2023, ജൂലൈ 18, ചൊവ്വാഴ്ച

ജോർജ്ജ് ക്രിസ്റ്റോഫ് ലിഷ്റ്റെൻബെർഗ് - The Waste Books


1

സ്വന്തം ബുദ്ധി ഉപയോഗിക്കേണ്ടിവന്ന അവസരങ്ങളിലൊക്കെ അയാൾക്കു തോന്നി, എപ്പോഴും വലതുകൈ ഉപയോഗിച്ചു പരിചയമായ തനിക്കിപ്പോൾ ഇടതുകൈ ഉപയോഗിക്കേണ്ടിവന്നിരിക്കുകയാണെന്ന്.

13

മുമ്പു ഞാൻ താമസിച്ചിരുന്ന കെട്ടിടത്തിലെ അതിപുരാതനമായ മരക്കോണിയുടെ ഒച്ചയും ഞരക്കവും എനിക്കു കേട്ടു പരിചിതമായിരുന്നു; അത്രയും പരിചിതമായിരുന്നു, എന്നെ കാണാൻ കയറിവരുന്ന എന്റെ ഓരോ കൂട്ടുകാരന്റെയും കാലടിത്താളം. എനിക്കത്ര പരിചയമില്ലാത്ത ഒരീണമിട്ടുകൊണ്ട് രണ്ടു പാദങ്ങൾ കയറിവരുമ്പോൾ ഞാനെപ്പോഴും ഒന്നു വിറപൂണ്ടിരുന്നു എന്നും സമ്മതിക്കട്ടെ.

22

ജീവിതത്തിന്റെ ദൈർഘ്യം കൂട്ടാൻ രണ്ടു വഴികളുണ്ട്: ‘ജനിച്ചു’ ‘മരിച്ചു’ എന്നീ രണ്ടു ബിന്ദുക്കളെ കഴിയുന്നത്ര അകലത്താക്കുക എന്നതാണ്‌ ആദ്യത്തെ വഴി; രണ്ടാമത്തേത്, ആ രണ്ടു ബിന്ദുക്കളേയും ദൈവം നിശ്ചയിച്ചിടത്തുതന്നെ വിട്ടിട്ട് കഴിയുന്നത്ര സാവധാനം പോവുക എന്നതും. ഈ മാർഗ്ഗം ചിന്തിക്കുന്നവർക്കുള്ളതാണ്‌.

25

ചിലപ്പോഴൊക്കെ ഒരാഴ്ച മുഴുവൻ ഞാൻ വീട്ടിനു പുറത്തിറങ്ങാതെ സസുഖം ജീവിച്ചിട്ടുണ്ട്: അത്രയും കാലത്തെ വീട്ടുതടങ്കൽ പക്ഷേ, എന്നെ രോഗിയാക്കുകയാണു ചെയ്യുക. സ്വാതന്ത്ര്യം സാദ്ധ്യമായിടത്ത് നമ്മുടെ പരിധിക്കുള്ളിൽ നാം നിരായാസം സഞ്ചരിക്കുന്നു; ചിന്തയ്ക്കു വിലക്കുള്ളിടത്തു പക്ഷേ, അനുവദനീയമായ ചിന്തകൾ പോലും ആശങ്കകളോടെയേ പുറത്തേക്കു വരൂ.

28

ഒരു കൊച്ചുജനാല നമ്മളോടിത്രയേ പറയുന്നുള്ളു: ഇവിടെയുമുണ്ട് വെളിച്ചത്തിനു കടന്നുവരാനൊരിടം; എന്നാൽ കാറ്റും മഴയും പുറത്തു നിന്നാൽ മതി.

40

അവളുടെ പെറ്റിക്കോട്ടിനുണ്ടായിരുന്നു, ചുവപ്പും നീലയും നിറത്തിൽ വീതിയേറിയ വരകൾ; അതു കണ്ടാൽ ഏതോ സ്റ്റേജ് കർട്ടൻ വെട്ടിത്തയ്ച്ചതാണെന്നു തോന്നും. ഒരു മുൻനിരസീറ്റിനു വേണ്ടി എത്ര പണം മുടക്കാനും തയ്യാറായിരുന്നു ഞാൻ; പക്ഷേ കലാപ്രകടനമൊന്നും ഉണ്ടായില്ല.

47

ഒരുപറ്റം സെക്കന്റ്സൂചികൾക്കിടയിൽ ഒരു മണിക്കൂർസൂചി പോലെ അത്ര സാവധാനത്തിലായിരുന്നു അയാളുടെ ചലനങ്ങൾ.

50

ഇത്തരം ആൾക്കാർക്കിടയിൽ നിങ്ങൾക്കെങ്ങനെ ജീവിക്കാൻ പറ്റുന്നു? ഉത്തരം: ഒറ്റയ്ക്കാവുമ്പോൾ എങ്ങനെ ജീവിക്കുന്നുവോ, മിക്കവാറും അങ്ങനെ.

56

ചിന്തിക്കുകയോ ചിന്തിക്കാതിരിക്കുകയോ, ഏതാണ്‌ കൂടുതൽ ദുഷ്കരമെന്നത് ആലോചിക്കേണ്ട വിഷയമാണ്‌. മനുഷ്യൻ ചിന്തിക്കുന്നത് അതവന്റെ ജന്മവാസനയായതുകൊണ്ടാണ്‌; ഒരു ജന്മവാസനയെ അടിച്ചമർത്തുക എത്ര പ്രയാസമാണെന്ന് ആർക്കാണറിയാത്തത്? അതിനാൽ അല്പബുദ്ധികൾക്കു നേരിടേണ്ടിവരുന്ന അവജ്ഞ അവർ അർഹിക്കുന്നതല്ലെന്നു പറയേണ്ടിവരും.


ആത്മഹത്യ ചെയ്ത ഒരാൾ ആ കർമ്മത്തിനു തൊട്ടുമുമ്പു ചെയ്ത പ്രസംഗം.


സ്നേഹിതരേ! ഒരു മൂടുപടത്തിനു മുന്നിൽ നില്ക്കുകയാണ്‌ ഞാൻ;  ഇപ്പുറത്തുള്ളതിനെക്കാൾ സമാധാനവും സ്വസ്ഥതയുമാണോ അപ്പുറത്തുള്ളതെന്നറിയാൻ ഞാനത് ഉയർത്തിനോക്കാൻ പോകുന്ന നിമിഷമാണിത്. വിഭ്രാന്തമായ നൈരാശ്യത്തിൽ നിന്നുടലെടുത്ത ഒരുൾപ്രേരണയാണിതെന്നു പറയരുതേ: ഇതുവരെ ജീവിച്ച ജീവിതമെന്ന തുടലിന്റെ ചില കണ്ണികളിൽ നിന്ന്  എന്റെ നാളുകൾ വിലങ്ങുകളായിരുന്നുവെന്ന് ഞാൻ അറിയാത്തതല്ലല്ലോ. ഇനി മുന്നോട്ടു പോകാനാവാത്തവിധം ഞാൻ തളർന്നിരിക്കുന്നു; ഞാനിതാ ഒറ്റയടിക്കു മരിക്കാൻ പോകുന്നു; അല്ലെങ്കിൽ ഒരു രാത്രികൂടി ഞാൻ തങ്ങിനിന്നുവെന്നു വരാം. പ്രകൃതീ, ഞാനെന്ന പദാർത്ഥം ഇതാ, മടക്കിയെടുത്തുകൊള്ളൂ, പിന്നെയുമതിനെ സത്ത എന്ന മാവായി കുഴച്ചെടുക്കൂ, എന്നെ ഒരു കാട്ടുചെടിയോ ഒരു മേഘമോ നിന്റെ ഹിതമേതാണോ, അതോ ആക്കി മാറ്റിക്കിക്കോളൂ; ഒരു മനുഷ്യൻ തന്നെയുമാക്കിക്കോളൂ; എന്നാൽ ഇനിയുമെന്നെ ഞാനാക്കരുതേ. തത്വചിന്തയുടെ സഹായത്താൽ ഭക്തിയുടെ കോമാളിത്തങ്ങളൊന്നും എന്റെ ചിന്താധാരയെ ശല്യപ്പെടുത്താനില്ല. നിർത്തട്ടെ: എനിക്കൊരു പേടിയുമില്ല എന്നു ഞാൻ കരുതുന്നു; എന്നാല്പിന്നെ... തിരശ്ശീല ഉയരട്ടെ!- 

*


മനുഷ്യനാർജ്ജിക്കാൻ ഏറ്റവും ദുഷ്കരമായ വിദ്യകളിൽ ഒന്നാണ്‌ ധൈര്യം സംഭരിക്കുക എന്ന വിദ്യ. ധൈര്യമില്ലാത്തവൻ അതു സ്വന്തമായിട്ടുള്ള ഒരാളുടെ സുശക്തമായ പരിരക്ഷ സ്വീകരിക്കാനും മറ്റെല്ലാം പരാജയപ്പെടുമ്പോൾ അയാളുടെ സഹായം തേടാനും എപ്പോഴും തയാറായിരിക്കും. എന്നാൽ ലോകത്ത് പീഡകൾ അത്രയധികമായിരിക്കുകയും ദുർബ്ബലന്‌ മതിയായ സാന്ത്വനം നല്കാൻ ഏതു മനുഷ്യജീവിയുടേയും ധൈര്യം പോരാതെ വരികയും ചെയ്യുന്ന സ്ഥിതിയ്ക്ക് മതം ഒന്നാന്തരമൊരു ബദലാണ്‌. മതം ശരിക്കു പറഞ്ഞാൽ പീഡിതാവസ്ഥയിൽ ദൈവത്തെക്കുറിച്ചു മാത്രമുള്ള ചിന്തകളിലൂടെ സാന്ത്വനവും ധൈര്യവും പീഡകൾക്കെതിരെ പൊരുതാനുള്ള ധൈര്യവും ആർജ്ജിക്കുക എന്ന കലയാണ്‌. ദൈവം തന്നെ സൗഭാഗ്യമായ പലരെയും ഞാൻ കണ്ടിട്ടുണ്ട്. അവർക്ക് തങ്ങളുടെ സൗഭാഗ്യത്തിൽ വിശ്വാസമായിരുന്നു, ആ വിശ്വാസം അവർക്കു ധൈര്യം നല്കുകയും ചെയ്തു. ലോകത്തിന്റെ നിയന്താവായ ഒരു സർവ്വജ്ഞസത്തയിൽ വിശ്വാസം നഷ്ടപ്പെടുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്‌. തീർച്ചയായും നമുക്കു ദൈവത്തിൽ വിശ്വാസം നഷ്ടപ്പെടുന്നു എന്നല്ല ഞാൻ പറയുന്നത്, നമ്മുടെ കുട്ടിക്കാലത്തെ ദയാലുവായ ദൈവം പിന്നെ അങ്ങനെയല്ലാതാവുന്നു എന്നാണ്‌; ഈ ദൈവത്തിന്റെ രീതികൾ നമ്മുടെ രീതികളല്ല, ചിന്തകൾ നമ്മുടെ ചിന്തകളല്ല; അങ്ങനെ വരുമ്പോൾ നിസ്സഹായന്‌ അതൊരു സഹായമാകുന്നതുമില്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല: