2017, ഏപ്രിൽ 4, ചൊവ്വാഴ്ച

ദയ്ഗു റയോകാൻ - മഹാവിഡ്ഢി

 

Ryokan_self2

ബോധോദയം നേടിയ ശേഷം “ശാന്തമായ മുഖവും സൌമ്യമായ വാക്കുകളുമായി” ലോകത്തേക്കു മടങ്ങുക എന്ന സെൻ ആദർശത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ റയോകാൻ Ryokan (1758-1831). ജപ്പാനിലെ ഒരു ഗ്രാമമുഖ്യന്റെ മകനായി ജനിച്ച റയോകാൻ ആ സ്ഥാനത്തിനു തനിക്കുള്ള അവകാശം അനുജനു വിട്ടുകൊടുത്തിട്ട് പതിനെട്ടാമത്തെ വയസ്സിൽ നാട്ടിലെ ക്ഷേത്രത്തിൽ സെൻ പഠനത്തിനു ചേർന്നു. നാലു കൊല്ലം കഴിഞ്ഞ് കോകുസെൻ എന്ന ഗുരുവിന്റെ ശിഷ്യനായി. പന്ത്രണ്ടു കൊല്ലത്തിനു ശേഷം, ഗുരു മരിച്ചതില്പിന്നെ, അദ്ദേഹം കുറേ വർഷം സഞ്ചാരിയായി നടന്നു. 1795ൽ അച്ഛൻ ആത്മഹത്യ ചെയ്തതറിഞ്ഞ് കാൽനടയായെത്തി ശേഷക്രിയ നടത്തി. പിന്നീടുള്ള കാലം ജപ്പാനിലെ സാംസ്കാരികകേന്ദ്രങ്ങളിൽ നിന്നൊക്കെയകലെ സ്വന്തം നാട്ടിൽ തന്നെയാണ്‌ അദ്ദേഹം കഴിച്ചുകൂട്ടിയത്. കുഗാമി മല കയറുമ്പോൾ പാതി വഴിക്കു കണ്ട ഒരൊഴിഞ്ഞ കുടിലിൽ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. മലയടിവാരത്തെ ഗ്രാമത്തിൽ നിന്നു ഭിക്ഷ കിട്ടുന്നതായിരുന്നു ആഹാരം. മതപരമോ സാമൂഹികമോ ആയ പ്രവൃത്തികളിലേർപ്പെടുന്നതിനു പകരം കുട്ടികളുമായി കളിക്കുന്നതായിരുന്നു അദ്ദേഹത്തിനു പ്രിയം. അവരുമായി തുണിപ്പന്തു തട്ടിക്കളിക്കുന്നതും താൻ മരിച്ചപോലെ കിടക്കുമ്പോൾ അവർ പഴുക്കിലകൾ കൊണ്ടു തന്നെ മൂടിയിടുന്നതുമൊക്കെ അദ്ദേഹത്തിനിഷ്ടമായിരുന്നു. കൂട്ടുകാരെ കാണാൻ ചെല്ലുമ്പോൾ അവരോട് ബുദ്ധനെക്കുറിച്ചു പ്രസംഗിക്കാൻ നില്ക്കാതെ അടുക്കളിൽ കയറി സഹായിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്; അല്ലെങ്കിൽ പൂമുഖത്ത് ഒറ്റയ്ക്കു ധ്യാനിച്ചിരിക്കും. ജീവിതത്തിൽ അദ്ദേഹം ശരിക്കും ദെയ്ഗു, മഹാവിഡ്ഡി,(അദ്ദേഹം സ്വീകരിച്ച തൂലികാനാമം) തന്നെയായിരുന്നു. “അറിവും അജ്ഞതയും രണ്ടും മറന്നേക്കൂ,” അദ്ദേഹം പറഞ്ഞു; “ബുദ്ധൻ നിങ്ങളുടെ മനസ്സിലെ വെറുമൊരു സങ്കല്പമാണ്‌.” ഇക്ക്യുവിനെപ്പോലെ തന്നെ റയോകാനും ചൈനീസ്, ജാപ്പനീസ് ശൈലികളിൽ കവിതയെഴുതിയിരുന്നു. കാലിഗ്രാഫിയിലും അദ്ദേഹം പേരു കേട്ടിരുന്നു. അദ്ദേഹം സ്വന്തം കൈ കൊണ്ടു കവിത കൊത്തി വച്ച ശിലകൾ ജപ്പാന്റെ പല ഭാഗത്തും കാണാം. “ നാം കണ്ടുമുട്ടുന്നു, വേർപിരിയുന്നു...ശേഷിക്കുന്നത് മഷിയുടെയും ചായത്തിന്റെയും പാടുകൾ.” ഒരു കവിതയിൽ അദ്ദേഹം പറയുന്നു.


ചെറുപ്പത്തിൽ, ഞാനോർക്കുന്നു,

ഒഴിഞ്ഞ മുറിയിൽ ഒറ്റയ്ക്കിരുന്നു ഞാൻ വായിച്ചിരുന്നു;

വിളക്കിന്റെ തിരി നീട്ടിനീട്ടിയിരിക്കുമ്പോൾ

ഹേമന്തരാത്രി ദീർഘിക്കുന്നതു ഞാനറിഞ്ഞിരുന്നതേയില്ല.

*

വിശറി വയ്ക്കാനിടം തേടുന്നു
വീശിത്തളർന്ന കൈകൾ.

*

വരൂ, കുട്ടികളേ,
പൂക്കൾക്കു വേണം
തെമ്മാടിക്കൈകളെ.

*

മഴയത്തു കയറിനിൽക്കുമ്പോൾ

ഇന്നു ഭിക്ഷ തെണ്ടാനിറങ്ങുമ്പോൾ
ഞാനൊരു മഴയത്തു പെട്ടുപോയി,
പഴയൊരമ്പലത്തിനുള്ളിൽ
അല്പനേരം ഞാനഭയവും തേടി.
എന്റെ ഗതികേടോർത്തു
നിങ്ങൾ നോക്കിച്ചിരിച്ചോളൂ.
ഒരു വെള്ളക്കുപ്പിയും ഒരു ഭിക്ഷാപാത്രവും,
അത്രയും സ്വന്തമായിട്ടുള്ളവൻ.
എന്നാലെന്റേതൊരു കാവ്യജീവിതം,
ലോകത്തിന്റെ വേവലാതികളകലെയും.

*

ശരൽക്കാലസന്ധ്യ

എത്ര ശാന്തവുമേകാന്തവുമാണു ശരൽക്കാലം!
ഊന്നുവടിയിലൂന്നിനിൽക്കെ കാറ്റിനു കുളിരേറുന്നു,
ഒരേകാന്തഗ്രാമത്തിനു മേൽ മഞ്ഞിന്റെ മേലാട വീഴുന്നു,
ഒരു നാട്ടുപാലം കടന്നൊരു രൂപം വീടണയുന്നു,
പ്രാക്തനവനത്തിനുമേലൊരു കിഴവൻ കാക്ക ചേക്കയേറുന്നു,
കാട്ടുവാത്തുകളൊരു വരയായി ചക്രവാളത്തിലേക്കു ചായുന്നു.
കറുപ്പു ധരിച്ചൊരു ഭിക്ഷു മാത്രം ശേഷിക്കുന്നു,
സന്ധ്യക്കു പുഴക്കരെ നിശ്ചലധ്യാനത്തിൽ.

*

വാഴയിലയിൽ മഴത്തുള്ളികൾ

നിങ്ങൾ വൃദ്ധനും ജരാധീനനുമായിക്കഴിയുമ്പോൾ
ഏതു നേർത്ത ശബ്ദവും നിങ്ങളെ തട്ടിയുണർത്തും;
എന്റെ വിളക്കു മുനിഞ്ഞുകത്തുന്നു,
ഒരന്തിമഴ പെയ്തുതോരുന്നു,
തലയിണയൊതുക്കിവച്ച്
വാഴയിലകളിൽ മഴവെള്ളമിറ്റുന്നതു
മൗനമായി ഞാൻ കേട്ടുകിടക്കുന്നു.
ഈ നിമിഷത്തിന്റെ അനുഭൂതികൾ
ആരുമായി ഞാൻ പങ്കുവയ്ക്കാൻ?

*

മനുഷ്യലോകം വിട്ടാണെന്റെ ജീവിതമെങ്കിൽ
അതിലെന്നെപ്പഴിക്കേണ്ട;
തൃപ്തനാണു നിങ്ങളെങ്കിൽ
ശാന്തിയും നിങ്ങൾക്കുള്ളതു തന്നെ.
പച്ചമലകൾക്കിടയിലൊളിച്ചിരുപ്പില്ല,
മനസ്സിന്റെ ചെന്നായ്ക്കളും കടുവകളുമെന്നാരു കണ്ടു?

*

തെണ്ടിനടക്കൽ

പുല്ലു തലയിണയാക്കി
തുറന്ന പാടത്തു ഞാൻ കിടന്നു,
ആകെ കേട്ട ശബ്ദം
ഒരിരപിടിയൻ കിളിയുടെസീൽക്കാരം.
രാജാക്കന്മാർ, സാമാന്യന്മാർ-
ഒരു സായാഹ്നത്തിലെ
സ്വപ്നശകലങ്ങൾ.

*

കാട്ടുപുല്ലുകൾ വകഞ്ഞെത്രകാലം ഞാൻ കഴിച്ചുവെന്നോ,
ആഴക്കയങ്ങളിലേക്കൊരു നോട്ടം കിട്ടാൻ.
പിന്നെയാണു ഗുരു പറഞ്ഞതിന്റെ പൊരുളു ഞാനറിഞ്ഞതും
ജനിച്ച നാട്ടിലേക്കു ഞാൻ മടങ്ങിയതും.
നിങ്ങൾ വിട്ടുപോകുന്നു, നിങ്ങൾ മടങ്ങിയെത്തുന്നു,
ഒക്കെയും പക്ഷേ, പണ്ടേപ്പോലെ ശേഷിക്കുന്നു-
മലമുടി മൂടുന്ന വെണ്മേഘങ്ങൾ,
നിങ്ങളുടെ കാൽക്കലൊഴുകുന്ന ചോലകൾ.

*

വിരലുണ്ടെന്നതിനാൽ
ചന്ദ്രനെ ചൂണ്ടാൻ നിങ്ങൾക്കായെന്നായി,
ചന്ദ്രനുണ്ടെന്നതിനാൽ
വിരലിനെ നിങ്ങൾക്കറിയാമെന്നുമായി.
രണ്ടല്ല, ഒന്നല്ല, വിരലും ചന്ദ്രനും.
ഈ സദൃശവാക്യം പറയുന്നുവെങ്കിൽ
അതു വെളിപാടിലേക്കുള്ള വഴിയായി മാത്രം.
സംഗതികളതേപടി കാണാൻ നിങ്ങൾക്കായാൽ,
ചന്ദ്രനില്ല പിന്നെ, വിരലുമില്ല പിന്നെ.

*

ഈയിടത്തെത്തിയതിൽപ്പിന്നെത്ര തവണ ഞാൻ കണ്ടു,
ഇലകൾ തളിർക്കുന്നതും, പിന്നെ മഞ്ഞിച്ചുകൊഴിയുന്നതും?
വള്ളികൾ ചുറ്റിപ്പടർന്നു കിഴവൻമരങ്ങളിരുളുന്നു,
താഴവരയുടെ തണലിലും മുളകൾ കിളരം വയ്ക്കുന്നു.
രാത്രിമഴയേറ്റെന്റെ ഊന്നുവടി ദ്രവിച്ചു,
കാറ്റും മഞ്ഞും കൊണ്ടെന്റെ ഉടുവസ്ത്രം പിന്നി.
ഈ പ്രപഞ്ചത്തിന്റെ വിപുലശൂന്യതയിൽ
ഞാൻ ധ്യാനിക്കുന്നതാരെ, രാത്രിയും പകലും?

*

വഴിവക്കിൽ പൂക്കളിറുത്തുനിൽക്കെ
ഞാനെന്‍റെ ഭിക്ഷാപാത്രം മറന്നുവച്ചു;
പാവം, പാവമെൻ പാത്രമേ!

*

ഭിക്ഷ യാചിക്കാൻ പോകവെ
വഴിയിലൊരു പൂത്ത പാടം കണ്ടു,
പൂക്കളും നുള്ളിനുള്ളി
പകലു മുഴുവനവിടെക്കഴിഞ്ഞു.

*

വസന്തത്തിലെ മഴയത്ത്,
വേനൽക്കലെ കാറ്റത്ത്,
ശരത്തിലിളംകാറ്റത്തും
ഭിക്ഷയ്ക്കായി ഞാനിറങ്ങുന്നു,
സർവലോകത്തിനും ശാന്തിയാശംസിച്ചും.

*

എന്റെ ഭിക്ഷാപാത്രത്തിൽ
വയലറ്റുപൂക്കളും ഡയ്സിപ്പൂക്കളുമിടകലർത്തി
നാമതു നിവേദിക്കുക,
ത്രിലോകബുദ്ധന്മാർക്ക്!

*

പൊറുക്കുക
ഞാനിറുത്ത പൂക്കൾ
വാടിത്തുടങ്ങിയെങ്കിൽ,
എനിക്കു നിവേദിക്കാ-
നെന്റെ ഹൃദയമേയുള്ളു.

*

എന്റെ ഓർമ്മയ്ക്കായി ഞാനെന്തു തന്നുപോകാൻ?
വസന്തത്തിൽ ചെറിപ്പൂക്കൾ,
വേനലിൽ കിളിപ്പാട്ടുകൾ,
ശരൽക്കാലത്ത് മേപ്പിളിന്റെ പഴുക്കിലകളും.

*

അന്യരുമായിടപഴകുന്നതു
ഹിതമല്ലെനിക്കെന്നല്ല,
സ്വയം രമിക്കുന്നതാ-
ണതിലും ഹിതമെന്നേയുള്ളു.

*

മലയുടെ നിഴലിൽ
പായലു മൂടിയ പാറകൾക്കു മേൽ
വെള്ളമിറ്റുന്നപോലെ-
അതാണെന്റെ ജീവിതം,
ശാന്തമായി,
ആരുടെയും കണ്ണിൽപ്പെടാതെ,
മലിനപ്പെടാതെയും.

*

മനസ്സിനെ വഴി തെറ്റിയ്ക്കുന്ന മനസ്സ്
മനസ്സു തന്നെ,
മനസ്സിന്മേൽ കുതിച്ചുപായുമ്പോൾ
കടിഞ്ഞാണൊരുനിമിഷവുമയയ്ക്കരുതേ!

*

ഭിക്ഷ യാചിച്ചും കൊണ്ടു പട്ടണത്തിലേക്കു ഞാൻ പോയി,
പോകും വഴിയ്ക്കൊരു പണ്ഡിതവൃദ്ധനെ ഞാൻ കണ്ടു.
അദ്ദേഹമെന്നോടു ചോദിച്ചു, ‘ഗുരോ, അങ്ങെന്തു ചെയ്യുന്നു,
വെണ്മേഘങ്ങളലയുന്ന മലമുടികൾക്കിടയിൽ?’
ഞാനദ്ദേഹത്തോടും ചോദിച്ചു,‘താങ്കളെന്തു ചെയ്യുന്നു,
പ്രായമേറിക്കൊണ്ടീ പട്ടണച്ചെമ്മൺപൊടിയിൽ?’
ഞങ്ങളന്യോന്യമുത്തരം പറയാൻ തുടങ്ങും മുമ്പേ,
പ്രഭാതമണിനാദം മുഴങ്ങിയെന്റെ സ്വപ്നം മുറിഞ്ഞു.

*

കീ-യെന്ന പ്രവിശ്യയിൽ
തകാനോ-യെന്ന ദേശത്ത്
പഴയൊരമ്പലത്തിൽ
ഞാൻ രാത്രി കഴിച്ചു,
ദേവതാരങ്ങളിലിറ്റുന്ന
മഴത്തുള്ളികളെക്കേട്ടും.

*

അനക്കമറ്റ രാത്രിയിൽ ശൂന്യമായ ജനാലയ്ക്കൽ
ഭിക്ഷുവേഷം ധരിച്ചു ധ്യാനത്തിൽ ഞാനിരുന്നു,
നാഭിച്ചുഴിയും നാസികയുമൊരേ വരയിലാക്കി,
ചുമലുകളുടെ ചായ് വിനൊത്തു കാതുകളിണക്കി.
ജനാല വെളുക്കുന്നു- ചന്ദ്രനുദിച്ചുയരുന്നു,
മഴ പെയ്തുതോരുന്നു, തുള്ളികൾ പിന്നെയുമിറ്റുന്നു.
വിസ്മയാവഹം-ഈ നിമിഷത്തിന്റെ ഭാവം-
വിദൂരം, വിപുലം, എനിക്കു മാത്രമറിയുന്നതും!

*

ഈ ലോകത്തു നമ്മുടെ ജീവിതം-
എന്തിനോടു ഞാനതിനെയുപമിക്കാൻ?
ഒരു മാറ്റൊലിയത്,
മലകൾക്കിടയിൽ മുഴങ്ങുന്നത്,
ഒഴിഞ്ഞ മാനത്തുപോയലിയുന്നത്.

*

ഏകാന്തജീവിതമെങ്ങനെയുണ്ടെ-
ന്നോടൊരാളു ചോദിച്ചാൽ,
ഞാനയാളോടിങ്ങനെ പറയും:
മഴ പെയ്താൽ, പെയ്യട്ടെ!
കാറ്റു വീശിയാൽ, വീശട്ടെ!

*

പേരെടുക്കണമെന്നെനിക്കില്ല,
എന്റെ പ്രകൃതമതിന്റെ വഴിക്കൊഴുകട്ടെ.
പത്തു നാളത്തേക്കുള്ളരി സഞ്ചിയിലുണ്ട്,
ഒരു കെട്ടു വിറകടുപ്പിൻ മൂട്ടിലുമുണ്ട്.
മായ, നിര്‍വാണം -
അതൊക്കെപ്പുലമ്പാനാര്‍ക്കു നേരം?
ഓലപ്പുര മേൽ രാത്രിമഴ പെയ്യുമ്പോൾ
അതു കാതോർത്തു ഞാനിരിക്കുന്നു,
സുഖം പിടിച്ചിരുകാലും നീട്ടി.

*

ഇന്നു നമുക്കൊരുമിച്ചിരിക്കാം;

നാളെയൊരു മലമ്പാത നമുക്കിടയിൽ നീളവേ

പിന്നെയുമൊരേകാകി

ആശ്രമജീവിയാകും ഞാൻ.

*

മലമ്പള്ളത്തിനുള്ളിൽ

മഞ്ഞുകാലത്തൊറ്റയ്ക്കടച്ചിരിയ്ക്കുന്നു ഞാൻ;

ഇത്രയും പ്രായമേറിയൊരുടലിനെ കാണാൻ

താങ്കളല്ലാതാരൊരാൾ വരാൻ?

*

കൊടുങ്കാറ്റു വീശിയ കൂരിരുൾ രാത്രിയിൽ

സഞ്ചാരി കിടന്നുറങ്ങിയ-

തേതു ഗ്രാമത്തിൽ,

ഏതു കുടിലിൽ?

*

മഞ്ഞുകാലരാത്രിയിൽ

മഴച്ചാറൽ കേട്ടുകിടക്കെ

പോയകാലത്തെയോർത്തു ഞാൻ-

അതൊരു സ്വപ്നമോ,

മറയാത്ത നേരോ?

*

തെരുവിൽ ചെണ്ടയടിയും

കുഴൽവിളിയും;

ഗിരിഹൃദയത്തിൽ

പൈൻമരങ്ങളുടെ മർമ്മരം.

*

എന്റെ കൈകളത്ര

നീണ്ടതായിരുന്നുവെങ്കിൽ,

ഈ ലോകത്തെ സർവസാധുക്കളെയും

മാറോടടുക്കാൻ പാകത്തിൽ?

*

വസന്തം കടവടുക്കുന്ന-

തെവിടെയെന്നാരു കണ്ടു?

പുഴമഞ്ഞിൽ കണ്ണിൽപ്പെടുന്നുമില്ല

കേവുവള്ളങ്ങൾ.

*

തുറന്നിട്ട ജനാലയിലൂടെ

കിനാവിനേക്കാൾ തെളിച്ചത്തിൽ

പോയകാലം കയറിവരുന്നു.

*

മഴ പെയ്യുന്ന നാളിൽ

റിയോകാൻ എന്ന ഭിക്ഷുവിന്‌

തന്നെത്തന്നെയോർത്തിട്ടു ഖേദം.

*

കഞ്ഞിയിൽ പാറിവീണു

വേനൽക്കാറ്റിലൊരു

വെള്ളപ്പൂവ്‌.

*

വസന്തത്തിന്നരങ്ങിൽ

നല്ലതില്ല,കെട്ടതില്ല-

പൂവിട്ട ചില്ലകൾ

ചിലതു നീണ്ട്‌,

ചിലതു കുറുകി.

*

ഈ സ്വപ്നലോകത്ത്‌

സ്വപ്നം കണ്ടു പുലമ്പുന്നു നമ്മൾ-

സ്വപ്നം കണ്ടോളൂ,

സ്വപ്നം കണ്ടോളൂ

മതിയാവും വരെ സ്വപ്നം കണ്ടോളൂ.

*

അധികമൊന്നും പറയാനില്ല ചങ്ങാതിമാരേ-

പൊരുളിനെത്തേടുകയാണു നിങ്ങളെങ്കിൽ

പലതിനും പിന്നാലെ പായാതെ.

*

എന്റെ മുറ്റത്തെ

പൂക്കളെ, ചെടികളെ

കാറ്റിന്നിച്ഛയ്ക്കു

വിടുന്നു ഞാൻ.


അഭിപ്രായങ്ങളൊന്നുമില്ല: