
മൗനം കൊണ്ടു നീയതു സഹിക്കട്ടെ.
മൈക്കലാഞ്ജലോയുടെ കാലം
മൈക്കലാഞ്ജലോയുടെ കാലത്തെക്കുറിച്ച്
വൈദേശികഗ്രന്ഥങ്ങളിൽ നിന്നു ഞാൻ വായിച്ചറിഞ്ഞിരുന്നു:
അളവില്ലാത്തതൊന്നുമില്ലെന്ന വിചാരത്താൽ
ഒരു മുഴക്കോലുമെടുത്തിറങ്ങിപ്പുറപ്പെട്ട അതികായൻ.
ഓരോ യുഗാന്ത്യത്തിലും ഇങ്ങനെയൊരാളുണ്ടാവും,
ഒരു കാലഘട്ടത്തിന്റെ ഈടിരുപ്പുകളെ സഞ്ചയിക്കാൻ മടങ്ങുന്നവൻ.
ഒരു യുഗത്തിന്റെ ഭാരമൊക്കെയുമെടുത്തുയർത്തി
സ്വന്തം നെഞ്ചിന്റെ കയങ്ങളിലേക്കൂക്കോടെടുത്തെറിയുന്നവൻ.
അയാൾക്കു മുമ്പുള്ളവർ വേദനയും ആനന്ദവും മാത്രമേ അറിഞ്ഞിരുന്നുള്ളു,
എന്നാലിയാൾ ജീവിതത്തിന്റെ കേന്ദ്രപ്രമേയമെന്തെന്നുള്ളുകൊണ്ടറിഞ്ഞു:
അയാൾക്കിനിയതൊരു സാകല്യമായി കാണണം-
അത്രയകലെയാണാ ദൈവമെങ്കിലും.
അതുകൊണ്ടത്രേ, തനിക്കപ്രാപ്യനായ ദൈവത്തെ
വിരോധഭക്തിയോടയാൾ സ്നേഹിക്കുനതും.
ദൈവമേ, ഞാൻ മരിച്ചാൽ
ഞാനഥവാ മരണപ്പെട്ടാൽ, എന്തു ചെയ്യും നീ, ദൈവമേ?
ഞാൻ, നിന്റെ മൺകൂജ, വീണുടഞ്ഞാൽ?
ഞാൻ, നിന്റെ പാനീയം, പുളിച്ചുപോയാൽ?
ഞാൻ നിന്റെ മേലാട, നീ വ്യാപരിക്കുന്ന വ്യവഹാരം.
ഞാനില്ലാതെയായാൽ നിനക്കെന്തർത്ഥമാണു പിന്നെ?
ഞാനില്ലാതെയായാൽ നിനക്കു വീടില്ലാതെയാവും;
ഊഷ്മളമധുരമായി ആരു നിന്നെ വരവേല്ക്കാൻ പിന്നെ?
ഞാൻ നിന്റെ പാദുകങ്ങൾ:
ഞാനില്ലാതെ നിന്റെ നഗ്നപാദങ്ങളലഞ്ഞുതളരും.
നിന്റെ പ്രതാപത്തിന്റെ മേലാടയൂർന്നുവീഴും.
എന്റെ കവിളിന്റെ ചൂടിൽ തലയണച്ച നിന്റെ നോട്ടം
ഒരുകാലം ഞാൻ നല്കിയ സുഖങ്ങൾക്കായി ഖേദിച്ചലയും.
അസ്തമയത്തിന്റെ നിറങ്ങൾ മായുമ്പോൾ
അന്യശിലകളുടെ തണുത്ത മടിയിൽ വീണു നീയുറങ്ങും.
എന്തു ചെയ്യും നീ, ദൈവമേ? എനിക്കു പേടിയാകുന്നു.
നിന്റെ വചനങ്ങളിൽ...
നിന്റെ വചനങ്ങളിലാദ്യത്തേതിതായിരുന്നു: വെളിച്ചം,
കാലത്തിനാരംഭമായതങ്ങനെ.
പിന്നെ നീ ചിരകാലം മൗനിയായി.
പിന്നെ നിന്റെ വചനമായത്: മനുഷ്യൻ,
ഭീതിയ്ക്കു തുടക്കമിട്ടതങ്ങനെ
(അതിന്റെ ഇരുട്ടിൽ നിന്നിനിയും ഞങ്ങൾ മോചിതരായിട്ടില്ല)
പിന്നെയും മുന്നെപ്പോലെ നീ മൗനിയായി.
നിന്റെ മൂന്നാമത്തെ വചനമെനിക്കു കേൾക്കേണ്ട.
രാത്രിയിൽ പലപ്പോഴും ഞാൻ പ്രാർത്ഥിക്കാറുണ്ട്:
നീ മൂകനാവുക,
ചേഷ്ടകളായി മതി നിന്റെ ചെയ്തികൾ;
നിന്റെ ഘനമൗനത്തിനർത്ഥമിന്നതെന്ന്
മലമുടികളിലും മനുഷ്യമുഖങ്ങളിലും വരഞ്ഞിട്ടാലും.
പറുദീസയിൽ നിന്നു ഞങ്ങളെ ആട്ടിയിറക്കിയ ക്രോധത്തിൽ നിന്ന്
നീ ഞങ്ങൾക്കഭയമാവുക,
പറുദീസയിൽ ഇരുട്ടു വീണിരിക്കുന്നു:
കുഴൽ കൈയിലെടുത്ത ആട്ടിടയനുമാവുക,
കുഴലൂതുന്നവനെന്നു മാത്രം ഞങ്ങള്‍ക്കറിയുന്നവൻ.
ഉപരോധമറിയാത്ത നഗരങ്ങൾ
ഉപരോധമറിയാത്ത നഗരങ്ങളേ,
ഒരു ശത്രുവിനായിട്ടൊരുനാളും നിങ്ങൾ ദാഹിച്ചിട്ടില്ല?
എത്രകാലം നീണ്ടുപോകുമെന്ന തീർച്ചയില്ലാതെ
നിങ്ങളെയവൻ വളഞ്ഞുവയ്ക്കുന്നതും
ഒടുവിൽ വിശപ്പും നൈരാശ്യവും കണ്ണീരും സഹിക്കാൻ ശീലിക്കുന്നതും
നിങ്ങൾ സ്വപ്നം കണ്ടിട്ടില്ല?
ചുമരുകൾക്കു പുറത്ത്
നാട്ടുമ്പുറങ്ങൾ പോലവൻ പരന്നുകിടക്കുന്നു,
ഉള്ളിലുള്ളവർ പുറത്തെത്തും വരെ
സഹനസമരം നടത്താൻ സജ്ജനുമാണവൻ.
നിങ്ങളുടെ പുരപ്പുറങ്ങളിൽ നിന്നൊന്നു നോക്കൂ:
അവൻ തമ്പടിച്ചിരിക്കുന്നതവിടെ,
അവൻ ചുരുങ്ങുന്നില്ല, അവൻ തളരുന്നില്ല,
നഗരത്തിലേക്കവൻ ദൂതന്മാരെ അയക്കുന്നതുമില്ല,
ഭീഷണിയുമായി, വാഗ്ദാനവുമായി, പ്രലോഭനവുമായി.
ചുമരുകൾ തകർക്കുന്നതിൽ കേമനാണവൻ,
ഒച്ച കേള്‍പ്പിക്കാതെയാണവന്റെ പണി നടക്കുന്നതും.
തീർത്ഥയാത്രയുടെ പുസ്തകം
ഉറക്കം വരാത്ത ജീവികൾ
കഠിനമാണെന്റെ രാത്രികൾ ദൈവമേ:
ഉറക്കം ഞെട്ടുന്ന മനുഷ്യരെ ഞാൻ കാണുന്നു,
വിഫലമായി നിന്നെത്തേടിയലഞ്ഞവരെ.
കണ്ണുപൊട്ടരെപ്പോലവർ
ഇരുട്ടത്തു തപ്പിത്തടഞ്ഞു നടക്കുന്നതു നീ കാണുന്നില്ലേ?
താഴേയ്ക്കിറങ്ങുന്ന പിരിയൻ ഗോവണികളിൽ
അവർ പ്രാർത്ഥിക്കുന്നതു നീ കേൾക്കുന്നില്ലേ?
തറക്കല്ലുകളിലവർ മുട്ടു കുത്തുന്നതു നീ കേൾക്കുന്നില്ലേ?
എങ്ങനെ നീ കേൾക്കാതിരിക്കാൻ?
അവർ കരയുകയാണല്ലോ.
അവരെന്റെ പടിയ്ക്കലൂടെ കടന്നുപോകുമ്പോൾ
ഞാൻ നിന്നെ തേടുന്നു.
ആരെ ഞാൻ തുണയ്ക്കു വിളിക്കാൻ,
രാത്രിയെക്കാളിരുണ്ടവനും കറുത്തവനുമായ
നിന്നെയല്ലാതെ,
ഒരു വിളക്കുമില്ലാതുണർന്നിരിക്കുന്നവനെയല്ലാതെ,
ഭീതിയിൽ നിന്നു മുക്തനായവനെയല്ലാതെ?
വെളിച്ചം മലിനമാക്കാത്ത ആഴമേ,
എനിക്കു വിശ്വാസം നിന്നെ-
മണ്ണിൽ നിന്നു മരങ്ങളായുദ്ഗമിക്കുന്നതു നീയാണല്ലോ,
ഞാൻ തല മുട്ടിക്കുമ്പോൾ
മണ്ണിന്റെ വാസനയായെന്റെ മുഖം തഴുകുന്നതു നീയാണല്ലോ.
ജിവിക്കാത്ത ജീവിതങ്ങൾ
നിന്റെ പ്രജകളിൽ വെച്ചേറ്റവും എളിമപ്പെട്ടവനാണു ഞാൻ,
തന്റെ ഇടുക്കുമുറിയിൽ നിന്നു ജീവിതത്തെ നോക്കിക്കാണുന്നവൻ,
വസ്തുക്കളെക്കാളേറെ ആളുകളിൽ നിന്നകന്നവൻ,
നിന്റെ ഹിതമെന്തെന്നൂഹിക്കാൻ ധൈര്യപ്പെടാത്തവൻ.
എന്നാൽ നിന്റെ സന്നിധിയിലേക്കു നീയെന്നെ വിളിച്ചാൽ,
നിന്റെ ഇരുൾക്കണ്ണുകളിലേക്കു ഞാനെന്റെ കണ്ണുകളുയർത്തിയാൽ,
എന്റെ ധാർഷ്ട്യമാണെന്നു പറയരുതേ,
ഞാൻ പറയും: ആരും അവനവന്റെ ജീവിതം ജീവിക്കുന്നില്ല.
ആളുകൾ വെറും ആകസ്മികതകൾ മാത്രം, നാവുള്ള പണ്ടങ്ങൾ,
ഒരേ പേടികളും ഒരേ സന്തോഷങ്ങളുമുള്ള ഒരേ തരം ആളുകൾ;
കുട്ടികളായിരിക്കുമ്പോഴേ കട്ടിയുടുപ്പുകൾക്കുള്ളിൽ അവർ മറഞ്ഞു,
മുഖംമൂടികളായിരുന്നപ്പോൾ അവർ വാചാലരായിരുന്നു,
മുഖങ്ങളായി മുതിർന്നപ്പോൾ അവർ മൂകരുമായി.
ഒരു പണ്ടകശാല വേണ്ടതാണെന്നെനിക്കു തോന്നാറുണ്ട്,
ഈ ജീവിതങ്ങളൊക്കെക്കൂടി കൊണ്ടുപോയിത്തള്ളാനൊരിടം,
പടച്ചട്ടകൾ പോലെ, തൊട്ടിലുകൾ പോലെ, ചാരുകസേരകൾ പോലെ,
ഒരു യഥാർത്ഥമനുഷ്യൻ ഒരിക്കലും കയറിപ്പറ്റാത്തവ;
അല്ലെങ്കിൽ തനിയേ നിവർന്നുനില്ക്കാൻ കഴിയാത്ത ഉടുപ്പുകൾ പോലെ,
ഉറച്ച കന്മതിലുകളിൽ അഴഞ്ഞുതൂങ്ങിക്കിടക്കുന്നവ.
സന്ധ്യനേരം ക്ഷീണിതനായ ഞാനെന്റെ വളപ്പു വിട്ടിറങ്ങുമ്പോൾ
എല്ലാ വഴികളും പോകുന്നതവിടേക്കെന്നു ഞാൻ കാണുന്നു,
ജീവിക്കാത്ത ജീവിതങ്ങളുടെ ആയുധപ്പുരയിലേക്ക്.
ഒരു മരവുമില്ലാതെ പരന്നുകിടക്കുന്നൊരിടം,
തടവറ പോലെ ചുമരുകൾ തൂങ്ങിനില്ക്കുന്നു,
ഏഴു ചുറ്റായി, ജനാലകളില്ലാതെ.
അതിന്റെ കവാടങ്ങളിൽ ഇരുമ്പുപട്ടകൾ,
അതിനു ചുറ്റും മനുഷ്യന്റെ കൈകൾ വേലി തീർക്കുന്നു,
അകത്തു വരാൻ നോക്കുന്നവനെ പുറത്തു തന്നെ നിർത്താൻ.
അവനവന്റെ ആത്മാവിൽ നിന്നു പുറത്തു കടക്കാൻ...
തടവുകാരനെ വെറുപ്പോടെ കാക്കുന്ന തടവറയിൽ നിന്നെന്നപോലെ
അവനവന്റെ ആത്മാവിൽ നിന്നു പുറത്തു കടക്കാൻ
പണിപ്പെടുകയാണേവരുമെങ്കിലും,
എത്ര വലിയൊരത്ഭുതമാണത്:
എല്ലാ ജീവിതങ്ങളും ജീവിച്ചുതന്നെ തീരുന്നു!
എങ്കില്പിന്നെ ആ ജീവിതം ജീവിക്കുന്നതാര്?
രാത്രിയിലൊരു കിന്നരത്തിന്റെ തന്ത്രികളിൽ
വിരലുകൾ സ്വപ്നം കണ്ടുറങ്ങുന്ന ഗാനം പോലെ
ക്ഷമയോടെ കാത്തിരിക്കുന്ന വസ്തുക്കളോ?
കടലിൽ നിന്നു വീശിവരുന്ന കാറ്റുകളോ,
അന്യോന്യം കൈകാട്ടി വിളിക്കുന്ന മരച്ചില്ലകളോ,
പരിമളങ്ങൾ നെയ്തുകൂട്ടുന്ന പൂക്കളോ,
പഴകിനീളുന്ന ഇടവഴികളോ?
സിരകളിൽ ചുടുചോരയോടുന്ന മൃഗങ്ങളോ?
പറന്നുപൊങ്ങുമ്പോൾ അപരിചിതമായിത്തോന്നുന്ന പക്ഷികളോ?
ജീവിതം ജീവിക്കുന്നതാര്? ദൈവമേ, നീയോ?
നീ പുരാതനൻ
നീ പുരാതനൻ,
മുടിയിൽ പൊടിയും കരിയും പറ്റിയവൻ,
ഒരു നിഴലിന്റെ തെളിച്ചം പോലുമില്ലാത്തവൻ,
കൈയ്യിലെടുത്ത കൂടവുമായി,
വർഷങ്ങളുടെ സംഗീതമായി,
അടകല്ലിനരികിൽ നില്ക്കുന്ന
കരുവാൻ.
ഇടവേളകളെടുക്കാത്തവൻ,
നിത്യത്തൊഴിലുകാരൻ,
ഇനിയും തീർച്ചയും മൂർച്ചയും വരാത്തൊരു വാളിനു മേൽ
കുനിഞ്ഞിരുന്നു പണിയുന്നവൻ.
ഞങ്ങളുടെ പണിയാലകളും ഊത്താലകളും നിലയ്ക്കുമ്പോൾ,
ഞങ്ങൾ ചടഞ്ഞുകിടന്നുറക്കമാവുമ്പോൾ,
അപ്പോഴും, നഗരങ്ങളിലെ മണിമേടകളിൽ
നിന്റെ ചുറ്റിക മുഴങ്ങുന്നതു ഞങ്ങൾ കേൾക്കുന്നു.
നീ മുതിർന്നവൻ, പ്രമാണി,
പഠിക്കുന്നതായിട്ടാരും കാണാത്തവൻ,
ഈ നാട്ടിൽ പിറക്കാത്തവൻ, പരദേശി-
നിന്നെക്കുറിച്ചെത്ര കിംവദന്തികൾ പരക്കുന്നു,
അടക്കിപ്പറച്ചിലുകളായി, വിളിച്ചുചൊല്ലലുകളായി.
എന്റെ കണ്ണുകളൂതിക്കെടുത്തുക...
എന്റെ കണ്ണുകളൂതിക്കെടുത്തുക,
എന്നാലുമെനിക്കു നിന്നെക്കാണാം;
എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,
എന്നാലുമെനിക്കു നിന്റെ വാക്കുകൾ കേൾക്കാം;
എനിയ്ക്കു വേണ്ട കാലടികൾ,
നിന്നിലേക്കു നടന്നെത്താൻ;
ഈ നാവിന്റെ തുണ വേണ്ട,
എനിക്കു നിന്നെ ജപിച്ചു വരുത്താൻ.
എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,
എന്റെ ഹൃദയം നിന്നെ കയറിപ്പിടിയ്ക്കും;
എന്റെ ഹൃദയം സ്തംഭിപ്പിക്കുക,
എന്റെ തലച്ചോറാണു പിന്നെ സ്പന്ദിക്കുക;
എന്റെ തലച്ചോറിനും നീ തീയിട്ടാലോ,
ചോരയിൽ നിന്നെയും കൊണ്ടു ഞാൻ പായും.
നിന്നെത്തേടി നടക്കുന്നവർ
നിന്നെത്തേടി നടക്കുന്നവർ
നിന്നെ പരീക്ഷകൾക്കു വിധേയനാക്കുന്നു,
നിന്നെ കണ്ടുകിട്ടുന്നവർ
വിഗ്രഹങ്ങളിലും മുദ്രകളിലും നിന്നെ ബന്ധിക്കുന്നു.
മണ്ണ് നിന്നെയറിയുമ്പോലെ
നിന്നെ ഞാനറിഞ്ഞോളാം;
ഞാൻ വിളയുന്നതിനൊപ്പം
നിന്റെ ദൈവരാജ്യവും വിളയട്ടെ.
നീയുണ്ടെന്നു തെളിയിക്കാൻ
ഒരു ജാലവിദ്യയും നീയെടുക്കേണ്ട;
വർത്തമാനകാലവും നീയും
ഒന്നല്ലെന്നെനിക്കറിയാതെയല്ലല്ലോ.
എനിക്കായി നീ അത്ഭുതങ്ങൾ പ്രവർത്തിക്കരുതേ;
തലമുറകൾ കഴിയുന്തോറും
നിന്റെ പ്രമാണങ്ങൾ തെളിഞ്ഞുതെളിഞ്ഞുവരട്ടെ.
പിതാക്കന്മാരും പുത്രന്മാരും
ചിലപ്പോൾ ഒരത്താഴമേശയ്ക്കു മുന്നിൽ നിന്ന്
ഒരു മനുഷ്യൻ എഴുന്നേറ്റുനില്ക്കുന്നു,
വാതിൽ തുറന്നു പുറത്തേക്കു പോകുന്നു,
ദൂരെ, കിഴക്കൊരു ദേവാലയം തേടിപ്പോകുന്നു.
പിന്നിൽ അയാളുടെ മക്കൾ
മരിച്ചവർക്കായുള്ള പ്രാർത്ഥന ചൊല്ലുന്നു.
മറ്റൊരാൾ മരിക്കും വരെ വീട്ടിൽത്തന്നെ കഴിയുന്നു,
പിഞ്ഞാണങ്ങൾക്കും കോപ്പകൾക്കുമിടയിൽ ജീവിക്കുന്നു;
അതിനാൽ പുറത്തേക്കിറങ്ങുന്നതയാളുടെ കുട്ടികൾ,
അയാൾ മറന്നുപോയ ദേവാലയവും തേടി.
നീ ഭാവികാലം
നീ ഭാവികാലം,
നിത്യതയുടെ തുറസ്സുകൾക്കു മേൽ തുടുക്കുന്ന മഹോദയം,
രാത്രിയുടെ കഥ കഴിയ്ക്കുന്ന ചേവലിന്റെ കാഹളം.
നീ മഞ്ഞുതുള്ളി, ഉഷഃപൂജയുടെ മണിനാദവും ബാലികയും,
അതിഥിയും മാതാവും നീ, നീ തന്നെ മരണവും;
വിധിയിൽ നിന്നെന്നും മാറിനില്ക്കുന്ന
നിത്യപരിണാമിയായ രൂപം നീ,
സ്തുതികൾക്കും വിലാപങ്ങൾക്കും വേണ്ടാത്തവൻ,
ഒരു വനവൃക്ഷം പോലിന്നതെന്നു പറയരുതാത്തവൻ.
സർവ്വതിനുമുള്ളടങ്ങിയ സാരം നീ,
കൂട്ടിയടച്ച ചുണ്ടുകൾക്കു പിന്നിൽ നിന്റെ നേരൊളിയ്ക്കുന്നു;
അന്യരതന്യഥാ കാണുന്നു,
കടവ് കപ്പലായി, കപ്പൽ കടവായി.
എന്റെ
വേവലാതിപ്പെടേണ്ട നീ, ദൈവമേ.
സഹനമുള്ളതെന്തിനോടുമവർ പറയും,
പ്രതിഷേധിക്കാത്തതെന്തിനോടുമവർ പറയും,
അവ ‘എന്റേതെ’ന്ന്.
ചില്ലകളിലൂടെ വീശിക്കടക്കുമ്പോൾ
‘എന്റെ മര’മെന്നു പറയുന്ന കാറ്റിനെപ്പോലെയാണവർ.
തങ്ങൾ തൊടാനായുന്നതെന്തും
ജ്വലിച്ചുനില്ക്കുകയാണെന്നവർ കാണുന്നതേയില്ല:
കൈ പൊള്ളാതവയുടെ അരികു പോലും തൊടാനാവുകയില്ലെന്നും.
‘എന്റേതെ’ന്നവർ പറയും,
ചില ഗ്രാമീണരോടു സംസാരിക്കുമ്പോൾ
രാജാവ് തങ്ങളുടെ സ്നേഹിതനാണെന്നവർ പറയുമ്പോലെ-
അത്ര വലിയവനും അത്ര വിദൂരസ്ഥനുമാണീ രാജാവെങ്കിൽ വിശേഷിച്ചും.
തങ്ങളുടെ വീട്ടുചുമരുകൾ ‘എന്റേതെ’ന്നവർ പറയും,
ആരാണവയ്ക്കു നാഥനെന്നവർക്കറിയുകയുമില്ല.
‘എന്റേതെ’ന്നവർ പറയും, എന്തിലുമവർ അവകാശം സ്ഥാപിക്കും,
(അവരടുത്തുചെല്ലുമ്പോൾ അടയുകയാണെന്തുമെങ്കിലും;)
ഇടിമിന്നലും സൂര്യനും തന്റേതെന്ന്
വായാടിയായൊരു തട്ടിപ്പുകാരൻ അവകാശപ്പെടുമ്പോലെ.
അവർ പറയും: എന്റെ ജീവിതം, എന്റെ ഭാര്യ, എന്റെ നായ, എന്റെ കുട്ടി;
എന്നാലവർക്കറിയുകയും ചെയ്യാം:
ജീവിതം, ഭാര്യ, കുട്ടി, നായ: അന്യരുടേതാണൊക്കെയുമെന്ന്,
കണ്ണു കാണാതെ തപ്പിത്തടയുമ്പോൾ
കൈയിൽ തടഞ്ഞവ മാത്രമാണവയെന്ന്.
കഷ്ടം, വിവേകികളേ ഈ സത്യമറിയുന്നുള്ളു,
കണ്ണുകൾക്കു ദാഹിക്കുന്നവരേ അതു കാണുന്നുള്ളു.
ശേഷിച്ചവർ ഉൾക്കാതു കൊണ്ടു കേൾക്കുന്നതേയില്ല,
സ്വന്തമെന്നു പറയാൻ തങ്ങൾക്കൊന്നുമില്ലെന്ന്,
പൊന്നു പോലെ കാത്ത സമ്പാദ്യങ്ങളിൽ നിന്നാട്ടിയോടിക്കപ്പെട്ടവർ,
സ്വന്തമെന്നു കരുതിയവർ തള്ളിപ്പറഞ്ഞവർ,
അവർ കാണുന്നതേയില്ല,
തങ്ങളുടെ ഭാര്യമാർ തങ്ങളുടെ സ്വന്തമല്ലെന്ന്,
നമ്മളിൽ നിന്നു വ്യത്യസ്തവും വേറിട്ടതുമായ ജന്മങ്ങൾ,
പൂക്കളെപ്പോലെയാണവരെന്ന്.
ദൈവമേ, നീ നിന്റെ സമചിത്തത കൈവെടിയരുതേ.
നിന്നെ സ്നേഹിക്കുന്നവൻ,
ഇരുട്ടത്തു നിന്റെ മുഖം കണ്ടെടുക്കുന്നവൻ,
നിന്റെ നിശ്വാസമേല്ക്കുമ്പോൾ നാളം പോലുലയുന്നവൻ,
അവനും നീ സ്വന്തമല്ല.
രാത്രിയിലൊരാൾ നിന്നെ മുറുകെപ്പിടിച്ചാലും
പ്രാർത്ഥനകൾ കൊണ്ടു നിന്നെ വരിഞ്ഞുമുറുക്കിയാലും:
നീ വിരുന്നുകാരൻ,
വന്നു മടങ്ങിപ്പോകുന്നവൻ.
ആരു നിന്നെ പിടിച്ചുവയ്ക്കാൻ, ദൈവമേ?
നീ ആരുടേതുമല്ല,
ഒരുടമയുടെ കൈയും നിനക്കു ശല്യമല്ല:
ചാറയിലേകാന്തമായി മൂക്കുന്ന ഇളംവീഞ്ഞ്
ആരുടേതുമല്ലാത്ത പോലെ.
ദാരിദ്ര്യത്തിന്റെയും മരണത്തിന്റെയും പുസ്തകം
നിന്റെ തോട്ടത്തിന്റെ നോട്ടക്കാരൻ
എന്നെ നിന്റെ തോട്ടത്തിന്റെ നോട്ടക്കാരനാക്കുക,
പാറക്കെട്ടിനു മേൽ നിന്നു കാതോർക്കുന്നവനാക്കുക,
നിന്റെ കടല്പരപ്പിന്റെ ഏകാന്തതയ്ക്കു മേൽ
തുഴഞ്ഞുപോകാനെനിക്കു കണ്ണുകൾ നല്കുക;
പുഴയൊഴുക്കിനിണയാവാനെന്നെ വിടുക,
ഇരുകരകളുടെയുമലർച്ചകൾ വിട്ടു ഞാൻ
രാത്രിയുടെ മന്ത്രണത്തിലേക്കൊഴുകിയെത്തട്ടെ.
നിന്റെ മരുപ്രദേശങ്ങളിലേക്കെന്നെ അയക്കുക,
വിപുലവാതങ്ങൾ വീശുമവിടെ,
ജീവിക്കാത്ത ജീവിതങ്ങൾക്കു ചുറ്റുമായി
കൂറ്റൻ മഠങ്ങൾ നിരക്കുമവിടെ.
അവിടെ വിശ്വാസികൾക്കിടയിൽ ഞാൻ ജീവിക്കാം,
അവരുടെ മുഖത്തു നിന്നു കണ്ണെടുക്കാതെ,
ആത്മവഞ്ചനയാൽ വ്യതിചലിക്കാതെ.
അന്ധനായൊരു വൃദ്ധന്റെ പിന്നാലെ
അജ്ഞാതമായൊരു വഴിലൂടെ ഞാൻ നടക്കാം.
അഴുകുന്ന നഗരങ്ങൾ
കെട്ടഴുകുകയാണ് നഗരങ്ങൾ, ദൈവമേ,
തീ പിടിച്ച പുരയിൽ നിന്നുള്ള പലായനങ്ങളാണവ.
അവയ്ക്കാശ്വാസമായി ഒരു സാന്ത്വനവുമില്ല,
അവയ്ക്കു ശേഷിച്ച കാലം ചോർന്നുപോവുകയുമാണ്.
ഇടുങ്ങിക്കൂടിയ നിലവറമുറികളിൽ
അരിഷ്ടിച്ചും തപിച്ചും
കൈക്കുഞ്ഞുങ്ങളെക്കാൾ നിസ്സഹായരായി
ജീവിതം പോക്കുകയാണാളുകൾ;
പുറത്തു നിന്റെ മണ്ണ് നിശ്വസിച്ചുണരുമ്പോൾ
തങ്ങൾക്കും ജീവനുണ്ടെന്നറിയാതെ പോവുകയാണവർ.
ഒരേ ജനാലയുടെ ചതുരത്തിൽ
ഒരേ നിഴൽ മറഞ്ഞു വളരുകയാണ് കുഞ്ഞുങ്ങൾ;
കാറ്റും വെളിച്ചവും ഉല്ലാസവും നിറഞ്ഞൊരു പകൽ
പുറത്തുണ്ടെന്നറിയാതെ,
അവിടെയ്ക്കു വിളിയ്ക്കുകയാണ്
പൂക്കൾ തങ്ങളെയെന്നറിയാതെ.
കുഞ്ഞുങ്ങളാവാൻ,
സങ്കടപ്പെടുന്ന കുഞ്ഞുങ്ങളാവാൻ
വിധിക്കപ്പെട്ടവരാണവർ.
അജ്ഞാതത്തിലേക്കു വിടരുകയാണവർ, സ്ത്രീകൾ,
ചെറുപ്പത്തിൽ തങ്ങളറിഞ്ഞ ശാന്തി തേടുകയാണവർ,
എന്നാൽ തങ്ങൾ ദാഹിച്ചതൊന്നും
പ്രത്യക്ഷപ്പെടുന്നില്ലെന്നു വരുമ്പോൾ
പിന്നെയും കൂമ്പിയടയുകയാണവർ.
ഉൾമുറികളിലവർ മൂടിപ്പൊതിഞ്ഞുവയ്ക്കുന്നു,
ആശയറ്റ മാതൃത്വത്തിന്റെ നാളുകൾ,
ദീർഘരാത്രികളിൽ അറിയാതുതിരുന്ന നെടുവീർപ്പുകൾ,
ബലവും ചുണയും കെട്ടു പാഴായ വർഷങ്ങൾ.
ഇരുട്ടത്തകലെ മരണക്കിടക്കകൾ കിടപ്പുണ്ട്,
അവർ അതിൽ ആശ വയ്ക്കാൻ തുടങ്ങുന്നു;
അവർ സാവധാനം മരിയ്ക്കുന്നു,
ചങ്ങലയിലെന്നപോലെ മരിക്കുന്നു,
പിച്ചക്കാരികളെപ്പോലെ പിരിഞ്ഞുപോകുന്നു.
അവനവന്റെ മരണം
ദൈവമേ, ഓരോ മനുഷ്യനും യഥോചിതമായ മരണം നല്കേണമേ,
അർത്ഥവും തൃഷ്ണയും സ്നേഹവും നിറഞ്ഞ ഒരു ജീവിതത്തിനൊടുവിൽ
മരണത്തിലേക്കു കടന്നുപോവുകയാണയാളെന്നു വരുത്തേണമേ.
ഞങ്ങളുടെ മരണം
പാവം മൃഗങ്ങളിലും പാവങ്ങളാണു ഞങ്ങൾ, ദൈവമേ,
അന്ധമായിട്ടാണെങ്കിലും അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ;
ഞങ്ങളുടെ മരണം പക്ഷേ, പാതിവഴിയെത്തി നില്ക്കുന്നു.
ഞങ്ങൾക്കു വഴി കാട്ടാൻ അവനെ അയക്കേണമേ:
ത്വരിതഗാമിയായി മെയ്മാസമെത്തുമ്പോൾ
അഴികളിൽ വല്ലികൾ പടർത്താൻ വിദഗ്ധനാണവൻ.
കഠിനമാണ്, ഞങ്ങൾക്കന്യവുമാണ് മരണം,
ഞങ്ങൾ മരിക്കുന്ന മരണം ഞങ്ങളുടെ സ്വന്തവുമല്ല;
വിളഞ്ഞുപഴുത്തതിൽ പിന്നെ കൊഴിയുന്നതല്ല ഞങ്ങളുടെ മരണം,
ചുഴലിക്കാറ്റു പറിച്ചെടുത്തു പായുന്ന മറ്റൊന്നാണത്.
വിളഞ്ഞുമധുരിക്കുന്ന മരണം കായ്ക്കാൻ, ദൈവമേ,
നിന്റെ വളപ്പിൽ ആണ്ടോടാണ്ടു നോറ്റുനില്ക്കുന്ന മരങ്ങൾ, ഞങ്ങൾ.
വിളവെടുപ്പിന്റെ കാലം വരുമ്പോൾ, പക്ഷേ,
നീ വന്ധ്യകളാക്കിയ സ്ത്രീകളെപ്പോലെയാകുന്നു ഞങ്ങൾ:
അടഞ്ഞവർ, ഫലഹീനർ, വാഗ്ദത്തലംഘകർ.
ഞങ്ങളുടെ ധാർഷ്ട്യം അധികപ്പറ്റായോ?
ഞങ്ങളിലും ഭേദം മരങ്ങളാണെന്നു വരുമോ?
ഒരു മടിയും പറയാതെ വഴങ്ങിക്കൊടുക്കുന്ന
യോനിയും ഗർഭപാത്രവുമാണെന്നോ ഞങ്ങൾ?
അതെ, നിത്യതയുടെ തേവിടിശ്ശികളായിരുന്നു ഞങ്ങൾ,
ഞങ്ങൾ നൊന്തുപെറ്റതോ,
സ്വന്തം മരണത്തിന്റെ ചാപിള്ളകളെ;
അംഗഹീനമായ, ദൈന്യരൂപമായ ഒരു ഭ്രൂണം;
പേടിച്ചരണ്ടപോലതു കൺകുഴികൾ പൊത്തിയിരിക്കുന്നു,
താനനുഭവിക്കാത്തൊരു നോവിന്റെ ഭീതിയിൽ
അതിന്റെ വീർത്തുന്തിയ നെറ്റിയിൽ ഞരമ്പുകൾ പിടഞ്ഞിരിക്കുന്നു-
അങ്ങനെ ഒരാളൊഴിയാതെ ഞങ്ങൾ മരിക്കുന്നു,
മാസമെത്തും മുമ്പേ പേറ്റുനോവെടുത്തു വയറു കീറിയ
വേശ്യകളെപ്പോലെ.
അഗതിയായ ദൈവം
സാധു നീ, അഗതി നീ,
കിടക്കാനിടമില്ലാത്ത കല്ലു നീ,
നാട്ടിൽ കയറ്റാത്ത കുഷ്ടരോഗി,
കൈയിലൊരു മണിയുമായലയുന്നവൻ.
നിനക്കൊന്നും സ്വന്തമല്ല, കാറ്റിനെപ്പോലെ;
നിന്റെ നഗ്നത മറയ്ക്കാൻ നിന്റെ മഹിമ മാത്രം;
ഒരനാഥബാലന്റെ ഉടുവസ്ത്രം എത്ര കേമം,
അതവന്റെ സ്വന്തമെങ്കിലുമാണ്.
ഒരു പെൺകുട്ടിക്കുള്ളിലെ ബീജം പോലത്ര സാധു നീ;
അതു മറയ്ക്കാൻ അവൾ ശ്രമിക്കുന്നു,
തന്റെ ഗർഭത്തെ ശ്വാസം മുട്ടിക്കാനാവാം,
അവൾ തന്റെ തുടകളിടുക്കിപ്പിടിച്ചിരിക്കുന്നു.
എത്ര സാധു നീ:
നഗരത്തിന്റെ മേല്പുരകളെ തഴുകുന്ന
വസന്തകാലത്തെ ചാറ്റമഴ പോലെ,
എന്നെന്നേക്കുമായി ലോകം വിലക്കപ്പെട്ട
തടവുകാർ കാണുന്ന സ്വപ്നം പോലെ.
അസ്വസ്ഥരെങ്കിലും സന്തുഷ്ടരായ രോഗികളെപ്പോലെ;
യാത്രകളുടെ ഭ്രാന്തൻ കാറ്റിൽ
പാളങ്ങൾക്കരികുപറ്റിനിന്നു വിറയ്ക്കുന്ന
ദുഃഖിതരായ പാവം പൂക്കളെപ്പോലെ;
കരയുമ്പോൾ നാം വായ പൊത്തുന്ന കൈ പോലെ,
എത്ര സാധു നീ...
നിന്നെ വെച്ചുനോക്കുമ്പോളെത്ര ഭേദമാണവ,
തണുത്തുവിറയ്ക്കുന്ന കിളികൾ;
ദിവസങ്ങളായി വിശന്നലയുന്ന നായ;
പൂട്ടിയിട്ടതിൽ പിന്നെ മറന്നുപോയ വീട്ടുമൃഗത്തിന്റെ
നിശ്ശബ്ദവും ദീർഘവുമായ വിഷാദം.
അനാഥാലയങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്നവർ,
വേദനിയ്ക്കുന്ന നിന്നെ വെച്ചുനോക്കുമ്പോൾ
എത്ര ഭേദമാണവർ?
തിരികല്ലുകളല്ല, വെറും കൽത്തുണ്ടുകൾ മാത്രമാണവർ,
എന്നാലല്പമെങ്കിലും ധാന്യം പൊടിക്കാനവർക്കാവുന്നുണ്ട്.
എന്നാൽ അഗതികളിൽ വെച്ചേറ്റവും അഗതി നീ,
മുഖം പൊത്തിയ യാചകൻ,
ദാരിദ്ര്യത്തിന്റെ സാരാംശം,
വെയിലത്തു തുറന്നുവെച്ച സ്വർണ്ണത്തിന്റെ
നിത്യമായ രൂപാന്തരം.
നാടില്ലാത്തവൻ, സ്വസ്ഥൻ നീ,
ലോകത്തേക്കിറങ്ങിയിട്ടുമില്ല നീ:
അത്ര വലുതും എടുത്തു പെരുമാറാൻ പറ്റാഠതും.
കൊടുങ്കാറ്റൂതുമ്പോൾ നിന്റെ രോദനം കേൾക്കുന്നു.
നീയൊരു കിന്നരം പോലെ,
വാദകന്റെ വിരലുകള്‍ നിന്നിൽ ഞെരിയുന്നു.
അറിവു നീ...
അറിവായവനേ,
ദാരിദ്ര്യവും ദാരിദ്ര്യത്തിന്റെ സമൃദ്ധിയും
അറിവുന്നുറവായവനേ,
പാവങ്ങളിനിമേൽ പരിത്യക്തരാവാതിരിക്കട്ടെ,
ചവിട്ടടികളിൽ ഞെരിയാതിരിക്കട്ടെ.
വേരു പറിഞ്ഞവരാണന്യർ,
സാധുക്കൾ
പൂക്കളെപ്പോലെ വേരുകളാഴ്ന്നിറങ്ങിയവരും,
തുളസി പോലെ മണക്കുന്നവർ,
അവരുടെ ഇലകൾ നോക്കൂ,
അരികു ചുളിഞ്ഞതും നേർത്തതും.
അവരെ നോക്കൂ...
അവരെ നോക്കൂ,
അവരേതു മാതിരിയെന്നു നോക്കൂ:
കാറ്റ് തട്ടിയുരുട്ടുമ്പോലവർക്കിളക്കം വയ്ക്കുന്നു,
ഒരു കൈ എടുത്തുപിടിച്ചപോലവരനങ്ങാതെയുമാവുന്നു.
അവരുടെ പ്രസന്നമായ കണ്ണുകൾ കണ്ടാൽ
വേനൽമഴ കുളിപ്പിച്ച പുല്പുറങ്ങൾ പോലെ.
അവരുടെ കൈകൾ
അവരുടെ കൈകൾ സ്ത്രീകളുടേതു പോലെ,
മാതൃത്വം പേറുന്ന ആ കൈകൾ പോലെ;
കൂടു കൂട്ടുന്ന കിളികളെപ്പോലുത്സാഹികൾ-
വിശ്വാസത്തിന്റെ ശാന്തതയും ഊഷ്മളതയും നിറഞ്ഞവ,
ഒരു കോപ്പ പോലെടുത്തു പിടിക്കാവുന്നവ.
അവരുടെ ചുണ്ടുകൾ
അവരുടെ ചുണ്ടുകൾ ഒരു പ്രതിമയുടെ ചുണ്ടുകൾ പോലെ,
മിണ്ടുകയോ ശ്വസിക്കുകയോ ചുംബിക്കുകയോ ചെയ്യാത്തവ;
എന്നാൽ പൊയ്പോയൊരു ജീവിതത്തിൽ
എന്തൊക്കെയവ ഏറ്റുവാങ്ങിയിരുന്നില്ല, ചിട്ടപ്പെടുത്തിയിരുന്നില്ല;
എന്നാലിന്നെല്ലാമറിയുന്ന പോലവ ഞൊറിയുന്നുണ്ടെങ്കിലും
അവ വെറും രൂപകം മാത്രം, വസ്തുവും ശിലയും മാത്രം.
അവർ ജീവിക്കും
അവർ ജീവിക്കും, അവർ വർദ്ധിക്കും,
കാലത്തിന്റെ യുദ്ധങ്ങളെയവർ അതിജീവിക്കും;
കാട്ടുപഴങ്ങൾ പോലവർ വളരും,
മധുരങ്ങൾ കൊണ്ടവർ നിലം പൊതിയും.
പുറത്തു മഴയും കൊണ്ടിളകാതെ നിന്നവർ,
അവർ അനുഗൃഹീതർ,
അവർക്കുള്ളതത്രേ വിളവെടുപ്പുകൾ,
പാകമായ കനികളുടെ സമൃദ്ധിയും.
ഏതന്ത്യത്തെയുമവർ മറികടക്കും,
അർത്ഥനാശം വന്ന ഏതു രാജവംശത്തെയും;
അന്യവർഗ്ഗങ്ങൾക്കും രാഷ്ട്രങ്ങൾക്കും കൈ കുഴയുമ്പോൾ
വിശ്രമിച്ച കൈകൾ പോലവരുയർന്നു നില്ക്കും.
നഗരത്തിന്റെ തിന്മകളിൽ നിന്ന്
നഗരത്തിന്റെ തിന്മകളിൽ നിന്നവരെയകറ്റൂ, ദൈവമേ-
അവർക്കു മല്ലു പിടിക്കേണ്ടി വരുന്ന
കലുഷവും രുഷ്ടവുമായ പരിസരങ്ങളിൽ നിന്ന്,
മുറിപ്പെട്ട ക്ഷമയോടെ കാത്തിരിക്കുമ്പോഴും
അവരെ കാർന്നുതിന്നുന്ന ക്ഷുബ്ധജീവിതത്തിൽ നിന്ന്.
ഭൂമിയിൽ പാവങ്ങൾക്കൊരിടവുമില്ലേ?
കാറ്റ് തേടുന്നതാരെ?
ചോലയുടെ തെളിമ മൊത്തുന്നതാര്?
തടാകത്തിന്റെ കയങ്ങളിലൊരിടവുമില്ലേ,
അവരുടെ ജനാലപ്പടിയെ, വാതിലിനെ പ്രതിഫലിപ്പിക്കാൻ?
പാവങ്ങൾക്കൊരു പഴുതേ വേണ്ടൂ,
തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ,
മരങ്ങളെപ്പോലെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ