2025 നവംബർ 6, വ്യാഴാഴ്‌ച

ഗ്രീക്ക് ആന്തോളജി

 സിനോഡോട്ടസ്

ആരാണു പ്രണയത്തെ
പ്രതിമയായി കടഞ്ഞെടുത്തതും
ഈ ജലധാരക്കരികിൽ
അതിനെ കൊണ്ടുവച്ചതും?
അയാൾ കരുതിയോ,
അത്രയുമഗ്നി തണുപ്പിക്കാൻ
ഇത്രയും ജലം മതിയെന്ന്?

സിനോഡോട്ടസ് (ക്രി.മു. മൂന്നാം നൂറ്റാണ്ട്) ഒരു ജലധാരക്കരികിൽ പ്രതിഷ്ഠിച്ചിരുന്ന ഗ്രീക്കു കാമദേവനായ ഇറോസിന്റെ പ്രതിമയെക്കുറിച്ചെഴുതിയത്.

അസ്ക്ളേപിയാഡീസ് 


1
ജനാല പാതി തുറന്നവൾ പുറത്തേക്കു നോക്കവെ
തൃഷ്ണകൾ കൊണ്ടീറനായ മുഖത്തു വന്നേറ്റുവല്ലോ
അവന്റെ കണ്ണുകളിൽ നിന്നൊരു നീലമിന്നൽ.

2

അവൾ മന്ത്രവടിയൊന്നുഴിഞ്ഞപ്പോൾ
ആ വശ്യത്തിനടിമയായി ഞാനെന്നേ.
അവളുടെ സൌന്ദര്യം മുന്നിലെത്തുമ്പോൾ
മെഴുകുപ്രതിമ പോലെ ഞാനലിഞ്ഞുപോകുന്നു.
അവളൊരു കറുമ്പിയാണെങ്കിലെന്തേ,
കൽക്കരിയുമെരിയുമ്പോൾ പനിനീർപ്പൂവല്ലേ?

3

പൊന്നുവിളക്കേ, നിനക്കു മുന്നിൽ വച്ചല്ലേ,
നിശ്ചയമായും വരുമെന്നവളാണയിട്ടത്?
എന്നിട്ടാണല്ലോ അവൾ വരാതിരുന്നത്?
അതിനാൽ വരുന്ന രാത്രിയിലവൾ വരുമ്പോൾ
നീ കണ്ണൊന്നു ചിമ്മുക, പിന്നെക്കെട്ടുപോവുക.
*

(അസ്ക്ളേപിയാഡീസ്  Asklepiades ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു കവി.)

പ്ലേറ്റോ

ആസ്റ്റെർ
—————

ഒരുകാലം നീ തിളങ്ങിയിരുന്നു,
ഒരുദയതാരമായി,
ജീവിച്ചിരിക്കുന്നവർക്കു മേൽ;
ഇന്നു നീ തിളങ്ങുന്നു,
ഒരു സാന്ധ്യതാരമായി,
മരിച്ചവർക്കു മേൽ.
*


ആസ്റ്റെർ
——————
താരകളെ നോക്കിനിൽക്കുന്നുവോ നീ,
എന്റെ ഹൃദയതാരമേ?
ഞാനൊരാകാശമായെങ്കിൽ,
അത്രയും കണ്ണുകളാൽ നിന്നെ നോക്കുവാൻ!
*

പ്ളേറ്റോ പ്രേമിച്ചിരുന്ന ആസ്റ്റെർ (ഗ്രീക്കിൽ നക്ഷത്രം എന്നർത്ഥം) എന്ന ബാലൻ മരിച്ചപ്പോൾ എഴുതിയത്.


ആന്റിപേറ്റർ 
ഓർഫ്യൂസിന്റെ മരണം

——————————

ഇനിയൊരിക്കലുമോർഫ്യൂസ്, നിന്റെ വീണ വഴി കാട്ടുകില്ല,
ശിലകളെ, മരങ്ങളെ, ജന്തുജാലങ്ങളെ.
ആരിനി ശാസിക്കുമിളകിമറിയുന്ന കടലുകളെ?
ആരിനിപ്പാടിയുറക്കും ക്ഷോഭിച്ചെത്തുന്ന കാറ്റുകളെ?
മൃതനായി നീ: നിനക്കായി വിലപിക്കുന്നു,
കവിതയുടെ ദേവതമാർ, നിനക്കമ്മയായ ദേവിയും.
മരിച്ച സന്തതികളെയോർത്തു നാമെന്തിനു കരയുന്നു,
സ്വന്തം ശിശുക്കളെക്കാക്കാൻ ദേവകൾക്കുമാവില്ലെന്നിരിക്കെ?
*

(ആന്റിപേറ്റർ - ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കുകവി)

ഫിലോഡെമോസ് 

എണ്ണ കുടിപ്പിച്ചുന്മത്തമാക്കൂ, കിടക്കവിളക്കിനെ,
നാം പുറത്തു പറയാൻ മടിക്കുന്നതൊക്കെ
നിശ്ശബ്ദം കണ്ടും കേട്ടുമിരിക്കുന്നവനാണവൻ.
പിന്നെയതു കരിന്തിരി കെട്ടും പോകട്ടെ,
ചിലനേരങ്ങളിൽ കാമദേവനഹിതമത്രെ,
എല്ലാം കണ്ടുകൊണ്ടുറങ്ങാതിരിക്കുന്ന സാക്ഷിയെ.
ഇനിയാ വാതിൽ ഭദ്രമിറുക്കിയടയ്ക്കൂ.
പിന്നെ നമുക്കു മിത്രമായ കിടക്ക നമ്മെപ്പഠിപ്പിക്കട്ടെ,
കാമസൂത്രത്തിലെ ശേഷിച്ച രഹസ്യങ്ങൾ.
*

ഫിലോഡെമോസ് ( ക്രി.മു. 110-30) - സീനോയുടെ ശിഷ്യനായ ഗ്രീക്കു കവി


അഭിപ്രായങ്ങളൊന്നുമില്ല: