സ്വന്തം ജീവിതം ജീവിക്കാത്തതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നവരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ് ലോകം. അവർ മുൻകോപികളും കർക്കശക്കാരും ദോഷദർശികളുമാകുന്നു. അതുപക്ഷേ, ലോകം അവരോടു ക്രൂരമായി പെരുമാറി എന്നതുകൊണ്ടല്ല, തങ്ങളിൽ നിഹിതമായിരുന്ന സാദ്ധ്യതകളെ അവർതന്നെ വഞ്ചിച്ചു എന്നതുകൊണ്ടാണ്. കലാരംഗത്തു നിന്നു മാറിനില്ക്കുന്ന കലാകാരൻ അതിൽ എന്തെങ്കിലും ചെയ്യുന്ന ഒരാളിൽ ദോഷം മാത്രം കണ്ടുപിടിക്കാൻ നോക്കുന്നു. ഒരു പ്രണയബന്ധത്തിലേക്കു തുനിഞ്ഞിറങ്ങാത്ത ഒരാൾ പ്രണയത്തെ പരിഹസിക്കുന്നു. ഏതെങ്കിലുമൊരു തത്വശാസ്ത്രത്തിനു സ്വയം സമർപ്പിക്കാത്ത ഒരു ചിന്തകൻ വിശാസത്തെത്തന്നെ കൊഞ്ഞനം കാട്ടുന്നു. എന്നാല്ക്കൂടി അവരതിന്റെ വ്യഥ അനുഭവിക്കുന്നുമുണ്ട്, കാരണം, ഉള്ളിന്റെയുള്ളിൽ അവർക്കറിയാം, തങ്ങൾ കളിയാക്കുന്ന ആ ജീവിതം തങ്ങൾ ജീവിക്കേണ്ട ജീവിതമായിരുന്നുവെന്ന്.
*
നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുമോ?
നോക്കൂ, അയാൾ മറ്റുള്ളവരെ സ്നേഹിക്കുന്നത് അവരെ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അതു സ്നേഹമല്ല; അയാൾ സ്നേഹത്തെ ഒരൊഴികഴിവായി ഉപയോഗിക്കുന്നു എന്നുമാത്രം, സ്വന്തം സ്വാർത്ഥതാല്പര്യങ്ങളെ മൂടിവയ്ക്കാനുള്ള ഒരാവരണം. അന്യരെ യഥാർത്ഥത്തിൽ സ്നേഹിക്കണമെങ്കിൽ താൻ സ്വയം സ്നേഹിക്കുന്നുണ്ടെന്ന് അയാൾ ആദ്യം തന്നെ തെളിവു നല്കണം; എന്തെന്നാൽ, തന്നെത്തന്നെ സ്നേഹിക്കുക എന്നതാണ് ഏറ്റവും ദുഷ്കരമായ ഉദ്യമം. മറ്റൊരാളെ സ്നേഹിക്കുക എളുപ്പമാണ്, എന്നാൽ നിങ്ങൾ എന്താണോ, നിങ്ങളുടെ സത്ത എന്താണോ അതിനെ സ്നേഹിക്കുക ചുട്ടുപഴുത്ത ഇരുമ്പിനെ പുണരുന്നതുപോലെയാണ്: നിങ്ങളിലേക്കത് എരിഞ്ഞുകേറും, അത് അത്യധികം വേദനാകരവുമാണ്. അതിനാൽ, മറ്റൊരാളെ സ്നേഹിക്കുക എന്നത് നാമെല്ലാം കൊതിക്കുന്ന ഒരൊളിച്ചോട്ടമാണ്, അതിനു കഴിഞ്ഞാൽ നമുക്കു സന്തോഷമാവുകയും ചെയ്യും. എന്നാൽ കാലം പോകെ അതു തിരിച്ചുവരികതന്നെ ചെയ്യും. എന്നെന്നേക്കുമായി തന്നിൽ നിന്നകന്നു കഴിയാൻ നിങ്ങൾക്കാവില്ല, നിങ്ങൾക്കു മടങ്ങിത്തന്നെയാവണം, ആ പരീക്ഷയ്ക്കു വിധേയനാവണം; എന്നാൽ മാത്രമേ തനിക്ക് യഥാർത്ഥത്തിൽ സ്നേഹിക്കാൻ കഴിയുമോയെന്ന് നിങ്ങൾ അറിയുകയുള്ളു. അതാണ് ചോദ്യം: നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിയുമോ? അതാണ് പരീക്ഷയും.
(നീച്ചയുടെ സരതുഷ്ട്ര)
-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ