2021, ജനുവരി 30, ശനിയാഴ്‌ച

നെരൂദ - കത്രികയ്ക്കൊരു വാഴ്ത്ത്


അതിശയപ്പെട്ട 
കത്രികേ,
(കാണാൻ
കിളിയെപ്പോലെ,
മീനിനെപ്പോലുള്ളതേ)
യോദ്ധാവിന്റെ
തിളങ്ങുന്ന കവചം പോലെ
നീ മിനുങ്ങുന്നുവല്ലോ.

നീണ്ടുകുടിലമായ
രണ്ടു കത്തികളിൽ നിന്ന്,
അവയുടെ ഒരുനാളും പിരിയാത്ത
പരിണയത്തിൽ നിന്ന്,
ഒരുമിച്ചുകെട്ടിയ
രണ്ടരുവികളിൽ നിന്ന്,
വെട്ടുന്നൊരു ജന്തു
ഉണ്ടായിവന്നു,
കാറ്റു പിടിച്ച തുണികളിൽ
നീന്തിത്തുടിക്കുന്ന മീൻ,
ക്ഷൗരക്കടകളിൽ
പറന്നുനടക്കുന്ന പക്ഷി.

എന്റെ തുന്നല്ക്കാരിയമ്മായിയുടെ
കൈകൾ പോലെ
മണക്കുന്ന
കത്രികേ,
നിന്റെ വെളുത്ത
ലോഹക്കണ്ണ്‌
ഞങ്ങളുടെ ഞെരുങ്ങിയ ബാല്യത്തെ
ഒളികണ്ണിട്ടുനോക്കിയിരുന്നു,
ഞങ്ങളുടെ ചുംബനമോഷണങ്ങളും
പ്ലംപഴക്കവർച്ചകളും
അയല്ക്കാരോടു
നീ വിസ്തരിച്ചിരുന്നു.

ആ വീട്ടിനുള്ളിൽ,
സ്വന്തം കൂട്ടിൽ നിന്ന്
കത്രിക
ഞങ്ങളുടെ ജീവിതങ്ങളിലേക്കു
കടന്നുവന്നു,
അതില്പിന്നെ
അതെത്ര തുണികൾ
മുറിച്ചുതള്ളി,
മന്ത്രകോടികൾ,
ശവക്കോടികൾ,
കുഞ്ഞുടുപ്പുകൾ,
ആശുപത്രിവിരികൾ
എത്രയവ മുറിച്ചു,
ഇന്നും മുറിക്കുന്നു.
പിന്നെ,
പാറയിൽ പിടിച്ചുവളരുന്ന
ചെടി പോലെ മുരത്ത
പണിക്കാരുടെ മുടി,
ചോരയും തീയും
കറ വീഴ്ത്തുകയും
പൊള്ളിക്കുകയും ചെയ്ത
പതാകകൾ,
മഞ്ഞുകാലത്തെ
മുന്തിരിക്കതിരുകൾ,
ഫോൺവിളികളുടെ
ചരടുകൾ.

എന്നോ മറവിയിൽപെട്ട
ഏതോ ഒരു കത്രിക
നിങ്ങളുടെ പൊക്കിൾക്കൊടി മുറിച്ചു,
വേറിട്ടൊരസ്തിത്വം
നിങ്ങൾക്കു നല്കി,
മറ്റൊരുനാൾ
മറ്റൊരു കത്രിക,
നല്ല ബോധത്തോടെയാവണമെന്നുമില്ല,
നിങ്ങളുടെ 
ശവക്കോടിയും മുറിയ്ക്കും.

കത്രിക
എവിടെയും
പോയി:
ദുഃഖവും
സന്തോഷവും
ഒരേപോലെ
മുറിച്ചുകൊണ്ട്
അത്
ലോകസഞ്ചാരം നടത്തി:
അതിനെന്തും
മുറിക്കാനുള്ള തുണിയായിരുന്നു:
തയ്യല്ക്കടകളിലെ
പായ്ക്കപ്പൽ പോലെ സുന്ദരമായ
കൂറ്റൻ കത്രിക,
നഖങ്ങൾ വെട്ടിയൊരുക്കി
ചന്ദ്രക്കലയുടെ 
വടിവവയ്ക്കു നല്കുന്ന
കുഞ്ഞൻ കത്രിക,
നിങ്ങളുടെ കുടലിൽ നിന്ന്
വളരരുതാത്തൊരു മുഴയോ
വരരുതാത്തൊരു കെട്ടോ
മുറിച്ചുനീക്കുന്ന
സർജ്ജന്റെ മെലിഞ്ഞ,
അന്തർവാഹിനിക്കത്രിക.

ഇനിയിപ്പോൾ
ഔചിത്യത്തിന്റെ
കത്രിക കൊണ്ട്
ഞാനെന്റെ വാഴ്ത്തിനെ
വെട്ടിച്ചുരുക്കുന്നു:
അതിനതിന്റെ
രൂപഭംഗി നഷ്ടപ്പെടരുതെന്നതിനായി,
നിങ്ങളുടെ കീശയിൽ
ഒതുങ്ങിക്കിടക്കട്ടെ അതെന്നതിനായി,
മിനുക്കി മടക്കിവച്ച
ഒരു കത്രിക പോലെ.


2021, ജനുവരി 29, വെള്ളിയാഴ്‌ച

നെരൂദ - സോപ്പിനൊരു വാഴ്ത്ത്

ഒരു സോപ്പുകട്ട
മുഖത്തേക്കടുപ്പിക്കുമ്പോൾ
അതിന്റെ ബലത്ത സൗരഭ്യം
എന്നെ ഉന്മത്തനാക്കുന്നു.:
എവിടെ നിന്നു
വരുന്നു നീ,
പരിമളമേ?
എവിടെ,
നിന്റെ സ്വദേശം?
എന്റെ മച്ചുനനയച്ചതോ
നിന്നെ?
തണുത്ത വട്ടകയിലെ
വിണ്ട കൈകളിൽ നിന്നോ,
ആ കൈകളലക്കിയ
തുണികളിൽ നിന്നോ?
ഞാനത്രയുമോർമ്മിക്കുന്ന
ലൈലാക്കുകളിൽ നിന്നോ
നീ വന്നു?
മറിയപ്പെണ്ണിന്റെ
കണ്ണുകളിൽ നിന്നോ?
ഒരു ചില്ലയിൽ പിടിച്ചുനിൽക്കുന്ന
പച്ച പ്ലംപഴങ്ങളിൽ നിന്നോ?
കളി നടക്കുന്ന മൈതാനത്തു നിന്നോ,
വിറ കൊള്ളുന്ന അരളിമരങ്ങൾക്കടിയിലെ
കാക്കക്കുളിയിൽ നിന്നോ?
പൊന്തകൾക്കുള്ള സുഗന്ധമോ
നിന്റെ സുഗന്ധം?
മധുരിക്കുന്ന പ്രണയത്തിന്റേതോ,
പിറന്നാൾകേക്കിന്റേതോ?
ഇനിയഥവാ,
തകർന്ന ഹൃദയം പോലെ
മണക്കുമോ നീ?
എന്നും പുലർച്ചയ്ക്കെന്റെ മൂക്കിലേക്ക്‌
നീയെന്താണു കൊണ്ടുവരുന്നത്,
സോപ്പേ?
പിന്നെയല്ലോ ഞാൻ കുളി കഴിക്കുന്നതും,
ചരക്കുകൾ പേറിക്കൂനിയ മനുഷ്യർക്കിടയിലൂടെ
തെരുവിലേക്കു കടക്കുന്നതും.
ഏതു വിദൂരദേശത്തിന്റെ
മണമിത്‌?
ഏതടിപ്പാവാടകളുടെ പൂക്കൾ?
മലനാട്ടുപെണ്ണുങ്ങളുടെ തേൻമണം?
അല്ല, ഒരു പലവ്യഞ്ജനക്കടയുടെ
പാതി മറന്ന മണമോ?
ഒരു കൃഷിക്കാരന്റെ കൈകളിലെ
പരുക്കൻ കച്ചയുടെ മണം,
ശർക്കരപ്പാനിയുടെ
കൊഴുത്ത മധുരം,
ചുവന്ന മിന്നൽപ്പിണരു പോലെ,
ചുവന്നൊരമ്പു പോലെ
അമ്മായിയുടെ മേശവലിപ്പിൽ ശയിക്കുന്ന
ലവംഗപുഷ്പം?
നിന്റെ തീക്ഷ്ണസൗരഭ്യം
ഞാൻ മണക്കുന്നതു
പീടികയിൽ,
ക്ഷൗരക്കടയിലെ കൊളോണിൽ,
വെടിപ്പുറ്റ നാട്ടിൻപുറങ്ങളിൽ,
തെളിവുറ്റ നീറ്റിൽ?
ഇതാണു നീ സോപ്പേ:
കലർപ്പറ്റ ആനന്ദം,
കുളിത്തൊട്ടിയുടെ അടിത്തട്ടിലേക്കു
വഴുതിമുങ്ങുന്ന
ക്ഷണികസൗരഭം.


2021, ജനുവരി 28, വ്യാഴാഴ്‌ച

ഹൈമേ സബീനെസ് - ഗദ്യകവിതകൾ



മഴ ചിറകടിക്കുമ്പോൾ...


ഒഴുകുന്ന നഗരത്തിന്റെ മുതുകിൽ മഴ ചിറകടിക്കുന്നതു കാണാനെനിക്കിഷ്ടമാണ്‌.
പൊടിയടിയുന്നു, വായു വൃത്തിയാകുന്നു, ഗന്ധത്തിന്റെ ഇലകൾ, കുളിർമ്മയുടെ കിളികൾ, കിനാവുകൾ അതിലൂടൊഴുകിപ്പോകുന്നു.
ട്രാമുകൾ, ബസ്സുകൾ, ലോറികൾ, സൈക്കിളിലും കാൽനടയായും പോകുന്നവർ, പല നിറങ്ങളിലുള്ള വണ്ടികൾ, വഴിവാണിഭക്കാർ, പലഹാരക്കച്ചവടക്കാർ, അടകൾ നിറച്ച കലങ്ങൾ, ചുട്ട നേന്ത്രപ്പഴങ്ങളുടെ കൂടകൾ, ഒരു കുട്ടിയിൽ നിന്നു മറ്റൊരു കുട്ടിയിലേക്കു പറക്കുന്ന പന്തുകൾ: തെരുവുകൾ നിറയുന്നു, കഴുകിയുണക്കാനിട്ട പകലിന്റെ ശേഷിച്ച വെളിച്ചത്തിൽ ഒച്ചകൾ പെരുകുന്നു.
മഴ തോർന്നാൽ ഉറുമ്പുകളെപ്പോലവർ പുറത്തുവരുന്നു, ആകാശത്തിന്റെ തുണ്ടുകൾ, നിത്യതയുടെ വൈക്കോല്ക്കഷണങ്ങൾ അവർ പെറുക്കിയെടുക്കുന്നു, മേല്ക്കൂരകളിൽ നിന്നു കണവമീനുകൾ തൂങ്ങിക്കിടക്കുന്ന, കട്ടിലുകൾക്കടിയിൽ എട്ടുകാലി വല നെയ്യുന്ന, ഏതോ വാതിലിനു പിന്നിൽ പരിചിതപ്രേതം ഒന്നെങ്കിലുമുള്ള ഇരുണ്ട വീടുകളിലേക്കതവർ കൊണ്ടുപോകുന്നു.
നിനക്കു നന്ദി, കരിമേഘങ്ങളുടെ അമ്മേ, സായാഹ്നത്തിന്റെ മുഖം നീ അത്രയും വെണ്മയുറ്റതാക്കിയല്ലോ,. ജീവിതത്തെ പിന്നെയും സ്നേഹിക്കാൻ നീ ഞങ്ങളെ തുണച്ചുവല്ലോ.
*

 വേശ്യകളെ നമുക്കു വാഴ്ത്തപ്പെട്ടവരാക്കാം...


വേശ്യകളെ നമുക്കു വാഴ്ത്തപ്പെട്ടവരാക്കാം. ശനിയാഴ്ചയുടെ വിശുദ്ധകൾ: ബെറ്റി, ലോല, മാർഗൊട്ട്, നിത്യകന്യകകൾ, എന്നും പുതുക്കപ്പെടുന്നവർ, ദൈവവരം നിറഞ്ഞ തല്ക്കാലരക്തസാക്ഷികൾ, മഹാമനസ്കതയുടെ ഉറവകൾ.

നിങ്ങൾ ഞങ്ങൾക്കാനന്ദം നല്കുന്നു, ലോകത്തെ വീണ്ടെടുക്കുന്ന വേശ്യകളേ, പകരമായി യാതൊന്നും നിങ്ങൾ ചോദിക്കുന്നതുമില്ല, മുഷിഞ്ഞ ചില നോട്ടുകളല്ലാതെ. സ്നേഹിക്കപ്പെടാൻ, ബഹുമാനിക്കപ്പെടാൻ, പരിചരിക്കപ്പെടാൻ നിങ്ങൾ ആവശ്യപ്പെടുന്നില്ല, ചിണുങ്ങുകയോ വഴക്കടിക്കുകയോ അസൂയപ്പെടുകയോ ചെയ്യുന്ന ഭാര്യമാരെ നിങ്ങൾ അനുകരിക്കുന്നില്ല. ‘ഗുഡ്ബൈ’യോ ‘സോറി’യോ പറയാൻ നിങ്ങൾ ആരെയും നിർബ്ബന്ധിക്കുന്നില്ല; നിങ്ങൾ ചോരയോ സമയമോ ഊറ്റിക്കുടിക്കുന്നതുമില്ല. പാപബോധത്തിൽ നിന്നു മുക്തരാണു നിങ്ങൾ; പാപികളെ നിങ്ങൾ നെഞ്ചോടടുക്കുന്നു, വാക്കുകൾക്കും സ്വപ്നങ്ങൾക്കും നിങ്ങൾ കാതു കൊടുക്കുന്നു, നിങ്ങൾ പുഞ്ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ക്ഷമാശീലരും വിദഗ്ധരും അസ്വസ്ഥരും വിവേകികളും മനസ്സിൽ വിരോധം കൊണ്ടുനടക്കാത്തവരുമാണു നിങ്ങൾ.

ആരെയും നിങ്ങൾ വഞ്ചിക്കുന്നില്ല, നിങ്ങൾ സത്യസന്ധരാണ്‌, ആത്മാർത്ഥതയുള്ളവരാണ്‌, പൂർണ്ണതയുള്ളവരാണ്‌; എന്താണു തങ്ങളുടെ വിലയെന്ന് മുമ്പേതന്നെ നിങ്ങൾക്കറിയാം; നിങ്ങൾ നിങ്ങളെ മാത്രമേ മുന്നിലേക്കു വയ്ക്കുന്നുള്ളു; വൃദ്ധനെന്നോ കുറ്റവാളിയെന്നോ മന്ദബുദ്ധിയെന്നോ കറുത്തവേന്നോ നിങ്ങൾക്കു തരംതിരിവില്ല; തെമ്മാടികളുടെ ദുശ്ശാഠ്യങ്ങളെ, രോഗം പിടിച്ചവരിൽ നിന്നുള്ള അപായങ്ങളെ നിങ്ങൾ സഹിക്കുന്നു; ഷണ്ഡനെ നിങ്ങൾ ആശ്വസിപ്പിക്കുന്നു, നാണംകുണുങ്ങികളെ ഉത്തേജിപ്പിക്കുന്നു, എല്ലാം ചെടിച്ചവരെ നിങ്ങൾ സന്തോഷിപ്പിക്കുന്നു, ജീവിതാശ നശിച്ചവരിൽ തുറന്നുകേറാനുള്ള താക്കോൽ നിങ്ങൾ കണ്ടെടുക്കുന്നു. കുടിയനു രഹസ്യങ്ങൾ പങ്കു വയ്ക്കാനുള്ള സുഹൃത്താണു നിങ്ങൾ, പീഡിതനഭയമാണ്‌, ഉറക്കമില്ലാത്തവനു കിടക്കയാണ്‌. നിങ്ങളുടെ വായിനേയും കൈകളേയും, മാംസപേശികളേയും ചർമ്മത്തേയും, ഉദരത്തേയും ആത്മാവിനേയും നിങ്ങൾ പരിശീലിപ്പിച്ചെടുത്തിരിക്കുന്നു. ഉടുക്കാനും ഉരിയാനും കിടക്കാനും ഇളകാനും നിങ്ങൾക്കറിയാം. താളത്തിൽ നിങ്ങൾ കൃത്യമാണ്‌, ഞരക്കങ്ങൾ തക്ക നേരത്താണ്‌, പ്രണയത്തിന്റെ ചടങ്ങുകൾക്കു വിനീതവിധേയരുമാണു നിങ്ങൾ. 

സ്വാതന്ത്ര്യവും സമനിലയുമാണു നിങ്ങൾ; ആരും നിങ്ങൾക്കാരുമല്ല, ആരെയും നിങ്ങൾ പിടിച്ചുനിർത്തുന്നില്ല, ആർക്കും നിങ്ങൾ വിധേയപ്പെടുന്നില്ല, ആരെയും നിങ്ങൾ കാത്തിരിക്കുന്നുമില്ല. ശുദ്ധമായ സാന്നിദ്ധ്യമാണു നിങ്ങൾ, സ്വച്ഛന്ദവും നിത്യവും.

ജിവിതത്തിന്റെ സത്യവും സൗന്ദര്യവും നിങ്ങൾ പ്രഘോഷിക്കുന്ന ഇടം ഏതുമാകട്ടെ, ചമയിച്ച ഒരു വേശ്യാലയമോ ഒളിച്ചുകയറിയ ഒരു മുറിയോ പാവപ്പെട്ടവന്റെ പൊളിഞ്ഞ കിടക്കയോ ആകട്ടെ, അവിടെയെല്ലാം നിങ്ങൾ ഒന്നുതന്നെയാണ്‌, ഒരു വിളക്കു പോലെ, ഒരു ഗ്ലാസ് വെള്ളം പോലെ, അപ്പം പോലെ.

എന്റെ വേശ്യാസ്നേഹിതേ, കാമുകീ, പ്രിയപ്പെട്ടവളേ, എന്നാളത്തേക്കുമുള്ള ഇന്നിന്റെ തിരിവേ, ഞാൻ നിങ്ങളെ അറിയുന്നു, കാപട്യക്കാർക്കും വൈകൃതക്കാർക്കുമരികിൽ വച്ച് നിങ്ങളെ ഞാൻ വാഴ്ത്തപ്പെട്ടവരാക്കുന്നു, എന്റെ പണമാകെ ഞാൻ നിങ്ങൾക്കു നല്കുന്നു, പുല്ക്കൊടികൾ കൊണ്ടൊരു കിരീടം ഞാൻ നിങ്ങളെ അണിയിക്കുന്നു, നിങ്ങളിൽ നിന്നെന്നെന്നും പഠിക്കാനായി ഞാൻ സ്വയം തുറക്കുന്നു.
*

ചന്ദ്രൻ


ഒരു സ്പൂണളവിലോ രണ്ടു ഗുളികയായോ രണ്ടു മണിക്കൂർ ഇടവിട്ട് ദിവസേന നിങ്ങൾക്ക് ചന്ദ്രനെ സേവിക്കാം. ഉറക്കഗുളികയായും വേദനസംഹാരിയായും നിങ്ങൾക്കതു പ്രയോജനപ്പെടും. തന്നെയുമല്ല, തത്ത്വചിന്ത തലയ്ക്കു പിടിച്ചവർക്ക് അതിന്റെ കട്ടു വിടാനും അതു നല്ലതാണ്‌. മുയലിന്റെ പാദത്തേക്കാൾ നല്ലൊരു മന്ത്രരക്ഷയാണ്‌ ചന്ദ്രന്റെ ഒരു കഷണം. സ്നേഹിക്കാനൊരാളെ കണ്ടെത്താനും ആരുമറിയാതെ പണക്കാരനാവാനും ഡോകടർമാരെയും ആശുപത്രികളേയും അകറ്റിനിർത്താനും അതു നിങ്ങളെ സഹായിക്കുന്നു. കുട്ടികൾ ഉറങ്ങാൻ മടി കാണിക്കുമ്പോൾ പഞ്ചാരമിട്ടായിയായി അതവർക്കു കൊടുക്കാം, പ്രായമായവരുടെ കണ്ണിൽ രണ്ടോ നാലോ തുള്ളി നിലാവിറ്റിക്കുന്നത് സുഖമരണത്തിനും നല്ലതാണ്‌. 

തലയിണയ്ക്കടിയിൽ ചന്ദ്രന്റെ ഒരു തളിരില വയ്ക്കൂ, നിങ്ങൾ കാണാനാഗ്രഹിച്ചത് നിങ്ങൾക്കു കാണാം.ചന്ദ്രനിലെ വായു ഒരു ചിമിഴിൽ എപ്പോഴും കൂടെക്കൊണ്ടുനടക്കുന്നത് മുങ്ങിമരണത്തിൽ നിന്നു നിങ്ങളെ രക്ഷിക്കും. തടവുകാർക്കും നിരാശാഭരിതർക്കും ചന്ദ്രന്റെ ചാവി കൊടുക്കൂ. മരണശിക്ഷ വിധിക്കപ്പെട്ടവർക്കും മരണം വരെ ജീവിതം വിധിക്കപ്പെട്ടവർക്കും ഇതുപോലെ നല്ലൊരു ടോണിക്കില്ല, കൃത്യമായ ഇടവേളയിൽ, മതിയായ അളവിലുള്ള ചന്ദ്രനെപ്പോലെ.
*

 ടാഗോറിനെ വായിച്ചുകൊണ്ടിരിക്കെ...


ടാഗോറിനെ വായിച്ചുകൊണ്ടിരിക്കെ ഞാൻ ഇങ്ങനെയോർത്തു: വിളക്ക്, പാത, കിണറ്റിൻകരയിലെ കുടം, നഗ്നമായ പാദങ്ങൾ- നഷ്ടപ്പെട്ടുപോയ ഒരു ലോകമാണത്. ഇവിടെയുള്ളത് ഇലക്ട്രിക്ക് ബൾബുകൾ, മോട്ടോർക്കാറുകൾ, ടാപ്പുകൾ, ജറ്റ് വിമാനങ്ങൾ ഒക്കെയാണ്‌. ആരും കഥ പറയുന്നില്ല. മുത്തശ്ശിമാരുടെ സ്ഥാനം ടെലിവിഷനും സിനിമയും ഏറ്റെടുത്തുകഴിഞ്ഞു. സാങ്കേതികവിദ്യയൊന്നാകെ അത്ഭുതപ്രവൃത്തികൾ നടത്തുകയാണ്‌, സോപ്പും പേസ്റ്റും  പരസ്യപ്പെടുത്താനായി.

എന്തിനാണു ഞാൻ നടക്കുന്നതെന്നെനിക്കറിയില്ല, എന്നാലും ടാഗോറിന്റെ ആ ആർദ്രതയിലേക്കെനിക്കെത്തണം; ടാഗോറിന്റെ മാത്രമല്ല, കാര്യപ്രാപ്തിയുള്ള, നിർദ്ധനയായ നമ്മുടെ ടൈപ്പിസ്റ്റിന്റെ സ്ഥാനത്ത് ഒക്കത്തു കുടമെടുത്ത യുവതിയെ വയ്ക്കുന്ന പൗരസ്ത്യകവിതയിലേക്കെല്ലാം. എന്തായാലും നമുക്കുമുള്ളത് അതേ മേഘങ്ങൾ തന്നെയാണല്ലോ, അതേ നക്ഷത്രങ്ങളും, ഒന്നു നോക്കിയാൽ പോരേ, അതേ കടലും.

ഈ ടൈപ്പിസ്റ്റ് പെൺകുട്ടിയ്ക്കും സ്നേഹം ഇഷ്ടമാണ്‌. തന്റെ പകലുകളെ മലിനപ്പെടുത്തുന്ന ഈ കടലാസ്സുകൂമ്പാരത്തിനിടയിൽ അവൾ സൂക്ഷിച്ചുവയ്ക്കുന്ന വെളുത്ത സ്വപ്നങ്ങളുടെ ചില താളുകളുണ്ട്, തന്റെ ഏകാന്തതയോടു പൊരുതാൻ ആർദ്രതയുടെ ചില പേപ്പർ കട്ടിങ്ങുകളുണ്ട്. 

എന്നെങ്കിലുമൊരുനാൾ നമ്മുടെ ജീവിതത്തിന്റെ ഈ വിപുലമായ ദാരിദ്ര്യത്തെക്കുറിച്ചെനിക്കു പാടണം, അതിലളിതമായ കാര്യങ്ങളെച്ചൊല്ലിയുള്ള ഈ നഷ്ടബോധത്തെക്കുറിച്ച്, നമ്മുടെ ഇന്നലെയെ മാതിയായത്ര സ്നേഹിക്കാതെതന്നെ നാളെയിലേക്കു നാം തുടങ്ങിവച്ച ഈ ആഡംബരയാത്രയെക്കുറിച്ച്.
*

ഹൈമേ സബീനെസ് - കവിതകൾ


നല്ലവണ്ണമാലോചിക്കുക


അവർ പറയുന്നു ഭാരം കുറയ്ക്കാനായി ഞാൻ വ്യായാമം ചെയ്യണമെന്ന്,
അമ്പതിൽ കൊഴുപ്പും സിഗററ്റും അപകടമാണെന്ന്,
ഞാൻ ശരീരം നോക്കണമെന്ന്,
കാലത്തോടും പ്രായത്തോടും ഞാൻ പൊരുതിനില്ക്കണമെന്ന്.

അഭ്യുദയകാംക്ഷികളായ വിദഗ്ധരും സ്നേഹശീലരായ ഡോക്ടർമാരും
കുറച്ചുകൊല്ലം കൂടി ജീവിതം നീട്ടിക്കിട്ടട്ടേയെന്നതിനായി
പഥ്യങ്ങളും പരിപാടികളും ശുപാർശ ചെയ്യുന്നു.

അവരുടെ സദുദ്ദേശങ്ങൾക്കു ഞാൻ നന്ദി പറയുന്നു,
എന്നാൽ എത്ര പൊള്ളയാണവരുടെ കുറിപ്പടികളെന്നും
എത്ര ലോഭിച്ചതാണവരുടെ ഉത്സാഹമെന്നുമോർത്തു ഞാൻ ചിരിച്ചുപോകുന്നു
(ഈവകയൊക്കെ മരണവും തമാശയായിട്ടാണെടുക്കുക.)

ഞാൻ ഗൗരവത്തോടെ പരിഗണിക്കാൻ പോകുന്ന ഒരേയൊരു ശുപാർശ
കൂടെക്കിടക്കാൻ ഒരു ചെറുപ്പക്കാരിയെ കണ്ടുപിടിക്കുക എന്നതാണ്‌,
എന്തെന്നാൽ, ഈ പ്രായത്തിൽ
ഈ രോഗം സുഖപ്പെടുത്താൻ എന്തിനെങ്കിലും കഴിയുമെങ്കിൽ
അത് യൗവ്വനത്തിനു മാത്രമാണ്‌.

മിത്തിനെക്കുറിച്ച്


വയറ്റിൽ കിടക്കുമ്പോൾ ഞാൻ കരഞ്ഞുവെന്ന് അമ്മ എന്നോടു പറഞ്ഞു.
അവർ അമ്മയോടു പറഞ്ഞു: അവൻ ഭാഗ്യവാനാണ്‌.

എന്റെ ജീവിതത്തിന്റെ ഒന്നൊഴിയാതെല്ലാ നാളുകളിലും
സാവകാശം, വളരെപ്പതിയേ ആരോ എന്നോടു പറഞ്ഞിരുന്നു,
ജീവിക്കൂ, ജീവിക്കൂ, ജീവിക്കൂ!
അതു മരണമായിരുന്നു.

മരണത്തെക്കുറിച്ച്

അതിനെ കുഴിച്ചിടൂ.
മണ്ണിനടിയിൽ ഉരിയാട്ടമില്ലാത്തവർ എത്രയെങ്കിലുമുണ്ട്.
അതിന്റെ കാര്യം അവർ നോക്കിക്കോളും.
അതിനെ ഇവിടെ ഇടരുത്.
അതിനെ കുഴിച്ചിടൂ.

*

Jaime Sabines(1926-1999)- മെക്സിക്കൻ കവി. “അമേരിക്ക” എന്ന ഗ്രൂപ്പിലെ അംഗമായിരുന്നു. മരണവും നൈരാശ്യവും, അന്യവല്ക്കരണം, ജീവിതത്തിലുള്ള വിശ്വാസം എന്നിവ പ്രധാനപ്പെട്ട പ്രമേയങ്ങൾ.

2021, ജനുവരി 27, ബുധനാഴ്‌ച

ഹൊർഹെ കരേര അന്ദ്രാദെ - കവിതകൾ

അതിഥി


രാത്രിയുടെ കറുത്തിരുണ്ട കൂറ്റൻ കതകിൽ
പന്ത്രണ്ടു മുട്ടുകൾ മാറ്റൊലിയ്ക്കുന്നു.

ആളുകൾ കിടക്കകളിൽ എഴുന്നേറ്റിരിക്കുന്നു,
തണുതണുത്ത ചെതുമ്പലുകളുമായി
ഭീതി അവർക്കു മേലിഴഞ്ഞുകേറുന്നു.

അതാരായിരിക്കും? വീടുകൾക്കുള്ളിൽ
നഗ്നപാദമായ ഭീതി നുഴഞ്ഞുകേറുന്നു.

തങ്ങളുടെ വിളക്കുകളുടെ നാളങ്ങൾ
ആ പ്രചണ്ഠശബ്ദങ്ങളൂതിക്കെടുത്തുന്നതവർ കാണുന്നു.

അജ്ഞാതനായ ഒരതിഥി അവരെ കാണാനെത്തുകയാണ്‌,
അവരുടെ കൺപോളകളിൽ ഒരു നേർത്ത നീലനാളം പടരുന്നു.
*

ഒന്നുമില്ല


പുസ്തകക്കടകളിൽ പുസ്തകങ്ങളില്ല,
പുസ്തകങ്ങളിൽ വാക്കുകളില്ല,
വാക്കുകളിൽ കാമ്പില്ല:
വെറും തോടുകൾ മാത്രമാണവ.

കാഴ്ചബംഗ്ലാവുകളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലും
ചായമടിച്ച കാൻവാസ്സുകളും വിഗ്രഹങ്ങളുമേയുള്ളു;
അക്കാദമിയിൽ ആകെയുള്ളത്
കാടൻനൃത്തങ്ങളുടെ റെക്കോഡുകൾ മാത്രം.

വായകളിൽ പുകയേയുള്ളു,
കണ്ണുകളിൽ ദൂരമേയുള്ളു.
ഓരോ കാതിലും ഓരോ ചെണ്ട,
മനസ്സിൽ ഒരു സഹാറ വായ തുറക്കുന്നു.

മരുഭൂമിയിൽ നിന്നു നമ്മെ മോചിപ്പിക്കാൻ ഒന്നുമില്ല,
ചെണ്ടയിൽ നിന്നു നമ്മെ രക്ഷിക്കാൻ ഒന്നുമില്ല.
ചായം തേച്ച പുസ്തകങ്ങൾ താളുകൾ കൊഴിക്കുന്നു,
ഒന്നുമില്ലായ്മയുടെ തോടുകളാകുന്നു.
*

Jorge Carrera Andrade (1903-1978)- ഇക്വഡോറിൽ ജനിച്ച കവിയും ചരിത്രകാരനും. ദീർഘകാലം അന്യരാജ്യങ്ങളിൽ ഇക്വഡോറിന്റെ അംബാസഡറുമായിരുന്നു.

ഫെർണാണ്ടോ പെസ്സൊവ - ഇന്നലെ വൈകുന്നേരം...

 
ഇന്നലെ വൈകുന്നേരം ഒരു നഗരവാസി
സത്രത്തിനു മുന്നിൽ നിന്നു പ്രസംഗിച്ചു.
അയാൾ പ്രസംഗിച്ചതെന്നോടും കൂടിയായിരുന്നു.

അയാൾ നീതിയെക്കുറിച്ചു പറഞ്ഞു,
നീതിക്കായുള്ള സമരത്തെക്കുറിച്ചും
അദ്ധ്വാനിക്കുന്ന ജനങ്ങളെക്കുറിച്ചും
അവരുടെ തീരാത്ത കഷ്ടപ്പാടുകളെക്കുറിച്ചും
പട്ടിണി കിടക്കുന്നവരെക്കുറിച്ചും
അവർക്കു പുറം തിരിഞ്ഞുനില്ക്കുക മാത്രം ചെയ്യുന്ന
പണക്കാരെക്കുറിച്ചും പറഞ്ഞു.

എന്നിട്ടെന്നെ നോക്കുമ്പോൾ
അയാളെന്റെ കണ്ണുകളിൽ നനവു കണ്ടു,
സഹാനുഭൂതിയോടയാൾ എന്നെ നോക്കി മന്ദഹസിച്ചു;
അയാൾ വിശ്വസിച്ചിരിക്കുന്നു,
തനിക്കു തോന്നിയ വെറുപ്പും
തനിക്കു തോന്നിയതെന്നയാൾ പറഞ്ഞ സഹതാപവും
എനിക്കും തോന്നിയിരിക്കുന്നുവെന്ന്.

(ഞാൻ പക്ഷേ അയാൾ പറഞ്ഞതു ശരിക്കു കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല.
മനുഷ്യരെ ഞാനെന്തിനു ശ്രദ്ധിക്കാൻ,
അവരുടെ കഷ്ടപ്പാടുകളെ,
അല്ലെങ്കിൽ തങ്ങളുടെ കഷ്ടപ്പാടുകളെന്നവർ കരുതുന്നതിനെ?
അവരെന്നെപ്പോലെയാകട്ടെ- എങ്കിലവർ കഷ്ടപ്പെടുകയില്ല.
ലോകത്തു തിന്മയായിട്ടെന്തെങ്കിലുമുണ്ടെങ്കിലത്
നല്ലതു ചെയ്യാൻ ശ്രമിച്ചും ദ്രോഹിക്കാൻ നോക്കിയും
അന്യോന്യം നാം തൊന്തരപ്പെടുത്തുന്നതു മാത്രമാണ്‌.
നമ്മുടെ ആത്മാവും ആകാശവും ഭൂമിയും മാത്രം മതി നമുക്ക്.
ഇതിലധികം വേണമെന്നാഗ്രഹിക്കുക എന്നാൽ
ഉള്ളതു നഷ്ടപ്പെടുത്തുക എന്നാണ്‌, 
ഉള്ള സന്തോഷം കളയുക എന്നാണ്‌.)

ആ ജനോപകാരി പ്രസംഗിക്കുമ്പോൾ
എന്റെ ചിന്തയിലുണ്ടായിരുന്നത്
(എന്റെ കണ്ണുകൾ നനയിച്ചതും)
ആ കുടമണികളുടെ വിദൂരമർമ്മരമായിരുന്നു.
പൂക്കളും ചോലകളും എന്നെക്കണക്കുള്ള സരളാത്മാക്കൾക്കൊപ്പം
കുർബാന കൂടുന്നൊരു കുഞ്ഞുപള്ളിയിലെ മണിനാദങ്ങളാണവയെന്ന്
അന്നു വൈകുന്നേരം തോന്നാത്തതെന്താണെന്നോർക്കുകയായിരുന്നു ഞാൻ.

(ദൈവത്തിനു സ്തുതി, ഞാൻ നല്ലവനല്ലെന്നതിന്‌,
പൂക്കളെപ്പോലെ, തടം പറ്റിയൊഴുകുന്ന പുഴകളെപ്പോലെ
തന്നിൽത്തന്നെ അടങ്ങിയവനായി ഞാനെന്നതിന്‌.
വിടരുക, ഒഴുകുക എന്നതിൽ മുഴുകാനേ
തന്നെത്താനറിയാതവയ്ക്കറിയൂ.
ലോകത്തു ദൌത്യമെന്നാലിതേയുള്ളു-
തെളിമയോടെ കഴിയുക,
ചിന്തിക്കാതതെങ്ങനെ ചെയ്യണമെന്നറിയുകയും.)

ആ മനുഷ്യൻ പ്രസംഗം നിർത്തിയിട്ട് അസ്തമയം നോക്കിനില്ക്കുകയാണ്‌.
വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാൾക്കു പക്ഷേ,
അസ്തമയം കൊണ്ടെന്തു കാര്യം?

(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

ഫെർണാണ്ടോ പെസ്സൊവ - വസ്തുക്കളുടെ നിഗൂഢത, അതെവിടെ?

 
വസ്തുക്കളുടെ നിഗൂഢത, അതെവിടെ?
അതൊരു നിഗൂഢതയാണെന്നു നമ്മെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും
പുറമേക്കു വെളിച്ചപ്പെടാത്ത ആ വസ്തു എവിടെ?

ഒരു പുഴയ്ക്കതിനെക്കുറിച്ചെന്തറിയാം, ഒരു മരത്തിനെന്തറിയാം?
എനിക്ക്, അവയിലധികമൊന്നുമല്ലാത്ത എനിക്കെന്തറിയാം?
ഓരോ തവണ വസ്തുക്കളെ നോക്കുമ്പോഴും,
അവയെക്കുറിച്ചു മനുഷ്യരുടെ മനസ്സിലെന്താണെന്നോർക്കുമ്പോഴും,
കല്ലിൽ തടഞ്ഞു ചിതറുന്ന ചോലയുടെ കുളിർമ്മയോടെ ഞാൻ ചിരിച്ചുപോകുന്നു.

വസ്തുക്കളിൽ ഒരു ഗുപ്താർത്ഥമുണ്ടെങ്കിൽ
അവയിലൊരു ഗുപ്താർത്ഥവുമില്ല എന്നാണതെന്നതിനാൽ,
ഏതു വൈചിത്ര്യത്തെക്കാളും,
ഏതു കവിയുടെ സ്വപ്നത്തെക്കാളും,
ഏതു ദാർശനികന്റെ ചിന്തയെക്കാളും വിചിത്രമാണതെന്നതിനാൽ,
വസ്തുക്കൾ, പ്രത്യക്ഷത്തിലേതു പോലെയോ
അതു പോലെയാണു യഥാർത്ഥത്തിലുമെന്നതിനാൽ,
മനസ്സിലാക്കാനായി യാതൊന്നുമില്ലെന്നതിനാൽ.

അതെ, എന്റെ ഇന്ദ്രിയങ്ങൾ പഠിച്ചതിതു മാത്രം:
വസ്തുക്കൾക്കർത്ഥമില്ല, അവയ്ക്കസ്തിത്വമേയുള്ളു.
വസ്തുക്കൾ മാത്രമാണ്‌ വസ്തുക്കളിലെ നിഗൂഢാർത്ഥം.
*

(ആൽബർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

2021, ജനുവരി 7, വ്യാഴാഴ്‌ച

ദൂന്യ മിഖെയിൽ - കവിതകൾ

 യുദ്ധം നന്നായി പണിയെടുക്കുന്നു


യുദ്ധം എത്ര ഗംഭീരമാണ്‌!
എത്രയ്ക്കുത്സാഹഭരിതവും
കാര്യക്ഷമവുമാണത്!
അതതിരാവിലേതന്നെ
സൈറണുകളെ വിളിച്ചുണർത്തുന്നു,
ആംബുലൻസുകളെ
പലയിടങ്ങളിലേക്കയക്കുന്നു,
ജഡങ്ങളെ വായുവിലൂടെ തൂക്കിയെടുക്കുന്നു,
മുറിവേറ്റവർക്കടുത്തേക്കു സ്ട്രെച്ചറുകൾ ഉരുട്ടിവിടുന്നു,
അമ്മമാരുടെ കണ്ണുകളിൽ നിന്ന്
മഴയെ വിളിച്ചുവരുത്തുന്നു,
മണ്ണിലേക്കു കുഴിച്ചിറങ്ങി
അവശിഷ്ടങ്ങൾക്കടിയിൽ നിന്ന്
പലതും ഇളക്കിവിടുന്നു...
ചിലത് ജീവനില്ലാത്തതും തിളങ്ങുന്നതും,
വേറേ ചിലത് വിളറിയതും 
അപ്പോഴും മിടിപ്പു മാറാത്തതും...
അത് കുട്ടികളുടെ മനസ്സിൽ
ഏറ്റവും കൂടുതൽ ചോദ്യങ്ങളുയർത്തുന്നു,
ആകാശത്തേക്കു പടക്കങ്ങളും മിസൈലുകളും തൊടുത്ത്
ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നു,
പാടങ്ങളിൽ മൈൻ വിതയ്ക്കുന്നു,
തുളകളും പൊള്ളലുകളും കൊയ്യുന്നു,
കുടുംബങ്ങളെ കുടിയേറാൻ പ്രേരിപ്പിക്കുന്നു,
വൈദികർ പിശാചിനെ പഴിക്കുമ്പോൾ
(പാവം പിശാച്, 
പൊള്ളുന്ന തീയിൽ ഒരു കയ്യുമായി നില്ക്കുകയാണവൻ)
അവർക്കരികിൽ നില്ക്കുന്നു...
യുദ്ധം, ഇടവേളയില്ലാതെ, രാവും പകലും പണിയെടുക്കുന്നു.
നീണ്ട പ്രഭാഷണങ്ങൾ നടത്താൻ
ഏകാധിപതികളെ അതു പ്രചോദിപ്പിക്കുന്നു,
ജനറൽമാർക്കു മെഡലുകളും
കവികൾക്കു പ്രമേയങ്ങളും കൊടുക്കുന്നു.
കൃത്രിമാവയവങ്ങളുടെ വ്യവസായത്തിന്‌
അതു വലിയ പ്രോത്സാഹനം നല്കുന്നു,
ഈച്ചകൾക്കു തീറ്റ കൊടുക്കുന്നു,
ചരിത്രപുസ്തകങ്ങളുടെ പേജെണ്ണം കൂട്ടുന്നു,
കൊന്നവർക്കും ചത്തവർക്കുമിടയിൽ
തുല്യത കൈവരിക്കുന്നു,
കാമുകരെ കത്തെഴുതാൻ പഠിപ്പിക്കുന്നു,
യുവതികൾക്കു കാത്തിരിപ്പു പരിചയപ്പെടുത്തുന്നു,
ലേഖനങ്ങളും ചിത്രങ്ങളും കൊണ്ട്
പത്രപ്പേജുകൾ നിറയ്ക്കുന്നു,
അനാഥർക്കായി പുതിയ വീടുകൾ പണിയുന്നു,
ശവപ്പെട്ടിപ്പണിക്കാരെ ഊർജ്ജസ്വലരാക്കുന്നു,
കുഴിയെടുപ്പുകാരെ
പുറത്തുതട്ടി അഭിനന്ദിക്കുന്നു,
നേതാവിന്റെ മുഖത്ത് ഒരു പുഞ്ചിരി വരച്ചുവയ്ക്കുകയും ചെയ്യുന്നു.
നിസ്തുലമായ ശുഷ്കാന്തിയോടല്ലേ
യുദ്ധം പണിയെടുക്കുന്നത്!
എന്നിട്ടൊരാൾക്കും
അതിനെക്കുറിച്ചൊരു നല്ല വാക്കു പറയാനില്ല.
*

ഇറാക്ക് രാവുകൾ

ഇറാക്കിൽ,
ആയിരത്തൊന്നു രാവുകൾക്കു ശേഷം,
ഒരാൾ മറ്റൊരാളോടു വർത്തമാനം പറയും.
പതിവുകാർക്കായി
അങ്ങാടികൾ തുറക്കും.
കുഞ്ഞുപാദങ്ങൾ
ടൈഗ്രിസിന്റെ കൂറ്റൻ പാദത്തെ ഇക്കിളിപ്പെടുത്തും.
കടൽക്കാക്കകൾ ചിറകു വിതിർത്തും,
അവയ്ക്കു നേരേ ആരും നിറയൊഴിക്കുകയുമില്ല.
പേടിച്ചു തിരിഞ്ഞുനോക്കാതെ
സ്ത്രീകൾ തെരുവുകളിലൂടെ നടക്കും.
സ്വജീവൻ അപകടപ്പെടുത്താതെ
പുരുഷന്മാർ തങ്ങളുടെ ശരിക്കുള്ള പേരുകൾ പറയും.
കുട്ടികൾ സ്കൂളിൽ പോകും,
തിരിച്ചു വീട്ടിലെത്തുകയും ചെയ്യും.
കോഴികൾ പുല്ലുകൾക്കിടയിൽ കൊത്തിപ്പെറുക്കുന്നത്
മനുഷ്യമാംസം ആയിരിക്കില്ല.
തർക്കങ്ങൾ നടക്കും,
സ്ഫോടനങ്ങൾ ഇല്ലാതെ.
പതിവുപോലെ ജോലിക്കു പോകുന്ന കാറുകൾക്കു മേൽ
ഒരു മേഘം കടന്നുപോകും.
ഒരു കൈ വീശൽ ഒരാളെ യാത്രയയക്കും,
അല്ലെങ്കിൽ ഒരാളെ സ്വാഗതം ചെയ്യും.
ഉണർന്നെഴുന്നേല്ക്കുന്നവർക്കും
ഇനിയൊരിക്കലും ഉണരാത്തവർക്കും മേൽ
സൂര്യോദയം ഒന്നുതന്നെയായിരിക്കും.
ഓരോ നിമിഷവും
അതിസാധാരണമായതെന്തെങ്കിലും
സൂര്യനു ചുവട്ടിൽ നടക്കും.
**


മറ്റൊരു ഗ്രഹം


ഈ ഭൂമിക്കുമപ്പുറത്തുള്ള
മറ്റൊരു ഗ്രഹത്തിലേക്കു പോകാൻ
എനിക്കൊരു സ്പെഷ്യൽ ടിക്കറ്റ് കിട്ടിയിട്ടുണ്ട്.
സുഖസമ്പൂർണ്ണമായ, സുന്ദരമായ ഒരു ലോകം,
അധികം പുകയില്ലാത്ത,
അധികം ഉഷ്ണമില്ലാത്ത,
വലിയ തണുപ്പുമില്ലാത്ത ഒരു ലോകം.
അവിടെയുള്ള ജന്തുക്കൾ
ഇവിടത്തെക്കാൾ ശാന്തശീലരാണ്‌,
സർക്കാരുകൾക്ക് രഹസ്യങ്ങളുമില്ല.
പോലീസുകാർ എന്നൊരു വകയേയില്ല,
പ്രശ്നങ്ങളില്ലല്ലോ,
തമ്മിൽത്തല്ലുമില്ലല്ലോ.
സ്കൂളുകളാവട്ടെ,
അധികഭാരം കൊണ്ടു
കുട്ടികളെ ക്ഷീണിപ്പിക്കുന്നില്ല,
കാരണം, ചരിത്രം തുടങ്ങിയിട്ടില്ലല്ലോ,
ഭൂമിശാസ്ത്രവും വേറേ ഭാഷകളുമില്ലല്ലോ.
ഇതിലൊക്കെ നല്ല കാര്യം:
യുദ്ധത്തിനതിന്റെ അക്ഷരങ്ങൾ വേറെയാണ്‌,
അതു സ്നേഹമായി മാറിയിരിക്കുന്നു,
അതിനാൽ പൊടി പിടിച്ചുറക്കമാണ്‌
ആയുധങ്ങൾ,
വിമാനങ്ങളാവട്ടെ,
നഗരങ്ങൾക്കു മേൽ ഷെൽ വർഷിക്കാതെ
കടന്നുപോവുകയും ചെയ്യുന്നു,
ബോട്ടുകൾ കണ്ടാൽ
വെള്ളത്തിന്മേൽ പുഞ്ചിരികൾ പോലെ.
സർവ്വതും പ്രശാന്തവും സ്നേഹാർദ്രവുമാണവിടെ,
ഈ ഭൂമിക്കപ്പുറത്തുള്ള
മറ്റേ ഗ്രഹത്തിൽ.
എന്നാലും ഒറ്റയ്ക്കവിടേക്കു പോകാൻ
എനിക്കു മടി തോന്നുന്നു.

ഫലകങ്ങൾ


അറബി ഭാഷയ്ക്കിഷ്ടം
ദീർഘവാക്യങ്ങളാണ്‌,
ദീർഘയുദ്ധങ്ങളും.
അതിനിഷ്ടം
പാടിത്തീരാത്ത പാട്ടുകൾ,
വൈകിയ രാത്രികൾ,
നാശാവശിഷ്ടങ്ങൾക്കു മേൽ വിലാപങ്ങൾ.
അതിനിഷ്ടം,
ഒരു ദീർഘജീവിതത്തിനായി,
ഒരു ദീർഘമരണത്തിനായി
പണിയെടുക്കുന്നത്.
*

എന്നെപ്പെറ്റ നാടേ,
ഞാൻ നിന്റെ അമ്മയല്ലല്ലോ,
എന്നിട്ടെന്തിനാണെന്റെ മടിയിൽ കിടന്നു
നീ തേങ്ങുന്നത്,
നിനക്കു വേദനിക്കുമ്പോഴൊക്കെയും?
*

തീരെച്ചെറുതാണെൻ്റെ ഹൃദയം,
അതുകൊണ്ടാണതത്രവേഗം നിറയുന്നതും.
*
ഓരോ തവണ നീ 
കടലിലേക്കു കല്ലെറിയുമ്പോഴും
അതെന്നിലേക്കലകളയക്കുന്നു.

*

വഴിയരികിൽ കൂന കൂട്ടിയ
ഈന്തപ്പഴങ്ങൾ,
എന്നെ ചുംബിക്കാൻ
നിന്റെ രീതി.
*

ഞാനൊരു വാതിൽ വരച്ചു,
അതിനു പിന്നിൽ ഞാനിരുന്നു,
നീ വരുമ്പോഴേക്കും
തുറന്നുതരാനായി.
*

തൂവാലകൾ അവരുടേതാണ്‌,
കണ്ണീരു പക്ഷേ, നമ്മുടേതും.
*

നഗ്നപാദരായി ഓടുന്ന സ്ത്രീകൾ,
അവർക്കു പിന്നിൽ,
മാനത്തു നിന്നു പൊഴിയുന്ന നക്ഷത്രങ്ങൾ.
*

എന്തു വിചിത്രം,
നാമിരുവരെക്കുറിച്ചുള്ള എന്റെ സ്വപ്നത്തിൽ
നിങ്ങളും ഒരു സ്വപ്നമായിരുന്നു.
*

അവൻ എന്നോടു പറഞ്ഞു:
നീ എന്റെ കണ്ണുകളിലാണ്‌.
ഇപ്പോൾ അവനുറങ്ങുമ്പോഴെല്ലാം
അവന്റെ കണ്ണിമകൾ
എന്നെപ്പൊതിയുന്നു.
*

കടലതിന്റെ തിരകളെ മറക്കുമോ,
ഗുഹകൾ നമ്മെ മറന്നപോലെ?
*

അച്ഛൻ്റച്ഛൻ രാജ്യം വിട്ടത് ഒരു പെട്ടിയുമായിട്ടായിരുന്നു,
അച്ഛൻ പോയത് വെറുംകയ്യോടെയായിരുന്നു,
മകൻ പോയത് കൈകളില്ലാതെയായിരുന്നു.
*


ഞാൻ പ്രേമിക്കാത്ത എല്ലാവരോടും ഞാൻ നന്ദി പറയുന്നു.
അവരെനിക്കു ഹൃദയവേദനയ്ക്കു കാരണമാകുന്നില്ല,
അവരെന്നെക്കൊണ്ടു നീണ്ട കത്തുകളെഴുതിക്കുന്നില്ല,
അവരെന്റെ സ്വപ്നങ്ങളിൽ വന്നലട്ടുന്നില്ല,
അവർക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നില്ല,
അവരുടെ ജാതകഫലങ്ങൾ ഞാൻ മാസികകളിൽ വായിച്ചുനോക്കുന്നില്ല,
ഞാനവരുടെ നമ്പരുകൾ ഡയൽ ചെയ്യുന്നില്ല,
ഞാനവരെക്കുറിച്ചു ചിന്തിക്കുന്നില്ല.
അവരോടങ്ങേയറ്റം ഞാൻ നന്ദി പറയുന്നു,
അവരെന്റെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നില്ലല്ലോ.



(Dunya Mikhail 1965ൽ ഇറാക്കിൽ ജനിച്ചു. ബാഗ്ദാദ് ഒബ്സെർവറിൽ പത്രപ്രവർത്തകയായിരുന്നു. ഭരണകൂടത്തിന്റെ അപ്രീതിക്കിരയായതോടെ 1995ൽ ജോർദ്ദാനിലേക്കും അവിടെ നിന്ന് യു.എസ്സിലേക്കും കുടിയേറി. ഇപ്പോൾ ഓൿലാൻഡ് യൂണിവേഴ്സിറ്റിയിൽ അറബി അദ്ധ്യാപിക. The War works Hard (2005), Diary of a Wave Outside the Sea (2009) എന്നിവ പ്രധാനപ്പെട്ട കവിതാസമാഹാരങ്ങൾ.)

ബെർണാർഡ് ഡാഡി- നന്ദി ദൈവമേ...

 

നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌,
എന്നെ എല്ലാ ദുഃഖങ്ങളുടേയും
ചുമട്ടുകാരനാക്കിയതിന്‌,
ലോകത്തെ എന്റെ തലയിൽ വച്ചുതന്നതിന്‌.
ഞാനണിഞ്ഞിരിക്കുന്നത് സെന്റൗറിന്റെ തുകൽ,
ആദ്യത്തെ പുലരി മുതൽ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു.
വെളുപ്പ് വിശേഷാവസരങ്ങൾക്കുള്ള നിറമാണ്‌,
കറുപ്പ് ഏതു ദിവസത്തിനുമുള്ളതും.
ആദ്യത്തെ രാത്രി മുതൽ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു.
ലോകത്തെ ചുമന്നുനടക്കാൻ പാകത്തിൽ രൂപപ്പെടുത്തിയ
എന്റെ തലയുടെ ആകൃതി എനിക്കിഷ്ടമാണ്‌,
ലോകത്തെ ഏതു കാറ്റും മണക്കേണ്ട എന്റെ മൂക്കിന്റെ ആകൃതിയിൽ
ഞാൻ തൃപ്തനാണ്‌,
ലോകത്തെ ഏതു ചൂടും ഓടിക്കടക്കേണ്ട എന്റെ കാലുകളുടെ ആകൃതി
എനിക്കിഷ്ടമാണ്‌.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌,
എന്നെ എല്ലാ ദുഃഖങ്ങളുടേയും ചുമട്ടുകാരനാക്കിയതിന്‌.
മുപ്പത്താറു വാളുകൾ എന്റെ നെഞ്ചിലാഴ്ന്നിറങ്ങി,
മുപ്പത്താറു ചാപ്പകൾ എന്റെ ഉടലു പൊള്ളിച്ചു.
എല്ലാ കാൽവരികളിലും എന്റെ ചോര വീണു മഞ്ഞു ചുവപ്പിച്ചു,
എല്ലാ പുലരിയിലും എന്റെ ചോര ചിന്തി പ്രകൃതിയെ ചുവപ്പിച്ചു.
എന്നാലുമെനിക്കു പരാതിയില്ല,
ഈ ലോകത്തെ ചുമന്നുനടക്കുന്നതിന്‌,
എന്റെ കാലുകൾ കുറിയതായതിന്‌,
എന്റെ കൈകൾ നീണ്ടതായതിന്‌,
എന്റെ ചുണ്ടുകൾ തടിച്ചതായതിന്‌.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌.
വെളുപ്പ് വിശേഷാവസരങ്ങൾക്കുള്ള നിറമാണ്‌,
കറുപ്പ് ഏതു ദിവസത്തിനുമുള്ളതും.
കാലത്തിന്റെ പുലർച്ച മുതലേ
ലോകത്തെ ഞാൻ ചുമന്നുനടക്കുന്നു,
രാത്രിയിൽ എന്റെ ചിരി പകലിനെ വിടർത്തുന്നു.
നന്ദി ദൈവമേ,
എന്നെ കറുമ്പനായി സൃഷ്ടിച്ചതിന്‌.
**
ബെർണാർഡ് ഡാഡി Bernard Binlin Dadié 1916ൽ ഐവറി കോസ്റ്റിൽ ജനിച്ചു. കവിയും നോവലിസ്റ്റുമായിരുന്നു. ആഫ്രിക്കൻ പാരമ്പര്യത്തിൽ നിന്നുള്ള പ്രമേയങ്ങളാണ്‌ കൃതികളുടെ അടിസ്ഥാനം. 2019ൽ നൂറ്റിമൂന്നാമത്തെ വയസ്സിൽ അന്തരിച്ചു.

ഹോർഹെ ടെയ്ഹിയെർ- ലോകാവസാനം


ലോകം അവസാനിക്കുന്ന ദിവസം
ക്ലാസ്സിലെ ഏറ്റവും മിടുക്കനായ കുട്ടിയുടെ
നോട്ട്ബുക്കു പോലെ
വൃത്തിയുള്ളതും ചിട്ടപ്പടിയുമായിരിക്കും.
ടൗണിലെ സ്ഥിരം കുടിയൻ
തോട്ടിൽ കിടന്നുറങ്ങും,
എക്സ്പ്രസ് ട്രെയ്ൻ
സ്റ്റേഷനിൽ നിർത്താതെ കടന്നുപോകും,
ഇരുപതുകൊല്ലമായി
ചത്വരത്തിൽ വായിച്ചുകൊണ്ടിരിക്കുന്ന മാർച്ച്
പട്ടാളബാൻഡ് നിർത്തില്ലാതെ പരിശീലിച്ചുകൊണ്ടിരിക്കും.
ടെലിഫോൺ കമ്പികളിൽ പട്ടം കുരുങ്ങിയ
ചില കുട്ടികൾ മാത്രം
അമ്മമാരോടെന്തു പറയണമെന്നറിയാതെ
വീടുകളിലേക്കു കരഞ്ഞുകൊണ്ടോടും,
ഞാനൊരു നാരകത്തിന്റെ തൊലിയിൽ
എന്റെ പേരിന്റെ ആദ്യാക്ഷരങ്ങൾ വരഞ്ഞിടും,
അതുകൊണ്ടൊരു കാര്യവുമില്ലെന്നറിഞ്ഞുകൊണ്ടുതന്നെ.
ടൗണിനു പുറത്തെ വെളിയിടത്ത്
കുട്ടികൾ പന്തു കളിക്കും.
ഭക്തസമൂഹങ്ങൾ ഭജന പാടാനായി
തെരുവുകവലകളിലേക്കു വരും.
ഭ്രാന്തിത്തള്ള കുടയും ചൂടി നടന്നുപോകും.
ഞാൻ എന്നോടുതന്നെ പറയും:
“ലോകം അങ്ങനെ അവസാനിക്കുകയൊന്നുമില്ല,
മുറ്റത്തു പ്രാവുകളും കുരുവികളും
ഒരരിമണിയെച്ചൊല്ലി തർക്കിച്ചുതീർന്നിട്ടില്ലല്ലോ.”
***
Jorge Teillier (1935-1996)- ദൈനന്ദിനസന്ദർഭങ്ങളിൽ നിന്ന്
സ്ഥലകാലങ്ങളെക്കുറിച്ചുള്ള മിത്തുകൾ സൃഷ്ടിച്ച ചിലിയൻ കവി.

2021, ജനുവരി 5, ചൊവ്വാഴ്ച

നിക്കനോർ പാർറ - ഒരാൾ



ഒരാളുടെ അമ്മയ്ക്കു തീരെ സുഖമില്ല
അയാൾ ഒരു ഡോക്ടറെ അന്വേഷിച്ച് പുറത്തുപോകുന്നു
അയാൾ കരയുകയാണ്‌
തെരുവിലയാൾ തന്റെ ഭാര്യയെ മറ്റൊരാളുടെ കൂടെ കാണുന്നു
അവർ കൈകോർത്തുപിടിച്ചിരിക്കുന്നു
അല്പം പിന്നിലായി അയാൾ അവരെ പിന്തുടരുന്നു
ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക്
അയാൾ കരയുകയാണ്‌
ഇപ്പോഴയാൾ തന്റെ യൗവ്വനത്തിലെ ഒരു കൂട്ടുകാരനെ കണ്ടുമുട്ടുന്നു
നമ്മൾ തമ്മിൽ കണ്ടിട്ടെത്ര കാലമായെടോ!
അവർ ഒരു ബാറിലേക്കു കയറുന്നു
അവർ സംസാരിക്കുന്നു, ചിരിക്കുന്നു
അയാൾ മൂത്രമൊഴിക്കാനായി മുറ്റത്തേക്കിറങ്ങുന്നു
അയാൾ ഒരു ചെറുപ്പക്കാരിയെ കാണുന്നു
രാത്രിയാണ്‌
അവൾ പാത്രം കഴുകുകയാണ്‌
അയാൾ അവളുടെയടുത്തു ചെല്ലുന്നു
അവളെ അരയ്ക്കു പിടിച്ചടുപ്പിക്കുന്നു
അവർ വാൾട്സ് നൃത്തം വയ്ക്കുന്നു
അവരൊരുമിച്ചു തെരുവിലേക്കിറങ്ങുന്നു
അവർ ചിരിക്കുന്നു
ഒരപകടം നടക്കുന്നു
അവൾക്കു ബോധം പോകുന്നു
അയാൾ ഫോൺ ചെയ്യാനായി പോകുന്നു
അയാൾ കരയുകയാണ്‌
ലൈറ്റണയ്ക്കാത്ത ഒരു വീട്ടിൽ അയാൾ എത്തുന്നു
അയാൾ ഒന്നു ഫോൺ ചെയ്യട്ടേയെന്നു ചോദിക്കുന്നു
അവിടെയാർക്കോ അയാളെ അറിയാം
ഹേ ഇരുന്നെന്തെങ്കിലും കഴിക്കെടോ
വേണ്ട ഫോൺ എവിടെയാണ്‌
എന്തെങ്കിലും കഴിക്കെന്നേ, ഹേ, കഴിച്ചിട്ടുപോടോ
അയാൾ കഴിക്കാനിരിക്കുന്നു
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവനെപ്പോലെ അയാൾ കുടിക്കുന്നു
അയാൾ ചിരിക്കുന്നു
അയാളോടവർ എന്തോ ചൊല്ലാൻ പറയുന്നു
അയാളതു ചൊല്ലുന്നു
അയാളൊടുവിൽ ഒരു ഡെസ്ക്കിനടിയിൽ കിടന്നുറക്കമാവുന്നു
***

ഏലി വീസെൽ - ഞാൻ ഓർക്കുന്നു

ഞാൻ ഓർക്കുന്നു: അതു സംഭവിച്ചത് ഇന്നലെയോ യുഗങ്ങൾക്കു മുമ്പോ ആയിരുന്നു. ഒരു ജൂതബാലൻ രാത്രിയുടെ സാമ്രാജ്യം കണ്ടുപിടിച്ചു. അവന്റെ ഞെട്ടലും പരിഭ്രമവും ഞാനോർക്കുന്നു, അവന്റെ മനോവേദന ഞാനോർക്കുന്നു. കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിലാണ്‌ അതു സംഭവിച്ചത്. ചേരി. നാടുകടത്തൽ. അടച്ചുകെട്ടിയ, കാലികളെ കയറ്റുന്ന വണ്ടി. നമ്മുടെ ജനതയുടെ ചരിത്രത്തേയും മനുഷ്യരാശിയുടെ ഭാവിയേയും ബലി കൊടുക്കാൻ വേണ്ടിയുള്ള ജ്വലിക്കുന്ന അൾത്താര. 

ഞാൻ ഓർക്കുന്നു: അവൻ അച്ഛനോടു ചോദിക്കുന്നു: “ഇതു സത്യമായിരിക്കുമോ?” ഇത് ഇരുപതാം നൂറ്റാണ്ടാണ്‌, മദ്ധ്യകാലമല്ല. ഇത്തരം പാതകങ്ങൾ നടക്കാൻ ആരാണനുവദിക്കുക? ലോകത്തിനെങ്ങനെ നിശ്ശബ്ദമായിരിക്കാൻ കഴിയും? 

ഇപ്പോൾ ആ കുട്ടി എന്റെ നേർക്കു തിരിയുന്നു: “പറയൂ,” അവൻ എന്നോടു ചോദിക്കുന്നു, “എന്റെ ഭാവി കൊണ്ട് നിങ്ങൾ എന്താണു ചെയ്തത്? നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്താണു ചെയ്തത്?” 

ഞാൻ ശ്രമിച്ചുനോക്കിയിരുന്നുവെന്ന് ഞാൻ അവനോടു പറയുന്നു. ഓർമ്മ കെടാതെ നിർത്താൻ ഞാൻ ശ്രമിച്ചിരുന്നു, മറക്കുമെന്നുള്ളവരോടെതിരിടാൻ ഞാൻ ശ്രമിച്ചിരുന്നു. എന്തെന്നാൽ, മറന്നാൽ നമ്മളും അപരാധികളാവുകയാണ്‌, കുറ്റകൃത്യത്തിൽ പങ്കാളികളാവുകയാണ്‌. 

ഞങ്ങൾ എത്ര ശുദ്ധമനസ്കരായിരുന്നുവെന്ന് പിന്നെ ഞാൻ അവനു വിശദീകരിച്ചുകൊടുത്തു; ലോകത്തിനെല്ലാം അറിയാമായിരുന്നു, എന്നിട്ടതു മൗനം ഭജിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഞാൻ പ്രതിജ്ഞയെടുത്തത്, എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും മനുഷ്യജീവികൾ യാതനയും അപമാനവും സഹിക്കുമ്പോൾ ഞാൻ നിശ്ശബ്ദനാവില്ല എന്ന്. നാം എപ്പോഴും പക്ഷം പിടിക്കണം. നിഷ്പക്ഷത മർദ്ദകനെയാണു സഹായിക്കുന്നത്, ഇരയെ അല്ല. നിശ്ശബ്ദത പീഡകനെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്, പീഡിതനെയല്ല. ചിലപ്പോഴൊക്കെ നാം ഇടപെടുകതന്നെ വേണം. മനുഷ്യജീവിതങ്ങൾ അപകടത്തിലാവുമ്പോൾ, മനുഷ്യാന്തസ്സിനു വിലയില്ലാതാവുമ്പോൾ രാജ്യാതിർത്തികളും ദേശീയവികാരങ്ങളും അപ്രസക്തമാവുന്നു. വംശത്തിന്റെയോ മതത്തിന്റെയോ രാഷ്ട്രീയവീക്ഷണത്തിന്റെയോ പേരിൽ എവിടെ സ്ത്രീകളോ പുരുഷന്മാരോ പീഡിപ്പിക്കപ്പെടുന്നു, ആ സ്ഥലം- ആ നിമിഷം തന്നെ- പ്രപഞ്ചത്തിന്റെ കേന്ദ്രമാകേണ്ടതാണ്‌. 
*
(റൊമേനിയയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനുമായ ഏലി വീസെൽ Elie Wiesel (1928-2016) സമാധാനത്തിനുള്ള നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 1986ൽ ചെയ്ത പ്രസംഗത്തിൽ നിന്ന്)

2021, ജനുവരി 4, തിങ്കളാഴ്‌ച

അന്തോണിയോ ഗ്രാംഷി- ഞാൻ പുതുവർഷത്തെ വെറുക്കുന്നു

 

എല്ലാ ദിവസവും കാലത്ത് ആകാശത്തിന്റെ ശവക്കോടിക്കടിയിൽ നിന്നുണർന്നെഴുന്നേല്ക്കുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം അത് മറ്റൊരു പുതുവത്സരത്തുടക്കമായിട്ടാണ്‌ എനിക്കു തോന്നാറുള്ളത്.
അതുകൊണ്ടാണ്‌ കാലാവധിയെത്തിയ സ്ഥിരനിക്ഷേപങ്ങൾ പോലുള്ള ഈ പുതുവർഷദിനങ്ങളോട് എനിക്കു വെറുപ്പു തോന്നുന്നതും; അവ ജീവിതത്തെയും മനുഷ്യന്റെ സത്തയേയും വെറും വാണിജ്യവിഷയമാക്കി മാറ്റുകയാണ്‌, കൃത്യമായ നീക്കിയിരുപ്പുകളുമായി, കുടിശ്ശികത്തുകകളുമായി, പുതിയ നിക്ഷേപങ്ങൾക്കുള്ള കണക്കുകൂട്ടലുകളുമായി. അവ നമ്മുടെ ജീവിതത്തിന്റെയും സത്തയുടേയും തുടർച്ച നഷ്ടപ്പെടുത്തുന്നു. നാമപ്പോൾ ഗൗരവത്തോടെതന്നെ ചിന്തിച്ചുപോവുകയാണ്‌, ഒരു വർഷത്തിനും അടുത്തതിനുമിടയിൽ ഒരു വിച്ഛേദമുണ്ടെന്ന്, ഒരു പുതിയ ചരിത്രം തുടങ്ങാൻ പോവുകയാണെന്ന്; നിങ്ങൾ പുതിയ തീരുമാനങ്ങളെടുക്കുന്നു, ആ തീരുമാനങ്ങൾ നടക്കാത്തതിൽ നിങ്ങൾക്കു ഖേദം തോന്നുന്നു, അങ്ങനെയങ്ങനെ അതു നീളുന്നു. തീയതികളുടെ ഒരു കുഴപ്പമാണത്.
കാലഗണന ചരിത്രത്തിന്റെ നട്ടെല്ലാണെന്നാണ്‌ പൊതുവേയുള്ള പറച്ചിൽ. ആയിക്കോട്ടെ. എന്നാൽ, അടിസ്ഥാനപരമെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന തീയതികൾ നാലോ അഞ്ചോ ഉണ്ടെന്നും നാം അംഗീകരിക്കേണ്ടിവരും; ഏതു മാന്യദേഹവും സ്വന്തം തലച്ചോറിൽ അവ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്; ചരിത്രവുമായി അവ കള്ളക്കളി നടത്തിയിട്ടുമുണ്ട്. അവയും പുതുവർഷദിനങ്ങൾ തന്നെ. റോമൻ ചരിത്രത്തിന്റെ ആരംഭം കുറിച്ച ദിവസം, അല്ലെങ്കിൽ, മദ്ധ്യകാലഘട്ടത്തിന്റെ, ആധുനികകാലത്തിന്റെ.
എത്രയ്ക്കാഴത്തിലാണ്‌ അവ നമ്മുടെ ബോധത്തിലേക്കാണ്ടിറങ്ങിയിരിക്കുന്നത്! ഇറ്റലിയിൽ ജീവിതം തുടങ്ങിയത് 752ലാണെന്നു നാം ചിന്തിക്കുന്നതായി നമുക്കു ചിലപ്പോൾ തോന്നിപ്പോകും; അല്ലെങ്കിൽ, 1490, 1492കളൊക്കെ മനുഷ്യരാശി ചാടിക്കടന്ന മലകളാണെന്നും പുതിയൊരു ലോകത്തേക്ക് പെട്ടെന്നതെത്തിപ്പെട്ടതായും പുതിയൊരു ജീവിതത്തിലേക്കതെത്തിയതായും. അങ്ങനെ തീയതി ഒരു തടസ്സമാവുകയാണ്‌, നമ്മുടെ കാഴ്ച്ച മറയ്ക്കുന്ന ഒരാൾമറ; ചരിത്രം അടിസ്ഥാനപരവും മാറ്റമില്ലാത്തതുമായ ഒരേ രേഖയിലൂടെ നിരന്തരം അനാവൃതമായിക്കൊണ്ടിരിക്കുകയാണെന്ന് അങ്ങനെ നാം കാണാതെപോകുന്നു; ഫിലിമിന്റെ റീലു പൊട്ടി കണ്ണഞ്ചിക്കുന്ന വെളിച്ചത്തിന്റെ ഒരിടവേള സൃഷ്ടിക്കുന്ന തരത്തിലുള്ള ആകസ്മികമായ വിരാമങ്ങൾ ചരിത്രത്തിലില്ല.
അതുകൊണ്ടാണ്‌ ഞാൻ പുതുവത്സരദിനങ്ങളെ വെറുക്കുന്നത്. ഓരോ പ്രഭാതവും ഒരു പുതുവർഷത്തിന്റെ ആദ്യദിനമാകണമെന്നാണെനിക്ക്. ഓരോ ദിവസവും എനിക്കെന്റെ കണക്കെടുക്കണം, ഓരോ ദിവസവും എനിക്കെന്നെത്തന്നെ പുതുക്കണം. വിശ്രമത്തിനായി ഒരു ദിവസം ഞാൻ മാറ്റിവയ്ക്കുന്നില്ല. താല്ക്കാലികവിരാമങ്ങൾ വേണമെന്നു തോന്നിയാൽ അതു ഞാൻ തന്നെ തിരഞ്ഞെടുക്കും; ജീവിതത്തിന്റെ തീക്ഷ്ണത തലയ്ക്കു പിടിക്കുന്ന ആ നാളുകളിൽ എന്നിലെ വന്യതയിലേക്കു ഞാൻ എടുത്തുചാടുകയും അതിൽ നിന്ന് പുതിയ ഒരൂർജ്ജം ഞാൻ കണ്ടെത്തുകയും ചെയ്യും.
തക്ക സമയം നോക്കി ഇരിക്കുന്ന ഏർപ്പാടും എനിക്കില്ല. എനിക്കെന്റെ ജീവിതത്തിന്റെ ഓരോ മണിക്കൂറും പുതുതായിരിക്കണം; അതേസമയം അവ പൊയ്പ്പോയ മണിക്കൂറുകളുമായി ബന്ധപ്പെട്ടതുമായിരിക്കും. എനിക്കൊരു താല്പര്യവുമില്ലാത്ത അപരിചിതരുമായിച്ചേർന്നു സംഘനൃത്തം ചവിട്ടാൻ ഒരുത്സവനാളും എനിക്കു വേണ്ട. നമ്മുടെ മുതുമുത്തശ്ശന്മാരും അവർക്കു മുമ്പുള്ളവരുമൊക്കെ അങ്ങനെ ആഘോഷിച്ചിരുന്നതുകൊണ്ട് നമ്മൾക്കും അങ്ങനെയൊരു ത്വര തോന്നുക: മനം പുരട്ടുന്നതാണത്.
ഇക്കാരണംകൊണ്ടു തന്നെയാണ്‌ ഞാൻ സോഷ്യലിസത്തെ കാത്തിരിക്കുന്നതും. കാരണം, നമ്മുടെ സത്തയിൽ ഒരനുരണനവും സൃഷ്ടിക്കാത്ത ഈ തീയതികളെയൊക്കെക്കൂടി അതെടുത്ത് ചവറ്റുകുട്ടയിൽ എറിയുമല്ലോ. ഇനി, അത് പുതിയ തീയതികൾ സൃഷ്ടിക്കുകയാണെങ്കിൽ അത് നമ്മുടേതെങ്കിലുമായിരിക്കും, നമ്മുടെ പൊട്ടന്മാരായ പൂർവ്വികരിൽ നിന്ന് ഒരെതിർപ്പും പറയാൻ പറ്റാതെ നമുക്കേറ്റെടുക്കേണ്ടിവരുന്ന മറ്റു തീയതികൾ പോലാവില്ല.
(1916 ജനുവരി 1ന്‌ ഇറ്റാലിയൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഔദ്യോഗികപത്രമായ Avanti!യിൽ എഴുതിയത്.)

ഹെൻറി മില്ലർ - കലാകാരന്മാരെക്കുറിച്ച്

 ചിത്രം വരയ്ക്കുക എന്നാൽ പിന്നെയും സ്നേഹിക്കുക എന്നാണ്‌. സ്നേഹത്തിന്റെ കണ്ണുകളിലൂടെ നോക്കിയാൽ മാത്രമേ ചിത്രകാരൻ കണ്ടത് നമുക്കും കാണാൻ പറ്റുകയുള്ളു. തന്നെയുമല്ല, അയാളുടെ സ്നേഹത്തിന്‌ ഉടമസ്ഥതാസ്വഭാവവുമില്ല. താൻ കാണുന്നത് മറ്റുള്ളവരുമായി പങ്കു വയ്ക്കുന്നതിന്‌ ധാർമ്മികമായിത്തന്നെ അയാൾ ബാദ്ധ്യസ്ഥനുമാണ്‌. സാധാരണഗതിയിൽ നാം അവഗണിക്കുകയോ നമ്മെ ബാധിക്കാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ്‌ അയാൾ നമ്മെ കാണിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നത്. ലോകത്തോടുള്ള അയാളുടെ സമീപനം നമ്മളോടു പറയുന്നത് യാതൊന്നും ഹീനമോ ബീഭത്സമോ അല്ലെന്നാണ്‌; യാതൊന്നും വിരസമോ പഴഞ്ചനോ അരുചികരമോ അല്ല; ഇനി അങ്ങനെ തോന്നുന്നെങ്കിൽ അതു നമ്മുടെ കാഴ്ച്ചശക്തിയുടെ തകരാറാണ്‌. നോക്കുക എന്നാൽ വെറുതേ നോക്കുക എന്നല്ല. നിങ്ങൾ നോക്കിക്കാണണം. ചുഴിഞ്ഞു നോക്കണം, ചുഴലവും നോക്കണം.

*
ചിത്രം വരയ്ക്കുക എന്നാൽ പിന്നെയും പ്രേമിക്കുക, പിന്നെയും ജീവിക്കുക, പിന്നെയും കാണുക എന്നാണ്‌. തലേന്നു രാത്രിയിലോ അല്ലെങ്കിൽ കുറച്ചു മണിക്കൂറുകൾ മുമ്പോ മാത്രം താൻ ചെയ്ത ഒരു ജലച്ചായചിത്രത്തെ ഒരുനോക്കു കാണാനായി പ്രഭാതം പൊട്ടിവിടരുമ്പോൾ ഉണർന്നെഴുന്നേല്ക്കുക എന്നത് ഉറങ്ങിക്കിടക്കുന്ന തന്റെ പ്രിയപ്പെട്ടവളുടെ നേർക്ക് ഒരു നോട്ടമെറിയുന്നപോലെയാണ്‌. കർട്ടനുകൾ മാറ്റി വേണം നോക്കാൻ എന്നു വരുമ്പോൾ ആ കോരിത്തരിപ്പിന്റെ അളവു കൂടുകയുമാണ്‌! അതികാലത്തെ തണുക്കുന്ന വെളിച്ചത്തിൽ അതിന്റെയൊരു തിളക്കം! തലേന്നു താനെഴുതിവച്ചതു വായിക്കാനായി അതിരാവിലെ ഉറക്കം കളഞ്ഞെഴുന്നേല്ക്കുന്ന ഏതെങ്കിലും ഒരെഴുത്തുകാരനുണ്ടോ?
*
ഒരു കലാകാരനെ കൊല്ലാനുള്ള ഏറ്റവും സുനിശ്ചിതമായ വഴി അയാൾക്കാവശ്യമുള്ളതെല്ലാം ലോഭമില്ലാതെ കൊടുത്തുകൊണ്ടിരിക്കുക എന്നതാണ്‌. ഭൗതികമായി അയാൾക്കു കാര്യമായിട്ടൊന്നും വേണ്ട. അയാൾക്കു വേണ്ടത് ആസ്വാദനവും പ്രോത്സാഹനവും മനസ്സിലാക്കലുമാണ്‌. ചിത്രകാരന്മാർ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട രചനകൾ ഒരു നിമിഷത്തെ ഉൾപ്രേരണയ്ക്കു വഴങ്ങി വെറുതേ കൊടുക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്; ചിലപ്പോഴത് ഒരു നേരത്തെ ആഹാരത്തിനുള്ള പ്രതിഫലമായിട്ടാവാം, ചിലപ്പോഴത് ഒരിറ്റു സ്നേഹത്തിനു വേണ്ടിയാവാം, ചിലപ്പോഴത് പ്രത്യേകിച്ചൊരു കാരണമില്ലാതെയാണെന്നും വരാം- അങ്ങനെ ചെയ്യുന്നതിൽ അവർക്കൊരു സന്തോഷം തോന്നി എന്നു മാത്രം. ഇതേ ആളുകൾ അമൂല്യമായ ചില ചിത്രങ്ങൾ എത്ര വില കൊടുക്കാമെന്നു പറഞ്ഞാലും കൈവിടാതിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. തന്റെ രചന വിലയ്ക്കു വില്ക്കുന്നതിനേക്കാൾ വെറുതേ കൊടുക്കുന്നതിനാണ്‌ ഒരു യഥാർത്ഥകലാകാരൻ ഇഷ്ടപ്പെടുക എന്നെനിക്കു തോന്നുന്നു. ഒരു നല്ല കലാകാരന്‌ ഭ്രാന്തിന്റെ ഒരംശവും കൂടി വേണം; ഭ്രാന്ത് എന്നു പറയുമ്പോൾ പൊരുത്തപ്പെടാനുള്ള കഴിവില്ലായ്മ കൂടിയ അളവിൽ ഉണ്ടായിരിക്കുക എന്നേ അർത്ഥമുള്ളു. ഇന്നത്തെ ഈ ഭ്രാന്തലോകത്തോടു പൊരുത്തപ്പെടാൻ കഴിയുന്ന ഒരു വ്യക്തി ഒന്നുകിൽ ഒരു നിസ്സാരനായിരിക്കും, അല്ലെങ്കിൽ ഒരു യോഗി; ആദ്യത്തേതെങ്കിൽ കല അയാളെ ബാധിക്കുന്ന വിഷയമേയല്ല; രണ്ടാമത്തേതെങ്കിൽ അയാൾ അതിനതീതനുമായിരിക്കും.

അൽബേർ കമ്യു- പ്രിയപ്പെട്ട മൊസ്യേ ജെർമ്മെയ്ൻ

1957 നവംബർ 19

പ്രിയപ്പെട്ട മൊസ്യേ ജെർമ്മെയ്ൻ,

എനിക്കു ചുറ്റും ഇപ്പോഴുള്ള ഈ ബഹളം അല്പമൊന്നു ശമിക്കട്ടെ എന്നു കാത്തിരിക്കുകയായിരുന്നു ഞാൻ, ഉള്ളിന്റെയുള്ളിൽ നിന്ന് എനിക്കങ്ങയോടു സംസാരിക്കാൻ. വളരെ വലിയൊരു ബഹുമതി ഈയടുത്തകാലത്ത് എനിക്കു കിട്ടി; ഞാനത് തേടിപ്പോവുകയോ അതിനായി ആരെയെങ്കിലും സമീപിക്കുകയോ ചെയ്തിട്ടില്ല.

പക്ഷേ ആ വാർത്ത കേട്ടപ്പോൾ ഞാൻ ആദ്യം ഓർത്തത്, എന്റെ അമ്മ കഴിഞ്ഞാൽ, അങ്ങയെ ആയിരുന്നു. അങ്ങില്ലായിരുന്നുവെങ്കിൽ, അന്നത്തെ സാധുക്കുട്ടിയായ എനിക്കു നേർക്ക് അങ്ങു നീട്ടിയ വാത്സല്യപൂർണ്ണമായ കൈയ്യില്ലായിരുന്നുവെങ്കിൽ, അങ്ങയുടെ ശിക്ഷണവും മാതൃകയും ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല.

ഇത്തരം ബഹുമതികളെ ഞാൻ അത്രയധികം പ്രാധാന്യത്തോടെ കാണുന്നില്ല. പക്ഷേ, അങ്ങെനിക്കാരായിരുന്നുവെന്നും ഇപ്പോഴും ആരാണെന്നും അങ്ങയോടു പറയാൻ അതൊരു നിമിത്തമെങ്കിലും ആയല്ലോ; അങ്ങയുടെ പരിശ്രമങ്ങൾ, അങ്ങയുടെ പ്രവൃത്തി, അതിൽ അങ്ങയുടെ ആത്മസമർപ്പണം ഇവയെല്ലാം അങ്ങയുടെ കൊച്ചുവിദ്യാർത്ഥികളിൽ ഒരാളിൽ, ഇത്രകാലത്തിനു ശേഷവും അങ്ങയുടെ ശിഷ്യൻ തന്നെയായ ഒരാളിൽ, ഇപ്പോഴും ജീവിക്കുന്നു. നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയെ ആലിംഗനം ചെയ്യുന്നു.

അൽബേർ കമ്യു

(നൊബേൽ സമ്മാനം ലഭിച്ചതിനു ശേഷം കമ്യു തന്റെ അദ്ധ്യാപകനായിരുന്ന ലൂയിസ് ജെർമ്മെയ്നയച്ച കത്ത്. കമ്യുവിന്റെ കലുഷമായ ബാല്യകാലത്ത് അദ്ദേഹത്തിനു വഴികാട്ടിയായിരുന്നു ആ അദ്ധ്യാപകൻ.)