നിങ്ങളാണോ അയാൾ?
നിങ്ങളാണോ എന്നോടാകർഷണം തോന്നുന്ന ആ പുതിയ വ്യക്തി?
ഇപ്പോൾത്തന്നെ ഞാൻ മുന്നറിയിപ്പു തരട്ടെ, നിങ്ങൾ കരുതുന്നയാളേയല്ല ഞാൻ;
താനാരാധിക്കുന്ന വിഗ്രഹം എന്നിൽ കണ്ടെത്തിയെന്നു നിങ്ങൾ കരുതുന്നുണ്ടോ?
അത്രയുമെളുപ്പത്തിൽ ഞാൻ നിങ്ങളുടെ കാമുകനാവുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
എന്റെ സൗഹൃദം കലർപ്പില്ലാത്ത സംതൃപ്തി നല്കുമെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
ഞാൻ വിശ്വസനീയനാണെന്നും സത്യസന്ധനാണെന്നും നിങ്ങൾക്കു തോന്നുന്നുണ്ടോ?
ഈ മുഖപ്പിനപ്പുറത്തേക്കു നിങ്ങൾ കാണുന്നില്ലേ, മിനുസമുള്ളതും ക്ഷമ നിറഞ്ഞതുമായ എന്റെ പെരുമാറ്റത്തിനപ്പുറം?
ശരിക്കും വീരോചിതനായ ഒരാളുടെ നേർക്ക് ഉറച്ച നിലത്തിലൂടെ മുന്നോട്ടുനടക്കുകയാണു താനെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?
ഇതെല്ലാമൊരു മായയാകാം, അബദ്ധധാരണയാകാം എന്നൊരു ചിന്തപോലുമില്ലേ നിങ്ങൾക്ക് ഹേ, സ്വപ്നദർശീ!
*
അന്ത്യാമന്ത്രണം
ഒടുവിലിപ്പോൾ, മൃദുവായി, മൃദുവായി,
കോട്ടപോൽ കെട്ടിപ്പടുത്ത സുശക്തമായ വീടിന്റെ ചുമരുകളിൽ നിന്ന്,
തമ്മിൽ കൊളുത്തിയ താഴുകളുടെ കൂട്ടിപ്പിടുത്തത്തിൽ നിന്ന്,
ചേർത്തടച്ച വാതിലുകളുടെ സൂക്ഷിപ്പിൽ നിന്ന്,
ഞാൻ പുറത്തേക്കു പരക്കട്ടെ.
ശബ്ദലേശമെന്യേ ഞാനൊഴുകിനീങ്ങട്ടെ;
മാർദ്ദവത്തിന്റെ ചാവി കൊണ്ടു തുറക്കുക താഴുകൾ,
ഒരു മന്ത്രണം കൊണ്ടു തുറന്നിടുക വാതിലുകൾ, ആത്മാവേ.
(പ്രബലമാണു നിന്റെ പിടുത്തം, ഉടലേ,
പ്രബലമാണു നിന്റെ പിടുത്തം, പ്രണയമേ.)
*
ഒരു തെളിഞ്ഞ രാത്രിയിൽ
ഇതു നിന്റെ നേരം, ആത്മാവേ, അവാച്യമായതിലേക്കു നിന്റെ സ്വച്ഛന്ദസഞ്ചാരം,
പുസ്തകങ്ങളിൽ നിന്നകലെ, കലകളിൽ നിന്നകലെ, മായ്ച്ചുകളഞ്ഞ പകലുമായി, പഠിച്ചുകഴിഞ്ഞ പാഠവുമായി,
നിന്റെ നിറവിൽ നിന്നെക്കാണാകുന്നു, മൗനിയായി, ബദ്ധദൃഷ്ടിയായി,
നിനക്കേറ്റവും പ്രിയമായ പ്രമേയങ്ങളിൽ ധ്യാനിയായി:
രാത്രി, നിദ്ര, മരണം, നക്ഷത്രങ്ങളും.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ