കലയ്ക്കു പറഞ്ഞിരിക്കുന്ന ധർമ്മം, പലപ്പോഴും കരുതപ്പെടുന്നപോലെ, ആശയങ്ങൾ കൈമാറുകയല്ല, ചിന്തകൾ പ്രചരിപ്പിക്കുകയല്ല, ഉദാഹരണമായി വർത്തിക്കുകയുമല്ല. കലയുടെ ലക്ഷ്യം ഒരു മനുഷ്യനെ മരണത്തിനു സജ്ജമാക്കുകയാണ്, നന്മയിലേക്കു തിരിയാൻ പാകത്തിൽ അയാളുടെ ആത്മാവെന്ന നിലമൊരുക്കുകയാണ്.
പ്രകൃഷ്ടമായ ഒരു കലാരചനയുടെ സ്പർശനമേല്ക്കുമ്പോൾ ഒരു വ്യക്തി തനിക്കുള്ളിൽ കേൾക്കാൻ തുടങ്ങുകയാണ്, കലാകാരനെ അയാളുടെ സൃഷ്ടികർമ്മത്തിലേക്കു പ്രചോദിപ്പിച്ച സത്യത്തിന്റെ അതേ ആഹ്വാനം. ഒരു കലാസൃഷ്ടിയും അതിന്റെ ദ്രഷ്ടാവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ ഉദാത്തവും വിമലീകരിക്കുന്നതുമായ ഒരാഘാതത്തിനു വിധേയനാവുകയാണയാൾ. മാസ്റ്റർപീസുകളേയും സദസ്സിനേയും ഒന്നിപ്പിക്കുന്ന ആ തേജോവലയത്തിനുള്ളിൽ വച്ച് നമ്മുടെ ആത്മാവുകളുടെ ഏറ്റവും ഉത്തമമായ വശങ്ങൾ നാമറിയുന്നു, അവയെ സ്വതന്ത്രമാക്കാൻ നാം ആഗ്രഹിക്കുകയും ചെയ്യുന്നു. ആ മുഹൂർത്തങ്ങളിൽ നാം നമ്മെത്തന്നെ തിരിച്ചറിയുകയും നമ്മുടെതന്നെ സാദ്ധ്യതകളുടെ ആഴമറിയാത്ത കയങ്ങളും നമ്മുടെ വികാരങ്ങളുടെ നാമിനിയും കയറാത്ത ശൃംഗങ്ങളും കണ്ടെടുക്കുകയും ചെയ്യുന്നു.
(Sculpting In Time)
പോയ രാത്രിയിൽ ഞാനൊരു വിചിത്രസ്വപ്നം കണ്ടു: ഞാൻ ആകാശത്തേക്കു നോക്കി ഇരിക്കുകയായിരുന്നു; ആകാശം വളരെ, വളരെ തെളിഞ്ഞതും മൃദുവുമായിരുന്നു. മുകളിൽ, എനിക്കു മുകളിൽ അതു പതുക്കെ
തിളയ്ക്കുന്നപോലെ തോന്നിയിരുന്നു, ദ്രവരൂപമെടുത്ത വെളിച്ചം പോലെ, പ്രകാശപൂരിതമായ ഒരു നെയ്ത്തുവേലയുടെ ഇഴകൾ പോലെ, ഒരു ജാപ്പനീസ് ചിത്രകംബളത്തിലെ പട്ടുനൂലു കൊണ്ടുള്ള തുന്നലുകൾ പോലെ. ആ കുഞ്ഞിഴകൾ, ജീവനുള്ള നാരുകൾ, ചലിക്കുകയും പൊന്തിയൊഴുകുകയും കയ്യെത്താത്ത ഉയരത്തിൽ പറന്നുനടക്കുന്ന കിളികളാവുകയുമാണെന്നു തോന്നി. അത്രയും ഉയരത്തിലായതിനാൽ തൂവലുകൾ കൊഴിഞ്ഞാൽ അവ താഴേക്കു വീഴില്ല, ഭൂമിയിലേക്കെത്തില്ല, മറിച്ച്, അവ മുകളിലേക്കു പറക്കും, നമ്മുടെ ലോകത്തു നിന്ന് എന്നെന്നേക്കുമായി മറഞ്ഞുപോകും എന്ന മട്ടായിരുന്നു. ആ അത്യുന്നതിയിൽ നിന്ന് നേർത്ത വശ്യസംഗീതം താഴേക്കൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞുമണികളുടെ കിലുക്കം പോലെ തോന്നി ആ സംഗീതം; അഥവാ, കിളികളുടെ ചിലയ്ക്കൽ സംഗീതം പോലെ ആയിരുന്നു.
‘അവ കൊറ്റികളാണ്,’ പെട്ടെന്നാരോ പറയുന്നതു ഞാൻ കേട്ടു, ഞാൻ ഉറക്കമുണരുകയും ചെയ്തു. വിചിത്രവും സുന്ദരവുമായ ഒരു സ്വപ്നം. ചിലപ്പോഴൊക്കെ ഞാനിങ്ങനെയുള്ള ഗംഭീരസ്വപ്നങ്ങൾ കാണാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ