ജിജ്ഞാസുക്കൾ
സോളിഡാഡ്, അഞ്ചു വയസ്സ്, ഹുവാനിറ്റ ഫെർണാണ്ടസിന്റെ മകൾ: “നായ്ക്കൾ മധുരം കഴിക്കാത്തതെന്താ?”
വേര, ആറു വയസ്സ്, എൽസ വിയാഗ്രയുടെ മകൾ: “രാത്രി ഉറങ്ങാൻ പോകുന്നതെവിടെയാണ്? ഈ കട്ടിലിനടിയിലാണോ രാത്രി ഉറങ്ങാൻ കിടക്കുന്നത്?”
ലൂയിസ്, ഏഴു വയസ്സ്, ഫ്രാൻസിസ്ക ബെർമൂഡെസിന്റെ മകൻ: “വിശ്വസിച്ചില്ലെങ്കിൽ ദൈവമെന്നോടു കോപിക്കുമോ? ഇതെങ്ങനെ ദൈവത്തിനോടു പറയണമെന്ന് എനിക്കറിഞ്ഞുകൂടാ.”
മാർക്കോസ്, ഒമ്പതു വയസ്സ്, സിൽവിയ അവാദിന്റെ മകൻ: “ദൈവം സ്വയം തന്നെ സൃഷ്ടിക്കുകയായിരുന്നെങ്കിൽ എങ്ങനെയാണ് സ്വന്തം മുതുകുണ്ടാക്കിയത്?”
കാർലിറ്റോസ്, നാല്പതു വയസ്സ്, മരിയ സ്കലിയോനിയുടെ മകൻ: “അമ്മേ, എന്റെ പാലുകുടി നിർത്തിയപ്പോൾ എനിക്കെത്ര വയസ്സായിരുന്നു? എന്റെ സൈക്ക്യാട്രിസ്റ്റിന് അതറിയണമത്രെ.”
*
മനുഷ്യാദ്ധ്വാനം
മുഹമ്മദ് അഷ്‌റഫ് സ്കൂളിൽ പോകാറില്ല.
സൂര്യോദയം മുതൽ ചന്ദ്രോദയം വരെ അവൻ അളക്കുകയും മുറിക്കുകയും രൂപപ്പെടുത്തുകയും തുളയിടുകയും തുന്നുകയും ചെയ്ത് ഫുട്ബോളുകളുണ്ടാക്കുകയാണ്. അവ പിന്നെ പാകിസ്താനിലെ ഉമർ കോട്ട് എന്ന ഗ്രാമത്തിൽ നിന്നുരുണ്ട് ലോകത്തെ സ്റ്റേഡിയങ്ങളിലേക്കു പോകുന്നു.
മുഹമ്മദിനു പ്രായം പതിനൊന്ന്. അഞ്ചാം വയസ്സു മുതൽ അവൻ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു.
അവന് വായിക്കാൻ അറിയുമെങ്കിൽ, അവന് ഇംഗ്ലീഷ് വായിക്കാൻ പറ്റിയെങ്കിൽ, തന്റെ ഓരോ ഉല്പന്നത്തിലും താൻ പതിക്കുന്ന ലേബൽ അവനു മനസ്സിലാകുമായിരുന്നു: “ഈ പന്ത് കുട്ടികൾ നിർമ്മിച്ചതല്ല.”
പിറവി
റിയോ ഡി ജനിറോയിലെ ഏറ്റവും സുന്ദരമായ പ്രാന്തപ്രദേശത്തെ സർക്കാരാശുപത്രിയിൽ ദിനേന അഡ്മിറ്റാവുന്നത് ഒരായിരം രോഗികളാണ്. മിക്കവരുമെല്ലാവരും ദരിദ്രരോ അതിദരിദ്രരോ ആയിരിക്കും.
ഒരു ഡ്യൂട്ടിഡോക്ടർ ഹുവാൻ ബെദോയനോട് ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞാഴ്ച എനിക്ക് രണ്ടു നവജാതശിശുക്കൾക്കിടയിൽ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നു. ഞങ്ങൾക്കാകെ ഒരു ഇൻകുബേറ്ററേയുള്ളു. കുഞ്ഞുങ്ങൾ രണ്ടും ഒരേ സമയത്താണു വന്നത്; രണ്ടിന്റെയും ഓരോ കാൽ ശവക്കുഴിയിലുമായിരുന്നു. ഏതു ജീവിക്കണം, ഏതു മരിക്കണം എന്നെനിക്കു തിരഞ്ഞെടുക്കേണ്ടിയിരുന്നു.
ഇതിനു ഞാൻ ആളല്ല, ഡോക്ടർ മനസ്സിൽ പറഞ്ഞു. ദൈവം തീരുമാനിക്കട്ടെ.
പക്ഷേ ദൈവം അതൊന്നും ശ്രദ്ധിച്ചില്ല.
ഡോക്ടർ എന്തു ചെയ്താലും ചെയ്യുന്നത് ഒരപരാധമായിരിക്കും. ഒന്നും ചെയ്യാതിരുന്നാൽ എണ്ണം രണ്ടാകും.
ആലോചിച്ചുനില്ക്കാൻ സമയമില്ല. കുഞ്ഞുങ്ങൾ അതിവേഗം മരണത്തിലേക്കു വഴുതിപ്പോവുകയാണ്.
ഡോക്ടർ കണ്ണുകളടച്ചു. ഒരു കുഞ്ഞ് മരിക്കാൻ വിധിക്കപ്പെട്ടു; മറ്റേക്കുഞ്ഞ് ജീവിക്കാനും വിധിക്കപ്പെട്ടു.
*
കൊഞ്ച്
പകൽ വിട പറയുന്ന ആ മുഹൂർത്തത്തിൽ കാലിഫോർണിയ ഉൾക്കടലിലെ മീൻപിടുത്തക്കാർ തങ്ങളുടെ വലകൾ തയ്യാറാക്കിവയ്ക്കുന്നു.
സൂര്യനെന്ന ആ ഐന്ദ്രജാലികൻ തന്റെ അന്തിമശോഭ വീശുമ്പോൾ അവരുടെ തോണികൾ തീരത്തിനരികു വയ്ക്കുന്ന തുരുത്തുകൾക്കിടയിലൂടെ തെന്നിക്കടന്നുപോകുന്നു. അവിടെ അവർ ചന്ദ്രനുദിക്കുന്നതും കാത്തു കിടക്കുന്നു.
കൊഞ്ചുകൾ പകൽ മുഴുവൻ ചെളിയിലോ മണലിലോ പുതഞ്ഞ് കയങ്ങളിൽ ഒളിഞ്ഞുകിടക്കുകയായിരിക്കും. ചന്ദ്രൻ വെളിച്ചപ്പെടുന്നതോടെ അവ ഉയർന്നുവരുന്നു. നിലാവെളിച്ചം അവരെ മാടിവിളിക്കുന്നു, അവരതിനോടു പ്രതികരിക്കുകയും ചെയ്യുന്നു. അപ്പോൾ മീൻപിടുത്തക്കാർ ചുമലുകളിൽ മടക്കിയിട്ട വലകളെടുത്തെറിയുന്നു. വീഴുമ്പോൾ തുറക്കുന്ന വലകൾ വായുവിൽ വിശാലമായ ചിറകുകൾ പോലെ പതിക്കുകയും ഇരകളെ പിടിക്കുകയും ചെയ്യുന്നു.
ചന്ദ്രനെ തേടിവന്ന കൊഞ്ചുകൾക്കു കിട്ടുന്നത് മരണമാണ്.
മീശ വച്ച ഈ ജീവികൾക്ക് കാവ്യാത്മകമായ അങ്ങനെയൊരു ചായ്‌വുണ്ടെന്ന് ആരും സങ്കല്പിക്കുകപോലുമില്ല. എന്നാൽ അതിന്റെ രുചിയറിഞ്ഞ ഏതു മനുഷ്യനും അതു ശരിവയ്ക്കുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ