2023, ജൂലൈ 1, ശനിയാഴ്‌ച

ഫെർണാണ്ടോ പെസൊവ - പ്രേമാതുരനായ ആട്ടിടയൻ



നീ എന്നോടൊപ്പമില്ലാതിരുന്ന കാലം
ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു സന്ന്യാസിയെപ്പോലെ
ഞാൻ പ്രകൃതിയെ സ്നേഹിച്ചു.
ഇപ്പോൾ ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നത്
കന്യാമറിയത്തെ സ്നേഹിക്കുന്ന ഒരു സന്ന്യാസിയെപ്പോലെ,
മതപരമായി, എന്റേതായ രീതിയിൽ, മുമ്പത്തെപ്പോലെതന്നെ,
എന്നാലതിനെക്കാൾ ഹൃദയത്തോടടുത്ത മറ്റൊരു രീതിയിൽ.
പാടങ്ങളിലൂടെ പുഴത്തടത്തിലേക്ക് നിന്റെ കൂടെ നടക്കുമ്പോൾ
എനിക്കു പുഴകളെ കൂടുതൽ നന്നായി കാണാമെന്നാകുന്നു;
നിനക്കരികിലിരുന്നു മേഘങ്ങളെ നോക്കുമ്പോൾ
മേഘങ്ങളെ ഞാൻ കാണുന്നത് കൂടുതൽ നന്നായി-
എന്നിൽ നിന്നു പ്രകൃതിയെ എടുത്തുമാറ്റുകയായിരുന്നില്ല നീ,
നീ പ്രകൃതിയെ മാറ്റുകയായിരുന്നു...
പ്രകൃതിയെ എന്നോടടുപ്പിക്കുകയായിരുന്നു നീ,
നീയുണ്ടെന്നതിനാൽ ഞാനതിനെ കൂടുതൽ നന്നായി കാണുന്നു,
എന്നാൽ മുമ്പത്തെപ്പോലെ;
ഞാൻ നിന്നെ സ്നേഹിക്കുന്നതിനാൽ
ഞാനതിനെ പഴയപോലെ സ്നേഹിക്കുന്നു,
എന്നാൽ കൂടുതലായി;
നിന്നോടൊപ്പമാകാൻ, നിന്നെ സ്നേഹിക്കാൻ
നീയെന്നെ തിരഞ്ഞെടുത്തുവെന്നതിനാൽ,
എല്ലാ വസ്തുക്കളിലും എന്റെ കണ്ണുകൾ തങ്ങിനില്ക്കുന്നു,
കൂടുതൽ നേരം;
മുമ്പു ഞാൻ എന്തായിരുന്നു എന്നതിനെച്ചൊല്ലി
ഞാൻ ഖേദിക്കുന്നില്ല, എന്തെന്നാൽ,
പണ്ടത്തെ അതേയാൾ തന്നെ ഞാനിപ്പോഴും.
നിന്റെ കൈ എന്റെ കയ്യിൽ വയ്ക്കൂ,
ഇനി നാം മൗനം പൂണ്ടിരിക്കുക, ചുറ്റും ജീവിതവുമായി.

(1914 ജൂലൈ 6)


പ്രണയം ഒരു കൂട്ടുചേരലാണ്‌.
എനിക്കിപ്പോൾ ഒറ്റയ്ക്കു വഴിയിലൂടെ നടക്കാനറിയാതായിരിക്കുന്നു,
എന്തെന്നാൽ എനിക്കിപ്പോൾ ഒറ്റയ്ക്കു നടക്കാൻ കഴിയാതായിരിക്കുന്നു.
കണ്മുന്നിലുള്ള ഒരു വിചാരം
എന്റെ കാലുകളുടെ ഗതിവേഗം കൂട്ടുന്നു,
എന്റെ കണ്ണുകൾ പലതും വിട്ടുകളയുന്നു,
എന്നാൽ കാണുന്നതെല്ലാം ഞാനാസ്വദിക്കുകയും ചെയ്യുന്നു.
അവളുടെ അഭാവം പോലും എന്നോടൊപ്പമുണ്ട്.
അവളെ അത്രയ്ക്കെനിക്കിഷ്ടമായതിനാൽ
എങ്ങനെയവളെ മോഹിക്കണമെന്നെനിക്കറിയില്ല.
അവളെ കാണാത്തപ്പോൾ അവളെ ഞാൻ ഭാവനയിൽ കാണുന്നു,
കിളരമുള്ള മരങ്ങളെപ്പോലെ ഞാൻ കരുത്തനുമാകുന്നു.
എന്നാലവളെ നേരിൽ കാണുമ്പോൾ ഞാൻ വിറച്ചുപോകുന്നു,
അവളുടെ അഭാവത്തിൽ അവളെക്കുറിച്ചെന്റെ മനസ്സിലുണ്ടായിരുന്നതിനൊക്കെ
എന്തു പറ്റിയെന്നെനിക്കു മനസ്സിലാകുന്നുമില്ല.
ഞാനാകെ വാർന്നുപോയ കരുത്തു മാത്രം.
പ്രപഞ്ചം എന്നെത്തന്നെ ഉറ്റുനോക്കുന്നു,
നടുക്കവളുടെ മുഖവുമായി ഒരു സൂര്യകാന്തിപ്പൂവുപോലെ.

(1930 ജൂലൈ 10)

പ്രേമമെന്ന വികാരം തോന്നിത്തുടങ്ങിയതില്പിന്നെ
പരിമളങ്ങളിലുമെനിക്കു താല്പര്യം തുടങ്ങിയിരിക്കുന്നു.
പൂക്കൾക്കു മണമുണ്ടെന്നതു പണ്ടു ഞാൻ ശ്രദ്ധിച്ചിട്ടേയില്ല.
ഇന്നവയുടെ പരിമളം ഞാനറിയുന്നു,
പുതിയൊരു വസ്തു കാണുന്നപോലെ.
പണ്ടുമവയ്ക്കു വാസനയുണ്ടായിരുന്നുവെന്നെനിക്കറിയാം,
ഈ ഞാനുള്ളപോലത്ര നിശ്ചയമായി.
പുറത്തു നിന്നു നാമറിഞ്ഞവയായിരുന്നു അതൊക്കെ.
എന്നാലിന്നു ഞാനതറിയുന്നത്
എന്റെ പിൻകഴുത്തിൽ വീഴുന്ന ശ്വാസത്തിനൊപ്പം.
പൂക്കളുടെ ഹൃദ്യമായ സ്വാദു ഞാനിപ്പോൾ മണത്തറിയുന്നു.
ചിലനേരം ഉറക്കമുണരുമ്പോൾ
കാണും മുമ്പേ ഞാൻ മണത്തും തുടങ്ങുന്നു!

(1930 ജൂലൈ 23)



അഭിപ്രായങ്ങളൊന്നുമില്ല: