ഡ്രൈവു ചെയ്യുന്നതിനിടെ ഉറക്കം വന്നപ്പോൾ റോഡരികിലെ ഒരു മരത്തിനടിയിൽ ഞാൻ വണ്ടി നിർത്തി. പിൻസീറ്റിൽ ചുരുണ്ടുകൂടിക്കിടന്ന് ഞാനുറങ്ങി. എത്രനേരം? മണിക്കൂറുകൾ. ഇരുട്ടായിക്കഴിഞ്ഞിരുന്നു.
പെട്ടെന്ന് എന്റെ ഉറക്കം ഞെട്ടി; ഞാൻ ആരാണെന്ന് എനിക്കോർമ്മ വന്നില്ല. എനിക്കു പൂർണ്ണബോധം ഉണ്ടായിരുന്നു, അതുകൊണ്ടു പക്ഷേ, കാര്യമുണ്ടായില്ല. എവിടെയാണു ഞാൻ? ആരാണു ഞാൻ? ഒരു പിൻസീറ്റിൽ ഉറക്കമുണർന്ന എന്തോ ഒന്നാണു ഞാൻ, ഒരു ചാക്കുകെട്ടിനുള്ളിൽ പ്രാണവെപ്രാളത്തോടെ മാന്തിപ്പറിക്കുന്ന ഒരു പൂച്ചയെപ്പോലെ.
ഏറെനേരത്തിനു ശേഷം ജീവനെന്നിലേക്കു തിരിച്ചുവരുന്നു. ഒരു മാലാഖയെപ്പോലെ എന്റെ പേരെന്നിലേക്കു തിരിച്ചെത്തുന്നു. കോട്ടമതിലിനു പുറത്ത് ഒരു കാഹളശബ്ദം (ലിയോനോറ ഒവേർച്ചറിലെപ്പോലെ), എന്നെ രക്ഷിക്കാൻ നീണ്ടൊരു കോണിപ്പടി വേഗം വേഗമിറങ്ങിവരുന്ന കാലൊച്ചകളും. ഞാൻ വരുന്നതാണത്! ഞാനാണത്!
എന്നാൽ മറക്കാൻ സാദ്ധ്യമല്ല, കാറുകൾ ഹെഡ്‌ലൈറ്റുകളുമിട്ടു കടന്നുപോകുന്ന പ്രധാനപ്പെട്ടൊരു ഹൈവേയ്ക്കു കുറച്ചുമാത്രമപ്പുറം ശൂന്യതയുടെ ഒരു നരകത്തിൽ പതിനഞ്ചു സെക്കന്റ് നേരത്തെ ആ പോരാട്ടം.
*(Leonora Overture- ബീഥോവന്റെ ഫിഡെലിയോ എന്ന ഓപ്പെറയുടെ പ്രാരംഭസംഗീതം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ