2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

ലോർക്ക- മഴയത്തൊരു ധ്യാനം

ഗ്രാമോദ്യാനത്തെ ചുംബിച്ചു മഴ പെയ്തൊഴിയുമ്പോൾ
മൂർച്ഛനയുടെ പ്രകമ്പനങ്ങൾ ഇലകളിലവശേഷിക്കുന്നു, .
ഈറൻ മണ്ണിന്റെ പരിമളമുയരുമ്പോൾ
ഒരു വിദൂരശോകം ഹൃദയത്തിൽ നിറയുന്നു.

മൂകചക്രവാളത്തിൽ ധൂസരമേഘങ്ങൾ വിണ്ടുകീറുമ്പോൾ
നിദ്രാണമായ ജലധാരയിൽ  മഴത്തുള്ളികളാണ്ടിറങ്ങുന്നു,
നുരയുടെ ദീപ്തമൗക്തികങ്ങളെറ്റിവിടുന്നു.
അലകളുടെ വിറകളിൽ പൊട്ടിച്ചൂട്ടുകളണയുന്നു

സായാഹ്നത്തിന്റെ വിഷാദത്തിലെന്റെ വിഷാദം കുതറുന്നു.
ഈർപ്പത്തിന്റെ തനിയാവർത്തനമുദ്യാനത്തിൽ.
എന്റെ വേദനകളും മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?

എന്റെ രൂപത്തോടു ഞാൻ മല്ലുപിടിയ്ക്കുമ്പോളെന്നെത്തുണയ്ക്കുമോ,
ആത്മാവിൽ ഞാൻ കാത്തുവച്ച നക്ഷത്രങ്ങളുടെ പ്രതിധ്വനി?
ആത്മാവുയിർത്തെഴുന്നേല്ക്കുമോ മരണത്തിൽ?
നിഴലുകൾ വിഴുങ്ങുമോ നമ്മുടെ അഭിലാഷങ്ങളെ?

ഹാ, എത്ര പ്രശാന്തം, മഴ പെയ്യുമ്പോളുദ്യാനം!
വേദനിയ്ക്കുന്ന വിനീതചിന്തകളുടെ ശബ്ദമാ-
യെന്റെ ഹൃദയത്തിൽ രൂപം മാറുന്നു ഭൂദൃശ്യം.
നെഞ്ചിൽ മാടപ്രാവുകളുടെ ചിറകടികൾ.

പിന്നെ സൂര്യൻ പുറപ്പെടുന്നു.
ഉദ്യാനം മഞ്ഞിച്ച ചോര വാർക്കുന്നു.
വിങ്ങുന്ന ശോകമെങ്ങും തുടിയ്ക്കുന്നു.
ഒരു നഷ്ടബോധമുള്ളിൽ നിറയുന്നു,
പൊറുതികെട്ട ബാല്യത്തിനായി,
വെട്ടിപ്പിടിച്ച പ്രണയത്തിനായി,
ഉള്ളിൽ നിറയുന്ന ശോകത്തോടെ
മഴയെ ധ്യാനിച്ചിതുമാതിരി കഴിച്ച നാളുകൾക്കായി.
ഒരിക്കലൊരിടത്തൊരു പെൺകുട്ടിയുണ്ടായിരുന്നു...
എന്റെ കഥകളൊക്കെ പൊയ്പ്പോയി;
ഇന്നു ഞാനോർത്തിരിയ്ക്കുന്നതു കലുഷമായ ഹൃദയത്തോടെ,
എന്റെ പ്രണയത്തിൽ നിന്നുറപൊട്ടുന്ന കലക്കവെള്ളത്തിൽ കണ്ണു നട്ടും.

എന്റെ വേദനകളെല്ലാം മായുമോ, ദൈവമേ,
ഇലകളുടെ മൃദുമർമ്മരങ്ങൾ മായുമ്പോലെ?

മഴ വീണ്ടും പെയ്യുന്നു.
കാറ്റിനൊപ്പം വീശിയെത്തുന്നു, ഇരുളിൻ്റെ നിഴലുകൾ.

1919 ജനുവരി 13

അഭിപ്രായങ്ങളൊന്നുമില്ല: