2023, സെപ്റ്റംബർ 3, ഞായറാഴ്‌ച

ചെക്കോവ് - ഒരു കത്ത്

 ചെക്കോവ് 1889 മേയ് 4ന്‌ എ.എസ്.സുവോറിനെഴുതിയ കത്തിൽ നിന്ന്

...പ്രകൃതി ഒന്നാന്തരമൊരു മയക്കുമരുന്നാണ്‌. അത് സാന്ത്വനം നല്കുന്നു- എന്നു പറഞ്ഞാൽ അത് നിങ്ങളെ നിസ്സംഗനാക്കുന്നു.. ഈ ലോകത്ത് നിസ്സംഗനാവുക എന്നത് അത്യാവശ്യവുമാണ്‌. നിസ്സംഗരായവർക്കേ കാര്യങ്ങൾ വ്യക്തമായി കാണാൻ, നീതിപൂർവ്വകമാവാൻ, പണിയെടുക്കാൻ കഴിയുകയുള്ളു. തീർച്ചയായും ബുദ്ധിയും വിവേകവും ഉള്ളവരുടെ കാര്യമാണ്‌ ഞാൻ പറയുന്നത്‘ ഉള്ളു പൊള്ളയായവരും തൻകാര്യം നോക്കികളും അല്ലെങ്കിൽത്തന്നെ നിസ്സംഗരാണല്ലോ.
എനിക്കു മടി കൂടിയിരിക്കുന്നു എന്നാണ്‌ താൻ പറയുന്നത്. അതിനർത്ഥം മുമ്പത്തേതിലും എനിക്കു മടി പിടിച്ചിരിക്കുന്നു എന്നല്ല. മൂന്നോ അഞ്ചോ കൊല്ലം മുമ്പു ചെയ്തത്രയും ജോലി ഇപ്പോഴും ഞാൻ ചെയ്യുന്നുണ്ട്. എന്റെ ജോലിസമയം വച്ചു നോക്കിയാൽ ഞാനൊരു സർക്കാർ ഗുമസ്തനെപ്പോലെയുണ്ടാകും. എന്റെ ജോലിയിൽ നിന്ന് പ്രതിമാസം രണ്ടു നോവലുകളോ പതിനായിരത്തിന്റെ വരുമാനമോ ഉണ്ടാകുന്നില്ലെങ്കിൽ അതിനു പഴിക്കേണ്ടത് എന്റെ മടിയെ അല്ല, എന്റെ അടിസ്ഥാനപരമായ മാനസികപ്രത്യേകതകളെയാണ്‌. ഡോക്ടർപണിയിൽ വിജയിക്കാനും മാത്രം ഞാൻ പണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല; സാഹിത്യത്തിലാവട്ടെ, അതിനോടൊരാവേശമോ അതിനുള്ള ഒരു സിദ്ധിയോ എനിക്കില്ലതാനും. എന്നിൽ തീയെരിയുന്നത് സാവധാനവും ഒരേ കണക്കിനുമാണ്‌; പെട്ടെന്നു കത്തിപ്പിടിക്കുകയോ ആളിപ്പടരുകയോ ഒന്നും എന്റെ കാര്യത്തിലില്ല. ഒറ്റ രാത്രി കൊണ്ട് മൂന്നോ നാലോ കഥയെഴുതാൻ എനിക്കു പറ്റാത്തത് അതുകൊണ്ടാണ്‌; അതുകൊണ്ടാണ്‌ ഉറക്കം വന്നാൽ പോയിക്കിടക്കാതിരിക്കാനും മാത്രം എഴുത്തിൽ മുഴുകാൻ എനിക്കു കഴിയാത്തതും. അതുകൊണ്ടാണ്‌ എടുത്തുപറയത്തക്ക മൂഢതകളൊന്നും ഞാൻ ചെയ്യാത്തത്, വിവേകപൂർവ്വമെന്നെടുത്തുപറയാവുന്നതൊന്നും എന്നിൽ നിന്നു വരാത്തതും.
ഇക്കാര്യത്തിൽ ഞാൻ ഗൊഞ്ചാറോവിനു* സദൃശനാണെന്നു പറയേണ്ടിവരുന്നു; എനിക്കയാളെ ഇഷ്ടമല്ല, കഴിവിന്റെ കാര്യത്തിൽ എന്നെക്കാൾ പത്തു തലപ്പൊക്കം ഉയരത്തിലുമാണയാൾ. എഴുത്തിനോട് മതിയായത്ര വൈകാരികാവേശം എനിക്കില്ല; അതിന്റെകൂടെ ഇങ്ങനത്തെ ഭ്രാന്തു കൂടി കൂട്ടുക: കഴിഞ്ഞ രണ്ടു കൊല്ലമായി യാതൊരു കാരണവും പറയാനില്ലാതെ എന്റെ സൃഷ്ടികൾ അച്ചടിച്ചുവരുന്നതിന്റെ കാര്യത്തിൽ എനിക്ക് ഒരു ശ്രദ്ധയുമില്ലാതായിരിക്കുന്നു, നിരൂപണങ്ങളോട്, സാഹിത്യസല്ലാപങ്ങളോട്, പരദൂഷണങ്ങളോട്, വിജയപരാജയങ്ങളോട്, നല്ല പ്രതിഫലത്തോട് ഞാൻ ഉദാസീനനായിരിക്കുന്നു- ചുരുക്കത്തിൽ പച്ചയ്ക്കൊരു പൊട്ടനായിരിക്കുന്നു ഞാൻ. എന്റെ ആത്മാവിലെന്തോ കെട്ടിക്കിടക്കൽ നടന്നിരിക്കുന്നു. എന്റെ വ്യക്തിജീവിതത്തിലെ കെട്ടിക്കിടക്കൽ കൊണ്ട് എനിക്കതു വിശദീകരിക്കാം. ഞാൻ ഹതാശനല്ല, ഞാൻ ക്ഷീണിതനല്ല, ഞാൻ വിഷാദവാനല്ല; എന്തോ പെട്ടെന്നെല്ലാറ്റിലും താല്പര്യം നഷ്ടപ്പെട്ടപോലെ. എന്നെ കുലുക്കിയുണർത്താൻ ഞാൻ എന്തെങ്കിലും ചെയ്യണം.
*
**Ivan Goncharov- ‘ഒബ്ലോമോവ്’ എന്ന നോവലിലൂടെ പ്രസിദ്ധനായ റഷ്യൻ എഴുത്തുകാരൻ; ചെക്കോവിന്‌ ആ നോവൽ അത്ര ഇഷ്ടമായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: