തെരുവുകൾ
എന്റെ ഹൃദയമിരിക്കുന്നത്
ബ്യൂണേഴ്സ് അയേഴ്സിലെ തെരുവുകളിൽ.
ആളുകളും വണ്ടികളും തിക്കിത്തിരക്കുന്ന
ആർത്തി പിടിച്ച തെരുവുകളിലല്ല,
കാര്യമായിട്ടൊന്നും നടക്കാത്ത ഇടത്തെരുവുകളിൽ,
കണ്ടുകണ്ട് ഉണ്ടെന്നറിയാതായിപ്പോയവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്തിൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ;
പിന്നെ, അവയ്ക്കുമപ്പുറം,
ആശ്വസിപ്പിക്കാനൊരു മരമില്ലാത്ത,
മോടി കുറഞ്ഞ കൊച്ചുവീടുകൾ പരുങ്ങിനില്ക്കുന്ന,
മരണമില്ലാത്ത ദൂരങ്ങളിൽ മുങ്ങിപ്പോയ,
ആകാശത്തിന്റെയും സമതലത്തിന്റെയും വൈപുല്യത്തിൽ
സ്വയം നഷ്ടമായ തെരുവുകളിലും.
ഏകാകിയായ ഒരാൾക്കവ ഒരു പ്രതീക്ഷയാണ്;
ഒറ്റയൊറ്റയായ ആത്മാക്കൾ ആയിരക്കണക്കാണല്ലോ,
അവയിലധിവസിക്കുന്നത്,
ദൈവത്തിനു മുന്നിലും കാലത്തിലും അനന്യരായവർ,
നിസ്സംശയം അനർഘരായവർ.
വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടും
തെരുവുകൾ ചുരുൾ നിവരുന്നു-
അവയും എന്റെ ദേശം തന്നെ.
ഞാൻ വരച്ചിടുന്ന ഈ വരികളിൽ
അവയുടെ പതാകകൾ പാറട്ടെ.
(1923)
പേരറിയാത്ത തെരുവ്
"മാടപ്രാവിൻ്റെ മങ്ങൂഴം"
സന്ധ്യ മയങ്ങും നേരത്തെ എബ്രായർ വിളിച്ചതങ്ങനെ.
ഇരുട്ടു നമ്മുടെ കാലടികളെ തടഞ്ഞുതുടങ്ങാത്ത നേരം,
ആസന്നരാത്രി നമുക്കനുഭൂതമാകുന്ന നേരം,
എന്നേ നാം കേൾക്കാൻ കൊതിക്കുന്ന പ്രാക്തനസംഗീതം പോലെ,
സുഖകരമായൊരു പാതയിറക്കം പോലെ.
വെളിച്ചത്തിനു പൂഴിമിനുസമായ ആ നേരത്തൊരിക്കൽ
എനിക്കജ്ഞാതമായൊരു തെരുവിൽ ഞാൻ ചെന്നുപെട്ടു
അതിവിശാലം മട്ടുപ്പാവുകളവിടെ,
ചക്രവാളത്തെ മേടുന്ന മാനത്തിൻ്റെ നിറം
ചുമരുകൾക്കും പ്രാകാരശീർഷങ്ങൾക്കും.
എല്ലാം- വിരസവർണ്ണമായ വീടുകൾ,
അനാർഭാടമായ അഴിവേലികൾ, വാതില്പിടികൾ,
മട്ടുപ്പാവിലിരുന്നു മനോരാജ്യം കാണുന്ന പെൺകുട്ടിയുടെ ആശകൾ,-
എല്ലാമെൻ്റെ വ്യർത്ഥഹൃദയത്തിലേക്കു കടന്നുവന്നു,
ഒരു കണ്ണുനീർത്തുള്ളിയുടെ സുതാര്യതയോടെ.
ആ സാന്ധ്യവെളിച്ചത്തിൻ്റെ നേരമാകാം
തെരുവിനൊരാർദ്രത നൽകിയത്,
അതിനെ വിശദവും സജീവവുമാക്കിയത്,
മറന്നതും പിന്നെ ഓർമ്മവന്നതുമായ ഒരുവരിക്കവിതപോലെ.
പിന്നീടു മാത്രമാണിങ്ങനെ ഞാൻ ചിന്തിച്ചത്,
ആ സന്ധ്യനേരത്തെരുവെൻ്റേതായിരുന്നില്ലെന്ന്,
ഓരോ വീടും കവരങ്ങളുള്ളൊരു മെഴുകുതിരിക്കാലാണെന്ന്,
ഒറ്റയൊറ്റ മെഴുകുതിരികൾ പോലെ
മനുഷ്യരുടെ ജീവിതങ്ങളെരിയുകയാണെന്ന്,
അവിചാരമായി നാം വയ്ക്കുന്ന ചുവടുകളോരോന്നും
ഗാഗുൽത്തായിലേക്കാണെന്ന്.
ഏതു മരണത്തിലുമുള്ള കുറ്റബോധം
ഓർമ്മയിൽ നിന്നും പ്രതീക്ഷയിൽ നിന്നും മുക്തനായി,
അതിരറ്റതായി, അമൂർത്തതയായി, ഭാവി തന്നെയായി,
മരിച്ചയാൾ ഒരാളേയല്ല: മരണം തന്നെയത്രെ.
ഇന്നതല്ലെന്നേ അയാളെപ്പറയാവൂ,
മിസ്റ്റിക്കുകളുടെ ദൈവത്തെപ്പോലെ;
മരിച്ചയാൾ എവിടെയും ആരുമല്ല,
ലോകത്തിന്റെ നാശവും അഭാവവുമാണയാൾ.
അയാളിൽ നിന്നെല്ലാം നാം കവർന്നിരിക്കുന്നു,
ഒരു നിറമോ ഒരക്ഷരമോ പോലും
നാമയാൾക്കു ബാക്കി വയ്ക്കുന്നില്ല;
ഇതാ ഇവിടെ, അയാളുടെ കണ്ണുകൾ ഇനി കാണാത്ത നടുമുറ്റം,
ഇതാ ഇവിടെ, അയാളുടെ പ്രത്യാശ കാത്തിരുന്ന ഇടവഴി.
നാം ചിന്തിക്കുന്നതു പോലും
അയാൾ ചിന്തിക്കേണ്ടതായിരിക്കാം.
കള്ളന്മാരെപ്പോലെ നാം വീതം വച്ചെടുത്തുകഴിഞ്ഞു,
കൊള്ളമുതൽ പോലെ രാത്രികളും പകലുകളും.
(1923)
1922നടുത്തെന്നോ എഴുതിയതും പിന്നെ നഷ്ടപ്പെട്ടെന്നു വരാവുന്നതുമായ വരികൾ
നഗരത്തിന്റെ വിദൂരപ്രാന്തങ്ങളിൽ
അസ്തമയത്തിന്റെ നിശ്ശബ്ദയുദ്ധങ്ങൾ,
ആകാശത്തൊരു പോരാട്ടത്തിന്റെ
നിത്യപ്രാചീനപരാജയങ്ങൾ,
കാലത്തിന്റെ കയത്തിൽ നിന്നെന്ന പോലെ
സ്ഥലത്തിന്റെ നിശ്ശൂന്യാതലത്തിൽ നിന്നു
നമ്മിലേക്കെത്തുന്ന ശുഷ്കിച്ച പുലരികൾ,
മഴയുടെ കരിന്തോപ്പുകൾ,
തുറന്നുനോക്കാൻ പേടിച്ചൊരു പുസ്തകത്തിൽ നിന്ന്
എന്റെ സ്വപ്നങ്ങളിൽ വന്നുകയറുന്ന സ്ഫിങ്ക്സ്,
നമ്മെ കാത്തിരിക്കുന്ന ജീർണ്ണതയും മാറ്റൊലിയും,
വെണ്ണക്കല്ലിൽ വീഴുന്ന നിലാവ്,
പ്രശാന്തദേവകളെപ്പോലുയർന്നുനില്ക്കുന്ന
ചിരന്തനവൃക്ഷങ്ങൾ,
അന്യോന്യരാത്രിയും കാത്തിരുന്ന സന്ധ്യയും,
പ്രപഞ്ചമെന്നു പേരായ വാൾട്ട് വിറ്റ്മാൻ,
ഒരു പുഴയുടെ മൗനം പൂണ്ട അടിത്തട്ടിൽ
ഒരു രാജാവിന്റെ വീരഖഡ്ഗം,
സാക്സണുകൾ, അറബികൾ, ഗോത്തുകൾ,
തങ്ങളറിയാതെനിക്കു ജന്മം നല്കിയവർ,
ഇതൊക്കെയും ശേഷിച്ചതും ചേർന്നതാണോ ഞാൻ,
അതോ രഹസ്യത്താക്കോലുകളും ദുർഘടഗണിതവുമുണ്ടോ,
നമുക്കു പൊരുളു തിരിയാത്തതായി?
(1923)
വാർത്തെടുക്കൽ
കൈകൾ മുമ്പേയെത്തി ചുമരുകൾ തള്ളിനീക്കുമ്പോൾ
അന്ധനാകാശങ്ങൾ ദൃശ്യമാകുമ്പോലെ,
രാത്രിയെത്തുന്ന മുഹൂർത്തത്തിൽ
വരാനിരിക്കുന്ന കവിതകളെനിക്കനുഭൂതമാവുന്നു.
പ്രഹരമേറ്റു തിണർത്ത കാലത്തിന്റെ ചുമലുകളിൽ
രക്തവർണ്ണമായ വാക്കുകൾ:
അവയുടെ തെളിഞ്ഞ വെളിച്ചത്തിൽ
ഈ ഹീനരാത്രിയെ ഞാനെരിക്കണം.
കവിതയുടെ കഠിനവജ്രത്തിൽ
സായാഹ്നത്തിന്റെ കണ്ണീരിനെ ഞാനടക്കണം.
ആത്മാവു നഗ്നനായലയട്ടെ,
കാറ്റിനെപ്പോലേകനുമാവട്ടെ,
കാര്യമാക്കില്ല ഞാനതിനെ,
ഉജ്ജ്വലമായൊരു ചുംബനത്തിന്റെ പ്രപഞ്ചം
ഇന്നുമെന്റെ ജീവനെ പുണരുമെങ്കിൽ.
കവിത വിതയ്ക്കുന്നവനു
വളക്കൂറുള്ള നിലമത്രേ, രാത്രി.
രാത്രിയുടെ ചരിത്രം
തലമുറ തലമുറയായി
മനുഷ്യർ രാത്രിയെ നിർമ്മിച്ചെടുത്തു.
ആദിയിലതന്ധതയും നിദ്രയുമായിരുന്നു,
നഗ്നപാദങ്ങൾ കീറുന്ന മുള്ളുകളായിരുന്നു,
ചെന്നായകളെപ്പേടിയായിരുന്നു.
നാമൊരുനാളുമറിയാൻ പോകുന്നില്ല,
രണ്ടു സന്ധ്യകളെ വിഭജിക്കുന്ന അന്ധകാരത്തിന്റെ അന്തരാളത്തിന്
ആ പേരു രൂപപ്പെടുത്തിയതാരാണെന്ന്.
നാമൊരുനാളുമറിയാൻ പോകുന്നില്ല,
നക്ഷത്രങ്ങൾ നിറഞ്ഞ സ്ഥലരാശിയെന്ന്
ആ പേരിനർത്ഥമുണ്ടായതേതു കാലത്തെന്ന്.
അന്യർ പിന്നെ പുരാണങ്ങൾ മെനഞ്ഞു.
അവരവളെ നമ്മുടെ വിധാതാക്കൾ,
ഇടർച്ചയില്ലാത്ത ഭാഗ്യദേവതകളുടെ മാതാവാക്കി.
അവരവൾക്കു കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം നീട്ടിക്കൂവുന്ന പൂവൻകോഴിയേയും ബലി കൊടുത്തു.
കൽദായർ അവൾക്കു പന്ത്രണ്ടു വീടുകൾ പണിതു,
സീനോ അനന്തമായ ലോകങ്ങളും.
ലാറ്റിൻ ആറടിശ്ശീലുകളിൽ നിന്ന്,
പാസ്കലിന്റെ ഭീതിയിൽ നിന്ന് അവൾക്കു രൂപം കിട്ടി.
ലൂയി ദെ ലിയോൺ അവളിൽ
തന്റെ പീഡിതാത്മാവിന്റെ സ്വദേശം കണ്ടു.
ഇന്നു നമുക്കവൾ അക്ഷയ,
മൂത്ത വീഞ്ഞു പോലെ.
ഇന്നവളെക്കുറിച്ചോർക്കുമ്പോൾ തല പെരുക്കുമ്പോലെ,
കാലമവൾക്കു നിത്യതയും ചാർത്തി.
ആ ലോലമായ ഉപകരണങ്ങൾ, കണ്ണുകളില്ലാതെ
രാത്രിയുണ്ടാകുമായിരുന്നില്ലെന്നോർക്കുമ്പോൾ!
കാവ്യാദര്‍ശം
ജലവും കാലവുമൊഴുകുന്ന പുഴയെ നോക്കിനില്ക്കുമ്പോൾ
കാലം തന്നെയും മറ്റൊരു പുഴയാണെന്നോർക്കുക,
നാം നിലയ്ക്കും, ഒഴുക്കു നിലയ്ക്കുമ്പോലെയെന്നും
മുഖങ്ങളലിയും, ജലം പോലെയെന്നുമറിയുക.
ഉറങ്ങുകയല്ലെന്നു സ്വപ്നം കാണുന്ന മറ്റൊരുറക്കമാണുണർച്ചയെന്നും
നമ്മുടെയുടലിനെ കിടിലം കൊള്ളിയ്ക്കുന്ന മരണം
എന്നും രാത്രിയിൽ വന്നുപോകുന്ന അതേ മരണമാണെന്നും
ഉറക്കമെന്നാണതിനു പേരെന്നും ബോധവാനാവുക.
ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ
മനുഷ്യന്റെ ദിവസങ്ങളുടെയും അവന്റെ വർഷങ്ങളുടെയും പ്രതീകമായി കാണുക,
ഒരു സംഗീതമായി, ഒരു മന്ത്രണമായി, ഒരു പ്രതീകമായി
കാലം ചെയ്യുന്ന കൊടിയ ദ്രോഹത്തെ രൂപം മാറ്റുക.
മരണത്തിൽ നിദ്രയെ കാണുക, അസ്തമയത്തിൽ
വിഷാദം പുരണ്ട പൊൻനിറവും- അതാണു കവിത.
ചിരന്തനവും ദരിദ്രവുമാണത്, കവിത;
ഉദയം പോലെ, അസ്തമയം പോലെ അതു മടങ്ങുകയും ചെയ്യുന്നു.
സായാഹ്നങ്ങളിൽ ചിലനേരം നമുക്കു കാണാം,
ഒരു കണ്ണാടിയുടെ കയത്തിൽ നിന്നൊരു മുഖം നമ്മെ നോക്കുന്നു;
ആ കണ്ണാടി പോലെയാവണം കവിത,
അതു നമ്മെ നമ്മുടെ തന്നെ മുഖം കാണിച്ചുതരുന്നു.
അത്ഭുതങ്ങൾ ചെടിച്ച യുളീസസിനെക്കുറിച്ചു പറയാറില്ലേ,
തന്റെ ഇത്താക്ക, വിനീതവും ഹരിതവുമായ ഇത്താക്ക,
അതു കാഴ്ചയിൽ വന്നപ്പോളയാൾ കരഞ്ഞുപോയെന്ന്;
അത്ഭുതങ്ങളുടേതല്ല, ഹരിതനിത്യതയുടെ ഇത്താക്ക- അതാണു കല.
ഒഴുകുമ്പോഴും ശേഷിക്കുന്ന പുഴയെപ്പോലനന്തവുമാണു കല,
ഒന്നായിരിക്കെ മറ്റൊന്നാകുന്ന ഹെറാക്ളിറ്റസിന്റെ കണ്ണാടിയാണത്,
താനായിരിക്കെത്തന്നെ മറ്റൊരാളാകുന്ന ഹെറാക്ളിറ്റസ്,
അന്തമെന്നതില്ലാതൊഴുകുന്ന പുഴയെപ്പോലെ തന്നെ.
അതിരുകള്‍
എനിക്കൊരിക്കലുമിനി ഓർമ്മ വരാത്ത വെർലെയ്ന്റെ ഒരു വരിയുണ്ട്.
എന്റെ കാലടികൾക്കപ്രാപ്യമായൊരു തെരുവരികെത്തന്നെയുണ്ട്.
എന്നെ അവസാനമായിക്കണ്ടുകഴിഞ്ഞ ഒരു കണ്ണാടിയുണ്ട്.
ലോകാവസാനം വരെയ്ക്കും ഞാൻ ചേർത്തടച്ചൊരു വാതിലുണ്ട്.
എന്റെ പുസ്തകശേഖരത്തിൽ (ഞാനിപ്പോൾ അതു നോക്കിനില്ക്കുകയാണ്)
ഇനിയൊരിക്കലും ഞാന്‍ തുറന്നുനോക്കാനിടയില്ലാത്ത ചില പുസ്തകങ്ങളുണ്ട്.
ഈ വേനല്ക്കാലത്ത് എനിക്കമ്പതു വയസ്സാകും.
കരളലിവില്ലാത്ത മരണം നിരന്തരമെന്നെ കവര്‍ന്നെടുക്കുകയുമാണ്.
നിമിഷം
എവിടെ നൂറ്റാണ്ടുകൾ, എവിടെ താർത്താറുകൾ
സ്വപ്നം കണ്ടുനടന്ന വാൾപ്പയറ്റുകൾ?
എവിടെ അവർ നിലം പരിശ്ശാക്കിയ വൻകോട്ടകൾ?
കുരിശു പണിത തടിയെവിടെ, ആദാമിന്റെ വൃക്ഷമെവിടെ?
മുമ്പും പിമ്പുമില്ലാത്തതാണു വർത്തമാനം.
കാലത്തെ സ്ഥാപിച്ചെടുക്കുന്നതോർമ്മ.
ഘടികാരത്തിന്റെ ചര്യക്കൊപ്പമെത്തുന്നു,
തുടര്‍ച്ചയും ഒപ്പം സ്ഖലിതങ്ങളും.
ചരിത്രം പോലെതന്നെ വൃഥാവാദമത്രെ, ഒരു വർഷവും.
ഉദയാസ്തമയങ്ങൾക്കിടയിലൊരു ഗർത്തം,
യാതനകളുടെ, ശ്രേയസ്സുകളുടെ, വേവലാതികളുടെ.
ക്ഷയിച്ച രാത്രികളുടെ ദർപ്പണങ്ങളിൽ കാണുക
അവയിലേക്കു നോക്കുന്ന അതേ മുഖങ്ങളുമല്ല.
നശ്വരവുമനശ്വരവുമാണു പാഞ്ഞുപോകുന്ന ദിനരാത്രങ്ങൾ.
മറ്റൊരു സ്വർഗം പ്രതീക്ഷിക്കേണ്ട, മറ്റൊരു നരകവും.
*
വസ്തുക്കൾ
എന്റെ ചൂരൽവടി, എന്റെ ചില്ലറത്തുട്ടുകൾ,
ഈ താക്കോൽവളയം,
പറഞ്ഞതനുസരിക്കുന്ന താഴ്,
എനിക്കു ശേഷിച്ച ചുരുക്കം നാളുകൾ കൊണ്ടു
വായിച്ചുതീർക്കാനാവാത്ത കുറിപ്പുകൾ,
മേശപ്പുറവും ചീട്ടുകുത്തും,
ഒരു പുസ്തകവും അതിന്റെ താളുകൾക്കിടയിൽ
ചതഞ്ഞുവാടിയ വയലറ്റും
(അവിസ്മരണീയമായ ഏതോ രാവിന്റെ
ഇന്നോർമ്മയുണർത്താത്ത സ്മാരകം),
ഒരുദയത്തിന്റെ മിഥ്യാദർശനം ജ്വലിക്കുന്ന
പടിഞ്ഞാറൻ ചുമരിലെ കണ്ണാടി.
എത്രയെത്ര വസ്തുക്കൾ!
നഖംവെട്ടികൾ, വാതില്പടികൾ,
അറ്റ്ലസുകൾ, വൈൻ ഗ്ലാസുകൾ, ആണികൾ-
വീട്ടടിമകളെപ്പോലവ നമ്മെ സേവിക്കുന്നു,
ഒരക്ഷരം മിണ്ടാതെ, യാതൊന്നും കാണാതെ,
എന്നാലെന്തോ രഹസ്യം പുറത്തുവിടാതെ!
നമ്മൾ വിസ്മൃതിയിലേക്കു മറഞ്ഞാലും
അവ ഇവിടെയുണ്ടാവും,
നാം പോയെന്നവ അറിയുകയുമില്ല.
ഒരു പൂച്ചയോട്
കണ്ണാടികളിത്രയും മൗനം വാരിപ്പുതച്ചതല്ല,
ഇഴഞ്ഞെത്തുന്ന പ്രഭാതമിത്രയും ഗോപ്യവുമല്ല;
നിലാവത്തു കാണുമ്പോൾ നീയൊരു വ്യാഘ്രരൂപം,
അകന്നു നിന്നുമാത്രം ഞങ്ങൾ ദർശിക്കേണ്ടതും.
ഏതോ നിഗൂഢമായ ദൈവശാസനത്തിൻ കീഴിൽ
ഞങ്ങൾ നിന്റെ പൊരുളു തേടിയിറങ്ങുന്നു, വിഫലമായി;
ഗംഗയെക്കാൾ, അസ്തമയത്തെക്കാൾ വിദൂരം,
നിന്റേതാണു മൗനം, നിന്റേതാണു നിഗൂഢത.
എന്റെ കൈ നിന്റെ പുറം തലോടുമ്പോൾ
നീയതിനു സദയം വഴങ്ങിത്തരുന്നു.
പണ്ടേ മറന്നൊരാ ഭൂതകാലത്തില്പിന്നെ
വിശ്വാസമില്ലാത്തൊരു കൈയുടെ സ്നേഹം
ദാക്ഷിണ്യത്തോടെ നീ സ്വീകരിക്കുന്നു.
നീ മറ്റൊരു കാലത്തെ ജന്തു, മറ്റൊരു ലോകത്തിനു പ്രഭു,
സ്വപ്നം പോലടഞ്ഞതും വേറിട്ടതുമാണാ ലോകം.
(1972)
നമ്മുടെ ഇന്നലെകളെല്ലാം
എന്റെ ഭൂതകാലത്തിനവകാശി ആരെന്നെനിക്കറിയണം.
പലരായ എന്നിൽ ആരാണയാൾ?
ചില ലാറ്റിൻ ഷഡ്പദികൾ
(വർഷങ്ങളും ദശകങ്ങളും മായ്ച്ചുകളഞ്ഞ വരികൾ)
ആഹ്ലാദത്തോടെ ഉരുവിട്ടു പഠിച്ച ജനീവയിലെ ബാലൻ?
പുലികളുടേയും കടുവകളുടേയും വന്യരൂപങ്ങളറിയാൻ,
കവിളുരുണ്ട മാലാഖക്കുഞ്ഞുങ്ങളെപ്പോലെ
കൊടുങ്കാറ്റുകളെ വരച്ചിട്ട പഴയ ഭൂപടങ്ങൾ കാണാൻ
അച്ഛന്റെ ഗ്രന്ഥശാലയരിച്ചുപെറുക്കിയ കുട്ടി?
അതോ, അന്ത്യശ്വാസം വലിച്ചുകിടക്കുന്നൊരാളെ,
കതകു തുറന്നു നോക്കിനിന്നവൻ, അതെ,
മരവിക്കുന്ന മുഖത്തെ, മരിക്കുന്ന മുഖത്തെ,
എന്നെന്നേക്കുമായി വിട്ടുപോകുന്ന മുഖത്തെ
വെളുക്കുന്ന പുലരിയിൽ ചുംബിച്ച ബാലൻ?
ഇന്നില്ലാത്ത അവരെല്ലാമാണു ഞാൻ.
ഈ അന്തിവെളിച്ചത്തിൽ, എന്തിനെന്നില്ലാതെ,
ആ മറഞ്ഞുപോയവരെല്ലാമാണു ഞാൻ.
(1974)
ഞാൻ
കപാലം, അടച്ചുപൂട്ടിയ ഹൃദയം,
ഒരിക്കലും ഞാൻ കാണാത്ത ചോരയുടെ വഴികൾ,
സ്വപ്നത്തിന്റെ പാതാളലോകം, ആ പ്രോട്ടിയസ്,
പിടലി, കുടലുകൾ, എല്ലുകൂടം.
ഇതെല്ലാം ചേർന്നതാണു ഞാൻ.
അത്ഭുതം, ഞാനൊരു വാളിന്റെ ഓർമ്മയുമാണ്;
സുവർണ്ണവും വിവർണ്ണവും പിന്നെയൊന്നുമല്ലാതെയുമാകുന്ന
ഒരേകാന്തസൂര്യന്റെ പതനത്തിന്റെ ഓർമ്മയും.
കടവടുക്കുന്ന കപ്പലുകൾ കണ്ടുനിന്നവനാണു ഞാൻ.
എണ്ണിയെണ്ണിക്കുറയുന്ന പുസ്തകങ്ങളാണു ഞാൻ,
കാലം കരളുന്ന അപൂർവ്വചിത്രങ്ങളും;
മരിച്ചവരോടസൂയ തോന്നുന്നവൻ.
അതിലൊക്കെ വിചിത്രമായിത്തോന്നുന്നു,
ഏതോ വീടിന്റെ മുറിക്കുള്ളിലിരുന്ന്
ഈ വാക്കുകൾ മെടഞ്ഞെടുക്കുന്നവനായതും.
(1975)
സ്വപ്നം
പാതിരാവിൽ ഘടികാരങ്ങൾ
കാലത്തിന്റെ സമൃദ്ധി ധൂർത്തടിക്കുമ്പോൾ
ഞാൻ പോകും,
യുളീസസ്സിന്റെ നാവികർ പോയതിനുമപ്പുറത്തേക്ക്,
മനുഷ്യസ്മൃതിക്കു പ്രാപ്യമായതിനപ്പുറത്തേക്ക്,
സ്വപ്നങ്ങളുടെ ദേശത്തേക്ക്.
ആ ജലഗർഭത്തിൽ നിന്നു ചിലതെല്ലാം ഞാൻ വീണ്ടെടുത്തുവരും,
എന്റെ ഗ്രഹിതത്തിനു പിടി കിട്ടാത്തവ:
ഏതോ ആദിമസസ്യശാസ്ത്രത്തിലെ പുൽക്കൊടികൾ,
നാനാവിധമായ ജന്തുക്കൾ,
മരിച്ചവരുമായുള്ള വർത്തമാനങ്ങൾ,
എന്നും പൊയ്മുഖങ്ങളായ മുഖങ്ങൾ,
അതിപ്രാചീനഭാഷകളിലെ വാക്കുകൾ,
ചിലനേരം കൊടുംഭീതി,
പകലൊരു വിധേനയും നാമനുഭവിക്കാത്തതും.
ഞാൻ എല്ലാമാകും, അഥവാ, ഒന്നുമാവില്ല.
ഞാൻ മറ്റേയാളാകും,
മറ്റേ സ്വപ്നത്തെ, എന്റെ ജാഗ്രദവസ്ഥയെ
നോക്കിനില്ക്കുന്നയാൾ.
അയാളതു തട്ടിക്കിഴിച്ചു നോക്കുന്നു,
നിർമ്മമതയോടെ, ഒരു മന്ദഹാസത്തോടെ.
(1975)
ആത്മഹത്യ ചെയ്യുന്നവൻ
രാത്രിയിൽ ഒരു നക്ഷത്രം പോലും ശേഷിക്കില്ല.
രാത്രി തന്നെയും ശേഷിക്കില്ല.
ഞാൻ മരിക്കും, എന്നോടൊപ്പം,
ഈ ദുർവ്വഹപ്രപഞ്ചത്തിന്റെ ഭാരവും.
പിരമിഡുകളും പതക്കങ്ങളും
ഭൂഖണ്ഡങ്ങളും മുഖങ്ങളും ഞാൻ മായ്ക്കും.
അടിഞ്ഞുകൂടിയ ഭൂതകാലം ഞാൻ മായ്ക്കും.
ചരിത്രത്തെ, പൊടിയുടെ പൊടിയെ, ഞാൻ പൊടിയാക്കും.
ഞാനിതാ, അവസാനത്തെ അസ്തമയം നോക്കിനില്ക്കുന്നു.
അവസാനത്തെ കിളി പാടുന്നതു ഞാൻ കേൾക്കുന്നു.
ഞാൻ ആർക്കും ഒന്നും ബാക്കി വയ്ക്കുന്നില്ല.
(1975)
കുറ്റബോധം
പാപങ്ങളിൽ കൊടിയ പാപം ഞാൻ ചെയ്തു.
ജീവിതത്തിൽ ഞാൻ സന്തുഷ്ടനായതേയില്ല.
വിസ്മൃതിയുടെ ഹിമാനികളെന്നെ വലിച്ചിഴക്കട്ടെ,
നിഷ്കരുണമവയെന്നെ മുക്കിത്താഴ്ത്തട്ടെ.
അച്ഛനമ്മമാരെനിക്കു ജീവന്‍ തന്നു വളർത്തി,
ജീവിതമെന്ന മനോഹരമായ അപായക്കളിക്കായി,
ഭൂമിയ്ക്കും വായുവിനും ജലത്തിനും അഗ്നിക്കുമായി.
ഞാനവരെ നിരാശപ്പെടുത്തി; ഞാൻ സന്തുഷ്ടനായില്ല.
അവരുടെ യൗവനസ്വപ്നങ്ങൾ എന്നിൽ ഫലം കണ്ടില്ല;
ഞാൻ മനസ്സർപ്പിച്ചത് കലയുടെ ചിട്ടകളിലായിരുന്നു,
അതിന്റെ ക്ഷുദ്രമായ നൂലാമാലകളിലായിരുന്നു.
ഞാൻ ധീരനാവുമെന്നവരാശിച്ചു. ഞാൻ ധീരനായില്ല.
ഒരുനാളുമെന്നെപ്പിരിയാതതൊപ്പം നടക്കുന്നു:
നിർഭാഗ്യവാനായ ഒരു മനുഷ്യന്റെ നിഴൽ.
(1976)
ഒരു ശനിയാഴ്ച
ഒരൊഴിഞ്ഞ വീട്ടിൽ താമസിക്കുന്ന അന്ധനായ ഒരു മനുഷ്യൻ
തന്റെ നിശ്ചിതവും പരിമിതവുമായ പഥങ്ങൾ നടന്നുതീർക്കുന്നു;
നീണ്ടുനീണ്ടുപോകുന്ന ചുമരുകൾ,
ഉൾവാതിലുകളുടെ മിനുസമായ ചില്ലുകൾ,
തന്റെ സ്നേഹത്തിനു വിലക്കപ്പെട്ട പുസ്തകങ്ങളുടെ
പരുപരുത്ത പുറംചട്ടകൾ,
തന്റെ പൂർവ്വികരുടെ സമ്പാദ്യമായ വെള്ളിപ്പാത്രങ്ങൾ,
ജലനാളികൾ, ചില നാണയങ്ങൾ, ഒരു ചാവി,
ഒക്കെയും അയാൾ തൊട്ടറിയുന്നു.
അയാൾ ഒറ്റയ്ക്കാണ്. കണ്ണാടിയിൽ ആരുമില്ല.
അയാളുടെ കൈ ആദ്യത്തെ ബുക്കലമാരയിലുരുമ്മുന്നു.
വേണമെന്നില്ലാതെ ഏകാന്തമായ കിടക്കയിലേക്കു ചായുമ്പോൾ
അയാളറിയുന്നു,
അസ്തമയമാകുമ്പോൾ മുടക്കമില്ലാതെ താൻ ചെയ്യുന്ന പ്രവൃത്തികൾ
തനിക്കു ദുരൂഹമായ ഒരു കളിയുടെ നിയമങ്ങൾക്കനുസൃതമാണെന്ന്,
തനിക്കു പൊരുളു തിരിയാത്ത ഒരു ദൈവം
ആ കളി നിയന്ത്രിക്കുന്നുവെന്ന്.
ക്ളാസ്സിക്കുകളിലെ ചില ഭാഗങ്ങൾ
ഉച്ചത്തിലും താളത്തിലും അയാൾ ഉരുവിടുന്നു,
ക്രിയകളിലും വിശേഷണങ്ങളിലും ചില വ്യതിയാനങ്ങൾ വരുത്തിനോക്കുന്നു,
നല്ലതോ ചീത്തയോ ആകട്ടെ, അയാൾ ഈ കവിതയെഴുതുന്നു.
(1977)
ബെപ്പൊ
കണ്ണാടിയുടെ സുതാര്യമായ ചില്ലിൽ
ബ്രഹ്മചാരിയായ വെള്ളപ്പൂച്ച തന്നെത്തന്നെ നോക്കിക്കാണുന്നു.
തിരിച്ചുനോക്കുന്ന ആ വെണ്മയും ആ സ്വർണ്ണക്കണ്ണുകളും
(വീട്ടിനുള്ളിലെ പര്യവേക്ഷണങ്ങൾക്കിടയിൽ
ഇതിനു മുമ്പവൻ അതുകളെ കണ്ടിട്ടില്ല)
തന്റെ തന്നെ പ്രതിരൂപത്തിലാണെന്നവൻ സംശയിക്കുകയേയില്ല.
അവനെ നോക്കുന്ന ആ പൂച്ച
കണ്ണാടിയുടെ സ്വപ്നമാണെന്നവനോടാരു പറഞ്ഞുകൊടുക്കും?
ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയാണ്,
അനുരൂപരായ ആ രണ്ടു പൂച്ചകളും-
ചില്ലിലുള്ളതും ചുടുചോരയൊഴുകുന്ന മറ്റേതും-
കാലാതീതമായ ഏതോ ആദിരൂപം
കാലം കൊണ്ടനുഗ്രഹിച്ച രണ്ടു പ്രതിച്ഛായകളാണെന്ന്.
എന്നിയാഡ്സിൽ പ്ളോട്ടിനസ്
(അദ്ദേഹവും ഒരു നിഴലായിരുന്നു)
ഇതുതന്നെ പറഞ്ഞുവച്ചിരിക്കുന്നു.
പറുദീസയ്ക്കു മുമ്പുള്ള ഏതാദാമിന്റെ,
പൊരുളു തിരിയാത്ത ഏതു ദേവന്റെ
ഉടഞ്ഞ പ്രതിബിംബങ്ങളാണു നാം?
(1981)
ബെപ്പൊ- ബോർഹസ്സിന്റെ വെളുത്ത വളർത്തുപൂച്ച
നീതിമാന്മാർ
വോൾട്ടെയർ ആശിച്ചപോലെ, സ്വന്തമുദ്യാനം പരിപാലിക്കുന്നവൻ.
ഭൂമിയിൽ സംഗീതമുണ്ടെന്നായതിൽ ആഹ്ലാദിക്കുന്നവൻ.
ഒരു പദനിഷ്പത്തി കണ്ടെത്തിയതിൽ ആനന്ദിക്കുന്നവൻ.
ഒരു കാപ്പിക്കടയിലെ നിശ്ശബ്ദതയിൽ ചെസ്സ് കളിക്കുന്നവർ.
നിറവും രൂപവും ഏതു വേണമെന്നു ധ്യാനിക്കുന്ന കുംഭാരൻ.
തനിക്കിഷ്ടപ്പെടാത്തതായാലും ഈ കവിതക്കു മനോഹരമായി അച്ചു നിരത്തുന്നവൻ.
ഒരു കവിതയിലെ അവസാനത്തെ മൂന്നു വരികൾ ഒരുമിച്ചിരുന്നു വായിക്കുന്ന ഒരു സ്ത്രീയും പുരുഷനും.
ഉറങ്ങുന്ന ഒരു ജീവിയെ തലോടുന്നവൻ.
തന്നോടു ചെയ്ത ഒരന്യായത്തെ ന്യായീകരിക്കുന്നവൻ, അല്ലെങ്കിൽ അതിനാഗ്രഹിക്കുന്നവൻ.
സ്റ്റീവൻസൺ ജീവിച്ചിരുന്നുവെന്നതിനു നന്ദി പറയുന്നവൻ.
അന്യരുടെ ഭാഗം ശരിയാവട്ടേയെന്നു വയ്ക്കുന്നവൻ.
ലോകത്തെ രക്ഷിക്കുന്നതവർ, തങ്ങളറിയാതെ.
(1981)
ഒരു വായനക്കാരൻ
തങ്ങളെഴുതിയ പുസ്തകങ്ങളുടെ പേരിൽ അന്യർ വീമ്പു പറയട്ടെ,
വായിച്ച പുസ്തകങ്ങളുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ ഭാഷാശാസ്ത്രജ്ഞനല്ലായിരിക്കാം,
വിഭക്തികൾ, പ്രത്യയങ്ങൾ,
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക്
ഉച്ചാരണത്തിന്റെ ക്ളേശഭൂയിഷ്ടമായ യാത്രകൾ
-റ്റി ആയി കല്ലിക്കുന്ന ഡി,
ജീയ്ക്ക് കേയുമായുള്ള ചാർച്ച-
ഇതിലേക്കൊന്നും ഞാൻ ആഴത്തിൽ പോയിട്ടില്ലായിരിക്കാം.
എന്നാൽ ഇപ്പോന്ന വർഷങ്ങളിത്രയും
ഭ്രാന്തമായൊരഭിനിവേശം ഭാഷയോട് ഞാൻ പുലർത്തിയിരുന്നു.
എന്റെ രാത്രികൾ വിർജിൽ കൊണ്ടു നിറഞ്ഞത്.
പഠിക്കുകയും പിന്നെ മറക്കുകയും ചെയ്ത ലാറ്റിൻ
ഒരു സമ്പാദ്യം തന്നെയത്രെ.
മറവിയും ഓർമ്മയുടെ മറ്റൊരു രൂപം തന്നെയാണല്ലോ,
ഓർമ്മയുടെ പാതിയിരുണ്ട നിലവറ,
നാണയത്തിന്റെ കാണാത്ത മറുപുറം.
മമത തോന്നിയ രൂപങ്ങളും മുഖങ്ങളും പേജുകളും
കാഴ്ചയിൽ നിന്നു മാഞ്ഞുതുടങ്ങിയപ്പോൾ
എന്റെ പൂർവ്വികരുടെ ഇരുമ്പുഭാഷ പഠിക്കുന്നതിൽ ഞാൻ മുഴുകി:
അവർ തങ്ങളുടെ ഏകാന്തതയും വാളുകളും രേഖപ്പെടുത്തിവച്ച ഭാഷ.
ഇന്നിതാ, എഴുന്നൂറു കൊല്ലത്തില്പിന്നെ, സ്നോറി സ്റ്റുർലിസോൺ,
അൾട്ടിമാ തൂലെയിൽ നിന്ന് നിന്റെ ശബ്ദം എന്നെ തേടിവരുന്നു.
പുസ്തകത്തിനു മുന്നിലിരിക്കുന്ന ചെറുപ്പക്കാരനു കൃത്യമായൊരുന്നമുണ്ട്:
കൃത്യമായ അറിവിലേക്കു വായിച്ചെത്തുക.
എന്റെ പ്രായത്തിൽ ഏതുദ്യമവും രാത്രിയിലേക്കടുക്കുന്ന സാഹസമത്രെ.
പ്രാക്തനമായ നോഴ്സ് ഭാഷകളിൽ ഒരിക്കലും ഞാൻ നിഷ്ണാതനാവില്ല,
സിഗേറിന്റെ നിധിയിൽ എന്റെ കൈകളെത്തുകയുമില്ല.
ഞാനേറ്റെടുത്ത ദൌത്യം അനന്തമത്രെ,
ആയുസ്സൊടുങ്ങുവോളം അതെന്റെയൊപ്പമുണ്ടാവും,
പ്രപഞ്ചം പോലെ നിഗൂഢമായി,
പഠിതാവായ എന്നെപ്പോലെ നിഗൂഢമായി.
അൾട്ടിമാ തൂലെ (Ultima Thule)- ക്ളാസിക്കൽ യൂറോപ്യൻ സാഹിത്യത്തിലും ഭൂപടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഉത്തരധ്രുവപ്രദേശം; ഇന്നത്തെ നോർവേ ആണതെന്ന് ഗവേഷകർ പറയുന്നു. ഒരതിവിദൂരദേശത്തെയോ അപ്രാപ്യലക്ഷ്യത്തെയോ സൂചിപ്പിക്കാൻ വെർജിൽ ഈ വാക്കുപയോഗിച്ചിരുന്നു.
സ്നോറി സ്റ്റുർലിസോൺ (Snorri Sturluson, 1179-1241) - ഐസ് ലാന്റുകാരനായ കവിയും ചരിത്രകാരനും; Prose Edda എന്ന ഇതിഹാസമെഴുതി.
നോഴ്സ്- വൈക്കിംഗുകളുടെ കാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ഭാഷ.
സിഗേർ (Sigurd)- Elder Edda എന്ന നോഴ്സ് ഇതിഹാസത്തിലെ കഥാപാത്രം; സ്വർണ്ണനിധി കാക്കുന്ന വ്യാളിയെ വധിക്കുന്നുണ്ട്.
ഇന്നലെയുടെ സമ്പാദ്യങ്ങൾ
എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങളാണെനിക്കു നഷ്ടപ്പെട്ടതെന്നെനിക്കറിയാം,
ആ നഷ്ടങ്ങൾ മാത്രമാണിന്നെന്റെ സമ്പാദ്യങ്ങളെന്നും.
മഞ്ഞയും കറുപ്പും എനിക്കു നഷ്ടമായി,
ആ അപ്രാപ്യവർണ്ണങ്ങളെക്കുറിച്ചു ഞാനിന്നു ചിന്തിക്കുന്നതോ,
കണ്ണുള്ളവർക്കറിയാത്ത രീതിയിലും.
എന്റെ പിതാവു മരിച്ചുപോയി,.
എന്നാലിപ്പോഴുമദ്ദേഹം എന്നോടൊപ്പമുണ്ട്.
സ്വിൻബേണിന്റെ വരികളുരുവിടുമ്പോൾ
എനിക്കെന്റെ അച്ഛന്റെ ശബ്ദമാണെന്ന് ആളുകൾ പറയുന്നു.
മരിച്ചവരേ നമുക്കുറ്റവരാകുന്നുള്ളു,
നഷ്ടമായവയേ നമുക്കുള്ളതാകുന്നുള്ളു.
ഇലിയം മണ്ണടിഞ്ഞു,
ഹോമറിന്റെ വരികളിൽ ഇന്നുമതു ജീവിക്കുന്നു.
ഇസ്രയേൽ ഇസ്രയേലായത് അതൊരു പ്രാക്തനഗൃഹാതുരത്വമായപ്പോഴാണ്.
ഏതു കവിതയും കാലം ചെല്ലുമ്പോൾ വിലാപഗീതമാവുന്നു.
നമ്മെ വിട്ടുപോയ സ്ത്രീകൾ നമ്മുടേതാകുന്നു,
നമുക്കിപ്പോൾ തെറ്റിദ്ധാരണകളും ഉത്കണ്ഠകളും വേദനകളും
പ്രതീക്ഷയുടെ ഭീതിയുമില്ലെന്നതിനാൽ വിശേഷിച്ചും.
നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.
(1982)
കുരിശേറിയ ക്രിസ്തു
കുരിശേറിയ ക്രിസ്തു; അവന്റെ പാദം മണ്ണു തൊടുന്നില്ല.
മൂന്നു കുരിശുകൾക്കും ഒരേ ഉയരം.
അവൻ നടുവിലല്ല. അവൻ മൂന്നാമൻ മാത്രം.
കറുത്ത താടി അവന്റെ നെഞ്ചുരുമ്മുന്നു.
ചിത്രങ്ങളിൽ കണ്ടു പരിചയമായതല്ല അവന്റെ മുഖം.
നിശിതമാണത്, ജൂതന്റേതാണത്. ഞാനവനെ കാണുന്നില്ല.
ഈ മണ്ണിൽ എന്റെ കാലടി പതിയുന്ന അവസാനനാൾ വരെയും
ഞാനവനെ തേടിനടക്കും.
ആ തകർന്ന മനുഷ്യൻ വേദന തിന്നുകയാണ്,
അവൻ മിണ്ടുന്നില്ല.
തറച്ചിറങ്ങിയ മുൾക്കിരീടം അവനെ പീഡിപ്പിക്കുന്നു.
ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ അവനിലേക്കെത്തുന്നില്ല.
അവരവന്റെ യാതനകൾ പലവേളകളിൽ കണ്ടിരിക്കുന്നു.
അവന്റെ അല്ലെങ്കിൽ മറ്റൊരാളിന്റെ. രണ്ടും ഒന്നു തന്നെ.
കുരിശേറിയ ക്രിസ്തു. കലങ്ങിയ മനസ്സോടെ അവനോർക്കുന്നു
ഒരുപക്ഷേ തന്നെ കാത്തിരിക്കുന്ന ദൈവരാജ്യത്തെപ്പറ്റി,
തന്റേതാകാതെപോയ സ്ത്രീയെപ്പറ്റി.
അവനു കാണാൻ വിധിച്ചിട്ടുള്ളതല്ല, ദൈവശാസ്ത്രം,
പൊരുളു തിരിയാത്ത ത്രിത്വം, നോസ്റ്റിക്കുകൾ,
ഭദ്രാസനപ്പള്ളികൾ, ഒക്കാമിന്റെ ഖഡ്ഗം,
പട്ടവും തൊപ്പിയും കുർബാനമുറകളും,
വാളിന്മേൽ ഗത്രമിന്റെ മാനസാന്തരം,
മതദ്രോഹവിചാരണകൾ, രക്തസാക്ഷികളുടെ ചോര,
കിരാതമായ കുരിശുയുദ്ധങ്ങൾ, ജൊവാൻ ഒഫ് ആർക്,
സൈന്യങ്ങളെ ആശീർവദിച്ചുവിടുന്ന വത്തിക്കാൻ.
അവനറിയാം, താൻ ദേവനല്ലെന്ന്,
ആ പകലിനൊപ്പം മരിക്കുന്ന മനുഷ്യനാണെന്ന്.
രണ്ടായാലും അവനതു പ്രശ്നമല്ല.
അവന്റെ പ്രശ്നം ആ കാരിരുമ്പാണികളാണ്.
അവൻ റോമാക്കാരനല്ല. അവൻ ഗ്രീക്കുകാരനല്ല.
അവൻ വിതുമ്മിക്കരയുന്നു.
അവൻ നമുക്കു തന്നിട്ടു പോയത്
ഉജ്ജ്വലമായ ചില ഉപമകളും
ഭൂതകാലത്തെ റദ്ദു ചെയ്യാൻ സമർത്ഥമായ
ഒരു മാപ്പുകൊടുക്കൽ സിദ്ധാന്തവും
(ഒരു ഐറിഷുകാരൻ തന്റെ തടവറയുടെ ചുമരിൽ
കുറിച്ചിട്ടതാണ് മേല്പറഞ്ഞ വാചകം.)
ആത്മാവു തിടുക്കത്തോടെ അതിന്റെ അന്ത്യം തേടുന്നു.
ഇരുട്ടു വീണുകഴിഞ്ഞു. അവൻ മരിച്ചുകഴിഞ്ഞു.
അനക്കമറ്റ ഉടലിൽ ഒരീച്ച ഇഴഞ്ഞുകേറുന്നു.
ഈ മനുഷ്യൻ വേദന തിന്നുവെങ്കിൽ
ഈ നിമിഷം വേദന തിന്നുന്ന എനിക്കതുകൊണ്ടെന്തു ഗുണം?
(1984)
നോസ്റ്റിക്കുകൾ Gnostics)- അന്തഃപ്രജ്ഞയാണ് ആത്മാവിന്റെ മോക്ഷത്തിനുള്ള വഴിയെന്നു വാദിച്ചിരുന്ന രണ്ടാം നൂറ്റാണ്ടിലെ ദാർശനികർ. ആ പ്രജ്ഞ ഭൂമിയിൽ അവതരിച്ചതാണ് ക്രിസ്തു എന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു.
ഒക്കാമിന്റെ ഖഡ്ഗം (Ockam’s Razor) -പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രൻസിസ്കൻ പാതിരിയും താർക്കികനുമായ ഒക്കാമിലെ വില്ല്യമിന്റേതായി കരുതപ്പെടുന്ന സിദ്ധാന്തം. ആധുനികശാസ്ത്രത്തിൽ അതിങ്ങനെയാണ്: “ ഒരേ പ്രവചനം നല്കുന്ന രണ്ടു സിദ്ധാന്തങ്ങളുണ്ടെങ്കിൽ അതിൽ ലളിതമായതിനെ സ്വീകരിക്കുക.” ശാസ്ത്രത്തിൽ നിന്ന് അനാവശ്യമായ ദാർശനികവിവക്ഷകൾ ഒഴിവാക്കാൻ ഈ പ്രമാണം ഉപയോഗപ്പെടും.
ഗത്രം (Guthrum)- ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാനിഷ് രാജാവ്; വെസെക്സിലെ ആല്ഫ്രഡ് രാജാവുമായുള്ള യുദ്ധത്തിൽ തോറ്റതിനെത്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചു.
ഉറക്കം
ഉറക്കം (ആളുകൾ പറയുമ്പോലെ) മനസ്സിന്റെ വിശ്രാന്തിക്കും
മുറിവുണങ്ങാനുമുള്ള കാലമാണെങ്കിൽ,
പൊടുന്നനേ ഞെട്ടിയുണരുമ്പോൾ പക്ഷേ,
തനിക്കെന്തോ നഷ്ടപ്പെട്ടെന്നൊരു തോന്നലെന്തേ നിങ്ങൾക്കുണ്ടാകുന്നു?
പുലർച്ചെയുണരുമ്പോഴെന്തേ നിങ്ങൾക്കു വിഷാദം തോന്നുന്നു?
വിചിത്രവും ഗഹനവുമായൊരുപഹാരം നമ്മിൽ നിന്നപഹരിക്കപ്പെടുന്നു,
ജാഗരമനസ്സിനെ സ്വപ്നങ്ങൾ കൊണ്ടലങ്കരിക്കുന്ന,
അർദ്ധസുപ്തിയുടെ നിമിഷങ്ങളിൽ മാത്രം നമുക്കറിയാവുന്നതൊന്ന്.
സ്വപ്നങ്ങൾ, രാത്രിയുടെ ഖജാനയിലെ ഭഗ്നബിംബങ്ങൾ,
പേരില്ലാത്ത, കാലമില്ലാത്ത ഒരു ലോകം,
പകലിന്റെ ദർപ്പണങ്ങളിൽ ഉടഞ്ഞുനുറുങ്ങുന്ന ലോകം.
ഇന്നു രാത്രിയിൽ നിങ്ങളാരായിരിക്കും,
ഉറക്കത്തിന്റെ ചുമരു നിങ്ങൾ കയറിമറിഞ്ഞാൽ,
ഉറക്കത്തിന്റെ ഇരുണ്ട പിടുത്തത്തിൽ നിങ്ങളമർന്നുകഴിഞ്ഞാൽ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ