2023, ജൂലൈ 9, ഞായറാഴ്‌ച

ഹൊസെ സരാമാഗോ - അഭിമുഖം

 ചോദ്യം: താങ്കളുടെ കഥാപാത്രങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്? സ്വന്തം കഥാപാത്രങ്ങൾ എന്നെങ്കിലും താങ്കൾ വിചാരിക്കാത്ത വഴിയിലൂടെ പോയ അനുഭവമുണ്ടോ?

ഹൊസെ സരാമാഗോ: ചില കഥാപാത്രങ്ങൾക്ക് സ്വന്തമായൊരു ജീവിതമുണ്ടെന്നും എഴുത്തുകാരൻ അവരെ അനുഗമിക്കാറേയുള്ളു എന്നും പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല. കഥാപാത്രത്തെ അതിന്റെ വ്യക്തിത്വത്തിന്റെ യുക്തിക്കു ചേരാത്തതെന്തെങ്കിലും ചെയ്യുന്നതിലേക്കു തള്ളിവിടാതിരിക്കുന്നതിൽ എഴുത്തുകാരൻ ശ്രദ്ധാലുവായിരിക്കണം; എന്നാൽ ആ കഥാപാത്രം സ്വതന്ത്രവുമല്ല. കഥാപാത്രം എഴുത്തുകാരന്റെ കയ്യിൽ, എന്റെ കയ്യിൽ, കെണിയിൽ പെട്ടു കിടക്കുകയാണ്‌; അതേ സമയം അയാൾ കെണിയിലായിരിക്കുന്നത് താൻ കെണിയിലാണെന്ന് അയാൾക്കറിയാത്ത ഒരു രീതിയിലുമാണ്‌. കഥാപാത്രങ്ങൾ ചരടുകളിലാണ്‌, ആ ചരടുകൾ അയഞ്ഞുകിടക്കുകയുമാണ്‌;  കഥാപാത്രങ്ങൾ സ്വാതന്ത്ര്യത്തിന്റെ, സ്വാധീനതയുടെ ഒരു മിഥ്യാബോധം അനുഭവിക്കുന്നുണ്ട്; എന്നാൽ ഞാൻ ആഗ്രഹിക്കാത്തൊരിടത്തേക്ക് അവർക്കു പോകാനും കഴിയില്ല. അങ്ങനെ സംഭവിക്കുമ്പോൾ ഞാൻ ചരടിൽ ഒന്നു വലിയ്ക്കുകയും അവരോടു പറയുകയും വേണം, “ഇവിടെ ഞാൻ പറയുന്നതു കേട്ടാൽ മതി.”

കഥ അതിലെ കഥാപാത്രങ്ങളിൽ നിന്നഭേദ്യമാണ്‌. എഴുത്തുകാരൻ സൃഷ്ടിക്കാനാഗ്രഹിക്കുന്ന രൂപശില്പത്തിന്റെ ഘടകങ്ങളാവാൻ വേണ്ടിയാണവർ. ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തെ എനിക്കാവശ്യമുണ്ടെന്നും അയാളിൽ നിന്ന് എന്താണെനിക്കു വേണ്ടതെന്നും എനിക്കറിയാം; എന്നാൽ ആ കഥാപാത്രം പൂർണ്ണവികാസമെത്തിയതുമല്ല- അത് വികാസം പ്രാപിച്ചു വരുന്നതേയുള്ളു. ആ കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുന്നത് ഞാനാണ്‌; എന്നു പറഞ്ഞാൽ, എന്റെ ദൃഷ്ടിയിൻ കീഴിൽ സ്വയംസൃഷ്ടമാവുകയാണ്‌ ആ കഥാപാത്രം എന്ന അർത്ഥത്തിൽ. അതായത്, ഒരു കഥാപാത്രത്തെ അതിന്റെ സത്തയ്ക്കെതിരായി വളർത്തിയെടുക്കാൻ എനിക്കു കഴിയില്ല. കഥാപാത്രത്തെ ഞാൻ ബഹുമാനിക്കണം, അല്ലെങ്കിലത് അതിനാകാത്ത കാര്യങ്ങൾ ചെയ്യാൻ തുടങ്ങും. ഉദാഹരണത്തിന്‌, ഒരു കഥാപാത്രത്തെക്കൊണ്ട് ഒരു പാതകം ചെയ്യിക്കാൻ എനിക്കു കഴിയില്ല, ആ കഥാപാത്രത്തിന്റെ യുക്തിക്കുള്ളിൽ വരുന്നതല്ല അതെങ്കിൽ; ആ പ്രവൃത്തി വിശ്വാസയോഗ്യമായി വായനക്കാരനു തോന്നാനാവശ്യമായ ഒരു പ്രേരണ കഥാപാത്രത്തിനു മേലുണ്ടാവണം.

ഞാൻ ഒരുദാഹരണം പറയാം. “ബാൽത്തസാറും ബ്ലിമുണ്ടയും” ഒരു പ്രണയകഥയാണ്‌. സത്യത്തിൽ അതൊരു മനോഹരമായ പ്രണയകഥയാണെന്നും പറയാം. പക്ഷേ, പുസ്തകത്തിന്റെ അവസാനമെത്താറായപ്പോഴാണ്‌ എനിക്കു ബോദ്ധ്യമാകുന്നത്, പ്രണയത്തോടു ബന്ധപ്പെട്ട വാക്കുകളൊന്നും ഉപയോഗിക്കാതെ ഒരു പ്രണയകഥ ഞാൻ എഴുതിക്കഴിഞ്ഞുവെന്ന്. പ്രണയപദങ്ങളായി നാം പരിഗണിക്കുന്നതരം ഒരു വാക്കും ബാൽത്തസാറോ ബ്ലിമുണ്ടയോ പരസ്പരം പറയുന്നതേയില്ല. അങ്ങനെയാണ്‌ അത് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് വായനക്കാരൻ കരുതിയേക്കാം; എന്നാൽ അങ്ങനെയല്ല. ആദ്യം ആശ്ചര്യം തോന്നിയത് എനിക്കു തന്നെയാണ്‌. ഇതെങ്ങനെ സംഭവിച്ചു, ഞാൻ ആലോചിച്ചു. സംഭാഷണത്തിൽ പ്രണയഭരിതമായ ഒരു വാക്കു പോലുമില്ലാതെ ഞാനൊരു പ്രണയകഥ എഴുതിയിരിക്കുന്നു.

ഇനി ഇങ്ങനെയൊന്നു സങ്കല്പിക്കുക: ഭാവിയിൽ എന്നെങ്കിലും പുസ്തകത്തിന്‌ പരിഷ്കരിച്ച പുതിയൊരു പതിപ്പ് വരുന്നു; ആ രണ്ടുപേരും തമ്മിലുള്ള സംഭാഷണം മാറ്റിയെഴുതാനും അവിടെയും ഇവിടെയും ഒന്നുരണ്ടു വാക്കുകൾ തിരുകിക്കയറ്റാനുമുള്ള പൂതിയ്ക്ക് ഞാൻ വഴങ്ങിപ്പോവുകയുമാണ്‌- അത് ആ കഥാപാത്രങ്ങളെ പൂർണ്ണമായും അസത്യവത്കരിക്കുകയേയുള്ളു. പുസ്തകത്തിന്റെ മുൻരൂപം അറിയാതെതന്നെ വായനക്കാരൻ അതിൽ എന്തോ അപാകത മണക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. ഒന്നാം പേജു മുതലേ  ഒരുമിച്ചു കാണപ്പെടുന്ന ഈ രണ്ടു കഥാപാത്രങ്ങൾ ഇരുന്നൂറ്റമ്പതാം പേജെത്തുമ്പോൾ പെട്ടെന്ന് “എനിക്കു നിന്നെ സ്നേഹമാണ്‌” എന്നു പറയുന്നതെങ്ങനെയാണ്‌?

കഥാപാത്രത്തിന്റെ സമഗ്രതയെ മാനിക്കണമെന്നു പറയുമ്പോൾ ഞാൻ അർത്ഥമാക്കുന്നത് അതാണ്‌- അയാളുടെ സ്വന്തം വ്യക്തിത്വം എന്താണോ, അയാളുടെ ആന്തരമനഃശാസ്ത്രം എന്താണോ, ആ വ്യക്തി ‘എന്താ’ണോ, അതിനു പുറത്തുള്ള കാര്യങ്ങൾ അയാളെക്കൊണ്ടു ചെയ്യിക്കരുതെന്ന്. കാരണം, ഒരു നോവലിലെ ഒരു കഥാപാത്രം പിന്നെയുമൊരാളാണ്‌- ‘യുദ്ധവും സമാധാനവും’ എന്ന നോവലിലെ നടാഷ പിന്നെയുമൊരാളാണ്‌; ‘കുറ്റവും ശിക്ഷയു’മിലെ റാസ്ക്കോൾ നിക്കോഫ് പിന്നെയുമൊരാളാണ്‌; ‘ചുവപ്പും കറുപ്പും’ എന്നതിലെ ജൂലിയൻ പിന്നെയുമൊരാളാണ്‌- സാഹിത്യം ലോകത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നു. ഈ മൂന്നു കഥാപാത്രങ്ങളെ അസ്തിത്വമില്ലാത്ത ജീവികളായിട്ടല്ല, പുസ്തകങ്ങൾ എന്നു നാം വിളിക്കുന്ന കടലാസ്സുകൂട്ടങ്ങളിൽ വാക്കുകൾ കൊണ്ടുള്ള വെറും നിർമ്മിതികളായിട്ടല്ല നാം കാണുന്നത്. നമുക്കവർ ശരിക്കുമുള്ള മനുഷ്യരാണ്‌. എല്ലാ നോവലെഴുത്തുകാരുടെയും സ്വപ്നമാണത് എന്നു ഞാൻ കരുതുന്നു- തങ്ങളുടെ ഒരു കഥാപാത്രം ‘ഒരാൾ’ ആവുക.

*

അടുത്ത കാലത്ത് ഞാൻ പോർച്ചുഗലിലെ ബ്രാഗയിൽ എന്റെ സാഹിത്യകൃതികളെക്കുറിച്ചുള്ള ഒരു കോൺഫെറൻസിനു പോയിരുന്നു; ഞങ്ങൾ അവിടെ മറ്റു പലതിനെക്കുറിച്ചും സംസാരിച്ചു- പോർച്ചുഗലിലെ സ്ഥിതിയെക്കുറിച്ചും അക്കാര്യത്തിൽ എന്താണ്‌ ചെയ്യാനുള്ളതിനെക്കുറിച്ചുമൊക്കെ. മനുഷ്യരാശിയുടെ ചരിത്രം വളരെ സങ്കീർണ്ണമാണെന്നു തോന്നാമെങ്കിലും യഥാർത്ഥത്തിലത് തീർത്തും ലളിതമാണെന്ന് ഞാൻ ആളുകളോടു പറയാറുണ്ട്. ഹിംസാത്മകമായ ഒരു ലോകത്താണു നാം ജീവിക്കുന്നതെന്ന് നമുക്കറിയാം. നമ്മുടെ സ്പീഷിസിന്റെ നിലനില്പിനുതന്നെ ഹിംസ ആവശ്യവുമാണ്‌- ആഹാരം കഴിക്കണമെങ്കിൽ നമുക്ക് മൃഗങ്ങളെ കൊല്ലണം, അല്ലെങ്കിൽ ആരെങ്കിലും നമുക്കു വേണ്ടി അതു ചെയ്തുതരണം. നാം പഴങ്ങൾ പറിയ്ക്കുന്നു; വീടുകൾ അലങ്കരിക്കാൻ നാം പൂക്കൾ പറിക്കുകപോലും ചെയ്യുന്നു. മറ്റു ജീവജാലങ്ങൾക്കെതിരെ നടത്തപ്പെടുന്ന ഹിംസാത്മകപ്രവൃത്തികളാണ്‌ ഇതൊക്കെ. മൃഗങ്ങൾ പെരുമാറുന്നതും ഇതേപോലെയാണ്‌: ചിലന്തി ഈച്ചയെ തിന്നുന്നു, ഈച്ച ഈച്ചകൾ എന്താണോ തിന്നുന്നത്, അതു തിന്നുന്നു. എന്നാൽ കാര്യമായ ഒരു വ്യത്യാസമുണ്ട്: മൃഗങ്ങൾക്ക് ക്രൂരതയില്ല. ചിലന്തി ഈച്ചയെ തന്റെ വലയിൽ പൊതിഞ്ഞുകെട്ടുമ്പോൾ അത് നാളത്തെ ഉച്ചഭക്ഷണം ഫ്രിഡ്ജിൽ കയറ്റിവയ്ക്കുക മാത്രമാണ്‌. മനുഷ്യനാണ്‌ ക്രൂരത കണ്ടുപിടിച്ചത്. മൃഗങ്ങൾ അന്യോന്യം പീഡിപ്പിക്കാറില്ല, എന്നാൽ നമ്മൾ അതു ചെയ്യും. ഈ ഗ്രഹത്തിലെ ക്രൂരജീവികൾ നമ്മൾ മാത്രമാണ്‌. 

ഈ നിരീക്ഷണങ്ങൾ എന്നെ അടുത്ത ചോദ്യത്തിലേക്കു നയിക്കുന്നു; അത് തികച്ചും നീതിയുക്തമാണെന്നും ഞാൻ വിശ്വസിക്കുന്നു: നാം ക്രൂരരാണെങ്കിൽ യുക്തിയുള്ള ജീവികളാണ്‌ നാമെന്നു പറയാൻ എന്തവകാശമാണു നമുക്കുള്ളത്? നമുക്കു സംസാരശേഷിയുള്ളതുകൊണ്ടോ? നാം ചിന്തിക്കുന്നതുകൊണ്ടോ? സൃഷ്ടിക്കാനുള്ള കഴിവുള്ളതു കൊണ്ടോ? ഇതിനൊക്കെയുള്ള കഴിവു നമുക്കുണ്ടെങ്കിലും നിഷേധാത്മകവും ക്രൂരവുമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നു നമ്മെ തടയാൻ അതു മാത്രം കൊണ്ടാകുന്നില്ല. ചർച്ച ചെയ്യേണ്ട ഒരു ധാർമ്മികപ്രശ്നമായിട്ടാണ്‌ ഞാനതിനെ കാണുന്നത്; അക്കാരണം കൊണ്ടു തന്നെ സാഹിത്യം ചർച്ച ചെയ്യുന്നതിൽ എനിക്കു താല്പര്യം കുറഞ്ഞുവരികയാണ്‌. 

ഈ ഗ്രഹം വിട്ടു പോകാനുള്ള കഴിവ് നമുക്കൊരിക്കലും കിട്ടാൻ പോകുന്നില്ല എന്നാശിക്കാൻ ചിലപ്പോഴെനിക്കു തോന്നാറുണ്ട്; 

(ഹൊസെ സരാമാഗോയുമായി ഡോൺസെലിന ബറോസൊ 1998ൽ നടത്തിയ പാരീസ് റിവ്യു അഭിമുഖത്തിൽ നിന്ന്)








അഭിപ്രായങ്ങളൊന്നുമില്ല: