2023, ജൂലൈ 18, ചൊവ്വാഴ്ച

റോബർട്ട് വാൽസർ - കവിതകൾ

 കാട്ടിൽ



ഒരു ഗേറ്റിലെ ഇരുമ്പഴികൾ പോലെ
ഉയർന്നുപോകുന്ന ദേവദാരുക്കൾ.
ഈ കാട്ടിൽ നിങ്ങൾക്കെന്തു കാണാൻ,
ആ നില്ക്കുന്ന മെലിഞ്ഞ മരങ്ങളല്ലാതെ?

പകൽ മായുന്നു, വൈകാതെ രാത്രിയുമാകുന്നു.
കാട്ടിൽ ഇരുട്ടു കനക്കും മുമ്പേ
ദേവദാരുക്കൾക്കിടയിലൂടെ ഞാൻ പോകുന്നു,
മൗനിയായി, പിന്നെ ഞാൻ നടന്നുപോകുന്നു.

ചിലനേരമെനിക്കൊരാഗ്രഹം തോന്നാറുണ്ട്:
എവിടെക്കാണെന്റെ ജന്മനക്ഷത്രമെന്നെ നയിക്കുക?.
എന്നാൽ സ്വപ്നം കണ്ടു നടക്കുകയെത്ര ഹൃദ്യം,
ഈ മെലിഞ്ഞ മരങ്ങൾക്കിടയിൽ!
*

സായാഹ്നം



സായാഹ്നത്തിൽ മരങ്ങൾ നിശ്ചേഷ്ടം, ഒരു സ്വപ്നം പോലെ,
ആരോ എന്തോ ഓർത്തെടുക്കുകയാണെന്നപോലെ,
ഒരിളംതെന്നലിന്റെ ലാഞ്ഛന പോലുമില്ല,
ഒരു ചില്ലയുമിളകാനാഗ്രഹിക്കാത്തപോലെയും.
*

എന്നുമെന്നപോലെ


വിളക്കിപ്പോഴുമിവിടെയുണ്ട്,
മേശയുമിവിടെയുണ്ട്,
ഞാനിപ്പോഴുമീ മുറിയിലുണ്ട്,
എന്റെ മോഹങ്ങൾ, ഹാ,
ഇപ്പോഴുമവ നെടുവീർപ്പിടുന്നു,
എന്നുമെന്നപോലെ.

ഭീരുത്വമേ, നീയിപ്പോഴുമിവിടെയുണ്ടോ?
നുണകളേ, നിങ്ങളും?
ഞാൻ കേൾക്കുന്നു, ഒരിരുണ്ട ‘അതെ:’
നിർഭാഗ്യമിപ്പോഴുമിവിടെയുണ്ട്,
ഞാനിപ്പോഴുമീ മുറിയിലുണ്ട്,
എന്നുമെന്നപോലെ.
*

പതാകകൾ ഞായറാഴ്ച രാവിലെ 


നടുങ്ങിപ്പോയ വിളക്കുകൾ
വിളർച്ചയോടെ തിളങ്ങുന്നു.
ഏതു വിദൂരതയിലേക്കാണു മേഘങ്ങളേ,
നിങ്ങൾ പായുന്നത്,
മറ്റെവിടെയൊക്കെയാണ്‌
ബഞ്ചുകളിലിരുന്നാളുകൾ വെയിൽ കായുന്നത്?
പതാകകൾക്കെന്തു ചന്തം,
വെയിലിൽ കുളിച്ചും ചുരുളഴിഞ്ഞും,
അവയ്ക്കെന്നെ ഓർമ്മിപ്പിക്കാനുണ്ടെന്നപോലെ,
പാടിയും തിമിർത്തും
കളിക്കുന്ന കുട്ടികളെപ്പോലെ,
ഒരിളംതെന്നലിൽ
മരങ്ങളിലേക്കു ചായുന്ന റോസാപ്പൂക്കളെപ്പോലെ.
അതു കാൺകെ
സ്വപ്നം കണ്ടു ഞാൻ ചടഞ്ഞിരിക്കുന്നു,
ഒരു ഞായറാഴ്ച രാവിലെ.
*


ഒരില കൊഴിയുന്നതു ഞാൻ കണ്ട വിധം


പാതിയും ഇല കൊഴിഞ്ഞ ചില്ലകൾ കാണാനായി
ഞാനൊന്നു തിരിഞ്ഞുനോക്കിയിരുന്നില്ലെങ്കിൽ
എനിക്കു കാണാൻ പറ്റാതെപോയേനേ,
ഗഹനമായ ഗ്രീഷ്മത്തിന്റെ ഒരില
അലസവും സുവർണ്ണവുമായി
കൊഴിഞ്ഞുവീഴുന്ന കാഴ്ച.
ഞാൻ കാണുമായിരുന്നില്ല,
ചേതോഹരമായതൊന്ന്,
ഞാനറിയുമായിരുന്നില്ല,
ശാലീനവും പ്രശാന്തവും ചാരുവും
ഹൃദയദൃഢീകരണക്ഷമവുമായതൊന്ന്.
കൂടെക്കൂടെ തിരിഞ്ഞുനോക്കൂ,
സ്വയം വീണ്ടെടുക്കാനാഗ്രഹമുണ്ടെങ്കിൽ.
നേരേ നോക്കിയിട്ടൊന്നും ചെയ്യാനില്ല.
ചുറ്റും നോക്കാത്തവൻ ഒന്നും കാണുന്നുമില്ല.

*


അഭിപ്രായങ്ങളൊന്നുമില്ല: