പരിത്യാഗം
നിത്യരാത്രീ, മകനേയെന്നെന്നെ വിളിയ്ക്കൂ,
നിന്റെ കൈകളിലെന്നെ വാരിയെടുക്കൂ.
സ്വപ്നത്തിന്റെയുമാലസ്യത്തിന്റെയും സിംഹാസനം
സ്വമനസ്സാലെ ത്യജിച്ച ചക്രവർത്തി ഞാൻ.
എന്റെ കൈകളിൽ ഭാരം തൂങ്ങിയ ഉടവാൾ
ബലത്തുറച്ച കൈകൾക്കു ഞാനടിയറ വച്ചു;
തകർന്ന ചെങ്കോലും കിരീടവും
പൂമുഖത്തു ഞാൻ വലിച്ചെറിഞ്ഞു.
കാര്യമില്ലാതെ കിലുങ്ങിയ കുതിമുള്ളും
ഫലമില്ലാത്ത മാർച്ചട്ടയും
തണുത്ത കൽപ്പടവുകളിൽ ഞാനുപേക്ഷിച്ചു.
രാജത്വമപ്പാടെ ഞാനഴിച്ചുവച്ചു,
പ്രശാന്തമായ ചിരന്തനരാത്രിയിലേക്കു ഞാൻ മടങ്ങുന്നു,
അസ്തമയനേരത്തെ ഭൂദൃശ്യം പോലെ.
(1913 ജനുവരി)
തണലത്ത് ഒരു ഡയറിത്താൾ
നിനക്കിപ്പോഴും ഓർമ്മയുണ്ടോയെന്നെ?
പണ്ടൊരുകാലം നിനക്കെന്നെയറിയാമായിരുന്നു.
നീ അവഗണിച്ചുവിട്ട ആ വിഷാദക്കാരൻ കുട്ടിയായിരുന്നു ഞാൻ,
പിന്നെ നിനക്കു താല്പര്യമാവുകയായിരുന്നു
(എന്റെ നോവിൽ, എന്റെ വിഷാദത്തിൽ, മറ്റെന്തിലോ ഒന്നിലും),
താനറിയാതെതന്നെ ഒടുവിൽ നിനക്കെന്നെ ഇഷ്ടവുമായി.
ഓർക്കുന്നുവോ? കടൽക്കരയിൽ കളിച്ചുനടന്ന കുട്ടിയെ,
തനിയേ, ഒച്ചയില്ലാതെ, അന്യരിൽ നിന്നകലെയായി?
ചിലനേരമവൻ വിഷാദത്തോടെ അവരെ നോക്കുകയും ചെയ്തിരുന്നു,
എന്നാൽ നഷ്ടബോധമില്ലാതെയും...
ഇടയ്ക്കു നീ എന്റെ നേർക്കൊരു നോട്ടമെറിയുന്നതും ഞാൻ കാണുന്നു.
നീയോർക്കുന്നുവോ? താനോർക്കുന്നുവെന്നറിയണമെന്നു നിനക്കുണ്ടോ?
എനിക്കറിയാം...
എന്റെ ശാന്തവും വിഷാദിച്ചതുമായ മുഖത്തു നീയിന്നും കാണുന്നില്ലേ,
എന്നുമന്യരിൽ നിന്നകലെയായി കളിച്ചുനടന്ന വിഷാദക്കാരനായ കുട്ടിയെ,
വിഷാദം പൂണ്ട കണ്ണുകളോടെ, എന്നാൽ നഷ്ടബോധമില്ലാതെ
ചിലനേരമവരെ നോക്കിനിന്നവനെ?
എനിക്കറിയാം നീയതു ശ്രദ്ധിക്കുന്നുവെന്ന്,
എന്നെ വിഷാദവാനാക്കുന്നതേതു വിഷാദമെന്നു നിനക്കു മനസ്സിലാവുന്നില്ലെന്ന്.
അതു ഖേദമല്ല, നഷ്ടബോധമല്ല, നിരാശയല്ല, നീരസമല്ല.
അല്ല...അതു വിഷാദമാണ്,
ജനനപൂർവ്വമണ്ഡലത്തിൽ വച്ച്
ദൈവം രഹസ്യം കൈമാറിയ ഒരുവന്റെ-
പ്രപഞ്ചമെന്ന മായയുടെ,
വസ്തുക്കളുടെ കേവലശൂന്യതയുടെ രഹസ്യം-
പരിഹാരമില്ലാത്തൊരു വിഷാദം,
സർവ്വതും നിരർത്ഥകവും വിലകെട്ടതുമാണെന്നറിയുന്ന ഒരുവന്റെ,
പ്രയത്നം യുക്തിശൂന്യമായ ഒരു പാഴ്ച്ചെലവാണെന്നറിയുന്ന ഒരുവന്റെ,
ജീവിതം ഒരു ശൂന്യതയാണെന്നറിയുന്ന,
വ്യാമോഹത്തിനു പിന്നിൽത്തന്നെ നിരാശയുമുണ്ടെന്നറിയുന്ന,
മരണമാണു ജീവിതത്തിനർത്ഥമെന്നറിയുന്ന ഒരുവന്റെ...
ഇതാണ്, ഇതു മാത്രവുമല്ല, എന്റെ മുഖത്തു നീ കാണുന്നത്,
ഇടയ്ക്കിടെ എന്റെ നേർക്കൊരു നോട്ടമെറിയാൻ നിനക്കു കാരണമാകുന്നതും.
ഇതല്ലാതെ പിന്നെയുണ്ട്,
ആ നിരാനന്ദമായ വിസ്മയം, ഇരുണ്ട കുളിര്,
ജീവിതോദയത്തിന്റെ ലക്ഷണങ്ങളില്ലാതിരുന്നൊരു കാലത്ത്,
സങ്കീർണ്ണവും ദീപ്തവുമായ പ്രപഞ്ചം
സാഫല്യം കാത്തിരിക്കുന്ന ഒരനിവാര്യഭാഗധേയം മാത്രമായിരുന്ന കാലത്ത്,
ആ ജനനപൂർവ്വമണ്ഡലത്തിൽ വച്ച്,
ദൈവത്തിൽ നിനൊരു രഹസ്യം പകർന്നുകിട്ടിയതിന്റെ.
ഇതെന്നെ നിർവചിക്കുന്നില്ലെങ്കിൽ, മറ്റൊന്നുമെന്നെ നിർവചിക്കില്ല.
ഇതെന്നെ നിർവചിക്കുന്നുമില്ല-
എന്തെന്നാൽ ദൈവമെന്നോടരുളിയ രഹസ്യം ഇതു മാത്രമല്ലായിരുന്നു.
മറ്റു ചിലതുമുണ്ടായിരുന്നു,
അതാണ് അയഥാർത്ഥമാനങ്ങളെ പുൽകാനെന്നെക്കൊണ്ടുപോയത്,
അതിൽ അത്രയുമഭിരമിക്കാനെന്നെവിട്ടത്,
അഗ്രാഹ്യമായതിനെ ഗ്രഹിക്കാൻ,
അറിയരുതാത്തതിനെ അറിയാൻ എനിക്കുള്ള മിടുക്കായത്.
അതാണെനിക്കു നല്കിയത്,
ഒരു സാമ്രാജ്യവുമെനിക്കില്ലെങ്കിലും
ഉള്ളിൽ ഒരു ചക്രവർത്തിയുടെ കുലീനത,
പകൽവെളിച്ചത്തിൽ ഞാൻ മെനഞ്ഞെടുത്ത എന്റെ സ്വപ്നലോകം...
അതെ,
അതാണെന്റെ മുഖത്തിനു ബാല്യത്തെക്കാൾ പ്രായം ചെന്നൊരു വാർദ്ധക്യം നല്കുന്നത്,
ആഹ്ളാദത്തിനിടയിലും എന്റെ മുഖത്തിനൊരുത്കണ്ഠ നല്കുന്നതും.
ഇടയ്ക്കെന്റെ നേർക്കു നീയൊരു നോട്ടമെറിയുന്നു,
നിനക്കെന്നെ പിടികിട്ടുന്നുമില്ല,
നീ പിന്നെയും നോട്ടമെറിയുന്നു, പിന്നെയും, പിന്നെയും...
ദൈവമില്ലെങ്കിൽ ജീവിതമല്ലാതൊന്നുമില്ല,
നിനക്കതു പിടികിട്ടുകയുമില്ല...
(1916 സെപ്തംബർ 17)
ദൈവം
ചിലനേരം ഞാനൊരു ദൈവമാകുന്നു,
ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന ദൈവം;
അപ്പോൾ ഞാനാകുന്നു ദൈവം,
ഭക്തനും പ്രാർത്ഥനയും;
ആ ദൈവം വിസ്മൃതിയിലാവുന്ന
ദന്തവിഗ്രഹവും.
ചിലനേരം ഞാനൊരവിശ്വാസിയാകുന്നു,
ഞാൻ കൊണ്ടാടുന്ന ദൈവത്തിൽ
വിശ്വാസമില്ലാത്തവൻ;
ഞാൻ ഉള്ളിൽ കാണുന്നതൊരാകാശമാകെ,
പരന്നതും പൊള്ളയുമായൊരാകാശം.
(1923 ജൂൺ 3)
കിടക്കയിലെന്നപോലെ
തെരുവിൽ തകിടം മറിയുന്ന പൂച്ചേ,
എന്തസൂയപ്പെടുന്നു ഞാനെന്നോ നിന്റെ ഭാഗ്യത്തിൽ,
ഭാഗ്യമേയല്ലതെന്നതിനാൽ.
കല്ലുകളേയും ആളുകളേയും ഭരിക്കുന്ന
വിധിനിയമങ്ങൾക്കടിമേ,
നിന്നെ ഭരിക്കുന്നതു വാസനകൾ,
നീയനുഭവിക്കുന്നതേ നീയനുഭവിക്കുന്നുമുള്ളു.
അതിനാലത്രേ നീ സന്തുഷ്ടയായി.
നീയെന്ന ഇല്ലായ്മ നിന്റേതു മാത്രം.
ഞാനെന്നെ നോക്കുന്നു, എന്നെ കാണാനില്ല പക്ഷേ.
എന്നെയെനിക്കറിയാം: അതു ഞാനല്ല.
ഒളിച്ചോടിയവൻ
ഒളിച്ചോടിയവനാണു ഞാൻ.
ജനിച്ചപ്പോഴേ അവരെന്നെ
എന്നിൽത്തന്നെ പൂട്ടിയിട്ടു.
ഞാൻ പക്ഷേ, ഇറങ്ങിയോടിക്കളഞ്ഞു.
എന്നും ഒരേയിടത്തു തന്നെ കഴിഞ്ഞാൽ
ആളുകൾക്കു മടുക്കുമെങ്കിൽ,
എന്നും ഒരേയാളായിരിക്കുന്നതും
അവർക്കു മടുക്കില്ലേ?
എന്റെ ആത്മാവെന്നെത്തേടി നടക്കുന്നുണ്ട്;
ഞാൻ ഒഴിഞ്ഞുമാറി നടക്കുകയാണ്.
അതെന്നെ കണ്ടുപിടിക്കുമോ?
ഇല്ലെന്നാണെന്റെ വിശ്വാസം.
എന്നും ഒരേ ഞാനായിരിക്കുക എന്നാൽ
അതൊരു തടവറ തന്നെ.
ഒരു പലായനമായിരിക്കട്ടെ എന്റെ ജീവിതം,
അങ്ങനെ ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയും ചെയ്യട്ടെ!!
(1931 ഏപ്രിൽ 5)
മരണം വഴിയിലൊരു തിരിവ്...
മരണം വഴിയിലൊരു തിരിവ്,
മരിക്കുകയെന്നാൽ കാഴ്ചയിൽ നിന്നു തെന്നുക.
കാതോർത്താലെനിക്കു കേൾക്കാം നിങ്ങൾ ചുവടു വയ്ക്കുന്നത്,
ഞാനുള്ളപോലുള്ളത്.
ഭൂമി സ്വർഗ്ഗം കൊണ്ടു പടുത്തത്.
പിശകിവിടെ കൂടു കൂട്ടിയിട്ടുമില്ല.
ആരുമൊരിക്കലും നഷ്ടമായിട്ടില്ല.
ഇവിടെയൊക്കെ നേര്, വഴിയും.
1932 മേയ് 23
സെന്യോർ സിൽവ
മുടിവെട്ടുകാരന്റെ മകൻ മരിച്ചു,
അഞ്ചു വയസ്സു മാത്രമായ കുട്ടി.
അവന്റെ അച്ഛനെ എനിക്കറിയാം- ഒരു കൊല്ലമായി
താടി വടിയ്ക്കുമ്പോൾ ഞങ്ങൾ വർത്തമാനം പറയാറുണ്ട് .
അയാൾ ആ വാർത്ത പറയുമ്പോൾ
എനിക്കുള്ളത്രയും ഹൃദയമൊന്നു നടുങ്ങി;
ആകെയുലഞ്ഞ് ഞാനയാളെ കെട്ടിപ്പിടിച്ചു,
എന്റെ ചുമലിൽ തല വച്ച് അയാൾ തേങ്ങി.
മൂഢവും ശാന്തവുമായ ഈ ജീവിതത്തിൽ
എങ്ങനെ, എന്തു ചെയ്യണമെന്നെനിക്കറിയില്ല.
എന്നാലെന്റെ ദൈവമേ, മനുഷ്യവേദന ഞാനറിയുന്നു!
അതൊരിക്കലുമെനിക്കു നിഷേധിക്കരുതേ!
1934 മാർച്ച് 28
എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു...
എന്നെ സ്നേഹിച്ചവരുണ്ടായിരുന്നു,ഞാൻ സ്നേഹിച്ചവരുണ്ടായിരുന്നു.ഇന്നെനിയ്ക്കു ലജ്ജ തോന്നിപ്പോയി-ഒരിക്കൽ ഞാനാരായിരുന്നുവെന്നോർത്ത്.എനിക്കു ലജ്ജ തോന്നിപ്പോയി,എന്നും സ്വപ്നം കണ്ടിരിക്കുകയല്ലാതെഒരുനാളും പുറത്തേക്കൊന്നു കാലെടുത്തുകുത്താതെ-ഇവിടെയിങ്ങനെയൊരാളായിപ്പോയതിൽ,ലജ്ജ തോന്നിപ്പോയെനിക്ക്,ഞാനാരാകുമായിരുന്നു മുമ്പെന്നഈ സ്വപ്നമല്ലാതെ മറ്റൊന്നുമെനിക്കില്ലെന്ന്എനിക്കു ബോദ്ധ്യമായിത്തുടങ്ങുമ്പോൾ..
രാത്രിയാവുകയാണെന്നതിനാൽ...
രാത്രിയാവുകയാണെന്നതിനാൽ, ആരെയും പ്രതീക്ഷിക്കാനില്ലാത്തതിനാലും,ലോകത്തിനെതിരെ ഞാനെന്റെ വാതിലടച്ചു കുറ്റിയിട്ടു,സമാധാനം നിറഞ്ഞ എന്റെ കുഞ്ഞുഭവനംഎന്നോടൊപ്പമൊരഗാധമൗനത്തിലാണ്ടു.ഏകാന്തതയുടെ ലഹരിയറിഞ്ഞും തന്നോടുതന്നെ സംസാരിച്ചുംവേവലാതികളൊന്നുമേയില്ലാതെ മുറിക്ക്ള്ളിലുലാത്തുമ്പോൾനേരുള്ള, നല്ലവനായ ആ കൂട്ടുകാരനായിരുന്നു ഞാൻ,എന്റെ കൂട്ടുകാരിൽ എനിക്കു കാണാൻ കിട്ടാത്തവൻ.ആ നേരത്തതാ, വാതിലിലാരോ മുട്ടുന്നു,ഒരു കവിത അങ്ങനെതന്നെ ആവിയായിപ്പോകുന്നു...അതയല്ക്കാരനായിരുന്നു, അയാളെന്നെ ഓർമ്മിപ്പിക്കുകയായിരുന്നു,നാളെ ഉച്ചഭക്ഷണം അയാളുടെ വീട്ടിലാണെന്ന്. അതെ, ഞാൻ വരാം.പിന്നെയും വാതിലും എന്നെയും അടച്ചുകുറ്റിയിട്ട്ഹൃദയത്തിൽ പുനരുജ്ജീവിപ്പിക്കാൻ ഞാൻ ശ്രമിച്ചു,ആ നടത്തം, ആ ഉത്സാഹം, ആ അഭിലാഷവും;എന്നെ ഉന്മത്തനാക്കിയ അതേ അഭിലാഷം.ഒക്കെ വെറുതേ...എന്നത്തേയും പോലെ അതേ മേശയും കസേരയും,എന്നെ തുറിച്ചുനോക്കുന്ന അനിവാര്യമായ അതേ ചുമരുകൾ,അണയുന്ന തീയിനെ നോക്കിനോക്കി പിന്നെ നോട്ടം മാറ്റുന്നൊരാളെപ്പോലെ:പിന്നെയും നോക്കുമ്പോഴയാൾ തീയവിടെ കാണുന്നുമില്ല.
ഒരാളൊരുനാൾ നിങ്ങളുടെ വാതില്ക്കൽ വന്നു മുട്ടിയെന്നിരിക്കട്ടെ,
എന്റെ ദൂതനാണു താനെന്നയാൾ അവകാശപ്പെട്ടുവെന്നുമിരിക്കട്ടെ,വിശ്വസിച്ചുപോകരുതത്, അതിനി ഞാൻ തന്നെയാണെങ്കിലും;എന്റെയങ്ങേയറ്റത്തെ വൃഥാഭിമാനത്തിനു നിരക്കുന്നതായിരിക്കില്ലല്ലോ,ആകാശത്തിന്റെ അയഥാർത്ഥവാതിലിൽ ചെന്നു മുട്ടുന്നതുപോലും.എന്നാലൊരാളും മുട്ടുന്നതായി കേൾക്കാതെതന്നെയൊരുനാൾനിങ്ങൾ ചെന്നു വാതിൽ തുറക്കാനിടയായെന്നിരിക്കട്ടെ,മുട്ടാനുള്ള ധൈര്യത്തിനായി കാത്തുനില്ക്കുന്നതായിട്ടൊരാളെനിങ്ങളവിടെ കാണാനിടയായെന്നുമിരിക്കട്ടെ, തിരിഞ്ഞുനടക്കരുത്.എന്റെ ദൂതൻ തന്നെയാണത്, ഞാനുമാണത്, എന്റെ പരിജനവും,എന്നെ നൈരാശ്യത്തിലേക്കു പായിക്കുന്ന വൃഥാഭിമാനവും.നിങ്ങളുടെ വാതിലിൽ മുട്ടാത്തയാൾക്കായി വാതിൽ തുറന്നുകൊടുക്കൂ!മടുപ്പൊഴികെ സർവ്വതും...
മടുപ്പൊഴികെ സർവ്വതുമെന്നെ മടുപ്പിക്കുന്നു.
എനിക്കൊന്നു ശന്തനായാൽ മതി, ശാന്തതയില്ലാതെതന്നെ,
നിത്യം കഴിക്കേണ്ടൊരു മരുന്നു പോലെ
ജിവിതത്തെ ഞാനെടുത്തോളാം-
സർവ്വരും വിഴുങ്ങുന്നൊരു ഗുളിക.
എത്ര ഞാൻ കാംക്ഷിച്ചു, എത്ര ഞാൻ സ്വപ്നം കണ്ടു,
അത്രയുമെത്ര ഒന്നുമാക്കിയില്ലെന്നെ.
എന്റെ കൈകൾ തണുത്തുപോയി
അവയെ ഊഷ്മളമാക്കാൻ വന്നുചേരുന്ന പ്രണയത്തിന്റെ
നിർവൃതിയെ കാത്തിരുന്നുതന്നെ.
1934 സെപ്തംബർ 6
തെരുവിൽ കണ്ട ചിരിക്കുന്ന കുട്ടി...
തെരുവിൽ കണ്ട ചിരിക്കുന്ന കുട്ടി,
ഓർത്തിരിക്കാതെ കാതിൽ വീണ ഗാനം,
അർത്ഥമറിയാത്ത ചിത്രം, നഗ്നമായ പ്രതിമ,
അതിരുകളില്ലാത്ത കാരുണ്യം-
വസ്തുക്കളിൽ ബുദ്ധി ചുമത്തിയ യുക്തിയെ
അധികരിക്കുന്നതാണിതൊക്കെ.
അതിലെല്ലാമുണ്ട്, സ്നേഹത്തിന്നൊരംശം,
നാവെടുക്കാത്തതാണാ സ്നേഹമെങ്കിലും.
ഉപദേശം
താനാരാണെന്ന നിങ്ങളുടെ സ്വപ്നത്തിനു ചുറ്റും
ഉയരത്തിൽ നല്ലൊരു ചുമരു പടുക്കൂ.
പിന്നെ, പടിവാതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ
നിങ്ങളുടെ പൂന്തോട്ടം കണ്ണിൽപ്പെടുന്നിടത്തൊക്കെ
ഏറ്റവും പ്രസരിപ്പുള്ള പൂച്ചെടികൾ തന്നെ നട്ടുവളർത്തൂ;
പ്രസരിപ്പുള്ള തരക്കാരനാണു നിങ്ങളെന്നന്യരറിയട്ടെ.
അന്യരുടെ കണ്ണുകളെത്താത്തിടം ഒഴിഞ്ഞും കിടക്കട്ടെ.
അന്യർ ചെയ്യുന്നപോലെ നിങ്ങളും പൂത്തടങ്ങളൊരുക്കുക,
വഴിയേ പോകുന്ന കണ്ണുകളുള്ളിലേക്കു നോക്കുമ്പോൾ
അവർ കാണണമെന്നു നിങ്ങളാഗ്രഹിച്ച മാതിരി
അവർ നിങ്ങളുടെ പൂന്തോട്ടം കാണട്ടെ.
താൻ താനായിരിക്കുന്നിടത്തു പക്ഷേ,
അന്യരുടെ കണ്ണുകളെത്താത്തിടത്തു പക്ഷേ,
കാട്ടുപൂക്കൾ സ്വച്ഛന്ദം വിടർന്നുനിൽക്കട്ടെ,
തോന്നിയ പാട് പുല്ലു വളർന്നുകേറട്ടെ.
ഇരട്ടമറയ്ക്കുള്ളിൽ അടച്ചുകെട്ടിയൊരു വ്യക്തിത്വമാകട്ടെ നിങ്ങൾ,
പാളിനോക്കുന്നവനൊരുദ്യാനം മാത്രം കാണട്ടെ-
അതിമോടിയായൊരു സ്വകാര്യോദ്യാനം-
അതിനും പിന്നിൽപ്പക്ഷേ, നാട്ടുപൂക്കൾ വളർന്നുനിൽക്കുന്നു,
നിങ്ങൾക്കു പോലും കാണാത്ത പുൽക്കൊടികളിലുരുമ്മിനിൽക്കുന്നു.
(1935)
സ്വാതന്ത്ര്യം
സ്വാതന്ത്ര്യമെന്നാൽ എന്തെന്നാണോ നിങ്ങൾ ചോദിക്കുന്നത്? സ്വാതന്ത്ര്യമെന്നാൽ യാതൊന്നിന്റെയും അടിമയാവാതിരിക്കുക എന്നുതന്നെ, അതിനി ഒരനിവാര്യതയായാലും യാദൃച്ഛികതയായാലും; സ്വാതന്ത്ര്യമെന്നാൽ കള്ളക്കളി കളിക്കരുതെന്ന് വിധിയെ നിർബന്ധിക്കുക എന്നുതന്നെ.
(സെനെക്ക)
ഹാ, എത്രയാഹ്ളാദപ്രദമാണ്
തനിക്കു പറഞ്ഞ പണി ചെയ്യാതിരിക്കുക,
വായിക്കാൻ പുസ്തകം കയ്യിലെടുത്തിട്ട്
അതൊന്നു തുറന്നുപോലും നോക്കാതിരിക്കുക!
വായന ഒരു മടുപ്പു തന്നെ,
പഠനം കൊണ്ടു കാര്യവുമില്ല.
സൂര്യൻ പൊന്നുപോലെ തിളങ്ങുന്നത്
സാഹിത്യത്തിന്റെ തുണയില്ലാതെ.
പാഞ്ഞും പതിഞ്ഞും പുഴയൊഴുകുന്നത്
ഒരാദ്യപതിപ്പുമില്ലാതെ.
പ്രഭാതത്തിലെ ഈയിളംകാറ്റിന്
തിടുക്കമെന്നതുമില്ല.
മഷി തളിച്ച വെറും കടലാസുകളാണ് പുസ്തകങ്ങൾ.
പഠിക്കുകയെന്നാൽ
ഒന്നുമില്ലായ്മയും ഒന്നുമേയില്ലായ്മയും തമ്മിൽ
വേർതിരിഞ്ഞുകിട്ടായ്കയും.
അതിലുമെത്ര ഭേദം,
മൂടൽമഞ്ഞു പടരുന്ന നേരത്ത്
സെബാസ്റ്റ്യൻരാജാവു വരുന്നതും കാത്തിരിക്കുക,
അദ്ദേഹമിനി വന്നാലുമില്ലെങ്കിലും!
കവിത കേമം തന്നെ, നന്മയും നൃത്തവും...
അതിലുമുത്തമമത്രേ, ശിശുക്കൾ, സംഗീതം, നിലാവ്,
വളർത്തുന്നതിനു പകരം വാട്ടുമ്പോൾ മാത്രം
പാപം ചെയ്യുന്ന സൂര്യനും.
ഇപ്പറഞ്ഞതിനേക്കാളൊക്കെ ശ്രേഷ്ടം
ക്രിസ്തുയേശു,
പണമിടപാടുകളെക്കുറിച്ചൊന്നുമറിയാത്തവൻ,
ഒരു പുസ്തകശേഖരത്തിനും ഉടമയല്ലാത്തവൻ, നാമറിഞ്ഞിടത്തോളം...
1935 മാർച്ച് 16
സ്വാതന്ത്ര്യമെന്നാൽ...- സെനെക്കയുടെ ഒരുദ്ധരണി ചേർക്കണമെന്ന് കവിയ്ക്കുദ്ദേശ്യമുണ്ടായിരുന്നതായി കയ്യെഴുത്തുപ്രതിയിൽ സൂചനയുണ്ട്; പക്ഷേ ചേർത്തിരുന്നില്ല. സെനെക്കയുടെ ഈ വരികളാണ് അദ്ദേഹം മനസ്സിൽ കണ്ടതെന്നൂഹിച്ച് അതെടുത്തുചേർത്തിരിക്കുന്നത് ഇംഗ്ളീഷ് വിവർത്തകനായ റിച്ചാർഡ് സെനിത്ത്.സെബാസ്റ്റ്യൻരാജാവ് (1554-1578) - ദേശീയവാദിയും സ്വപ്നദർശിയുമായ പോർച്ചുഗീസ് രാജാവ്; സ്പെയിനുമായുള്ള യുദ്ധത്തിനിടെ അപ്രത്യക്ഷനായി; സ്പാനിഷ് അടിമത്തത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാൻ മൂടല്മഞ്ഞു പടരുന്ന നേരത്ത് അദ്ദേഹം മടങ്ങിവരുമെന്നൊരു മിത്തുമുണ്ട്.
റുബയ്യാത്ത്
ദീർഘവും വിഫലവുമായ പകലിനു മേൽ സന്ധ്യയുടെ ശവക്കോടി.
നമുക്കതു നിഷേധിച്ച പ്രത്യാശ പോലും ഇല്ലായ്മയായി പൊടിയുന്നു.
ജീവിതം, കുടിച്ചു ലക്കു കെട്ടൊരു യാചകൻ,
സ്വന്തം നിഴലിനോടതു കൈനീട്ടിയിരക്കുന്നു.
*
“ഞാനിതു ചെയ്യും,” ഇതു കേട്ടുകേട്ടെനിക്കു മടുത്തു.
ചെയ്യുക, ചെയ്യാതിരിക്കുക- ആരാണതിനൊക്കെ അധികാരി?
ആത്മാവിന്റെ ഭാരം കൂടി പേറേണ്ടിവന്ന മൃഗം,
ഇടയ്ക്കിടെ ഞെട്ടിക്കൊണ്ടു മനുഷ്യനുറങ്ങുന്നു; അതേയെനിക്കറിയൂ.
*
ആത്മാവിനു നിത്യജീവനുണ്ടെന്നു പറയേണ്ട,
വെട്ടിമൂടിക്കഴിഞ്ഞാൽ ഉടലൊന്നുമറിയുന്നില്ലെന്നും.
തനിക്കറിയാത്തതൊന്നിനെക്കുറിച്ചു നിങ്ങളെന്തറിയാൻ?
കുടിയ്ക്കൂ! ഇന്നിന്റെ ഇല്ലായ്മയേ നിങ്ങൾക്കറിയൂ.
*
ആശയും തൃഷ്ണയുമില്ലാതെ, സ്നേഹവും വിശ്വാസവുമില്ലാതെ,
ജിവിതത്തെ നിഷേധിച്ചും കൊണ്ടു ജീവിതം കഴിയ്ക്കൂ,
പിന്നെ ഉറങ്ങാൻ നേരമാവുമ്പോൾ കളിപ്പാട്ടങ്ങൾ മാറ്റിവയ്ക്കൂ:
അതല്ലാത്തതൊന്നാണ്, ഉള്ളതായുള്ളതെല്ലാം.
*
നിങ്ങളുടെ ഹിതപ്പടി സ്വജീവിതത്തെ നിങ്ങൾക്കു രൂപപ്പെടുത്താം,
നിങ്ങൾ ജീവിക്കും മുമ്പേ ജീവിതത്തിനൊരു രൂപവുമുണ്ടായിരുന്നു.
നിലത്തു വരച്ചിടാനെന്തിനു വെറുതേ മോഹിക്കുന്നു,
ആകാശം കടന്നു പോകുന്ന മേഘത്തിന്റെ ക്ഷണികമായ നിഴലിനെ?
*
ഒക്കെയും വ്യർത്ഥം, എന്നറിയുന്നതുമുൾപ്പെടെ.
പകലിനു പിമ്പേ രാത്രി, പിന്നെ പകൽ.
പരിത്യാഗത്തിന്റെ അഭിജാതരാത്രിയിൽ
പരിത്യാഗത്തെത്തന്നെ പരിത്യജിക്കൂ.
*
തനിക്കു നഷ്ടമായതിനെ പൂട്ടിവയ്ക്കുന്നവൻ ജ്ഞാനി.
താനെന്ന ഇല്ലായ്മയെ ആരും കാണുന്നില്ലല്ലോ.
ഓരോ മുഖംമൂടിക്കടിയിലുമുണ്ട്, ഒരു തലയോട്ടി.
ആരുമല്ലാത്തൊരാളിന്റെ മുഖംമൂടിയാണോരോ ആത്മാവും.
*
ശാസ്ത്രത്തെ, അതിന്റെ പ്രയോഗത്തെ പ്രതി വേവലാതിപ്പെടേണ്ട.
അന്തിവെളിച്ചം വീണ ജീവിതമെന്ന ഈ മുറിയിൽ
മേശകസേരകളുടെ അളവെടുത്തിട്ടെന്തു കാര്യം?
അളവെടുക്കുകയല്ല, അവയുപയോഗിക്കൂ: മുറി ഒഴിഞ്ഞുകൊടുക്കാനുള്ളതല്ലേ?
*
സൂര്യൻ തിളങ്ങുന്ന കാലത്തോളം നാമതിൽ സുഖിക്കുക,
അതാകാശം വിട്ടുകഴിഞ്ഞാൽ നാം പോയിക്കിടന്നുറങ്ങുക.
മടങ്ങിവരുമ്പോൾ ഒരുവേള അതു നമ്മെ കണ്ടില്ലെന്നു വരാം,
ഇനിയല്ല, നാം തന്നെ മടങ്ങിവന്നുവെന്നും വരാം.