2017, ഏപ്രിൽ 11, ചൊവ്വാഴ്ച

റില്‍ക്കെ - ഓർഫ്യൂസ് ഗീതകങ്ങൾ



1922ഫെബ്രുവരിയിൽ ഡ്യൂണോ വിലാപങ്ങൾ എഴുതിക്കൊണ്ടിരുന്ന സമയത്തു തന്നെയാണ്‌ റിൽക്കെ ഓർഫ്യൂസ് ഗീതകങ്ങളിലെ 55 കവിതകൾ എഴുതുന്നതും. റിൽക്കെ അക്കാലത്ത് സ്വിറ്റ്സർലന്റിലെ മ്യൂസോട്ടിലാണ്‌ താമസം.  കാമുകിയായ ബലാഡൈൻ ക്ളൊസ്സോവ്സ്ക തങ്ങൾ ഒരുമിച്ചിരുന്ന് ഓവിഡിന്റെ മെറ്റമോർഫൊസസ് വായിച്ചതിന്റെ ഓർമ്മക്കായി മരച്ചുവട്ടിലിരുന്ന് മൃഗങ്ങൾക്കു വേണ്ടി പാടുന്ന ഓർഫ്യൂസിനെ ചിത്രീകരിച്ചിട്ടുള്ള ഒരു പോസ്റ്റ് കാർഡ് അദ്ദേഹത്തിനു നല്കിയിരുന്നു. പ്രചോദനത്തിന്റെ അത്യസാധാരണമായ ഒരൂർജ്ജപ്രവാഹത്തിൽ ഫെബ്രുവരി 2 മുതൽ 5 വരെയുള്ള ദിവസങ്ങൾ കൊണ്ട്  ആദ്യത്തെ 25 കവിതകൾ പൂർണ്ണരൂപത്തിൽ അദ്ദേഹത്തിനു ലഭിച്ചു. മറ്റു കവിതകൾ 17നും 23 നും ഇടയിലും. “ഓർഫ്യൂസ് ഗീതകങ്ങൾ റിൽക്കേയുടെ വിജയഗാഥകളാണ്‌,” സി. എം. ബൗറ എഴുതുന്നു; “കവിത എന്നാൽ എന്താണെന്നാണ്‌ താൻ അർത്ഥമാക്കുന്നതെന്നും കവിതയിൽ നിന്ന് എന്താണു തനിക്കു ലഭിച്ചതെന്നും അതിൽ നിന്നെന്താണു താൻ പ്രതീക്ഷിക്കുന്നതെന്നും ഈ ഗീതകങ്ങളിലൂടെ റിൽക്കെ കാണിച്ചുതരുന്നു. ശുദ്ധമായ ആഹ്ളാദത്തിനാണ്‌ ഇവിടെ പ്രാബല്യം.”


3

ഒരു ദേവനതാവും. എന്നാലൊരു മനുഷ്യനതാവുമോ?

വീണയുടെ ഇടുക്കുകവാടം കടക്കാനയാൾക്കാവുമോ?

ഹൃദയപഥങ്ങൾ കൂടിപ്പിരിയുന്ന ഇരുണ്ട കവലയിൽ നില്ക്കെ,

ഒരപ്പോളോയുടെ ദേവാലയവുമയാൾക്കു കണ്ണിൽപ്പെടുന്നുമില്ല.

 

ഗാനമെന്നാൽ, നീ പറയുന്നു, അഭിലാഷപ്രകടനമല്ല,

സ്വാധീനത്തിലാക്കാനുള്ള യാചനായാത്രയല്ല;

താനാകലാണത്. സമ്മതിച്ചു. ഒരു ദേവനതനായാസവുമാണ്‌.

എന്നാൽ ഞങ്ങൾ ഞങ്ങളാവുന്നതെന്നാണെന്നു പറയൂ.

 

എന്നാണവൻ ഞങ്ങളിലേക്കു ഭൂമിയും നക്ഷത്രങ്ങളും പകരുക?

ഞങ്ങൾ പ്രേമിക്കുമ്പോഴോ? ചെറുപ്പത്തിൽ നിങ്ങൾക്കങ്ങനെ തോന്നും.

തൊണ്ട കീറി നിങ്ങൾ പാടിയാലും അതങ്ങനെയല്ല.

 

ആ പാടിയ പാട്ടുകളെല്ലാം മറന്നേക്കുക. അവ മാഞ്ഞുപോകും.

യഥാർത്ഥത്തിലുള്ള ഗാനം മറ്റൊരു തരം നിശ്വാസമാണ്‌.

അതൊന്നിനെക്കുറിച്ചുമല്ല. ദൈവത്തിലൊരു കാറ്റോട്ടം. ഒരു കാറ്റ്.


5

അവനായിട്ടൊരോർമ്മക്കല്ലും നിങ്ങളുയർത്തേണ്ട.

ആണ്ടോടാണ്ടു പനിനീർപ്പൂക്കളവനായി വിടരട്ടെ.

ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.

വേറൊരു പേരവനു തിരഞ്ഞു നാമലയുകയും വേണ്ട.

 

കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസ് തന്നെ.

അവൻ വന്നുപോകുന്നതറിയുന്നില്ല നാമെങ്കിലും

ഒരു പനിനീർപ്പൂവിനെക്കാളധികം ചിലനാളെങ്കിലും

നമ്മോടൊത്തവനുണ്ടായാലതു മാത്രം പോരേ?

 

താൻ മറഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും

അവൻ മറഞ്ഞുപോകണം: നമുക്കതല്ലേ പാഠം?

അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പോഴേക്കും

 

നമുക്കെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.

തന്റെ വീണയുടെ കമ്പികളവന്റെ കൈകളെ വരിയുന്നില്ല,

അതിലംഘിക്കുമ്പോഴാണവൻ അനുസരിക്കുന്നതും.


19

പ്രതിക്ഷണം രൂപം മാറുന്ന മേഘത്തെപ്പോലെ

ലോകമാകൃതി മാറ്റിയെടുക്കുന്നുവെങ്കിലും

പൂർണ്ണത പ്രാപിച്ചതൊക്കെയും

മൂലപ്രകൃതിയിലേക്കു മടങ്ങുന്നു.

 

മാറുന്നതിനും മായുന്നതിനും മുകളിൽ,

അവയെക്കാൾ വിപുലമായും സ്വതന്ത്രമായും

നിന്റെ നിത്യഗാനമൊന്നു മാത്രം കേൾക്കാകുന്നു,

വീണയേന്തിയ ദേവാ.

 

ഞങ്ങളുടെ വേദനകളറിയപ്പെടാതെ പോകുന്നു,

സ്നേഹിക്കാനിനിയും ഞങ്ങൾ പഠിച്ചിട്ടില്ല,

മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്

 

ഞങ്ങൾക്കു മറ നീക്കിക്കിട്ടിയിട്ടുമില്ല.

മണ്ണിനു മേൽ നിന്റെ ഗാനമൊന്നേ,

സ്തുതിയ്ക്കുന്നു, സുഖപ്പെടുത്തുകയും ചെയ്യുന്നു.


20

എന്തുപഹാരം നിനക്കു ഞാനർപ്പിക്കാൻ ദേവാ,

ജീവികളെ കേൾവി പഠിപ്പിച്ചവനേ?

ഏറെക്കാലം മുമ്പൊരു സായാഹ്നത്തിന്റെ ഓർമ്മ-

വസന്തകാലമായിരുന്നു, റഷ്യയിലായിരുന്നു...

 

ഗ്രാമത്തിൽ നിന്നൊറ്റയ്ക്കൊരു വെള്ളക്കുതിരയോടിവന്നു,

അവന്റെ മുൻകാലിലൊരു മരമുട്ടി കെട്ടിയിരുന്നു;

പുല്പുറത്തു രാത്രി കഴിക്കാനായി അവൻ വന്നു;

തട്ടിത്തടഞ്ഞിട്ടാണവന്റെ കുതിപ്പെങ്കിലും

 

അതിരറിയാത്ത  പ്രഹർഷത്തിന്റെ താളത്തിൽ

ആ കുഞ്ചിരോമങ്ങൾ തുള്ളിക്കളിക്കുകയായിരുന്നു.

സിരകളിലവന്റെ അശ്വരക്തമിരച്ചുകേറുകയായിരുന്നു!

 

വൈപുലങ്ങൾ അവനറിഞ്ഞു. ഹാ!

അവൻ പാടി. അവൻ കേട്ടു.

നിന്റെ കാവ്യചക്രം അവനിൽ പൂർണ്ണവുമായി.

അവന്റെ രൂപം- എന്റെ നിവേദ്യം

1900 മേയിൽ ലൂ അന്ദ്രിയാസ് ശലോമിയുമൊത്ത് രണ്ടാമത് റഷ്യയിൽ പോയപ്പോൾ കണ്ട ഒരു കാഴ്ചയാണ്‌ ഈ കവിതയ്ക്കു നിമിത്തമായത്. 1922ൽ അവർക്കയച്ച കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നു: നിനക്കോർമ്മയുണ്ടോ, ഒരിക്കൽ, സന്ധ്യസമയത്ത് മുൻകാലിൽ കെട്ടിയ കുറ്റിയുമായി നമുക്കടുത്തേക്ക് ആഹ്ളാദത്തോടെ കുതിച്ചു വന്ന ആ കുതിരയെ? ഞാനവനെ ഓർഫ്യൂസിന്‌ ഒരു നിവേദ്യമാക്കി! കാലത്തിനെന്തർത്ഥം? ഇപ്പോഴെന്നാൽ? അത്രയും വർഷങ്ങൾക്കപ്പുറത്തു നിന്ന് ആഹ്ളാദത്തിന്റെ പൂർണ്ണതയുമായി എന്റെ അനുഭൂതിയുടെ വൈപുല്യത്തിലേക്ക് കുതിച്ചോടി വരികയായിരുന്നു അവൻ...


21

വസന്തമിതാ, മടങ്ങിവന്നിരിക്കുന്നു.

ഭൂമിയോ, കവിതകൾ മനപ്പാഠമാക്കിയ കുട്ടിയെപ്പോലെ;

എത്രയെത്രവൾ ഓർത്തുവച്ചിരിക്കുന്നു!

ആ ദീർഘപഠനത്തിനവൾക്കു സമ്മാനവും കിട്ടുന്നു.

 

അവളുടെ ഗുരു കടുപ്പക്കാരനായിരുന്നു.

ആ കിഴവന്റെ താടിവെളുപ്പു നമുക്കിഷ്ടവുമായിരുന്നു.

ഏതു പച്ച, ഏതു നീല എന്നവളോടു ചോദിക്കുമ്പോൾ

അവൾക്കതൊക്കെ നല്ല തിട്ടമാണെന്നേ!

 

ഭൂമീ, സുകൃതം ചെയ്തവളേ,

ഈ അവധിക്കാലത്തു കുട്ടികൾക്കൊപ്പമിറങ്ങിക്കളിയ്ക്കൂ.

കുതി കൊണ്ട പന്തുപോലെ ഭാഗ്യവാനു നിന്നെക്കിട്ടട്ടെ.

 

ഗുരുനാഥനവളെ എന്തൊക്കെപ്പഠിപ്പിച്ചു!

വേരുകളിൽ, കുടിലകാണ്ഡങ്ങളിലാഴത്തിൽ പതിഞ്ഞതൊക്കെയും

പാടുകയാണവൾ, അവൾ പാടുകയുമാണ്‌!


II

8

നഗരത്തിലെ ശിഥിലോദ്യാനങ്ങളിലെന്റെ കളിക്കൂട്ടുകാരായിരുന്നവരേ,

എന്നോ കഴിഞ്ഞുപോയൊരു ബാല്യത്തിലൊപ്പം ജിവിച്ച ചിലരേ,

നാമന്യോന്യം കണ്ടെത്തിയതും അറച്ചും നാണിച്ചും  തമ്മിലടുത്തതുമെങ്ങനെ?

ചുരുണ കൈയിലെടുത്ത കുഞ്ഞാടിനെപ്പോലെ മൗനം കൊണ്ടു സംസാരിച്ചതെങ്ങനെ?

 

നമ്മളിൽ സന്തോഷം നിറഞ്ഞപ്പോഴതാരുടേതുമായിരുന്നില്ല;

നമ്മിലതിനവകാശിയാരായിരുന്നു?

തിക്കിത്തിരക്കിക്കേറുന്ന പുരുഷാരത്തിനിടയിൽ,

ദീർഘദീർഘമായൊരു വർഷത്തിന്റെ വേവലാതികൾക്കിടയിലതൊളിച്ചുപോവുകയായിരുന്നു.

 

വണ്ടികൾ നമ്മെക്കടന്നുരുണ്ടു നീങ്ങിയപ്പോൾ നാമതു നോക്കിനിന്നു;

നമ്മെ ചുഴന്നുനിന്ന ബലിഷ്ഠവും അയഥാർത്ഥവുമായ വീടുകൾക്കു നാമന്യരായിരുന്നു,

ആ പ്രപഞ്ചത്തിൽ യഥാർത്ഥമായി യാതൊന്നുണ്ടായിരുന്നു?

 

ഒന്നുമില്ല. പന്തുകൾ മാത്രം. അവയുടെ ഉജ്ജ്വലകമാനങ്ങൾ മാത്രം.

കുട്ടികൾ പോലുമില്ല...ചിലനേരത്തെന്നാൽ ഒരു കുട്ടി മാത്രം,

മറഞ്ഞുപോകുന്നതിനിടെ പതിയ്ക്കുന്ന പന്തിനു ചുവടെ കാലെടുത്തുവെച്ചു.

(ഇഗോൺ വോൺ റിൽക്കെയുടെ ഓർമ്മയ്ക്ക്)


21

വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂവനങ്ങളെ,

ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും അപ്രാപ്യവുമായവയെ;

ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ ജലധാരകളെ,

നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക, അനന്യതകളെ.

 

തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു ജീവിതമെന്ന്,

അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു നിനക്കായെന്ന്;

പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര തെളിച്ചത്തിൽ

ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു നിന്നെയെന്ന്.

 

ജീവിക്കുക, അത്ര തന്നെ! എന്നൊരു നിശ്ചയമെടുത്തപ്പോൾ

പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ വരുത്തരുതേ;

ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, പട്ടുനൂലേ!

 

ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു ചിത്രത്തോടുമാവട്ടെ,

(ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)

അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.


27

അങ്ങനെയൊരാളുണ്ടോ, കാലമെന്ന സംഹാരകൻ?

ശാന്തിയുടെ മലമുടിയിൽ നിന്നെന്നാണവൻ കോട്ട തട്ടിയിടുക?

എന്നുമെന്നും ദേവന്മാർക്കധീനമായ ഈ ഹൃദയം,

ഊറ്റം കാണിച്ചെന്നാണവനതു പറിച്ചെടുക്കുക?

 

നിയതി നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന പോലെയാണോ,

ഉത്കണ്ഠകളാലത്രവേഗമുടയുന്നവയാണോ നാം?

ഗഹനവും വാഗ്ദാനങ്ങളാൽ സമ്പന്നവുമായ ബാല്യം,

ഇനിയൊരു കാലത്തതു വേരോടില്ലാതാകുമെന്നോ?

 

അനിത്യരാണു നാമെന്നു നമ്മെ വേട്ടയാടുന്ന ബോധം

ഒരു വേനൽക്കാലമേഘം പോലെ ഹാ,

നമ്മുടെ നിഷ്കപടഹൃദയത്തിലൂടൊഴുകിപ്പോകുന്നു.

 

എന്നാൽ നാം ഹതാശരാവട്ടെ, അനിത്യരാവട്ടെ,

നിത്യശക്തികൾക്കിടയിൽ നമ്മളും ഗണനീയരാവുന്നു,

ദേവന്മാർക്കു നാമുപയോഗപ്പെടുന്നുവെന്നതിനാൽ.


അഭിപ്രായങ്ങളൊന്നുമില്ല: