2023 ജൂലൈ 18, ചൊവ്വാഴ്ച

കീർക്കെഗോർ

എത്ര വന്ധ്യമാണ്‌, എന്റെ ആത്മാവും എന്റെ മനസ്സും; എന്നിട്ടും പൊള്ളയായ ആസക്തിയും മർമ്മഭേദകമായ പേറ്റുനോവും കൊണ്ട് നിരന്തരപീഡയിലുമാണവ! എന്റെ ആത്മാവിനു നാവിന്റെ കെട്ടഴിയുക എന്നതുണ്ടാവില്ലേ; ഞാനെന്നും പുലമ്പിയും കൊണ്ടിരിക്കുമെന്നോ? എനിക്കു വേണ്ട ഒച്ച ലിൻസിയൂസിന്റെ നോട്ടം പോലെ തുളച്ചുകയറുന്നതായിരിക്കും, ഭീമസത്വങ്ങളുടെ ഞരക്കം പോലെ ഭീതിദമായിരിക്കും, പ്രകൃതിയിലെ ഒരു ശബ്ദം പോലെ സ്ഥിരസ്വഭാവമുള്ളതായിരിക്കും, അടിച്ചുകയറിവരുന്ന ശീതക്കാറ്റു പോലെ കളിയാക്കുന്നതായിരിക്കും, മാറ്റൊലിയുടെ ഹൃദയശൂന്യമായ പരിഹാസം പോലെ പകയുറ്റതായിരിക്കും, ഏറ്റവും താണ സ്വരം മുതൽ ഉരുകുന്ന താരശബ്ദങ്ങൾ വരെ അതിലുണ്ടാവും, ഒരുദാത്തമന്ത്രത്തിന്റെ നിശബ്ദതയിൽ നിന്ന് രോഷത്തിന്റെ ഊർജ്ജത്തിലേക്കു നീളുന്ന ശബ്ദനിയന്ത്രണം അതിനുണ്ടാവും. ശ്വസിക്കാൻ, എന്റെയുള്ളിലുള്ളതിനു ശബ്ദം നല്കാൻ, കോപത്തിന്റെയും സഹതാപത്തിന്റെയും ആന്തരാവയവങ്ങളെ പിടിച്ചുകുലുക്കാൻ എനിക്കു വേണ്ടത് അതാണ്‌- എന്നാൽ എന്റെ ശബ്ദം കടൽക്കാക്കയുടെ സീല്ക്കാരം പോലെ കാറിയതാണ്‌, മൂകന്റെ ചുണ്ടുകളിലെ ആശീർവാദം പോലെ മൃതപ്രായമാണ്‌. 

എന്താണ്‌ സംഭവിക്കാൻ പോകുന്നത്? എന്താണ്‌ ഭാവി കൊണ്ടുവരാൻ പോകുന്നത്? എനിക്കറിയില്ല, എനിക്കൊരു മുന്നറിവുമില്ല. ഒരെട്ടുകാലി ഒരു സ്ഥിരബിന്ദുവിൽ നിന്ന് അതിന്റെ പരിണതികളിലേക്ക് സ്വയം എടുത്തെറിയുമ്പോൾ കാലുറപ്പിക്കാവുന്ന ഒരിടം അത് കണ്മുന്നിൽ കാണുന്നതേയില്ല. എന്റെ കാര്യവും അതുതന്നെ; എനിക്കു മുന്നിലും നിരന്തരം ചുരുൾ നിവരുന്നത് ശൂന്യതയാണ്‌, എന്റെ പരിധിക്കുമപ്പുറത്തുള്ള ഒരു പരിണതിയിലേക്കാണ്‌ ഞാൻ പൊയ്ക്കൊണ്ടിരിക്കുന്നതും. ഭീഷണമാണ്‌, സഹിച്ചുനില്ക്കാൻ പറ്റാത്തതാണ്‌ ഈ ജീവിതം.

പരിഹാസ്യമായതിൽ വച്ചേറ്റവും പരിഹാസ്യമായത് ഈ ലോകത്ത് തിരക്കുള്ളവനായിരിക്കുക, തീന്മേശയ്ക്കു മുന്നിലെന്നപോലെ ജോലിസ്ഥലത്തും ചടുലമായിരിക്കുക എന്നാണെന്ന് എനിക്കു തോന്നുന്നു. അതിനാൽ, അങ്ങനെയൊരു ബിസനസ്സുകാരന്റെ മൂക്കിനു മേൽ ഒരു നിർണ്ണായകനിമിഷത്തിൽ ഒരീച്ച വന്നിരിക്കുന്നതു കാണുമ്പോൾ, അയാളിലും തിടുക്കമുള്ള ഒരു വണ്ടി അയാൾക്കു മേൽ ചെളി തെറിപ്പിക്കുന്നതു കാണുമ്പോൾ, അതുമല്ലെങ്കിൽ ഒരു മേച്ചിലോടു തലയിൽ വീണ്‌ അയാൾ മരിക്കുന്നതു കാണുമ്പോൾ ഉള്ളു തുറന്നു ഞാൻ ചിരിച്ചുപോകുന്നു. ചിരിക്കാതിരിക്കാൻ ആർക്കാകും? ഈ തിടുക്കക്കാർ എന്തു കൈവരിക്കാനാണു പോകുന്നതെന്നു പറയൂ. പുര കത്തുമ്പോൾ അതിൽ നിന്നൊരു കൊടിലു വീണ്ടെടുത്ത ആ വീട്ടമ്മയെപ്പോലല്ലേ അവർ? ജീവിതമെന്ന ഘോരമായ അഗ്നിബാധയിൽ നിന്ന് അതല്ലാതെ എന്താണവർ രക്ഷപ്പെടുത്തിയെടുക്കുക?

 മരിച്ചവരിൽ നിന്നാരും മടങ്ങിവരുന്നില്ല; കരഞ്ഞുകൊണ്ടല്ലാതാരും ലോകത്തേക്കു വരുന്നുമില്ല. എപ്പോഴാണു ലോകത്തേക്കു വരാനിഷ്ടമെന്നു നിങ്ങളോടാരും ചോദിക്കുന്നില്ല; എപ്പോഴാണു മടങ്ങാനിഷ്ടമെന്നും ആരും ചോദിക്കുന്നില്ല... എത്ര ശൂന്യവും വ്യർത്ഥവുമാണു ജീവിതം. നാമൊരാളെ കുഴിച്ചിടുന്നു; ശവക്കുഴിയിലേക്കു നാം അയാൾക്കകമ്പടി ചെല്ലുന്നു; മൂന്നു കരണ്ടി മണ്ണു നാം അയാൾക്കു മേലിടുന്നു; വണ്ടിയിൽ നാം ചെന്നിറങ്ങുന്നു; വണ്ടിയിൽ കയറി നാം വീട്ടിലേക്കു മടങ്ങുകയും ചെയ്യുന്നു; ഒരു ദീർഘജീവിതമാണു നമുക്കു മുന്നിലുള്ളതെന്ന ചിന്തയിൽ നാം സമാശ്വാസം കണ്ടെത്തുന്നു. എത്ര ദീർഘമാണു പക്ഷേ, അറുപതും പത്തും എഴുപതു കൊല്ലം? എന്തുകൊണ്ടൊറ്റയടിക്ക് കാര്യങ്ങളിൽ നമുക്കൊരു തീർപ്പു വരുത്തിക്കൂടാ? എന്തുകൊണ്ടു നമുക്കും ശവക്കുഴിയിലേക്കു ചാടിയിറങ്ങിക്കൂടാ? എന്തുകൊണ്ടു നറുക്കിട്ടു നമുക്കു തീരുമാനിച്ചുകൂടാ, അവസാനത്തെ മരിച്ചയാൾക്കു മേൽ അവസാനത്തെ മൂന്നു കരണ്ടി മണ്ണു കോരിയിടുക എന്ന ദൌർഭാഗ്യം വന്നുവീഴുന്ന അവസാനത്തെ ജീവിച്ചിരിക്കുന്നയാൾ ആരായിരിക്കുമെന്ന്?

(from Either/Or)

അഭിപ്രായങ്ങളൊന്നുമില്ല: