2025, ജനുവരി 28, ചൊവ്വാഴ്ച

ബോർഹസ്- സമകാലികവും ആധുനികവും

 ചോദ്യം: താങ്കളെ ആകർഷിച്ച അല്ലെങ്കിൽ താങ്കൾക്കടുപ്പം തോന്നുന്ന ഏതെങ്കിലും സമകാലികരായ എഴുത്തുകാർ ഉണ്ടോ?

ബോർഹസ്: സമകാലികരായ എഴുത്തുകാരെക്കുറിച്ചു പറയാൻ പറഞ്ഞാൽ എന്റെ ചിന്തയിൽ വരിക സർ തോമസ് ബ്രൗൺ, സ്പിനോസ, തോമസ് ഡി ക്വിൻസി, എമേഴ്സൺ, പിന്നെ, തീർച്ചയായും ഷോപ്പൻഹോവർ ഇവരൊക്കെയായിരിക്കും. ഏൻജെലസ് സിലേഷ്യസ്, ഫ്ലാബേർ ഇവരും ആകാം. ഞാൻ ഇവിടെ എസ്ര പൗണ്ട് പറഞ്ഞിട്ടുള്ളത് ആവർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. അദ്ദേഹം പറഞ്ഞു “എല്ലാ കലയും സമകാലികമാണ്‌.” അദ്ദേഹം പറഞ്ഞതു ശരിയാണെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കിടുന്നു എന്ന വസ്തുത ഒന്നുകൊണ്ടുമാത്രം എങ്ങനെയാണൊരാൾ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയ മറ്റൊരാളെക്കാൾ എനിക്കു പ്രാധാന്യമുള്ളതാണെന്നു പറയുക? ഞാൻ ഒരാളെ വായിക്കുന്നെങ്കിൽ ആ എഴുത്തുകാരൻ സമകാലികനാണ്‌- അതായത്, അയാൾ വർത്തമാനകാലത്തുള്ളതാണ്‌. അതിനാൽ “ആധുനികം,” എന്ന വാക്കിന്‌ വലിയ വിലയൊന്നും കല്പിക്കാനില്ല; “സമകാലികം” എന്ന വാക്കാകട്ടെ, “ആധുനിക”ത്തിന്റെ വെറുമൊരു പര്യായവും. രണ്ടും നിരർത്ഥകമാണെന്ന് എനിക്കു തോന്നുന്നു.


(പട്രീഷ്യ മാർക്സ്, ജോൺ സിമോൺ എന്നിവർ ബോർഹസ്സുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ നിന്ന്)

അലെഹാന്ദ്ര പിസാർനിക്ക് - ഡയറി

 പൊള്ളയായ സന്തോഷം. പകലു മുഴുവൻ കവിതകൾ വായിച്ചു കിടന്നു. അധികനേരം ചെലവഴിക്കാതെയും കല്പിച്ചുകൂട്ടിയും ടെൿനിക് പഠിക്കാനുള്ള ശ്രമം. ചില സമയത്ത് കുട്ടികളെയോർത്ത് നഷ്ടബോധം തോന്നും; അവർക്കെല്ലാം കളിയാണല്ലോ. എന്റെ കാര്യത്തിൽ, കവിത വായിക്കുന്നത് ജോലിയാണ്‌, കഠിനാദ്ധ്വാനം. അന്യരുടെ വാക്കുകളിലും മാനസികവ്യാപാരങ്ങളിലും ശ്രദ്ധ കൊടുക്കാൻ ശ്രമിക്കുന്നത് എന്നോടുതന്നെയുള്ള ഒരു യുദ്ധമാണ്‌. ഇന്നു രണ്ടു കവിതകൾ ചെയ്തു. ഇന്നലെ വേറേ രണ്ടും. ഞാനൊരിക്കലും ഒരു നോവൽ എഴുതാൻ പോകുന്നില്ല എന്നാണ്‌ എന്റെ വിചാരം; കാരണം, ഒരുപാടു പേജുകളിൽ പറയാനായി എനിക്കൊന്നുമില്ല. ഇനി, പറയാൻ എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ, ഇല്ലില്ല, എനിക്കു പറയാനൊന്നുമില്ല.


മറ്റൊരു കാര്യം: എനിക്ക് ഏറ്റവും വലിയ സന്തോഷം, അല്ലെങ്കിൽ മന:സുഖം കിട്ടുന്നത് ഇന്നത്തെപ്പോലെയുള്ള ദിവസങ്ങളിലാണ്‌: വായിച്ചും എഴുതിയും. മറ്റെല്ലാം, സിനിമയ്ക്കു പോകുന്നതുപോലും, ആളുകളെ കാണുന്നതുപോലും അസഹ്യമായ ഒരു യാതനയാണ്‌. ഞാനൊരു മനഃശാസ്ത്രജ്ഞനെ കാണാൻ പോകണമെന്നു തോന്നുന്നു; ഞാൻ എന്നെത്തന്നെ ഒളിപ്പിക്കുകയാണെന്നതിൽ സംശയമില്ല. കവിത വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു യന്ത്രമായി മാറിയാൽ ഒരു മനുഷ്യജീവിയ്ക്ക് സന്തോഷമുണ്ടാകാൻ പോകുന്നില്ല. ഇതൊഴിച്ചാൽ ഇന്നത്തെ ദിവസം ഒരു ദീർഘനിശ്ശബ്ദതയായിരുന്നു; എന്നെപ്പോലും എനിക്കു കേൾക്കാനില്ലായിരുന്നു. അത്രയും അടങ്ങിയതായിരുന്നു, തന്നിൽത്തന്നെ നിമഗ്നയായിരുന്നു, ഏകാഗ്രചിത്തയായിരുന്നു ഞാൻ, കൗതുകം തോന്നിക്കുന്ന ഒരു കുഞ്ഞുജീവിയെപ്പോലെ. രണ്ടോ മൂന്നോ പേടികളേ ഇടിച്ചുകയറിവന്നുള്ളു; അവ പക്ഷേ, വന്നതും ഇറങ്ങിപ്പോവുകയും ചെയ്തു. ജീവിതത്തിനുള്ള നൈപുണ്യമില്ലായ്മ എനിക്കല്ലാതെ മറ്റാർക്കുമില്ല എന്നെനിക്കു തോന്നുന്നു. ഒരുൾപ്രേരണയുമില്ല. ഇവിടെ, പാരീസിൽ വച്ച്, മടുപ്പ് ഞാനറിഞ്ഞു, ഏറ്റവും ഭയാനകമായതൊന്ന്. ടാപ്പിൽ നിന്ന് വെള്ളം തുള്ളിയിറ്റുന്നപോലെയാണത്. ടാപ്പ് ഞാൻ, വെള്ളവും ഞാൻ.


( 1960 ജൂലൈ 9ന്‌ ഡയറിയിൽ എഴുതിയത്)

റ്റി.എസ്. എലിയട്ട് - കവിയും വായനക്കാരനും

 (വായനക്കാരന്റെ) താല്പര്യത്തെ കവിയിൽ നിന്ന് കവിതയിലേക്കു തിരിച്ചുവിടുന്നത് അഭിനന്ദനീയമായ ഒരു ലക്ഷ്യമാണ്‌; എന്തെന്നാൽ, വാസ്തവത്തിലുള്ള കവിതയുടെ (നല്ലതും ചീത്തയും) കൂടുതൽ നീതിയുക്തമായ വിലയിരുത്തലിനു കാരണമാകുമത്. കവിതയിൽ ആത്മാർത്ഥമായ വികാരത്തിന്റെ ആവിഷ്കരണം ആസ്വദിക്കുന്ന അനേകം പേരുണ്ട്; സാങ്കേതികമായ മേന്മ ആസ്വദിക്കുന്ന കുറച്ചുപേരുമുണ്ട്. എന്നാൽ, ‘സാർത്ഥകമായ’ വികാരത്തിന്റെ ആവിഷ്കരണം, കവിയുടെ ചരിത്രത്തിലല്ലാതെ കവിതയിൽ ജീവനുള്ള വികാരത്തിന്റെ ആവിഷ്കരണം, തിരിച്ചറിയുന്നവരായി വളരെക്കുറച്ചുപേരേയുള്ളു. കലയിൽ വികാരം വ്യക്തിപരമല്ല. ആ വ്യക്ത്യതീതത്വത്തിലേക്കെത്തണമെങ്കിൽ കവിയ്ക്ക് താൻ സൃഷ്ടിക്കാൻ പോകുന്ന കൃതിയ്ക്കു സ്വയം കീഴടങ്ങാതെ പറ്റുകയുമില്ല. താൻ എന്താണു ചെയ്യേണ്ടതെന്ന് അയാൾ അറിയാനും പോകുന്നില്ല, വർത്തമാനകാലത്തിൽ മാത്രമല്ല, ഭൂതകാലത്തിന്റെ വർത്തമാനനിമിഷത്തിലും അയാൾ ജീവിക്കുന്നില്ലെങ്കിൽ, മരിച്ചുകഴിഞ്ഞതിനെക്കുറിച്ചല്ല, ജീവിച്ചിരിക്കുന്നതിനെക്കുറിച്ചയാൾ ബോധവാനല്ലെങ്കിൽ.


(from Tradition and Individual Talent)

ആർതർ റിംബോ- പ്രണയത്തിന്റെ മരുഭൂമി


ആമുഖം

———-

ഇന്നിടത്തെന്നില്ലാതെ ജീവിതം ചുരുളഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ, ചെറുപ്പത്തിലേക്കു കടന്ന ഒരാളിന്റെ രചനയാണിത്; അയാൾക്കമ്മയില്ല, നാടില്ല, ശ്രദ്ധ വേണ്ടതൊന്നിലും ശ്രദ്ധയില്ല; ശോച്യജീവിതം നയിക്കുന്ന മറ്റനേകം ചെറുപ്പക്കാരെപ്പോലെ സദാചാരത്തിന്റെ പിടിയിൽ പെടാതെ അയാൾ ഒഴിഞ്ഞുമാറി നടന്നു. പക്ഷേ അത്രയ്ക്കു ലക്ഷ്യബോധമില്ലാത്തവനായിരുന്നു, അത്രയ്ക്കസ്വസ്ഥമനസ്സായിരുന്നു താനെന്നതിനാൽ ഭീതിദവും മാരകവുമായൊരു മാനക്കേടാണതെന്നപോലെ മരണത്തിലേക്കയാൾ തന്റെ കാലടികളെ നയിച്ചു. ഒരു സ്ത്രീയെപ്പോലും സ്നേഹിച്ചിട്ടില്ലെന്നതിനാൽ-ചോരത്തിളപ്പുണ്ടായിട്ടുകൂടി!- അയാളുടെ ഹൃദയവും അയാളുടെ ആത്മാവും അയാളുടെ സർവബലവും വിചിത്രവും ദാരുണവുമായ മാർഗ്ഗഭ്രംശങ്ങൾക്കിരയാവുകയായിരുന്നു. താഴെ കൊടുത്തിരിക്കുന്ന സ്വപ്നങ്ങൾ- അയാളുടെ പ്രണയങ്ങൾ!- കിടക്കയിലോ തെരുവുകളിലോ വച്ച് അയാൾ കണ്ടവയാണ്‌; മതപരമായ ധ്വനികൾ നിങ്ങൾക്കവയിൽ കേൾക്കാനായെന്നു വന്നേക്കാം. ഇതിഹാസപ്രസിദ്ധരായ മുഹമ്മദരുടെ*- ധീരരും അഗ്രചർമ്മം ഛേദിച്ചവരും!- ദീർഘനിദ്ര നിങ്ങൾക്കോർമ്മ വന്നേക്കാം. എന്നാൽ അയാളനുഭവിച്ച അസാധാരണമായ യാതന നമ്മെ അസ്വസ്ഥരാക്കും വിധം യഥാർത്ഥമായിരുന്നു; ഈ ആത്മാവ്, മരണത്തിനു ദാഹിച്ചുകൊണ്ടെന്നപോലെ നമുക്കിടയിൽ അലഞ്ഞുനടക്കുന്ന ഈ ആത്മാവ്, മരണമുഹൂർത്തത്തിൽ യഥാർത്ഥസാന്ത്വനം കണ്ടെത്തുമെന്നും സ്വന്തം യോഗ്യത തെളിയിക്കുമെന്നും ആത്മാർത്ഥമായി നാം ആശിക്കുക.

എ. റിംബോ


I

ഇതതേ നാട്ടുമ്പുറം തന്നെ. എന്റെ അമ്മയച്ഛന്മാർ താമസിച്ചിരുന്ന അതേ കളപ്പുര. സിംഹരൂപങ്ങളും കുലചിഹ്നങ്ങളും വാതിലുകൾക്കു മേൽ ഗ്രാമീണജീവിതത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളുമായി അതേ സ്വീകരണമുറി; മെഴുകുതിരികളും വൈൻകുപ്പികളും കാലപ്പഴക്കം ചെന്ന മരച്ചുമരുകളുമായി ഒരു തീൻമുറി. തീന്മേശ വളരെ വലുതായിരുന്നു. വേലക്കാർ!- എന്റെ ഓർമ്മ ശരിയാണെങ്കിൽ അവർ വളരെയധികമുണ്ടായിരുന്നു. എന്റെയൊരു പഴയ കൂട്ടുകാരനെയും ഞാൻ ഓർക്കുന്നു: ഒരു പുരോഹിതൻ, പുരോഹിതന്റെ വേഷം ധരിച്ചവൻ; അതവനു കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ വേണ്ടിയാണത്രെ. കടുംചുവപ്പു നിറമായ അയാളുടെ മുറി ഞാൻ ഓർക്കുന്നു; മഞ്ഞക്കടലാസ്സു പതിച്ച ജനൽപാളികൾ, കടലുപ്പു ചുവയ്ക്കുന്ന പുസ്തകങ്ങളുടെ രഹസ്യശേഖരം!


നാട്ടുമ്പുറത്തെ ആ അന്തമറ്റ വീട്ടിൽ പരിത്യക്തനായി ഞാൻ വളർന്നു: അടുക്കളയിലിരുന്നു ഞാൻ വായിച്ചു; സ്വീകരണമുറിയിലിരുന്നു സല്ലപിക്കുന്ന വിരുന്നുകാർക്കു മുന്നിൽ വച്ച് എന്റെ ഉടുപ്പിലെ ചെളി ഞാൻ തട്ടിക്കളഞ്ഞു; കാലത്തു പാലിന്റെയും രാത്രിയിൽ പോയ നൂറ്റാണ്ടിന്റെയും മർമ്മരം കേട്ടെന്റെ മനസ്സിളകി.


ആകെ ഇരുട്ടു പിടിച്ച ഒരു മുറിയിലായിരുന്നു ഞാൻ: അവിടെ ഞാൻ എന്തു ചെയ്യുകയായിരുന്നു? ഒരു വേലക്കാരി എന്റെ അരികിൽ വന്നു. അവളൊരു നായ്ക്കുട്ടിയായിരുന്നു എന്നു ഞാൻ പറയാം: സുന്ദരിയായിരുന്നു അവളെങ്കിലും; മാതൃത്വത്തിന്റെ അവാച്യമായ കുലീനതയായിരുന്നു- നിർമ്മലം, പരിചിതം, അതീവവശ്യം!- എനിക്കവളെങ്കിലും. അവൾ എന്റെ കൈത്തണ്ടയിൽ നുള്ളി.


എനിക്കിപ്പോൾ അവളുടെ മുഖം പോലും ഓർമ്മ വരുന്നില്ല: രണ്ടു വിരൽ കൊണ്ടു ഞാൻ തിരുപ്പിടിച്ച അവളുടെ കൈയെനിക്കോർമ്മയില്ല; എന്തോ തേടിയുഴറി പിന്നെയും പിന്നെയും പൂഴിമണ്ണു നക്കിത്തുടയ്ക്കുന്നൊരു കുഞ്ഞുതിര പോലെ എന്റെ ചുണ്ടുകൾ പതിഞ്ഞ ചുണ്ടുകളും എനിക്കോർമ്മയില്ല. ഒരിരുണ്ട കോണിൽ കൂട്ടിയിട്ടിരുന്ന മെത്തകൾക്കും വഞ്ചിപ്പായകൾക്കും മേൽ അവളെ ഞാൻ മറിച്ചിട്ടു. ഇപ്പോൾ എനിക്കോർമ്മയുള്ളത് അവളുടെ നേർത്ത അടിവസ്ത്രത്തിന്റെ വെളുപ്പു മാത്രം.- പിന്നെ ചുമരുകൾ സാവധാനം മരങ്ങൾ വീഴ്ത്തുന്ന നിഴലുകളായി, രാത്രിയുടെ ആർദ്രവിഷാദത്തിൽ ഞാൻ മുങ്ങിത്താഴ്ന്നു.


II

ഇത്തവണ അത് നഗരത്തിൽ വച്ചു ഞാൻ കണ്ട സ്ത്രീയാണ്‌- ഞാൻ മിണ്ടിയവൾ, എന്നോടു മിണ്ടിയവൾ.

ഞാൻ വെളിച്ചമില്ലാത്ത ഒരു മുറിയിലായിരുന്നു. അവൾ വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവളെ ഞാൻ എന്റെ കിടക്കയിൽ കണ്ടു, എന്റേതു മാത്രമായി, വെളിച്ചമില്ലാതെയും! ഞാനാകെ വികാരഭരിതനായി: എന്റെ കുടുംബവീട്ടിലാണല്ലോ ഇതു നടക്കുന്നത് എന്നതിനാൽ; പിന്നെ ഞാൻ വിഷാദഭരിതനുമായി: ഞാൻ കീറത്തുണി ധരിച്ചവനായിരുന്നു; അവൾ, ലോകപരിചയമുള്ള ഒരു സ്ത്രീ, എനിക്കു സ്വയം സമർപ്പിക്കുകയായിരുന്നു. പക്ഷേ അവൾക്കു പോകണം! വാക്കുകൾക്കതീതമായ ഒരു മനോവേദന! ഞാൻ അവളെ പിടിച്ചുവലിച്ചു; പൂർണ്ണനഗ്നയായി അവൾ കിടക്കയിൽ നിന്നു വീണു; എന്തെന്നറിയാത്തൊരു തളർച്ചയോടെ ഞാൻ അവൾക്കു മേൽ വീണ്‌ ആ ഇരുട്ടിൽ പരവതാനികൾക്കു മുകളിലൂടെ അവളെ വലിച്ചിഴച്ചു. കുടുംബവിളക്കിന്റെ വെളിച്ചം അടുത്ത മുറികളെ ഒന്നൊന്നായി തിളക്കിയിരുന്നു. പിന്നെ അവൾ അപ്രത്യക്ഷയായി. ദൈവം എന്നോടു ചോദിച്ചിരിക്കാവുന്നതിലുമധികം കണ്ണീരു ഞാനൊഴുക്കി.


അതിരില്ലാത്ത നഗരത്തിലേക്കു ഞാൻ ഇറങ്ങിപ്പോയി. തളർച്ച! ബധിരമായ രാത്രിയിൽ, ആഹ്ളാദത്തിൽ നിന്നുള്ള പലായനത്തിൽ ഞാൻ മുങ്ങിത്താണു. ലോകത്തെ ഞെക്കിക്കൊല്ലാനും മാത്രം മഞ്ഞു പെയ്യുന്ന ഒരു ഹേമന്തരാത്രി പോലെ. “അവൾ എവിടെപ്പോയി?” എന്റെ ചങ്ങാതിമാരോടു ഞാൻ വിളിച്ചുചോദിച്ചു; നുണകൾ കൊണ്ടാണ്‌ അവർ മറുപടി തന്നത്. എന്നും രാത്രിയിൽ അവൾ കയറിപ്പോകുന്ന കെട്ടിടത്തിന്റെ ജനാലകൾക്കു മുന്നിൽ ഞാൻ ചെന്നു. മഞ്ഞു മൂടിയ ഉദ്യാനത്തിലൂടെ ഞാനോടി. അവരെന്നെ ആട്ടിപ്പായിച്ചു. ഇതെല്ലാമോർത്ത് നിയന്ത്രണം വിട്ടു ഞാൻ കരഞ്ഞു. ഒടുവിൽ പൊടി മൂടിയ ഒരിടത്തു ഞാൻ ചെന്നു; മരച്ചട്ടം പോലൊന്നിൽ ഞാൻ ചെന്നിരുന്നു; ആ രാത്രി മുഴുവൻ എന്റെ ഉടലിലുള്ള കണ്ണീരെല്ലാം ഞാൻ പൊഴിച്ചു- എന്നിട്ടും എന്റെ തളർച്ച മാറിയില്ല.


പിന്നെയെനിക്കു ബോദ്ധ്യമായി, അവൾ തന്റെ ദൈനന്ദിനജീവിതത്തിലേക്കു തിരിച്ചുപോയിരിക്കുന്നുവെന്ന്, ആ കാരുണ്യം ഇനി മടങ്ങിവരാൻ ഒരു നക്ഷത്രദൂരം താണ്ടണമെന്ന്. അവൾ മടങ്ങിവന്നില്ല. അവൾ മടങ്ങിവരികയുമില്ല: എന്റെ വീട്ടിൽ വിരുന്നു വരാൻ ഔദാര്യം കാട്ടിയ ദേവത- അങ്ങനെയൊന്നുണ്ടാവുമെന്നു ഞാൻ സ്വപ്നം കണ്ടതു പോലുമല്ല. ഇത്തവണ, സത്യം പറയട്ടെ, ലോകത്തെ എല്ലാ കുഞ്ഞുങ്ങളുമൊഴുക്കിയ കണ്ണീരിനെക്കാൾ കണ്ണീരു ഞാനൊഴുക്കി.

--------------------------------------------------------------------------

റിംബോ ഗദ്യകവിതയുടെ ആഖ്യാനസാദ്ധ്യതകളിലേക്ക്  തിരിയുന്നത് 1871ലോ 72ലോ എഴുതിയ ഈ രചനയിലൂടെയാണ്‌. 1869ൽ പ്രസിദ്ധീകരിച്ച ബോദ്‌ലേറുടെ ഗദ്യകവിതകളാവാം റാംബോയ്ക്ക് മാതൃകയായത്. 

* കൊറാന്റെ പതിനെട്ടാം സൂറയിൽ പറയുന്ന “ഗുഹയിൽ കിടന്നുറങ്ങിയവർ” സൂചിതം. വിഗ്രഹാരാധകരെ ഭയന്ന് ഒരു ഗുഹയിൽ അഭയം തേടിയവർ ഒരു നൂറ്റാണ്ടു നീണ്ട ഉറക്കത്തിൽ നിന്നാണ്‌ പിന്നീടുണരുന്നത്.

2025, ജനുവരി 25, ശനിയാഴ്‌ച

സി.എസ്.ലൂയിസ് - എങ്ങനെ എഴുതണം

 എങ്ങനെ എഴുതണം എന്നതിൽ ഉപദേശം തേടിയ ഒരു സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് സി.എസ്.ലൂയിസ് അയച്ച മറുപടിക്കത്ത്.


1959 ഡിസംബർ 14


എഴുതുന്ന കാര്യത്തിൽ പൊതുവായ ഒരുപദേശം നല്കുന്നത് വളരെ പ്രയാസമുള്ള സംഗതിയാണ്‌. എന്റെ ശ്രമം ഇങ്ങനെ:


1. റേഡിയോ ഓഫ് ചെയ്യുക.

2. നല്ല പുസ്തകങ്ങൾ കഴിയാവുന്നത്ര വായിക്കുക, മാസികകൾ കഴിയുന്നതും ഒഴിവാക്കുക.

3. എപ്പോഴും കാതു കൊണ്ട് (കണ്ണുകൊണ്ടല്ല) എഴുതുക (വായിക്കുകയും ചെയ്യുക.)നിങ്ങൾ എഴുതുന്ന ഓരോ വാചകവും ഉറക്കെ വായിക്കുന്നപോലെയോ പറയുന്നപോലെയോ വേണം എഴുതാൻ. കേൾക്കുമ്പോൾ ശരിയായി തോന്നുന്നില്ലെങ്കിൽ മാറ്റിയെഴുതുക.

4. നിങ്ങൾക്കു ശരിക്കും താല്പര്യമുള്ളതെന്താണോ, അതിനെക്കുറിച്ചെഴുതുക, അത് യഥാർത്ഥമായ കാര്യങ്ങളോ സാങ്കല്പികമായ കാര്യങ്ങളോ ആവട്ടെ; മറ്റൊന്നിനെക്കുറിച്ചും എഴുതരുത്. (ഇതിനർത്ഥം, എഴുത്തിൽ മാത്രമാണ്‌ നിങ്ങൾക്കു താല്പര്യമെങ്കിൽ നിങ്ങൾ ഒരുകാലത്തും എഴുത്തുകാരിയാവാൻ പോകുന്നില്ല എന്നുമാണ്‌; കാരണം ഒന്നിനെക്കുറിച്ചും നിങ്ങൾക്കെഴുതാൻ ഉണ്ടാവില്ലല്ലോ.)

5. വ്യക്തത വരുത്താൻ പണിയെടുക്കുക. ഓർക്കുക, താൻ എന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിലും വായനക്കാരന്‌ അതറിയില്ല; അനുചിതമായ ഒരു വാക്കു മതി, അയാളെ ആകെ തെറ്റിദ്ധരിപ്പിക്കാൻ. വായനക്കാരന്‌ അറിയാൻ ആഗ്രഹമുള്ള ഒരു കാര്യം പറയാൻ വിട്ടുപോകുന്നത് കഥയിൽ വളരെ എളുപ്പമാണ്‌- കഥയുടെ പൂർണ്ണചിത്രം മനസ്സിൽ അത്ര തെളിച്ചത്തോടെ നില്ക്കുന്നതിനാൽ വായനക്കാരന്റെ കാര്യം അങ്ങനെയല്ലെന്ന് നിങ്ങൾ മറന്നുപോവുകയാണ്‌. 

6. ഒരു കഥ പൂർത്തിയാക്കാൻ പറ്റുന്നില്ലെങ്കിൽ അത് വലിച്ചെറിയരുത് (ആശയ്ക്കു വകയില്ലാത്ത വിധം മോശമാണതെങ്കിൽ അല്ലാതെ.) അതൊരു മേശവലിപ്പിലിടുക. പില്ക്കാലത്ത് അതുപയോഗപ്പെട്ടുവെന്നു വരാം. എന്റെ ഏറ്റവും നല്ല കൃതികളിൽ അധികവും, അല്ലെങ്കിൽ, ഏറ്റവും നല്ലതെന്നു ഞാൻ വിചാരിക്കുന്നവ, വർഷങ്ങൾക്കു മുമ്പ് തുടങ്ങിവച്ച്, പിന്നെ ഉപേക്ഷിച്ച സംഗതികൾ മാറ്റിയെഴുതിയവയാണ്‌.

7. ടൈപ്പ്റൈറ്റർ ഉപയോഗിക്കരുത്. വർഷങ്ങളുടെ പരിശീലനം വേണ്ടിവരുന്ന നിങ്ങളുടെ താളബോധത്തെ അതു തകർക്കും.

8. ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും അർത്ഥം (അല്ലെങ്കിൽ, അർത്ഥങ്ങൾ) തനിക്കറിയാമെന്ന് ഉറപ്പുവരുത്തുക.


2025, ജനുവരി 24, വെള്ളിയാഴ്‌ച

ജീബനാനന്ദ ദാസ് - കവിതകൾ


1. യാത്രികൻ
————————-

യുഗങ്ങൾക്കു മുമ്പെന്നോ,
ഏതോ വിദൂരസമുദ്രത്തിന്റെ സുതാര്യജലത്തിൽ
ജീവനു തുടക്കമായെന്നാവാം.

അതിനു പിന്നിൽ വീണുകിടന്നിരുന്നു,
ചിത്രലിപിയ്ക്കു സദൃശമായി മൂടൽമഞ്ഞിന്റെ പടുത,
ജനനവും മരണവുമില്ലാതെ, സ്വത്വമില്ലാതെ.
ആ മൂടൽമഞ്ഞിന്റെ ഭാഷ ക്രമേണ മറന്നും
ഇന്നതെന്നറിയാത്ത ഏതോ സത്തയോട്
താനറിയാതെ പ്രണയത്തിലായും
വെളിച്ചത്തിലേക്ക്, ആകാശത്തിലേക്ക്, 
ജലത്തിലേക്കാകർഷിക്കപ്പെട്ടും
പുതിയൊരർത്ഥം വളർന്നുവന്നു,
ഭൂമിയുടെ തൊട്ടിലിൽ.

മരണത്തിന്റെയും ജീവിതത്തിന്റെയും കറുപ്പും വെളുപ്പും
ഹൃദയത്തിൽ കെട്ടുപിണഞ്ഞ്
മനുഷ്യനവന്റെ യാത്ര തുടങ്ങുന്നു, ഭൂമിയിൽ.
മഷിക്കറുപ്പായ പൊടിയ്ക്കിടയിൽ,
ചിതറിത്തെറിച്ച ചോരയ്ക്കിടയിൽ,
നിരാലംബതൃഷ്ണയുടെ വഴിയടയാളങ്ങൾക്കിടയിലൂടെ വഴികണ്ട്
എന്റെ പിറവി അറിയിക്കാൻ ഞാൻ വന്നു.
ആരെ അറിയിക്കാൻ?
ഭൂമിയെ? ആകാശത്തെ? ആകാശത്തെരിയുന്ന സൂര്യനെ?
മൺപൊടിയെ, ആറ്റത്തെ, മോളിക്യൂളിനെ, നിഴലിനെ, മഴയെ.
ജലബിന്ദുവിനെ?
നഗരത്തെ, തുറമുഖത്തെ, ദേശത്തെ,
ജ്ഞാനാജ്ഞാനങ്ങളുടെ ലോകത്തെ?
നമ്മുടെ പിറവിയ്ക്കു മേൽ വീണുകിടന്ന മൂടൽമഞ്ഞ്,
നമ്മുടെ മരണവുമായി കെട്ടുപിണയേണ്ട മൂടൽമഞ്ഞ്,
അണ്ഡരൂപിയായ വെളിച്ചത്തിലേക്കതിരുട്ടു പകരുന്നു;
അനന്തനീലിമ നോക്കി മനസ്സു നീന്തുന്നു,
അനാദിയായ തമോസമുദ്രത്തിലേക്കു നമ്മെ ക്ഷണിക്കുന്നു.

എന്നിട്ടും സൂര്യനൊപ്പമോരോനാളുമെത്തുന്നു,
പകലും വെളിച്ചവും ജീവിതവും മരണവും.
ചരിത്രത്തിന്റെ നിത്യതയിൽ
എന്താണവയ്ക്കർത്ഥമെന്നു നാമറിയുന്നുമില്ല.

ആ ലക്ഷ്യത്തിലേക്കടിവച്ചടിവച്ചു മനുഷ്യൻ നടക്കുന്നു,
അവന്റെയോരോ ചുവടുമടയാളപ്പെടുത്തുന്നു,
പ്രണയവും ജീർണ്ണതയും വേദനയും.
ധൂസരവും നിത്യപ്രവാഹിയുമായ പുഴയും മനുഷ്യഹൃദയവും
പ്രഭാതത്തിൽ നിശാന്ത്യത്തിലെത്തിച്ചേരുന്നു,
ചിരന്തനമായ ഇതിഹാസത്തിന്റെ സംഖ്യാതീതമായ പ്രഭാതങ്ങളിൽ.
ജീവിതത്തിന്റെ ദേശത്തേക്കുള്ള യാത്രയിൽ
യാത്രികർ മാറി പുതിയ യാത്രികർ വരുന്നു,
പുതിയ സൂര്യന്മാർ, പുതിയ പക്ഷികൾ,
പുതിയ അടയാളങ്ങൾ വരുന്നു.
യാത്രികരുടെ ഹൃദയങ്ങളിലുണ്ട്,
വെളിച്ചവും ഗാനവും യാത്രയുടെ താളവും-
അവസാനമില്ലാത്ത യാത്ര,
മനുഷ്യനു മാത്രം പറഞ്ഞ നിത്യത.

*

2. ശീതക്കാറ്റുകൾ
————————


അങ്ങവിടെ, വാതിലുകളും ജനാലകളും കിടുക്കി
ശീതക്കാറ്റുകൾ വീശുമവിടെ,
രാത്രിയുടെ വേട്ടനായ്ക്കൾ പാഞ്ഞുനടക്കുമ്പോൾ
നക്ഷത്രങ്ങളുടെ പൊത്തുകളിൽ മഞ്ഞുറങ്ങുന്നു,
രാത്രി മുഴുവൻ തുള്ളിയിറ്റുന്നു.

കടലുകളും പുഴകളും പെരുമ്പാതകളും താണ്ടി
ഒരു കാമുകൻ തന്റെ മുറിയിലെത്തുന്നു,
തണുത്തിരുണ്ട തന്റെ മുറിയിൽ.
അവിടെ നിന്നു ചുറ്റുകോണികൾ പുറപ്പെടുന്നു,
മുറികളുടെ രാവണൻകോട്ടയിലേക്കു പോകുന്നു.
അപായസൂചന നല്കിക്കൊണ്ടു ലോകം ചോദിക്കുന്നു:
ഏതു മുറിയിലേക്കു പോകാൻ
ഏതു പടികളയാൾ കയറും?

എല്ലാ പടവുകളും ചവിട്ടിക്കയറിയതില്പിന്നെ
അവസാനത്തെ ഒഴിഞ്ഞ പടിയിലയാളെത്തുന്നു.
ജീവിതം, കാലം, പ്രപഞ്ചം
ഒരേയൊരർത്ഥമേ നല്കുന്നുള്ളു:
വഴിതന്നെയാണെല്ലാം.

*

3. എന്തിനു നക്ഷത്രങ്ങൾ...
--------------------------

എന്തിനു നക്ഷത്രങ്ങൾ മാനത്തു പിന്നെയുമണിനിരക്കണം?

എന്തിനു നീലാകാശം പിന്നെയുമുണർന്നെത്തണം?
എന്തിനു ചന്ദ്രനൊരു പൊൻതോണി പോലെ പിന്നെയും
ആൽമരക്കൊമ്പുകൾക്കു പിന്നിലൊഴുകിനടക്കണം?
എന്തിനു പുതുമഴ പൊടിയെ ചുംബിക്കുമ്പോൾ
മണ്ണിന്റെ മണമതിൽ നിന്നുയരണം?
എന്തിനു കാശപ്പൂവുകൾ കൂട്ടത്തോടെ പൂക്കണം?
എന്തിനു വാലാട്ടിക്കിളികൾ നൃത്തച്ചുവടു വയ്ക്കണം,
ബുൾബുളും തുന്നാരനും കാടുകൾ ചുറ്റിപ്പറക്കണം?
നമുക്കഭിവൃദ്ധിപ്പെടാൻ നഗരങ്ങളും തുറമുഖങ്ങളും മതിയെങ്കിൽ,
നമ്മുടെ കാലടിയിലരയാൻ മാത്രമുള്ളതാണു പുല്ലെങ്കിൽ,
എന്തിനു വാലാട്ടിക്കിളികൾ നൃത്തം വയ്ക്കണം,
എന്തിനു ബുൾബുളുകൾ കാടുകളിൽ പറന്നുനടക്കണം?

*

4. ഞാനൊരു കാട്ടുവാത്തായിരുന്നെങ്കിൽ...
-----------------------------------------


ഞാനൊരു കാട്ടുവാത്തായിരുന്നെങ്കിൽ,
നീയുമൊരു കാട്ടുവാത്തായിരുന്നെങ്കിൽ,
ഏതോ ചക്രവാളത്തിലെ പുഴക്കരെ,
നെല്പാടങ്ങൾക്കരികിൽ, 
ഈറക്കാടുകൾക്കിടയിൽ,
ആരും കാണാത്തൊരു കൂട്ടിനുള്ളിൽ-

എങ്കിലീ ഏപ്രിൽമാസരാത്രിയിൽ,
പിചുലമരങ്ങൾക്കു പിന്നിൽ ചന്ദ്രനുദിക്കുമ്പോൾ,
പുഴയുടെ മണവും പിന്നിലാക്കി നാം പറക്കും,
മാനത്തെ വെള്ളിപ്പാടങ്ങൾക്കിടയിലൂടെ.
എന്റെ തൂവലുകൾ നിന്റെ ചിറകുകളിൽ,
നിന്റെ ചോരത്തുടിപ്പുകളെന്റെ ചിറകുകളിൽ.
ആകാശത്തു നാം നക്ഷത്രങ്ങൾ കാണും,
എണ്ണിയാൽ തീരാത്ത വയല്പൂക്കളായി.
വാകമരത്തോപ്പുകളുടെ കൂട്ടിനുള്ളിൽ
ഫാൽഗുനചന്ദ്രൻ പൊന്മുട്ടപോലെ.

ഒരു വെടിയൊച്ച മുഴങ്ങിയെന്നാവാം;
നേർരേഖ വിട്ടു നാം പറക്കുന്നു,
പിസ്റ്റണുകളുടെ ആഹ്ലാദം നമ്മുടെ ചിറകുകളിൽ,
വടക്കൻ കാറ്റിന്റെ സംഗീതം നമ്മുടെ ചുണ്ടുകളിൽ!

പിന്നെയുമൊരു വെടിയൊച്ചയെന്നാവാം.
നമ്മുടെ നിശ്ചലത,
നമ്മുടെ സമാധാനം.
ഈ ജീവിതത്തിലെ ശകലിതമരണത്തിനു വിട,
ശകലിതമായ പ്രതീക്ഷകൾ, പരാജയങ്ങൾ,
അന്ധകാരത്തിനും വിട.
ഞാനൊരു കാട്ടുവാത്തായിരുന്നെങ്കിൽ,
നീയുമൊരു കാട്ടുവാത്തായിരുന്നെങ്കിൽ,
ഏതോ ചക്രവാളത്തിലെ പുഴക്കരെ,
നെല്പാടങ്ങൾക്കരികിൽ, 
ഈറക്കാടുകൾക്കിടയിൽ...

*

5. ഇന്നു രാത്രിയിൽ
---------------------


ഇന്നു രാത്രിയിൽ നീയരികിലുണ്ടായിരുന്നെങ്കിൽ-
എങ്കിൽ നമുക്കു സംസാരിച്ചിരിക്കാമായിരുന്നു,
മരങ്ങൾക്കിടയിൽ, നക്ഷത്രങ്ങൾക്കടിയിൽ.

എന്നാൽ ചിന്തയെ, വികാരത്തെ, അനുഭൂതിയെ,
ജീവിതത്തെ ഭരിക്കുന്ന നിയമങ്ങൾ പഠിച്ചതിൽ നിന്നും 
എനിക്കിത്രയും മനസ്സിലായിരിക്കുന്നു-
ഇൻഡ്യയിലാവട്ടെ, ചൈനയിലാവട്ടെ,
ന്യൂയോർക്കിലോ ലണ്ടനിലോ ആവട്ടെ,
അനിവാര്യനിയമങ്ങൾക്കധീനമാണെല്ലാം-
ഈ രാത്രിയുടെ നിഗൂഢതയും മാമ്മത്തുകളുടെ ചരിത്രവും.
ഈ നിമിഷം നീ എവിടെയുമാകട്ടെ,
നീയെറിയാൻ പോകുന്ന പകിടയേതുമാവട്ടെ,
എനിക്കതറിയേണ്ട, അറിഞ്ഞിട്ടു ഫലവുമില്ല.

ഞാനറിയേണ്ട നിത്യസത്യങ്ങളെല്ലാമതിലുണ്ട്-
ഞാനറിഞ്ഞ പുലരികളിൽ, ഉച്ചകളിൽ, പുഴകളിൽ, താരകളിൽ.

*

6. ആകാശലീന
-------------------


അവിടേയ്ക്കു പോകരുതേ, സുരഞ്ജനാ,
ആ ചെറുപ്പക്കാരനോടു മിണ്ടരുതേ.
മടങ്ങിവരൂ, സുരഞ്ജനാ,
വെള്ളിനക്ഷത്രങ്ങളുടെ രാത്രിയിലേക്കു മടങ്ങിവരൂ.

ഈ പാടങ്ങളിലേക്ക്, ഈ തിരകളിലേക്കു മടങ്ങിവരൂ,
എന്റെ ഹൃദയത്തിലേക്കു മടങ്ങിവരൂ.
അകലേയ്ക്കു പോകരുതേ,
അയാൾക്കൊപ്പമകന്നകന്നു പോകരുതേ.

അയാളൊടു നിനക്കെന്തു പറയാനിരിക്കുന്നു?
ആകാശങ്ങൾക്കുമപ്പുറത്തെ ആകാശത്ത്
ഈ ഭൂമി പോലെയാണിന്നു നീ;
അതിൽ പാറിനടക്കുന്ന പുല്ലാണയാളുടെ പ്രണയം.

സുരഞ്ജനാ,
പുല്ലു പോലെയാണിന്നു നിന്റെ ഹൃദയം-
കാറ്റുകൾക്കുമപ്പുറത്തെ കാറ്റ്,
ആകാശങ്ങൾക്കുമപ്പുറത്തെ ആകാശം.
*

7. ചരമലേഖം
--------------------


“ഇവിടെ ശയിക്കുന്നു സരോജിനി.”
(അവളിപ്പോഴും ഇവിടെക്കിടപ്പുണ്ടോയെന്നെനിക്കറിയില്ല);
ഉറങ്ങിയതു മതിയെന്നവൾക്കു തോന്നിയിരിക്കാം,
ഒരുനാളവളെഴുന്നേറ്റുവെന്നും
ഒരു വിദൂരമേഘത്തിൽ പോയി ലയിച്ചുവെന്നും വരാം,
ഇരുട്ടു തീരുന്നിടത്തു ചക്രവാളം വെളിച്ചപ്പെടുമവിടെ.

എങ്ങനെയവൾ അവിടെയെത്തി, സരോജിനി?
കയറാനൊരേണിയില്ലാതെ, കിളിയുടെ ചിറകില്ലാതെ?
ഇനിയഥവാ ഭൂമിയുടെ വെറുമൊരു 
ജ്യാമിതീയതരംഗം മാത്രമാണോ അവൾ?
ജ്യാമിതിയുടെ ഭൂതം പറയുന്നു:
ഇല്ല, എനിക്കൊന്നുമറിയില്ല.

വരണ്ടൊരു സിന്ദൂരവെളിച്ചം സാന്ധ്യാകാശത്തു തങ്ങിനില്ക്കുന്നു,
സൂത്രം നടക്കാതെപോയതിന്റെ വെളുക്കച്ചിരി
മുഖത്തു വച്ചുകെട്ടിയ ഒരദൃശ്യമാർജ്ജാരത്തെപ്പോലെ.
*

8. കൊയ്ത്തു കഴിഞ്ഞു
---------------------


കൊയ്ത്തു കഴിഞ്ഞിട്ടേറെനാളായിരിക്കുന്നു,
പാടമെമ്പാടും ചിതറിക്കിടക്കുന്നു,
ഇലകൾ, വൈക്കോൽ, മുട്ടത്തോടുകൾ,
ഉറയൂരിയ പാമ്പിൻപടങ്ങൾ.
അവയ്ക്കിടയിൽ തണുപ്പത്തുറങ്ങുന്നു,
പരിചിതമായ ചില മുഖങ്ങളും.

കൂട്ടത്തിലൊരു മുഖം,
പലപ്പോഴും കണ്ടുമുട്ടിയിട്ടുള്ളതൊന്ന്,
ഹൃദയത്തിന്റെ കളികൾക്കിരയായൊരാൾ,
ശാന്തതയും പുതച്ചിന്നുകിടക്കുന്നു,
പുല്പരപ്പിനും പുല്ച്ചാടികൾക്കുമടിയിൽ,
തന്റെ ചിന്തകളേയും ജിജ്ഞാസുവായ മനസ്സിനേയും 
വലയം ചെയ്യുന്ന തമസ്സുമായി.
*

9. നടപ്പ്
---------------------


ഒരോർമ്മ മാടിവിളിച്ചിട്ടെന്നപോലെ
ഈ നഗരത്തിന്റെ നടപ്പാതകളിലൂടൊറ്റയ്ക്കു ഞാൻ നടക്കുന്നു.
അവയ്ക്കു പറഞ്ഞ വഴികളിലൂടെ
ട്രാമുകളും ബസ്സുകളുമോടിപ്പോകുന്നതു ഞാൻ നോക്കിനിന്നു,
പിന്നവ വഴി തിരിയുന്നതും
നിദ്രയുടെ ലോകത്തേക്കവയുരുണ്ടുപോകുന്നതും.

രാവുടനീളം ഗ്യാസ് ലൈറ്റുകൾ തെളിഞ്ഞുകത്തുന്നു,
കടുകിട തെറ്റാതെ സ്വധർമ്മമനുഷ്ഠിക്കുകയാണവ.
ഒന്നിനും പിഴയ്ക്കുന്നില്ല: കട്ടകൾ, കെട്ടിടങ്ങൾ,
പരസ്യപ്പലകകൾ, ജനാലകൾ, വാതിലുകൾ, മേല്പുരകൾ.
അവയ്ക്കെല്ലാമൊന്നു സ്വസ്ഥമാവണം,
ആകാശത്തിനു ചുവട്ടിലവയ്ക്കുറങ്ങാൻ കിടക്കണം.

പാതയിലൂടൊറ്റയ്ക്കു നടക്കുമ്പോൾ
അവയ്ക്കുള്ളിലെ ഗഹനശാന്തത ഞാനറിഞ്ഞു.
രാത്രി പാതിയും കഴിഞ്ഞിരുന്നു,
സ്മാരകത്തിനും മീനാരത്തിനും മേലേകാന്തതാരങ്ങൾ ഞാൻ കണ്ടു.
ഇത്ര ലളിതമായതൊന്നു ഞാൻ കണ്ടിട്ടുണ്ടോ,
ഞാൻ സംശയിച്ചു, ആ സ്മാരകം പോലെ, താരാവൃതമായ കല്ക്കത്ത പോലെ?

താഴേയ്ക്കു ഞാൻ നോട്ടമയക്കുന്നു,
എരിയുന്ന സിഗാറുകൾ, പൊടിയും പതിരും പാറ്റുന്ന കാറ്റുകൾ.
ഞാനരികിലേക്കു മാറി കണ്ണുകളടയ്ക്കുന്നു.
മരങ്ങളിൽ നിന്നെമ്പാടും പഴുക്കിലകൾ പാറിവീഴുന്നു.
ബാബിലോണിലുമിതുപോലെ ഞാൻ നടന്നുകാണും,
രാത്രിയിലൊറ്റയ്ക്ക്, എന്തെങ്കിലുമൊരു കാരണത്താൽ.

എന്തു കാരണം കൊണ്ടെന്നെനിക്കറിയില്ല,
ഇന്ന്, തിരക്കു പിടിച്ച സഹസ്രാബ്ദങ്ങളിത്രയും കഴിഞ്ഞതില്പിന്നെ.
*

10. ആ ആൽമരം പറഞ്ഞു
--------------------------


ആ ആൽമരം സാവധാനം പറഞ്ഞു:
“എങ്ങോട്ടാണു നിങ്ങൾ പോകുന്നത്?-
എവിടേക്കാണു നിങ്ങൾക്കു പോകേണ്ടത്?
എത്ര കാലം നമ്മളയല്ക്കാരായിരുന്നു, 
അത്രയ്ക്കെത്രയടുത്തവരായിരുന്നു നാം.
വെയില്പാടു പറ്റിയ നിങ്ങളുടെ പുല്ക്കുടിലുകൾ-
ഇന്നുമവ നിവർന്നുനില്ക്കുന്നുണ്ടല്ലോ.
വീടും നാടും വെടിഞ്ഞിതാ, നിങ്ങൾ പോകുന്നു-
എവിടേക്ക്, ഏതു വഴിയ്ക്ക്?- എനിക്കറിയില്ല.
ഉള്ളതെല്ലാം നിങ്ങൾ കെട്ടിയെടുത്തെടുത്തുകഴിഞ്ഞു,
പൊട്ടിയ പാത്രങ്ങൾ, ചോരുന്ന കലം പോലും.
ഇനിപ്പറയൂ, എവിടേക്കാണു നിങ്ങൾ പോകുന്നത്?

അമ്പതുകൊല്ലം കഴിഞ്ഞിട്ടില്ല- അതിന്നലെയായിരുന്നു.
നിങ്ങളുടെ മുത്തശ്ശൻ, അച്ഛൻ, അമ്മാവൻ, മൂത്ത മകൻ
-എല്ലാവരെയും എനിക്കോർമ്മയുണ്ട്.
ഈ പാടത്തിൻകരെയാണവർ പുരയിടം വാങ്ങിയത്,
ഇവിടെയാണവരൊരു പുല്ക്കുടിൽ കെട്ടിയത്.
പുല്ലും നെല്ലും വേപ്പും ചാമ്പയും വളരുന്ന ഈ നാട്ടിൽ വച്ചാണവർ
സങ്കടങ്ങളുടെ കടം വീട്ടിയത്,
ആശകളും വിശപ്പും തളർച്ചയും പകരം നല്കി.
ഇവിടെ നിന്നുകൊണ്ടെല്ലാം ഞാൻ കണ്ടു-
ഇന്നലെ നടന്നപോലെയായിരുന്നു എല്ലാം.

ഇനി നിങ്ങൾക്കിവിടം വേണ്ട?
എങ്ങോട്ടാണു നിങ്ങൾ പോകുന്നത്?
ഇതിലും സമാധാനമുണ്ടാവും മറ്റൊരിടത്തെന്നോ?
കൂടുതലാശിക്കാനുണ്ടാവും അവിടെയെന്നോ?
ജീവിതത്തെക്കുറിച്ചു കൂടുതൽ നല്ലൊരു ധാരണയും?
അതുകൊണ്ടാണു നിങ്ങളങ്ങോട്ടു പോകുന്നതെന്നും
പ്രത്യാശയുടെ കുടിലുകളവിടെ വയ്ക്കുന്നതെന്നും?
ഇല്ല, നിങ്ങളെങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോളൂ,
നിങ്ങളുടെ ജീവിതം മാറാൻ പോകുന്നില്ല.
ആശയുടെ കുടിലു നിങ്ങളെവിടെപ്പണിഞ്ഞാലും
വിശപ്പിന്റെയും സ്വപ്നങ്ങളുടേയുമൊരു കഥ,
വേദനയുടേയും വേർപാടിന്റെയുമൊരു കഥ,
നിങ്ങളുടെ നരച്ച മുടിയിൽ പുറത്തു കാണും.“
ആ ആൽമരം പറഞ്ഞതാണിത്,
തലയ്ക്കു മേലിരുട്ടിൽ വിറച്ചും കൊണ്ട്.
*

11. വാച്ചുകൾ
-------------------


ഒരു പീരങ്കിയുടെ ഭൂകമ്പത്തിൽ ചിതറിത്തെറിച്ചവർ,
കുരുതിക്കളത്തിലെ ശേഷിപ്പുകളായവർ വെറുങ്ങലിച്ചുകിടക്കുന്നു.
ഒരു മലയടിവാരത്ത്- ചിലരുടെ കൈത്തണ്ടകളിൽ വാച്ചുകൾ.
അവയുടെ സൂചികളപ്പോഴും തിരിയുന്നുണ്ടെന്നും വരാം.
നിലാവിനു ചുവട്ടിലാ വിചിത്രസമയപാലകർ
അല്പനേരം തമ്മിലൊന്നു സല്ലപിച്ചുവെന്നുവരാം.
യാന്ത്രികഹൃദയങ്ങളുടെ തുടിപ്പുകളാൽ വിറപൂണ്ടും കൊണ്ടവ
തെളിഞ്ഞ നക്ഷത്രവെളിച്ചം  മൊത്തിക്കുടിക്കും.
ഒലീവുമരങ്ങളിൽ നിന്നിറ്റുവീണു തളം കെട്ടുന്ന മഞ്ഞുതുള്ളികൾ,
ഒരു വിദൂരസാഗരത്തിന്റെ അലയൊലികൾ,
ഒരു വെളുത്ത കിടക്കവിരിപോലെ കാറ്റിന്റെ ദീനവിലാപം-
അവയുടെ ജീവിതകഥ ചിലനിമിഷങ്ങൾ കൂടി മിടിച്ചുനില്ക്കും.
പിന്നെ, പതിയെ, പതിയെപ്പതിയെയവ നിശ്ചലമാവും,
ഒരു നിത്യസൂര്യന്റെ നിതാന്താന്ധകാരത്തിലേക്കവ കണ്മിഴിയ്ക്കും.
*

12. ഹേമന്തരാത്രി
--------------------


ഈദൃശരാത്രികളിലത്രേ, 
മരണമെന്റെ നെഞ്ചിൻകൂട്ടിലിഴഞ്ഞുകേറുന്നു.
കിഴവൻ കൂമന്റെ പ്രലാപവുമീരാത്രികളിലത്രേ,
പഴുക്കിലകളെച്ചൊല്ലി, മഞ്ഞുതുള്ളികളെച്ചൊല്ലി.
നാടു തുടങ്ങുന്നതിനും നഗരമൊടുങ്ങുന്നതിനുമിടയിൽ
ഒരു സിംഹത്തിന്റെ ഗർജ്ജനം-
പൊടിപിടിച്ച സർക്കസ്സിലെ സട കൊഴിഞ്ഞ സിംഹം.
ഹേമന്തരാത്രിയുടെ കയങ്ങളിലെങ്ങോ നിന്നും
ഒരു കുയിലതാ, പാടിത്തുടങ്ങുന്നു-
ലോകത്തിനു കേൾക്കാനതു പാടുന്നു,
ഇവിടെയുണ്ടായിരുന്നു വസന്തമെന്ന്,
അതു പിന്നെയും മടങ്ങിയെത്തുമെന്ന്.

എത്രയോ കുയിലുകൾക്കു പ്രായമാകുന്നതു ഞാൻ കണ്ടിരിക്കുന്നു,
ഞാനുമതിനെപ്പോലൊരു വൃദ്ധകവിയല്ലേ?
സിംഹത്തിന്റെ ഗർജ്ജനം പിന്നെയും കേൾക്കാകുന്നു-
പൊടി പിടിച്ച സർക്കസ്സിലെ സട കൊഴിഞ്ഞ സിംഹം, 
പ്രായമെന്തെന്നറിയാത്ത, 
മരുന്നു കൊടുത്തു മയക്കിയ,
കണ്ണു കാണാത്ത സിംഹം.
വലയം ചെയ്യുന്ന കടലിൽ,
ചത്ത മീനിന്റെ വാലിൽ പറ്റിപ്പിടിച്ച ജീവനുള്ള പായലിൽ
ജീവന്റെ അവശിഷ്ടങ്ങൾ തേടുമ്പോൾ
ഒന്നും കാണാതെയാകുന്നു, 
മൂടൽമഞ്ഞിൽ, അതിരറ്റ ജലത്തിൽ.
ഇനിയൊരിക്കലും,
ഇനിയൊരിക്കലും
സിംഹമതിന്റെ കാടു കാണില്ല.
കുയിലിന്റെ പാട്ടും ശിഥിലമാകും
അഴിഞ്ഞുതീരുന്നൊരു യന്ത്രം കണക്കെ,
പൊട്ടും പൊടിയുമായതു ചെന്നടിയും,
മൂകവും കാന്തികവുമായ മലയടിവാരത്തിൽ.
വിസ്മൃതിയുടെ നദിയെ പുണർന്നുറങ്ങുന്ന ലോകമേ,
തിരിഞ്ഞുകിടന്നു പിന്നെയുമുറങ്ങിക്കോളൂ,
ഒരത്ഭുതവും നിന്നെക്കാത്തുനില്ക്കാനില്ലല്ലോ,
ഒന്നുമില്ല, ഒരിക്കലുമില്ല.
*

13. വേദനിക്കുന്നവരോടെല്ലാമായി
---------------------------------


ഈ വൈകിയ രാത്രിയിൽ,
ശാന്തവും ഇരുണ്ടതുമായ മുറിയിൽ
ഒരു കിടക്ക നിങ്ങൾക്കായി കാത്തിരിക്കുന്നു.
ഇനിയൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട,
ഇനിയാരു പറയുന്നതും കേൾക്കേണ്ട.
ചോരക്കറ പറ്റിയ ഹൃദയം നന്നായിത്തുടയ്ക്കുക,
നിദ്രയുടെ മടക്കുകളിലൊതുങ്ങിക്കിടക്കുക,
ഒരു നിശാഗന്ധിപ്പൂവുപോലെ.
*

14. പൂച്ച
--------------------


പകലൊടുങ്ങുവോളം ഞാനവനെ കാണുന്നു, പൂച്ചയെ;
മരത്തണലിൽ, വെയിലത്ത്,
കരിയിലകളുടെ നിബിഡമായ കൂമ്പാരത്തിനിടയിൽ.
ചില മീന്മുള്ളുകൾ കൊള്ളമുതലായി കിട്ടിയ വിജയത്തിനു ശേഷം
വെള്ളെലുമ്പുനിറമായ മണ്ണിൽ പൊത്തിപ്പിടിച്ചവൻ കിടക്കുന്നു,
ഒരു തേനീച്ചക്കൂട്ടം പോലെ തന്നിൽത്തന്നെയാമഗ്നനായി.
പിന്നെയവൻ ഗുൽമൊഹറിൽ തന്റെ നഖങ്ങൾ മൂർച്ച കൂട്ടുന്നു,
സൂര്യനു പിന്നാലെ പമ്മിപ്പമ്മിനടക്കുന്നു.
ഒരുനിമിഷം അവനെയവിടെക്കാണാം,
അടുത്ത നിമിഷം നിന്നനില്പിലവനെ കാണാതാകുന്നു.
ശരല്ക്കാലസന്ധ്യക്കു ഞാനവനെ കണ്ടിരുന്നു,
പതുപതുത്ത വെള്ളപ്പാദങ്ങൾ കൊണ്ടവൻ 
ആരക്തസൂര്യനെ തട്ടിത്തലോടുകയായിരുന്നു.
പിന്നെയവൻ കുഞ്ഞുരുളകളായി ഇരുട്ടുരുട്ടിയെടുത്തു,
ഭൂമിയിലെമ്പാടുമവനതു തട്ടിയെറിഞ്ഞു.
*

15. നഗരം
---------------------


ഹൃദയമേ, എത്ര നഗരങ്ങൾ നീ കണ്ടു,
കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ കണ്ടു, 
തിരക്കിട്ടുപോകുന്ന കാലടികൾ, വാക്കുകൾ,
ആശകൾ, നൈരാശ്യങ്ങളെത്ര നീ കേട്ടു-
ഒക്കെയും വീണു ദഹിക്കുകയും ചെയ്തു,
എന്റെ നീരസത്തിന്റെ കനലുകളിൽ.

എന്നാലതേ നഗരങ്ങൾക്കു മേൽ,
എരിയുമരുണമേഘങ്ങളുടെ വിളുമ്പിൽ
സൂര്യനുദിച്ചുയരുന്നതും ഞാൻ കണ്ടു;
നദീമുഖത്തതേ സൂര്യനെ ഞാൻ കണ്ടു,
ഒരരുണമേഘത്തിനുള്ളിൽ കേവുമായി,
തന്റെ മണ്ണിനെ സ്നേഹിക്കുന്ന ഗ്രാമീണനെപ്പോലെ.
ഗ്യാസ് വിളക്കുകൾക്കും ഗോപുരങ്ങൾക്കും മേൽ
അതേ നക്ഷത്രങ്ങൾ പായുന്നതു ഞാൻ കണ്ടു,
ഏതോ തെക്കൻ കടൽ നോക്കിപ്പറക്കുന്ന
കാട്ടുവാത്തിൻ പറ്റങ്ങൾ പോലെ.
*

16. രാത്രികൾ പകലുകൾ
------------------------


വിഫലവ്യവഹാരങ്ങളിൽ മുഴുകി
ഒരു പകൽ കടന്നുപോയി;
നൈരാശ്യത്തിന്റെ ഉപദേശങ്ങളും ശ്രവിച്ച്
ഒരു രാത്രിയും കടന്നുപോകും.
രാത്രിയാകട്ടെ, പകലാവട്ടെ,
ദുരിതം ദൈനന്ദിനജീവിതം.

എന്നാൽ കള്ളിച്ചെടിയുടെ മുള്ളു നോക്കൂ,
മുന വച്ച മഞ്ഞുതുള്ളികളോരോന്നും!
ആകാശത്തൊരു കിളിപോലുമില്ല-
കൂടുകളിലവ വിശ്രമമായിക്കഴിഞ്ഞു,
അറിവിന്റെ കതിരുകളും കൊത്തിയെടുത്ത്.
*

17. സായാഹ്നമാവുന്നു... 
----------------------


സായാഹ്നമാവുന്നു. 
സൗമ്യമായ ശാന്തതയെവിടെയും.
ഒരു കതിരും കൊക്കിലൊതുക്കി
ഒരു കുരുവി പറന്നുപോകുന്നു.
നാട്ടുവഴിയിലൂടൊരു കാളവണ്ടി 
നിരങ്ങിനീങ്ങുന്നു;
മുറ്റം നിറയെ വൈക്കോല്ക്കൂനകൾ, 
പൊന്നിന്റെ നിറത്തിൽ.

ഹിജോൽവനങ്ങളിൽ കുറുകുന്നു,
ലോകത്തെ മാടപ്രാവുകളെല്ലാം;
പുല്പരപ്പുകളിൽ പരക്കുന്നു,
ലോകത്തെ സൗന്ദര്യമെല്ലാം;
ലോകത്തെ പ്രണയമെല്ലാം
നമ്മുടെ രണ്ടു ഹൃദയങ്ങളിൽ;
ആകാശമതിന്റെ ശാന്തി പരത്തുന്നു,
ആകാശമായ ആകാശമെല്ലാം.
*

18. ഓറഞ്ച്
————————-


ഒരുനാളീയുടൽ വെടിഞ്ഞുപോയാൽ
പിന്നെ മടങ്ങിവരുമോ ഞാനീ ഭൂമിയിൽ?
വരുമെന്നാണെങ്കിലതീവിധമാകട്ടെ:
ഒരു പരിചയക്കാരന്റെ മരണശയ്യക്കരികിൽ,
തണുത്തതും വിഷണ്ണവുമായ ഒരോറഞ്ചായി.
*

19. ഒരു വിചിത്രാന്ധകാരം
—————————-


ഒരു വിചിത്രാന്ധകാരം വന്നുമൂടിയിരിക്കുന്നു,
ഇന്നീ ഭൂമിയ്ക്കു മേൽ;
ഇന്നു നല്ല കാഴ്ചയുള്ളതു കാഴ്ചയില്ലാത്തവർക്കു മാത്രം.
സ്നേഹമോ കരുണയോ ഊഷ്മളതയോ
ഹൃദയത്തിലില്ലാത്തവർ,
അവരുടെ ഉപദേശമില്ലെങ്കിൽ
ഭൂമി തിരിയില്ലെന്നായിരിക്കുന്നു.

മനുഷ്യനിലിനിയും വിശ്വാസം നശിക്കാത്തവർ,
നിത്യസത്യങ്ങൾ, പാരമ്പര്യങ്ങൾ, കലകൾ,
അന്വേഷണങ്ങൾ സ്വാഭാവികമെന്നു വിശ്വസിക്കുന്നവർ-
ചെന്നായ്ക്കൾക്കും കഴുകന്മാർക്കും ഇഷ്ടഭക്ഷണം,
അവരുടെ ഹൃദയം.
*


എമിലി ഡിക്കിൻസൺ - ചതുപ്പുനിലങ്ങൾ ഞാൻ കണ്ടിട്ടേയില്ല...

 ചതുപ്പുനിലങ്ങൾ ഞാൻ കണ്ടിട്ടേയില്ല,
കടല്പരപ്പു ഞാൻ കണ്ടിട്ടേയില്ല;
കണ്ടലേതുപോലെയെന്നെന്നാലെനിക്കറിയാം,
തിരയേതു പോലിരിക്കുമെന്നുമെനിക്കറിയാം.

ദൈവത്തോടു ഞാൻ സംസാരിച്ചിട്ടേയില്ല,
സ്വർഗ്ഗത്തേക്കു ഞാൻ യാത്ര പോയിട്ടുമില്ല;
എന്നാലതെവിടെയെന്നെനിക്കു കൃത്യമാണ്‌,
അതു രേഖപ്പെടുത്തിയ ഭൂപടം മുന്നിലിരിക്കുമ്പോലെ.
*

2025, ജനുവരി 23, വ്യാഴാഴ്‌ച

റെയ്സൽ ഷിച്ളിൻസ്കി - കവിതകൾ


ഞാനോർക്കുന്നു
————————-

ഞാനോർക്കുന്നു
അന്നൊരു സന്ധ്യയായിരുന്നു
ഇന്നെന്ന പോലെ-
പാർക്കിൽ ഞാനൊറ്റയ്ക്കായിരുന്നു.
ബഞ്ചുകൾ ശൂന്യവും ത്യക്തവുമായിരുന്നു,
ഇനിയാരും ഒരിക്കലുമവയിലിരിക്കില്ലെന്ന്
അവയ്ക്കറിയാമെന്നപോലെ.
ഭൂമിയിൽ ശരല്ക്കാലങ്ങളുടെ എണ്ണമെടുത്തുകൊണ്ട്
ഇലകൾ സാവധാനം കൊഴിയുന്നുണ്ടായിരുന്നു.
എങ്ങും മൂകതയായിരുന്നു,
കൊടുങ്കാറ്റിനു മുമ്പെന്നപോലെ.
അതേതു നാട്ടിലായിരുന്നു?
ഏതു നഗരത്തിൽ?
അതൊരു ദേവാലയമായിരുന്നു,
ദേവനില്ലാതെ,
ഭക്തരില്ലാതെ.
എങ്ങനെയാണവിടെ നിന്നു ഞാൻ
രക്ഷപ്പെട്ടതും?
*

കവിത
————————-

നിങ്ങൾ ഒരു കവിതയെഴുതിയെന്നോ, അതിനെന്താ?
അതു സുന്ദരമെന്നൊരാൾ പറയുന്നു.
അതിവഷളെന്നു മറ്റൊരാളും.
ചിലർ ചുമയ്ക്കുന്നു,
ചിലർ ഞരങ്ങുന്നു.
ആ സുന്ദരമായ കവിതയെക്കുറിച്ച്
സൂര്യനൊരൂഹവുമില്ല.
പൂച്ചയ്ക്കുമില്ല,
എലിക്കുമില്ല.
വീടിപ്പോഴും കല്ലില്പണിതതു തന്നെ,
മേശ- മരത്തിലും.
പക്ഷേ ഒരു ഗ്ളാസ്സിൽ നിന്നു
ഞാൻ കുടിക്കുന്ന വെള്ളം
പെട്ടെന്നു മധുരിക്കുന്നു,
പുല്ലു പോലെ പച്ചയുമാവുന്നു.
ഞാനതിനെ മേലേക്കുയർത്തുന്നു,
എന്റെ തലയ്ക്കുമുയരത്തിൽ.
പിന്നെ ഞാനവിടെ
മൂന്നു വട്ടം മുട്ടുകാലിൽ വീഴുന്നു,
മേശയെ ചുംബിക്കുന്നു,
വീടിനെ ചുംബിക്കുന്നു!
പിന്നെ ഞാനോരോ പഴുതിലും തിരയുന്നു,
ആ കുഞ്ഞുചുണ്ടെലിയെ.
*

Rajzel Zychlinsky (1910-2001)- പോളണ്ടുകാരിയായ ഒരു യിദ്ദിഷ് കവിയാണ്.

2025, ജനുവരി 22, ബുധനാഴ്‌ച

പാവേൽ ഫ്രീഡ്‌മൻ - പൂമ്പാറ്റ

 



അതവസാനത്തേതായിരുന്നു.
ശരിക്കുമവസാനത്തെ.
അത്രയ്ക്കും കണ്ണഞ്ചിക്കുന്ന തെളിഞ്ഞ മഞ്ഞ.
വെളുത്ത കല്ലിൽ വീണുചിതറുന്ന
സൂര്യന്റെ കണ്ണീരുപോലെ.
എത്രയെളുപ്പത്തിലാണതു കയറിപ്പോയത്,
അതുമെത്ര ഉയരത്തിലേക്ക്!
അതെ, ലോകത്തിനതു നല്കുകയായിരുന്നു,
ഒരന്ത്യചുംബനം.

ഏഴാഴ്ചയായി ഞാനിവിടെ ജീവിക്കുന്നു,
ഈ ജൂതക്കോളണിയിൽ.
എന്നാലെന്നെ സ്നേഹിക്കുന്നവർ
എന്നെക്കണ്ടെത്തിയതിവിടെ.
ഡെയ്സിപ്പൂക്കളെന്നെ വിളിക്കുന്നു,
മുറ്റത്തെ വെളുത്ത ചെസ്റ്റ്നട്ടുകൾ
ചില്ലകൾ കാട്ടിയെന്നെ വിളിക്കുന്നു.
എന്നാൽ മറ്റൊരു പൂമ്പാറ്റയെ ഞാൻ കണ്ടില്ല.
ഞാൻ കണ്ടതവസാനത്തെപ്പൂമ്പാറ്റയെയായിരുന്നു.
പൂമ്പാറ്റകളിവിടെ ജീവിക്കില്ല,
ഈ കോളണിയിൽ.
*


ഹോളോകാസ്റ്റിന്റെ ഇരയായ Pavel Friedmann (1921-1944) എന്ന ചെക്കോസ്ലവാക്ക്യൻ കവിയുടെ ഏറ്റവും പ്രശസ്തമായ കവിതയാണിത്. 21 വയസ്സുള്ളപ്പോൾ ജർമ്മൻ അധിനിവേശസേന അദ്ദേഹത്തെ തെരേസിയെൻസ്റ്റാഡ്റ്റ് കോൺസെൻട്രേഷൻ ക്യാമ്പിലേക്കയച്ചു. 1942 ജൂൺ 4നാണ്‌ അദ്ദേഹം ഈ കവിതയെഴുതുന്നത്. 1944ൽ ഓഷ്‌വിറ്റ്സ് കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് അദ്ദേഹത്തെ മാറ്റുകയും അവിടെ വച്ച്  വധിക്കുകയുമായിരുന്നു. 

യുദ്ധാനന്തരമാണ്‌ തെരേസിയെൻസ്റ്റാഡ്റ്റ് ക്യമ്പിൽ നിന്ന് ഈ കവിത കണ്ടുകിട്ടുന്നത്. ഹോളോകാസ്റ്റിൽ ജീവൻ നഷ്ടമായ 15 ലക്ഷം കുട്ടികളുടെ പ്രതീകമായി 15 ലക്ഷം കടലാസ് പൂമ്പാറ്റകളെ സൃഷ്ടിച്ച Butterfly Project-നു പ്രചോദനമായത് ഈ കവിതയാണ്.

മിലാൻ കുന്ദേര - നോവലിനെക്കുറിച്ച്

 നോവൽ ഒന്നിനും സ്ഥിരീകരണം നല്കുന്നില്ല; നോവൽ അന്വേഷിക്കുകയും ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുകയുമാണു ചെയ്യുന്നത്. ഞാൻ കഥകൾ സൃഷ്ടിക്കുകയും ഒന്നിനെതിരെ മറ്റൊന്നു നിരത്തുകയും ചെയ്യുന്നു; അതുവഴി ഞാൻ ചോദ്യങ്ങൾ ചോദിക്കുകയാണ്‌. ഏതു കാര്യത്തിനും ഒരുത്തരം കാണുന്നതിൽ നിന്നാണ്‌ ആളുകളുടെ മൂഢത ഉണ്ടാകുന്നത്. ഏതിനും ഒരു ചോദ്യം ചോദിക്കുന്നതിൽ നിന്നാണ്‌ നോവലിന്റെ ജ്ഞാനം ഉണ്ടാകുന്നത്. ഡോൺ ക്വിക്സോട്ട് ലോകത്തേക്കിറങ്ങിയപ്പോൾ ആ ലോകം അയാളുടെ കണ്ണുകൾക്കു മുന്നിൽ ഒരു നിഗൂഢതയായി മാറുകയായിരുന്നു. ആദ്യത്തെ യൂറോപ്യൻ നോവൽ നോവലിന്റെ പിന്നീടുള്ള ചരിത്രത്തിനാകെക്കൂടി നീക്കിവച്ച പൈതൃകമാണത്. ലോകത്തെ ഒരു ചോദ്യമായി ഗ്രഹിക്കാൻ നോവലിസ്റ്റ് വായനക്കാരനെ പഠിപ്പിക്കുകയാണ്‌. ആ മനോഭാവത്തിൽ ജ്ഞാനവും സഹിഷ്ണുതയുമുണ്ട്. അലംഘനീയമായ തീർച്ചകളിൽ പടുത്ത ഒരു ലോകത്ത്, അതിനി മാർക്സോ ഇസ്ലാമോ മറ്റെന്തെങ്കിലുമോ ആകട്ടെ, നോവൽ മൃതമാണ്‌. സമഗ്രാധിപത്യത്തിന്റെ ലോകം ഉത്തരങ്ങളുടെ ലോകമാണ്‌, ചോദ്യങ്ങൾ അവിടെയില്ല. അവിടെ നോവലിനു സ്ഥാനവുമില്ല. ലോകത്തെവിടെയും ആളുകൾക്കിഷ്ടം വിധി കല്പിക്കാനാണ്‌, മനസ്സിലാക്കാനല്ല; ഉത്തരം നല്കാനാണ്‌, ചോദിക്കാനല്ല. അതിനാൽത്തന്നെ മനുഷ്യന്റെ തീർച്ചകളുടെ മുഖരമായ മൂഢതയ്ക്കു മുകളിൽ നോവലിന്റെ ശബ്ദം വേറിട്ടു കേൾക്കാനുമില്ല.

(മിലൻ കുന്ദേര ഫിലിപ്പ് റോത്തിനോടു പറഞ്ഞത്)

നിക്കി ജിയോവന്നി - സ്ത്രീ

 


പാടത്തൊരു പുല്ക്കൊടിയായാൽ മതിയായിരുന്നു
അവൾക്ക്,
അയാൾക്കെന്നാലൊരു ജമന്തിയാകാൻ
സമ്മതമായിരുന്നില്ല

ഇലകൾക്കിടയിലിരുന്നു പാടുന്നൊരു
വണ്ണാത്തിക്കിളിയാകാൻ കൊതിയായിരുന്നു
അവൾക്ക്,
അയാൾക്കെന്നാലവളുടെ മരമാകാൻ
സമ്മതമായിരുന്നില്ല

ഒരു വല നെയ്ത,തിൽ കിടന്നാൽ മതിയായിരുന്നു 
അവൾക്ക്,
അവളുടെ മൂലയാകാതയാൾ നെട്ടനേ നിന്നു

അവളൊരു പുസ്തകമാകാൻ നോക്കി
അതു വായിക്കില്ലെന്ന വാശിയായിരുന്നു അയാൾക്ക്

മണ്ണിനടിയിലവളൊരു കിഴങ്ങായി
അവളെ വളരാൻ വിടില്ലെന്നായിരുന്നു അയാൾ

താനൊരു സ്ത്രീയാകാൻ പോവുകയാണെന്നവൾ നിശ്ചയിച്ചു
ഒരു പുരുഷനാകാനപ്പോഴുമയാൾ വിസമ്മതിച്ചുവെങ്കിലും
എന്നാലങ്ങനെയാവട്ടെയെന്നവളും തീരുമാനിച്ചു

*

വ്ലാദിമിർ നബക്കോഫ് - ഒരു കവിത

 

ചെറുതിൽ, കാലുറയ്ക്കാതെ വീഴുമ്പോൾ,
മണ്ണിലാവട്ടെ, പരവതാനിയിലാവട്ടെ,
അനക്കമില്ലാതെ മലർന്നടിച്ചവൻ കിടക്കും,
കരയണോ എഴുന്നേല്ക്കണോ എന്നു തീരുമാനമാവും വരെ.

യുദ്ധം കഴിഞ്ഞിപ്പോൾ ഒരു കുന്നിഞ്ചരിവിൽ
അനക്കമില്ലാതെ മലർന്നടിച്ചവൻ കിടക്കുന്നു,
എന്നാലവനൊന്നും തീരുമാനിക്കാനില്ല,
കരയാനോ എഴുന്നേല്ക്കാനോ ആവില്ലെന്നതിനാൽ.

*

2025, ജനുവരി 21, ചൊവ്വാഴ്ച

ബോർഹസ്- ടാഗോറിനെക്കുറിച്ച്

 സർവ്വാദരണീയനും സൗമ്യനുമായ രവീന്ദ്രനാഥടാഗോറുമായി സംസാരിക്കുക എന്ന ഒരല്പം ഭീതിദമായ ബഹുമതിയ്ക്ക് പതിമൂന്നുകൊല്ലം മുമ്പ് എനിക്കവസരമുണ്ടായി. ബോദ്‌ലേറുടെ കവിതയെക്കുറിച്ചാണ്‌ ഞങ്ങൾ സംസാരിച്ചത്.

ആരോ ഒരാൾ La Mort des amants (പ്രണയികളുടെ മരണം), കിടക്കകളും സോഫകളും പൂക്കളും ചിമ്മിനികളും കണ്ണാടികളും മാലാഖമാരുമൊക്കെക്കൊണ്ട് സുസജ്ജമായ ആ ഗീതകം, ചൊല്ലി. ടാഗോർ അതീവശ്രദ്ധയോടെ കേട്ടിരുന്നു; എന്നാൽ ഒടുവിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു, “നിങ്ങളുടെ ഈ ഫർണീച്ചർക്കവിയെ എനിക്കിഷ്ടമാകുന്നില്ല!” എനിക്കതിനോട് അകമഴിഞ്ഞ സമ്മതമായിരുന്നു. ഇപ്പോൾ, അദ്ദേഹത്തിന്റെ കൃതികൾ വീണ്ടും വായിക്കാനെടുക്കുമ്പോൾ, എനിക്കു സംശയമാകുന്നു, അദ്ദേഹത്തിന്റെ അനിഷ്ടത്തിനു കാരണം റൊമാന്റിക് ലൊട്ടുലൊടുക്കുകളോടുള്ള വെറുപ്പിനെക്കാളേറെ അസ്പഷ്ടതയോടുള്ള അദമ്യമായ സ്നേഹമായിരുന്നില്ലേയെന്ന്. 

വേരുറച്ചുപോയ കൃത്യതയില്ലായ്മയാണ്‌ ടാഗോർ. അദ്ദേഹത്തിന്റെ ആയിരത്തൊന്നു വരികളിൽ ലിറിക്കൽ സംഘർഷമില്ല, വാക്കുകളുടെ മിതത്വം തീരെയുമില്ല. ആമുഖത്തിൽ അദ്ദേഹം പ്രസ്താവിക്കുന്നു, “രൂപങ്ങളുടെ കടൽക്കയത്തിൽ താൻ മുങ്ങിപ്പോയിരിക്കുന്നു”വെന്ന്. ഈ ബിംബം ടാഗോറിന്റെ തനതുലക്ഷണമാണ്‌; ദ്രവരൂപവും രൂപരഹിതവുമാണത്.


(ടാഗോറിന്റെ കൃതികളെ നിരൂപണം ചെയ്തുകൊണ്ട് ബോർഹസ് 1937ൽ എഴുതിയത്.)

ഹൊസെ ലൂയിസ് ഹിഡാൽഗൊ - മരണം



ദൈവമേ: നിനക്കെല്ലാമുണ്ട്,
അന്ധകാരത്തിൻ്റെ ഒരു മണ്ഡലം,
തെളിഞ്ഞ സ്വർഗ്ഗീയപ്രകാശത്തിൻ്റെ മറ്റൊരു മണ്ഡലം.
എന്നാൽ ദൈവമേ, ഇതൊന്നു പറഞ്ഞുതരൂ,
മരിച്ചുപോയവർ ചെന്നുകയറുന്നതിരുട്ടിലേക്കോ വെളിച്ചത്തിലേക്കോ?

നിൻ്റെ സന്തതികളാണു ഞങ്ങൾ,
അതെ, നീ ജനിപ്പിച്ചവർ,
വിഷണ്ണമായ പാടങ്ങൾ പോലെ
ഞങ്ങളുടെ നഗ്നദേഹങ്ങൾ ഞങ്ങൾ നിനക്കു സമർപ്പിക്കുകയും ചെയ്യുന്നു,
നിൻ്റെ രണ്ടു നഖരങ്ങളുടെ വെറുപ്പിനല്ലെങ്കിൽ, സ്നേഹത്തിന്.

ഒരു യുദ്ധത്തിൻ്റെ ഭീകരാരവം
ഞങ്ങൾക്കുള്ളിലവ്യക്തമായി മുഴങ്ങുന്നു,
നീയവിടെ പൊരുതുകയാണല്ലോ,
നിനക്കു നിന്നെ കീഴടക്കാനുമാവുന്നില്ലല്ലോ,
ഞങ്ങളോ, ചോര ചിന്തിയ പടനിലവുമാകുന്നു.

പറയൂ, പറയൂ, ദൈവമേ,
നിൻ്റെ യുദ്ധത്തിനായി നീയെന്തിനു
ഞങ്ങളെത്തന്നെ തിരഞ്ഞെടുത്തു?
ഒടുവിൽ, മരണത്തിൽ, ഞങ്ങളെന്തു നേടുന്നു,
ഒടുങ്ങാത്ത സമാധാനമോ അടങ്ങാത്ത കൊടുങ്കാറ്റോ?
*

Jose Lis Hidalgo (1919-1947)-സ്പാനിഷ് കവിയും ചിത്രകാരനും.

ഫ്രാങ്ക് ഒ ഹാര - ആത്മകഥ

 


കുട്ടിയായിരുന്നപ്പോൾ
പള്ളിക്കൂടമുറ്റത്തിന്റെ ഒരു മൂലയ്ക്ക്
ആരുമാരും കൂട്ടില്ലാതെ
ഒറ്റയ്ക്കു ഞാനെന്റെ കളികൾ കളിച്ചിരുന്നു.

പവകളെനിക്കു വെറുപ്പായിരുന്നു,
കളികളിൽ കൂടുന്നതെനിക്കു വെറുപ്പായിരുന്നു,
മൃഗങ്ങളെന്നോടിണങ്ങിയിരുന്നില്ല,
കിളികളെന്നെക്കണ്ടു വിരണ്ടുപറന്നു.

ആരെങ്കിലുമെന്നെയന്വേഷിച്ചാൽ
ഒരു മരത്തിനു പിന്നിലൊളിച്ചുകൊണ്ട്
ഞാനിങ്ങനെ വിളിച്ചുപറയും:
“എനിക്കച്ഛനും അമ്മയുമില്ല.”

എന്നിട്ടിപ്പോഴിതാ,
സൗന്ദര്യത്തിന്റെ ഒത്ത നടുക്കു ഞാൻ!
ഈ കവിതകളെഴുതിക്കൊണ്ട്!
ഒന്നോർത്തുനോക്കൂ!

*

2025, ജനുവരി 8, ബുധനാഴ്‌ച

രവീന്ദ്രനാഥടാഗോർ -ഒരു കഥ പറയൂ

 


സംസാരിക്കാറാവുമ്പോഴേ കുട്ടി പറയുന്നു: “ഒരു കഥ പറയൂ.”
മുത്തശ്ശി കഥ പറയാൻ തുടങ്ങുന്നു: “പണ്ടൊരിക്കൽ ഒരു രാജകുമാരനുണ്ടായിരുന്നു; രാജകുമാരന്റെ ചങ്ങാതിയായിരുന്നു മന്ത്രിയുടെ മകൻ...”
അപ്പോഴേക്കും സ്കൂൾ മാഷ് ഇടപെടുന്നു: “മുന്നാലു പന്ത്രണ്ട്.”
അഭ്യുദയകാംക്ഷികൾ കുട്ടിയുടെ ചെകിട്ടിൽ ഇടിവെട്ടുകയാണ്‌: “മുന്നാലു പന്ത്രണ്ട്; അതൊരു വസ്തുതയാണ്‌, രാജകുമാരനൊക്കെ കെട്ടുകഥയും; അതിനാൽ-”
അതുപക്ഷേ കുട്ടിയുടെ മനസ്സിലേക്കു കടക്കുന്നതേയില്ല; അവന്റെ മനസ്സ് ഭൂപടത്തിലില്ലാത്ത ഒരു ദേശത്തേക്കു പറന്നുകഴിഞ്ഞിരിക്കുന്നു; അവിടെയാണ്‌ രാജകുമാരൻ ഒരു രാക്ഷസന്റെ കഥ കഴിച്ചത്. അവിടേക്കു പറന്നെത്താനുള്ള ചിറകുകൾ ഒരു ഗണിതത്തിനും മുളച്ചിട്ടുമില്ല.
അഭ്യുദയകാംക്ഷികൾ തല കുലുക്കിക്കൊണ്ടു പറയുന്നു: “വളർത്തുദോഷം, വളർത്തുദോഷം; ഇതിനൊക്കെ നല്ല മരുന്ന് ചൂരല്ക്കഷായം തന്നെയാണ്‌.”
സ്കൂൾ മാഷ് മുത്തശ്ശിയുടെ വായടപ്പിച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഒരു കഥപറച്ചിലുകാരന്റെ സ്ഥാനം മറ്റൊരു കഥപറച്ചിലുകാരൻ ഏറ്റെടുത്തുകഴിഞ്ഞു. അവരിങ്ങനെ വന്നുകൊണ്ടേയിരിക്കുകയാണ്‌. അഭ്യുദയകാംക്ഷികൾ വിഫലമായി ആവർത്തിക്കുന്നു: “ഈ അമ്മൂമ്മക്കഥകളൊന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയതല്ല. അവയെല്ലാം വെറും പൊളിയാണ്‌.”
കുട്ടിയെ നവീകരിക്കാനുള്ള ശ്രമം നിരന്തരം നടക്കുകയാണ്‌, പ്രൈമറി സ്കൂളിൽ നിന്ന് ഹൈസ്കൂളിലേക്ക്, സ്കൂളിൽ നിന്നു കോളേജിലേക്ക്. അവനു പക്ഷേ, ഒരാവശ്യമേയുള്ളു: “ഒരു കഥ പറയൂ.”
ലോകത്തെല്ലായിടത്തും, വീടുവീടാന്തരം, ഓരോ കൊല്ലം കഴിയുന്തോറും, കഥകൾ കൂമ്പാരം കൂടുകയാണ്‌, എഴുത്തായി, അല്ലെങ്കിൽ വാമൊഴിയായി; മനുഷ്യന്റെ മറ്റേതു പൈതൃകത്തെയും അതിശയിക്കുന്നതുമാണത്.
അഭ്യുദയകാംക്ഷികൾ ഒരു കാര്യം ചിന്തിക്കാൻ മറന്നുപോയി: കഥകൾ മെനയുക എന്നത് സ്രഷ്ടാവിന്റെതന്നെ ഒരു വിനോദമായിരുന്നുവെന്നത്. സ്രഷ്ടാവിൽ നിന്ന് ഈ ശീലം പറിച്ചെടുത്തുകളഞ്ഞാലല്ലാതെ മനുഷ്യരിൽ നിന്നതു പോകാൻ പോകുന്നില്ല.
അനാദിയായൊരു കാലത്ത്, തന്റെ പണിയാലയിൽ മൂലഭൂതങ്ങളെ കൂട്ടിയും പിരിച്ചും സൃഷ്ടിയുടെ തിരക്കിലായിരുന്നു സ്രഷ്ടാവ്. പ്രപഞ്ചമന്ന് വാതകരൂപത്തിലുള്ള ഒരു പിണ്ഡം മാത്രമായിരുന്നു. പാറകളും ലോഹങ്ങളും അടുക്കടുക്കായി വീണുകിടന്നിരുന്നു. ആ ദിവസമാണ്‌ നിങ്ങൾ സ്രഷ്ടാവിനെ കാണുന്നതെങ്കിൽ അങ്ങനെയൊരു ശിശുഹൃദയം അവനിലുള്ളതായി നിങ്ങൾ സംശയിക്കുകപോലുമില്ല. അന്നവൻ ചെയ്തതൊക്കെ “മൂർത്തമായ” കാര്യങ്ങളായിരുന്നു.
പിന്നെയാണ്‌ ജീവന്റെ ആരംഭമുണ്ടാകുന്നത്. പുല്ക്കൊടികൾ മുളച്ചു, മരങ്ങൾ വളർന്നുയർന്നു, കിളികളുടേയും മൃഗങ്ങളുടേയും മീനുകളുടേയും വരവായി. ചിലവ കൂടുകൾ കെട്ടി. ചിലവ മണ്ണിനു മുകളിലൂടെ പാഞ്ഞുനടന്നു. ചിലവ വെള്ളത്തിനടിയിലൊളിച്ചു.
യുഗങ്ങൾ കടന്നുപോയി. ഒടുവിൽ, ഒരു ദിവസം, സ്രഷ്ടാവ് മനുഷ്യനെ സൃഷ്ടിച്ചു. അന്നേരം വരെ അവൻ ഒരു പകുതി ശാസ്ത്രജ്ഞനും ഒരു പകുതി വാസ്തുശില്പിയുമായിരുന്നു. ഇപ്പോഴവൻ ഒരു സാഹിത്യകാരനായി.
കഥകളിലൂടെ അവൻ മനുഷ്യാത്മാവിനെ അനാവരണം ചെയ്യാൻ തുടങ്ങി. ജന്തുക്കൾ ഭക്ഷിക്കുകയും ഉറങ്ങുകയും സന്തതികളെ ജനിപ്പിക്കുകയും ചെയ്തു. എന്നാൽ മനുഷ്യന്റെ ജീവിതം നീങ്ങിയത് കഥാവസ്തുക്കളിലൂടെയാണ്‌- വികാരവും വികാരവും തമ്മിൽ, വ്യക്തിയും സമൂഹവും തമ്മിൽ, ശരീരവും മനസ്സും തമ്മിൽ, തൃഷ്ണയും തിരസ്കാരവും തമ്മിൽ ഇടയുമ്പോൾ രൂപപ്പെടുന്ന നീർച്ചുഴികളിലൂടെ. വെള്ളത്തിന്റെ ഒഴുക്കാണ്‌ പുഴയെന്നപോലെ കഥയുടെ ഒഴുക്കാണ്‌ മനുഷ്യൻ. രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുമ്പോൾ അനിവാര്യമായും ഉയരുന്ന ചോദ്യം ഇതായിരിക്കും: “എന്തൊക്കെയാണ്‌ വിശേഷം? പിന്നീടെന്തു സംഭവിച്ചു?” ഇതിനുള്ള ഉത്തരങ്ങൾ കൊണ്ടു നെയ്തെടുത്ത ഒരു വല ഈ ലോകമാകെ വലയം ചെയ്തിരിക്കുന്നു. അതാണ്‌ ജീവന്റെ കഥ, മനുഷ്യന്റെ യഥാർത്ഥചരിത്രം.
കഥയും ചരിത്രവും ചേർന്നാണ്‌ നമ്മുടെ ലോകം സൃഷ്ടിക്കുന്നത്. മനുഷ്യന്‌ അശോകന്റെയും അക്ബറുടെയും ചരിത്രം മാത്രമല്ല യാഥാർത്ഥ്യം; അത്രതന്നെ യഥാർത്ഥമാണവന്‌ ഒരനർഘരത്നം തേടി ഏഴു കടലുകൾ താണ്ടിയ രാജകുമാരന്റെ കഥയും. മനുഷ്യന്‌ മിത്തുകളിലെ ഒരു വ്യക്തി ചരിത്രത്തിലെ ഒരു വ്യക്തിയെപ്പോലെതന്നെ യഥാർത്ഥമാണ്‌. കൂടുതൽ വിശ്വാസ്യമായ വസ്തുത ഏതെന്നതല്ല കാര്യം, കൂടുതൽ ആസ്വാദ്യമായ കഥ ഏതെന്നതാണ്‌. മനുഷ്യൻ ഒരു കലാസൃഷ്ടിയാണ്‌. അവനെ രൂപപ്പെടുത്തിയപ്പോൾ ഊന്നൽ കൊടുത്തത് യാന്ത്രികമോ ധാർമ്മികമോ ആയ വശത്തിനല്ല, ഭാവനാത്മകതയ്ക്കാണ്‌. മനുഷ്യന്റെ അഭ്യുദയകാംക്ഷികൾ ആ സത്യം മറയ്ക്കാൻ നോക്കുകയാണ്‌; എന്നാൽ സത്യം ആളിക്കത്തി ആ മറ എരിച്ചുകളയുന്നു. ഒടുവിൽ മനുഷ്യന്റെ അഭ്യുദയകാംക്ഷികളും സ്കൂൾ മാഷന്മാരും എന്തു ചെയ്യുന്നു? അവർ ധാർമ്മികതയും കഥയും തമ്മിൽ ഒരനുരഞ്ജനത്തിനു പഴുതുണ്ടോയെന്നു നോക്കുന്നു. എന്നാൽ രണ്ടും തമ്മിൽ നേരിൽ കാണുമ്പോഴൊക്കെ ഒന്ന് മറ്റൊന്നിനെ കൊത്തിനുറുക്കുകയാണു ചെയ്യുന്നത്; അതിന്റെ അവശിഷ്ടങ്ങൾ കൂമ്പാരം കൂടുകയും ചെയ്യുന്നു.

2025, ജനുവരി 5, ഞായറാഴ്‌ച

ആശാപൂർണ്ണാദേവി - വഞ്ചകി



ആ രണ്ടുപേരെയും വായും പൊളിച്ചു നോക്കിനില്ക്കാൻ വിട്ടിട്ട് ടാക്സി കുതിച്ചുപാഞ്ഞു. പൊടിയും പറത്തി വണ്ടി പോയിമറഞ്ഞ ദിക്കിലേക്കു നോക്കി ഇരുവരും ദേഷ്യത്തോടെ അല്പനേരം നിന്നു. എന്നിട്ട് “വാ, എന്തെങ്കിലുമാവട്ടെ! ഇതിലൊക്കെ നമുക്കെന്തു കാര്യം!” എന്നു പരസ്പരം പറഞ്ഞുകൊണ്ട് അക്ഷമ പൂണ്ട ഒരു തിടുക്കത്തോടെ അവർ സ്ഥലം വിട്ടു.

കുറേ വളവും തിരിവും കഴിഞ്ഞ് ടാക്സി ഒടുവിൽ ഒരു കല്യാണവീട്ടിനു മുന്നിൽ ചെന്നുനിന്നു. ഇതൊരു മുപ്പതിനായിരം രൂപാക്കല്യാണമായിരുന്നു! ആ ചെലവിന്റെ പൊലിമയ്ക്കു നിരക്കുന്ന വിധമായിരുന്നു, ദീപാലങ്കാരങ്ങളും കല്യാണമണ്ഡപവും പ്രവേശനകവാടത്തിലെ വിതാനിക്കലും.

അനിന്ദിത സെന്നും വിവാഹിതയായ മകൾ അജന്ത ബോസും ടാക്സിയിൽ നിന്നിറങ്ങി; അവരുടെ വേഷവും മട്ടും അവർ ചെന്നിറങ്ങിയ ആ ആഡംബരസന്ദർഭത്തിന്‌ ശരിക്കും യോജിച്ചുപോകുന്നതായിരുന്നു.

ഇങ്ങനെയൊരു സന്ദർഭത്തിൽ ടാക്സി പിടിച്ചു ചെല്ലേണ്ടിവന്നതിന്റെ സങ്കടം വന്നു മുട്ടി നില്ക്കുകയായിരുന്നു അനിന്ദിത സെന്നിന്റെ മനസ്സിൽ. എന്തു പറയാൻ, ഭാഗ്യക്കേടെന്നല്ലാതെ? അന്നുതന്നെ വേണമായിരുന്നു അവരുടെ ഭർത്താവിന്‌ കാറുമെടുത്ത് ഓഫീസ് കാര്യത്തിനായി സോനാർപൂരിലോ ബരാസത്തിലോ അങ്ങനെയേതോ സ്ഥലത്തോ പോകാൻ!

കല്യാണം നടക്കുന്നത് അനിന്ദിത സെന്നിന്റെ സഹോദരന്റെ വീട്ടിലാണ്‌; അദ്ദേഹത്തിന്റെ മകളുടെ കല്യാണമാണന്ന്. കഴിഞ്ഞ കുറേ ദിവസങ്ങളും അന്നു രാവിലെയും അവർ ആ വീട്ടിൽ ചെന്നിരുന്നു, ഇത്രയും അണിഞ്ഞൊരുങ്ങൽ ഒന്നുമില്ലാതെ. ഇപ്പോഴവർ മകളുമൊത്ത് ടാക്സിയിൽ വന്നിരിക്കുകയാണ്‌, കണ്ണഞ്ചിക്കുന്ന പട്ടുസാരിയും കസവും മുത്തുകളുമൊക്കെയായി.

ചിരിയും സംസാരവും ഒരുമിച്ചു നടത്തിക്കൊണ്ടാണ്‌ അവർ വണ്ടിയിൽ നിന്നിറങ്ങിയതുതന്നെ. ചെറുക്കൻകൂട്ടർ വന്നുകഴിഞ്ഞോ? ആദ്യത്തെ പന്തിക്കാരെ പറഞ്ഞുവിട്ടോ? അനിന്ദിത സെന്നിന്റെ നാവിനു വിശ്രമമില്ല.

അത്രയും വാചാലയായിരുന്നില്ല അവരുടെ മകൾ, അജന്ത ബോസ്; വേഷവും ചമയവും കണ്ടാൽ പക്ഷേ, കണ്ണു മഞ്ഞളിച്ചുപോവും! അവളും കല്യാണപ്പെണ്ണും ഒരേ പ്രായക്കാരും കുട്ടിക്കാലം മുതലേ വലിയ കൂട്ടുകാരുമായിരുന്നു. അതിനാൽ ആ അവസരത്തിലുടുക്കാൻ പ്രത്യേകമൊരു വേഷം തന്നെ അവൾ പറഞ്ഞുചെയ്യിക്കുകയായിരുന്നു. അതൊരു ബംഗാളി സ്ത്രീയുടെ വേഷമായിരുന്നില്ല, മറിച്ച്, ലഖ്നൗവിലെ ഒരു കൊട്ടാരം നർത്തകിയുടേതായിരുന്നു. ദുപ്പട്ടയും ഘാഗ്രയും ചോളിയും അതിനോടു ചേരുന്ന ആഭരണങ്ങളുമൊക്കെയായപ്പോൾ അതൊരു പുതുമയായിരുന്നു എന്നതിൽ സംശയമില്ല.

എന്നാൽ അമ്മയും മകളും ടാക്സിയിൽ നിന്നിറങ്ങിയ നിമിഷം ആളുകൾ പരസ്പരം നോക്കാൻ തുടങ്ങി. അതിനി അവരുടെ വേഷം കണ്ടിട്ടാണോ, അതിലെ ധാരാളിത്തം കൊണ്ട്?

അത്രയും അനുചിതമായിപ്പോയോ അവരുടെ വേഷവും മട്ടും?

ഒരുങ്ങിപ്പിടിച്ചു വന്നവർ വേറെയും ഉണ്ടായിരുന്നല്ലോ. ആ മോണിക്ക റോയ് മുടി കെട്ടിവച്ചിരിക്കുന്നതു കണ്ടാൽ സർദാർജിയുടെ തലപ്പാവു പോലിരിക്കും!  ഹേന ഹൽദാറെ നോക്കൂ; വിരലിനെക്കാൾ നീളത്തിലാണ്‌ അവർ നഖങ്ങൾ നീട്ടിവളർത്തിയിരിക്കുന്നത്. ഈ വിവാഹം മുന്നിൽ കണ്ടുകൊണ്ട് അവർ നഖം വളർത്താൻ തുടങ്ങിയിട്ട് എത്ര മാസമായിട്ടുണ്ടാകും! മൂന്നു വ്യത്യസ്തനിറങ്ങളിൽ അവരതിൽ ചായം തേച്ചിട്ടുമുണ്ട്. 

എന്നിട്ടെന്തുകൊണ്ടാണ്‌ ആരുമവരെ വിചിത്രജീവികളെക്കണക്കെ തുറിച്ചുനോക്കാത്തത്?  

തന്നെയുമല്ല, വിവാഹത്തിന്റെ ചിരിയുടേയും ഉല്ലാസത്തിന്റെയും ഒച്ചകൾക്കടിയിൽ ഒരസ്വാസ്ഥ്യത്തിന്റെ, ചെറിയൊരു പ്രതിഷേധത്തിന്റെ അന്തർധാര ഉണ്ടെന്നും തോന്നിയിരുന്നു- പുറമേ കേൾക്കാതെയുള്ള ഒരു മന്ത്രിക്കൽ.

ആരായിരുന്നു അതിന്റെ ഉന്നം? 

എവിടെയും ആളുകൾ തമ്മിൽത്തമ്മിൽ അടക്കം പറയുന്നതുപോലെ കാണപ്പെട്ടു. എന്താണവർ പറയുന്നത്?

ആരും അവരെ മാത്രം വേറിട്ടുകാണുകയായിരുന്നു എന്നല്ല; എന്നാലും കല്യാണത്തിനു വന്നവരുടെയെല്ലാം കണ്ണുകൾ ഒരുമിച്ചൊരു വിരലായി അവരെത്തന്നെ ചൂണ്ടുകയായിരുന്നു എന്നു തോന്നി. അനിന്ദിത സെന്നിനെയും അവരുടെ മകളെയും. 

തമാശയെന്തെന്നാൽ, അവരിതൊന്നും അറിയുന്നതേയുണ്ടായില്ല; അവർ ആകെ രസം പിടിച്ചു നടക്കുകയായിരുന്നല്ലോ! അനിന്ദിത സെൻ വാതോരാതെ സംസാരിക്കുകയായിരുന്നു; ഇടമുറിയാത്ത ആ വാഗ്ധോരണി ത്രിലോകങ്ങളും, ഭൂമിയും സ്വർഗ്ഗവും പാതാളവും, പോയിവന്നു. അജന്ത ബോസ് ആവട്ടെ, ഒരു കൂട്ടം സ്ത്രീകൾക്കു നടുവിൽ ഇരിക്കുകയായിരുന്നു, ഒരു റാണിയീച്ചയെപ്പോലെ.

എന്നാൽ-

അജന്ത ഓർക്കുകയായിരുന്നു: എന്തുകൊണ്ടാണ്‌ വിചാരിച്ചവിധം താൻ സന്തോഷവതിയാകാത്തത്? എവിടെയോ ഈണം മുറിഞ്ഞപോലെ; എവിടെയോ താളമൊന്നു പിഴച്ചപോലെ. തന്ത്രികളിൽ അജന്തയുടെ വിരലുകൾ പതറിപ്പോവുകയാണ്‌.

ലഖ്നൗവിലെ നർത്തകിയെപ്പോലുള്ള തന്റെ വേഷമാണോ ആളുകൾക്കു പിടിക്കാതെവന്നത്? അതെങ്ങനെ ശരിയാവും? തൊട്ടുമുമ്പു നടന്ന അവളുടെ കല്യാണത്തിനല്ലേ, ഈ കസിൻ ഒരു കാശ്മീരി പഴക്കച്ചവടക്കാരിയുടെ വേഷത്തിൽ ആടിയും പാടിയും എല്ലാവരുടെയും ഹൃദയം കവർന്നത്? ഒന്നരക്കൊല്ലം കൊണ്ട് അജന്തയ്ക്ക് അത്രയ്ക്കു പ്രായമായോ, അതൊന്നും ഇനി ചേരില്ലെന്ന മട്ടിൽ? 

എന്തായാലും വരനൊന്നു വന്നോട്ടെ. അജന്ത അവർക്കു കാണിച്ചുകൊടുക്കുന്നുണ്ട്. തന്റെ പട്ടും ചിരിയും കളിതമാശയുമൊക്കെ കാണുമ്പോൾ ആ പാവത്താനു സമ്മതിച്ചുകൊടുക്കേണ്ടിവരും, തങ്കം പോലത്തെ ഒരു നാത്തൂനെയാണ്‌ തന്റെ ഭാര്യയ്ക്കു കിട്ടിയിരിക്കുന്നതെന്ന്. 

അനിന്ദിതയുടെ മനസ്സിൽ ഇതൊന്നും ഉണ്ടായിരുന്നില്ല.

മിന്നൽ പോലെ അവരിങ്ങനെ വന്നും പോയും കൊണ്ടിരുന്നു.

“ചടങ്ങുകളൊക്കെ എല്ലാവർക്കും അറിയാമല്ലോ? നമ്മളെത്ര പുരോഗമനം പറഞ്ഞാലും കല്യാണങ്ങളിൽ ചടങ്ങൊന്നും ഒഴിവാക്കാൻ പറ്റില്ല.”

“അല്ല, നീയെപ്പോൾ വന്നു! ഞാൻ നിന്നെ കണ്ടതേയില്ലല്ലോ. ഈ നെക്ലസ് ഇപ്പോഴെങ്ങാനും പണിയിച്ചതാണോ?... ഉഷസീ, എന്തു നല്ല സാരി! എവിടുന്നു വാങ്ങിയതാ?...പിള്ളേരേ, ഇതെന്താ, മീൻ പൊരിച്ചത് വിളമ്പാതെ നിങ്ങൾ തന്നെ അകത്താക്കുകയാണോ, ഞാൻ കണ്ടില്ലെന്നാണോ വിചാരിച്ചത്?.. പാൻ കൊടുക്കുന്നതാരാ? ഒന്നെനിക്ക്...പെണ്ണിന്റമ്മയെവിടെ? വന്നിട്ടു കണ്ടതേയില്ലല്ലോ? അമ്മായിയമ്മ ചമഞ്ഞ് ആരെയും കാണാതെയിരിക്കാൻ പോവുകയാണോ!“

അവർ നാവിനു വിശ്രമം കൊടുക്കില്ലെന്നു നേർച്ചയെടുത്തിരിക്കുകയാണെന്നു തോന്നി. 

പെട്ടെന്നൊരു തിക്കും തിരക്കുമുണ്ടായി. “ചെറുക്കൻ വന്നു! ചെറുക്കൻ വന്നു!” കടല്ക്കരയിൽ കൂറ്റനൊരു തിര വന്നാഞ്ഞടിച്ചപോലെയായിരുന്നു.  ആളുകളുടെ എണ്ണം കൂടുന്നതിനൊത്ത് ബഹളവും കൂടി. വരൻ്റെ വരവാഘോഷിക്കുന്നവരുടെ രീതി അസാധാരണമാണെന്നു പറയാനുമില്ല; എവിടെയും അവർ അങ്ങനെതന്നെയാണ്. അവരുടെ താളം മുറിയുന്നില്ല. അവർ പുരുഷന്മാരാണ്. 

ഇവിടെപ്പക്ഷേ-

ഒരു കമ്പി പെട്ടെന്നു വലിഞ്ഞുപൊട്ടി. മണവാളനെ എതിരേൽക്കാനായി വിവാഹിതരായ സ്ത്രീകൾ താലമെടുക്കാൻ വരുമ്പോഴാാണ് അതുണ്ടായത്. ഒരു താലമെടുക്കാൻ മുന്നോട്ടു ചെന്നതാണ് അജന്ത. അന്നുകാലത്ത് അതൊരുക്കാൻ അവളും കൂടിയതാണല്ലോ. 

അജന്തയുടെ അമ്മായി, വധുവിൻ്റെ അമ്മ, ഒരു പരുന്തിനെപ്പോലെ അവളുടെ കയ്യിൽ നിന്ന് താലം റാഞ്ചിയെടുത്തിട്ടു പറഞ്ഞു, "ഞങ്ങൾ ചെയ്തോളാം, ഈ ഘാഗ്രയും ദുപ്പട്ടയുമൊക്കെയിട്ട് നീ അതെടുക്കേണ്ട..."

അപമാനം കൊണ്ട് അജന്തയുടെ കണ്ണു നിറഞ്ഞു. "ഇതു നേരത്തേ പറയാഞ്ഞതെന്താ, മാമീ? അവൾ പറഞ്ഞു. "ഞാൻ സാരിയുടുത്തു വരുമായിരുന്നല്ലോ."

മുഖം വീർപ്പിച്ചുകൊണ്ട് അമ്മായി പറഞ്ഞു, "എന്തിനാ! പെണ്ണുങ്ങളാണോ ഇല്ലാത്തത്! ഏഴു വേണ്ടിടത്ത് എഴുപത്തേഴുണ്ട്."

അതു ശരിയായിരുന്നു.

എഴുപത്തേഴ്.

പക്ഷേ അങ്ങനെ കൂട്ടത്തിൽ ഒരാളാവേണ്ടതാണോ അജന്ത?

പണക്കാരനായ അച്ഛൻ്റെ മകളും ഒരു പണക്കാരൻ്റെ ഭാര്യയുമായ സുന്ദരിയായ അജന്ത തൻ്റെ അമ്മാവൻ്റെയും അമ്മായിയുടേയും വീട്ടിലെ ഒരു ചടങ്ങിലെ കേന്ദ്രബിന്ദുവാകേണ്ടതല്ലേ?

ചുണ്ടു കടിച്ചുകൊണ്ട് അജന്ത മനസ്സിൽ പറഞ്ഞു: "ഈ ഘാഗ്രയാണ് പറ്റിച്ചത്."

പക്ഷേ അവൾക്കതു മനസ്സിലായില്ല.

അവൾ എന്താണു ധരിക്കാൻ പോകുന്നതെന്ന് എല്ലാവർക്കും അറിവുള്ളതായിരുന്നല്ലോ. അവൾ ദുപ്പട്ട വാങ്ങാൻ പോയപ്പോൾ അമ്മായി കൂടെ ഉണ്ടായിരുന്നതുമാണ്. 

അവിടെ തടിച്ചുകൂടിയ ആ സ്ത്രീകളായിരിക്കണം ഇതിനൊക്കെ പിന്നിൽ. എന്തായാലും വരനെ എതിരേൽക്കാൻ താൻ പോകുന്നില്ല; ചടങ്ങുകളൊക്കെക്കഴിഞ്ഞ് എല്ലാവരും കൂടിയിരിക്കുമ്പോൾ രസകരമായിട്ടെന്തെങ്കിലും പറയുന്ന കാര്യം താൻ ഏറ്റെടുത്തേക്കാം.

പക്ഷേ അതുപോലും ഒരാൾക്കും സ്വീകാര്യമായി തോന്നിയില്ലെന്ന മട്ടായിരുന്നു. 

അടക്കിപ്പിടിച്ച സംസാരവും അമർത്തിവച്ച പ്രതിഷേധവും ഇപ്പോൾ അടക്കിപ്പിടിച്ചതും അമർത്തിവച്ചതും അല്ലാതായിക്കഴിഞ്ഞിരിക്കുന്നു.

തീവ്രമായ കോപവും രോഷാകുലമായ വെറുപ്പും കൊണ്ട് വീടിപ്പോൾ പൊട്ടിത്തെറിക്കുമെന്ന നിലയിലാണ്. താഴത്തെ നിലയിൽ, ഗ്ലാസ്സുകളും മൺപാത്രങ്ങളും സൂക്ഷിക്കുന്ന മുറിയിൽ വച്ച് ഒരു യോഗം വിളിച്ചിരിക്കുകയാണ്.  അനിന്ദിത സെന്നിൻ്റെ രണ്ടു ചേച്ചിമാർ പങ്കെടുക്കുന്നുണ്ട്, അതുപോലെ വധുവിൻ്റെ അമ്മയും ചേച്ചിയും. വധുവിൻ്റെ അച്ഛനെക്കൂടി വിളിച്ചിട്ടുണ്ട്; അദ്ദേഹം ഏതു നിമിഷവും അവിടെയെത്താം.

ആളുകളുടെ വികാരവിക്ഷുബ്ധമായ സംസാരത്തിന് മൂർച്ച കൂടിക്കൂടിവരികയാണ്: "അവളിനിയും ഇങ്ങനെ പോകാനാണോ നോക്കുന്നത്? ഇതു കഴിഞ്ഞാൽ അവൾ കൗഡി കളിക്കാനും കൂടുമല്ലോ! അവൾ ഇപ്പോഴേ മണിയറയിൽ പോയി സ്ഥാനം പിടിച്ചുകഴിഞ്ഞു. അനിയെ വിളിക്കൂ. ദൈവത്തെയോർത്ത് അവളെ കാര്യം പറഞ്ഞു മനസ്സിലാക്കൂ. ഇതുപോലൊരു ദിവസം ഇങ്ങനെയാണോ പെരുമാറേണ്ടത്? ഉറക്കെപ്പറയാനും പറ്റില്ലല്ലോ ദൈവമേ, ചടങ്ങൊക്കെ അലങ്കോലമാവില്ലേ? എന്നാലും..."

വധുവിൻ്റെ ജ്യേഷ്ഠൻ വന്നു. അയാളുടെ മുഖത്താകെ പരിഭ്രമവും വെപ്രാളവുമായിരുന്നു, നെറ്റിയിൽ ദേഷ്യത്തിൻ്റെ ചുളിവുകളും.

"എന്താ വേണ്ടത്? നിങ്ങളെന്താ തീരുമാനിച്ചത്?"

"നിങ്ങളെല്ലാം പറയുന്നപോലെ. അവനോടു വരാൻ പറഞ്ഞിരുന്നു. അവനെവിടെ?"

"വരുന്നുണ്ട്. എൻ്റെ കൂടെ വന്നവർ ആഹാരം കഴിക്കുകയാണ്..."

വധുവിൻ്റെ അച്ഛൻ സ്ഥലത്തെത്തി. 

അയാളാകെ വിരണ്ടിട്ടാണ്. അയാളുടെയും മുഖത്ത് സങ്കടമല്ല, നിസ്സഹായതയായിരുന്നു. 

"ഞാൻ പറയുന്നത്, അതിങ്ങനെയങ്ങു പോയാലെന്താ? അനിക്കൊന്നും അറിയില്ലല്ലോ. സെൻ മശായിക്കു ശരിയായി തോന്നുന്നതെന്തായാലും..."

"ആഹഹ! ഇങ്ങനെതന്നെ വേണം പറയാൻ!" വധുവിൻ്റെ അമ്മ കുരച്ചുചാടി. "എനിക്ക് ഈയൊരു മകളേയുള്ളു, എന്നിട്ട് നിങ്ങൾ പറയുന്നു..."

പറഞ്ഞുതീർത്തതിനെക്കാൾ കനം കൂടും പാതിപറഞ്ഞുനിർത്തിയ വാചകത്തിന്. കഷണ്ടി തടവിക്കൊണ്ട് വധുവിൻ്റെ അച്ഛൻ പറഞ്ഞു, "എന്നാൽ ഞാനൊന്നു പറയാം. സെൻ മശായിക്ക് ബരാാസത്തിൽ നിന്ന് ഇവിടെയെത്താൻ പറ്റില്ലെന്നും അദ്ദേഹത്തിനു നല്ല സുഖമില്ലെന്നും അവരെ അറിയിക്കൂ; അതിനാൽ  അനിന്ദിതയും അജന്തയും..."

അതെല്ലാവർക്കും സ്വീകാര്യമായി.

അതാണ് ആണിൻ്റെ തല! അമ്മയ്ക്കും മോൾക്കും പെട്ടെന്നുതന്നെ സ്ഥലം വിടാതെ പറ്റില്ല; എന്നാൽ കല്യാണവിരുന്നുകാർ ഒന്നുമറിയാനും പോകുന്നില്ല. 

ഈ സമയത്ത് അജന്ത വധുവിനോട് സ്വന്തം ഭർത്താവിനെക്കുറിച്ച് അതുമിതും പരാതി പറയുകയായിരുന്നു. "എന്തൊരാളാണെന്നു നോക്കൂ! ഒരു മര്യാദയുമില്ല! കത്തിൽ ഞാൻ എങ്ങനെയൊക്കെ പറഞ്ഞുനോക്കിയതാണെന്നറിയാമോ? നിൻ്റെ അച്ഛനമ്മമാരും എഴുതിയിരുന്നു. ആളുകൾ ഒരു കല്യാണത്തിനായി ഇംഗ്ലണ്ടിൽ നിന്നുവരെ വരും. ഇവിടെ അങ്ങേർക്ക് ദുർഗാപ്പൂരിൽ നിന്നു വരാൻ എത്ര മണിക്കൂർ വേണം! ...മണവാളൻ എന്തു പറയുന്നു? നിങ്ങൾ പുരുഷന്മാർ ക്രൂരന്മാരല്ലേ!"

മണവാളൻ എന്തു പറയുമായിരുന്നുവെന്ന് ആരറിഞ്ഞു! ഈ സമയത്ത് വധുവിൻ്റെ ജ്യേഷ്ഠൻ വന്ന് ഗൗരവസ്വരത്തിൽ അജന്തയെ വിളിച്ചു, "അജന്താ, ഒന്നിവിടം വരെ വരൂ."

അജന്തയുടെ ഹൃദയസ്പന്ദനം ഒരുനിമിഷം ഒന്നു നിലച്ചു. ആ വിളിയിൽ ഒരശുഭസൂചനയുണ്ടായിരുന്നു. അവൾ എഴുന്നേറ്റുകൊണ്ടു ചോദിച്ചു, "എന്താ, രംഗ ദാ?"

"അല്ലാ, നിൻ്റെ അച്ഛനെന്തോ സുഖമില്ലെന്നോ മറ്റോ...നിങ്ങൾ വീട്ടിലേക്കു ചെന്നാൽ നന്നായിരിക്കും."

അജന്ത വിളറി. അവൾ ചോദിച്ചു, "സുഖമില്ലാത്തതുകൊണ്ടാണോ ബാബ വീട്ടിൽ പോയത്?"

"ഏയ്, അല്ല; അമ്മാവൻ വന്നതേയില്ല."

"വന്നില്ലെന്നോ? മാ! മാ എവിടെയാ?"

"താഴെ എവിടെയോ ഉണ്ട്."

രംഗ ദാ തിടുക്കത്തിൽ സ്ഥലം വിട്ടു.

സങ്കടമുണ്ടെങ്കിലും നിസ്സഹായനായിരുന്നു അയാൾ; അശുഭകാര്യങ്ങൾക്കു മുന്നിൽ വൈകാരികത കാണിച്ചിട്ടു കാര്യമില്ല. അയാൾ അനിന്ദിതയെ വിവരമറിയിക്കാൻ പോയി.

അനിന്ദിതയുടെ ആദ്യപ്രതികരണം ആശ്ചര്യമായിരുന്നു. "എന്ത്, അമ്മാവൻ വന്നിട്ടുതന്നെയില്‌ലെന്നാണോ നീ പറയുന്നത്! ഞാൻ കരുതിയത് ആൾ സദ്യയും കഴിഞ്ഞ് ഞങ്ങളോടു പറയാതെ പോയെന്നാണ്."

അനിന്ദിതയുടെ പതഞ്ഞുപൊങ്ങിയ ആവേശം പക്ഷേ, ചുറ്റിനുമുയർന്നുനിന്ന നിശ്ശബ്ദതയുടെ ചുമരിലിടിച്ചുനിന്നു.

അനിന്ദിത മകളെയും പിടിച്ച് ധൃതിയിൽ ഒരു കാറിനുള്ളിലേക്കു കയറി. റോഡിരുവശവും നിർത്തിയിട്ടിരുന്ന കാറുകളിലൊന്നിൻ്റെ ഡ്രൈവർ അവരെ വീട്ടിലെത്തിക്കുന്ന കാര്യം സ്വയം ഏറ്റെടുത്തിരുന്നു.

അച്ഛൻ്റെ അവസ്ഥയോർത്ത് ആകെ ഉത്കണ്ഠയിലായിരുന്നു അജന്ത. "ബാബ എങ്ങനെയായിരിക്കുമോ? റുണുവിൻ്റെ കല്യാണത്തിനു പോലും വരാൻ പറ്റിയില്ലെങ്കിൽ അച്ഛനു തീരെ സുഖമില്ലായിരിക്കും."

അതേസമയം അനിന്ദിതയുടെ മുഖം കണ്ടാൽ അവരുടെ മനസ്സിലുള്ളതെന്താണെന്നു പറയുക അസാദ്ധ്യമായിരുന്നു. തന്നെ വലയ്ക്കാൻ ആ ദിവസം തന്നെ നോക്കിവച്ച ഭർത്താവിനോടുള്ള ദേഷ്യത്താൽ അവർ കല്ലായിപ്പോയതാണെന്നുവരാം. അവരുടെ കണ്ണുകൾ സ്ഫടികം കൊണ്ടുണ്ടാക്കിയപോലെ തോന്നിയത് എന്തുകൊണ്ടാണ്?

സാരിയും കസവും മുത്തുമൊക്കെയായി കാറിൽ നിന്നു ചാടിയിറങ്ങിയ അജന്ത സ്തബ്ധയായിപ്പോയി. അച്ഛന് ഒരസുഖവുമില്ല! അദ്ദേഹം വീട്ടിനു മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.

എന്താണു പറ്റിയത്?

അവൾ അയാൾക്കടുത്തേക്ക് ഓടിച്ചെന്നു, "എന്തുപറ്റി, ബാബാ?"

"അകത്തു പോ," ഇടിവെട്ടും പോലെ അയാൾ പറഞ്ഞു.

ഇതെന്താ ഇങ്ങനെ!

അജന്തയുടെ കണ്ണു നിറഞ്ഞു.

ഇന്നെല്ലാവരും തന്നെ അപമാനിക്കാൻ ഒരുമ്പെട്ടിരിക്കുകയാണല്ലോ!

ബനാറസി ദുപ്പട്ട കൊണ്ടു കണ്ണു മറച്ച് അവൾ വീട്ടിനുള്ളിലേക്കു കയറിപ്പോയി. 

അവളുടെ പിന്നാലെ അനിന്ദിതയും അകത്തേക്കു കയറാൻ പോവുകയായിരുന്നു. ഭർത്താവിനോടുള്ള കോപം അത്രയ്ക്കായതുകൊണ്ടാവാം, അയാളോട് ഒന്നും മിണ്ടാൻ അവർ നിന്നില്ല.

"നിൽക്ക്," സെൻ പറഞ്ഞു.

അനിന്ദിത തിരിഞ്ഞുനിന്നു.

അവരുടെ വെളുത്ത ബനാറസി പട്ടുസാരിയുടെ നിറപ്പകിട്ടുള്ള അഞ്ചലം മിന്നലിളക്കി. അവരുടെ മുഖം അവജ്ഞ കൊണ്ടെന്നപോലെ ചുളിഞ്ഞു. "എന്താ, എന്നെ കുറ്റവിചാരണ ചെയ്യാൻ പോവുകയാണോ?"

സെന്നിൻ്റെ ക്ഷമ നശിച്ചു.

"നിർത്ത്," അയാൾ ഒച്ച വച്ചു. "നിങ്ങൾ ഇവിടുന്നു പോകുന്നതിനു മുമ്പ് ദുർഗ്ഗാപ്പൂരിൽ നിന്നു രണ്ടുപേർ വന്നിരുന്നോ?"

അനിന്ദിത കുറ്റിയടിച്ചപോലെ നിന്നു. "വന്നിരുന്നു," അവർ പറഞ്ഞു.

"അവരെന്താ പറഞ്ഞത്?"

അനിന്ദിത മുമ്പത്തേതിലും അക്ഷോഭ്യയായി നിന്നുകൊണ്ടു പറഞ്ഞു, "ഒന്നും പറഞ്ഞില്ല. ഞാൻ അതിനനുവദിച്ചില്ല."

"അനുവദിച്ചില്ലെന്നോ!"

"ഇല്ല."

അതെ. അനിന്ദിത അവരെ വായ തുറക്കാൻ സമ്മതിച്ചില്ല.

അവർ പറയുകയായിരുന്നു, "ഞങ്ങൾ ദുർഗ്ഗാപ്പൂരിൽ നിന്നു വരികയാണ്..."

അനിന്ദിത അവരുടെ മുഖത്തു നോക്കിയിരുന്നു. അനിന്ദിത അവരുടെ മുഖം വായിച്ചിരുന്നു. അതിനാൽ താനല്പം തിരക്കിലാണെന്ന് അവർ അഭിനയിച്ചു. "ഒന്നു നാളെ വരാമോ? എനിക്കിപ്പോൾ തീരെ സമയമില്ല, ഞങ്ങളൊന്നു പുറത്തുപോവുകയാണ്."

സഹി കെട്ട് യാചിക്കുന്നപോലെ അവർ പറഞ്ഞു, "നിങ്ങൾക്കു കാര്യം മനസ്സിലായില്ല; വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. നിഷിത് ബോസ് നിങ്ങളുടെ മകളുടെ ഭർത്താവല്ലേ? ഇന്ന് ദുർഗ്ഗാപ്പൂരിൽ വച്ച്..."

"ഓ, മനസ്സിലായി. ഇന്നു വരാൻ പറ്റില്ലെന്നല്ലേ? അവൻ വരില്ലെന്ന് എനിക്കറിയാമായിരുന്നു! അതിനിങ്ങനെ ആളെ വിട്ട് അറിയിക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു..."

അനിന്ദിത ദേവി മകളെയും ടാക്സിയിൽ തള്ളിക്കയറ്റി താനും കയറി.

വന്നവർ ആകെ വിറളി പിടിച്ചവരെപ്പോലെയായി; അവർ വണ്ടിയുടെ മുന്നിലേക്കു ചാടിവീണുവെന്നും പറയാം: "ഞങ്ങൾക്കു പറയാനുള്ളതൊന്നു കേൾക്കണം; ഇന്നു കാലത്ത് പതിനൊന്നു മണിയ്ക്ക് മിസ്റ്റർ ബോസ്-"

"പതിനൊന്നു മണിയ്ക്കോ!" അനിന്ദിത ആശ്ചര്യത്തോടെയെന്നപോലെ ചോദിച്ചു. "അയാൾ പതിനൊന്നു മണിയ്ക്കു വരുമെന്നോ? ആ സമയത്തു ട്രെയിനൊന്നും ഇല്ലല്ലോ. കാറിലാണോ വരുന്നത്? അതു നന്നായി! എന്നാല്പിന്നെ, നമസ്കാരം. വേറൊന്നും തോന്നരുതേ. എനിക്കല്പം ധൃതിയുണ്ട്."

ആ രണ്ടുപേരും വായും പൊളിച്ചുനിൽക്കുമ്പോൾ ടാക്സി അവരെയും കടന്നു കുതിച്ചുപാഞ്ഞു. 

അജന്ത അപ്പോൾ ഉത്കണ്ഠയോടെ ചോദിച്ചിരുന്നു, "അവരെന്താ പറഞ്ഞത്, മാ?"

അനിന്ദിത ആ ചോദ്യം കേട്ടില്ലെന്നു നടിക്കുകയായിരുന്നു.

അവർ പറഞ്ഞു, "ആ പാവത്തിനു വരാൻ പറ്റില്ലെന്ന്; അവനെ ആരും കുറ്റം പറയാതിരിക്കാൻ ആളെ വിട്ടിരിക്കുകയാണ്, പറ്റിയാൽ റോഡു വഴി വരാമെന്ന് നമ്മളോടു പറയാൻ."

അജന്ത മുഖം വീർപ്പിച്ചുകൊണ്ടു പറഞ്ഞു, "വരില്ലെന്ന് അല്ലെങ്കിലും എനിക്കറിയാമായിരുന്നു. അന്നേ പറഞ്ഞിരുന്നു, 'നിൻ്റെ കസിൻ്റെ കല്യാണത്തിനു പോകാൻ രണ്ടു ദിവസത്തെ അവധിയെടുക്കാനോ? നിനക്കു വട്ടുണ്ടോ?'"

അനിന്ദിത ഇതെല്ലാം വ്യക്തമായി ഓർത്തു.

ദേഷ്യം പിടിച്ച കടുവയെപ്പോലെ സെൻ അമറുകയായിരുന്നു. "അവർ പറയുന്നതു കേൾക്കാൻ പോലും നിനക്കു സമയമില്ലായിരുന്നോ? അത്ര തിരക്കായിരുന്നോ നിനക്ക് കല്യാണത്തിനു പോകാൻ?"

ഭർത്താവിൻ്റെ കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കിക്കൊണ്ട്, ഓരോ വാക്കും വ്യക്തമായി ഉച്ചരിച്ചുകൊണ്ട് അനിന്ദിത ഇങ്ങനെ പറഞ്ഞു: "അവർക്കു പറയാനുള്ളത് കേൾക്കേണ്ട കാര്യമില്ലായിരുന്നു. അതവരുടെ മുഖത്ത് എഴുതിവച്ചിട്ടുണ്ടായിരുന്നു."

"നീ എന്തൊക്കെയാ പറയുന്നത്?" സെൻ അണിഞ്ഞൊരുങ്ങിനിൽക്കുന്ന ഭാര്യയെ രണ്ടു കൈ കൊണ്ടും പിടിച്ചുകുലുക്കിക്കൊണ്ട് ചോദിച്ചു. "അവരുടെ മുഖം കണ്ടിട്ട് നിനക്കു കാര്യം മനസ്സിലാായെന്നോ! നിഷിത് മരിച്ചുപോയെന്നറിഞ്ഞിട്ടും നീ-"

"അതെ, അറിഞ്ഞിട്ടുതന്നെ ചെയ്തതാണ്. അതുകൊണ്ട് ഈ ലോകത്തിനെന്തെങ്കിലും ചേതം പറ്റിയോ? വലിയ സന്തോഷത്തോടെ അജന്ത ഒരു കല്യാണത്തിനു കൂടാൻ ഒരുങ്ങിപ്പുറപ്പെടുമ്പോൾ ഞാനെന്താ, അവളെ പിടിച്ചുനിർത്തി പറയണമായിരുന്നോ- നിൻ്റെ ജീവിതം തീർന്നു, നിനക്കിനി ഒന്നും ആശിക്കാനില്ല, നീയിനി ഈ ലോകത്തില്ല എന്ന്? അതുകൊണ്ട് ലോകത്തിനെന്തു നേട്ടമുണ്ടാകാൻ?"

"നിൻ്റെ കവിതയൊക്കെ നിർത്ത്! അഭിനയത്തിന് ഒരു പരിധിയൊക്കെയുണ്ട്. നിഷിതിൻ്റെ ഒരമ്മാവന് നിൻ്റെ നാത്തൂൻ്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് നിനക്കറിയില്ലേ? കല്യാണത്തിനു വന്നവരൊക്കെ വല്ലാതായിപ്പോയി. അപ്പോഴാണ് നീയും മകളും ഡാൻസുകാരികളെപ്പോലെ വേഷവുമിട്ടുകൊണ്ട്..."

ആ കുറ്റപ്പെടുത്തൽ കേട്ടിട്ട് അനിന്ദിതയ്ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. അവർ അതിനതീതയായിക്കഴിഞ്ഞിരിക്കാം. അവർ പറഞ്ഞു, "ഏടത്തിയുടെ വീട്ടിലെ ആരോ ഒരാൾ നിഷീതിൻ്റെ അമ്മാവനാണെന്ന് എനിക്കറിയാം. ആ വാർത്ത ഇത്രയും പെട്ടെന്ന് കുടുംബക്കാരിലൂടെ അവിടെയെത്തിയതാണ് എനിക്കു മനസ്സിലാകാത്തത്. ആ കുട്ടി കഴിഞ്ഞ ആറുമാസമായി റുണുവിൻ്റെ കല്യാണത്തിൽ പങ്കെടുക്കാൻ ആശിച്ചിരിക്കുകയല്ലേ, അവൾക്ക് അങ്ങനെയൊരു സന്തോഷം കിട്ടിക്കോട്ടെയെന്ന് ഞാൻ ചിന്തിച്ചു. അവളുടെ ജീവിതത്തിൽ അവൾക്കിനി ഒരു സന്തോഷവും കിട്ടാൻ പോകുന്നില്ലല്ലോ. ഇനി മുതൽ നീറിക്കത്താനുള്ളതല്ലേ അവളുടെ ജീവിതം? നിത്യതയുടെ കലവറയിൽ നിന്ന് മൂന്നു മണിക്കൂർ മോഷ്ടിച്ചാൽ ആരതറിയാൻ പോകുന്നു, എന്നാണ് ഞാനോർത്തത്. അതു ഫലിച്ചില്ല എന്നെനിക്കിപ്പോൾ മനസ്സിലാാകുന്നു. ആ നിസ്സാരമായ മോഷണത്തിനു നേരേ ലോകം മുഴുവൻ വാളോങ്ങിനിൽക്കുകയായിരുന്നു..."

അനിന്ദിതയുടെ പൗഡർ പൂശിയ മുഖത്തുകൂടി ഒലിച്ചിറങ്ങുന്ന കണ്ണീരിലേക്ക് ഒരു നിമിഷം നോക്കിനിന്നിട്ട് സെൻ കുറ്റപ്പെടുത്തുന്നപോലെ പറഞ്ഞു, "നീ പറഞ്ഞ ന്യായം മനസ്സിലായി. പക്ഷേ നിനക്കിങ്ങനെ അണിഞ്ഞൊരുങ്ങാനും ചടങ്ങിൽ പങ്കെടുക്കാനുമൊക്കെ എങ്ങനെ കഴിഞ്ഞു? അവൾക്കൊന്നും അറിയില്ല എന്നതു ശരി, നിനക്കറിയാമായിരുന്നല്ലോ? എന്നിട്ടും കല്യാണത്തിനു കൂടാൻ നിനക്കെങ്ങനെ തോന്നി?"

"ആളുകളെ കബളിപ്പിക്കാമെന്നാണ് ഞാൻ കരുതിയത്. ഞാനെന്തു വിഡ്ഢി! എനിക്കെങ്ങനെ അതിനു കഴിഞ്ഞു എന്നല്ലേ നിങ്ങളുടെ അത്ഭുതം? മനുഷ്യരല്ലേ, അവർക്കെന്തുതന്നെ കഴിയില്ല? നിങ്ങൾ ഇപ്പോൾ ചെയ്തതും അതുതന്നെയല്ലേ? നിങ്ങളുടെ മകളുടെ നിത്യവൈധവ്യത്തിൽ നിന്ന് മൂന്നു മണിക്കൂർ ഞാനെന്തിനു മോഷ്ടിച്ചുവെന്നതിനു വിശദീകരണം ചോദിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്?"

*

ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായ ആശാപൂർണ്ണാദേവി (1909-1995) സാഹിത്യവേദിയിൽ സ്ഥാനം പിടിച്ച ആദ്യത്തെ സ്തീകളിൽ ഒരാളാണ്. ബംഗാളിലെ മദ്ധ്യവർഗ്ഗകുടുംബങ്ങളുടെ സ്വകാര്യജീവിതമായിരുന്നു പ്രധാനമായും അവരുടെ പ്രമേയം. പ്രഥമപ്രതിശ്രുതി, സുവർണ്ണലത, ബകുലിൻ്റെ കഥ എന്നിവയടങ്ങിയ നോവൽത്രയമാണ് പ്രധാനകൃതി. 









ജയിംസ് സാൾട്ടർ- ജീവിക്കാനുള്ള ശരിയായ വഴി

 ചോദ്യം: യാത്രകൾ താങ്കളുടെ എഴുത്തിനെ സഹായിക്കുന്നുണ്ടോ?

ജയിംസ് സാൾട്ടർ: അതെനിക്ക് ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്‌. പുതിയ പാതകളും പുതിയൊരു വെളിച്ചത്തിൽ വസ്തുക്കൾ കാണുന്നതും പോലൊരു സാഹചര്യം വേറേ കിട്ടാനില്ല. യാത്രകളോട് ഞാൻ പൊരുത്തപ്പെട്ടുകഴിഞ്ഞു. പുതിയ മുഖങ്ങൾ കാണുന്നതോ പുതിയ കഥകൾ കേൾക്കുന്നതോ അല്ല കാര്യം, ജീവിതത്തെ വ്യത്യസ്തമായൊരു രീതിയിലൂടെ നോക്കാൻ കഴിയുന്നു എന്നതാണ്‌ പ്രധാനം. നാടകത്തിന്റെ മറ്റൊരങ്കത്തിലേക്ക് തിരശ്ശീല ഉയരുകയാണത്.

എഴുത്തുകാരന്റെ ശരിക്കുള്ള തൊഴിൽ യാത്രയാണെന്നു കരുതുന്ന ആദ്യത്തെ വ്യക്തിയല്ല ഞാൻ. ഒരർത്ഥത്തിൽ എഴുത്തുകാരൻ എന്നുപറഞ്ഞാൽത്തന്നെ ഒരു ദേശഭ്രഷ്ടനാണ്‌, പരദേശിയാണ്‌, താനറിഞ്ഞ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടേയിരിക്കുകയാണയാൾ; ഒരിടത്തും തങ്ങിനില്ക്കാതിരിക്കുക എന്നത് അയാളുടെ ജീവിതത്തിന്റെ ഭാഗവുമാണ്‌. പ്രകൃത്യാ നാം  യാത്രികരാണ്‌. പുരാതനകാലത്തു പലരും വഴിയിൽ കിടന്നാണു മരിച്ചത്; ആ ബിംബം മനസ്സിൽ നിന്നു മായില്ല. അറേബ്യയിലെ രാജാക്കന്മാർ മരിച്ചുകഴിഞ്ഞാൽ ഗംഭീരമായ ശവകുടീരങ്ങളിലല്ല അവരെ അടക്കുക; പാതവക്കിൽ വെറും കല്പലകയ്ക്കടിയിലാണ്‌ അവരെ അടക്കുന്നത്. വളരെക്കാലം മുമ്പ് ഇംഗ്ലണ്ടിൽ കണ്ട ഒരു കാഴ്ച ഇന്നും എന്റെ മനസ്സിൽ നിന്നു മാഞ്ഞിട്ടില്ല. ഒരു ചെറിയ ഗ്രാമത്തിൽ ആരെയോ കാണാൻ പോവുകയായിരുന്നു ഞാൻ. റയിൽവേ സ്റ്റേഷനിൽ നിന്ന് പാടം വഴി നടക്കുമ്പോൾ മുതുകത്തൊരു മാറാപ്പുമായി ഒരു വൃദ്ധനെ ഞാൻ കണ്ടു. എഴുപതു കഴിഞ്ഞിട്ടുണ്ടാവും. പിഞ്ഞിക്കീറിയ വേഷത്തിൽ, ഒരു നാടോടിയെപ്പോലെ, എന്നാൽ അന്തസ്സോടെ വടിയും കുത്തി നടന്നുപോവുകയാണയാൾ. ഒരു നായ കൂടെ നടക്കുന്നുണ്ട്. ജീവിതത്തിന്റെ അവസാനത്തെ ചിത്രം അതാകണമെന്ന് ഞാനോർത്തു. യാത്രയ്ക്കിടയിൽ.

*

ചോദ്യം: താങ്കളുടെ കൃതികൾ സാമാന്യത്തിലധികം പുരുഷകേന്ദ്രീകൃതമാണെന്ന് ചില വായനക്കാർക്കു പരാതിയുണ്ട്; എന്നിട്ടും താങ്കൾ പറയുന്നു, സ്ത്രീകളാണ്‌ യഥാർത്ഥ ഹീറോകളെന്ന്. എന്തുകൊണ്ട്?

ജയിംസ്  സാൾട്ടർ: ആരുടെ ഉദ്യമമാണോ കൂടുതൽ ദുഷ്കരം, ആരാണോ അതിനെ നെഞ്ചുറപ്പോടെ നേരിട്ടു ജീവിക്കുന്നത് അവരെയാണ്‌ ഹീറോകളായി ഞാൻ ഗണിക്കുന്നത്. ഈ ലോകത്ത് അതു ചെയ്യുന്നത് സ്ത്രീകളാണ്‌.

ചോദ്യം: “ഒരേയൊരു ധീരകൃത്യ”ത്തിൽ ഒരാൾ പറയുന്നുണ്ട്, “ഇവിടെ നിങ്ങൾ മഹത്വത്തിന്റെ പാതയിലേക്കിറങ്ങുകയാണ്‌.” താങ്കളുടെ രചനാലോകത്ത് ഇപ്പോഴും ഹീറോകളുണ്ട്.

സാൾട്ടർ : ജീവിക്കാനും മരിക്കാനും ഒരു ശരിയായ വഴിയുണ്ടെന്നാണ്‌ എന്റെ വിശ്വാസം. അതു ചെയ്യാൻ കഴിയുന്നവരിൽ എനിക്കു താല്പര്യമുണ്ട്. ഹീറോകളെയോ ഹീറോയിസത്തെയോ ഞാൻ തള്ളിക്കളഞ്ഞിട്ടില്ല. ഹീറോയിസം എന്നു ഞാൻ പറയുന്നത് അതിന്റെ വിശാലമായ അർത്ഥത്തിലാണ്‌, ഗോളെണ്ണത്തിന്റെയോ പട്ടാളമെഡലുകളുടെയോ അടിസ്ഥാനത്തിലല്ല. നിത്യജീവിതത്തിലെ ഹീറോയിസമുണ്ട്. ഞാൻ ഓർക്കുന്നത് യൂഡൊറ വെല്റ്റിയുടെ “നടന്നുപഴകിയൊരു പാത”യിലെ കറുത്ത വർഗ്ഗക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ്‌: തന്റെ പേരക്കുട്ടിക്കുള്ള മരുന്നിനായി അവർ റയില്പാളത്തിലൂടെ മൈലുകൾ നടന്ന് പട്ടണത്തിലേക്കു പോവുകയാണ്‌. അങ്ങനെയുള്ള ഒരർപ്പണബോധം ഹീറോയിക് ആണെന്നു ഞാൻ കരുതുന്നു.

ചോദ്യം : ജീവിക്കാൻ ശരിയായ ഒരു വഴിയുണ്ടെന്നു പറയുമ്പോൾ താങ്കൾ എന്താണുദ്ദേശിക്കുന്നത്? നാമോരോ ആളും സ്വന്തനിലയ്ക്ക് അതു കണ്ടെത്തണമെന്നാണോ പറയുന്നത്?

സാൾട്ടർ: എന്നല്ല; നാമോരുത്തരും അതു കണ്ടെത്തണമെന്നു ഞാൻ പറയുന്നില്ല; അത് വല്ലാത്ത ഒരവ്യവസ്ഥയായിരിക്കും. ഞാൻ പരാമർശിക്കുന്നത് ക്ലാസിക്കലായ, പുരാതനമായ ആ ഏകാഭിപ്രായത്തെയാണ്‌; അതായത്, ചില നന്മകൾ ലോകത്തുണ്ടെന്നും കളങ്കപ്പെടുത്താൻ ആവാത്തതാണ്‌ അവയെന്നുമുള്ളത്.

*

(അമേരിക്കൻ നോവലിസ്റ്റും കഥാകൃത്തുമായ ജയിംസ് സാൾട്ടറുമായി (1925-2015) പാരീസ് റിവ്യുവിനു വേണ്ടി എഡ്വേർഡ് ഹെർഷ് 1993ൽ നടത്തിയ അഭിമുഖത്തിൽ നിന്ന്)