2023, ജൂലൈ 18, ചൊവ്വാഴ്ച

ഫെർണാണ്ടോ പെസൊവ - റിക്കാർഡോ റെയ്സ്

1

അഡോണിസിന്റെ തോപ്പിലെ പനിനീർപ്പൂക്കളെ ഞാൻ സ്നേഹിക്കുന്നു.
അതെ, ലിഡിയാ, ആ ക്ഷണികപുഷ്പങ്ങളെ ഞാൻ സ്നേഹിക്കുന്നു,
ഒരുനാളിൽ പിറന്ന് ആ നാളിൽത്തന്നെ മരിക്കുന്നവയെ.

വെളിച്ചമവയ്ക്കു നിത്യമാണു ലിഡിയാ,
സൂര്യോദയത്തിനു പിമ്പാണവ പിറക്കുന്നതെന്നതിനാൽ,
അപ്പോളോ തന്റെ ദൃശ്യപഥം മുഴുമിക്കും മുമ്പവയൊടുങ്ങുമെന്നതിനാൽ.

നമുക്കുമാവിധം ജീവിതമൊരുനാളെയ്ക്കാവട്ടെ,
നാമിവിടെയുള്ളൊരല്പകാലത്തിനു മുമ്പും പിമ്പും
രാത്രിയാണെന്നതു നാം സൗകര്യപൂർവ്വം മറക്കുക, ലിഡിയാ.

(1914 ജൂലൈ 11)

2

(ആൽബെർട്ടോ കെയ്റോയ്ക്ക്)


പ്രശാന്തമാണു ഗുരോ,
നാം നഷ്ടപ്പെടുത്തുന്ന നേരങ്ങൾ,
അവ നഷ്ടപ്പെടുത്തുമ്പോൾ
പൂപ്പാത്രത്തിൽ പൂക്കളെന്നപോലെ
നാമവ വയ്ക്കുകയാണെങ്കിൽ.

നമ്മുടെ ജീവിതത്തിലില്ല,
സന്താപങ്ങൾ, സന്തോഷങ്ങളും.
അതിനാൽ നാം പഠിക്കുക,
വിവേകത്തോടവ്യാകുലരാവാൻ,
ജീവിതം ജീവിക്കാതിരിക്കാൻ,

അതിനെ കൈവിട്ടു കളയാൻ,
ശാന്തരായി, സ്വസ്ഥരായി,
കുട്ടികളെ ഗുരുക്കന്മാരാക്കി
നമ്മുടെ കണ്ണുകൾ
പ്രകൃതിയെക്കൊണ്ടു നിറയ്ക്കാൻ...

പുഴയിലൂടൊഴുകുമ്പോൾ,
വഴിയിലൂടെ പോകുമ്പോൾ,
നാമെവിടെയുമാകട്ടെ,
ഒരേ സ്വസ്ഥതയിലാവട്ടെ നാം,
ജീവിതത്തിൽ നിന്നുള്ള വിശ്രാന്തിയിൽ...

കാലം കടന്നുപോകുന്നു,
നമ്മോടതൊന്നും പറയുന്നുമില്ല.
നമുക്കു പ്രായമാകുന്നു.
കുസൃതിയോടെ നാം പഠിക്കുക,
നാം കടന്നുപോകുന്നതറിയാൻ.

പ്രവൃത്തിയെടുത്തതു കൊണ്ട്
ഗുണമൊന്നും വരാനില്ല.
നിങ്ങൾക്കു ചെറുക്കാനാവില്ല
തന്റെ സ്വന്തം സന്തതികളെ 
തീറ്റയാക്കുന്ന ക്രൂരദൈവത്തെ.

നമുക്കു പൂക്കളിറുക്കുക,
അരുവിയുടെ തെളിമയിൽ
നമ്മുടെ കൈകളൊന്നു നനയ്ക്കുക,
അവയെപ്പോലെ പ്രശാന്തരാവാൻ
അങ്ങനെ നാം പഠിക്കുക.

എന്നെന്നും സൂര്യനെ നോക്കുന്ന
സൂര്യകാന്തിപ്പൂക്കളെപ്പോലെ
ജീവിതത്തിൽ നിന്നു വിടവാങ്ങും നാം,
ശാന്തരായി, സ്വസ്ഥരായി,
ജീവിച്ചതിന്റെ കുറ്റബോധം പോലുമില്ലാതെ.

(1914 ജൂൺ 12)

3

ജീവനല്ലാതൊന്നും ദേവകൾ നമുക്കു നല്കാതിരിക്കട്ടെ,
അതിനാൽ നാം നിരസിക്കുക സർവ്വതിനേയും,
ശ്വാസം മുട്ടുന്ന ഉയരങ്ങളിലേക്ക്,
നിത്യമെങ്കിലും പൂക്കൾ വിരിയാത്ത ഉയരങ്ങളിലേക്ക്
നമ്മെ പിടിച്ചുയർത്തുന്നതെന്തിനേയും.
കൈക്കൊൾക എന്നതാകട്ടെ നമുക്കൊരേയൊരു ശാസ്ത്രം.
നമ്മുടെ സിരകളിൽ ചോരയോടുന്ന കാലത്തോളം,
പ്രണയം ശുഷ്കിച്ചുപോകാത്ത കാലത്തോളം,
ജനാലച്ചില്ലുകൾ പോലെ ജീവിതം തുടരുക നാം:
വെളിച്ചത്തിനു കടന്നുപോകാനിടം കൊടുത്തും
ഒലിച്ചിറങ്ങുന്ന ചാറ്റമഴയുടെ വിഷാദഗാനം കേട്ടും,
സൂര്യനിലൂഷ്മളമായും ഇത്തിരിയതിനെ പ്രതിഫലിപ്പിച്ചും.

(1914 ജൂലൈ 17)

4

വീഞ്ഞു കുടിച്ചു ചുവന്ന ചുണ്ടുകൾ,
റോസാപ്പൂക്കൾക്കടിയിൽ വെണ്മയാർന്ന നെറ്റിത്തടങ്ങൾ,
മേശ മേലലസം ശയിക്കുന്ന
നഗ്നമായ വെളുത്ത കൈത്തണ്ടകൾ:

ഇതുപോലൊന്നാകട്ടെ ലിഡിയാ,
ഉരിയാട്ടമില്ലാത്ത നമ്മളെ
ദേവകളുടെ മനസ്സിലെന്നെന്നും
കൊത്തിവയ്ക്കുന്ന ചിത്രം.

ഇതാകട്ടെ നമുക്കു ജീവിതം, ലിഡിയാ,
ലൗകികരുടെ ജീവിതം നമുക്കു വേണ്ട:
പാതകളിൽ നിന്നവരുയർത്തിവിടുന്ന
കറുത്ത പൊടി നിറഞ്ഞതാണത്.

ദേവകൾ, അവർ തന്നെയാണുദാഹരണം,
തുണയ്ക്കുന്നതിവരെ മാത്രം,
വസ്തുക്കളുടെ പുഴയിലല്ലാതെ
മറ്റെങ്ങും പോകാനൊരുമ്പെടാത്തവരെ.

(1915 ആഗസ്റ്റ് 29)

ചതുരംഗംകളിക്കാർ


ഒരിക്കൽ, ഏതു പേർഷ്യൻ യുദ്ധകാലത്തെന്നെനിക്കറിയില്ല, അക്രമികൾ നഗരം ചുട്ടെരിക്കുമ്പോൾ, സ്ത്രീകൾ കരഞ്ഞുവിളിച്ചുകൊണ്ടോടുമ്പോൾ അനന്തമായ ചതുരംഗംകളിയിൽ മുഴുകിയിരിക്കുകയായിരുന്നുവത്രേ, രണ്ടുപേർ.

ഇലകൾ സമൃദ്ധമായ ഒരു മരത്തിനു ചുവട്ടിൽ ഒരു പഴയ ചതുരംഗപ്പലകയിൽ ഉറ്റുനോക്കിക്കൊണ്ടവരിരുന്നു; ഓരോ കളിക്കാരനുമരികിലുണ്ടായിരുന്നു, തന്റെ നീക്കം നടത്തിക്കഴിഞ്ഞ് പ്രതിയോഗി  കരു നീക്കുന്നതുവരെയുള്ള വിശ്രമത്തിന്റെ ഇടവേളയിൽ ചാഞ്ഞിരുന്നു ദാഹം തീർക്കാൻ മദിരയുടെ ഒരു പാത്രം.

വീടുകൾ കത്തിയെരിയുകയായിരുന്നു, കമാനങ്ങൾ ഇടിച്ചുനിരത്തുകയായിരുന്നു, തകരുന്ന ചുമരുകളിൽ ചാരിനിർത്തി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയായിരുന്നു, കുന്തങ്ങളിൽ കോർത്ത കുഞ്ഞുങ്ങൾ ചോരയിൽ കുളിച്ചു തെരുവുകളിലെമ്പാടും കിടക്കുകയായിരുന്നു...എന്നാലവർ, നഗരത്തിനത്രയുമരികിലായി, ആ ബഹളത്തിനെല്ലാമകലെയായി, തങ്ങളുടെ കളിയിൽ മുഴുകിയിരിക്കുകയായിരുന്നു അവർ, ആ ചതുരംഗംകളിക്കാർ.

വിഷണ്ണമായ കാറ്റിന്റെ സന്ദേശങ്ങളിൽ നിലവിളികൾ അവർ കേട്ടിരുന്നുവെങ്കിലും, അടുത്തെവിടെയോ തങ്ങളുടെ ഭാര്യമാരും തങ്ങളുടെ പ്രിയപ്പെട്ട പെണ്മക്കളും മാനഭംഗത്തിനിരയാവുകയാണെന്ന ചിന്ത അവരുടെ ഹൃദയങ്ങളിലേക്കു കടന്നുവന്നിരുന്നുവെങ്കിലും, ആ തോന്നലുണ്ടായ നിമിഷത്തിൽ അവരുടെ നെറ്റിത്തടങ്ങളിലൂടെ അസ്പഷ്ടമായൊരു നിഴൽ പാഞ്ഞുപോയെങ്കിലും, വൈകാതവരുടെ ശാന്തമായ കണ്ണുകൾ മടങ്ങിച്ചെന്നു, ശ്രദ്ധയോടെയും  ആത്മവിശ്വാസത്തോടെയും, ആ പഴയ ചതുരംഗപ്പലകയിലേക്ക്.

വെളുത്ത രാജാവിന്റെ നില അപകടത്തിലാവുമ്പോൾ ചോരയും നീരുമുള്ള അമ്മമാരെ, പെങ്ങന്മാരെ, കുഞ്ഞുങ്ങളെക്കുറിച്ചാരോർക്കുന്നു? വെളുത്ത റാണിയുടെ പിന്മാറ്റത്തെ തുണയ്ക്കാൻ തേരിനാവുന്നില്ലെങ്കിൽ എന്തിനു കവർച്ചയെ കാര്യമാക്കണം? എതിരാളിയുടെ രാജാവിന്‌ ഉറച്ച കൈ കൊണ്ടരശു പറയുമ്പോൾ തെരുവിൽ കുഞ്ഞുങ്ങൾ മരിക്കുകയാണെന്നത് നിങ്ങളുടെ ആത്മാവിനെ ബാധിക്കുന്നതേയില്ല.

ശത്രുസൈനികന്റെ ഈറ പിടിച്ച മുഖം പൊടുന്നനേ ചുമരിനു മുകളിൽ പൊന്തിവരികയും അടുത്ത നിമിഷം ശാന്തഗംഭീരനായ ചതുരംഗംകളിക്കാരൻ ഒരു ചോരക്കൂനയായി അവിടെ വീണുവെന്നുമിരിക്കട്ടെ, അപ്പോഴും അതിനു തൊട്ടുമുമ്പുള്ള നിമിഷം കഴിഞ്ഞുപോയത് നിസ്സംഗതയുടെ പാരമ്യത്തിലെത്തിയവർക്കു പ്രിയപ്പെട്ട കളിയിലായിരുന്നു.

നഗരങ്ങൾ തകരട്ടെ, ജനതകൾ യാതന തിന്നട്ടെ, ജീവനും സ്വാതന്ത്ര്യവും ഇല്ലാതാകട്ടെ, തീയിട്ടും പിഴുതെറിഞ്ഞും പ്രശാന്തപൈതൃകങ്ങൾ നശിച്ചുപോകട്ടെ; അപ്പോഴും കളിയെ യുദ്ധം തടസ്സപ്പെടുത്തുമെന്നാകുമ്പോൾ രാജാവിന്റെ നില അപകടത്തിലല്ലെന്നുറപ്പുവരുത്തുക, വെളുത്ത കാലാളുകളിലേറ്റവും മുന്നിലുള്ളവർ തേരിനെ തടുക്കാനും.

എപ്പിക്ക്യൂറസ്സിനെ സ്നേഹിക്കുന്നതിൽ സഹോദരങ്ങൾ, അയാളുടേതിനെക്കാളുപരി നമ്മുടെ കാഴ്ചപ്പാടിനു നിരക്കും മട്ടിൽ അയാളെ മനസ്സിലാക്കുന്നവർ, നിസ്സംഗരായ ചതുരംഗംകളിക്കാരെക്കുറിച്ചുള്ള ഈ പഴംകഥയിൽ നിന്നു നാം പഠിക്കുക, നമ്മുടെ ജീവിതങ്ങളെങ്ങനെയായിരിക്കണമെന്ന്.

ഗൗരവപ്പെട്ട കാര്യങ്ങൾ നമുക്കപ്രധാനമാകട്ടെ, കനപ്പെട്ട കാര്യങ്ങൾക്കു പുല്ലിന്റെ വിലയാകട്ടെ, ജന്മവാസനകളുടെ ഉൾപ്രേരണകൾ (മരത്തണലിന്റെ പ്രശാന്തതയിൽ) നല്ലൊരു കളിയിൽ മുഴുകുന്നതിന്റെ വ്യർത്ഥസുഖത്തിനു വഴി മാറട്ടെ.

ഈ നിരർത്ഥജീവിതത്തിൽ നിന്നു നമുക്കു കിട്ടുന്നതെന്തും, അതു പേരോ പെരുമയോ സ്നേഹമോ അറിവോ, അല്ല, ജീവൻ തന്നെയോ ആകട്ടെ, അതൊന്നുമല്ല, നന്നായി കളിച്ചൊരു കളിയുടെ, യോഗ്യനായൊരു പ്രതിയോഗിയോടു മത്സരിച്ചുജയിച്ചതിന്റെ ഓർമ്മയ്ക്കു മുന്നിൽ.

പേരും പെരുമയും താങ്ങാനാവാത്ത ഭാരം പോലെ കനം തൂങ്ങുന്നു, ആത്മാർത്ഥമായ അന്വേഷണത്തിലാണെന്നതിനാൽ സ്നേഹം തളർച്ചയുണ്ടാക്കുന്നു, അറിവൊരിക്കലും കണ്ടെത്തുന്നില്ല, ജീവിതമാകട്ടെ, കടന്നുപോവുകയാണെന്ന അറിവിൽ തപിക്കുകയും...ചതുരംഗമെന്ന കളി  പക്ഷേ, നിങ്ങളുടെ ഹൃദയമൊന്നാകെ പിടിച്ചെടുക്കുന്നു, ഒന്നുമല്ലതെന്നതിനാൽ തോൽവി നിങ്ങളെ ബാധിക്കുന്നതുമില്ല.

ഹാ! അബോധമായി നമ്മെ സ്നേഹിക്കുന്ന ഒരു തണലിനു ചുവട്ടിൽ, അരികിലൊരു മദിരയുടെ പാത്രവുമായി, ഒരു ചതുരംഗംകളിയുടെ നിരർത്ഥയത്നത്തിൽ മനസ്സുമൂന്നി നാമിരിക്കുക; ഒരു സ്വപ്നമാണിക്കളിയെങ്കില്ക്കൂടി, എതിരാളിയില്ലാത്ത കളിയാണതെങ്കില്ക്കൂടി, ഈ കഥയിലെ പേർഷ്യാക്കാരെപ്പോലാവുക നാം: അങ്ങപ്പുറത്ത്, വളരെയടുത്തോ ദൂരെയെവിടെയോ നിന്ന് യുദ്ധമോ നമ്മുടെ ദേശമോ ജീവനോ നമ്മെ വിളിക്കുകയാണെങ്കിൽ, ആ വിളിക്കു നാം കാതു കൊടുക്കാതിരിക്കുക; നാമോരോ ആളും സ്വപ്നം കാണുക, ഒരു തണലിന്റെ സൗഹൃദത്തിനടിയിൽ, ഒരെതിരാളിയെ, ഒരു ചതുരംഗംകളിയെ, അതിന്റെ നിസ്സംഗതയെ.

(1916 ജൂൺ 1)


നിങ്ങളുടെ നിയോഗത്തെയനുസരിക്കൂ,
നിങ്ങളുടെ ചെടികൾക്കു നനച്ചുകൊടുക്കൂ,
നിങ്ങളുടെ പനിനീർപ്പൂക്കളെ സ്നേഹിക്കൂ.
അജ്ഞാതവൃക്ഷങ്ങളുടെ നിഴലു മാത്രം ബാക്കിയൊക്കെ.

നാമാഗ്രഹിച്ചതിൽ നിന്നൽപം കുറവാകും,
കൂടുതലുമാകാം യാഥാർത്ഥ്യം.
നമ്മളേ നമുക്കു തുല്യമാവുന്നുള്ളു.

ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌,
സരളമായി ജീവിക്കുക കുലീനവും.
വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ
ദൈവങ്ങൾക്കുള്ള നിവേദ്യമായി.

അകലെ നിന്നു നോക്കിക്കാണുക ജീവിതത്തെ,
ചോദ്യങ്ങളുമതിനോടു വേണ്ട.
തിരിച്ചുപറയാനതിനൊന്നുമുണ്ടാവില്ല.
ദൈവങ്ങൾക്കുമതീതമാണുത്തരങ്ങൾ.

എന്നാലുമുള്ളിലനുകരിക്കുക ഒളിമ്പസ്സിനെ,
ദൈവങ്ങൾ ദൈവങ്ങളായിരിക്കുന്നത്‌
തങ്ങളാരെന്നു ചിന്തിക്കാൻ
അവർ മിനക്കെടുന്നില്ലെന്നതിനാൽ.

(1916 ജൂലൈ 1)

5

വരാനുള്ളതിനെയോർത്തു ഞാൻ പേടിക്കുന്നു, ലിഡിയാ,
ജീവിതത്തിൽ പുതിയൊരു ചിട്ട കൊണ്ടുവരാവുന്നതേതിനെയും
ഞാൻ പേടിക്കുന്നു ലിഡിയാ.
സുഗമമായൊഴുകുന്ന എന്റെ ജീവിതഗതിയെ
എത്ര ചെറുതായെങ്കിലും മാറ്റാവുന്നതൊന്നിനെ,
ഹിതകരമാവാം ആ മാറ്റമെങ്കിലും,
മാറ്റമാണതെന്നതിനാൽ ഞാൻ വെറുക്കുന്നു,
ഞാൻ നിരാകരിക്കുന്നു, ലിഡിയാ.
ദേവകൾ കല്പിക്കട്ടെ,
എന്റെ ജീവിതമനുസ്യൂതമായൊരു സമതലമാവാൻ,
ഒടുങ്ങുന്നിടത്തേക്കതൊഴുകിയെത്താൻ.
ഇന്നോളം പ്രശസ്തി നുകർന്നിട്ടില്ല ഞാനെങ്കിലും,
അന്യരിൽ നിന്നു സ്നേഹമോ ബഹുമാനമോ 
ആർജ്ജിച്ചിട്ടില്ല ഞാനെങ്കിലും
ജീവിതം ജീവിതമായാൽ മതിയെനിക്ക്,
ഞാനതു ജീവിക്കുന്നുവെന്നും.

(1917 മേയ് 26)

6

കുളിരുന്ന തെന്നലിനെ
വരികളിലാവർത്തിക്കുന്ന കവിത,
വേനൽ, പാടങ്ങൾക്കു മേൽ,
ആളൊഴിഞ്ഞും വെയിലു വീണും
ആത്മാവിന്റെ നടുമുറ്റം...

ഇനി ഹേമന്തമാണെങ്കിൽ
അകലെ മഞ്ഞു വീണ മലനിരകൾ,
പകർന്നുകിട്ടിയ കഥകൾ പാടി
തീയും കാഞ്ഞു നാമിരിക്കുമിടം,
ഇതൊക്കെപ്പറയാനൊരു കവിതയും...

ഒന്നുമല്ലിവയെങ്കിൽക്കൂടി
ഇതിലുമേറെയാനന്ദങ്ങൾ കൊണ്ടു
ദേവകൾ നമ്മെയനുഗ്രഹിക്കാതിരിക്കട്ടെ,
ഇതിലുമധികം ആഗ്രഹങ്ങളില്ലാതിരിക്കാനും
ദേവകൾ നമ്മെയനുഗ്രഹിക്കട്ടെ.
(1921 ജനുവരി 21)
*
7

ഭാവിയെന്നു നീ വിശ്വസിക്കുന്നിടത്തു
പണിയാൻ തുനിയരുത്, ലിഡിയാ,
നാളെയെ സ്വയം വാഗ്ദാനം ചെയ്യുകയുമരുത്.
പ്രതീക്ഷകൾ വെടിയൂ, ഇന്നത്തെ നീയാവൂ.
നീ മാത്രമാണ്‌ നിന്റെ ജീവിതം.
ഭാവിയല്ല നീയെന്നതിനാൽ
നിന്റെ ഭാഗധേയം സ്വപ്നം കാണുകയുമരുതു നീ.
ആരു കണ്ടു, നീ കുടിച്ചുതീർത്ത കപ്പിനും
വീണ്ടും നിറച്ച അതേ കപ്പിനുമിടയിൽ
ഒരഗാധഗർത്തം തിരുകിക്കയറ്റില്ല വിധിയെന്ന്?

(1923)

8

കഷണ്ടി കേറുന്ന നെറ്റിയിൽ
മരിച്ച യൗവനത്തിന്റെ മുടി നരയ്ക്കുന്നു.
എന്റെ കണ്ണുകൾക്കിന്നു തിളക്കവുമില്ല..
ചുണ്ടുകൾക്കു ചുംബിക്കാനുള്ളവകാശവും നഷ്ടമായി.
ഇനിയുമെന്നെ നീ പ്രേമിക്കുന്നുവെങ്കിൽ
പ്രേമത്തെയോർത്താ പ്രേമം നിർത്തൂ.
എന്നെ വഞ്ചിക്കരുതേ, എന്നെക്കൊണ്ടുതന്നെ.
 
(1926 ജൂൺ 13)

9

ഞാനരികത്തു നില്ക്കുന്ന ഈ കുഴിമാടത്തിലില്ല,
ഞാൻ സ്നേഹിച്ചവനെന്നല്ലേ നിങ്ങൾ പറയുന്നു?
ഈ മൺകൂനയൊളിപ്പിക്കുന്നില്ല, 
ഒരു നോട്ടവും ഒരു പുഞ്ചിരിയും.

എന്നാലതൊളിപ്പിക്കുന്നുണ്ടല്ലോ,
രണ്ടു കണ്ണുകളും രണ്ടു ചുണ്ടുകളും!
ഞാൻ പിടിച്ചമർത്തിയതാത്മാവിനെയല്ല,
രണ്ടു കൈകളെയായിരുന്നു.
അവയിന്നിവിടെ ശയിക്കുന്നു.
സ്നേഹിതാ, 
ഞാൻ വിലപിക്കുന്നതൊരുടലിനെച്ചൊല്ലി!

(1927 ജൂലൈ 6)

എന്നെ മറക്കുകെന്നൊരു വരമേ
ദേവന്മാരെനിക്കു നല്കേണ്ടൂ.
നല്ല ഭാഗ്യവും കെട്ട ഭാഗ്യവും നല്കാതെ
കാറ്റിനെപ്പോലെ കെട്ടഴിച്ചുവിട്ടാൽ മതിയെന്നെ:
ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ.
സ്നേഹവും വെറുപ്പും, രണ്ടും നമ്മെ തേടിപ്പിടിക്കുന്നു,
രണ്ടും നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ വഴിയിൽ.
ദേവകൾ മുഖം തിരിച്ചവൻ, അവനാണു സ്വതന്ത്രൻ.
*
നിലയ്ക്കുന്നതെന്തായാലും അതു മരണം,
നിലയ്ക്കുന്നതു നമുക്കെങ്കിൽ അതു നമ്മുടെ മരണം.
ഒരു പൂച്ചെടി വാടിക്കരിയുന്നു,
ഒപ്പമെന്റെ ജീവിതത്തിന്റെ ഒരംശവും.
ഞാൻ കണ്ടതിലെല്ലാം എന്റെയൊരംശം ശേഷിച്ചു.
ഞാൻ കണ്ടതില്ലാതാവുമ്പോൾ ഞാനുമില്ലാതാവുന്നു.
ഓർമ്മ വേർതിരിച്ചുകാണുന്നുമില്ല,
ഞാൻ കണ്ടതിനേയും ഞാനായിരുന്നതിനേയും.

(1928 ജൂൺ 7)

10

ഹേമന്തത്തെയൊപ്പം കൂട്ടി
നമ്മുടെ ശരല്ക്കാലമെത്തുമ്പോൾ ലിഡിയാ,
മനസ്സിലൊരു ചിന്ത മാത്രം വയ്ക്കുക:
വരാനുള്ള വസന്തത്തിന്റെയല്ല,
അന്യർക്കുള്ളതാണത്,
നാം മരിച്ചതിൽപ്പിന്നെയെത്തുന്ന
ഗ്രീഷ്മത്തിന്റെയുമല്ല,
കടന്നുപോകുന്നതു ബാക്കിവയ്ക്കുന്നതിനെ-
ഇലകളെ മറ്റു ചിലതാക്കി
അവയിൽ പടരുന്ന ഈ മഞ്ഞപ്പിനെ.

(1930 ജൂൺ 13)

11

നമ്മെ അസൂയപ്പെടുന്നവരും വെറുക്കുന്നവരും മാത്രമല്ല,
നമ്മെ ഒതുക്കുന്നവരും നമ്മെ ഞെരുക്കുന്നവരും;
അത്രതന്നെ നമ്മെ ഒതുക്കുന്നു, നമ്മെ സ്നേഹിക്കുന്നവരും.
ദേവകളെനിക്കു തരുമാറാകാട്ടെ, സർവ്വമമതകളിൽ നിന്നും മുക്തമായി,
ശൂന്യതയുടെ നെറുകയിലെ തണുപ്പുള്ള സ്വാതന്ത്ര്യം.
അല്പമേ നിങ്ങൾക്കു വേണ്ടുവെങ്കിൽ എല്ലാം നിങ്ങൾക്കുതന്നെ.
ഒന്നുമേ വേണ്ടാത്തവനെനെങ്കിൽ സർവ്വതന്ത്രസ്വതന്ത്രനും.
ഒന്നുമില്ലാത്തവൻ, ഒന്നുമാശിക്കാത്തവൻ,
ദേവകൾക്കു തുല്യനവൻ, മനുഷ്യനായിരിക്കെത്തന്നെ.

(1930 നവംബർ 1)

12

ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെയായാലും അന്യരാണവിടെ നാം.

ലിഡിയാ, നമുക്കൊന്നുമറിയില്ല,
നാമെവിടെ ജീവിച്ചാലും അന്യരാണവിടെ നാം.
ഒക്കെയും നമുക്കന്യം, അവയ്ക്കു ഭാഷയും വേറെ.
നമ്മളിൽത്തന്നെ നാമഭയം തേടുക,
ഈ ലോകത്തിന്റെ കാലുഷ്യങ്ങളിൽ നിന്നു നാം പിൻവാങ്ങുക.
അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു
പ്രണയത്തിനെന്തു മോഹിക്കാൻ?
ഒരു നിഗൂഢകഥയിലുച്ചരിക്കപ്പെട്ട രഹസ്യം പോലെ
നമുക്കൊളിയിടമതാകട്ടെ.

(1932)

ആരുമാരെയും സ്നേഹിക്കുന്നില്ല;
ഒരാൾ സ്നേഹിക്കുന്ന മറ്റൊരാൾ
അയാളയാളിൽ കാണുന്ന താൻ തന്നെ.
ആരും നിങ്ങളെ സ്നേഹിക്കുന്നില്ലെങ്കിൽ
അതിൽ മുഷിയുകയും വേണ്ട.
അന്യർ നിങ്ങളെ നോക്കുമ്പോൾ
അവർ കാണുന്നതൊരന്യനെ.
നിങ്ങൾ നിങ്ങളാവുക,
ആരും സ്നേഹിക്കാനില്ലെങ്കിലും.
തന്നിലൊതുങ്ങി സുരക്ഷിതനാവൂ,
അത്ര കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടൂ.

(1932 ആഗസ്റ്റ് 10)

ഒന്നിൽ നിന്നുമൊന്നുമുണ്ടാകുന്നില്ല. നാമൊന്നുമല്ല.
കാറ്റത്തും വെയിലത്തുമല്പനേരം നാം മാറ്റിവയ്ക്കുന്നു,
നമുക്കു മേൽ വന്നുവീഴേണ്ട നനഞ്ഞ മണ്ണിന്റെ
വീർപ്പുമുട്ടിക്കുന്ന അന്ധകാരം.
വെട്ടിമൂടാൻ വൈകിയതിനാൽ പെറ്റുകൂട്ടുന്ന ശവങ്ങൾ നാം.

പാസ്സാക്കിയ നിയമങ്ങൾ, കണ്ടുകഴിഞ്ഞ പ്രതിമകൾ, 
എഴുതിത്തീർത്ത കവിതകൾ-
ഓരോന്നിനുമുണ്ടതാതിന്റെ ശവക്കുഴികൾ.
ഉള്ളിലൊരു സൂര്യന്റെ ചൂടിനാൽ ചോരയോടുന്ന
മാംസക്കൂനകൾ നമുക്കൊരന്ത്യമുണ്ടെങ്കിൽ
എന്തുകൊണ്ടവയ്ക്കുമൊരന്ത്യമായിക്കൂടാ?
പഴംകഥകൾ പറയുന്ന പഴംകഥകളാണു നാം, മറ്റൊന്നുമല്ല...

(1932 സെപ്തംബർ 28)

അഭിപ്രായങ്ങളൊന്നുമില്ല: