റോദാങ്ങിനെക്കുറിച്ച് ഒരു പുസ്തകമെഴുതാൻ 1902ൽ പാരീസിൽ എത്തുമ്പോൾ ഒരു കവി എന്ന നിലയിൽ അറിയപ്പെടാൻ വേണ്ടത്രയും 27കാരനായ റിൽക്കെ എഴുതിക്കഴിഞ്ഞിരുന്നു. കവിതകളും കഥകളുമായി ഒമ്പതു സമാഹാരങ്ങൾ പുറത്തുവന്നിരുന്നു; The Book of Hoursന്റെ രണ്ടു ഭാഗങ്ങളും The Book of Images പൂർണ്ണമായും എഴുതിക്കഴിഞ്ഞിരുന്നു. ആദ്യകാലത്തെ ധൂർത്തമായ സൗന്ദര്യാത്മകതയിൽ നിന്ന് നിയതതാളത്തിലുള്ള ഒരു കാവ്യാത്മകതയിലേക്ക് അദ്ദേഹം എത്തുകയും ചെയ്തിരുന്നു. The Book of Hoursലെ ആദ്യഭാഗത്തെ കവിതകളുടെ ശൈലിയിൽ താൻ ശിഷ്ടകാലം തുടർന്നേനേയെന്ന് റിൽക്കെ പറയുന്നുമുണ്ട്. പക്ഷേ ആ പാരീസ് യാത്ര അതെല്ലാം മാറ്റിമറിച്ചു. റോദാങ്ങിനോട് ആദ്യം തോന്നിയ കൗതുകം പിന്നീട് അദ്ദേഹത്തിനു ശിഷ്യപ്പെടുന്ന ആരാധനയായി മാറുകയായിരുന്നു. റോദാങ്ങിന്റെ സൃഷ്ടികളെ ആഴത്തിൽ പഠിക്കുന്തോറും തന്റെ കൃതികൾ എന്തുമാത്രം പൊള്ളയാണെന്ന് അദ്ദേഹത്തിനു തോന്നിത്തുടങ്ങി. റോദാങ്ങ് ഒരു പണിക്കാരനായിരുന്നു, കൈവേലക്കാരനായിരുന്നു; വിയർത്തു പണിയെടുത്താണ് അദ്ദേഹം ഓരോ ശില്പത്തിനും രൂപം കൊടുത്തിരുന്നത്. ആ ഊർജ്ജവും അർപ്പണബോധവും തന്റെ ഭാഷയുടെ വഴുവഴുക്കുന്ന മിനുസവും പ്രചോദനത്തിന്മേലുള്ള വിധേയത്വവും വർജ്ജിക്കാനുള്ള ഒരാഹ്വാനമായിട്ടാണ് റിൽക്കെ കണ്ടത്. കാവ്യാത്മകമായ ഒരു വിഷയത്തെക്കുറിച്ച് കാവ്യാത്മകമായി എഴുതാൻ പ്രചോദനം കാത്തിരിക്കുന്ന ഒരടിമ എന്ന നിലയിൽ നിന്നു സ്വയം പുറത്തു കടക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നും പണിയെടുക്കുക- എന്നും എന്ന റോദാങ്ങിന്റെ പ്രമാണം എന്തുകൊണ്ട് തന്റെ സർഗ്ഗാത്മകജീവിതത്തിൽ പകർത്തിക്കൂടാ എന്ന് അദ്ദേഹം സ്വയം ചോദിച്ചു. ഒരു ശില്പിയോ ചിത്രകാരനോ ചെയ്യുന്നപോലെ നിത്യവും ഒരു കല്ലോ കാൻവാസോ എടുത്ത് നേരേ പണി തുടങ്ങുക; പ്രചോദനമൊക്കെ പിന്നീടു വന്നുകൊള്ളും!
എഴുത്തിൽ താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് റിൽക്കെ ഒരു ദിവസം റോദാങ്ങിനോടു സംസാരിക്കുമ്പോൾ അദ്ദേഹം ചോദിച്ചു: “തനിക്കെന്തുകൊണ്ട് പുറത്തേക്കു പോയി എന്തിനെയെങ്കിലും വെറുതേ നോക്കിനിന്നുകൂടാ- ഉദാഹരണത്തിന്, മൃഗശാലയിൽ പോയി ഒരു ജീവിയെ നിരീക്ഷിക്കുക, അതിൽ നിന്നൊരു കവിതയുണ്ടാകുന്നതു വരെ അതിനെ നിരീക്ഷിക്കുക.” റിൽക്കെ ആ ഉപദേശം അക്ഷരാർത്ഥത്തിൽ എടുത്തു എന്നതിന്റെ ഫലമാണ് 1902 ഒടുവിൽ എഴുതിയ “പുലി” എന്ന കവിത. എന്നും തുടക്കക്കാരനായിരുന്ന ഒരു കവി ഈ കവിതയിലൂടെ പുതിയ ഒരു തുടക്കം കുറിക്കുകയായിരുന്നു. ഒരർത്ഥത്തിൽ റിൽക്കേയുടെ കവിതാവേദപുസ്തകത്തിലെ പുതിയനിയമമാണ് “പുതിയ കവിതകൾ.” രണ്ടു ഭാഗങ്ങളായിട്ടാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചത്. 1907ൽ ഒന്നാം ഭാഗവും 1908ൽ രണ്ടാം ഭാഗവും പുറത്തുവന്നു.
എന്താണ് ഈ പുതിയ കവിതകളിൽ പുതിയതായിട്ടുള്ളത്? ഏറ്റവും പ്രകടമായിട്ടുള്ളത് ഭാഷയുടെ മാറ്റമാണ്; അത് ഒരേ സമയം സുതാര്യവും സങ്കീർണ്ണവുമായി മാറുന്നു. പദപ്രയോഗം അതിസംക്ഷിപ്തമാവുന്നു. “വസ്തു-കവിതകൾ” എന്ന് റിൽക്കെ വിശേഷിപ്പിച്ച ഈ കവിതകളിൽ ചിലതേ വസ്തുക്കളെക്കുറിച്ചുള്ളു; പക്ഷേ, എല്ലാ കവിതകൾക്കും ഒരു വസ്തുസ്വഭാവം കൈവന്നിരിക്കുന്നു; ശില്പങ്ങളെപ്പോലെ സ്വതന്ത്രസാന്നിദ്ധ്യങ്ങളായിട്ടാണ് അവ വായനക്കാരനു മുന്നിൽ നില്ക്കുന്നത്. വിഷയമെന്തുമാകട്ടെ, ഒരു ചിത്രമോ ശില്പമോ പുരാണകഥാപാത്രമോ മൃഗമോ, അത് ഈ കവിതകളിൽ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെയാണ് വായനക്കാരൻ കാണുന്നത്; തനിക്കതിപരിചിതമായിരുന്നതൊന്നല്ല അയാൾ ഇപ്പോൾ മുന്നിൽ കാണുന്നത്; ആ അപരിചിതത്വമേല്പിക്കുന്ന ആഘാതത്തിലൂടെയാണ് അയാൾ അതിന്റെ വാസ്തവം അറിയുന്നത്. ഒരു തരത്തിൽ അയാളോടുള്ള ഒരു വെല്ലുവിളി കൂടിയാണത്: അയാൾ ഇനി മേൽ ജീവിതം മാറ്റിജീവിക്കണം.
ഒരു പെൺകുട്ടിയുടെ വിലാപം
കുട്ടികളായിരുന്നപ്പോൾ ഞങ്ങളേകാകികളായിരുന്നു,
അതു ഞങ്ങൾക്കിഷ്ടവുമായിരുന്നു.
ചേരി തിരിഞ്ഞും കലഹിച്ചും അന്യർ കാലം കഴിച്ചപ്പോൾ
അടുത്തും അകലത്തുമുള്ളിടങ്ങൾ ഞങ്ങൾക്കു സ്വന്തമായിരുന്നു,
സ്വന്തമായൊരു പാതയും കഥയും മൃഗവും ഞങ്ങൾക്കുണ്ടായിരുന്നു.
ഞങ്ങൾക്കു സ്വയമറിയാനുള്ള വഴികൾ ജീവിതം തുറന്നുതരുമെന്ന്
അന്നു ഞാനുറപ്പായും വിശ്വസിച്ചിരുന്നു.
എനിക്കുള്ളിൽ എനിക്കുടമയല്ലേ ഞാൻ?
എന്റെ സ്വന്തങ്ങൾ എന്റെ സാന്ത്വനങ്ങളുമല്ലേ?
പിന്നെപ്പൊടുന്നനേയാ മന്ത്രച്ചരടു പൊട്ടുന്നു,
അതിരറ്റൊരേകാന്തതയിലേക്കു ഞാൻ ഭ്രഷ്ടയാവുന്നു;
എന്റെ മാറത്തെ കുന്നിൻപുറങ്ങളിൽ കയറിനി-
ന്നെന്റെ വികാരങ്ങളിങ്ങനെ വിളിച്ചുകരയുന്നു:
ഞങ്ങൾക്കു ചിറകു തരൂ, അല്ലെങ്കിൽ മരണവും!
പ്രണയഗീതം
എങ്ങനെയെന്റെ ഹൃദയത്തെ
നിന്റെ ഹൃദയത്തെത്തൊടാതെ ഞാൻ തടുക്കും?
എങ്ങനെയെന്റെ ഹൃദയത്തെ
നിനക്കുമപ്പുറത്തൊരു ലോകത്തേക്കു ഞാനെത്തിക്കും?
എത്രയാഹ്ളാദത്തോടെ ഞാനതിനെയൊളിപ്പിക്കുമെന്നോ,
ഒരന്യദേശത്തിന്റെ വിദൂരതയിൽ, നിശ്ശബ്ദതയിൽ, ഇരുട്ടിൽ,
നിന്റെ ഹൃദയം പാടുമ്പോൾ മറുപാട്ടു പാടാത്ത
പരിത്യക്തവസ്തുക്കൾക്കിടയിൽ.
എന്നെയും നിന്നെയും തൊടുന്നതൊക്കെപ്പക്ഷേ,
നമ്മെയന്യോന്യം വലിച്ചടുപ്പിക്കുന്നു,
രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?
നമ്മെ കൈയിലെടുത്തതേതു വാദകൻ?
ഹാ, മധുരഗീതമേ!
ഒരു പെൺകുട്ടിയുടെ ശവമാടം
എല്ലാം നാമോർമ്മ വയ്ക്കുന്നു,
എല്ലാം പുനർജ്ജനിയ്ക്കുന്നൊരു കാലം വരുമെന്നു നാമോർത്തുവോ?
കടലോരത്തു വളരുന്നൊരു നാരകമരം പോലെ
നിന്റെ കുഞ്ഞുമാറിടങ്ങളുടെ തിളക്കങ്ങൾ
അവന്റെ ചോരയുടെ തിരക്കോളിനു നീ കാഴ്ചവയ്ച്ചു.
ആ ദേവനെ നീ കണ്ടറിഞ്ഞില്ലേ,
പിടി തരാത്തവനെ, സ്ത്രീകളെ രമിപ്പിക്കുന്നവനെ?
നിന്റെ മോഹങ്ങൾ പോലെ തീക്ഷ്ണവും ആർദ്രവുമായി
നിന്റെ യൗവനത്തിനു മേലവൻ നിഴൽ വീഴ്ത്തി,
മെലിഞ്ഞ വില്ലു പോലവൻ നിനക്കു മേൽ വളഞ്ഞു.
കിഴക്കു നിന്നൊരുദയഗീതം
ഈ കിടക്കയ്ക്കകം, ഇതൊരു കടലോരം പോലെയല്ലേ,
മെലിഞ്ഞ നാട പോലൊരു തുണ്ടു നിലം, നാം കിടക്കുമിടം?
ആകെയുള്ള തീർച്ചകൾ, ഉറച്ചുയർന്ന നിന്റെ മുലകൾ,
എന്റെ വികാരങ്ങൾ വിഭ്രമത്തോടെ കയറിമറിഞ്ഞവ.
ആക്രോശങ്ങളും ആക്രന്ദനങ്ങളും നിറഞ്ഞ ഈ രാത്രി,
മൃഗങ്ങളന്യോന്യമലറിക്കൊണ്ടു കടിച്ചുകീറുന്ന രാത്രി,
ഭയാനകമാം വിധം നമുക്കതപരിചിതമല്ലേ?
പിന്നെ, പതിയെപ്പതിയെ പകലെന്നതു പുറത്തു വരുമ്പോൾ
ശരിക്കതും നമുക്കജ്ഞാതമല്ലേ (രാത്രിയെപ്പോലെ?)
പൂവിൽ കേസരങ്ങളും ദളങ്ങളുമെന്നപോലെ
അടുത്തടുത്തൊട്ടിപ്പിടിച്ചു കിടക്കാൻ നമുക്കായെങ്കിൽ;
അടിച്ചുതകർത്തും നമ്മെ ഭീഷണിപ്പെടുത്തിയും
ചുറ്റും വളരുന്ന ഹിംസ്രോന്മാദത്തിൽ നിന്നു നാമൊളിക്കുക.
തമ്മിൽത്തമ്മിലമർന്നു നാമൊട്ടിച്ചേരുമ്പോഴും,
ചുറ്റുമുയരുന്ന ഭീഷണിയെ നാം കണ്ണുകൾക്കു പുറത്തു നിർത്തുമ്പോഴും,
അതു നിന്നിൽ നിന്നുറയൂരാം, എന്നിൽ നിന്നു വന്നുവെന്നു വരാം:
അന്യോന്യം വഞ്ചിച്ചല്ലോ, നമ്മുടെയാത്മാക്കൾ വളരുന്നു.
പിയെത്ത
യേശുവേ, പിന്നെയുമൊരിക്കൽക്കൂടി നിന്റെ പാദങ്ങൾ ഞാൻ കാണുന്നു,
നിനക്കുമവയ്ക്കും ചെറുപ്പമായിരുന്നപ്പോഴെന്റെ കൈകൾ സ്പർശിച്ചവ,
വിറ പൂണ്ട കൈകളാലന്നു പാദുകങ്ങളൂരി ഞാൻ കഴുകിത്തോർത്തിയവ;
അന്നെത്ര വിധുരമായിട്ടാണെന്റെ മുടിക്കെട്ടിലവ തങ്ങിനിന്നത്,
മുൾക്കാട്ടിൽ കുടുങ്ങിപ്പോയ പാൽവെള്ളമാനുകളെപ്പോലെ!
ഇന്നിതാ, ആരുമൊരുനാളും പുണരാത്ത നിന്റെ കൈകാലുകൾ ഞാൻ കാണുന്നു,
നമ്മുടെ പ്രണയത്തിന്റെ പ്രഥമരാത്രിയിൽ ഇന്നാദ്യമായി ഞാനവ കാണുന്നു.
ഇന്നോളം നിനക്കായി ദാഹിച്ചിരുന്നവൾ, നിന്നോടൊരുമിച്ചു ഞാൻ ശയിച്ചിട്ടില്ല;
ഇന്നു നിന്നെയെനിക്കായി കിട്ടുമ്പോൾ ആരാധിക്കാനേ എനിക്കാവൂ.
ഇന്നാർക്കും കയറിച്ചെല്ലാനായി നിന്റെ ഹൃദയം തുറന്നുകിടക്കുന്നു;
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നില്ലേ?
നോക്കൂ, നിന്റെ കൈവെള്ളകൾ ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു;
അവയറിയേണ്ടതെന്റെ പല്ലുകളുടെ മൂർച്ച മാത്രമായിരുന്നില്ലേ?
ഇന്നു നീ ക്ഷീണിതൻ. നിന്റെ കയ്ക്കുന്ന ചുണ്ടുകൾക്കു വേണ്ട,
എന്റെ ചുണ്ടുകൾ പകരുന്ന കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, നമ്മുടെ അന്ത്യമെന്തേ, ഈ വിധമാവാൻ!
നമുക്കു കിട്ടാതെ പോയതെന്തേ, നമ്മുടേതായൊരിടം, നേരവും?
കവിയുടെ മരണം
ഒരു കാഴ്ചവസ്തുവെന്നപോലയാൾ കിടക്കുന്നു,
ഉയർത്തിവച്ച തലയിണ മേൽ നിഷേധത്തിന്റെ വിളർത്ത മുഖവുമായി,
ലോകബോധമൊന്നാകെ പറിച്ചെടുക്കപ്പെട്ടവനായി,
ജീവിതത്തിന്റെ രുചിയും മണവും പൊയ്പ്പോയവനായി.
നിർമ്മമമായ പ്രകൃതിയിൽ സർവ്വതും ചെന്നടിഞ്ഞിരിക്കുന്നു.
ജീവനോടയാളെക്കണ്ടിട്ടുള്ള ഒരാൾക്കുമറിയില്ല,
ഇവയൊക്കെയുമായി എത്രമേലൊന്നായിരുന്നു അയാളെന്ന്;
ഈ പുഴകൾ, ഈ മലകൾ, ഈ അടിവാരങ്ങൾ:
അയാളവയായിരുന്നു, അയാൾക്കവ മുഖമായിരുന്നു.
ഇന്നുമയാളെത്തേടുന്ന ആ വൈപുല്യമായിരുന്നു,
അയാളുടെ മുഖത്തിനതിന്റെ വടിവുകൾ നല്കിയതും.
ഈ കിടന്നു മരിക്കുന്നതയാളുടെ മുഖംമൂടി മാത്രം,
കാറ്റു തട്ടിയാലുടനേ തൊലിയഴുകുന്നൊരു പഴത്തിന്റെ
പിളർന്നുമലർന്ന അകക്കാമ്പു പോലെ.
പുലി
(പാരീസിലെ മൃഗശാലയിൽ)
അഴികളെണ്ണിയവന്റെ കണ്ണുകൾ തളർന്നിരിക്കുന്നു,
ഒന്നിലും തങ്ങിനില്ക്കാതവന്റെ നോട്ടം വഴുതിപ്പോകുന്നു;
ഒരായിരമഴികളാണുള്ളതെന്നവനു തോന്നുന്നു,
ആയിരമഴികൾക്കപ്പുറമൊരു ലോകമില്ലെന്നും.
ഇടുങ്ങിച്ചുരുങ്ങുന്ന വൃത്തങ്ങളിലവൻ ചുറ്റിനടക്കവെ
ആ മൃദുപാദപതനങ്ങളുടെ ബലിഷ്ഠതാളം,
പ്രബലമായൊരിച്ഛാശക്തി കല്ലിച്ചുനില്ക്കുന്ന
മദ്ധ്യബിന്ദുവിനു ചുറ്റുമൊരനുഷ്ഠാനനൃത്തം.
ചിലപ്പോൾ മാത്രമക്കൃഷ്ണമണികളുടെ മറ മാറുന്നു,
പോയകാലത്തു നിന്നൊരു ചിത്രമപ്പോഴുള്ളിൽക്കടക്കുന്നു,
പിടഞ്ഞ പേശികളുടെ നിശ്ചലതയിലൂടിരച്ചുപായുന്നു,
ഹൃദയത്തിന്നുള്ളറയിൽച്ചെന്നുവീണണയുന്നു.
ബുദ്ധൻ
നിശ്ശബ്ദതയ്ക്കും വിദൂരതയ്ക്കും കാതോർക്കുകയാണവനെന്നപോലെ.
നാമിപ്പോൾ കാതോർക്കുന്നില്ല. നാമിപ്പോൾ കേൾക്കുന്നുമില്ല.
നക്ഷത്രമാണവൻ. കൂറ്റൻ നക്ഷത്രങ്ങളവനെ ഭ്രമണം ചെയ്യുന്നു;
നമുക്കതു കണ്ണിൽപ്പെടുന്നില്ലെന്നു മാത്രം.
സർവ്വതുമാണവൻ. നമ്മുടെ നിയോഗമെന്ത്?
അവന്റെ കണ്ണിൽപ്പെടാനൂഴം കാത്തു നില്ക്കുകയോ?
അവന്റെ മുന്നിൽ നാം സാഷ്ടാംഗം നമസ്കരിച്ചാലും
ആത്മാരാമനും ഉദാസീനനുമായിരിക്കുമവൻ, പൂച്ചയെപ്പോലെ.
അവന്റെ കാൽച്ചുവട്ടിലേക്കു നമ്മെപ്പായിക്കുന്ന ഊർജ്ജം തന്നെ
യുഗങ്ങളായി അവന്റെയുള്ളിൽ ഭ്രമണം ചെയ്യുന്നതും.
ജീവിതം നമ്മെപ്പഠിപ്പിച്ചതൊക്കെ അവനു നിസ്സാരം,
നമുക്കു നിഷേധിക്കപ്പെട്ട ജ്ഞാനത്തിലാണവനു ജീവിതം.
കവി
ക്ഷണികനിമിഷമേ,
എത്ര വേഗമെന്നെ വിട്ടു നീ പായുന്നു!
നിന്റെ ചിറകടിയേറ്റെത്ര ഞാൻ മുറിപ്പെടുന്നു!
ഞാനൊറ്റയ്ക്ക്?
എങ്കിലെനിക്കെന്തിനീ നാവു തന്നു?
ഈ പകലുകൾ തന്നു? ഈ രാത്രികളും?
എനിക്കു സ്നേഹിക്കാനൊരാളില്ല, വീടില്ല,
സ്വന്തമെന്നു പറയാനൊരിടവുമില്ല.
ഞാൻ പ്രവേശിക്കുന്നതൊക്കെ പുഷ്ടിപ്പെടുന്നു,
ഞാനാകട്ടെ, ശോഷിച്ചുപോവുകയും ചെയ്യുന്നു.
അച്ഛന്റെ ചെറുപ്പത്തിലുള്ള ചിത്രം
സ്വപ്നങ്ങൾ കുടിയേറിയ കണ്ണുകൾ.
വിദൂരത്തിലൊന്നുമായി സമ്പർക്കത്തിലെന്നപോലെ നെറ്റിത്തടം.
പുഞ്ചിരി തൊടാത്ത ചുണ്ടുകളിൽ
സുഖാസക്തവും സമൃദ്ധവുമായ യൗവനം.
ഒതുങ്ങിയ സൈനികവേഷത്തിലെ പതക്കങ്ങൾക്കുമടിയിൽ
വാൾപ്പിടി മേൽ വെച്ച രണ്ടു കൈകൾ-
ഒരുദ്യമത്തിനും തിടുക്കപ്പെടാതെ, നിശ്ചേഷ്ടമായി.
ഇപ്പോഴത്രയ്ക്കു കണ്ണിൽപ്പെടുന്നുമില്ലവ,
വിദൂരതയിലേക്കെത്തിപ്പിടിക്കുകയാണവ
മറഞ്ഞുപോകാനെന്നപോലെ.
ശേഷിച്ചതൊക്കെയും സ്വയമവ്യക്തമാവുന്നു,
പശ്ചാത്തലത്തിലേക്കു വലിയുന്ന ഈ രൂപം
എനിക്കു പിടി കിട്ടാതെയുമാവുന്നു.
ഹാ, എത്ര വേഗം മായുന്നു നീ ചിത്രമേ,
അതിലും സാവധാനം മായുന്ന എന്റെ കൈകളിൽ!
സ്പാനിഷ് നർത്തകി
ഉരച്ച തീപ്പെട്ടിക്കൊള്ളിയാളിക്കത്തും മുമ്പ്
പുളയുന്ന നാവുകൾ ചുറ്റിനും ചാട്ടുന്ന പോലെ-
കാണികളുടെ നിബിഡവലയത്തിൽ, പൊള്ളുന്ന ചടുലതാളത്തിൽ
അവളുടെ നൃത്തം കാലമിടുന്നു, തീനാളങ്ങൾ തൊടുത്തുവിടുന്നു.
പൊടുന്നനേ നൃത്തമാകെത്തീപ്പിടിയ്ക്കുന്നു!
ഒരു തീക്ഷ്ണനോട്ടം കൊണ്ടവൾ മുടിയ്ക്കു തീ കൊളുത്തുന്നു,
ധൃഷ്ടപാടവത്തോടവൾ പിന്നെ വെട്ടിത്തിരിയുന്നു,
ആ ജ്വലനത്തിലേക്കു തന്റെയുടയാട ചുഴറ്റിയെറിയുന്നു;
അതിൽ നിന്നു രണ്ടു കൈകൾ പുറപ്പെടുന്നതു നിങ്ങൾ കാണുന്നു,
വിരണ്ടുണർന്നു ചുറയഴിക്കുന്ന പടമെടുത്ത പാമ്പുകൾ പോലെ.
പിന്നെ: തന്നെത്തന്നെ ചുറ്റിവരിയുകയാണഗ്നിയെന്നു ശങ്കിച്ചപോലെ
അതു വാരിയെടുത്തവളവജ്ഞയോടെ നിലത്തേക്കെറിയുന്നു,
ഉദ്ധതമായൊരു ചേഷ്ടയോടതിനെ നോക്കിനില്ക്കുന്നു:
നിലത്തു കിടന്നു പുളയുകയാണതടങ്ങാതെ,
കലാശിച്ചു നൃത്തമെന്നു സമ്മതിക്കാൻ മനസ്സില്ലാതെ.
എന്നാലാത്മവിശ്വാസത്തോടെ, വിജയാഹ്ളാദത്തോടെ,
ഒരു വശ്യമന്ദഹാസത്തോടവൾ മുഖമൊന്നുയർത്തുന്നു,
ഉറച്ച ചെറുചുവടുകളാൽ ശേഷിച്ച കനലുകൾ ചവിട്ടിക്കെടുത്തുന്നു.
അപ്പോളോയുടെ ശിരസ്സറ്റ പ്രാചീനശില്പം
അവന്റെ ഐതിഹാസികശീർഷം നമുക്കറിവുള്ളതല്ല,
വിളയുന്ന കനികൾ പോലെ പതിപ്പിച്ച കണ്ണുകളുമതേ.
എന്നാലവന്റെയുടലെരിയുന്നു, കൊളുത്തിവച്ച വിളക്കുപോലെ,
കെടാതവന്റെ നോട്ടം, പാതി താഴ്ത്തിയ നാളം പോലെ.
ആ മാർവിരിവെങ്ങനെയല്ലെങ്കിൽ, നിങ്ങളുടെ കണ്ണഞ്ചിക്കാൻ?
ഒരു നേർത്ത മന്ദഹാസം തുടയിടുക്കിന്റെ മടക്കുകളിൽ പൊടിക്കുന്നതും
പ്രജനനമാളിനിന്ന ഗുഹ്യമർമ്മത്തിൽ ചെന്നടിയുന്നതുമെങ്ങനെ?
അല്ലെങ്കിലാ വിരിഞ്ഞ ചുമലുകളുടെ സുതാര്യപാതത്തിനടിയിൽ
അതൊരു നിർവികാരവും മുരടിച്ചതുമായ വികലശിലയായേനെ.
ഒരു വന്യമൃഗത്തിന്റെ തോലു പോലതു തിളങ്ങുമായിരുന്നില്ല,
ഒരു സ്ഫുടതാരത്തിന്റെ ജ്വലനം പോലതിരുകൾ ഭേദിക്കുകയുമില്ല.
നിങ്ങളെ ഉറ്റുനോക്കാത്തൊരിടവും അവന്റെയുടലിലില്ല.
ഇനിമേൽ നിങ്ങൾ ജീവിതം മാറ്റിജീവിക്കുകതന്നെ വേണം.
ലൂവ്ര് കലാശേഖരത്തിൽ കണ്ട ഒരു മിലെറ്റസ് യുവാവിന്റെ ഉടഞ്ഞ പ്രതിമയാണ് (ക്രിസ്തുവിനു മുമ്പ് ആറാം നൂറ്റാണ്ടിലേത്) ഈ കവിതയ്ക്കു പ്രചോദനമായത്. ഒപ്പം റിൽക്കെ ആദർശകലാകാരനായി വരിച്ച റോദാങ്ങിനുള്ള സ്തുതിയും. അടർത്തിയെടുത്തിയ ശിലാഖണ്ഡങ്ങൾ പോലെയുള്ള റോദാങ്ങിന്റെ ശില്പങ്ങളെക്കുറിച്ച് ഒരു കത്തിൽ റിൽക്കെ ഇങ്ങനെ പറയുന്നുണ്ട്: ഈയുടലുകൾ ഇത്രയും പൂർണ്ണമാകുമായിരുന്നില്ല, അവ പൂർണ്ണരൂപത്തിലായിരുന്നെങ്കിൽ. ഓരോ കഷണത്തിനുമുണ്ട്, തീക്ഷ്ണമായൊരു സമഗ്രത; അവയ്ക്കു പൂർണ്ണമാകാൻ നാമവയെ പൂർണ്ണമാക്കണമെന്നില്ല.
ലൂ അന്ദ്രിയാസ് ശലോമിയ്ക്കുള്ള ഒരു കത്തിൽ റിൽക്കെ ഇങ്ങനെയുമെഴുതുന്നു: വിസ്മൃതിയിൽ നിന്നു പുറത്തേക്കു വരുന്ന ഈ വസ്തുക്കളുടെ മൂല്യം ഇതാണ്: തനിയ്ക്കു തികച്ചും അജ്ഞാതമാണതെന്നപോലെ നിങ്ങൾക്കതിനെ നോക്കിനില്ക്കാം. എന്താണവയുടെ ഉദ്ദേശ്യമെന്ന് ആർക്കുമറിയില്ല; ഒരു വിഷയവും അവയോടൊടിച്ചു ചേർത്തിട്ടില്ല; അവയുടെ സാന്ദ്രയാഥാർത്ഥ്യത്തിന്റെ മൗനത്തെ അസംഗതമായ ഒരു ശബ്ദവും വിഘാതപ്പെടുത്തുന്നില്ല; തിരിഞ്ഞുനോട്ടമോ ഭീതിയോ ഇല്ലാത്തതാണ് അവ ജീവിക്കുന്ന കാലവും. അവയ്ക്കു ജന്മം കൊടുത്ത ആചാര്യന്മാരാകട്ടെ, ആരുമല്ല; ഒരു പ്രശസ്തിയും അവയുടെ ശുദ്ധരൂപങ്ങളിൽ ചായം പൂശുന്നില്ല; ഒരു ചരിത്രവും അവയുടെ നഗ്നമായ തെളിമയിൽ നിഴൽ വീഴ്ത്തുന്നുമില്ല. അവയുണ്ട്, അത്ര തന്നെ. കാഴ്ചബംഗ്ളാവുകളിൽ നിങ്ങൾ കാണുന്ന ഉടഞ്ഞ പ്രതിമാശകലങ്ങൾ; പല തവണ നിങ്ങൾ അവയെ ശ്രദ്ധിക്കാതെ കടന്നുപോകുന്നുണ്ട്; എന്നാൽ ഒരു ദിവസം അവയിൽ ഒന്ന് നിങ്ങൾക്കു മുന്നിൽ സ്വയം വെളിച്ചപ്പെടുത്തും, ഒരാദ്യതാരം പോലെ തിളങ്ങിനില്ക്കും...
കടൽക്കാറ്റ്
കടലിന്റെ പ്രാക്തനനിശ്വാസമേ,
രാത്രിയിൽ വീശുന്ന കടൽക്കാറ്റേ,
നീ വരുന്നതാരെയും തേടിയല്ലാതെ;
ഒരാളന്നേരമുണർന്നിരിപ്പുണ്ടെങ്കിൽ
നിന്നെയതിജീവിക്കാൻ
അയാൾ തന്റെ വഴികൾ തേടുകയും വേണം.
കാലമറ്റ കടൽക്കാറ്റേ,
പ്രാചീനശിലകൾക്കു മേൽ
യുഗയുഗങ്ങളായി വീശുന്നതേ,
അകലെ നിന്നു വന്നെത്തുന്ന
ശുദ്ധമായ സ്ഥലരാശി നീ...
ഒരത്തിമരത്തിനെങ്ങനെയാവും
നിന്റെ വരവനുഭൂതമാവുക,
അങ്ങവിടെ, ചന്ദ്രനടിയിൽ?
വായനക്കാരൻ
ഈ അപരിചിതനെ ആരറിയാൻ,
മറ്റൊരു ജിവിതം ജീവിക്കാൻ ഈ ജീവിതത്തിൽ നിന്നു മുഖം തിരിച്ചവനെ-
അച്ചടിത്താളുകൾ മറിച്ചുതള്ളുന്നതല്ലാതെ മറ്റൊന്നും
അവന്റെ ജീവിതത്തെ തടസ്സപ്പെടുത്തുന്നുമില്ല.
ഒരമ്മയ്ക്കും ഇങ്ങനെയൊരു മകനെ കണ്ടാലറിയില്ല,
തനിയ്ക്കു മുന്നിലെ ലോകത്തിൽ പോയി മറഞ്ഞവനെ,
തന്റെ തന്നെ നിഴലിൽ മുങ്ങിത്താണവനെ.
എങ്കിൽ, മണിക്കൂർ കണക്കിനു ജീവിതം ജീവിക്കുന്ന നാമെന്തറിയാൻ,
തന്റെ പുസ്തകത്തിലുണ്ടായിരുന്നതിന്റെയൊക്കെ ഭാരത്താൽ
കനം വെച്ച തലയുയർത്തി അവൻ നോക്കുമ്പോൾ
അവൻ ജീവിച്ചതും നഷ്ടപ്പെടുത്തിയതുമായ മറ്റു ജീവിതങ്ങളെക്കുറിച്ച്?
കുട്ടികൾ കളി നിർത്തി ചുറ്റും നോക്കുമ്പോലെ
അവന്റെ കണ്ണുകളിപ്പോൾ പുറത്തേക്കു തിരിയുന്നു,
വീണ്ടും രൂപം വെച്ചു നില്ക്കുന്ന ലോകത്തേക്ക്;
എന്നാലവന്റെ വടിവൊത്ത മുഖലക്ഷണങ്ങൾ
അവനു ജീവനുള്ള കാലം പഴയ രൂപം വീണ്ടെടുക്കുകയുമില്ല.
മഹിമബുദ്ധൻ
മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ,
തന്നിൽത്തന്നെയടങ്ങി മധുരം വായ്ക്കുന്ന ബദാമേ,
വിദൂരനക്ഷത്രങ്ങളോളമെത്തുന്ന പ്രപഞ്ചം
സ്വബീജം പൊതിയുന്ന മാംസളതയായവനേ: നമസ്ക്കാരം.
താനിന്നു നിർലേപനെന്നു നീയറിയുന്നു:
പ്രപഞ്ചസീമയിലേക്കെത്തുന്ന നിന്റെ പുറന്തോടിനുള്ളിൽ
തിങ്ങിവിങ്ങിനില്ക്കുന്ന നിന്റെ ജീവരസത്തെ
പുറമേ നിന്നൊരു ദീപ്തി പ്രബലമാക്കുകയും ചെയ്യുന്നു.
നീ പ്രസരിപ്പിക്കുന്ന അനന്തശാന്തിയുടെ തെളിച്ചവുമായി
ഒരു കോടി സൂര്യന്മാർ നിന്നെ പ്രദക്ഷിണം ചെയ്യുന്നു;
എന്നാൽ നിന്നിൽ തിരി കൊളുത്തുന്നുണ്ടൊരു സാന്നിദ്ധ്യം,
സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ