വിവാഹിതരോ ദീർഘകാലമായി തമ്മിലടുത്തവരോ ആയ ഒരു സ്ത്രീയും പുരുഷനും; ഒരാൾ മറ്റൊരാളുടെ ഡയറി രഹസ്യമായി വായിക്കുകയാണ്; അതിലവർ ഒരാൾക്കു മറ്റേയാളെക്കുറിച്ചു തോന്നുന്നത് ഒളിച്ചുവയ്ക്കാതെ എഴുതിവയ്ക്കുന്നുമുണ്ട് (അക്കാര്യത്തിൽ രണ്ടുപേരും മാന്യത കാണിയ്ക്കുന്നുവെന്നു പറയണം). താൻ എഴുതുന്നത് മറ്റേയാൾ വായിക്കുന്നുണ്ടെന്ന് ഇരുവർക്കും അറിയാം; എന്നാല്ക്കൂടി കുറേക്കാലത്തേയ്ക്കവർ വസ്തുനിഷ്ഠമായിത്തന്നെയാണ് എഴുതുന്നതും. പിന്നെ, പതിയെപ്പതിയെ അവർ കള്ളത്തരം കാണിയ്ക്കാൻ തുടങ്ങുന്നു, ആദ്യം അബോധപൂർവ്വമായി; പിന്നെ, മറ്റേയാളെ സ്വാധീനിക്കാനായി ബോധപൂർവ്വമായും. ഓരോ ആളും രണ്ടു ഡയറികൾ വയ്ക്കുന്ന അവസ്ഥയിലേക്ക് ഒടുവിലവർ എത്തിച്ചേരുന്നു: ഒന്ന് സ്വന്തം ആവശ്യത്തിനായി; അതവർ പൂട്ടിവയ്ക്കുന്നു; രണ്ടാമത്തേത് മറ്റേയാൾക്കു വായിക്കാനായി. അങ്ങനെപോകെ അവരിൽ ഒരാൾക്കൊരു നാക്കുപിഴ പറ്റുന്നു, അല്ലെങ്കിൽ, അയാൾ ഒരബദ്ധം കാണിക്കുന്നു; അയാൾ തന്റെ ഡയറി കട്ടുവായിച്ചുവെന്ന് മറ്റേയാൾ കുറ്റപ്പെടുത്തുന്നു. ഇരുവർക്കുമിടയിലുണ്ടായ ഭയങ്കരമായ കലഹം ഇരുവരേയും എന്നെന്നേക്കുമായി അകറ്റുകയും ചെയ്യുന്നു. കലഹകാരണം ശരിക്കുള്ള ഡയറിയുമല്ല- “നമുക്കിരുവർക്കും അറിയാമായിരുന്നതാണല്ലോ, അപ്രധാനമായ മറ്റേ ഡയറിയാണ് നാം വായിക്കുന്നതെന്ന്; എന്നിട്ട് എന്റെ സ്വകാര്യഡയറി വായിക്കാനുള്ള സത്യസന്ധതയില്ലായ്മ കാണിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി!“
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ