2023, ജൂലൈ 19, ബുധനാഴ്‌ച

ഒക്റ്റേവിയോ പാസ് -സൂര്യശില

 

പ്രേമിക്കുക എന്നാൽ പൊരുതുക എന്നുതന്നെ,
രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു,
തൃഷ്ണകൾക്കുടലു കിട്ടുന്നു, ചിന്തകൾക്കുടലു കിട്ടുന്നു,
അടിമയുടെ മുതുകത്തു ചിറകുകൾ മുളയ്ക്കുന്നു,
ലോകം യഥാർത്ഥവും തൊട്ടറിയാവുന്നതുമാവുന്നു,
വീഞ്ഞു വീഞ്ഞാവുന്നു, ജലം ജലമാവുന്നു,
അപ്പത്തിനതിന്റെ രുചി തിരിയെക്കിട്ടുന്നു,
പ്രേമിക്കുക എന്നാൽ പൊരുതുക എന്നു തന്നെ,
വാതിലുകൾ തട്ടിത്തുറക്കുക എന്നു തന്നെ,
മുഖമില്ലാത്തൊരു യജമാനന്റെ തുടലിലെ
നിത്യത്തടവിൽ നിന്നു വിടുതലാവുക എന്നു തന്നെ.
രണ്ടുപേർ അന്യോന്യം നോക്കുമ്പോൾ, കാണുമ്പോൾ
ലോകം മാറുന്നു,

പ്രേമിക്കുക എന്നാൽ പേരുകളുരിയുക എന്നു തന്നെ...
*

രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം പിറവിയെടുക്കുന്നു,

സുതാര്യമായ ചാറുകളിൽ നിന്നൊരു തുള്ളി വെളിച്ചം,
ഒരു കനിയെന്ന പോലെ പാതി തുറന്ന മുറി വെടിച്ചുകീറുന്നു,
അഥവാ ഒരു നക്ഷത്രം പോലെ നിശബ്ദം പൊട്ടിത്തെറിക്കുന്നു,
എലികൾ കരണ്ടു തിന്ന നിയമസംഹിതകൾ,
ബാങ്കുകളുടെയും ജയിലുകളുടെയും ഇരുമ്പഴികൾ,
കടലാസ്സു കൊണ്ടുള്ള അഴികൾ, മുള്ളുവേലികൾ,
റബ്ബർ സ്റ്റാമ്പുകൾ, കുത്തും തൊഴിയും,
യുദ്ധത്തെക്കുറിച്ചുള്ള മുഷിപ്പൻ ഗിരിപ്രഭാഷണങ്ങൾ,
തൊപ്പിയും ഗൌണും ധരിച്ച തേനോലുന്ന കരിന്തേൾ,
റെഡ് ക്രോസ്സിന്റെയും വെജിറ്റേറിയൻ സൊസൈറ്റിയുടെയും
ബോർഡ് ചെയർമാന്മാർ, ഹാറ്റണിഞ്ഞ കടുവ,
സ്കൂൾ മാഷെന്ന കഴുത, രാഷ്ട്രപിതാവ്,
രക്ഷകന്റെ രൂപമെടുത്ത മുതല, മുതലാളി, ചതിയൻ,
ഭാവിയുടെ വിധാതാവ്, യൂണിഫോമിട്ട പന്നി,
വിശുദ്ധജലത്തിൽ തന്റെ കറുത്ത വെപ്പുപല്ലുകൾ കഴുകുന്ന,
പൌരധർമ്മത്തിലും ഇംഗ്ളീഷ് സംഭാഷണത്തിലും ക്ളാസ്സെടുക്കുന്ന
സഭയുടെ പ്രിയപുത്രൻ, കണ്ണില്പെടാത്ത ചുമരുകൾ,
ഒരാളെ മറ്റൊരാളിൽ നിന്ന്,
ഒരാളെ തന്നിൽ നിന്നു തന്നെ വേർതിരിക്കുന്ന
പുഴുക്കുത്തേറ്റ മുഖംമൂടികൾ,
അവയൊക്കെപ്പൊടിഞ്ഞുവീഴുന്നു,
അതിവിപുലമായൊരു നിമിഷത്തിൽ,,
ഒരു മിന്നായം പോലപ്പോൾ നമുക്കു കണ്ണില്പെടുന്നു,
നമുക്കു കൈമോശം വന്ന ഏകത്വം,
ഏകാകിത എന്ന മനുഷ്യാവസ്ഥ,
നാമൊരുപോലെ വീതം വയ്ക്കുന്ന അപ്പവും സൂര്യനും മരണവും,
ജീവനോടിരിക്കുക എന്ന നാം മറന്ന വിസ്മയം...
*

ജനനം മുതൽ നിലയ്ക്കാത്ത പതനമായിരുന്നു എന്റെ ജീവിതം,
അടിത്തട്ടു തൊടാതെ എന്നിൽത്തന്നെ വീഴുകയായിരുന്നു ഞാൻ,
നിന്റെ കണ്ണുകളാലെന്നെ പെറുക്കിയെടുക്കുക,
എന്റെ ചിതറിയ പൊടി തടുത്തുകൂട്ടുക,
എന്റെ ഭസ്മം ചേർത്തുവയ്ക്കുക,
സന്ധികളിളകിയ ഈ അസ്ഥികൾ കൂട്ടിയിണക്കുക,
എന്റെ സത്തയ്ക്കു മേൽ കൂടി വീശുക,
നിന്റെ മണ്ണിനടിയിലെന്നെയടക്കുക,
തന്നോടു തന്നെ രോഷപ്പെടുന്ന ചിന്തയ്ക്ക്
നിന്റെ മൗനം ശമം നല്കട്ടെ:

*
നിന്റെയുടലിൽ ഞാൻ യാത്ര പോകുന്നു, ലോകത്തിലൂടെന്നപോലെ,
നിന്റെയുദരം, വെയിലിൽ കുളിച്ച നഗരഹൃദയം,
നിന്റെ മുലകൾ, രണ്ടു ദേവാലയങ്ങൾ,
അവിടെ നടക്കുന്നു ചോരയുടെ സ്വന്തം സമാന്തരാനുഷ്ഠാനങ്ങൾ
എന്റെ നോട്ടങ്ങൾ നിന്നെപ്പൊതിയുന്നു, ഒരു വള്ളിച്ചെടിയെന്നപോലെ,
കടൽത്തിരകൾ പ്രഹരിക്കുന്ന നഗരം നീ,
പീച്ചുനിറത്തിലിരുപാതികളായി വെളിച്ചം വെട്ടിപ്പിളർന്ന ദുർഗ്ഗഭിത്തി നീ,
നട്ടുച്ചയുടെ നിശിതശാസനത്തിൻ കീഴിൽ
ഉപ്പിന്റെ, പാറയുടെ, കിളികളുടെ ദേശം നീ...
*

കല്ലിന്റെയും വെടിയുപ്പിന്റെയും ഒരപരാഹ്നത്തിൽ
അദൃശ്യമായ കത്തിമുനകൾ നാരായങ്ങളാക്കി
അവ്യക്തമായൊരു ശോണലിപി
എന്റെ ചർമ്മത്തിന്മേൽ നീയെഴുതി,
മുറിവുകളെന്നെ ഒരഗ്നിവസ്ത്രമുടുപ്പിച്ചു,
അന്തമില്ലാതെ ഞാനെരിഞ്ഞു,
വെള്ളത്തിനായി ഞാൻ തിരഞ്ഞു,
നിന്റെ കണ്ണുകളിൽ വെള്ളമില്ലായിരുന്നു,
അവ കല്ലുകളായിരുന്നു,
നിന്റെ മുലകൾ, നിന്റെ നാഭി, നിന്റെ ജഘനം,
എല്ലാം കല്ലുകളായിരുന്നു,
നിന്റെ വായയ്ക്കു പൊടിമണ്ണിന്റെ ചുവയായിരുന്നു,
നിന്റെ വായയ്ക്കു വിഷം തീണ്ട കാലത്തിന്റെ ചുവയായിരുന്നു,
നിന്റെയുടലിനു മൂടിയിട്ട കിണറിന്റെ ചുവയായിരുന്നു...
*
എനിക്കു മുന്നിൽ ഒന്നുമില്ല,
ഇണ ചേർന്ന സ്വപ്നബിംബങ്ങളിൽ നിന്നു വീണ്ടെടുത്ത
ഒരു നിമിഷം മാത്രം,
പുറത്തു കാലം കുളമ്പടിച്ചു കുതിക്കുമ്പോൾ,
രക്തപങ്കിലമായ സമയപ്പട്ടികയുമായി
ലോകമെന്റെ ആത്മാവിലാഞ്ഞിടിക്കുമ്പോൾ,
സ്വപ്നത്തിൽ നിന്നു ചെത്തിയെടുത്ത,
ഈ രാത്രിയുടെ ശൂന്യതയിൽ നിന്നു ചീന്തിയെടുത്ത,
കൈകളൊന്നൊന്നായി പെറുക്കിയെടുത്ത
ഒരു നിമിഷം മാത്രം,
നഗരങ്ങളും പേരുകളും രുചികളും ജീവനോടുള്ള സർവ്വതും
എന്റെ തലയോട്ടിക്കുള്ളിൽ തകർന്നടിയുമ്പോൾ,
രാത്രിയിലെ ദുഃഖങ്ങൾ എന്റെ ചിന്തകളിലമർന്ന്
എന്റെ നട്ടെല്ലിനെ ഞെരുക്കുമ്പോൾ,
എന്റെ ചോരയൊഴുക്കൊന്നു മന്ദമാവുമ്പോൾ,
എന്റെ പല്ലുകളാടുമ്പോൾ,
എന്റെ കണ്ണുകളിൽ പാട കെട്ടുമ്പോൾ,
നാളുകളും കൊല്ലങ്ങളും
അവയുടെ പൊള്ളയായ ഭീതികൾ കൂമ്പാരം കൂട്ടുമ്പോൾ,
കാലമതിന്റെ വിശറി ചുരുക്കുമ്പോൾ,
അതിലെ ചിത്രങ്ങൾക്കു പിന്നിൽ ഒന്നുമില്ലെന്നു വരുമ്പോൾ,
ആ നിമിഷം അതിലേക്കു തന്നെ വീഴുന്നു,
മരണത്താൽ വലയിതമായി അതു പൊന്തിയൊഴുകുന്നു,
*

കാലമിങ്ങനെ കടന്നുപോകെ യാതൊന്നും സംഭവിക്കുന്നില്ലേ?
-യാതൊന്നും സംഭവിക്കുന്നില്ല,
സൂര്യന്റെ ഒരിമ വെട്ടലല്ലാതൊന്നുമില്ല,
ഒരു ചലനം മാത്രം,
ഒരു വീണ്ടെടുക്കലുമില്ല,
കാലത്തിനൊരിക്കലും തിരിച്ചുപോകാനാവില്ല,
മരിച്ചവർ എന്നെന്നേക്കുമായി മരണത്തിൽ തറഞ്ഞിരിക്കുന്നു,
ഇനിയൊരു മരണം മരിക്കാനവർക്കു കഴിയില്ല,
അസ്പൃശ്യരാണവർ,
ഒരു ചേഷ്ടയിൽ ഉറഞ്ഞുനില്ക്കുകയാണവർ,
തങ്ങളുടെ ഏകാന്തതയിൽ നിന്ന്,
തങ്ങളുടെ മരണത്തിൽ നിന്ന്
അവർ നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു,
നിസ്സഹായരായി, കണ്ണുകളില്ലാതെ,
അവരുടെ മരണമിപ്പോൾ
അവരുടെ ജീവിതത്തിന്റെ പ്രതിമയായിരിക്കുന്നു,
നിത്യശൂന്യതയായ നിത്യസത്ത,
ഓരോ നിമിഷവും നിത്യമായ ശൂന്യത,
നിങ്ങളുടെ ഹൃദയമിടിപ്പിനെയും
നിങ്ങളുടെ അവസാനത്തെ മുഖഭാവത്തെയും ഭരിക്കുന്നത്
ഒരു പ്രേതരാജാവത്രെ,
നിങ്ങളുടെ മാറുന്ന മുഖത്തിനു മേൽ
ഒരു കല്ലിച്ച മുഖംമൂടി രൂപപ്പെടുന്നു:
ഒരു ജീവിതത്തിന്റെ സ്മാരകമാണു നാം,
ജീവിക്കാത്ത, അന്യമായ, നമ്മുടേതല്ലാത്ത ഒരു ജീവിതത്തിന്റെ,
-ജീവിതം എന്നെങ്കിലും ശരിക്കും നമ്മുടേതായിരുന്നോ?
നാമെന്നെങ്കിലും നാം തന്നെയായിരുന്നോ?
*

മാഡ്രിഡ്, 1937
പ്ളാസാ ദെൽ ഏൻജലിൽ കുട്ടികളുമൊത്തിരുന്നു തുന്നുകയായിരുന്നു സ്ത്രീകൾ ,
അവര് പാടുകയുമായിരുന്നു .
അപ്പോൾ:
സൈറനുകളുടെ നിലവിളികൾ, ആക്രന്ദനങ്ങൾ,
വീടുകൾ പൊടിമണ്ണിൽ മുട്ടിടിച്ചു വീഴുന്നു,
മേടകൾ വിണ്ടുകീറുന്നു, മുഖപ്പുകൾ ചിതറുന്നു,
എഞ്ചിനുകളുടെ പ്രചണ്ഡമായ ഇരമ്പവും:
ഇരുവരപ്പോൾ വസ്ത്രങ്ങളുരിഞ്ഞുമാറ്റുന്നു, അവർ പുണരുന്നു,
നിത്യതയിൽ നമ്മുടെ ആളോഹരി കൈവശമാക്കാൻ,
സ്വർഗ്ഗത്തിലും കാലത്തിലും നമുക്കുള്ള വിഹിതത്തെ പ്രതിരോധിക്കാൻ,
നമ്മുടെ വേരുകളെ സ്പർശിക്കാൻ, നമ്മെ രക്ഷപ്പെടുത്താൻ,
നൂറ്റാണ്ടുകൾക്കു മുമ്പു നമ്മുടെ ജീവിതം കട്ടവരിൽ നിന്ന്
നമ്മുടെ പൈതൃകം പിടിച്ചു വാങ്ങാൻ,
രണ്ടു പേർ വിവസ്ത്രരാവുന്നു, അവർ ചുംബിക്കുന്നു,
തമ്മില്പിണഞ്ഞ നഗ്നമായ രണ്ടുടലുകൾക്കാവുമല്ലോ
കാലത്തിനു മേൽ കുതി കൊള്ളാൻ,
യാതൊന്നുമവരെ ബാധിക്കുന്നില്ല,
യാതൊന്നുമവരെ സ്പർശിക്കുന്നില്ല,
ഉറവിലേക്കവർ മടങ്ങുന്നു,
അവരിൽ നീയില്ല, ഞാനില്ല, നാളെയില്ല,
ഇന്നലെയില്ല, പേരുകളില്ല,
രണ്ടു നേരുകൾ ഒരേയുടലിൽ, ഒരേയാത്മാവിൽ,
ഹാ, സത്തയുടെ പൂർണ്ണതേ...
\
പ്ളാസാ ദെൽ ഏൻജെൽ - മാഡ്രിഡ് നഗരത്തിന്റെ മദ്ധ്യഭാഗത്തുള്ള ചത്വരം
സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് 1936 മുതൽ 38 വരെ ഫ്രാങ്കോയുടെ സേന നഗരം വളഞ്ഞിരുന്നു.
(സൂര്യശിലയിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: