2017, ഏപ്രിൽ 16, ഞായറാഴ്‌ച

മസവോക്ക ഷിക്കി - ഹൈക്കു

MasaokaShiki

ആധുനികകാലത്തിനായി ഹൈക്കുവിനെ പുനർനിർവ്വചിച്ച കവിയാണ്‌ മസവോക്ക ഷിക്കി Masaoka Shiki. രോഗപീഡിതമായ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ നിരന്തരമായ വിമർശനങ്ങളിലൂടെയും കവിതാരചനയിലൂടെയും ഹൈക്കുവിനെ അതിന്റെ സാങ്കേതികകാർശ്യങ്ങളിൽ നിന്നു മോചിപ്പിക്കാനും ആധുനികജീവിതത്തിന്റെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു മാദ്ധ്യമമാക്കി അതിനെ മാറ്റാനും അദ്ദേഹത്തിനു കഴിഞ്ഞു.

1867 ഒക്ടോബർ 14ന്‌ മത്‌സുയാമയിലെ ഒരു സമുരായി കുടുംബത്തിലാണ്‌ ജനനം. അദ്ദേഹത്തിന്‌ അഞ്ചു വയസ്സുള്ളപ്പോൾ സമുരായി ആയിരുന്ന അച്ഛൻ ഹയാത മരിച്ചു. അമ്മ യേ അദ്ധ്യാപികയായിരുന്നു. സ്കൂളിൽ വച്ചേ ഷിക്കി എഴുത്തു തുടങ്ങിയിരുന്നു. 1883ൽ അദേഹം ടോക്ക്യോവിലെ ഇമ്പീരിയൽ യൂണിവേഴ്സിറ്റിയിൽ ക്ലാസ്സിക് ജാപ്പനീസ് സാഹിത്യം പഠിക്കാൻ ചേർന്നു. പഠനശേഷം ഒരു പ്രസിദ്ധീകരണസ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. 1894-95ലെ ചൈന-ജപ്പാൻ യുദ്ധകാലത്ത് റിപ്പോർട്ടറായി ജോലി ചെയ്യുന്നതിനിടെ നേരത്തേയുണ്ടായിരുന്ന ക്ഷയരോഗം വഷളായതിനെത്തുടർന്ന് പിന്നീടുള്ള കാലം തന്റെ കവിതാപരീക്ഷണങ്ങളുമായി അദ്ദേഹം വീട്ടിൽത്തന്നെ കഴിഞ്ഞു. അവസാനകാലം തീർത്തും ശയ്യാവലംബിയായെങ്കിലും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടുമൊപ്പം ഹൈക്കുവിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു അദ്ദേഹത്തിനുത്സാഹം. 1902 സെപ്തംബർ 9ന്‌ മുപ്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

കവിതയെ നൂറ്റാണ്ടുകൾ പഴകിയ വിഷയങ്ങളിൽ നിന്നും പദാവലിയിൽ നിന്നും മോചിപ്പിക്കേണ്ടതിനെക്കുറിച്ച് 1892ൽത്തന്നെ ഷിക്കി ബോധവാനായിരുന്നു. 1900ത്തിൽ എഴുതിയ “ആഖ്യാനം” എന്ന ലേഖനത്തിൽ തന്റെ സിദ്ധാന്തത്തെ വിവരിക്കാനായി “ഷസെയ് (പ്രകൃതിയിൽ നിന്നുള്ള ആലേഖനം)” എന്ന പദം അദ്ദേഹം ഉപയോഗിക്കുന്നു. കവി വിഷയത്തെ യഥാർത്ഥത്തിൽ അതെങ്ങനെയാണോ, അതുപോലെ വേണം അവതരിപ്പിക്കേണ്ടത്; അതിനയാൾ ഉപയോഗിക്കുന്നത് സമകാലികഭാഷയുമായിരിക്കണം. എട്ടാം നൂറ്റാണ്ടിലെ കവിതാസമാഹാരമായ “മന്യോ-ഷു (പതിനായിരം ഇലകൾ അടുക്കിയത്)” വിന്‌ ജാപ്പനീസ് സാഹിത്യലോകത്തു പുനർജ്ജന്മം കൊടുക്കുന്നത് അതിനെക്കുറിച്ചു ഷിക്കി നിരന്തരമായി എഴുതിയ ലേഖനങ്ങളാണ്‌; അതുപോലെ യൊസ ബുസോൺ(1716-1784) എന്ന ചിത്രകാരൻ കൂടിയായ ഹൈക്കു കവിയെ വീണ്ടും വെളിച്ചത്തേക്കു കൊണ്ടുവരുന്നതും അദ്ദേഹമാണ്‌. തന്റെ രോഗാവസ്ഥയെക്കുറിച്ച് കവിതകളിലും “ആറടി നീളമുള്ള രോഗശയ്യ” തുടങ്ങിയ ലേഖനങ്ങളിലും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ആത്മാനുകമ്പ അതിൽ കടന്നുവരുന്നതേയില്ല.

ഹൈക്കു എഴുത്തുകാർക്ക് ഷിക്കിയുടെ ഉപദേശങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
തുടക്കക്കാർക്ക്

*അസ്വാഭാവികത വേണ്ട.
*ഭാഷയിലെ പഴയ നിയമങ്ങളുടെ കാര്യത്തിൽ അമിതമായ വേവലാതിയരുത്.
*പഴയ എഴുത്തുകാരെ വായിക്കുക; അവർ നല്ല കവിതകളും മോശം കവിതകളും എഴുതിയിട്ടുണ്ടെന്ന് ഓർമ്മ വയ്ക്കുക.
*നിങ്ങളുടെ സന്തോഷത്തിനായി എഴുതുക. നിങ്ങൾ എഴുതുന്നത് നിങ്ങളെ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കാമോ?

എഴുതി കുറേ മുന്നേറിക്കഴിഞ്ഞവരോട്

*പരിപ്രേക്ഷ്യത്തിന്റെ കാര്യം ഓർമ്മ വയ്ക്കുക. വലിയവ വലിയവ തന്നെ; എന്നാൽ  ചെറിയവ അടുത്തു കണ്ടാൽ വലിയവയാകും.
*ഹൈക്കു തർക്കവാക്യങ്ങളല്ല. കാര്യമായി ചിന്തിച്ചെഴുതിയതാണെന്ന് വായിച്ചാൽ തോന്നരുത്.
*സംക്ഷിപ്തമായി എഴുതുക; അനാവശ്യമായ ഒരു പദവും കടന്നുവരരുത്.
*ക്രിയ, വിശേഷണങ്ങൾ തുടങ്ങിയവ കഴിയുന്നത്ര കുറയ്ക്കുക.
*സാങ്കല്പികവും യഥാർത്ഥവുമായ ചിത്രങ്ങൾ രണ്ടും ഉപയോഗിക്കുക; മുൻഗണന പക്ഷേ, യഥാർത്ഥത്തിലുള്ളതിനു കൊടുക്കുക.

എഴുതിത്തഴകിയവരോട്

ഹൈക്കുവിനെക്കുറിച്ച് കിട്ടാവുന്നതെല്ലാം വായിക്കുക; അവയുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ച് പര്യാലോചിക്കുക.
*എല്ലാ തരം ഹൈക്കുവും പരിചയിക്കുക; എന്നാൽ നിങ്ങളുടേതായ ഒരു ശൈലി ഉണ്ടാവണം

*പുതിയ സാമഗ്രികൾ നേരിട്ടെടുക്കുക; പഴയ കവിതകളിൽ നിന്നു വലിച്ചൂരരുത്.
*മറ്റു സാഹിത്യവിഭാഗങ്ങളെക്കുറിച്ചു കൂടി കുറച്ചെന്തെങ്കിലും അറിയുക.
*എല്ലാ കലകളെക്കുറിച്ചും എന്തെങ്കിലും അറിയുക.



1
ഒരാൾ അന്ധൻ
ഒരാൾ ബധിരൻ
ഒരാൾ മൂകൻ-
ശരൽക്കാലസന്ധ്യയും.

2
തന്നെപ്പണിതവന്റെ
മുതുകിലേറി
നോക്കുകുത്തി
പാലം കടക്കുന്നു.

3
ബധിരനാണയാൾ
മൂകനാണയാൾ
അമ്പലമണി നോക്കി
നില്ക്കയാണയാൾ.

4
ക്രിസാന്തമങ്ങൾക്കു നൂറു നിറം
വാടിവീഴും വേളയിൽ
ഒരേ നിറം.

5
ഇലയുടെ സൂചിമുനയിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

6
പച്ചപ്പുല്ലിൽ
ഒരു ശിശുവിന്റെ
നഗ്നപാദങ്ങൾ.

7
പൂർണ്ണചന്ദ്രനുദിക്കുമ്പോൾ
ഈറക്കാട്
വിറ കൊള്ളുന്നു.

8
ശരല്ക്കാലം കനക്കുമ്പോൾ
എനിക്കു ദൈവങ്ങളില്ല
എനിക്കു ബുദ്ധന്മാരില്ല.

9
പാടലപ്പൂക്കൾക്കിടയിൽ
ഒരു വെള്ളപ്പൂമ്പാറ്റ-
ആരുടെയാത്മാവാണത്?

10
ഒരു ശവമാടം
അരികിൽ പൈന്മരം
കൂടെ കുയിലും.

11
ഒരു കുയിൽ
അതിരുകളില്ലാത്ത
മാനത്ത്.

12
ഒരു പഴയ കുളം
അതിൽ പൊന്തിയൊഴുകുന്നു
ഒരു ചീവീടിന്റെ തൊണ്ട്.

13
ഓത്തു കേട്ടെച്ചിലായ
കാതിൽ
കുയിലിന്റെ പാട്ട്.

14
കൊടുങ്കാറ്റ് കടന്നുപോകുന്നു
ഒരു മരത്തിൽ അന്തിവെയിൽ
ഒരു ചീവീടിന്റെ കരച്ചിൽ.

15
ഒരു മിന്നൽ വെളിച്ചം
കാട്ടുമരങ്ങൾക്കിടയിലൂടെ
ഞാൻ പൊയ്ക കണ്ടു.

16
കുന്നുമ്പുറത്തൊരമ്പലം
ഉച്ചമയക്കത്തിന്റെ കൂർക്കം
കുയിലിന്റെ പാട്ടും

17
രാത്രിയിൽ പിന്നെയും
നിന്നെക്കാത്തിരിക്കുമ്പോൾ
തണുത്ത കാറ്റ് മഴയാകുന്നു.

18
നിലാവുള്ള രാത്രികളിൽ
നോക്കുകുത്തികൾ മനുഷ്യരെപ്പോലെ
നമുക്കവയോടു കരുണയും തോന്നുന്നു.

19
മരം മുറിച്ചപ്പോൾ
എന്റെ ജനാലയ്ക്കൽ
നേരത്തേയൊരു സൂര്യോദയം.

20
മനുഷ്യരെ വെറുക്കണം
ഓർക്കിഡുകൾക്കവർ
വില പേശുന്നു.

21
മഞ്ഞു പെയ്യുന്നു
കതകിന്റെ ഓട്ടയിലൂടെ
ഞാനതു നോക്കിയിരിക്കുന്നു.

22
എത്ര ദീർഘം
എന്റെ ശിഷ്ടജീവിതം?
ഒരു ഹ്രസ്വരാത്രി.

23
ബുദ്ധവിഗ്രഹത്തിന്റെ കൃഷ്ണമണി
അതിൽ തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

24
തെളിഞ്ഞ പുഴവെള്ളത്തിൽ
വെള്ളാരംകല്ലുകൾ
ഇളകുന്നു.

25
കൊഴിയുന്ന ചെറിപ്പൂക്കൾ
അതിനിടയിൽ
കിളിച്ചിറകുകൾ.

26
കൊയ്ത്തുനാൾ
ചുടുകാട്ടിൽ
ഇന്നു പുകയില്ല.

27
ശരല്ക്കാലത്തിന്റെ
നിറപ്പകർച്ചയിൽ
വിദൂരവെളിച്ചങ്ങൾ.

28
വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
നോക്കുകുത്തി ചാഞ്ഞുനില്ക്കുന്നു.

29
തെളിഞ്ഞ ചന്ദ്രൻ
നെഞ്ചിലെന്തോ പോലെ
ഞാൻ ഒറ്റയ്ക്കാണ്‌.

30
ഒരു നായ മോങ്ങുന്നു
കാലൊച്ചകൾ കേൾക്കുന്നു
രാത്രി നീളുന്നു.

31
മഴ പെയ്യട്ടെ
ഉറക്കത്തിൽ
പെയ്യുമ്പോലെ.

32
ഞാൻ പോകുന്നു
നിങ്ങൾ ശേഷിക്കുന്നു
രണ്ടു തരം ശരല്ക്കാലങ്ങൾ
നമ്മുടേത്.

(മരിക്കുന്നതിനു മുമ്പ് സ്നേഹിതന്മാർക്കും ശിഷ്യന്മാർക്കുമായി എഴുതിയത്)


അഭിപ്രായങ്ങളൊന്നുമില്ല: