2023, ജൂലൈ 18, ചൊവ്വാഴ്ച

മിലൻ കുന്ദേര - Immortality

 എട്ടുനാളായി ഞാനെന്റെ ചെരുപ്പുകളുരയ്ക്കുകയായിരുന്നു

പാതകളിൽ പാകിയ കല്ലുകളിൽ...

റാങ്ങ്ബോ എഴുതുന്നു.

പാത: നാം നടന്നുപോകുന്ന നിലത്തിന്റെ ഒരു നാട. വഴി പാതയിൽ നിന്നു വ്യത്യസ്തമാകുന്നത് അത് വാഹനങ്ങൾക്കു വേണ്ടിമാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്‌ എന്നതുകൊണ്ടു മാത്രമല്ല, ഒരു ബിന്ദുവിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന വെറുമൊരു രേഖ മാത്രമായതുകൊണ്ടുമാണ്‌. വഴിയ്ക്ക് സ്വന്തമായ ഒരർത്ഥമില്ല; അതിനൊരർത്ഥം കിട്ടുന്നത് അതു ബന്ധപ്പെടുത്തുന്ന ആ രണ്ടു ബിന്ദുക്കളിൽ നിന്നാണ്‌. പാത സ്ഥലത്തിനുള്ള ഒരു വാഴ്ത്താണ്‌. ഓരോ പാതയ്ക്കും സ്വന്തമായ ഒരർത്ഥമുണ്ട്, നില്ക്കാൻ അതു നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. വഴി പക്ഷേ, സ്ഥലത്തിന്റെ വില കെടുത്തുന്ന ഒരു കീഴടക്കലാണ്‌; വഴി സ്ഥലത്തെ മനുഷ്യചലനത്തിനുള്ള തടസ്സമായി ചുരുക്കുന്നു, കാലത്തിന്റെ ദുർവ്യയമായും.

വഴികളും പാതകളും ഭൂദൃശ്യത്തിൽ നിന്നു മറഞ്ഞുപോകും മുമ്പേ അവ മനുഷ്യാത്മാവിൽ നിന്നു മറഞ്ഞുപോയിരുന്നു: നടക്കാൻ, സ്വന്തം കാലടികളിൽ നടക്കാൻ, അതാസ്വദിക്കാൻ - അതിനുള്ള ആഗ്രഹം മനുഷ്യൻ വേണ്ടെന്നുവച്ചുകഴിഞ്ഞിരുന്നു. തന്നെയുമല്ല, അവനിപ്പോൾ സ്വന്തം ജീവിതത്തെ കാണുന്നത് ഒരു പാതയായിട്ടല്ല, വഴിയായിട്ടാണ്‌: ഒരു ബിന്ദുവിൽ നിന്നു മറ്റൊന്നിലേക്കു നയിക്കുന്ന ഒരു രേഖ- ക്യാപ്റ്റൻ എന്ന റാങ്കിൽ നിന്ന് ജനറൽ എന്ന റാങ്കിലേക്ക്, ഭാര്യ എന്ന റോളിൽ നിന്ന് വിധവ എന്ന റോളിലേക്ക്. കാലം ജീവിതത്തെ തടസ്സപ്പെടുത്തുന്നതൊന്നു മാത്രമായി, കൂടുതൽ കൂടുതൽ വേഗത കൈവരിച്ചുകൊണ്ട് മറികടക്കേണ്ട ഒരു തടസ്സം.

പാതയും വഴിയും: രണ്ടുതരം സൗന്ദര്യസങ്കല്പങ്ങളുമാണവ. ഒരു പ്രത്യേകസ്ഥലത്ത് ഭൂദൃശ്യം സുന്ദരമാണെന്നു പറയുമ്പോൾ അതിനർത്ഥം: ആ സ്ഥലത്ത് കാർ നിർത്തുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിൽ പണിത സുന്ദരമായ ഒരു ദുർഗ്ഗം ചുറ്റും ഉദ്യാനവുമായി അവിടെ കാണാം; അല്ലെങ്കിൽ, അകലേക്കു പരന്നുകിടക്കുന്ന തടാകം, വെട്ടിത്തിളങ്ങുന്ന ജലപ്പരപ്പിൽ ഒഴുകിനടക്കുന്ന അരയന്നങ്ങളുമായി.

വഴികളുടെ ലോകത്ത് സുന്ദരമായ ഒരു ഭൂദൃശ്യമെന്നാൽ: സൗന്ദര്യത്തിന്റെ വേറേ തുരുത്തുകളുമായി ഒരു ദീർഘരേഖയാൽ ബന്ധിപ്പിക്കപ്പെട്ട സൗന്ദര്യത്തിന്റെ ഒരു തുരുത്ത്. 

വഴികളുടേയും പാതകളുടേയും ലോകത്ത് സൗന്ദര്യം അവിരാമവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്‌; ഓരോ ചുവടു വയ്ക്കുമ്പോഴും അത് നമ്മോടു പറയുന്നു: “നില്ക്കൂ!”

പാതകളുടെ ലോകം പിതാക്കന്മാരുടെ ലോകമായിരുന്നു. വഴികളുടെ ലോകം ഭർത്താക്കന്മാരുടെ ലോകമായിരുന്നു. ആഗ്നസിന്റെ കഥയാകട്ടെ, ഒരു വൃത്തം പോലടയുന്നു: പാതകളുടെ ലോകത്തു നിന്ന് വഴികളുടെ ലോകത്തേക്ക്, ഇപ്പോൾ തിരിച്ചു പിന്നെയും...

*

പിറന്നുവീണാലുടനേ കുഞ്ഞ് അമ്മയുടെ മുല കുടിക്കാൻ തുടങ്ങുന്നു. അമ്മ മുലകുടി നിർത്തിയാൽ അത് വിരൽകുടി തുടങ്ങുന്നു.

റൂബൻസ് ഒരിക്കൽ ഒരു സ്ത്രീയോടു ചോദിച്ചു: നീയെന്താണ്‌ നിന്റെ മകന്റെ വിരലുകുടി തടയാത്തത്? അവനിപ്പോൾ പത്തു  വയസ്സെങ്കിലും ആയിക്കാണുമല്ലോ! അമ്മയ്ക്കു ദേഷ്യം വന്നു: ‘അവൻ വിരലു കുടിക്കരുതെന്നാണോ നിങ്ങൾ പറയുന്നത്? അവന്‌ അമ്മയുടെ മുലയുമായുള്ള സമ്പർക്കം ദീർഘിപ്പിക്കുകയാണത്! അവന്റെ മനസ്സിനെ മുറിവേല്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്?’

അങ്ങനെ കുട്ടി പതിമൂന്നു വയസ്സുവരെ വിരലു കുടിക്കുന്നു; അതു കഴിഞ്ഞാലുടനേ വിരലിന്റെ സ്ഥാനം സിഗററ്റ് ഏറ്റെടുക്കുകയും ചെയ്യുന്നു.

പില്ക്കാലത്ത്, വിരലു കുടിക്കാനുള്ള തന്റെ സന്തതിയുടെ അവകാശത്തെ പ്രതിരോധിച്ച അമ്മയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ റൂബൻസ് തന്റെ തള്ളവിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ വച്ചുകൊടുക്കുന്നു; തല ഇരുവശത്തേക്കുമാട്ടിക്കൊണ്ട് അവരതു നക്കാൻ തുടങ്ങി. രണ്ടു പുരുഷന്മാർ തന്നെ ഭോഗിക്കുകയാണെന്ന് കണ്ണുകളടച്ചുകൊണ്ട് അവർ സ്വപ്നം കണ്ടു.

ഈ ചെറിയ സംഭവം റൂബൻസിന്‌ അതിപ്രധാനമായ ഒരു നിമിഷമായിരുന്നു; സ്ത്രീകളെ പരീക്ഷിക്കുന്നതിനുള്ള ഒരുപായമാണല്ലോ അയാളങ്ങനെ കണ്ടുപിടിച്ചത്: സ്ത്രീകളുമായി ബന്ധപ്പെടുന്ന സമയത്ത് റൂബൻസ് തള്ളവിരൽ അവരുടെ വായിൽ തിരുകും, എന്നിട്ട് അവരുടെ പ്രതികരണം നിരീക്ഷിക്കും. വിരൽ നക്കുന്നവർ സംഘരതിയിൽ അഭിനിവേശമുള്ളവരാണെന്നതിൽ പിന്നെ സംശയിക്കാനില്ല. വിരലിനോട് ഉദാസീനത കാണിക്കുന്നവരാകട്ടെ, വിലക്ഷണപ്രലോഭനങ്ങളോടു മുഖം തിരിച്ചവരുമായിരിക്കും. 

ഈ ‘തള്ളവിരൽ പരീക്ഷ’യിൽ സംഘരതിയുടെ ലക്ഷണം കണ്ട സ്ത്രീകളിൽ ഒരാൾക്ക് റൂബൻസിനോട് ശരിക്കും പ്രേമവുമായിരുന്നു. സുരതത്തിനു ശേഷം അവൾ അയാളുടെ തള്ളവിരൽ കടന്നുപിടിച്ച് അതിൽ ചുംബിക്കാൻ തുടങ്ങി; അതിനർത്ഥം: ഈ തള്ളവിരൽ പിന്നെയും തള്ളവിരലാകട്ടെ; ഇപ്പോൾ, എന്റെ ഭാവനകൾക്കെല്ലാം ശേഷം, ഇവിടെ നാം രണ്ടുപേർ മാത്രമാണ്‌.

ഒരു തള്ളവിരലിന്റെ രൂപാന്തരങ്ങൾ. അഥവാ, ജീവിതത്തിന്റെ ഡയലിനു മേൽ കൂടി നീങ്ങുന്ന സൂചികളുടെ ചലനം.

*

ഒരു പുൽത്തകിടി യാതനയുടെ പാടമല്ലാതൊന്നുമല്ല. പകിട്ടേറിയ ആ ഹരിതവിശാലതയിൽ ഓരോ നിമിഷവും ഏതെങ്കിലും ഒരു ജീവി മരിക്കുന്നുണ്ട്, പിടയ്ക്കുന്ന പുഴുക്കളെ ഉറുമ്പുകൾ ആഹാരമാക്കുന്നുണ്ട്, ഒരെലിയേയോ കീരിയേയോ റാഞ്ചിയെടുക്കാനായി പക്ഷികൾ ആകാശത്തു വട്ടം ചുറ്റുന്നുണ്ട്. അനക്കമില്ലാതെ പുല്പുറത്തു നില്ക്കുന്ന ആ കറുത്ത പൂച്ചയെ നിങ്ങൾ കാണുന്നില്ലേ? കൊല്ലാനുള്ള തക്കം പാർത്തു നില്ക്കുകയാണവളെന്നേയുള്ളു. പ്രകൃതിയോടുള്ള നിഷ്കളങ്കമായ ആദരവിനെ ഞാൻ വെറുക്കുന്നു. കടുവയുടെ വായിലകപ്പെട്ട പേടമാനിന്റെ കൊടുംഭീതി നിങ്ങളുടേതിനെക്കാൾ കുറവാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? തങ്ങളെപ്പോലെ വേദന തിന്നാനുള്ള കഴിവ് മൃഗങ്ങൾക്കില്ലെന്ന ചിന്ത മനുഷ്യർ മനഃപൂർവ്വം വളർത്തിയെടുത്തതാണ്‌: അതില്ലെങ്കിൽ, ഘോരവും ക്രൂരവുമായ പ്രകൃതിയുടെ ഒരു ലോകമാണ്‌ തങ്ങളെ വലയം ചെയ്തുനില്ക്കുന്നതെന്ന അറിവ് അവർക്കു താങ്ങാൻ പറ്റുമായിരുന്നില്ല.

(from Immortality)

പ്രശസ്ത ചിത്രകാരനായ സാൽവദോർ ദാലിയും ഭാര്യ ഗാലായും വാർദ്ധക്യത്തിൽ ഒരു മുയലിനെ ഓമനിച്ചു വളർത്തിയിരുന്നു. തങ്ങളുടെ കൂടെയാണ്‌ അവരതിനെ വളർത്തിയത്, അവർ എവിടെ പോയാലും അതു കൂടെ ചെല്ലും; അവർക്കതിനെ വളരെ കാര്യവുമായിരുന്നു. ഒരിക്കൽ, ഒരു ദീർഘയാത്രയ്ക്കു തയാറെടുക്കുമ്പോൾ, മുയലിനെ എന്തു ചെയ്യുമെന്ന് അവർ രാത്രി വളരെ വൈകും വരെ ഇരുന്നു ചർച്ച ചെയ്തു. അതിനെ കൂടെ കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌; അത്ര തന്നെ ബുദ്ധിമുട്ടാണ്‌, അതിനെ നോക്കാൻ മറ്റാരെയെങ്കിലും ഏല്പിക്കുന്നതും; കാരണം, പരിചയമില്ലാത്തവരെ കണ്ടാൽ മുയൽ സമ്മർദ്ദത്തിലാവും. അടുത്ത ദിവസം ഗാലാ ഉച്ചഭക്ഷണം തയാറാക്കി; ദാലി ആ ഒന്നാന്തരം ഭക്ഷണം രസിച്ചു കഴിക്കുകയും ചെയ്തു; അപ്പോഴാണ്‌ അദ്ദേഹം അറിയുന്നത് താൻ കഴിക്കുന്നത് മുയലിറച്ചിയാണെന്ന്. അദ്ദേഹം മേശയ്ക്കടുത്തു നിന്നെഴുന്നേറ്റ് കുളിമുറിയിലേക്കോടി താൻ ഓമനിച്ചു വളർത്തിയ ആ ജന്തുവിനെ, തന്റെ ക്ഷയകാലത്തെ വിശ്വസ്തസ്നേഹിതനെ ഛർദ്ദിച്ചുകളഞ്ഞു. നേരേ മറിച്ച് ഗാലാ നല്ല സന്തോഷത്തിലായിരുന്നു: താൻ സ്നേഹിച്ച ഒരുവൻ തന്റെ കുടലിലേക്കു കടന്നിരിക്കുന്നുവല്ലോ; അതിനെ ലാളിച്ചും കൊണ്ടവൻ തന്റെ കാമുകിയുടെ ഉടലാവുകയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം കമിതാവിനെ ഭക്ഷണമാക്കുക എന്നതിനേക്കാൾ പൂർണ്ണമായ ഒരു നിർവഹണം പ്രണയത്തിനുണ്ടാവുക വയ്യ. ഉടലുകളുടെ ആ വിലയനത്തോടു താരതമ്യം ചെയ്യുമ്പോൾ ലൈംഗികവേഴ്ച പരിഹാസ്യമായ ഒരിക്കിളിപ്പെടുത്തലായേ അവർക്കു തോന്നിയുള്ളു.
(മിലൻ കുന്ദേര - അനശ്വരത)

അഭിപ്രായങ്ങളൊന്നുമില്ല: