അരമണിക്കൂർ മുമ്പ്
ഹൈവേയിൽ നടന്നതെന്താണെന്ന്
ഇപ്പോഴുമവർക്കറിയില്ല.
അവരുടെ വാച്ചുകളിൽ
ഇപ്പോഴുമതേ പഴയ സമയം തന്നെ,
സെപ്തംബർ, വ്യാഴാഴ്ച, ഉച്ച തിരിഞ്ഞെപ്പൊഴോ.
ആരോ മാക്കറോണി വാർത്തുവയ്ക്കുന്നു.
ആരോ കരിയില അടിച്ചുവാരുന്നു.
കുട്ടികൾ മേശയ്ക്കു ചുറ്റും കാറിവിളിച്ചുകൊണ്ടോടുന്നു.
ആരുടെയോ പൂച്ച ദയാദാക്ഷിണ്യത്തോടെ തലോടലിനു കിടന്നുകൊടുക്കുന്നു.
ആരോ കരയുന്നു-
അത് പതിവുപോലെ നെറി കെട്ട ദീഗോ
ജുവാനിറ്റയെ വഞ്ചിക്കുമ്പോഴാണ്, റ്റീവിയിൽ.
ആരോ വാതിൽ മുട്ടുന്നു-
ഒന്നുമില്ല, അപ്പുറത്തെ വീട്ടുകാരി
കടം വാങ്ങിയ വറചട്ടി തിരിച്ചുകൊണ്ടുവന്നതാണ്.
ഏതോ ഫ്ലാറ്റിനുള്ളിൽ ഫോണടിക്കുന്നു-
അത് ടെലിമാർക്കറ്റിങ്ങുകാരായിരിക്കും.
ഈ സമയത്താരെങ്കിലും ജനാലയ്ക്കൽ വന്നുനിന്നിട്ട്
ആകാശത്തേക്കു നോക്കിയാൽ
അപകടം നടന്നതിനു മുകളിൽ നിന്ന്
മേഘങ്ങൾ ഒഴുകിമാറുന്നത് കണ്ടുവെന്നുവരാം.
അതെ, കീറിയും പറിഞ്ഞും തന്നെ,
എന്നാൽ അവർക്കത് സ്ഥിരം പരിപാടിയുമാണല്ലോ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ