ആയുധമെടുക്കാനോ അന്യരെപ്പോലെ പൊരുതാനോ പറ്റാത്തത്ര പ്രായമായവൻ-
ദാക്ഷിണ്യപൂർവ്വം എനിക്കനുവദിച്ചുകിട്ടിയത് ഒരു നാൾവഴിയെഴുത്തുകാരൻ എന്ന സഹനടന്റെ ഭാഗമായിരുന്നു
ഒരുപരോധത്തിന്റെ ചരിത്രം- ആർക്കു വായിക്കാനെന്നറിയാതെ- ഞാൻ എഴുതിവയ്ക്കുന്നു
എനിക്കു പിഴവു വരാൻ പാടില്ല എന്നാൽ ഉപരോധം തുടങ്ങിയതെന്നാണെന്ന് എനിക്കറിയില്ല
രണ്ടു നൂറ്റാണ്ടു മുമ്പ് ഡിസംബറിൽ സെപ്തംബറിൽ പ്രഭാതത്തിൽ ഇന്നലെ
ഇവിടെ ഞങ്ങൾക്കെല്ലാം കാലബോധം നഷ്ടപ്പെട്ടിരിക്കുന്നു
ഞങ്ങൾക്കു ശേഷിച്ചത് ഒരിടം മാത്രമായിരുന്നു ആ ഇടത്തോടുള്ള മമതയും
ഞങ്ങൾക്കു ഭരിക്കാനുള്ളത് ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ ഉദ്യാനങ്ങളുടേയും വീടുകളുടേയും പ്രേതങ്ങൾ
ആ അവശിഷ്ടങ്ങൾ കൂടി നഷ്ടപ്പെട്ടാൽ ഞങ്ങൾക്കു പിന്നെ ഒന്നുമില്ലാതാകും
അന്തമറ്റ ഈ ആഴ്ച്ചകളുടെ താളത്തിൽ എനിക്കായപോലെ ഞാൻ എഴുതിവയ്ക്കട്ടെ
തിങ്കളാഴ്ച്ച: കടകൾ കാലിയായിരിക്കുന്നു നാണയത്തിന്റെ സ്ഥാനത്ത് എലികളാണ്
ചൊവ്വാഴ്ച്ച: അജ്ഞാതരായ കൊലയാളികൾ മേയറെ കൊലപ്പെടുത്തി
ബുധനാഴ്ച്ച: സന്ധിസംഭാഷണങ്ങൾ ശത്രു ഞങ്ങളുടെ ദൂതന്മാരെ തടഞ്ഞുവച്ചിരിക്കുന്നു
അവർ എവിടെയാണെന്ന് ഞങ്ങൾക്കറിവില്ല എന്നുപറഞ്ഞാൽ എവിടെ വച്ചാണവരെ വെടിവച്ചു കൊന്നതെന്ന്
വ്യാഴാഴ്ച്ച: നിരുപാധികമായി കീഴടങ്ങുകയാണു വേണ്ടതെന്ന കച്ചവടക്കാരുടെ പ്രമേയം
പ്രക്ഷുബ്ധമായ ഒരു യോഗത്തിനു ശേഷം ഭൂരിപക്ഷതീരുമാനപ്രകാരം വോട്ടിനിട്ടു തള്ളുന്നു
വെള്ളിയാഴ്ച്ച: പ്ലേഗ് പടരുന്നു ശനിയാഴ്ച്ച: എൻ.എൻ. എന്ന ഉറച്ച പടയാളി ആത്മഹത്യ ചെയ്തു
ഞായറാഴ്ച്ച: വെള്ളമില്ല ഉടമ്പടിയുടെ കവാടം എന്നു പേരുള്ള കിഴക്കൻ കവാടത്തിൽ ഞങ്ങൾ ഒരാക്രമണത്തെ ചെറുത്തുനിന്നു
ആവർത്തനവിരസതയുണ്ടാക്കുന്നതാണ് ഇതെന്നെനിക്കറിയാത്തതല്ല
ഇതാരുടേയും കണ്ണു നനയിക്കാനും പോകുന്നില്ല
അഭിപ്രായങ്ങൾ വികാരപ്രകടനങ്ങൾ ഞാൻ ഒഴിവാക്കുന്നു വസ്തുതകൾ മാത്രം ഞാൻ എഴുതിവയ്ക്കുന്നു
വിദേശക്കമ്പോളങ്ങളിൽ വസ്തുതകൾക്കേ വിലയുള്ളു എന്നു തോന്നുന്നു
എന്നാലും ഒരഭിമാനത്തോടെ ലോകത്തെ ഒരു വാർത്ത അറിയിക്കട്ടെ
ഈ യുദ്ധകാലത്ത് ഞങ്ങൾ പെറ്റുവളർത്തിയ പുതിയ ജനുസ്സ് കുട്ടികളുടെ കാര്യമാണത്
ഞങ്ങളുടെ കുട്ടികൾക്ക് യക്ഷിക്കഥകൾ ഇഷ്ടമല്ല അവർക്കു രസം കൊല്ലുന്നതിലാണ്
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും അവർ സ്വപ്നം കാണുന്നത് അപ്പവും എല്ലുസൂപ്പുമാണ്
നായ്ക്കളേയും പൂച്ചകളേയും പോലെ തന്നെ
സായാഹ്നങ്ങളിൽ നഗരത്തിന്റെ അതിരുകളിലൂടെ ഞാൻ ചുറ്റിനടക്കാറുണ്ട്
ഞങ്ങളുടെ അനിശ്ചിതസ്വാതന്ത്ര്യത്തിന്റെ അതിർത്തികളിലേക്കു ഞാൻ പോകാറില്ല
മുകളിൽ നിന്നു നോക്കുമ്പോൾ എനിക്കു കാണാം ഉറുമ്പിൻ നിര പോലെ ശത്രുസൈന്യം അവരുടെ വെളിച്ചങ്ങൾ
പെരുമ്പറയടികളും ആ കിരാതന്മാരുടെ ചീറ്റലുകളും ഞാൻ കേൾക്കുന്നു
എന്തിനാണ് നഗരം ഇനിയും ചെറുത്തുനില്ക്കുന്നതെന്ന് സത്യമായും എനിക്കു പിടി കിട്ടുന്നില്ല
ഉപരോധം നീണ്ടുനീണ്ടുപോവുകയാണ് ഞങ്ങളുടെ ശത്രുക്കൾ ഊഴം വച്ചു കാത്തുനില്ക്കുകയാണ്
ഞങ്ങളുടെ നാശമൊന്നല്ലാതെ മറ്റൊന്നും അവരെ ഒരുമിപ്പിക്കുന്നില്ല
ഗോത്തുകൾ താർത്താറുകൾ സ്വീഡുകൾ സീസറുടെ സേനകൾ തേജോരൂപധാരണത്തിന്റെ അണികൾ
അവരുടെ എണ്ണമെടുക്കാൻ ആർക്കാവും
ചക്രവാളത്തിനെതിരെ വനങ്ങളെന്നപോലെ അവരുടെ പതാകകളുടെ നിറം മാറുന്നു
വസന്തകാലത്തെ നേരിയ കിളിമഞ്ഞയിൽ നിന്ന് പച്ചയിലൂടെ മഞ്ഞുകാലത്തെ കറുപ്പിലേക്ക്
പിന്നെ രാത്രിയാവുമ്പോൾ വസ്തുതകളിൽ നിന്നെനിക്കു മോചിതനാവാം
അപ്പോഴെനിക്ക് പ്രാചീനവും വിദൂരവുമായ പ്രശ്നങ്ങളെക്കുറിച്ച് പര്യാലോചന നടത്താം
ഉദാഹരണത്തിന് കടലിനക്കരെയുള്ള ഞങ്ങളുടെ സഖ്യരാജ്യങ്ങളെക്കുറിച്ച്
അവർക്കു ഞങ്ങളോട് ആത്മാർത്ഥമായ സഹതാപമുണ്ടെന്ന് എനിക്കറിയാം
അവർ ഞങ്ങൾക്ക് ഗോതമ്പുമാവും പന്നിക്കൊഴുപ്പും ആശ്വാസവചനങ്ങളും സദുപദേശങ്ങളും അയക്കുന്നുണ്ട്
തങ്ങളുടെ പൂർവ്വികർ തന്നെയാണ് ഞങ്ങളെ ചതിച്ചതെന്ന് അവർക്കറിയുകപോലുമില്ല
രണ്ടാമത്തെ സർവ്വനാശം തൊട്ടേ ഞങ്ങളുടെ സക്ഷ്യകക്ഷികളാണവർ
അവരുടെ സന്തതികൾ നിരപരാധികളാണ് അവർ നന്ദി അർഹിക്കുന്നു അതിനാൽ ഞങ്ങൾ നന്ദിയുള്ളവരുമാണ്
നിത്യതയുടെ ദൈർഘ്യമുള്ള ഒരുപരോധം അവർക്കനുഭവിക്കേണ്ടിവന്നിട്ടില്ല
ദൗർഭാഗ്യത്തിന്റെ ഇരകൾ എന്നും ഏകാകികൾ തന്നെ
ദലൈ ലാമയെ അനുകൂലിക്കുന്നവർ കുർദ്ദുകൾ അഫ്ഘാനികൾ
ഞാൻ ഈ വാക്കുകൾ എഴുതിക്കൊണ്ടിരിക്കെ അനുരഞ്ജനവാദികൾക്ക്
കടുംപിടുത്തക്കാരുടെ കക്ഷിയെക്കാൾ മേല്ക്കൈ കിട്ടിയിരിക്കുന്നു
സാധാരണമട്ടിലുള്ള ഒരു മനോഭാവമാറ്റമാവാമത് നഷ്ടസാദ്ധ്യതകൾ പഠിക്കുന്നതേയുള്ളു
ശവപ്പറമ്പുകൾ വളരുകയാണ് ചെറുത്തുനില്ക്കുന്നവർ എണ്ണത്തിൽ കുറയുകയാണ്
എന്നാൽ പ്രതിരോധം തുടരുകതന്നെയാണ് അന്ത്യമെന്തായാലും അതു തുടരുകയും ചെയ്യും
നഗരം വീഴുകയും ഒരാൾ മാത്രം ശേഷിക്കുകയും ചെയ്തുവെന്നിരിക്കട്ടെ
പ്രവാസത്തിന്റെ പാതകളിൽ തനിക്കുള്ളിൽ അയാൾ നഗരത്തെ കൊണ്ടുനടക്കും
അയാൾ തന്നെ നഗരമാവും
ഇപ്പോൾ ഞങ്ങൾക്കു മുന്നിൽ വിശപ്പിന്റെ മുഖം അഗ്നിയുടെ മുഖം മരണത്തിന്റെ മുഖം
അതിലൊക്കെ മോശമായ- വഞ്ചനയുടെ മുഖം
(1982)
*തേജോരൂപധാരണത്തിന്റെ അണികൾ- ക്രിസ്ത്യാനികൾ; യേശു തന്റെ ചില ശിഷ്യന്മാരെ കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കു പോകുന്നതായും അവർക്കു മുന്നിൽ വച്ച് അവൻ അതീവതേജസ്സുള്ള ഒരു രൂപമാകുന്നതായും പുതിയ നിയമത്തിൽ വിവരിക്കുന്നുണ്ട്.
*രണ്ടാമത്തെ സർവ്വനാശം- രണ്ടാം ലോകമഹായുദ്ധമാവാം