2023, ജൂലൈ 9, ഞായറാഴ്‌ച

ഹുവാൻ റമോൺ ഹിമെനെഥ് - കവിതകൾ

 അപരാഹ്നത്തിലെ പാതകൾ
രാത്രിയിലൊന്നാകുന്നു.
അതിലൂടെ വേണം ഞാൻ നിന്നിലേക്കു പോകാൻ,
അത്രയും സുരക്ഷിതമായി മറഞ്ഞിരിക്കുന്ന പ്രണയമേ.

അതിലൂടെ വേണം ഞാൻ നിന്നിലേക്കു പോകാൻ,
മലകളിലെ വെളിച്ചം പോലെ,
കടലിലെ തെന്നൽ പോലെ,
പൂക്കളുടെ പരിമളം പോലെ.

*

മഞ്ഞവസന്തം


ഏപ്രിൽ വന്നു,
നിറയെ മഞ്ഞപ്പൂക്കളുമായി.
അരുവി മഞ്ഞയായിരുന്നു,
കന്മതിലുകൾ മഞ്ഞയായിരുന്നു,
കുന്നും കുഞ്ഞുങ്ങളുടെ ശവപ്പറമ്പും
പ്രണയം ജീവിക്കുന്ന തോപ്പും മഞ്ഞയായിരുന്നു.

പെയ്തിറങ്ങുന്ന കതിരുകളാൽ
മഞ്ഞ കൊണ്ടു സൂര്യൻ ലോകത്തെ കുളിപ്പിച്ചു;
ഹാ, സ്വർണ്ണലില്ലിപ്പൂക്കൾക്കിടയിൽ
ഊഷ്മളമായ സുവർണ്ണജലം,
സ്വർണ്ണപ്പനിനീർപ്പൂക്കൾക്കു മേൽ
മഞ്ഞപ്പൂമ്പാറ്റകൾ.

മഞ്ഞപ്പൂമാലകൾ മരങ്ങളിൽ പിടിച്ചുകയറുകയായിരുന്നു,
ജീവൻ സുവർണ്ണമായി പിടഞ്ഞുണരുമ്പോൾ
പൊന്നിന്റെ പരിമളം പൂശിയ ചന്തമായിരുന്നു പകൽ.
മരിച്ചവരുടെ അസ്ഥികൾക്കിടയിൽ
ദൈവം തന്റെ മഞ്ഞക്കൈപ്പടങ്ങൾ തുറന്നു.
*

ഓടരുത്, പതുക്കെപ്പോവുക,
നിങ്ങൾക്കു പോകേണ്ടത്
നിങ്ങളിലേക്കു മാത്രമാണ്‌!

പതുക്കെപ്പോവുക, ഓടരുത്,
പിറന്നിട്ടധികനേരമാവാത്ത,
നിത്യതയോളം പ്രായമായ,
നിങ്ങളെന്ന കുഞ്ഞിന്‌
നിങ്ങളോടൊപ്പം ഓടിയെത്താനാവില്ല
*


ഉറക്കമൊരു പാലം പോലെ,
ഇന്നിൽ നിന്നു നാളെയിലേക്ക്.
അടിയിൽ ജലമൊഴുകുന്നു,
സ്വപ്നം പോലെ.

സുന്ദരിയാണു നീ


സുന്ദരിയാണു നീ,
വെയിലും പുഴയും മയങ്ങുമ്പോൾ
മഴവില്ലിനടിയിൽ ഇളംപുല്പരപ്പു പോലെ;
പുലരിവെയിൽക്കതിരുകൾക്കെതിരിൽ
വസന്തത്തിന്റെ കുറുനിരകൾ പോലെ;
വേനലിലെ പോക്കുവെയിലിൽ
വേലിയ്ക്കതിരിൽ ഗോതമ്പുകറ്റകൾ പോലെ;
എന്റെ പുഞ്ചിരിയുടെ കുങ്കുമം പുരണ്ട
നിന്റെ കണ്ണുകളുടെ പച്ച പോലെ;
നിന്റെ പ്രണയം ജീവസ്സു നല്കിയ
എന്റെ ഹൃദയത്തിന്റെ കയങ്ങൾ പോലെ.

 അമ്മേ,

നിന്റെ ജീവിതാന്ത്യത്തിലേക്കെന്റെ കൈകളിൽ
നിന്നെയെടുത്തുകൊണ്ടുപോകാനെനിക്കായെങ്കിൽ,
കൈക്കുഞ്ഞായിരുന്നപ്പോൾ നീയെന്നെ
മാറത്തു നിന്നു തൊട്ടിലിലേക്കെടുത്തുകിടത്തിയിരുന്നപോലെ.


അഭിപ്രായങ്ങളൊന്നുമില്ല: