ഏറ്റവും കുലീനമായ കല ജനിക്കുന്നത് തെളിഞ്ഞതും ആരോഗ്യപ്രദവുമായ ഒരന്തരീക്ഷത്തിലാണ്, തുറന്ന ചൂളകളും ഫാക്ടറികളുടെ പുകക്കുഴലുകളും പുറത്തു വിടുന്ന പുകയും കരിയും അഴുക്കും കൊണ്ടു മലിനമായ നമ്മുടെ ഇംഗ്ലീഷ് നഗരങ്ങളിലെ വായുവിലല്ല. നിങ്ങളുടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ബലത്തതും സ്വബോധമുള്ളതും ആരോഗ്യമുള്ളതുമായ ശരീരപ്രകൃതിയുണ്ടാവണം. രോഗികളോ വിഷാദപ്രകൃതികളോ അലസരോ ആയവർ കലയിൽ കാര്യമായൊന്നും ചെയ്യുന്നില്ല. ഒടുവിലായി പറയട്ടെ, ഓരോ സ്ത്രീയും പുരുഷനും സ്വന്തമായ ഒരു വ്യക്തിബോധം ഉള്ളവരുമായിരിക്കണം; എന്തെന്നാൽ, കലയുടെ അന്തഃസത്ത ഇതാണ്: സാദ്ധ്യമായതിൽ വച്ചേറ്റവും അഭിജാതമായ രീതിയിൽ സ്വയം ആവിഷ്കരിക്കാനുള്ള മനുഷ്യന്റെ അഭിലാഷം. ലോകത്തെ ഏറ്റവും ഗംഭീരമായ കല ജനിച്ചത് റിപ്പബ്ലിക്കുകളിലായതിനു കാരണം അതാണ്. ഏഥൻസ്, വെനീസ്, ഫ്ലോറൻസ്: അവിടെങ്ങും രാജാക്കന്മാരുണ്ടായിരുന്നില്ല; അതിനാൽ അവരുടെ കല കുലീനവും ലളിതവും ആത്മാർത്ഥവുമായി. അതേ സമയം, എന്തുതരം കലയാണ് രാജാക്കന്മാരുടെ മൂഢത ഒരു രാജ്യത്തിനു മേൽ അടിച്ചേല്പിക്കുന്നതെന്നു കാണണമെങ്കിൽ ലൂയി പതിന്നാലാമന്റെ, ആ ചക്രവർത്തിസാർവ്വഭൗമന്റെ കാലത്തെ ഫ്രാൻസിലേക്കു നോക്കിയാൽ മതി: സ്വന്തം വൈരൂപ്യത്തെയും ബീഭത്സതയേയും കുറിച്ചുള്ള ബോധത്തിൽ ഞെരിപിരികൊള്ളുന്ന, കടുംചായം തേച്ചതും പൊന്നു പൂശിയതുമായ ഫർണീച്ചറുകൾ, ഓരോ കോണിലും ഇളിച്ചുകൊണ്ടിരിക്കുന്ന ജലദേവതകൾ, ഓരോ നാളിയിലും നാവു നീട്ടിയിരിക്കുന്ന വ്യാളികൾ. അയഥാർത്ഥവും രാക്ഷസീയവുമായ ഈ കല അക്കാലത്തെ ഫ്രാൻസിലെ വിഗ്ഗു വച്ച പൊങ്ങച്ചങ്ങൾക്കു മാത്രം ചേർന്നതുതന്നെ; ഞാനോ നിങ്ങളോ പോലുള്ളവർക്കുള്ളതല്ല. പണക്കാർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സമ്പാദിക്കട്ടെ എന്നല്ല നമ്മുടെ ആഗ്രഹം, മറിച്ച്, പാവപ്പെട്ടവർ സുന്ദരമായ വസ്തുക്കൾ കൂടുതലായി സൃഷ്ടിക്കട്ടെ എന്നാണ്. എനിക്കോ നിങ്ങൾക്കോ ആവശ്യമുള്ള കല ഒരടിമ നെയ്തെടുത്തതും കുഷ്ഠരോഗിയായ ഏതോ രാജാവിന്റെ പാണ്ടു പിടിച്ച ദേഹത്ത് അയാളുടെ സുഖഭോഗങ്ങളുടെ പാപത്തെ അലങ്കരിക്കാനോ മറചുവയ്ക്കാനോ എടുത്തിട്ട കടുംചുവപ്പു പട്ടല്ല; മറിച്ച്, ഒരു ജനതയുടെ കുലീനവും സുന്ദരവുമായ ജീവിതത്തിന്റെ കുലീനവും സുന്ദരവുമായ ആവിഷ്കാരമാവട്ടെയത്.
(ഓസ്കാർ വൈൽഡ്/ from Art and the Craftsman)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ