നിത്യസഞ്ചാരിയായ ഹൈക്കുകവി. 1882 ഡിസംബർ 3ന് യമാഗുച്ചി പ്രവിശ്യയിലെ സമ്പന്നനായ ഒരു ജന്മിയുടെ മകനായി ജനിച്ചു. അച്ഛൻ ധൂർത്തനും സ്ത്രീലമ്പടനുമായിരുന്നു. സന്റോക്കയ്ക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ അമ്മ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. അടുത്തൊരിടത്ത് കളിച്ചുകൊണ്ടു നിന്ന സന്റോക്ക വന്നപ്പോൾ കണ്ടത് കിണറ്റിൽ നിന്നു പൊക്കിയെടുക്കുന്ന അമ്മയുടെ നിശ്ചേഷ്ടശരീരമാണ്. ആ കാഴ്ച അദ്ദേഹത്തെ ജീവിതാന്ത്യം വരെയും വേട്ടയാടിയിരുന്നു. അമ്മയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്തായാലും അച്ഛന്റെ കുത്തഴിഞ്ഞ ജീവിതമാണ് അതിനു പ്രേരണയായി അദ്ദേഹം കണ്ടത്. അതിനു ശേഷം മുത്തശ്ശിയുടെ സംരക്ഷണയിലാണ് സന്റോക്ക വളർന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം 1902ൽ ടോക്ക്യോ സർവ്വകലാശാലയിൽ സാഹിത്യപഠനത്തിനു ചേർന്നു. ഇക്കാലമായപ്പോഴേക്കും അദ്ദേഹം സാമ്പ്രദായികരീതിയിലുള്ള ഹൈക്കു എഴുതിത്തുടങ്ങിയിരുന്നു. ഇക്കാലത്തു തന്നെയാണ് മലമുകളിലെ അഗ്നി എന്നർത്ഥം വരുന്ന സന്റോക്ക എന്ന തൂലികാനാമം സ്വീകരിക്കുന്നതും. 1904ൽ പക്ഷേ, അദ്ദേഹം പഠനം ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങി. മാനസികമായ ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞതെങ്കിലും അമിതമായ മദ്യപാനമാവാം യഥാർത്ഥത്തിൽ അതിലേക്കു നയിച്ചത്. കുടുംബസ്വത്തു മുഴുവൻ തുലച്ചുകളഞ്ഞ അച്ഛന് മകന്റെ വിദ്യാഭ്യാസച്ചെലവു നടത്താനുള്ള കഴിവും ഇല്ലായിരുന്നു. അച്ഛൻ ഇക്കാലത്ത് നെല്ലിൽ നിന്നു വീഞ്ഞുണ്ടാക്കാനുള്ള ഒരു ഫാക്റ്ററി തുടങ്ങിയിരുന്നു. ബിസിനസ്സിൽ അദ്ദേഹം മകനേയും കൂടെക്കൂട്ടി. 1909ൽ അച്ഛന്റെ നിർബന്ധപ്രകാരം അടുത്തൊരു ഗ്രാമത്തിൽ നിന്ന് സന്റോക്ക വിവാഹവും കഴിച്ചു. രണ്ടിലും, ബിസിനസ്സിലും വിവാഹത്തിലും, അദ്ദേഹം പരാജയമായിരുന്നു. 1916ൽ നഷ്ടത്തെത്തുടർന്ന് ഫാക്റ്ററി പൂട്ടി; അച്ഛൻ ഒളിവിൽ പോയി. സന്റോക്ക ഭാര്യയും മകനുമൊപ്പം കുമാമോട്ടോയിലേക്കു താമസം മാറ്റി. സന്റോക്കയുടെ ഭാര്യ അവിടെ ചിത്രങ്ങളുടെ ചട്ടം വില്ക്കുന്ന ഒരു പീടിക തുറന്നു. ഇതിനിടെ കുടുംബത്തിന്റെ കടങ്ങൾ ഒറ്റയ്ക്കു നേരിടേണ്ടിവന്ന അനുജൻ 1918ൽ ആത്മഹത്യ ചെയ്തു. അതേ വർഷം തന്നെയാണ് അദ്ദേഹത്തെ വളർത്തിയ മുത്തശ്ശിയുടെ മരണവും നടന്നത്. 1919ൽ അദ്ദേഹം ഭാര്യയേയും മകനേയും വിട്ട് ടോക്ക്യോവിൽ പോയി അവിടെ ഒരു സിമന്റ് ഫാക്ടറിയിൽ ജോലിക്കു ചേർന്നു. അതു താങ്ങാൻ പറ്റാതെ ഒരു ലൈബ്രറിയിൽ ജോലിയെടുത്തുവെങ്കിലും ഒടുവിൽ അതും ഉപേക്ഷിച്ചു. 1923 ഒക്ടോബറിൽ കാന്റോയിലുണ്ടായ ഭൂകമ്പത്തിൽ താൻ താമസിച്ചിരുന്ന കെട്ടിടം തകർന്നതോടെ അദ്ദേഹം വീണ്ടും നാട്ടിലേക്കു തന്നെ മടങ്ങി. 1924 ഡിസംബറിൽ കുടിച്ചു ബോധം കെട്ട സന്റോക്ക ട്രെയിനിനു മുന്നിൽ കയറി നിന്നു; അത് ആത്മഹത്യ ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നോ അതോ കുടിച്ചു ബോധം കെട്ടവന്റെ അഭ്യാസമായിരുന്നോ എന്നറിയില്ല; എന്തായാലും ഡ്രൈവർ കണ്ടതിനാൽ അദ്ദേഹം മരണത്തിൽ നിന്നൊഴിവായി. പോലീസിനു പകരം ഒരു സെൻ ആശ്രമത്തിലാണ് റയിൽവേ അധികാരികൾ അദ്ദേഹത്തെ ഏല്പിച്ചത്. അവിടെ മോച്ചിസുക്കി ഗ്യാൻ എന്ന ഗുരുവിനു കീഴിൽ അദ്ദേഹം ബുദ്ധമതപഠനവും ധ്യാനപരിശീലനവും ആരംഭിച്ചു. 1925ൽ 44 വയസ്സുള്ളപ്പോൾ അദ്ദേഹം സോട്ടോ എന്ന സെൻ വിഭാഗത്തിൽ ഒരു പുരോഹിതനായി ദീക്ഷയേല്ക്കുകയും ചെയ്തു. 1926 ഏപ്രിലിൽ പക്ഷേ അദ്ദേഹം അതുപേക്ഷിച്ച് പിന്നീടു തന്റെ ജീവിതചര്യയായി മാറിയ യാത്രകൾക്കിറങ്ങി. അതിനദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്നറിയില്ല; ഒരിടത്തും തങ്ങിനില്ക്കാത്ത തന്റെ പ്രകൃതത്തിന് അതാണു യോജിച്ചതെന്ന് അദ്ദേഹം കരുതിക്കാണും; അല്ലെങ്കിൽ സൈഗ്യോ, ബഷോ തുടങ്ങി സഞ്ചാരികളും കവികളുമായ തന്റെ പൂർവ്വഗാമികളെ അദ്ദേഹം മാതൃകയായി സ്വീകരിച്ചതുമാവാം. ആ യാത്ര അദ്ദേഹം പതിനാറു കൊല്ലം നടത്തി. വിശപ്പും രോഗവും രൂക്ഷമായ പ്രകൃതിയും സഹിച്ച് ഇരുപത്തെണ്ണായിരത്തോളം മൈൽ അദ്ദേഹം നടന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിനിടയിലും അമിതമായ മദ്യപാനം തുടർന്നുപോന്നിരുന്നു. 1932ൽ ശിഷ്യന്മാർ കെട്ടിക്കൊടുത്ത ഒരു കുടിലിൽ അദ്ദേഹം താമസമാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകവും ഈ വർഷമാണ് ഇറങ്ങിയത്. 1935ൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടു. അദ്ദേഹം പിന്നെയും യാത്ര തുടങ്ങി. ഒടുവിൽ 1939ൽ മത്‌സുയാമയ്ക്കടുത്തുള്ള ഒരാശ്രമത്തിൽ അദ്ദേഹം ചെന്നുചേർന്നു. 1940 ഒക്ടോബർ 10ന് സന്റോക്ക ഉറക്കത്തിൽ മരിച്ചു കിടക്കുന്നതായി കാണപ്പെട്ടു.
സന്റോക്കയുടെ കവിതയും ജീവിതവും തമ്മിൽ ഭേദമില്ല. മഴയെക്കുറിച്ചു ഹൈക്കു എഴുതുമ്പോൾ ഒരു ഭിക്ഷുവിന്റെ നേർത്ത മേലങ്കിയും വൈക്കോൽത്തൊപ്പിയും ധരിച്ച് മഴയത്തു നടന്നുകൊണ്ടു തന്നെയാണ് അദ്ദേഹം അതെഴുതുന്നത്. ആ മഴ ശരിക്കും നനയിക്കുന്ന, ശരിക്കും എല്ലു വിറപ്പിക്കുന്ന മഴയുമാണ്. ഉറക്കം പോലും ദീർഘദൂരം യാത്ര ചെയ്തു തളർന്ന ഒരാൾക്ക് സാന്ത്വനം നല്കുന്നതുമല്ല; വഴിവക്കിൽ, കല്ല് തലയിണയാക്കിയ അസ്വസ്ഥമായ ഉറക്കമാണ്. സന്റോക്ക തന്റെ യാത്രയിൽ അനുഭവിക്കുന്ന പ്രകൃതി ബഷോ, ബുസോൺ തുടങ്ങിയ പൂർവ്വഗാമികളുടെ പ്രകൃതിയുമല്ല. പൊള്ളുന്ന വെയിലും മജ്ജ മരവിപ്പിക്കുന്ന മഴയും പൊടിയും ചെളിയും നിറഞ്ഞു നീണ്ടുകിടക്കുന്ന വഴികളുമായി ശരിക്കും ഉടൽ തളർത്തുന്ന ഒരു ഭൗതികാനുഭവമാണത്. മറ്റു കവികൾ പ്രകൃതിയുടെ ഉദാത്തസൗന്ദര്യത്തിൽ നിന്നാണ് സത്യം കണ്ടെത്താൻ ശ്രമിച്ചതെങ്കിൽ സന്റോക്ക അതിന്റെ നഗ്നതയിലാണ് തന്റെ സത്യവും മുക്തിയും തേടിയത്.
1
പടിഞ്ഞാറുള്ളവർക്കിഷ്ടം
മലകളെ കീഴടക്കാൻ
കിഴക്കുള്ളവർക്കിഷ്ടം
മലകളെ ധ്യാനിക്കാൻ
എനിക്കിഷ്ടം
മലകളെ രുചിക്കാൻ.
2
ബുദ്ധന്റെ കുഞ്ഞുവിഗ്രഹം-
മനുഷ്യർക്കു വേണ്ടിയല്ലേ
അതു മഴ കൊള്ളുന്നു?
3
അസ്തമിക്കുന്ന ചന്ദ്രനെ
നോക്കിനില്ക്കെ
ഞാൻ ഞാനാകുന്നു.
4
ജീവിതത്തിനും
മരണത്തിനുമിടയിൽ
തോരാത്ത മഞ്ഞുമഴ.
5
നടന്നിരക്കുമ്പോൾ
തലയ്ക്കു മേൽ
എരിയുന്ന മാനം.
6
ചന്ദ്രനുദിക്കുന്നു
ഒന്നിനും
കാത്തുനില്ക്കാതെ.
7
ഏകാന്തത
ഈ നേർവഴി
നിറയെ.
8
ഓരോ നാളും
നാം കാണുന്നു
അസുരന്മാരെ
ബുദ്ധന്മാരെ.
9
കാലിടറി
ഞാൻ വീണു
മലകൾ അനങ്ങിയില്ല.
10
ഒഴിഞ്ഞ വയറ്റിൽ
തുളച്ചുകേറുന്നു
നിലാവ്.
11
ഉറക്കം വരാതെ
ആ കൂമൻ
ഈ ഞാൻ.
12
പുല്പരപ്പിൽ കിടക്കുമ്പോൾ
ഈ യാത്രയുടെ മുറിവുകൾ
സൂര്യനു ഞാൻ തുറന്നുവയ്ക്കുന്നു.
13
ഉച്ചയുറക്കം വിട്ടെഴുന്നേല്ക്കുമ്പോൾ
നാലുപാടും മലകൾ.
14
ഇരിക്കാനിടമില്ലാതെ
കാക്ക കരയുന്നു
കാക്ക പറക്കുന്നു.
15
മഞ്ഞു പെയ്യുമ്പോൾ
ഒറ്റയ്ക്ക്,
ഒറ്റയ്ക്ക് ഞാൻ നടക്കുന്നു.
16
പിച്ചച്ചട്ടിയിൽ
വന്നുവീണത്
പഴുക്കില.
17
വലിച്ചെറിഞ്ഞെനിക്കു കിട്ടുന്നു
ഒരൊറ്റനാണയത്തിന്റെ
തിളക്കം.
18
മുഖത്തോടു മുഖം നോക്കി
നാം ചിരിക്കുന്നു
ഇനിയൊരിക്കലും
കണ്ടുമുട്ടാത്ത നാം.
19
ചുമ നില്ക്കുന്നില്ല
പുറം തടവാൻ
ആരുമില്ല.
20
മഴ പെയ്യുന്നു
വെയിലു വീഴുന്നു
മരിക്കാനൊരിടം തേടി
ഞാൻ നടക്കുന്നു.
21
നടന്നുതളർന്ന കാലുകൾ
അതിലൊന്നിൽ
പറന്നിറങ്ങിയ തുമ്പി.
22
പുൽത്തുമ്പത്തൊരു
തുമ്പി
മനോഗതങ്ങളിൽ
മുഴുകി.
23
നാട്ടിലിപ്പോൾ
മഴ പെയ്യുകയാവും
നഗ്നപാദനായി
ഞാൻ നടക്കുന്നു.
24
തളിരിലകളിൽ നിന്നിറ്റുന്നു
എന്റെ
വൈക്കോൽത്തൊപ്പിയിൽ നിന്നിറ്റുന്നു.
25
ഉടലിനു സാക്കെ, ആത്മാവിനു ഹൈക്കു,
ഉടലിന്റെ ഹൈക്കു സാക്കെ,
ആത്മാവിന്റെ സാക്കെ ഹൈക്കു.
26
നല്ലൊരു പാർപ്പിടത്തിലേക്ക്
നല്ലൊരു വഴി
ശവക്കുഴി.
27
മഞ്ഞുകാലത്തെ മഴമേഘങ്ങൾ
പട്ടാളക്കാർ ചൈനയിലേക്കു പോകുന്നു
ചീളുകളായി ചിതറാൻ.
28
ഇന്നും
കത്തുകളില്ല
പൂമ്പാറ്റകൾ മാത്രം.
29
ശേഷിച്ച ഈച്ചകൾക്ക്
ഞാൻ
പരിചിതൻ.
30
ബാക്കിയായ
ജീവൻ കൊണ്ട്
ഞാൻ വയറു ചൊറിയുന്നു.
31
നല്ല സത്രം
ഇരുപുറം മലകൾ
മുന്നിൽ ചാരായക്കട.
32
കുയിലേ,
നമുക്കു നാളെ
ആ മല കയറാം.
33
ഒഴുകി, ഒഴുകി
ചെളിവെള്ളം
തെളിയുന്നു.
34
ഒരു പൊളിഞ്ഞ കുടിലിൽ
എന്റെ പൊളിഞ്ഞ ജീവിതം
ഞാനൊളിപ്പിക്കുന്നു.
35
അതെന്റെ മുഖമായിരുന്നു
ആ തണുത്ത കണ്ണാടിയിൽ
കണ്ടത്.
36
തലയ്ക്കുള്ളിൽ
എവിടെയോ
ഒരു കാക്ക കരയുന്നു.
37
മരിക്കാൻ മോഹമില്ല
ജീവിക്കാൻ മോഹമില്ല
തലയ്ക്കു മേൽ കാറ്റു വീശുന്നു.
ഡയറിയിൽ നിന്ന്
* ഒരു ദിവസത്തെ ജീവിതം കൊണ്ട് പ്രപഞ്ചത്തെക്കുറിച്ചുള്ള നിങ്ങളുടെ ഒരു ദിവസത്തെ സംശയങ്ങളേ പരിഹരിക്കപ്പെടുന്നുള്ളു.
* തന്നെത്തന്നെ കീഴടക്കുമ്പോൾ മനുഷ്യജീവിതം ആരംഭിക്കുന്നു, തന്നെത്തന്നെ കീഴടക്കിക്കൊണ്ട് അതവസാനിക്കുന്നു.
* തന്റെ ഊർജ്ജമെല്ലാം ഉപയോഗപ്പെടുത്തിയവൻ, പ്രാർത്ഥനയുടെ ഒരു വാക്കു പോലും ഉരുവിടാത്തവൻ, വ്യാമോഹങ്ങളിൽ നിന്നു മുക്തനാണവൻ.
* പ്രാർത്ഥിക്കാതെ വയ്യെന്നാണെങ്കിൽ തന്നിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചോളൂ.
* ആത്മരതി ആത്മപ്രശംസയല്ല. തന്നെത്തന്നെ സ്നേഹിക്കുന്നവനാണ് തന്നോടൊട്ടും ദാക്ഷിണ്യം കാണിക്കാത്തതും.
* തേടിയിട്ടു കിട്ടിയില്ലെങ്കിൽ അതിൽ ഖേദിക്കരുത്; തേടിക്കിട്ടിയതു കൊണ്ടു പോരെന്നാണെങ്കിൽ അതിൽ ഖേദിക്കുക.
* നരകത്തിൽ നിന്നു വന്നവൻ അലറിവിളിച്ചുകൊണ്ടോടുന്നില്ല. മണ്ണിൽ കണ്ണു നട്ട് മൂകനായി അയാൾ നടക്കുന്നു.
* വിദഗ്ധമായി നിർമ്മിച്ച കവിതയേക്കാൾ അവിദഗ്ധമായി ജനിച്ച കവിതയാണ് എനിക്കിഷ്ടം.
* കഴിവില്ലാത്ത, ചുണയില്ലാത്ത എനിക്ക് രണ്ടു കാര്യങ്ങളേ ചെയ്യാനുള്ളു: എന്റെ രണ്ടു കാലിൽ നടക്കുക, എന്റെ കവിതകൾ എഴുതുക.
* തങ്ങൾ എന്താണോ, ശരിക്കും അതാകുമ്പോഴാണ് ആളുകൾ സന്തുഷ്ടരാവുക. യാചകൻ ശരിക്കും യാചകനായാലേ, യാചകനാവുന്നതിന്റെ സുഖം അയാളറിയൂ.
* മരണം! തണുത്തതെന്തോ നിങ്ങളുടെ ഉടലിനെയാകെ പൊതിയുന്നു; ഏകാന്തമായ, പേടിപ്പെടുത്തുന്ന, വിവരിക്കാനാവാത്ത ഒരു തണുപ്പ്.
* ദരിദ്രനാവുന്നതിൽ ഒരു കുഴപ്പവുമില്ല; അതിന്റെ നാറ്റമുണ്ടാവരുതെന്നേയുള്ളു.
*എന്റെ ജീവിതത്തിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ- എന്നു പറഞ്ഞാൽ, എന്റെ കവിതയിൽ നല്ലതായിട്ടെന്തെങ്കിലും ഉണ്ടെങ്കിൽ- അതിതു കൊണ്ടാണ്: അത് മറ്റൊന്നിന്റെയും അനുകരണമല്ല, അതിൽ സൂത്രപ്പണികളില്ല, അത് കുറച്ചു നുണകളേ പറയുന്നുള്ളു, അത് സ്വാഭാവികവുമാണ്.
* കൊതുകുവലയ്ക്കടിയിൽ നീണ്ടുനിവർന്നു കിടന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുക- അതാണ് പരമസ്വർഗ്ഗം!
* ഇതേ വരെ എന്റെ ഹൈക്കു വീഞ്ഞു പോലെയായിരുന്നു, മോശമല്ലെങ്കിലും അതു വളരെ നല്ലതുമായിരുന്നില്ല. ഇനി മുതൽ എന്റെ ഹൈക്കു ജലം പോലെയായിരിക്കും- തെളിഞ്ഞത്, തിളങ്ങുന്നത്, കവിഞ്ഞൊഴുകില്ലെങ്കിലും അല ഞൊറിഞ്ഞു പരക്കുന്നത്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ