എന്റെ കാര്യം പറഞ്ഞാൽ, ഞാൻ യാത്ര ചെയ്യുന്നത് എവിടെയെങ്കിലും പോകാനല്ല, പോകാൻ മാത്രമായിട്ടാണ്. യാത്രയ്ക്കു വേണ്ടിമാത്രമായി ഞാൻ യാത്ര ചെയ്യുന്നു. ചലിക്കുക എന്നതാണ് വലിയ കാര്യം; നമ്മുടെ ജീവിതത്തിന്റെ ആവശ്യങ്ങളും കുടുക്കുകളും ഒന്നുകൂടി അടുത്തറിയുക; നാഗരികത എന്ന പട്ടുമെത്തയിൽ നിന്ന് താഴെയിറങ്ങി കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്ന ഈ ഭൂഗോളത്തിന്റെ പരുക്കൻ പാറകൾ കാല്ക്കീഴിലറിയുക. പക്ഷേ, ജീവിതത്തിലേക്കിറങ്ങിക്കഴിഞ്ഞാൽ, നമ്മുടെ കാര്യങ്ങളിൽ വ്യാപൃതരായിക്കഴിഞ്ഞാൽ, ഒരൊഴിവുദിവസം പോലും പരിശ്രമിച്ചാലേ നമുക്കു കിട്ടൂ എന്നതാണ് കഷ്ടം. മഞ്ഞുറഞ്ഞ വടക്കൻ ദേശങ്ങളിലൂടെ ജീനിയിൽ യാത്രാഭാണ്ഡവുമായി ശീതക്കാറ്റിനെതിരെ യാത്ര ചെയ്യുക എന്നത് വലിയ കേമത്തമൊന്നുമല്ലെങ്കിലും നമ്മുടെ മനസ്സിനെ ആമഗ്നമാക്കാനും പ്രശാന്തമാക്കാനും അതുമതി. വർത്തമാനകാലം തന്നെ ശ്രമകരമായിരിക്കെ ഭാവിയെക്കുറിച്ച് ആരു വേവലാതിപ്പെടുന്നു?
(ഒരു കഴുതയുമൊത്തുള്ള യാത്രകൾ)
അരക്ഷിതമാണ് മനുഷ്യന്റെ സൗഹൃദങ്ങൾ, എത്രയ്ക്കവ അഭിമതമായാലും. നിങ്ങൾക്കറിയാം, ഒരു സ്നേഹിതൻ വിവാഹം കഴിക്കും, അതിൽ പിന്നെ വാതിലിനു പുറത്തു തനിക്കു നില്ക്കേണ്ടിവരുമെന്ന്; രണ്ടാമതൊരാൾ ചൈനയിൽ ഒരുദ്യോഗത്തിനു പോകുമെന്നും പിന്നീടയാൾ തനിക്കു വെറുമൊരു പേരോ ഒരോർമ്മയോ വല്ലപ്പോഴുമൊരിക്കൽ കിട്ടുന്ന ക്ലിഷ്ടമായ ഒരു കത്തോ ആയി മാറുമെന്ന്; മൂന്നാമൻ ഏതെങ്കിലും മതചാപല്യത്തിൽ പോയി ചാടുമെന്നും പിന്നയാൾ മുഷിഞ്ഞൊരു നോട്ടത്തോടെയാണു തന്നെ നോക്കുകയെന്നും. അങ്ങനെ, ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ജീവിതം മനുഷ്യരെ വേർപെടുത്തുകയും സുന്ദരമായ സഖ്യങ്ങൾ തകർത്തുകളയുകയും ചെയ്യും. മനുഷ്യരുടെ സൗഹൃദങ്ങളെ, അവ നിലനില്ക്കുന്ന കാലത്തോളം, ഹൃദ്യമാക്കുന്ന അതേ വഴക്കവും സ്വസ്ഥതയും തന്നെയാണ് അവയെ തകർക്കാനും മറക്കാനും എളുപ്പമാക്കുന്നതും. ചില സുഹൃത്തുക്കളുള്ള, അല്ലെങ്കിൽ ഒരു ഡസൻ സുഹൃത്തുക്കളുള്ള (അങ്ങനെയൊരു ധനികൻ ഈ ലോകത്തുണ്ടെങ്കിൽ) ഒരാൾക്കു മറക്കാൻ കഴിയില്ല, എത്ര ഭദ്രമല്ലാത്ത ഒരടിത്തറയിലാണ് തന്റെ സന്തോഷം ഊന്നിനില്ക്കുന്നതെന്ന്; വിധിയുടെ ഒരു പ്രഹരത്താൽ- ഒരു മരണം, തമാശയായി പറഞ്ഞ ചില വാക്കുകൾ, തപാൽമുദ്രയൊട്ടിച്ച ഒരു കടലാസ്സുകഷണം, ഒരു സ്ത്രീയുടെ പ്രകാശം ചൊരിയുന്ന കണ്ണുകൾ- എല്ലാവരും വെടിഞ്ഞുപോയ ഒരഗതിയായി ഒരു മാസത്തിനുള്ളിൽ താൻ മാറിയേക്കാമെന്ന്.
(യുവാക്കളോടും യുവതികളോടും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ