കാട്
———
കാടെന്നോടു പറഞ്ഞത് വളരെപ്പഴയൊരു കഥയായിരുന്നു.
ആളുകൾ വെളിച്ചപ്പാടിനെത്തേടി അതിന്റെ നിബിഡതയിലൂടിറങ്ങിത്തിരിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്നതെന്നോടു പറഞ്ഞു.
വിശ്വാസികളുടെ സംശയങ്ങൾക്കു തീർപ്പു വരുത്താനായി വെളിച്ചപ്പാടു നിലകൊണ്ട വനഹൃദയമാരും കണ്ടില്ല പക്ഷേ.
അങ്ങനെയൊരു കേന്ദ്രമതിനുണ്ടായിരുന്നില്ലെന്നതിനാൽ,
ആദ്യന്തങ്ങളില്ലാത്ത അതിവിപുലമായൊരു നൂലാമാലയായിരുന്നു കാടെന്നതിനാൽ, ഇന്നുമതങ്ങനെയാണെന്നതിനാൽ,
ഉത്തരങ്ങൾക്കിടമില്ല കാര്യങ്ങളുടെ ക്രമത്തിലെന്നതിനാൽ.
അങ്ങനെയത്രേ, അന്ധരും അജ്ഞരുമായി,
ശൂന്യതയുടെ കീഴ്ക്കാംതൂക്കിലേക്കു നാം നടക്കുന്നു,
വഞ്ചനയുടെ, വെറുപ്പിന്റെ, നുണകളുടെ കാട്ടിൽ വഴി തെറ്റി.
ഞാൻ ദമാസ്കസിലേക്കു പോകുന്ന വഴി
കാടെന്നോടു രഹസ്യത്തിൽ പറഞ്ഞതിതായിരുന്നു.
*
എല്ലാ വാതിലും തുറക്കുക
-------------------------------
എല്ലാ വാതിലും തുറക്കുക:
സ്വർണ്ണത്തിലേക്കു നയിക്കുന്നത്,
നിങ്ങളെ അധികാരത്തിലെത്തിക്കുന്നത്,
പ്രണയത്തിന്റെ നിഗൂഢത ഒളിപ്പിച്ചുവയ്ക്കുന്നത്,
ആനന്ദത്തിന്റെ ഗഹനമായ രഹസ്യം മറച്ചുപിടിക്കുന്നത്,
ഉദാത്തമായൊരു ദർശനത്തിന്റെ സുഖാനുഭൂതിയിൽ
നിങ്ങൾക്കു നിത്യജീവിതം പ്രദാനം ചെയ്യുന്നത്.
എല്ലാ വാതിലും തുറന്നുനോക്കുക,
ജിജ്ഞാസ പുറത്തുകാണിക്കാതെ,
വിലക്കപ്പെട്ട മുറികളുടെ ചുമരുകളിൽ തെറിച്ചുവീണ ചോരപ്പാടുകളെയോ
മച്ചിനെ അലങ്കരിക്കുന്ന രത്നങ്ങളെയോ
ഇരുട്ടത്തു നിങ്ങളുടെ ചുണ്ടുകളെ തേടുന്ന ചുണ്ടുകളെയോ
വാതില്പടികളിൽ പതിയിരിക്കുന്ന വിശുദ്ധവചനത്തെയോ ശ്രദ്ധിക്കാതെ.
ഹതാശമായി, എന്നാൽ മര്യാദ വിടാതെ,
ചിരിയടക്കിക്കൊണ്ട്, കണ്ണീരു തുടച്ചുകൊണ്ട്,
ലോകത്തിന്റെ വിളുമ്പത്ത്, വഴിയുടെ അറ്റത്ത്,
ചുറ്റും ശത്രുവിന്റെ വെടിയുണ്ടകൾ മൂളിപ്പായുന്നതും
രാപ്പാടികൾ പാടുന്നതും കേട്ടുകൊണ്ട്,
സംശയിച്ചുനില്ക്കാതെ,
സഹോദരാ, എല്ലാ വാതിലും തുറക്കുക.
ഉള്ളിൽ ഒന്നുമില്ലെന്നു വന്നാലും.
Luis Alberto de Cuenca - 1950ൽ മാഡ്രിഡിൽ ജനിച്ച സ്പാനിഷ് കവി. നഗരയാഥാർത്ഥ്യത്തിന്റെയും പോപ് സംസ്കാരത്തിന്റെയും ക്ലാസ്സിക്കൽ പൗരാണികതയുടേയും ചേരുവയാണ് അദ്ദേഹത്തിന്റെ കവിതയെന്ന് നിരൂപകർ.
*
അക്വിറ്റെയ്‌നിലെ വില്ല്യം മടങ്ങിവരുന്നു
ശൂന്യതയിൽ നിന്നു ഞാനൊരു കവിതയുണ്ടാക്കട്ടെ.
നീയും ഞാനുമായിരിക്കുമതിലെ പ്രധാനപാത്രങ്ങൾ.
നമ്മുടെ ശൂന്യത, നമ്മുടെ ഏകാന്തത, മാരകവിരസത,
ദൈനന്ദിനപരാജയങ്ങൾ, എല്ലാമതിലുണ്ടാവും,
തീരെച്ചെറുതുമായിരിക്കുമത്, എന്തെന്നാൽ
കുറച്ചു വരികളിലൊതുങ്ങാനുള്ളതേയുള്ളു അവ,
ഒരുപക്ഷേ ഒരേഴുവരികളിൽ, അല്ലെങ്കിലെട്ട്,
ഈ അവസാനത്തെ വരിയും കണക്കിലെടുത്താൽ.
*William of Aquitaine (1086-1126)- കവി കൂടിയായിരുന്ന ഗാസ്കണിയിലെ പ്രഭു; കുരിശുയുദ്ധത്തിൽ പങ്കെടുത്തിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ