2023, ജൂലൈ 19, ബുധനാഴ്‌ച

റോബർട്ട് ലൂയി സ്റ്റീവൻസൺ - കലയും ധാർമ്മികതയും

 മനുഷ്യൻ അപൂർണ്ണനാണ്‌; എന്നാൽ തന്റെ സാഹിത്യത്തിൽ അവൻ തന്നെത്തന്നെയും തന്റെ വീക്ഷണങ്ങളേയും ഇഷ്ടങ്ങളേയും ആവിഷ്കരിച്ചേ മതിയാകൂ; അങ്ങനെ ചെയ്യാതിരുന്നാൽ അത് അധാർമ്മികമാകും എന്നുമാത്രമല്ല, അതിനെക്കാൾ വലിയ അപകടമാവുകയും ചെയ്യും: തന്നോടുതന്നെ സത്യസന്ധനാവാതിരിക്കുക എന്നതാണത്. ഒരു മനോവികാരത്തെ, നല്ലതൊന്നിനെത്തന്നെ, അതേപോലെ അനുകരിക്കുക എന്നാൽ അതിനെ വികൃതമാക്കുക എന്നാണ്‌; അതുകൊണ്ടു കാര്യമില്ല. ഒരു മനോവികാരത്തെ ഒളിപ്പിച്ചുവയ്ക്കുകയാണെങ്കിൽ, ഉള്ളിലതുണ്ടെന്ന് നിങ്ങൾക്കത്ര തീർച്ചയാണെന്നിരിക്കെ, യാഥാർത്ഥ്യത്തെ തനിക്കു വേണ്ടമട്ടിൽ വളച്ചൊടിക്കുകയുമാണ്‌. സ്വന്തം കാഴ്ചപ്പാടിൽ സത്യത്തിന്റെ ഒരംശമെങ്കിലുമില്ലാത്തവർ സുബോധമുള്ളവരിൽ കാണില്ല; ശരിയായി വിനിയോഗിച്ചാൽ മനുഷ്യവംശത്തിനതു ഗുണകരമാവുകയും ചെയ്യും. സത്യത്തെ എനിക്കു ഭയമില്ല, എനിക്കതു പറഞ്ഞുതരാൻ ആരെങ്കിലുമുണ്ടെങ്കിൽ; എന്നാൽ അനവസരത്തിലായിരിക്കുമോ അതു പറയപ്പെടുന്നത് എന്ന ഭയം എനിക്കുണ്ട്. നൃത്തം ചെയ്യാൻ ഒരു സമയമുണ്ട്, വിലപിക്കാൻ ഒരു സമയമുണ്ട്; നിർദ്ദയനാവാനെന്നപോലെ തരളിതനാവാനും; വൈരാഗിയാവാനും തൃഷ്ണകളെ ആഘോഷിക്കാനും; ഈ പരമാവധികളെയെല്ലാം തന്റെ കൃതിയിൽ അതാതിടത്തും അതാതളവിലും സന്നിവേശിപ്പിക്കാൻ ഒരാൾക്കായാൽ ആ കൃതി ധാർമ്മികതയുടേതെന്നപോലെ കലയുടേയും പ്രകൃഷ്ടമാതൃകയായിരിക്കും. പക്ഷപാതം അധാർമ്മികമാണ്‌; കാരണം, ലോകത്തേയും ജീവിതത്തേയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചിത്രം നല്കുന്ന ഏതു പുസ്തകവും തെറ്റാണ്‌. ബലം കുറഞ്ഞവനു പക്ഷേ, പക്ഷപാതിയാവാതെപറ്റില്ല എന്നതാണു പ്രശ്നം; ഒരാളുടെ കൃതി നനഞ്ഞതും മനസ്സിടിക്കുന്നതുമായിരിക്കും;  മറ്റൊരാളുടേത് തരംതാണതും പ്രാകൃതവുമായിരിക്കും; മൂന്നാമത്തെയാളുടേത് അപസ്മാരം പിടിച്ചപോലെ കാമാതുരമായിരിക്കും; നാലാമന്റേത് വായ കയ്ക്കും വിധം വിരക്തവും. സാഹിത്യത്തിൽ, പെരുമാറ്റത്തിലെന്നപോലെതന്നെ, എപ്പോഴും ശരിതന്നെ ചെയ്യാൻ നമുക്കു കഴിയണമെന്നില്ല. സാദ്ധ്യമായത്ര നോക്കുക എന്നതേ ചെയ്യാനുള്ളു; അതിനൊരു പ്രമാണവുമേയുള്ളു. സാവകാശം ചെയ്യാവുന്നതൊന്നും തിടുക്കത്തിൽ ചെയ്യാതിരിക്കുക. ഒരു പുസ്തകമെഴുതിയിട്ട് അതിന്‌ ഒമ്പതു കൊല്ലത്തെയോ തൊണ്ണൂറുകൊല്ലത്തെയോ ആയുസ്സു കല്പിക്കുന്നതിൽ ഒരു കാര്യവുമില്ല. എഴുതുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ബോദ്ധ്യം വരുത്തിയിരിക്കണം. ഏതു തുടക്കത്തിനും മുമ്പ് തടസ്സം ഉണ്ടായിരിക്കണം. ഒരു കലാസൃഷ്ടി മനസ്സിൽ ധ്യാനിക്കുമ്പോൾ  ആദ്യം തന്നെ നിങ്ങൾ വിഷയം സ്വന്തം നാവിനടിയിൽ വച്ചു രുചിച്ചുനോക്കണം; എന്നിട്ടുവേണം ആദ്യന്തം ഒരേ രുചിയുള്ള ഒരു പുസ്തകം വാറ്റിയെടുക്കാൻ. ഇനി, വിവാദങ്ങളുടെ അരങ്ങിലേക്കിറങ്ങാനാണ്‌ ആലോചിക്കുന്നതെങ്കിൽ സാദ്ധ്യമായ എല്ലാ അവസ്ഥകളിലും വച്ച്, ആരോഗ്യത്തിലെന്നപോലെ രോഗാവസ്ഥയിലും, ദുഃഖത്തിലെന്നപോലെ സന്തോഷത്തിലും, നിങ്ങൾ പ്രശ്നത്തെ പഠിക്കണം. ഈ സൂക്ഷ്മപരിശോധനയാണ്‌ നേരും കരുണയുമുള്ള ഏതെഴുത്തിനും ആവശ്യമുള്ളത്, കലാവ്യവഹാരത്തെ എഴുത്തുകാരന്‌ സുദീർഘവും അഭിജാതവുമായ ശിക്ഷണമാക്കിമാറ്റുന്നത്.

(from The Morality of the Profession of Letters)


അഭിപ്രായങ്ങളൊന്നുമില്ല: