2022, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

വീസ്വാവ ഷിംബോർസ്ക- സ്വപ്നങ്ങൾക്കു സ്തുതി



എന്റെ സ്വപ്നങ്ങളിൽ 
വെർമീർ വാൻ ഡെല്ഫ്റ്റിനെപ്പോലെ ഞാൻ ചിത്രം വരയ്ക്കുന്നു.

ഒഴുക്കോടെ ഞാൻ ഗ്രീക്ക് സംസാരിക്കുന്നു,
അതും ജീവിച്ചിരിക്കുന്നവരോടു മാത്രമല്ല.

ഞാനോടിക്കുന്ന കാർ
എന്നെ പൂർണ്ണമായും അനുസരിക്കുന്നു.

വാസനാസമ്പന്നയായ ഞാൻ
മഹത്തായ ദീർഘേതിഹാസങ്ങൾ രചിക്കുന്നു.

ഏതാരാദ്ധ്യയായ വിശുദ്ധയേയും പോലെ
വചനം എന്നോടു സംസാരിക്കുന്നതു ഞാൻ കേൾക്കുന്നു.

പിയാനോ വായിക്കുന്നതിൽ എന്റെ വൈദഗ്ധ്യം
നിങ്ങളെ അത്ഭുതസ്തബ്ധരാക്കും.

വായുവിലൂടെ ഞാനൊഴുകുന്നു, യഥോചിതം,
എന്നുപറഞ്ഞാൽ, പരാശ്രയമില്ലാതെ.

പുരപ്പുറത്തു നിന്നു വീഴുമ്പോൾ
പച്ചപ്പുല്ലിലേക്കു ഞാനെത്തുന്നത് മൃദുമൃദുവായി.

വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ
എനിക്കൊരു വൈഷമ്യവുമില്ല.

പരാതി പറയാൻ എനിക്കൊരവകാശവുമില്ല:
അറ്റ്ലാന്റിസ് ഞാൻ കണ്ടെത്തിക്കഴിഞ്ഞു.

എത്ര ചാരിതാർത്ഥ്യജനകം,
മരണത്തിനു തൊട്ടുമുമ്പേ എനിക്കുണരാൻ കഴിയുന്നുവെന്നത്.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാലുടനേ
ഞാൻ തിരിഞ്ഞുകിടന്നുറങ്ങുന്നു.

എന്റെ കാലഘട്ടത്തിന്റെ സന്തതിയാണു ഞാൻ,
എന്നാലതിന്റെ ആവശ്യവുമില്ല.

കുറച്ചു കൊല്ലം മുമ്പ്
രണ്ടു സൂര്യന്മാരെ ഞാൻ കണ്ടു.

മിനിയാന്നു രാത്രിയിൽ ഒരു പെൻഗ്വിനേയും,
പകൽ പോലെ തെളിച്ചത്തിൽ.


അഭിപ്രായങ്ങളൊന്നുമില്ല: