2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ലോര്‍ക്ക - സൂര്യനസ്തമിച്ചു



സൂര്യനസ്തമിച്ചു,
മരങ്ങൾ ധ്യാനത്തിൽ,
പ്രതിമകളെപ്പോലെ.
കൊയ്ത്തു കഴിഞ്ഞ പാടം.
തേവിത്തീർന്ന ചക്രങ്ങളിൽ
എന്തുമാത്രം വിഷാദം!
വീനസിനെ നോക്കിക്കൊതിയ്ക്കുന്നു,
അവളെ നോക്കിക്കുരയ്ക്കുന്നു
ഒരു നാടൻനായ.
ചുംബനങ്ങളെത്താത്തൊരു പാടത്ത്
അവൾ വിളങ്ങിനില്ക്കുന്നു,
മുഴുത്തൊരാപ്പിൾ പോലെ.
കൊതുകുകൾ
- മഞ്ഞുതുള്ളികളുടെ പെഗാസസുകൾ-,
അനക്കമറ്റ വായുവിൽ
അവ വട്ടം ചുറ്റുന്നു.
വെളിച്ചം, വിപുലരൂപിയായ പെനിലോപ്പി,
ഒരു തെളിഞ്ഞ രാാത്രി നെയ്തെടുക്കുന്നു.
‘ഉറങ്ങിക്കോ, മക്കളേ,
അല്ലെങ്കിൽ ചെന്നായ വരുമേ,’
ഒരാടു കരയുന്നു.
‘ശരല്ക്കാലമായോ, ചങ്ങാതിമാരേ?’
ഇതളു വാടിയൊരു പൂവു ചോദിക്കുന്നു.
ഇനി അകലെ മലകളിൽ നിന്നു വലകളുമാായി
ആട്ടിടയന്മാരെത്തും!
ഇനി പഴയ സത്രത്തിന്റെ പടിയ്ക്കൽ
പെൺകുട്ടികളിരുന്നു കളിയ്ക്കും,
വീടുകൾക്കു കേൾക്കുമാറാവും
പണ്ടേയവയ്ക്കു മനപ്പാഠമായ
പ്രണയഗാനങ്ങൾ.
(1920)

അഭിപ്രായങ്ങളൊന്നുമില്ല: