1914 ആഗസ്റ്റ് 2ന് ഫ്രാൻസ് കാഫ്ക ഡയറിയിൽ ഇങ്ങനെയെഴുതി: “ജർമ്മനി റഷ്യയോട് യുദ്ധം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് നീന്താൻ പോയി.” അദ്ദേഹം ഇവിടെ പരാമർശിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചാണ്; ആ യുദ്ധമാണ് അടുത്ത നാലു കൊല്ലത്തിനുള്ളിൽ ഒന്നരക്കോടിയോളം മനുഷ്യരെ കൊന്നൊടുക്കുകയും ഏഴു നൂറ്റാണ്ടു നീണ്ടുനിന്ന ഒട്ടോമൻ സാമ്രാജ്യത്തിന്റെ പതനത്തിനു തുടക്കമിടുകയും ഒരു ലോകശക്തിയായി അമേരിക്കയുടെ വരവ് വിളംബരം ചെയ്യുകയും ചെയ്യുന്നത്. വർഷങ്ങൾക്കു ശേഷം കാഫ്കയുടെ ദുരന്തപൂർണ്ണമായ ഹ്രസ്വജീവിതത്തിന്റെ പൊരുൾ ചികഞ്ഞുപോയ ജീവചരിത്രകാരന്മാരുടെ കണ്ണിൽ ഈ ഡയറിക്കുറിപ്പ് വന്നുപെട്ടു. ചിലർക്ക് ആ വാക്യം കാഫ്കയുടെ സാരാംശമായിരുന്നു- ബാഹ്യലോകത്തിനോടുള്ള ഉദാസീനത. ഒരു മഹായുദ്ധത്തിന്റെ ചുരുൾ നിവരുന്ന മനുഷ്യക്കശാപ്പും ഒരു മദ്ധ്യവർഗ്ഗജീവിതത്തിന്റെ നിത്യസാധാരണമായ അനുഷ്ഠാനങ്ങളും അദ്ദേഹത്തിന്റെ മനസ്സിൽ, ജനനം കാത്തുകിടക്കുന്ന ഇരട്ടക്കുട്ടികൾ ഗർഭജലത്തിലെന്നപോലെ, സഹവസിച്ചിരുന്നുവെന്നത് അവരെ നയിച്ചത് കാഫ്ക ആളൊരു നിർമ്മമനായിരുന്നു എന്ന നിഗമനത്തിലേക്കാണ്.
2023, ഏപ്രിൽ 12, ബുധനാഴ്‌ച
കീർത്തിൿ ശശിധരൻ - കാഫ്കയുടെ ഡയറി
എന്നാൽ കാഫ്കയെക്കുറിച്ച് അടുത്തകാലത്ത് വിപുലമായ ഒരു ജീവചരിത്രമെഴുതിയ റെയ്നർ സ്റ്റാഷ് (Reiner Stach) അദ്ദേഹത്തിന്റെ വൈകാരികമായ ആ ഉദാസീനതയെ ഒരു സൂക്ഷ്മാർത്ഥത്തിൽ വിശദീകരിക്കുന്നു. അദ്ദേഹം തന്റെ ഡയറിയിൽ രേഖപ്പെടുത്തിവച്ചത് പത്രവാർത്തകളല്ല, മറിച്ച്, കുളത്തിൽ പായലെന്നപോലെ യൂറോപ്പിന്റെ മിക്ക ഭാഗത്തും പടർന്നുകിടന്നിരുന്ന ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പതനത്തിന്റെ തുടക്കം തന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമായിരുന്നു എന്നതാണ്. കാഫ്കയുടെ സ്വകാര്യഡയറികൾ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ അത് രണ്ടിനും വിരുദ്ധമായിരുന്നു- അദ്ദേഹത്തിന്റെ കൃതികളിലെ ശില്പഭദ്രമായ മനോവിഭ്രാന്തികൾക്കും അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട വൈകാരികോദാസീനതയ്ക്കും. അവ വെളിപ്പെടുത്തിയത് കാഫ്ക എന്ന വ്യക്തിയും കാഫ്ക എന്ന എഴുത്തുകാരനും പുറത്തുവന്നത് അസ്തിത്വാകാംക്ഷകളുടേയും വൈരുദ്ധ്യങ്ങളുടേയും ഏതു ചതുപ്പിൽ നിന്നാണ് എന്നതാണ്.
കാഫ്ക തന്റെ ഡയറികളിൽ രേഖപ്പെടുത്തിയ ചിന്തകളുടേയും ലൈംഗികസാഹസങ്ങളുടേയും സ്വകാര്യനൈരാശ്യങ്ങളുടേയും വാസ്തവസ്ഥിതി വേർതിരിച്ചെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല; എന്നാൽ അവയുടെ ആന്തരാർത്ഥങ്ങൾ അത്രയെളുപ്പത്തിൽ പിടി തരണമെന്നില്ല. അതിന് ഒരു കാരണം ഇതാണ്: പഴയ ലോകം പുതിയതെന്തിനോ പിറവി കൊടുക്കുകയാണെ ജാഗ്രത കലർന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ട്; എന്നാൽ അതെന്താണെന്ന് അദ്ദേഹം അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഡയറി രേഖപ്പെടുത്തുന്നില്ല. സ്വന്തം ചുവട്ടടിയിൽ നിന്ന് മണ്ണൊലിച്ചുപോവുകയാണെന്ന ഒരു വിപൽശങ്ക വായിച്ചെടുക്കാൻ വിഷമമൊന്നുമില്ല, എന്നാൽ ഡയറിയിൽ എഴുതിവയ്ക്കുക എന്ന പ്രവൃത്തി കൊണ്ട് എന്താണദ്ദേഹം ലക്ഷ്യമിട്ടത് എന്നു കണ്ടുപിടിക്കുക കുറച്ചുകൂടി വിഷമകരമാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, ടംബ്ലർ എന്നീ നാൽവർസംഘം കുത്തകയാക്കിയ സോഷ്യൽമീഡിയാക്കാലം പോലെയല്ല, അന്നൊക്കെ ഒരാളുടെ ചിന്തകൾ കുറിച്ചിടാനുള്ള ഒരേയൊരിടം ഡയറിയായിരുന്നു. മാന്യതയുടെ മേലുടുപ്പുകളൊക്കെ ഊരിയെറിഞ്ഞ് തങ്ങളെത്തന്നെ സ്വയം കണ്ടെടുക്കാൻ പലർക്കും അങ്ങനെയൊരിടം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതാണ് വാസ്തവം. ദുരഭിമാനങ്ങളും മുൻവിധികളും അഭിലാഷങ്ങളും ഉപജാപങ്ങളുമൊക്കെ നിറഞ്ഞുകവിയുന്നതായിരുന്നു ഡയറിയുടെ പേജുകൾ.
(കീർത്തിക് ശശിധരൻ ഹിന്ദു പത്രത്തിലെഴുതിയ Inner Worlds of Others എന്ന ലേഖനത്തിൽ നിന്ന്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ